Power tends to corrupt and absolute power corrupts absolutely.
- Lord Acton þ British
ബ്രിട്ടീഷ് ചരിത്രകാരന്റെ ഈ വാക്കുകളെ ഭാവുകത്വപരമായി ജോർജ് ഓർവെൽ അനിമൽ ഫാം എന്ന നോവലിൽ ആവിഷ്‌ക്കരിച്ചതിന് സമാനമായ ശ്രമമായിരുന്നു, ഇരകൾ എന്ന ചലച്ചിത്രത്തിലൂടെ കെ.ജി. ജോർജ് സാധ്യമാക്കിയത്. ജോർജ് ഓർവെല്ലും കെ.ജി. ജോർജും സഞ്ചരിച്ച വഴിയിലൂടെയുള്ള യാത്രയാണ് ഭ്രമയുഗം എന്ന ചലച്ചിത്രത്തിലൂടെ രാഹുൽ സദാശിവൻ നടത്തുന്നത്.
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഏകാധിപതി ഇന്ദിരാന്ധിയുടെ അടിയന്തരാവസ്ഥാകാലവും, അക്കാലത്ത് ഒരു കുടുംബത്തിനകത്ത് അധികാരം അക്രമാസക്തമായ നിലയിൽ എങ്ങനെ നാടിന് ഭീഷണിയാകുന്നെന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തിന് എട്ട് വർഷങ്ങൾക്കുശേഷം 1985-ൽ റിലീസ് ചെയ്ത ഇരകൾ, അടിയന്തരാവസ്ഥാ കാലത്തെ ഇന്ത്യയെ അക്വോറിയക്കാഴ്ചയാക്കി തന്റെ 'പാലക്കുന്നേൽ' തറവാട്ടിലേക്ക് സ്വാംശീകരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ 49ാം വാർഷികത്തിൽ സംഘപരിവാർ മതവൽക്കരിച്ച് ഭാരതമാക്കിയ ഇന്ത്യയിൽ തെരഞ്ഞെടുപ്പിന്റെ മോദിക്കാലം ഗ്യാരന്റിയായി പരസ്യം ചെയ്ത് സ്വാഗതം അരുളുമ്പോൾ, ഭാരത് അരി നൽകി സ്നേഹം കാട്ടുമ്പോൾ, ഭ്രമയുഗം എന്നൊരു ഹൊറർ സിനിമ അധികാരത്തിന്റെ ദുഷിപ്പിനെ കുറിച്ച് ഓർമപ്പെടുത്തി പേടിപ്പിക്കുന്നു.
‘ഊട്ടിയതും തങ്ങാൻ ഇടം തന്നതും ഞാനല്ലേ, എന്നോടല്ലേ നന്ദി കാണിക്കേണ്ടത്’ എന്ന ഔദാര്യ ചോദ്യമെറിഞ്ഞ് മറ്റൊരു മനുഷ്യന്റെ സമയവും സ്വാതന്ത്ര്യവും പണയം വാങ്ങുന്ന കൊടുമൺ പോറ്റി വെറുമൊരു ഐതിഹ്യ കഥാപാത്രമല്ല. ഭ്രമയുഗം വെറുമൊരു പ്രേതസിനിമയുമല്ല. സംഘപരിവാർ ഭാരതം ഒരു ഭ്രമയുഗ കാലമാണെന്ന ഓർമപ്പെടുത്തലാണ്. അടിയന്തരാവസ്ഥയുടെ 49ാം വർഷത്തിൽ മറ്റൊരു ഏകാധിപതി ഇന്ത്യ ഭരിക്കുമ്പോൾ, ആ മോദിക്കാലമൊരു ഭ്രമയുഗമാണ്.
മലയാളത്തിലെ മികച്ച സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായ Red Rain സംവിധാനം ചെയ്ത്, ഭൂതകാലം എന്ന സിനിമയിലൂടെ മലയാളത്തിലെ ഹൊറർ സിനിമയ്ക്ക് നവഭാവുകത്വം നൽകിയ രാഹുൽ സദാശിവൻ തന്റെ മൂന്നാമത്തെ സിനിമയിൽ ടി.ഡി. രാമകൃഷ്ണനെക്കൊണ്ട് സംഭാഷണം എഴുതിപ്പിച്ചു എന്നതുകൊണ്ടുമാത്രം, സംഘപരിവാർ രാഷ്ട്രീയത്തെ വിമർശനവിധേയമാക്കുക എന്നത് ഭ്രമയുഗം സംവിധായകന്റെ രാഷ്ട്രീയ പ്രഖ്യാപനവും ബോധപൂർവ്വമായ തെരഞ്ഞെടുപ്പുമാണെന്ന് വ്യക്തമാണ്. തനിക്ക് മുസ്‍ലിംകളുടെ മൃതദേഹം വേണമെന്നാക്രാശിച്ച രമൺ ശ്രീവാസ്തവയുടെ പോലിസ് കൊന്നുകളഞ്ഞ ‘സിറാജുന്നിസ'യിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വയലൻസുകളെ തുറന്നെതിർത്ത ടി.ഡി. രാമകൃഷ്ണൻ, മമ്മുട്ടി അഭിനയിക്കുന്ന, അധികാരം കേന്ദ്ര പ്രമേയമാകുന്നൊരു ഹൊറർ സിനിമയ്ക്ക്, അതും ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതത്തിൽ സംവദിക്കുന്നൊരു സിനിമയ്ക്ക് സംഭാഷണം എഴുതുമ്പോൾ, സ്വാഭാവികമായി കഥാപാത്രങ്ങൾ രാഷ്ട്രീയം സംസാരിക്കും.
ഇന്ത്യയെ ഭാരതവൽക്കരിക്കുന്ന സംഘപരിവാർ സ്വപ്നങ്ങളിലെ കാലം, 17ാം നൂറ്റാണ്ടാണ്. ജന്മിത്വത്തിന്റെ ഭ്രമയുഗകാലം. മണ്ണാപ്പേടിയും പുലപ്പേടിയുമുള്ള കാലം, ശംബൂകനെ കൊല്ലുന്ന കാലം, ഏകലവ്യന്റെ പെരുവിരൽ മുറിക്കുന്ന കാലം, പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും വരുന്നതിന് മുമ്പുള്ള കാലം. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും നടക്കുന്നതിന് മുമ്പുള്ള, ഐതിഹ്യമാലകളുടേയും ഇതിഹാസത്തിേന്റയും കാലം, പേടിപ്പെടുത്തുന്നൊരു ബ്ലാക്ക് ആന്റ് വൈറ്റ് യുഗമാണ്. കൊടുമൻ പോറ്റിയുടെ കലിയുഗത്തിന് അപഭ്രംശം വന്ന യുഗം.
‘ചാത്തൻ’ അച്ഛൻ പോറ്റിയായി മാറി മകനെ പറഞ്ഞ് മയക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുപോലെ വർത്തമാന കാലത്തും അധികാരം കയ്യാളുന്നവർ, കൊടുമൺ പോറ്റിയെ പോലെ അധികാരിയായി തന്റെ മനയിലേക്ക് സ്വാഗതം ചെയ്ത് ഭാരത് അരി വാഗ്ദാനം ചെയ്തുകളയും, വീണു പോയേക്കരുത്.. നമ്മൾ ഭ്രമയുഗത്തിന് അകത്ത് പെട്ടുപോകും അവിടെ പെട്ടാൽ പിന്നെ, ഭരണകൂടത്തിന്റെ ചൂതു കളിക്കുമുമ്പിൽ ജീവൻ പണയം വെക്കേണ്ടിവരും, മരണവുമായി ചെസ് കളിക്കുന്ന ഇങ്മർ ബർഗ്മാന്റെ സെവൻത് സീൽ എന്ന സിനിമയിലെ പടയാളിയെ പോലെ.
ഭ്രമയുഗം എന്ന സിനിമ ഭയത്തിന്റെ സൗന്ദര്യ ശാസ്ത്രം കടംകൊള്ളുന്നത് 1957-ൽ പുറത്തിറങ്ങിയ സ്വീഡിഷ് ഹിസ്റ്റോറിക്കൽ ഫാന്റസി സിനിമയായ ദ സെവൻത് സീൽ എന്ന സിനിമയിൽ നിന്നാണ്. ഈ കടംകൊള്ളൽ ഭ്രമയുഗം എന്ന സിനിമയുടെ പോരായ്മയല്ല, മേന്മയാണ്. സെവൻത് സീലിന്റെ ഭാവുകത്വത്തോട് ചേർന്നു നിൽക്കുന്നു എന്നത് ഭ്രമയുഗത്തിന്റെ ആസ്വാദനത്തെ ക്ലാസിക് തലത്തിലേക്ക് ഉയർത്തുന്നു.
കൊടുമൺ പോറ്റിയുമായി തന്റെ സമയം പണയം വെച്ച് ചൂതു കളിക്കുന്ന തേവൻ മരണവുമായി ചെസ് കളിക്കുന്ന സെവൻത് സീലിലെ പടയാളിയാണ്. മരണത്തിന്റെ അധികാരത്തോട് ജീവൻ പണയം വെച്ച് കളിക്കേണ്ടി വരുന്ന മനുഷ്യന്റെ സ്വത്വപ്രതിസന്ധി, സെവൻത് സീൽ പിറന്ന് 67- വർഷങ്ങൾക്കുശേഷം മലയാള സിനിമയിലൂടെ ആസ്വദിക്കാൻ കഴിഞ്ഞത്, എന്നിലെ സിനിമാപ്രേക്ഷകനെ ആഹ്ലാദിപ്പിക്കുന്നു.
സംഘപരിവാർ പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കുന്ന ഭാരതത്തെ സിനിമാറ്റിക്കായി ഹൊറർ സിനിമയുടെ മേലങ്കിയിൽ വിമർശിക്കപ്പെടുകയാണ് ഭ്രമയുഗം എന്ന ചലച്ചിത്രം. അനിമൽ ഫാം എന്ന നോവലിൽ ഓർവെൽ അധികാരത്തെ പ്രശ്‌നവൽക്കരിച്ചതിന് സമാനമായാണ്, ഭ്രമയുഗത്തിലും അധികാരത്തെ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത് എന്നതുകൊണ്ടാണ്, ഒരു സിനിമാ ആസ്വാദകനായി എനിക്കിങ്ങനെ വായിച്ചെടുക്കാൻ കഴിയുന്നത്. 'അധികാരം മനുഷ്യരെ ദുഷിപ്പിക്കും, പരമാധികാരം പരമമായി ദുഷിപ്പിക്കും' എന്ന പ്രസ്താവനയെ തങ്ങളുടെ സൃഷ്ടികളിൽ ഓർവലും കെ.ജി. ജോർജും ഉൾച്ചേർക്കാൻ ശ്രമിച്ചതിന്റെ തുടർച്ച രാഹുൽ സദാശിവന്റെ ഭ്രമയുഗത്തിലും കാണാം. ഈ ഉൾക്കാഴ്ചയിൽ, കൊടുമൺ പോറ്റിയൊരു ഐതിഹ്യമാല കഥാപാത്രമല്ല, നമ്മളെ അയാൾ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
രാഷ്ട്രീയ വായനകൾ മാറ്റിനിർത്തിയാലും ഭ്രമയുഗം ഭ്രമിപ്പിക്കുന്നൊരു സിനിമയാണ്. മലയാളത്തിലെ ക്ലാസിക് ഹൊറർ ചിത്രങ്ങളായ വയനാടൻ തമ്പാൻ, ശ്രീ കൃഷ്ണപ്പരുന്ത്, അഥർവ്വം എന്നീ സിനിമകളുടെ ശ്രേണിയിലുള്ള മികവുറ്റ സിനിമ. മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നീ അഭിനേതാക്കളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളായി എക്കാലവും വിലയിരുത്താൻ കഴിയുന്ന തരത്തിൽ അവർ കഥാപാത്രങ്ങളായി പകർന്നാടിയിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ തന്റെ പകർന്നാട്ടത്തെ വാക്കുകളെ അപ്രസക്തമാക്കുന്ന അനുഭവമാക്കി മാറ്റുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനങ്ങളാലും സങ്കേതികമായ മികവിനാലും ഭ്രമയുഗം തീർച്ചയായും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ്.