‘ഒരു​ വടക്കൻ വീരഗാഥ’യിലെ ചന്തുവായി മമ്മൂട്ടി

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു...

ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ? മമ്മൂട്ടിയുടെ എനിക്കിഷ്​ടപ്പെട്ട ചിത്രങ്ങളിൽ ഞാൻ ആ മോഹത്തെ സാക്ഷാത്കരിക്കുകയായിരുന്നു.

80 കളുടെ തുടക്കം.
സിനിമാ തീയേറ്ററുകളിൽ നിന്നിറങ്ങാൻ അനുവദിക്കാതെ സംവിധായകരും
നടീനടന്മാരും ഞങ്ങളുടെ തലമുറയെ വിടാതെ പിടികൂടിയിരുന്ന കാലം.
കൂട്ടുകാരുടെ കൂടെയും തനിച്ചും ക്ലാസ് കട്ട് ചെയ്തും എങ്ങനെയും സിനിമ കാണുക തന്നെയായിരുന്നു പ്രധാന ആനന്ദമാർഗം. ബാലചന്ദ്ര മേനോനും ലെനിൻ രാജേന്ദ്രനും മോഹനും കെ.ജി. ജോർജ്ജും ഐ.വി.ശശിയും ഹരിഹരനും ഒക്കെ കാമ്പസുകളെ തീയേറ്ററുകളിലേക്ക് നിരന്തരം ആകർഷിച്ചു കൊണ്ടിരുന്നു.
സുകുമാരനെന്ന നടനെ മികച്ച സംവിധായകരെല്ലാം മത്സരിച്ച് ഉപയോഗപ്പെടുത്തി. വായിക്കുന്ന നോവലുകളിലെ നായകന്മാരെല്ലാം സുകുമാരന്റെ കുസൃതിയും ചിരിയും നോട്ടവുമായി എന്റെ മുന്നിൽ വന്നു നിന്നു. അവകാശികളിലെ കൃഷ്ണനുണ്ണിക്കും ഇണങ്ങാത്ത കണ്ണികളിലെ രാജനും മയ്യഴിയിലെ ദാസനും ഒക്കെ സുകുമാരൻ ഇണങ്ങും. സുകുമാരൻ അനായാസമായ ഭാവ പ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്​ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു.

സുകുമാരൻ അനായാസമായ ഭാവ പ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു

അങ്ങനെയിരിക്കെ 1981 ഒക്ടോബറിൽ ഐ.വി. ശശിയുടെ തൃഷ്ണ റിലീസ് ചെയ്യുന്നു. അപ്പോഴേക്കും മമ്മൂട്ടിയുടെ രണ്ടു മൂന്നു സിനിമകൾ വന്നു കഴിഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി എന്ന നടനെ ആദ്യമായി ശ്രദ്ധിച്ച ചിത്രം തൃഷ്ണ തന്നെയായിരുന്നു.
82 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളും റിലീസായി. അന്നുവരെ സോമൻ -സുകുമാരൻ എന്നു പറഞ്ഞിരുന്ന മലയാളി പിന്നീട് മമ്മൂട്ടി - മോഹൻലാൽ എന്നു പറഞ്ഞു തുടങ്ങി. സിനിമാസ്വാദകരുടെ മനസ്സിന്റെ പച്ചപ്പിലും വരൾച്ചയിലും ഇവർ വേഗത്തിൽ വന്ന് നിറയുകയായിരുന്നു. രണ്ടാളെയും രണ്ടു തരത്തിൽ മലയാളികൾ ഇഷ്ടപ്പെട്ടു. താരസിംഹാസനങ്ങൾ രണ്ടെണ്ണം ഒരുങ്ങി. അന്നു വരെ കാണാത്തതു പോലെ സിനിമാസ്വാദകർ ഈ രണ്ടു താരങ്ങളുടെ അനുയായികളും ആരാധകരും എന്ന് രണ്ടായി പിരിഞ്ഞു നിന്നു. കഴിഞ്ഞ നാലു ദശകത്തോളമായി മലയാളിയുടെ ചലച്ചിത്ര ഭാവുകത്വത്തിന്റെ നിയാമക പശ്ചാത്തലവും സ്വാധീനവുമായി ഇവരുടെ രണ്ടുപേരുടെയും അഭിനയ ജീവിതവും സ്വകാര്യ ജീവിതവും ഉണ്ട് എന്നത് സത്യമാണ്. അവരുടെ സ്വകാര്യ നിമിഷങ്ങളെല്ലാം നമ്മുടേതുമായി. പിന്നെയും പിന്നെയും പ്രണയിക്കാൻ, പിന്നെയും പിന്നെയും കൂട്ടുകൂടാൻ, കരയാനും ചിരിക്കാനും സംഭ്രമിക്കാനും ഭയപ്പെടാനും രക്ഷിക്കാനും ഒക്കെ ഇവർ നമുക്കൊപ്പം കൂടി. മമ്മൂട്ടിയോ മോഹൻലാലോ എന്നൊരു താരതമ്യം നമ്മളിൽ നിരന്തരം നടന്നുകൊണ്ടിരുന്നു. നായികമാരുടെ ഒരു തലമുറ മാറി അടുത്തതു വന്നപ്പോഴും താരസിംഹാസനത്തിൽ മമ്മൂട്ടിയും മോഹൻലാലും തുടർന്നു.

വ്യക്തിജീവിതത്തിൽ ഒരു മികച്ച കുടുംബനാഥനാണ് മമ്മൂട്ടി എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സിനിമാ ലോകത്തു നിന്ന്​ കേൾക്കുന്ന ഗോസിപ്പുകളൊന്നും തന്റെ പ്രതിഛായയെ സ്പർശിക്കാതെ സ്വയം ഒരു കവചമണിഞ്ഞ് സെറ്റുകളിൽ ഇടപെടുന്ന മമ്മൂട്ടിയെ കുറിച്ച് സിനിമാ ലോകത്ത് സംസാരമുണ്ട്. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. കുടുംബസിനിമകളിൽ മമ്മൂട്ടി ധാരാളമായവതരിപ്പിച്ച അത്തരം "നല്ല പിള്ള' കഥാപാത്രങ്ങളിലല്ല നടനെന്ന നിലയിൽ അദ്ദേഹം മികച്ചു നിന്നത്.

മമ്മൂട്ടിയോ മോഹൻലാലോ എന്നൊരു താരതമ്യം നമ്മളിൽ നിരന്തരം നടന്നുകൊണ്ടിരുന്നു. നായികമാരുടെ ഒരു തലമുറ മാറി അടുത്തതു വന്നപ്പോഴും താരസിംഹാസനത്തിൽ മമ്മൂട്ടിയും മോഹൻലാലും തുടർന്നു

മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും ഒതുക്കവും അഴകും ഉള്ളതായി എനിക്കു തോന്നിയതും എനിക്കേറ്റവും ഇഷ്ടപ്പെട്ടതുമായ ചില സിനിമകളെക്കുറിച്ചു മാത്രം പറയാം. അത് മതിലുകളോ തനിയാവർത്തനമോ അല്ല. സന്ദർഭമോ മുഹൂർത്തം 11.30 ഓ അല്ല. യാത്രയോ യവനികയോ അല്ല. പഴശ്ശിരാജയോ അംബേദ്കറോ അല്ല. ഭൂതക്കണ്ണാടി, നിറക്കൂട്ട്, നമ്പർ ട്വെന്റി മദ്രാസ് മെയിൽ, അമരം, ഒന്നുമല്ല... ഇവയെല്ലാം പല കാരണങ്ങളാൽ പല തവണ കണ്ട ചിത്രങ്ങൾ തന്നെ. മമ്മൂട്ടി നിറഞ്ഞു തിളങ്ങിയ ചിത്രങ്ങളുമാണ്. നിറക്കൂട്ടിലെ പല തരം ക്ലൈമാക്‌സുകൾ, ശ്യാമ യിലെ ട്വിസ്റ്റുകൾ ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. മുറുക്കമുള്ളതും ജനപ്രിയവുമായ എത്രയോ വേഷങ്ങൾ മമ്മൂട്ടി ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമയെ രക്ഷിച്ചു നിർത്തിയവയായിരുന്നു എല്ലാം. കലാമേന്മയുള്ള എത്രയോ ചിത്രങ്ങളുടെ ഭാഗമായ നടൻ. മമ്മൂട്ടിയെ സൂപ്പർ സ്റ്റാറാക്കിയ എത്രയോ ചിത്രങ്ങൾ. ഞങ്ങളുടെ യൗവനകാലത്തെ പലതരം ഗൃഹാതുരസ്മരണകളോട് ചേർന്നു നിൽക്കുന്നതു കൊണ്ട് ഇപ്പോൾ കണ്ടാലും മടുക്കാത്തവ.
എങ്കിലും ഇക്കാലത്തിനിടയിൽ എനിക്ക് ഏറെ പ്രിയപ്പെട്ടവ, മമ്മൂട്ടിയെ കാണാനായി മാത്രം ഞാൻ തെരഞ്ഞെടുക്കുന്നവ മറ്റു ചിലതാണ്.

സിനിമാ ജീവിതം വ്യക്തി ജീവിതത്തിൽ നിന്ന് ഇടറി മാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകർഷിച്ചത്. നല്ല സുഹൃത്തും നല്ല ഭർത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്

ആദ്യം തൃഷ്ണയിലേക്കു തന്നെ വരാം. ആശയടക്കം ശീലിക്കുക എന്ന ഉപദേശം കേട്ടു വളർന്നവർക്ക് തൃഷ്ണയുടെ ആകർഷകവും വന്യവും നിഗൂഢമായ സഞ്ചാരപഥങ്ങളും തൃഷ്ണാലുക്കളുടെ ചാഞ്ചല്യങ്ങളും അവ ആത്മാവിലേൽപിച്ച മുറിവുകളും കാണിച്ചു തന്ന ചലച്ചിത്രം. അന്ന് മമ്മൂട്ടി ചലച്ചിത്ര ലോകത്ത് പ്രശസ്തനായി വരുന്നതേയുള്ളു. ധനികനും സുന്ദരികളിൽ ആസക്തിയുള്ളവനുമായ കൃഷ്ണദാസ് ആയാണ് മമ്മൂട്ടി തൃഷ്ണയിൽ അഭിനയിക്കുന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ ആസക്തികളുടെ തിളച്ചുമറിയലാണ് ചിത്രത്തിന്റെ പ്രമേയം. തീയേറ്ററിലെ ഇരുളിൽ തെളിഞ്ഞു കത്തിയ ദാസിന്റെ മുഖം. ജയ്ശ്രീ (സ്വപ്ന) എന്ന സുന്ദരിയായ call girl ന്റെ കൂടെ കൊടൈക്കനാലിലെ തന്റെ ബംഗ്ലാവിൽ അയാൾ എത്തുന്നു. തുടക്കം മുതൽ അവളോട് ഒരു തരം അധികാരഭാവമാണയാൾക്ക് . താൻ വിലക്കെടുത്ത പെണ്ണാണല്ലോ, അവസരം കിട്ടുമ്പോഴെല്ലാം അവളെ അവഹേളിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് കരുതുന്ന പുരുഷനാണയാൾ. ലൈംഗികതയല്ലാതെ ഒരു ബന്ധവുമില്ല അവർക്കിടയിൽ . ജയശ്രീയോട് ഒരു മാനുഷിക പരിഗണനയും കാണിക്കാത്ത കഥാപാത്രം. ഇന്നു കാണുമ്പോഴും വെറുപ്പല്ലാതെ സഹതാപം ലേശം പോലും തോന്നില്ല. "എനിക്കാരുടെയും സഹതാപമാവശ്യമില്ല' എന്ന് കുലസ്ത്രീയായ ശ്രീദേവി (രാജലക്ഷ്മി) പറയുന്നതിനു മറുപടിയായി ദാസ് പറയുന്നത്, "എനിക്കതൽപം ആവശ്യമുണ്ട് ' എന്നാണ്. എന്നാലും അതയാൾ അർഹിക്കുന്നില്ല എന്ന് തൊട്ടടുത്ത നിമിഷം ജയശ്രീയോട് അയാൾ കാണിക്കുന്ന മനുഷ്യത്വമില്ലായ്മ ബോധ്യപ്പെടുത്തുന്നുണ്ട്. മലയാളി പുരുഷന്റെ ഇരട്ടത്താപ്പിന്റെ പ്രതിരൂപമാണ് കൃഷ്ണദാസ്.

ധനികനും സുന്ദരികളിൽ ആസക്തിയുള്ളവനുമായ കൃഷ്ണദാസ് ആയാണ് മമ്മൂട്ടി തൃഷ്ണയിൽ അഭിനയിക്കുന്നത്.

"അസാന്മാർഗ്ഗി' യാവുക അയാളുടെ അവകാശം. അയാൾ സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിച്ച ജയശ്രീയും അയാൾക്ക് സ്വന്തമാക്കണമെന്നു താത്പര്യം തോന്നിയ ശ്രീദേവിയും അയാളെ ഉപേക്ഷിക്കുകയും അവരവർക്ക് വേണ്ട ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ദാസ് ഏകാകിയായി മടങ്ങിപ്പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ഏറെ പ്രശംസിക്കപ്പെട്ട തനിയാവർത്തനത്തിലെ ബാലന്മാഷിന്റെ പോലും മാനസികവും സാമൂഹികവുമായ അവസ്ഥകളാണ്, അല്ലാതെ മമ്മൂട്ടിയുടെ പ്രകടനമല്ല നമ്മെ കീഴ്‌പ്പെടുത്തിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.

മൗനിയായി തിരിച്ച് കാറിൽ മടങ്ങുന്ന സന്ദർഭത്തിൽ അയാൾക്ക് ചില തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. ജീവിതമാഘോഷിക്കുമ്പോഴും ആന്തരികമായി ആഴമേറിയ ഒരു മൗനം ഉള്ളിൽ സൂക്ഷിക്കുന്നുവെന്ന് എപ്പോഴും തോന്നിപ്പിക്കുന്ന കൃഷ്ണദാസ് പരാജിതനെ പോലെയാണ് കൊടൈക്കനാൽ വിട്ടു പോകുന്നത്. അന്ന് "മമ്മൂട്ടിയുടെ ചിത്ര'മെന്ന് പറഞ്ഞു തുടങ്ങിയിരുന്നില്ല. മനുഷ്യ സ്വാഭാവത്തിന്റെ നാനാ വശങ്ങളിലേക്കും സത്യസന്ധമായി ക്യാമറ ചലിപ്പിച്ച സംവിധായകൻ എന്ന നിലയിൽ ഐ.വി.ശശി പ്രേക്ഷകരുടെ കൊടിയ ഹരമായിരുന്നു അക്കാലത്ത്. തൃഷ്ണയുടെ പ്രധാന ഹൈലൈറ്റും സ്‌ക്രീനിൽ വലുതായി തെളിയുന്ന ഐ.വി. ശശി എന്ന പേരു തന്നെയായിരുന്നു. ഐ.വി. ശശി ഒരുക്കിയ എം.ടി.യുടെ കൃഷ്ണദാസിനെ കുറിച്ചായിരുന്നു അന്ന് ക്ലാസിലൊക്കെ സിനിമാ ചർച്ച കൊഴുത്തത്. അത് മമ്മൂട്ടിയുടെ ശരീരത്തിനും മുഖത്ത് സ്ഥായിയായിട്ടുള്ള കൂസലില്ലായ്മക്കും നന്നായി ഇണങ്ങുന്നതായിരുന്നു. പോരാത്തതിന് എം.ടി യുടെ തിരക്കഥയും സംഭാഷണവും. കുറ്റബോധം തോന്നുന്ന പുരുഷന് കുമ്പസാരത്തിനുള്ള വഴികൾ അതിൽ ധാരാളമുണ്ടാകും. എന്നിട്ടും കൃഷ്ണദാസിനെ വെറുത്തു. കൃഷ്ണദാസ് ജയശ്രീയോട് കാണിക്കുന്ന അകലവും വാക്കുകളിലെ നിർദ്ദയത്വവും ഉപേക്ഷയും മമ്മൂട്ടിക്ക് കൃത്യമായിത്തന്നെ ആവിഷ്‌കരിക്കാൻ കഴിഞ്ഞു. പൊളിറ്റിക്കൽ കറക്​റ്റ്​നെസ്​ നോക്കി സിനിമയെ വിലയിരുത്തിത്തുടങ്ങുന്നതിന് മുൻപുള്ള കാലമായിരുന്നു അത്. കൃഷ്ണദാസ് മമ്മൂട്ടിയുടെ മികച്ച തുടക്കമായിരുന്നു. അനാദർശപരവും അരാഷ്ട്രീയവുമായ മാർഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം - അതാണ് തൃഷ്ണയുടെ മൗലികമായ പ്രമേയം.

തൃഷ്ണയുടെ പ്രധാന ഹൈലൈറ്റും സ്‌ക്രീനിൽ വലുതായി തെളിയുന്ന ഐ.വി. ശശി എന്ന പേരു തന്നെയായിരുന്നു.

1983 ലാണ് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ റിലീസാകുന്നത്. കാമുകിയുടെ മേലുള്ള അധികാരവും സ്വാർഥമായ ഉടമസ്ഥാവകാശവും കൊണ്ട് അന്ധത ബാധിച്ച് അവളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന, കൂടെവിടെയിലെ കേണൽ തോമസിനും സ്‌നേഹമോ ഹൃദയത്തിന്റെ ഭാഷയിലുള്ള സംസാരമോ ശീലമില്ല. ടിപ്പിക്കൽ മലയാളി കാമുകന്റെ ഈഗോയും അധികാര ഭാവവും മാത്രം. വാശിയും പകയും കൊണ്ട് കാഴ്ച കെട്ടുപോകുന്ന തോമാച്ചനായി മമ്മൂട്ടി പകരം വെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു ദുഷ്ടകഥാപാത്രങ്ങളാണ് കൃഷ്ണദാസും തോമാച്ചനും. നമ്മുടെയൊക്കെ ജീവിതത്തിൽ നിത്യേന നാം ഇടപെടാറുള്ളതും നായക വേഷത്തിലെത്തുന്നതുമായ അതേ ഈഗോയിസ്റ്റുകൾ. ജയശ്രീയേയും ശ്രീദേവിയേയും പോലെ, ക്ഷോഭമടക്കി ഒന്നും മിണ്ടാതെ എതിർ നിൽക്കുന്നതേയുള്ളു സുഹാസിനിയുടെ ആലീസ്. എന്നാൽ അവരുടെ നിശ്ചയദാർഢ്യങ്ങൾക്കു മുന്നിൽ അയാൾ കിടുങ്ങിപ്പോകുന്നുണ്ട്.

കൂടെവിടെയിലെ കേണൽ തോമസിനും സ്‌നേഹമോ ഹൃദയത്തിന്റെ ഭാഷയിലുള്ള സംസാരമോ ശീലമില്ല. ടിപ്പിക്കൽ മലയാളി കാമുകന്റെ ഈഗോയും അധികാര ഭാവവും മാത്രം.

പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂർത്ത ദംഷ്ട്രകൾ എത്ര തവണ എത്ര പേരിൽ ഞാനും നേരിൽ കണ്ടിരിക്കുന്നു! ചിലപ്പോൾ അതിലെ സ്‌നേഹാധിക്യത്തെ പോലും ഭയന്ന് എത്രയോ തവണ ഞാൻ ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!.. പഴി കേട്ടിരിക്കുന്നു സമ്മർദ്ദങ്ങളിൽ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങൾ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളിൽ പല കാടെന്ന പോലെ, ഒരു ജ്വാലയിൽ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടർന്നും ജ്വലിക്കുകയാണ്.

മമ്മൂട്ടി കരയുമ്പോൾ ചിരി വന്ന സന്ദർഭങ്ങൾ പോലുമുണ്ട്. വാത്സല്യം, വല്യേട്ടൻ, അമരം ഒക്കെ അതിന് മികച്ച ഉദാഹരണമാണ്.

നെഗറ്റീവ് സ്പർശമുള്ള കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് നന്നായി ഇണങ്ങും.
എന്നാൽ സ്‌നേഹത്താൽ ദുർബ്ബലരായിപ്പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴൊക്കെ മമ്മൂട്ടി അതിഭാവുകത്വത്തിലേക്കോ അതിനാടകീയതയിലേക്കോ വഴുതി വീണിട്ടുണ്ട്. മമ്മൂട്ടി കരയുമ്പോൾ ചിരി വന്ന സന്ദർഭങ്ങൾ പോലുമുണ്ട്. വാത്സല്യം, വല്യേട്ടൻ, അമരം ഒക്കെ അതിന് മികച്ച ഉദാഹരണമാണ്. ഏറെ പ്രശംസിക്കപ്പെട്ട തനിയാവർത്തനത്തിലെ ബാലന്മാഷിന്റെ പോലും മാനസികവും സാമൂഹികവുമായ അവസ്ഥകളാണ്, അല്ലാതെ മമ്മൂട്ടിയുടെ പ്രകടനമല്ല നമ്മെ കീഴ്‌പ്പെടുത്തിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.

കഥാപാത്രത്തിന്റെ നാടകീയത നടന്റെ അഭിനയ മികവായി കൊണ്ടാടപ്പെടാറുണ്ട് പലപ്പോഴും. അതിനാടകീയതയിലും കർത്തവ്യ ബോധത്തിലും കുഴച്ചുരുട്ടിയെടുത്ത് പരമാവധി വെറുപ്പിച്ച ചിത്രമാണ് മോഹൻലാൽ നായകനായ പവിത്രം. എന്നാൽ അതിൽ ഭ്രാന്തുപിടിച്ച ചേട്ടച്ഛനായി വന്ന മോഹൻലാൽ ചെയ്ത അവസാനരംഗങ്ങൾ തനിയാവർത്തനവുമായി വെറുതെ ഒരു കൗതുകത്തിന് ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്. അതിവൈകാരിക രംഗങ്ങളിൽ മിതത്വം മോഹൻലാലിനു തന്നെ.

പവിത്രം സിനിമയിലെ ഭ്രാന്തുപിടിച്ച ചേട്ടച്ഛനായി വന്ന മോഹൻലാൽ ചെയ്ത അവസാനരംഗങ്ങൾ തനിയാവർത്തനവുമായി വെറുതെ ഒരു കൗതുകത്തിന് ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം വടക്കൻ വീരഗാഥയിലെ ചന്തു തന്നെയാണ്. അയാളിൽ പണ്ടേ ആരോപിക്കപ്പെട്ട ഒരു ചതിയൻ ഇമേജ് നിലനിൽപ്പുണ്ട്. കൂടെ എം.ടി. യുടെ പുതിയ തിരക്കഥ ഏൽപ്പിച്ചു കൊടുത്ത നിരാശകളും അപകർഷതാബോധവും അധിക ഭാരമായുണ്ട്. തളരുമ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് ഒരു യോദ്ധാവിനെ പോലെ നീങ്ങുന്ന നായകൻ. എന്തൊരഴകാണയാൾക്ക്. അയാളുടെ നടവഴിയിൽ വന്നു നിന്ന സ്ത്രീകൾനാണം കലർന്ന നോട്ടത്താൽ "സ്വമനസി തദ്വിധ പുത്രലബ്ധി ' ആഗ്രഹിച്ചതായി പോലും കുഞ്ചുണ്ണൂലി നേരെ നിന്നു പറയുന്നുമുണ്ട്. പ്രണയിനിയുടെ ചതികളിൽ പെടുമ്പോഴും ചന്തു തളരുന്നില്ല. പക്ഷേ, വീരഗാഥക്കൊടുവിൽ ഇഷ്ടകാമുകിയുടെ മകൻ മുന്നിൽ വന്നു നിന്നു വെല്ലുവിളിക്കുന്ന, സ്‌നേഹം കൊണ്ട് തളർന്ന് ഇല്ലാതെയായിപ്പോകുന്ന രംഗങ്ങളിലെ മമ്മൂട്ടിയുടെ സംഭാഷണ ഭാഗങ്ങൾ തമാശയായി മാറി കാലാന്തരത്തിൽ. "ഉണ്ണീ എനിക്കു പിറക്കാതെ പോയ മകനാണ് നീ', "ചന്തുവിനെ തോൽപിക്കാനാവില്ല മക്കളേ' എന്നീ സംഭാഷണങ്ങൾ ഏറ്റവുമധികം ട്രോളുകൾക്കു വിധേയമായതും മുൻപു പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെയാണ്. ശരീരത്തെ സ്‌നേഹത്തിൽ നിന്നുമടർത്തി വേർപെടുത്തി അഭിനയിച്ച കഥാപാത്രങ്ങളിൽ മമ്മൂട്ടിയുടെ ശരീരം കഥാപാത്രം തന്നെയായി മാറി.

കാതോടു കാതോരം, ഒരേ കടൽ, വടക്കൻ വീരഗാഥ എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം എന്റെ മനസ്സിൽ മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളുകളുമില്ല. സിനിമകളുമില്ല. ഞാൻ അവിടെത്തന്നെ മമ്മൂട്ടിയെ നോക്കി നിൽപ്പുണ്ട്.

സഹജമായ ആർജവം, സത്യസന്ധത, ആത്മനിർവൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള നടന്റെ പോരാട്ടങ്ങൾക്ക് പ്രതിബന്ധമായുള്ള പരിമിതസാഹചര്യങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. മോഹൻ സംവിധാനം ചെയ്ത രചനയിലെ ഗോപിയായും, കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ലിലെ ജോസ് ആയും, കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടിയിലെ രാജ്‌മോഹൻ ആയും വന്ന മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ഒരേ രീതിയിൽ ജാരസ്വഭാവമുള്ളതാണ്. പതിവ് സ്ത്രീമോഹിയായവെറും ഒരു ആൺ ശരീരത്തിന്റെ ബഹളം പിടിച്ച ആവിഷ്‌കരണങ്ങൾ കാണാനില്ല അവിടെ. എന്തൊരു കയ്യടക്കമാണ് സ്ത്രീലൈംഗികതയുടെ മാനസികമായ സങ്കീർണതകളെ നേരിടുന്ന കഥാപാത്രങ്ങളിലേക്ക് തീവ്രമായി തന്റെ തിരശരീരത്തെ എടുത്തുവെക്കുകയാണ് അദ്ദേഹം.

കെ.ജി.ജോർജ്ജിന്റെ തന്നെ മേളയിലെ മോട്ടോർ സൈക്കിൾ അഭ്യാസിയായ വിജയൻ മമ്മൂട്ടിയുടെ നല്ലൊരു കഥാപാത്രമാണ്. കരിയിലക്കാറ്റുപോലെയിലെ സംവിധായകൻ ഹരികൃഷ്ണൻ, വിധേയനിലെ പട്ടേലർ, ശ്യാമപ്രസാദിന്റെ ഒരേ കടലിലെ നാഥൻ, ഭരതന്റെ കാതോടു കാതോരത്തിലെ ലൂയിസ്, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി നൊമ്പരത്തിപ്പൂവിലെ ഡോക്ടർ ഇവരാണ് എനിക്കേറെ പ്രിയപ്പെട്ട മറ്റു മമ്മൂട്ടി കഥാപാത്രങ്ങൾ.

മേരിയുടെ പാട്ടു കഴിഞ്ഞ് തന്റെ ഊഴം വരുമ്പോൾ തലയൽപ്പം നീട്ടി വെളുത്ത കുർത്തയണിഞ്ഞ സുന്ദരനായ ലൂയിസ് അതേ മൈക്കിലൂടെ ബാക്കി ഏറ്റു പാടുമ്പോൾ അവൾ തോളിലെ സാരി ചെറുതായൊന്നു വലിച്ചിട്ട് ലജ്ജയോടെ ലൂയിസിനെ നോക്കുന്ന ഒരു നോട്ടമുണ്ട്. പാടുന്ന ലൂയിസിന്റെ ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ട്.

കാതോടു കാതോരം, ഒരേ കടൽ, വടക്കൻ വീരഗാഥ എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം എന്റെ മനസ്സിൽ മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളുകളുമില്ല. സിനിമകളുമില്ല. ഞാൻ അവിടെത്തന്നെ മമ്മൂട്ടിയെ നോക്കി നിൽപ്പുണ്ട്. കാതോടു കാതോരത്തിൽ സരിതയാണ് നായികയായ മേരിക്കുട്ടിയുടെ വേഷം ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തിൽ നൈരാശ്യത്തിനടിപ്പെട്ടവളെങ്കിലും മേരിക്കുട്ടി പള്ളിയിൽ മനോഹരമായി കൊയർ പാടുന്നുണ്ട്. പള്ളിമേടയിൽ ജോലിക്കാരനായെത്തുന്ന ലൂയിസാണ് മമ്മൂട്ടി. അയാളുടെ സംഗീതവാസന തിരിച്ചറിയുന്ന അച്ചൻ അയാളെയും കൊയറിൽ എടുക്കുന്നു. രണ്ടാളും കൊയറിൽ പാടുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. മേരിയുടെ പാട്ടു കഴിഞ്ഞ് തന്റെ ഊഴം വരുമ്പോൾ തലയൽപ്പം നീട്ടി വെളുത്ത കുർത്തയണിഞ്ഞ സുന്ദരനായ ലൂയിസ് അതേ മൈക്കിലൂടെ ബാക്കി ഏറ്റു പാടുമ്പോൾ അവൾ തോളിലെ സാരി ചെറുതായൊന്നു വലിച്ചിട്ട് ലജ്ജയോടെ ലൂയിസിനെ നോക്കുന്ന ഒരു നോട്ടമുണ്ട്. പാടുന്ന ലൂയിസിന്റെ ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ട്... "ആയിരം വർണങ്ങൾ കൂടെ വന്നൂ, അഴകാർന്നൊരാടകൾ നെയ്തു തന്നു'... അപ്പോൾ മമ്മൂട്ടിയുടെ ചുണ്ടിൽ വിരിയുന്ന പ്രണയമുണ്ട്.
അന്ന് 1985. ഞാനും ചെറുപ്പം. സരിതയെ അൽപമൊന്നു തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാൻ നോക്കിയിട്ടുണ്ട്, മമ്മൂട്ടീ നിങ്ങളെ. ഭർത്താവുള്ള സ്ത്രീയെ പ്രണയിക്കുകയും ജീവിതത്തിൽ കൂടെ കൂട്ടുകയും ചെയ്യുന്ന ലൂയിസ് നേരിടേണ്ടി വരുന്ന സംഘർഷങ്ങൾ മമ്മൂട്ടി മുറുക്കവും ഊർജ്ജവും നഷ്ടപ്പെടുത്താതെ അവിസ്മരണീയമാക്കി.

വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകൾ എന്നോട് ഒന്നും സംവദിക്കാറില്ല. അവയ്ക്ക് സ്‌റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിന് മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്.

ഒരേ കടലിനും കാതോടു കാതോരത്തിനും വടക്കൻ വീരഗാഥക്കും ശേഷം ഞാൻ മമ്മൂട്ടിയെ അത്രയിഷ്ടത്തോടെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മീരാ ജാസ്മിനെയും മാധവിയെയും സരിതയെയും നോക്കിയതു പോലെ ഈ ജന്മം നിങ്ങൾക്കങ്ങനെ ഒരു നോട്ടം ഇനി സാധ്യമാകുമോ എന്നെനിക്കറിയില്ല. കാരണം നിങ്ങൾ പെണ്ണുങ്ങളെയല്ല, ക്യാമറയെ മാത്രമാണ് ഈയിടെ നേരിടുന്നത്. ‘ചന്ദനലേപ സുഗന്ധം’ എന്ന ഗാനത്തിനിടയിൽ "തൊഴുതുമടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെത്തേടി വന്നു' എന്ന് ഉണ്ണിയാർച്ച നോക്കുമ്പോൾ ചന്തു നോക്കുന്ന ആ മറുനോട്ടമുണ്ടല്ലോ; അത് ഒരപാരതയാണ്. അങ്ങനെയൊന്നിന്റെ സൗന്ദര്യം ഞാൻ അതിനു മുൻപോ പിൻപോ കണ്ടിട്ടില്ല. മുന്നിൽ അത്രക്ക് ആഗ്രഹത്തോടെ ഒരു പെണ്ണു വന്നു നിന്നാലല്ലാതെ നിങ്ങളുടെ കണ്ണുകളിൽ ഹൃദയം പ്രതിഫലിക്കാറില്ല. അതു കൊണ്ടാകും വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകൾ എന്നോട് ഒന്നും സംവദിക്കാത്തത്. അവയ്ക്ക് സ്‌റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിന് മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്. മാധവിയും മമ്മൂട്ടിയുമുണ്ടെങ്കിൽ ഭൂമിയിൽ വേറെ അഴകെന്തിന് ഞാൻ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്. മുൻപൊരിക്കൽ പറഞ്ഞതു തന്നെ. അത് ഇവാൻ തുർഗനേവിന്റെ First Love ലെ വ്‌ളാഡിമിറിന്റെ അച്ഛന്റെ വേഷത്തിലാണ്. ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുൽക്കറിനെയും മാത്രം മനസ്സിൽ കണ്ടാണത് വായിച്ചത്.

പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കിൽ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങൾ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്ത വ്‌ലാഡിമിർ എന്ന പയ്യനെ, അവനേക്കാൾ പ്രണയ തീക്ഷ്ണമായ ഉടലും മനസ്സുമുള്ള അവന്റെ അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്‌നേഹിച്ചു പോകും. മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛൻ കഥാപാത്രം.

'ഒരേകടൽ' സിനിമയിൽ നിന്ന്

പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവർക്ക്, തൃഷ്ണ ശരീരത്തിലൊടുങ്ങാത്തവർക്ക് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ഒരു നടനിൽ നിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്. പുതിയ ജന്മം വേണമെന്നുള്ളവർക്ക് പുതിയതെന്തെല്ലാമുണ്ട് ഈ ലോകത്തിൽ.

കുടുംബ പുരുഷന്റെ നാൾ വഴിച്ചിട്ടകളെ ഉല്ലംഘിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി സ്‌തോഭജനകവും ആകുലവുമായ ഒരു യാഥാർഥ്യമായി എന്റെ ആസ്വാദന മനസ്സിനെ കീഴടക്കിയത്. സാധാരണ മനുഷ്യന്റെ ഉപരിപ്ലവതകളെ സാമാന്യവത്കരിക്കുമ്പോഴല്ല, ആന്തരിക സത്തയിലടക്കപ്പെട്ട ആസക്തിയുടെ ഒരംശം അകമേ സൂക്ഷിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി തിളങ്ങിയത്. അവയ്ക്ക് അവാച്യമായ ഒരു ഗൂഢ പരിവേഷമുണ്ട്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ, തൃഷ്ണ എന്നൊക്കെയുള്ള ആദ്യകാല ചിത്രങ്ങളുടെ ശീർഷകത്തിൽ തന്നെ മമ്മൂട്ടിയുടെ ശരീര സാധ്യതകൾ അടങ്ങിയിരിക്കുന്നു. അഗമ്യഗമനത്തിന്റെ ഒടുങ്ങാത്ത , അവ്യാഖ്യേയമായ ആധിവ്യാധികളുടെ അഴകാണ് മമ്മൂട്ടിയുടെ അഴകായി ഞാനറിയുന്നത്.

തന്റെ ബാഹ്യസ്വത്വത്തിൽ നിന്നു പൂർണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാൻ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നത്.

സിനിമാ ജീവിതം വ്യക്തി ജീവിതത്തിൽ നിന്ന് ഇടറി മാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകർഷിച്ചത്. നല്ല സുഹൃത്തും നല്ല ഭർത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്, തന്റെ ബാഹ്യസ്വത്വത്തിൽ നിന്നു പൂർണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാൻ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നത്. അങ്ങനെയുള്ള അസാധാരണ കഥാപാത്രങ്ങളെ ഒട്ടേറെ ലഭിച്ചു എന്നത് മമ്മൂട്ടിയിലെ അഭിനേതാവിന് കൈവന്ന ഭാഗ്യമാണ്. ആ ചിത്രങ്ങളിൽ മമ്മുട്ടി എന്ന നടൻ എല്ലാ മനുഷ്യരിലും ഒളിഞ്ഞിരിക്കുന്ന ആ അപരനെ കണ്ടെത്തുകയും അഭിരമിക്കുകയുമായിരുന്നു. അവരെ സത്തയിലും ഉണ്മയിലും അറിയുകയായിരുന്നു.

പ്രേക്ഷക എന്ന നിലയിൽ ആ ചിത്രങ്ങൾ നൽകിയ ആനന്ദപീഡയാണ് 70 വയസ്സിലും തികവാർന്ന യൗവ്വനമായി മമ്മൂട്ടിയിൽ ഞാൻ കാണുന്നത്. എത്ര വർഷങ്ങൾക്കു ശേഷവും എത്ര തവണ വേണമെങ്കിലും ആവർത്തിച്ചു കണ്ടിരിക്കാം ഈ ചിത്രങ്ങളിലെ മമ്മുട്ടിയുടെ ഊർജ്ജത്തെ.
ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ? മമ്മൂട്ടിയുടെ മേൽ പറഞ്ഞ ചിത്രങ്ങളിൽ ഞാൻ ആ മോഹത്തെ സാക്ഷാത്കരിക്കുകയായിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments