Empuraan: The Gujarat Genocide Question

2002-ൽ, ഗുജറാത്തിൽ സംഘപരിവാറിന്റെ കാർമികത്വത്തിൽ നടന്ന മുസ്ലിം വംശഹത്യയുടെ ഭീകരതയെ, ക്രൂരതയെ അതിശക്തമായി സൂക്ഷ്മമായി ഓർമിപ്പിക്കുന്നുണ്ട് പ്രിത്ഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന മുഖ്യധാരാ ബിഗ് ബജറ്റ് മാസ് മലയാളം സിനിമ. ഗുജറാത്ത് വംശഹത്യയുടെ യഥാർത്ഥ്യത്തെ, ചരിത്രത്തെ ഓർമപ്പെടുത്തുന്ന എന്തെങ്കിലും സമൂഹത്തിൽ അവശേഷിക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ ബി.ജെ.പി നേതാവ് നരേന്ദ്ര ദാമോദർ ദാസ് മോദിയും ആർ.എസ്.എസും മറ്റ് സംഘപരിവാർ സംഘടനകളും ആഗ്രഹിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. കാൽ നൂറ്റാണ്ടാവുന്നു ഗുജറാത്ത് വംശഹത്യ നടന്നിട്ട്. അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന ബി.ജെ.പി സർക്കാരിന്റെ നിശ്ശബ്ദതയായിരുന്നു മൂന്ന് ദിവസം നീണ്ടു നിന്ന വർഗ്ഗീയ കലാപത്തിനും മുസ്ലീം വംശഹത്യയ്ക്കും ഹിന്ദു തീവ്രവാദികൾക്ക് പ്രേരണയോ ശക്തിയോ നൽകിയത്. ഭരണകൂടത്തിന്റെ നിശ്ശബ്ദ പിന്തുണയില്ലാതെ ഇന്ത്യയിലൊരിടത്തും ഒരു വർഗ്ഗീയ കലാപത്തിനും ഒരു മണിക്കൂറിൽ കൂടുതൽ സമയം തുടരാൻ കഴിയില്ല. അപ്പോഴാണ് മൂന്നു ദിവസം നീണ്ടു നിന്ന ഹിന്ദു തീവ്രവാദികളുടെ ക്രൂരത ഒരു പ്രതിരോധവുമില്ലാതെ, തടസ്സവുമില്ലാതെ തുടർന്നത്. ഗുജറാത്ത് വംശഹത്യയുടെ ചരിത്രത്തിന്റെ ഓർമകൾ പേറുന്ന സകലതും മനുഷ്യരുടെ ഓർമയിൽ നിന്ന് ഉന്മൂലനം ചെയ്യാൻ നിരന്തരം ശ്രമിക്കുന്നുണ്ട് സംഘപരിവാർ. 2002-ൽ മാധ്യമങ്ങളുടെ ന്യൂസ് ഡസ്കുകളിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകർക്ക് ഓർമയുണ്ടാവും അന്ന് ഗുജറാത്ത് വംശഹത്യയുടെ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ ഇൻ്റർനെറ്റ് സെർച്ചിൽ എളുപ്പത്തിൽ ലഭിക്കുമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് അത്തരം ദൃശ്യങ്ങൾ പതുക്കെപ്പതുക്കെ അപ്രത്യക്ഷമായിത്തുടങ്ങി. പക്ഷേ വെറുപ്പിന്റെ ആഴം വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും കൊലവിളികളും കത്തിച്ചും വെട്ടിയും കുത്തിയും കൊല്ലപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും പ്രതികരണങ്ങളുമൊന്നും മനുഷ്യത്വമുള്ള മനുഷ്യരുടെ മനസ്സിൽ നിന്നോ ആർക്കൈവുകളിൽനിന്നോ മാഞ്ഞിട്ടില്ല. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള സകല ഡോക്യുമെൻ്റേഷനോടും ശത്രുതാപരമായ കടുത്ത നിലപാടാണ് നരേന്ദ്ര മോദി സർക്കാർ എടുത്തിട്ടുള്ളത്. ബിബിസി യുടെ ‘INDIA: THE MODI QUESTION’ എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം ഇന്ത്യയിൽ നിരോധിച്ചത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയിലെ ഭരണകൂടത്തിന്റെ പരമാധികാര സ്വഭാവത്തിനെതിരായ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ ഗുജറാത്ത് വംശഹത്യയുടെ ചരിത്രത്തെ രേഖപ്പെടുത്തിയ റാണാ അയ്യൂബിനേയും ആശിഷ് ഖേത്തനെയും പോലുള്ള മാധ്യമ പ്രവർത്തകരെയും സത്യം നിരന്തരം വിളിച്ചു പറഞ്ഞ ആർ.ബി. ശ്രീകുമാറിനെപ്പോലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇരകൾക്കൊപ്പം നിന്ന് പ്രവർത്തിച്ച ടീസ്റ്റ സെതൽവാദിനെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകരെയും ഹിന്ദുത്വഭരണകൂടം എങ്ങനെയാണ് ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്നത് ചരിത്രമാണ്. വംശഹത്യാക്കാലത്തെ ഗുജറാത്ത് സർക്കാരിനെതിരെ മൊഴി നൽകിയ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ഇപ്പോഴും ഭരണകൂട പ്രതികാരത്തിന്റെ ഉദാഹരണമായി ജയിലിലാണ്.

അവിടെയാണ് എമ്പുരാൻ എന്ന മലയാള സിനിമ രാഷ്ട്രീയമായി പ്രസക്തമാവുന്നത്. സിനിമയ്ക്കെതിരായ സംഘപരിവാർ ആക്രമണങ്ങൾ തുടരുന്നത് ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് അത് നിശിതമായ കാരണമാവുന്നു എന്നതു കൊണ്ടാണ്. ഹിന്ദുത്വഭീകരതയുടെ, വംശവെറിയുടെ സമീപകാല ഇന്ത്യൻ ചരിത്രത്തെ അത് വിട്ടുവീഴ്ചയില്ലാതെ ഓർമപ്പെടുത്തുന്നു എന്നതുകൊണ്ടാണ്. വംശഹത്യാക്കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഒരു തലമുറയുടെ ഓർമയിലേക്കും അറിവിലേക്കും കൂടി ഒരു സൂപ്പർസ്റ്റാർ സിനിമ അതിന്റെ തുടക്കത്തിൽത്തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ മറന്നു പോകരുതാത്ത സംഭവങ്ങളെ ചേർത്തു വെച്ചിരിക്കുന്നു എന്നതുകൊണ്ടാണ്. ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ പ്രിത്ഥ്വിരാജിനെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ലേഖനമെഴുതിയിരിക്കുന്നു. സി.എ.എ. എൻ.ആർ.സി. വിഷയത്തിലും സേവ് ലക്ഷദ്വീപ് വിഷയത്തിലും അദ്ദേഹമെടുത്ത ജനാധിപത്യ മതേതര നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി ചിത്രീകരിച്ചിരിക്കുന്നു. അതേ സമയം ഇതേ സിനിമയിലെ നായകനായ മോഹൻലാലിനോട് സംഘപരിവാറും ഓർഗനൈസറും ഔദാര്യം കാണിക്കുന്നുണ്ട്. അത് ഉറപ്പായും മോഹൻലാൽ എന്ന നടന്റെ രാഷ്ട്രീയ ആഭിമുഖ്യം തങ്ങൾക്കനുകൂലമാണ് എന്ന തോന്നൽ കൊണ്ടായിരിക്കണം. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ് സിനിമയ്ക്കെതിരായ ആക്രമണം വന്നപ്പോൾ തന്റെ തന്നെ പ്രൊഡക്ഷൻ പങ്കാളിത്തത്തിൽ പുറത്തിറങ്ങിയ, താൻ നായകനായി അഭിനയിച്ച ഒരു കലാസൃഷ്ടിയുടെ പേരിൽ ഖേദ പ്രകടനം നടത്താൻ മോഹൻലാൽ നിർബന്ധിതനായത്. ഭരണകൂടമോ സെൻസർ ബോഡോ ആവശ്യപ്പെടാതെ തന്നെ എമ്പുരാൻ എഡിറ്റ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു വെച്ചത്.

കലയ്ക്കുമേൽ, ആവിഷ്കാരങ്ങൾക്കുമേൽ, സാഹിത്യകൃതികൾക്കുമേൽ ആർട്ടിസ്റ്റുകളും എഴുത്തുകാരും സ്വയം സെൻസർ ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചുകാലമായിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ മീശ എന്ന നോവൽ ഹിന്ദുത്വവാദികളുടെ എതിർപ്പിനെത്തുടർന്ന് എഴുത്തുകാരൻ എസ്. ഹരീഷിന് പിൻവലിക്കേണ്ടി വന്നതും സ്ഥാപനത്തിന് എഡിറ്ററെ മാറ്റാൻ തീരുമാനിക്കേണ്ടി വന്നതും പ്രതിഷേധിച്ച് എഡിറ്റർമാർ രാജിവെച്ചതും ശേഷം പുസ്തകമായപ്പോൾ എഴുത്തുകാരന് പുസ്തകം എഡിറ്റ് ചെയ്യേണ്ടി വന്നതും സമീപകാല കേരളത്തിലെ ചരിത്രമാണ്. കേരളത്തിൽ അധികാരമില്ലെങ്കിലും തങ്ങളുടെ ഇഷ്ടക്കേടിനെ മറികടക്കുന്ന ഒരു ആവിഷ്കാരത്തിനും കേരളത്തിലും ഇടമില്ല എന്ന് ഹിന്ദുത്വ പ്രത്യയ ശാസ്ത്രം സ്ഥാപിച്ചെടുത്ത സംഭവം കൂടിയായിരുന്നു മീശ വിവാദം. അന്ന് എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് മീശ നോവലിന് അനുകൂലവും ഹിന്ദുത്വവാദികളുടെ നിലപാടിന് വിരുദ്ധവുമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളം വേണ്ടപോലെ ചർച്ച ചെയ്തതു പോലുമില്ല എന്നതാണ് സത്യം.

ദേശീയ തലത്തിൽ എത്രയോ സിനിമകൾക്കെതിരെ സംഘപരിവാർ തങ്ങളുടെ വാളെടുത്തിട്ടുണ്ട്. ചിലത് വിജയിച്ചു. ചില ആർട്ടിസ്റ്റുകൾ അത്തരം വാളെടുക്കലുകളെ മനോഹരമായി രാഷ്ട്രീയമായി അവഗണിക്കുകയും ചെയ്തു.

തങ്ങൾക്കിഷ്ടമില്ലാത്ത, തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് എതിരായ, രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്ന ഒന്നും ഈ രാജ്യത്ത് അനുവദിക്കില്ല എന്ന കേന്ദ്രസർക്കാരിന്റെ, ഹിന്ദുത്വ സർക്കാരിന്റെ ആർ.എസ്.എസിന്റെ സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടാണ് എമ്പുരാൻ സിനിമയ്ക്കെതിരെയും വാളെടുത്തിരിക്കുന്നത്.

ഒരു സിനിമ എന്ന നിലയിൽ എമ്പുരാൻ മികച്ച ഒരു കലാസൃഷ്ടിയാവണമെന്നില്ല. ആത്യന്തികമായി അത് മുന്നോട്ടു വെക്കുന്നത് രക്ഷകഇമേജുകളും പ്രതികാരത്തിന്റെയും വയലൻസിന്റെയും വലതുപക്ഷ രാഷ്ട്രീയവും തന്നെയാണ്. ആ സിനിമ മേക്കിങ്ങിൽ ദൃശ്യവിസ്മയം തീർത്ത് പ്രേക്ഷകരെ, മാസ്സ് ഓഡിയൻസിനെ ഉന്മാദിപ്പിക്കാൻ ലക്ഷ്യം വെച്ച് തന്നെ നിർമിച്ചിട്ടുള്ളതാണ്. അത് അരാഷ്ട്രീയമായ രക്ഷകവ്യക്തിത്വങ്ങളിലാണ് ഊന്നിയിട്ടുള്ളത്. പ്രതികാരം ചെയ്യുന്ന മനുഷ്യരെന്ന പിന്തിരിപ്പൻ ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്, അത് വയലൻസിനെ ആഘോഷിക്കുന്നുണ്ട്. വേണമെങ്കിൽ ചരിത്രത്തിലുള്ളതോ ഇല്ലാത്തതോ ലോകത്തു തന്നെ നിലനിന്നിട്ടില്ലാത്തതോ ആയ എന്തും ഒരു മാസ്സ് സിനിമയെ മെനഞ്ഞെടുക്കാനുള്ള സ്റ്റോറി ലൈനായി ഉപയോഗിക്കാൻ സാധിക്കുമായിരുന്നു സംവിധായകനും തിരക്കഥാകൃത്തിനും. മോഹൻലാലും പ്രിത്ഥ്വിരാജും ചേർന്ന അത്തരമൊരു ദൃശ്യവിസ്മയം വിപണിയിൽ ഒരു നഷ്ടവുമുണ്ടാക്കാൻ സാധ്യതയുമില്ലായിരുന്നു. എന്നിട്ടും അവർ തിരഞ്ഞെടുത്തത് ഗുജറാത്ത് വംശഹത്യയെ സിനിമയിലേക്ക് ചേർന്നു വെക്കാനാണ്.

പക്ഷേ ഈ ആഘോഷ സിനിമയിലേക്ക്, മുഖ്യധാരാ സിനിമയിലേക്ക് മുസ്ലിങ്ങളെ കൊല്ലുമ്പോൾ ഉന്മാദമനുഭവിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുള്ള ഗുജറാത്തിലെ ബാബു ബജറംഗി എന്ന ഹിന്ദു തീവ്രവാദിയെ ഓർമിപ്പിക്കുന്ന ബജറംഗി എന്ന കഥാപാത്രത്തെ ചേർത്തു വെക്കാനാണ്. ആ തീരുമാനമാണതിലെ രാഷ്ട്രീയം. സംഘപരിവാർ ആക്രമിക്കുമ്പോൾ പ്രിത്ഥ്വിരാജിന് അഭിവാദ്യമർപ്പിച്ച് ചിത്രങ്ങളിടുകയും ഖേദം പ്രകടിപ്പിച്ച പോസ്റ്റ് അയാൾ ഷെയർ ചെയ്യുമ്പോൾ മനസ്താപം തോന്നി തെറിവിളിക്കുകയും ചെയ്യുന്ന രാഷ്ട്രീയം അസഹിഷ്ണുതയുടെ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്ന് ഒട്ടും വിഭിന്നമല്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിന്, അഭിപ്രായവ്യത്യാസമോ വിയോജിപ്പോ രാഷ്ട്രീയ ഭിന്നതയോ എന്തും പ്രകടിപ്പിക്കുന്നതിന്, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവകാശം നൽകുന്നുണ്ട്. അതിനെതിരെ നിൽക്കുന്ന എന്തും അസഹിഷ്ണതയുടേയും പരമാധികാരത്തിന്റെയും പ്രകടനങ്ങളാണ്. സർക്കാർ തലത്തിലേക്ക് വരുമ്പോൾ അത് ഫാസിസ്റ്റ് ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഭരണകൂടത്തിൻ്റേതാണ്. ഗുജറാത്ത് വംശഹത്യയിൽ കുറ്റബോധമുള്ളവരല്ല സംഘപരിവാർ. അത് പക്ഷേ അവരുടെ ആഖ്യാനമായിരിക്കണം എന്ന് മാത്രം. ആ ആഖ്യാനം അവരുടെ രാഷ്ട്രീയ ഇന്ധനം പോലുമാണ്. അതല്ലാതെയുള്ള മറ്റേതൊരു ജനാധിപത്യ ആഖ്യാനങ്ങളും ഓർമപ്പെടുത്തലും സംഘപരിവാറിനും കേന്ദ്രസർക്കാരിനും ദഹിക്കില്ല.

ഇത് ഒരു സിനിമയുടെ പ്രദർശനവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. ഒരു സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണകൂടം മനുഷ്യരുടെ ചിന്തയ്ക്കും കലയ്ക്കും ആവിഷ്കാരത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും മാധ്യമ പ്രവർത്തനത്തിനും മേൽ ഏർപ്പെടുത്തുന്ന നിർബന്ധിത സെൻസറിങ്ങിന്റെയും മനുഷ്യരുടെ സ്വാതന്ത്യത്തിന്റെയും വിഷയമാണ്. ഭരണകൂടത്തിൻ്റേയും അതിന്റെ പ്രത്യയ ശാസ്ത്രത്തിൻ്റേയും താത്പര്യങ്ങൾക്ക് വിരുദ്ധമാവുമ്പോൾ ഭരണകൂടം അതിന്റെ സകല സംവിധാനങ്ങളുമുപയോഗിച്ച് ഭീഷണിപ്പെടുത്തും കൽപിക്കും നിർബന്ധിക്കും ഭയപ്പെടുത്തും ഉപദ്രവിക്കും ചിലപ്പോൾ കൊല്ലും. അത്തരം ഉദാഹരണങ്ങളെ ഇനിയുള്ള ആവിഷ്കർത്താക്കൾക്കുള്ള പാഠമായി നിർമിച്ചു വെക്കും. നാടുകടത്തപ്പെട്ട എം.എഫ് ഹുസൈനും പിൻവലിച്ച് തിരുത്തപ്പെട്ട മീശയും കൊല്ലപ്പെട്ട നരേന്ദ്ര ധബോൽക്കറും കൽബുർഗിയും ഗൗരിലങ്കേഷും ജയിലിൽ കിടക്കുന്ന സഞ്ജയ് ഭട്ടും ഉമർ ഖാലിദും ജയിലിൽ മരിച്ച സ്റ്റാൻ സാമിയും ജയിലിൽ നിന്ന് പുറത്തു വന്ന് മരിച്ച സായി ബാബയും സ്വമേധയാ സെൻസർ ചെയ്യപ്പെട്ട എമ്പുരാനും അത്തരം രാഷ്ട്രീയ കലാപാഠങ്ങളാണ്. ആവർത്തിക്കാൻ പാടില്ലെന്ന് കൽപ്പിച്ച് ഭരണകൂടം നിർമ്മിച്ചെടുത്ത മാതൃകകൾ. വലതുപക്ഷത്തിന്റെ, തീവ്ര വലതുപക്ഷത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിപണി ആഖ്യാനങ്ങൾ സകലർക്കും ഒരെതിർപ്പുമില്ലാതെ സ്വീകാര്യമാവുന്ന, സ്വാഭാവികമാവുന്ന ഒരു അന്തരീക്ഷത്തിൽ പ്രതിരോധങ്ങൾക്ക്, സമരങ്ങൾക്ക് എത്രമാത്രം രാഷ്ട്രീയ സ്വീകാര്യതയുണ്ടാവുമെന്ന് കണ്ടു തന്നെ അറിയണം. പ്രത്യയശാസ്ത്രപരമായല്ലാതെ, സമരങ്ങളിലൂടെയല്ലാതെ, ജനകീയ മുന്നേറ്റങ്ങളിലൂടെയല്ലാതെ പ്രതിരോധത്തിന്റെ കലാ ആവിഷ്കാരങ്ങളിലൂടെയല്ലാതെ തീവ്രവലതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കാനാവില്ല എന്നതിന് ചരിത്രമാണ് പാഠം.

Comments