2024-ൽ അത്ഭുതപ്പെടുത്തിയ പ്രധാന സിനിമകളിൽ ഒന്ന്, മിഥുൻ മുരളി സംവിധാനം ചെയ്ത മലയാളം അനിമേഷൻ ചിത്രം ആണ്. ഓഡിയോ വിഷ്വൽ ഇമാജിനേഷന്റെ ആകാശം എന്നു തോന്നിയ സിനിമ. മൂന്ന് മണിക്കൂർ ദൈർഘ്യത്തിൽ ഒരു എപിക് നറേറ്റീവ് രൂപപ്പെടുത്തുന്ന സിനിമയെ പ്രിയപ്പെട്ടതാക്കുന്നത് മാധ്യമത്തിനുമേലുള്ള പരീക്ഷണാത്മകസ്വഭാവം തന്നെയാണ്.
വളരെ പേഴ്സണൽ സിനിമയായും അതോടൊപ്പം വളരെ എക്സ്പ്രസ്സീവ് സ്വഭാവത്തിൽ ലൗഡായി നിൽക്കുന്ന രാഷ്ട്രീയ സിനിമയായും അനുഭവപ്പെടുന്നു. സംവിധായകൻ തന്റെ ഇമോഷനുകളേയും ചിന്തകളെയും സംശയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും യാതൊരു മടിയുമില്ലാതെ പ്രതിഫലിപ്പിക്കുന്നു.
സത്യസന്ധമായ റിഫ്ലക്ഷൻ എന്ന നിലയിൽ കൂടിയാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. കലാ നിർമാണത്തിലെ സ്വാതന്ത്ര്യം, പ്രേക്ഷകരെ കൂടി സ്വതന്ത്രരാക്കുന്ന അനുഭവം- ഇതെല്ലാം സമ്മാനിക്കുന്ന സിനിമ.
ചിത്രത്തിലെ പല സീനുകളും മിഥുൻ മുരളിയുടെ തന്നെ മുൻ സിനിമകളുടെ (ഗ്രഹണം, ഹ്യുമാനിയ) തുടർച്ചയായും അനുഭവപ്പെട്ടു. അതൊരു വ്യക്തിയുടെ / ചിന്തകളുടെ തുടർച്ച എന്ന നിലയിൽ കൂടി രസകരമായി വായിച്ചെടുക്കാനും കഴിയുന്നുണ്ട്.
സംവിധായകനും ഗ്രീഷ്മ രാമചന്ദ്രനും കൂടി രൂപപ്പെടുത്തിയ സംഗീതവും ശബ്ദപ്രപഞ്ചവും പല ലയറുകളാൽ സമ്പന്നമായ ചിത്രത്തിന്റെ എപിക് രൂപത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ചുംബനത്തിന്റെ സഞ്ചാരവഴികൾ അത്ര ലളിതമായി വായിച്ചെടുക്കാൻ കഴിയണമെന്നില്ല. പല കാഴ്ചകൾ ആവശ്യപ്പെടുന്നുണ്ട് കിസ് വാഗൺ. അപൂർവമായി സംഭവിക്കുന്ന ഒന്നാണ് കിസ് വാഗൺ പോലെ ഒരു മലയാള സിനിമ.