'ദ എലഫൻറ്​ വിസ്പറേഴ്സ്': മനുഷ്യരുടെയും മൃഗങ്ങളുടെയും പാരസ്​പര്യങ്ങൾ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്​കാർ നേടിയ ‘ദ എലഫൻറ്​ വിസ്പറേഴ്സ്' മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഹൃദയസ്പർശിയായ കഥയാണ്​ പറയുന്നത്​.

ന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകിയാണ് 95-ാമത് അക്കാദമി അവാർഡ്ദാന ചടങ്ങിന് തിരശ്ശീല വീണത്. നോമിനേഷൻ നേടിയ മൂന്ന് വിഭാഗങ്ങളിൽ രണ്ടിലും അവാർഡ് ലഭിച്ചത് ഓസ്‌കാർ വേദിയിൽ ഇന്ത്യയുടെ ചരിത്രനേട്ടമാണ്. നേരത്തെ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടിയ "നാട്ടു നാട്ടു'വിന് പ്രതീക്ഷിച്ച പോലെ ഓസ്‌കാർ ലഭിച്ചപ്പോൾ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത "ദ എലഫൻറ്​ വിസ്പറേഴ്സ്' ആണ്. തമിഴ്‌നാട് മുതുമലയിലെ അനാഥമാക്കപ്പെട്ട രഘു എന്ന ആനക്കുട്ടിയുടേയും അവന് സംരക്ഷണമേകിയ ദമ്പതികളായ ബൊമ്മന്റേയും ബെല്ലിയുടേയും കഥയാണ് "ദ എലഫൻറ്​ വിസ്പറേഴ്സ്' എന്ന ഡോക്യുമെന്ററി. മനുഷ്യനും മൃഗങ്ങളും തമ്മിൽ പരസ്പരം ഇടപഴകുന്നതിലൂടെ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ മനോഹര ദൃശ്യങ്ങൾ ഈ നെറ്റ്​ഫ്ലിക്​സ്​ ഡോക്യുമെന്ററി 40 മിനിറ്റിൽ പകർത്തിവെക്കുന്നു.

ആദ്യമായാണ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കാർ ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെന്ററിക്ക് ലഭിക്കുന്നത്. നേരത്തെ സാനിറ്ററി നാപ്കിൻ നിർമ്മിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ ഗ്രാമീണ സ്ത്രീകളെ ആസ്പദമാക്കി ഇറാനിയൻ സംവിധായക റയ്ക സെഹ്റ്റബ്ച്ചിയുടെ "പിരീഡ്- എൻഡ് ഓഫ് സെന്റൻസ്' 2019 ൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കാർ നേടിയിരുന്നു. അതിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഗുനീത് മോംഗ തന്നെയാണ് "ദ എലഫൻറ്വിസ്പറേഴ്സ്' ന്റെയും നിർമ്മാതാക്കളിൽ ഒരാൾ. സിഖ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഗയും അച്ചിൻ ജെയിനും ചേർന്നാണ് "ദ എലഫൻറ്​ വിസ്പറേഴ്സ്' നിർമിച്ചിരിക്കുന്നത്.

ഓസ്കാർ അവാർഡുമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും
ഓസ്കാർ അവാർഡുമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും

ആനിമൽ പ്ലാനറ്റിന്റെയും ഡിസ്‌കവറി ചാനലിന്റെയും ക്യാമറ ഓപ്പറേറ്ററായി പ്രവർത്തിച്ചിട്ടുള്ള കാർത്തികി ഗോൺസാൽവസ് ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് "ദ എലഫൻറ്​ വിസ്പറേഴ്സ്'.
"I stand here today to speak for the sacred bond between us and our natural world, for the respect of the indigenous communities and empathy towards other living beings we share our space with'- ഓസ്‌കാർ ഏറ്റുവാങ്ങുന്ന വേളയിൽ കാർത്തികി പറഞ്ഞ വാക്കുകളാണ്.

ഈ ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിന്​ കാട്ടുനായകൻ ഗോത്രത്തിൽ പെട്ട ഒരു കുടുംബത്തിന്റെ ഒപ്പം അഞ്ച് വർഷത്തോളമാണ് കാർത്തികി ചെലവഴിച്ചത്. ഡോക്യുമെന്ററിയിൽ ചിത്രീകരിച്ച രഘുവെന്ന ആനയെ മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് സംവിധായക ആദ്യമായി കാണുന്നത്. ഡോക്യുമെന്ററി നിർമ്മാണത്തിനുമുമ്പ് ഒന്നര വർഷത്തോളം ആനക്കുട്ടിയോടൊപ്പം ചെലവഴിച്ചതായി കാർത്തികി പറയുന്നുണ്ട്.

'ദ എലഫൻറ്​ വിസ്പറേഴ്‌സി' ൽ നിന്ന്
'ദ എലഫൻറ്​ വിസ്പറേഴ്‌സി' ൽ നിന്ന്

ബൊമ്മന്റേയും ബെല്ലിയുടേയും പരിചരണത്തിൽ പരിക്കേറ്റ ആനകുട്ടി അതിജീവിച്ച് ആരോഗ്യമുള്ള ആനയായി വളരുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അവർ തമ്മിൽ ശക്തമായ ബന്ധം വികസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഗോത്രവർഗ്ഗക്കാരുടെ ജീവിതവും ഡോക്യുമെന്ററി കാണിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തിന്റെ ദൃശ്യ ഭംഗി ഡോക്യുമെന്ററിയിൽ കാണാം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഹൃദയസ്പർശിയായ കഥ പറയുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും കൂടി അടയാളപ്പെടുത്തുന്നുണ്ട് ഡോക്യുമെന്ററി.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയിലാണ് കാർത്തികി ഗോൺസാൽവസ് ജനിച്ചതും വളർന്നതും. കാർത്തികി വളർന്ന സ്ഥലത്തുനിന്ന് 30 മിനിറ്റ് അകലെയുള്ള തെപ്പക്കാട് ആന ക്യാമ്പിലാണ് ഡോക്യുമെന്ററി നിർമിച്ചത്. പ്രൊഫസറും കമ്പ്യൂട്ടർ സയന്റിസ്റ്റുമായ തിമോത്തി എ. ഗോൺസാൽവസാണ് കാർത്തികിയുടെ പിതാവ്. മാതാവ് പ്രിസില്ല ടാപ്ലി ഗോൺസാൽവസും. കോയമ്പത്തൂരിലെ ഡോ. ജി.ആർ. ദാമോദരൻ കോളേജ് ഓഫ് സയൻസിൽ പഠിച്ച കാർത്തികി പിന്നീട് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

രഘുവിനോടൊപ്പം കാർത്തികി / Photo: Kartiki Gonsalves Instagram Page
രഘുവിനോടൊപ്പം കാർത്തികി / Photo: Kartiki Gonsalves Instagram Page

ഡോക്യുമെന്ററിയുടെ ലോക പ്രീമിയർ 2022 നവംബർ 9-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലായ DOC NYC ഫിലിം ഫെസ്റ്റിവലിലാണ് നടന്നത്. പിന്നീട് 2022 ഡിസംബർ 8-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ സ്‌കോർ വിഭാഗത്തിലും IDA ഡോക്യുമെന്ററി അവാർഡ്‌സിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിലും DOC NYC ൽ Change Makers വിഭാഗത്തിലും "ദ എലഫൻറ്​ വിസ്‌പറേഴ്‌സ്' നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.


Summary: മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്​കാർ നേടിയ ‘ദ എലഫൻറ്​ വിസ്പറേഴ്സ്' മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഹൃദയസ്പർശിയായ കഥയാണ്​ പറയുന്നത്​.


സൽവ ഷെറിൻ കെ.പി.

ട്രൂകോപ്പി ട്രെയ്‌നി ജേർണലിസ്റ്റ്

Comments