പുതിയ സിനിമകളിലെ
ഏകാന്ത മാതൃത്വബിംബങ്ങൾ

ഏകാകിയായ അമ്മ, ഭൂതകാലത്തിന്റെ മുറിവുകൾ പേറുന്ന അമ്മ, മക്കളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന അമ്മ, സ്വന്തം ഭൂതകാലത്തിൽനിന്ന് വേർപെടുത്താനാവാത്തവിധം മക്കളുടെ ജീവിതത്തിൽ ബന്ധിതയായ അമ്മ- സമകാലിക മലയാള സിനിമകളിലെ അമ്മ കഥാപാത്രങ്ങളെക്കുറിച്ച് എഴുതുന്നു, സാന്ദ്രലക്ഷ്മി.

“If you kill a cockroach, you are a hero; if you kill a butterfly, you are evil. Morals have aesthetic criteria”: സഫർ സനൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആശ’ ആരംഭിക്കുന്നത് ഫ്രീഡ്രിക് നീച്ചയുടെ (Friedrich Nietzsche) ഈ വിഖ്യാത വാക്യത്തോടെയാണ്. സിനിമയിലേക്കുള്ളൊരു താക്കോലാണിത്. അവിടെ നിന്നാണ് ആശ എന്ന, ഉർവശി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിലേക്കും, അവരെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരിലേക്കും ചിത്രം സഞ്ചരിക്കുന്നത്. ഒരു എപ്പിഗ്രാഫ് ഇത്രയേറെ ഭാരം വഹിക്കുന്നത് മലയാളസിനിമകളിൽ അപൂർവമാണ്.

ഒരു പ്രവൃത്തിയെ നാം എങ്ങനെ വിലയിരുത്തുന്നുവെന്നത്, അത് ചെയ്യുന്ന ആളെക്കുറിച്ച് നമ്മുടെ മനസ്സിൽ നേരത്തേ രൂപപ്പെട്ടിട്ടുള്ള ചിത്രത്തിന്റെ കൂടി ഫലമാണ് എന്ന ഓർമ്മപ്പെടുത്തലോടെയാണ് ചിത്രം പതുക്കെ നീങ്ങിത്തുടങ്ങുന്നത്. നീച്ചയുടെ നിരീക്ഷണം ചിത്രത്തിലുടനീളം നിശ്ശബ്ദമായ അടിയൊഴുക്കായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തം. അത് രണ്ട് തലങ്ങളിലായാണിവിടെ കാണുന്നത്:
ഒന്ന്, ആശ എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണമായ മനഃശ്ശാസ്ത്രത്തിൽ.
രണ്ട്, ഏകാന്തമാതൃത്വങ്ങളെ (Single Motherhood) സമൂഹം നോക്കിക്കാണുന്ന രീതിയിൽ.

ആശയുടെ ബോധ്യങ്ങളും മുൻവിധികളും എങ്ങനെയാണ് ഒരു മനുഷ്യനുമേൽ തെറ്റായ വിചാരണ നടത്തുന്നതെന്ന വ്യക്തിഗതമായ ചോദ്യത്തിൽനിന്ന്, ഏകാന്തമാതൃത്വങ്ങളെ സമൂഹം എങ്ങനെയാണ് തങ്ങളുടെ മുൻവിധികൾ കൊണ്ടളക്കുന്നത് എന്ന വലിയ ചോദ്യത്തിലേക്കുള്ള ആലോചന ഈ സിനിമാക്കാഴ്ച നൽകുന്നു.

ഇര, അതിജീവിത, ഭീഷണി:
ആശയുടെ ഉള്ളുലച്ചിലുകൾ

ഭർത്താവിൽനിന്ന് നേരിട്ട പീഡനങ്ങളും തുടർന്നുണ്ടായ വൈധവ്യത്തിന്റെ ഏകാന്തതയും രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ജീവിതവും ആശയിലുണ്ടാക്കിയെടുത്തത് ഒരുതരം കഠിനമായ അതിജീവനബോധമാണ്. താനും തന്റെ മക്കളും വീണ്ടും ഇരകളായി മാറുമോ എന്ന ആശങ്കയാണ് അവളുടെ ഏറ്റവും വലിയ ശത്രു. ഒരിക്കൽ അതിജീവനത്തിനുള്ള ആയുധമായിരുന്ന ജാഗ്രത പിന്നീട് ആശയിലും അവളിൽനിന്ന് ചുറ്റുമുള്ളവരിലേക്കും നീളുന്ന ചങ്ങലയായി മാറുന്നു. സ്നേഹം ഭയമായും ഭയം നിയന്ത്രണമായും നിയന്ത്രണം അധികാരമായും പരിണമിക്കുന്ന ഈ ശൃംഖല മനഃശാസ്ത്രപരമായൊരു യാഥാർത്ഥ്യമാണ്. ഒരേസമയം ഇരയും അതിജീവിതയുമായിരിക്കെത്തന്നെ മറ്റുള്ളവർക്ക് ഭീഷണിയുമാകുന്നുവെന്നുള്ള വൈരുദ്ധ്യാത്മകത നിലനിർത്താൻ കഴിയുന്നതാണ് ‘ആശ’ എന്ന സിനിമയെ പതിവ് ‘ശക്തയായ സ്ത്രീ’ആഖ്യാനത്തിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വ്യക്തിയുടെ ഉള്ളിലെ മുറിവുകൾ അയാളുടെ എല്ലാ പ്രവൃത്തികളുടെയും ന്യായീകരണമാകുന്നില്ല എന്ന ധാർമ്മികമായ സൂക്ഷ്മത സിനിമ കൈവിടുന്നില്ല.

മാതൃത്വത്തിന്റെ ചിത്രീകരണത്തിലാണ് ഈ സങ്കീർണ്ണത ഏറ്റവും തീവ്രമായി പ്രകടമാകുന്നത്. "നിനക്കുവേണ്ടിയാണ്" എന്ന വാചകം സ്നേഹത്തിന്റെ ഏറ്റവും ആർദ്രമായ പ്രകാശനങ്ങളിലൊന്നാണ്; എന്നാൽ സ്നേഹത്തോടൊപ്പം സ്വന്തം ജീവിതാനുഭവങ്ങൾ മക്കളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ആശയിൽ കാണാം. ഇത് ഫെമിനിസ്റ്റ് ചിന്തകയായ ജൂലിയ ക്രിസ്റ്റേവയുടെ ‘Powers of Horror: An Essay on Abjection’ (1980) -ൽ വിശദീകരിക്കുന്ന 'മാറ്റേണൽ അബ്ജെക്ഷൻ' (Maternal Abjection) എന്ന സങ്കൽപ്പനമാണ്. കുട്ടികൾ സ്വന്തം സ്വത്വം കണ്ടെത്തി വേറിട്ടുവളരാൻ ശ്രമിക്കുമ്പോൾ, അതിരുകവിഞ്ഞ സ്നേഹവും നിയന്ത്രണവും കൊണ്ട് അമ്മ അവരെ തന്നിലേക്ക് തന്നെ വലിച്ചുകെട്ടാൻ ശ്രമിക്കുന്ന അവസ്ഥയാണിത്.

ഭർത്താവിൽനിന്ന് നേരിട്ട പീഡനങ്ങളും തുടർന്നുണ്ടായ വൈധവ്യത്തിന്റെ ഏകാന്തതയും രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ജീവിതവും ആശയിലുണ്ടാക്കിയെടുത്തത് ഒരുതരം കഠിനമായ അതിജീവനബോധമാണ്.
ഭർത്താവിൽനിന്ന് നേരിട്ട പീഡനങ്ങളും തുടർന്നുണ്ടായ വൈധവ്യത്തിന്റെ ഏകാന്തതയും രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ജീവിതവും ആശയിലുണ്ടാക്കിയെടുത്തത് ഒരുതരം കഠിനമായ അതിജീവനബോധമാണ്.

ഇവിടെ ആശയുടെ മൂത്തമകൾ അമ്മയുടെ ഇംഗിതത്തിനനുസരിച്ച് ജീവിക്കുന്ന മകളാണ്, എന്നാൽ ഇളയമകൾ അനഘ അങ്ങനെയല്ല. അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ, അമ്മയിൽ സ്നേഹവും നിയന്ത്രണവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നത് തന്നിൽ ശ്വാസംമുട്ടിക്കുന്ന ഒരുതരം ഭാരമായി മാറുന്നു.

'സൗമ്യയായ അമ്മ' എന്ന സാമൂഹികപ്രതീക്ഷയ്ക്ക് പുറത്ത് നിൽക്കുന്നയാളാണിവിടെ ആശ. ചരിത്രത്തിലെ പല ഏകാധിപതികളെപ്പോലെ, ആശയുടെ മനസ്സിന്റെ സഞ്ചാരവും അതിന്റെ തീരുമാനങ്ങളും അവളുടെയും അവളുമായി ബന്ധപ്പെടുന്ന മനുഷ്യരുടെയും ജീവിതത്തെ ഉലയ്ക്കുന്നുണ്ട്. അമ്മയോട് തോന്നുന്ന ദേഷ്യം കൊണ്ടെങ്കിലും മകൾ അനഘയും പിന്നീട് ജീമോനും പറയുന്നതുപോലെ ആശയ്ക്കുള്ള ‘മുഴുത്ത വട്ട്’ ആ വ്യക്തിയിൽ മാത്രമൊതുങ്ങിനിൽക്കുന്നില്ല. അത് പുരുഷാധിപത്യവ്യവസ്ഥിതി താനറിയാതെ തന്നെ അവളിലുണ്ടാക്കിവെച്ച ആഘാതങ്ങളുടെ ബാക്കിപത്രമാണ്. സ്ത്രീയുടെ ആ ഭയത്തെയും അതിജീവനശ്രമങ്ങളെയും വളരെയെളുപ്പത്തിൽ 'ഭ്രാന്തായി' ലേബൽ ചെയ്താണ് സമൂഹം എപ്പോഴും കൈകഴുകി ഒഴിയുന്നത്.

'ആശ'യും 'ബാല'നും:
ആവർത്തിക്കപ്പെടുന്ന
മാതൃബിംബങ്ങൾ

സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല; അത് സമൂഹത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. നിലനിൽക്കുന്ന പൊതുബോധങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങൾ സിനിമകളിൽ ആവർത്തിക്കപ്പെടുമ്പോൾ, അവയാണ് സ്വാഭാവിക യാഥാർത്ഥ്യമെന്ന് പ്രേക്ഷകർ വിശ്വസിച്ചുതുടങ്ങുന്നു.

സിനിമകളിൽ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അമ്മമാരെ (Single Mothers) എപ്പോഴും തകർച്ചയുടെയോ, മാനസികരോഗത്തിന്റെയോ, ട്രോമകളുടെയോ അതിരുകളിൽ നിൽക്കുന്നവരായി ചിത്രീകരിക്കുമ്പോൾ, അതവരെക്കുറിച്ചുള്ള സാമൂഹികമായ മുൻവിധികളെ കൂടുതൽ ശക്തിപ്പെടുത്തുന്നില്ലേ?. അത്തരം കുടുംബങ്ങളിൽ എന്തോ അസ്വാഭാവികതയുണ്ടാകുമെന്ന ധാരണ മുതൽ, ആ കുട്ടികൾക്ക് അമ്മയിൽ നിന്ന് മാനസികാഘാതങ്ങൾ (trauma) പകർന്നു കിട്ടുമെന്ന വിശ്വാസം വരെ. ആൺതുണയില്ലാത്ത സ്ത്രീ അപൂർണ്ണയാണെന്ന സാമൂഹികമായ മുൻവിധിയുടെ തുടർച്ചയാണിത് .അവളുടെ ജീവിതം എപ്പോഴും ഭയത്തിലും ആശങ്കയിലും തട്ടിത്തടഞ്ഞു വീഴേണ്ടയൊന്നാണെന്ന ധാരണ, ആരുടേയും മേൽനോട്ടമില്ലാതെ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന സ്ത്രീയുടെ അസ്തിത്വത്തെ തമസ്കരിക്കാനേ ഉപകരിക്കൂ. ഈ ജീവിതങ്ങൾ ദുരന്തങ്ങളുടെ ആവർത്തനം മാത്രമല്ല, അതിൽ അതിജീവനത്തിന്റെ ആവേശവും സ്വതന്ത്രമായ മേൽവിലാസവുമുണ്ടെന്ന് സിനിമകൾ പലപ്പോഴും മറന്നുപോകുന്നു.

എന്നാൽ ‘ആശ’ എന്ന സിനിമ, സിംഗിൾ മദറിങ്ങിനെ അപമാനിക്കുന്ന ഒന്നാണെന്ന് മാത്രം വായിച്ചെടുക്കുന്നത് അതിന്റെ ഉള്ളടക്കത്തെ അമിതലളിതവൽക്കരിക്കലാകും. ആശയുടെ പ്രശ്നങ്ങൾ അവൾ ഒറ്റയ്ക്ക് മക്കളെ വളർത്തിയതുകൊണ്ടാണെന്ന് സിനിമ ഒരിടത്തും സ്ഥാപിക്കുന്നില്ല. എങ്കിലും, ഒരു സാമൂഹികമുൻവിധിയെ വിമർശിക്കാൻ ശ്രമിക്കുന്ന സിനിമ, അറിയാതെയാണെങ്കിലും അതേ മുൻവിധിയുടെ ദൃശ്യഭാഷയെത്തന്നെ ആവർത്തിക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്.

ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘ബാലൻ’ (2026) എന്ന ചിത്രത്തിൽ ഫർസാന പാലത്തിങ്കൽ അവതരിപ്പിച്ച അമ്മ കഥാപാത്രവും ആശയും തമ്മിൽ സാമ്യതകളേറെയാണ്.
ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘ബാലൻ’ (2026) എന്ന ചിത്രത്തിൽ ഫർസാന പാലത്തിങ്കൽ അവതരിപ്പിച്ച അമ്മ കഥാപാത്രവും ആശയും തമ്മിൽ സാമ്യതകളേറെയാണ്.

ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘ബാലൻ’ (2026) എന്ന ചിത്രത്തിൽ ഫർസാന പാലത്തിങ്കൽ അവതരിപ്പിച്ച അമ്മ കഥാപാത്രവും ആശയും തമ്മിൽ സാമ്യതകളേറെയാണ്.

ഏകാകിയായ അമ്മ, ഭൂതകാലത്തിന്റെ മുറിവുകൾ പേറുന്ന അമ്മ, മക്കളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന അമ്മ, സ്വന്തം ഭൂതകാലത്തിൽനിന്ന് വേർപെടുത്താനാവാത്തവിധം മക്കളുടെ ജീവിതത്തിൽ ബന്ധിതയായ അമ്മ- ഇതാണ് ഇരു ചിത്രങ്ങളും പങ്കുവയ്ക്കുന്ന അടിസ്ഥാനബിംബം.

മലയാളസിനിമയിൽ സമീപകാലത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മാതൃബിംബത്തിന്റെ (archetype) രണ്ട് ആവിഷ്കാരങ്ങളാണ് ആശയും ബാലന്റെ അമ്മയും. ഇരുകഥാപാത്രങ്ങൾക്കും ആത്യന്തിക സാധൂകരണം ലഭിക്കുന്നത് മാതൃത്വത്തിലൂടെ മാത്രമാണ്. അമ്മ എന്ന നിലയിലുള്ള ത്യാഗവും സഹനവും സംരക്ഷണവുമാണ് ഇവരുടെ സ്വത്വത്തിന്റെ ഏക അളവുകോൽ. മാതൃത്വത്തിനപ്പുറമുള്ള ഒരു വ്യക്തിത്വമോ ആഗ്രഹമോ ഇവർക്ക് ചിത്രത്തിനുള്ളിൽ നൽകപ്പെടുന്നില്ല.

സ്ത്രീയുടെ അനുഭവങ്ങൾ കേവലം മാതൃത്വത്തിലോ ജൻഡറിലോ മാത്രം ഒതുങ്ങുന്നതല്ല; അതിൽ വർഗ്ഗം, ഭൂതകാലത്തിന്റെ ആഘാതങ്ങൾ, സാമൂഹികപദവി എന്നിവയെല്ലാം ഇടകലർന്നിരിക്കുന്നുവെന്ന 'ഇന്റർസെക്ഷണാലിറ്റി'യുടെ (Intersectionality) ആശയം ഇവിടെ പ്രസക്തമാണ്. ഒരമ്മയുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അവളുടെ ഏകാന്തമായ മാതൃത്വത്തിൽനിന്നു മാത്രം ഉരുവംകൊള്ളുന്നതല്ല, അതുപോലെ അവളുടെ മക്കളുടെ ജീവിതവും അവളുടെ ഭൂതകാലത്തിന്റെ യാന്ത്രികമായ തുടർച്ചയുമല്ല.

ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന സ്ത്രീയെ സങ്കൽപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ഒരു മുറിവും ഒരു രഹസ്യവും ഒരു പ്രതിസന്ധിയും അവളുടെ ജീവിതത്തിന്റെ അനിവാര്യഘടകങ്ങളായി കൂടെവരുന്നത്? മാത്രമല്ല, ഈ ചിത്രങ്ങളിൽ സ്ത്രീയുടെ ശക്തി അംഗീകരിക്കപ്പെടുന്നത് മാതൃസംരക്ഷണത്തിന്റെ രൂപത്തിൽ പ്രകടമാകുമ്പോൾ മാത്രമാണ്. ബെൽ ഹുക്സ് (bell hooks) ചൂണ്ടിക്കാണിക്കുന്നതുപോലെ, സ്ത്രീയുടെ മനുഷ്യസഹജമായ വൈവിധ്യങ്ങളെയും ആഗ്രഹങ്ങളെയും റദ്ദാക്കി അവളെ മാതൃത്വത്തിന്റെ ചട്ടക്കൂടിൽ മാത്രം തളച്ചിടുന്നത്, അവളുടെ യഥാർത്ഥ വ്യക്തിത്വത്തെ അദൃശ്യമാക്കലാണ്. 'അമ്മ' എന്ന ലേബലിന് കീഴിൽ മാത്രമാണ് സ്ത്രീയുടെ അക്രമണോത്സുകതയും ശക്തിയും സാമൂഹികമായി സ്വീകാര്യമാകുന്നതെന്ന സൂചനയല്ലേ ഇത്തരം സിനിമകൾ നൽകുന്നത്?.

സ്ത്രീകഥാപാത്രങ്ങളെ, വിശിഷ്യ, ഏകാകികളായ അമ്മമാരെ, കൂടുതൽ വൈവിധ്യമുള്ള മാനുഷികാനുഭവങ്ങളുള്ളവരായി പുനഃസങ്കൽപ്പിക്കാൻ മലയാളസിനിമയ്ക്ക് സാധിക്കേണ്ടതുണ്ട്. മാതൃത്വത്തിന്റെ ത്യാഗാത്മകതയ്ക്കപ്പുറം, സ്വന്തം അസ്തിത്വവും ആഗ്രഹങ്ങളും വൈരുദ്ധ്യങ്ങളുമുള്ള മനുഷ്യരായി അടയാളപ്പെടുത്തേണ്ടതുണ്ട്. ആശ വിശുദ്ധയല്ല; അവൾക്ക് കോപമുണ്ട്, ഈഗോയുണ്ട്, സംശയമുണ്ട്, തെറ്റുകളുണ്ട്, സ്വന്തം ശരിയിലുള്ള അമിതമായ വിശ്വാസമുണ്ട്; അതേസമയം സ്നേഹവും ഭയവുമുണ്ട്. ഇവിടെ "ആശ ശരിയാണോ തെറ്റാണോ" എന്നതല്ല; മറിച്ച് ആശയുടെ ലോകം ധാർമ്മികതയുടെ ഏത് വശത്താണ് നിലകൊള്ളുന്നതെന്നതും, ആശയെപ്പോലെയുള്ള സ്ത്രീകളെ നാം എന്തുകൊണ്ടാണ് ഇങ്ങനെ മാത്രം സങ്കൽപ്പിക്കുന്നത് എന്നതുമാണ് പ്രധാനം.

"ആശ ശരിയാണോ തെറ്റാണോ" എന്നതല്ല; മറിച്ച് ആശയുടെ ലോകം ധാർമ്മികതയുടെ ഏത് വശത്താണ് നിലകൊള്ളുന്നതെന്നതും, ആശയെപ്പോലെയുള്ള സ്ത്രീകളെ നാം എന്തുകൊണ്ടാണ് ഇങ്ങനെ മാത്രം സങ്കൽപ്പിക്കുന്നത് എന്നതുമാണ് പ്രധാനം.
"ആശ ശരിയാണോ തെറ്റാണോ" എന്നതല്ല; മറിച്ച് ആശയുടെ ലോകം ധാർമ്മികതയുടെ ഏത് വശത്താണ് നിലകൊള്ളുന്നതെന്നതും, ആശയെപ്പോലെയുള്ള സ്ത്രീകളെ നാം എന്തുകൊണ്ടാണ് ഇങ്ങനെ മാത്രം സങ്കൽപ്പിക്കുന്നത് എന്നതുമാണ് പ്രധാനം.

സിനിമയുടെ തുടക്കത്തിലെ നീച്ചയുടെ വാക്കുകളിലേക്കു തന്നെ മടങ്ങിവരാം: ഒരു പ്രവൃത്തിയുടെ ധാർമ്മികതയെപ്പോലും നമ്മുടെ കാഴ്ചയും മുൻവിധികളും സ്വാധീനിക്കുന്നു. ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന ഒരു സ്ത്രീയുടെ ജീവിതം നിർബന്ധമായും ഒരു ദുരന്തത്തിന്റെ അനിവാര്യമായ തുടർച്ചയോ, അവളുടെ മക്കൾ ആ മുറിവുകളുടെ അവകാശികളോ ആകേണ്ടതില്ല. ശബ്ദമുയർത്തുന്ന സ്ത്രീകളെ ‘നിയന്ത്രണം വിട്ടവളോ’ ‘വട്ടുള്ളവളോ’ മാത്രമാകേണ്ടതില്ല. അവളുടെ മാതൃത്വത്തെ അവളുടെ മുഴുവൻ വ്യക്തിത്വമായി ചുരുക്കേണ്ടതുമില്ല.

മനസ്സിലാക്കിയെടുക്കേണ്ടൊരു രഹസ്യമായി സിനിമകൾ സ്ത്രീയെ ആവർത്തിച്ചവതരിപ്പിച്ചിട്ടുണ്ട്: അവളുടെ മൗനത്തിനു പിന്നിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നും, അവളുടെ പെരുമാറ്റത്തിനു പിന്നിലൊരു ട്രോമയുണ്ടാകുമെന്നും, ആ രഹസ്യം അഴിയുമ്പോൾ മാത്രമേ പ്രേക്ഷകന് അവളെ "മനസ്സിലാകൂ" എന്നും. ‘ആശ’യിൽ ഇത് ഴാണറിന്റെ (genre) അനിവാര്യതയാണെങ്കിലും, ഒരു സ്ത്രീയെ അവളുടെ മുറിവുകൾക്കപ്പുറം കാണാൻ നമുക്ക് എപ്പോൾ കഴിയുമെന്നതാണ് യഥാർത്ഥ ചോദ്യം.

Comments