രഹസ്യത്തിന്റെ മേലങ്കി പുതച്ചാണ് സന്തോഷങ്ങൾ പൊതുവെ മനുഷ്യരുടെ ജീവിതത്തിലേക്കെത്താറുള്ളത്. തീർച്ചയായും അത് ഡാഡി ഗിരിജയുടെ പുതപ്പല്ല. ഹാരി പോട്ടറുടെ ഇൻവിസിബിലിറ്റി ക്ലോക്കുപോലൊന്നാണ്. താനിവിടെയൊന്നും ഇല്ലേയില്ലെന്ന മട്ടിൽ സന്തോഷമവിടെ പുതച്ചിരിക്കും. പക്ഷേ അകത്തറുത്താൽ പുറത്തറിയുമെന്ന കടങ്കഥയുടെ ഉത്തരം പോലെ - ചക്ക വെട്ടിയാലെന്നപോലെ നാടെങ്ങും വാസന പരക്കും. പുറമേയ്ക്ക് കാണാനാവാത്ത സന്തോഷം വാസനാരൂപത്തിൽ ശരീരമാകെ വ്യാപിക്കും.
ഇങ്ങനെയൊക്കെയാണ് സന്തോഷത്തിന്റെ (സങ്കടത്തിന്റെയും, അവർ സമജാത ഇരട്ടക്കുട്ടികളാണല്ലോ ) സ്വഭാവമെങ്കിലും ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാംരഹസ്യം' (2021)എന്ന സിനിമ അതൊന്നുമല്ല പറയുന്നത്.
വിശുദ്ധസന്തോഷത്തെ ധ്യാനിക്കുന്ന ഭക്തനിലും സന്തോഷം നിറയേണമെന്നാണ് പ്രാർത്ഥന. ആ പ്രാർത്ഥനയെ പേരുകൊണ്ടു തന്നെ ഓർമയിലുണർത്തിയാണ് ഡോണിന്റെ ‘സന്തോഷത്തിന്റെ ഒന്നാംരഹസ്യം'
ക്രിസ്തീയകുടുംബങ്ങളിലെ നിത്യപ്രാർത്ഥനകളിലെ ഒരിനമാണ് ‘നാല് രഹസ്യങ്ങൾ'. പരിശുദ്ധ കന്യാമറിയത്തോടുള്ള ജപമാലയിലാണ് ഇവ ഉൾപ്പെടുന്നത്. ഓരോ രഹസ്യത്തിലും അഞ്ച് ഉപരഹസ്യം വീതമുണ്ട്. സന്തോഷത്തിന്റെ രഹസ്യങ്ങൾ (5), ദുഃഖത്തിന്റെ രഹസ്യങ്ങൾ (5), മഹിമയുടെ രഹസ്യങ്ങൾ (5), പ്രകാശത്തിന്റെ രഹസ്യങ്ങൾ (5) എന്നിവയാണവ.
തിങ്കൾ, ശനി ദിവസങ്ങളിൽ ജപിച്ചു ധ്യാനിക്കേണ്ടതായ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഇപ്രകാരമാണ്: ‘പരിശുദ്ധ കന്യാമറിയമേ, ദൈവവചനം അങ്ങേ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്ന ദൈവകല്പന ഗബ്രിയേൽ ദൈവദൂതൻ വഴി അങ്ങയെ അറിയിച്ചപ്പോൾ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെയോർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങയുടെ സന്തോഷം സംഗ്രഹിക്കാൻ കൃപചെയ്യേണമേ.' (വിക്കി ഗ്രന്ഥശാല )
പരിശുദ്ധയും കന്യകയുമായ മറിയത്തിന്റെ ഉദരത്തിൽ യേശു ജനിക്കാൻ പോകുന്ന വിവരം ഗബ്രിയേൽ മാലാഖ വഴി അറിയാനിടയായപ്പോൾ കന്യാമറിയത്തിനുണ്ടായ സന്തോഷത്തെയാണ് ഇവിടെ ഭക്തർ ധ്യാനിക്കുന്നത്. മറിയത്തെയല്ല, ആ വിശുദ്ധനിമിഷത്തിൽ മറിയമനുഭവിച്ച രഹസ്യസന്തോഷത്തെയാണ് ധ്യാനിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിശുദ്ധസന്തോഷത്തെ ധ്യാനിക്കുന്ന ഭക്തനിലും സന്തോഷം നിറയേണമെന്നാണ് പ്രാർത്ഥന. ആ പ്രാർത്ഥനയെ പേരുകൊണ്ടു തന്നെ ഓർമയിലുണർത്തിയാണ് ഡോണിന്റെ ‘സന്തോഷത്തിന്റെ ഒന്നാംരഹസ്യം' (Joyful mystery) തുടങ്ങുന്നത്.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യ’ത്തിലെ സജി ബാബുവിന്റെ ഛായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 85 മിനിറ്റ് ദൈർഘ്യമുള്ള സിനിമ മുഴുനീളവും ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതരചന ഷെറിൻ കാതറിൻ. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിൻ എന്നീ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആരിലേക്കും അതിന്റെ ക്യാമറ ഫോക്കസ് ചെയ്യുന്നില്ല. മരിയയെ നോക്കണമോ ജിതിനെ നോക്കണമോ മദ്ധ്യവയസ്‌കയോ നോക്കണമോ അതോ പിൻഗ്ലാസിൽ തെളിഞ്ഞുവരുന്ന ലോകത്തെ നോക്കണമോ എന്നെല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
ആകെ മൂന്നു മനുഷ്യരെ മാത്രമാണ് നാം വിശദമായി സിനിമയിൽ കാണുന്നുള്ളൂ. രണ്ടു മനുഷ്യർ ഒരത്യാവശ്യത്തിന് കാറോടിച്ച് പോകുന്ന നിമിഷങ്ങളിൽ ഒരു കൂട്ടം മനുഷ്യരെ കാണണമെന്നൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ. മരിയയ്ക്കും ജിതിനും പുറമേ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുന്ന ഒരു മദ്ധ്യവയസ്‌കയുണ്ട് (നീരജ രാജേന്ദ്രൻ). വളരെക്കുറച്ച് സമയം മാത്രമേ അവർ ആ കാറിൽ ഇരിക്കുന്നുള്ളൂ. എന്നാലെന്ത്! പൊതുസമൂഹം മുഴുവനും ആ കാറിനുള്ളിൽ കയറിയിരുന്ന പോലൊരു ഇരിപ്പാണവരുടേത്. ഫോൺ കോളുകളുടെയും ചാറ്റ് ഹിസ്റ്ററികളുടെയും രൂപത്തിൽ കടന്നുവരുന്ന മനുഷ്യർ വേറെയും.
സിനിമ കണ്ടുകൊണ്ടിരിക്കെ ഒരിക്കൽപ്പോലും ഒഴിവാക്കാനാകാത്ത കാഴ്ച കാറിന്റെ പിൻവശത്തെ വിശാലമായ ചില്ലിന്റെതാണ്. യാതൊരു സ്റ്റിക്കറും ആ ചില്ലിലൊട്ടിച്ചിട്ടില്ല. യാതൊരു നിർദ്ദേശങ്ങളും എഴുതി വെച്ചിട്ടില്ല. പ്രാർത്ഥനാവാചകങ്ങളോ മഹദ്വചനങ്ങളോ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങളോയില്ല. പുറംചില്ലിലെ കാഴ്ചകൾ മറയ്ക്കാൻ പാവക്കുട്ടിയോ ക്യാരിബാഗുകളോ ഇല്ല. ഇതാ എന്നിലൂടെ പുറംലോകത്തെയും കണ്ടുകൊള്ളൂ എന്ന് സദാനേരവും ക്ഷണിച്ചുകൊണ്ട് അതവിടെ ഒഴിഞ്ഞുകിടപ്പുണ്ട്. മദ്ധ്യവയസ്‌കയുടെ കഥാപാത്രം കാറിന്റെ പിൻസീറ്റിൽ കയറിയിരിക്കുന്ന രംഗങ്ങളിൽപ്പോലും ആ ചില്ല് മുഴുവനായി മറയുന്നില്ല. മരിയയുടെയും ജിതിന്റെയും ബന്ധത്തെക്കുറിച്ചും (ലിവിങ്ങ് ടുഗെതർ) കുടുംബത്തിലെ ആണൊരുത്തനായ ജിതിന് നല്ലൊരു ജോലിയില്ലാത്തതിനെക്കുറിച്ചുമെല്ലാം കുത്തുവാക്കുകളും വിധിപ്രസ്താവനയുമെല്ലാമായി, സ്വയമൊരു സമൂഹമായി ആ സ്ത്രീ അവിടെയിരിക്കുന്നതു കാണുമ്പോൾ ശ്രീകൃഷ്ണപുരത്തിലെ നക്ഷത്രത്തിളക്കത്തിൽ ബിന്ദുപണിക്കർ പറഞ്ഞ വാചകം ഓർമ വരും- ‘സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് '.
എന്നിട്ടും അവരെ ആ സമൂഹഗാനം ഒറ്റയ്ക്ക് പാടിത്തീർക്കാൻ സമ്മതിയ്ക്കാതെ ആ ചില്ലിനുള്ളിലൂടെ പുറംലോകം വന്നുപൊയ്‌ക്കൊണ്ടേയിരിക്കുന്നു. എത്രയോ വാഹനങ്ങളും എത്രയോ തരം മനുഷ്യജീവിതങ്ങളും അവരെ മറികടന്നു പോയ്‌ക്കൊണ്ടേയിരിക്കുന്നു. രണ്ട് നിസ്സാരമനുഷ്യജീവികളുടെ ഒറ്റയൊറ്റയായ വ്യഥകൾക്ക് പ്രത്യേകമായ യാതൊരു പ്രധാന്യവും നൽകാനില്ലാത്ത ഏകജീവിതത്തിന്റെ പ്രവാഹജലത്തെ പോലെ ലോകം അതിന്റെ പാട്ടിന് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ജിതിന്റെയും മരിയയുടെയും കാറ് ആ വലിയ പ്രവാഹത്തിലകപ്പെട്ട ഒരു ഇലക്കീറ് മാത്രമാണ്. കാർ നിർത്തിയിടുന്ന രംഗങ്ങളിൽപ്പോലും ജീവിതനദി അതിനെ ചുറ്റിക്കടന്ന്, ചെറു ചെറു ചുഴികൾ തീർത്ത് ഒഴുകിപ്പോകുന്നത് നമുക്ക് കാണാം.
സിനിമയുടെ നോട്ട (gaze) മാണ് അതിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നതെന്ന് നമുക്കറിയാം. രണ്ടു മനുഷ്യർക്കും അവർക്കിടയിലൂടെ തെളിയുന്ന വലിയലോകത്തിനും മുന്നിൽ പ്രേക്ഷകർ അകപ്പെട്ടുപോകുന്നു. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആരിലേക്കും അതിന്റെ ക്യാമറ ഫോക്കസ് ചെയ്യുന്നില്ല. മരിയയെ നോക്കണമോ ജിതിനെ നോക്കണമോ മദ്ധ്യവയസ്‌കയോ നോക്കണമോ അതോ പിൻഗ്ലാസിൽ തെളിഞ്ഞുവരുന്ന ലോകത്തെ നോക്കണമോ എന്നെല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ആരെ നോക്കണമെന്ന തങ്ങളുടെ തീരുമാനത്തോടൊപ്പം നിർണ്ണയിക്കപ്പെടുന്നത് കാഴ്ചക്കാരിയുടെ/കാരന്റെ രാഷ്ട്രീയവുമാണ്. നോക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ കണ്ണുകൾക്ക് വിട്ടുനൽകിയിരിക്കുന്നു.
വീടിനകത്ത് ഏതൊരാളും ചെയ്യേണ്ട സാമാന്യ ചുമതലകൾ നിർവ്വഹിച്ചതിന്റെ കണക്കുകൾ വലിയ പ്രാധാന്യത്തോടെ ഓർത്തെടുത്ത് സ്വയം ‘ഫെമിനിസ്റ്റ്' ആണെന്ന് ഭാവിക്കുന്ന പുരുഷനാണ് ജിതിൻ.
വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കുന്ന പങ്കാളികളാണ് മരിയയും ജിതിനും. ജിതിൻ സിനിമയിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ജൂനിയർ ആർട്ടിസ്റ്റും മരിയ എന്റർടെയ്ൻമെന്റ് വാർത്തകൾ എഴുതുന്ന ജേണലിസ്റ്റുമാണ്. മരിയയുടെ ആർത്തവം അഞ്ചാഴ്ചയോളം വൈകിയതിനെത്തുടർന്ന് അവർ ഗർഭപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്ന നേരത്താണ് നമ്മളവരെ കണ്ടുതുടങ്ങുന്നത്. ഗൂഗിൾ മാപ്പ് യാതൊരു സങ്കോചവുമില്ലാതെ നേരെ മുന്നോട്ടു പറയുന്നത് നമുക്ക് കേൾക്കാം. പക്ഷേ അവരുടെ യാത്ര ഗൂഗിൾ മാപ്പ് പറയുന്നത്ര എളുപ്പത്തിൽ മുന്നോട്ട് പോകില്ലെന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്. മരിയ തുടർച്ചയായി വഴക്കുകൂടുകയും അസ്വസ്ഥയാവുകയും ചെയ്യുന്നുണ്ട്. ‘ഗർഭമാണെങ്കിൽ എന്തുചെയ്യും എന്ന് പറ ' എന്ന മരിയയുടെ വേവലാതി നിറഞ്ഞ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നൽകാനോ ആ ചോദ്യത്തെ ഗൗരവത്തോടെ നേരിടാനോ ജിതിന് സാധിക്കുന്നില്ല. സ്ത്രീയുടെ ശരീരം അവളുടെ മാത്രം സ്വാത്രന്ത്ര്യമാണെന്നും അതിൽക്കയറി അഭിപ്രായം പറയുന്ന തരക്കാരനല്ല താനെന്നുമൊക്കെ വലിയ വീരവാദങ്ങൾ മുഴക്കുന്ന ജിതിന് പങ്കാളിയുടെ ശാരീരികമായ അവശതകളോ ആധികളോ മാനസികപിരിമുറുക്കങ്ങളോ മനസ്സിലാക്കാനോ അതിനനുസരിച്ച് പെരുമാറാനോ അറിയുന്നില്ല.
വീടിനകത്ത് ഏതൊരാളും ചെയ്യേണ്ട സാമാന്യ ചുമതലകൾ നിർവ്വഹിച്ചതിന്റെ കണക്കുകൾ വലിയ പ്രാധാന്യത്തോടെ ഓർത്തെടുത്ത് സ്വയം ‘ഫെമിനിസ്റ്റ്' ആണെന്ന് ഭാവിക്കുന്ന പുരുഷനാണ് ജിതിൻ. പങ്കാളിയുടെ ഇത്തരം നിലപാടുകളിലെ നീതികേടുകൾ തിരിച്ചറിയാനും കടുത്ത ഭാഷയിൽ വിമർശിക്കാനും ശേഷിയുള്ള അഭ്യസ്തവിദ്യയും തൊഴിൽ ചെയ്യുന്നവളു (ജേണലിസ്റ്റ് ) മായ മരിയ അതേസമയം തന്നെ പങ്കാളിയുടെ പരിഗണനകളും ലാളനകളും സത്യസന്ധതയും സ്‌നേഹവുമെല്ലാം ആഗ്രഹിക്കുന്ന സ്ത്രീയുമാണ്. അവൾക്ക് തന്റെ കരിയറിനെ സംബന്ധിച്ച വലിയ വേവലാതികൾ ഉണ്ട്. അതേസമയം ഗർഭം സ്ഥിരീകരിക്കുകയാണെങ്കിൽ കുഞ്ഞിനെ ഒഴിവാക്കുക എന്ന തീരുമാനത്തിലെത്താനും പ്രയാസമുണ്ട്.
കുഞ്ഞ് /കരിയർ എന്ന തിരഞ്ഞെടുപ്പ് എത്രയേറെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളിലേക്കാണ് സ്ത്രീകളെ തള്ളിയിടുന്നതെന്നും പുരുഷന്മാർക്ക് പുരോഗമനചിന്താഗതിക്കാരനെന്ന സർവ്വനാട്യങ്ങളോടും കൂടി എത്രമാത്രം ‘കൂളായി' ഫോണിൽ സ്‌ക്രോൾ ചെയ്തുകൊണ്ടിരുന്ന് ചിരിക്കാമെന്നും നമ്മൾ കാണുന്നു. ലിവിങ്ങ് ടുഗെതർ എന്ന ഇക്കാലത്ത് ഏറെ വാഴ്ത്തപ്പെടുന്ന ‘പുരോഗമന'സമ്പ്രദായത്തിനകത്തും കുടുംബം എന്ന ഘടന രൂപപ്പെടുന്നുണ്ട്. ആ ഘടനയ്ക്കകത്ത് പുരുഷൻ മറ്റേതൊരു കുടുംബഘടനയ്ക്കുമുള്ളിലെന്ന പോല സ്ത്രീയേക്കാൾ അധികമായ സ്വാതന്ത്ര്യവും അധികാരവും നേടുകയും അത് മറ്റൊരു സ്വാഭാവികത മാത്രമായി ഒതുങ്ങുകയും ചെയ്യുന്നത് ജിതിന്റെയും മരിയയുടെയും സംഭാഷണങ്ങളിലൂടെ നമ്മളറിയുന്നു.
ദൈവപുത്രൻ ജനിക്കുമെന്ന വിശുദ്ധരഹസ്യത്തിൽനിന്ന് ആരും ജനിക്കാനില്ലെന്ന ഈ അവിശുദ്ധരഹസ്യത്തിലേയ്ക്കും ഏറെ ദൂരമുണ്ട്.
പരിശോധനാഫലം പിറ്റേ ദിവസമേ അറിയൂ എന്ന് പറഞ്ഞ് അവർ ആശുപത്രിയിൽനിന്നും മടങ്ങുന്നതോടെ സിനിമയുടെ അവസാനത്തിൽ, ഒരുപക്ഷേ മരിയ പ്രസവിക്കുകയും അവളുടെ കരിയർ പദ്ധതികളെല്ലാം അവതാളത്തിലാവുകയും ചെയ്യുമെന്ന് നമ്മൾ കരുതുന്നു. അല്ലെങ്കിൽ മരിയ ഗർഭിണിയായിരിക്കില്ലെന്നും അഥവാ ആയിരുന്നാൽത്തന്നെയും പ്രസവിക്കുകയൊന്നുമില്ലെന്നും (സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള പുരുഷനാണല്ലോ / സ്ത്രീയാണല്ലോ ജിതിൻ / മരിയ എന്നും )ഗർഭഛിദ്രം ചെയ്ത് അവർ മുന്നോട്ടുപോകുമെന്നും കരുതുന്നു. അതുമല്ലെങ്കിൽ മരിയ പ്രസവിച്ചാലും കുട്ടിയെ വളർത്താൻ അവളെ ജിതിൻ ‘സഹായിക്കുമെന്നും' അങ്ങനെയൊക്കെയാണല്ലോ അയാൾ അവകാശപ്പെടുന്നതെന്നും മരിയയുടെ ഹൃദ്രോഗിയായ അച്ഛൻ മകളുടെ കഥകൾ എല്ലാമറിയുമെന്നും മറ്റും കരുതുന്നു. അല്ലെങ്കിൽ മരിയയും ജിതിനും ഇതോടു കൂടി പിരിയുമെന്നോ ഇവർ തമ്മിൽ ഇങ്ങനെ നിരന്തരം അടിപിടികളുമായി കഴിഞ്ഞുകൂടേണ്ട കാര്യം എന്താണെന്നോ ജിതിൻ എന്ത് ഉത്തരവാദിത്വമില്ലാത്തവനാണെന്നോ /ശാന്തനാണെന്നോ മരിയ എത്ര ബോധയുള്ളവളാണെന്നോ / ശല്യക്കാരിയാണെന്നോ - അങ്ങനെ എന്തെന്തെല്ലാമോ നമുക്ക് കരുതുന്നു. എന്തും കരുതാനുള്ള സാധ്യതകൾ അത്ര നേരത്തെ കാഴ്ച നമുക്ക് തന്നിട്ടുണ്ട്.
അങ്ങനെ ആത്യന്തികമായി കുടുംബഘടനയ്ക്കകത്തെ സ്ത്രീയുടെ ശരീരത്തെ മുൻനിർത്തിയുള്ള പലവിധ സാധ്യതകളിൽ നമ്മളെത്തിച്ചേരാനൊരുങ്ങുമ്പോഴേയ്ക്ക് മരിയയ്ക്ക് ആർത്തവമാകുന്നു. രക്തത്തുള്ളികൾ കൈയ്യിലെടുത്തുനോക്കി അവളത് ഉറപ്പിക്കുന്നു. ആശ്വാസത്തോടെ, ഇത്രനേരമില്ലാതെ പെട്ടെന്നിതെവിടെനിന്ന് വന്നുവെന്ന് അതിശയിപ്പിക്കുന്ന സ്‌നേഹത്തോടെ അവർ വീട്ടിലേയ്ക്ക് തിരികെപ്പോകുന്നു. അഞ്ചാഴ്ചയോളം നീണ്ടുനിന്ന പിരിമുറുക്കങ്ങൾക്കൊടുവിൽ അവർക്കിടയിലേക്ക് സന്തോഷം അവിശുദ്ധമായ ഒരു രഹസ്യത്തിന്റെ രൂപത്തിൽ വന്നുചേരുന്നു.
വിശുദ്ധ കന്യാമറിയത്തിൽനിന്നും അവിശുദ്ധയായ ഈ മരിയയിലേയ്ക്ക് വലിയ ദൂരമുണ്ട്. ദൈവപുത്രൻ ജനിക്കുമെന്ന വിശുദ്ധരഹസ്യത്തിൽനിന്ന് ആരും ജനിക്കാനില്ലെന്ന ഈ അവിശുദ്ധരഹസ്യത്തിലേയ്ക്കും ഏറെ ദൂരമുണ്ട്. കന്യകയ്‌ക്കൊപ്പം കൂട്ടുനടന്ന ജോസഫിൽനിന്നും ആശുപത്രിയ്ക്കുള്ളിലേക്കുപോലും കൂടെച്ചെല്ലാനാവാത്ത ജിതിനിലേക്കുമതേ. 85 മിനിറ്റുനുള്ളിൽ ഒരു കാറോടിച്ചതിന്റെ ദൂരമല്ല ഐതിഹ്യകാലങ്ങളിൽനിന്ന് വർത്തമാനത്തിലേയ്ക്ക് മരിയമാർ നടന്നെത്തിയ ദൂരമാണത്. ആ ദൂരമത്രയും സ്വന്തം രൂപത്തെ മറച്ചുപിടിക്കുന്ന മായാജാലപ്പുതപ്പും പുതച്ച് സന്തോഷവും അവർക്കൊപ്പം ഓടിവരികയായിരുന്നിരിക്കണം, പുറമേയ്ക്ക് കാണാനാവാത്ത വാസനയായി മനുഷ്യശരീരങ്ങളിൽ നിറയാൻ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.