ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ?

Truecopy Webzine

വ്യക്തിജീവിതത്തിൽ ഒരു മികച്ച കുടുംബനാഥനാണ് മമ്മൂട്ടി എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സിനിമാ ലോകത്തു നിന്ന്​ കേൾക്കുന്ന ഗോസിപ്പുകളൊന്നും തന്റെ പ്രതിഛായയെ സ്പർശിക്കാതെ സ്വയം ഒരു കവചമണിഞ്ഞ് സെറ്റുകളിൽ ഇടപെടുന്ന മമ്മൂട്ടിയെ കുറിച്ച് സിനിമാ ലോകത്ത് സംസാരമുണ്ട്. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. കുടുംബസിനിമകളിൽ മമ്മൂട്ടി ധാരാളമായവതരിപ്പിച്ച അത്തരം "നല്ല പിള്ള' കഥാപാത്രങ്ങളിലല്ല നടനെന്ന നിലയിൽ അദ്ദേഹം മികച്ചു നിന്നത്. ഏറ്റവും ഒതുക്കവും അഴകുള്ളതുമായ ചില മമ്മൂട്ടി സിനിമകളെ കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളെ കുറിച്ച് ട്രൂകോപ്പി വെബ്സീൻ 42 ൽ എസ്. ശാരദക്കുട്ടി എഴുതുന്നു.

സിനിമാ ജീവിതം വ്യക്തി ജീവിതത്തിൽ നിന്ന് ഇടറി മാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകർഷിച്ചത്. നല്ല സുഹൃത്തും നല്ല ഭർത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്, തന്റെ ബാഹ്യസ്വത്വത്തിൽ നിന്നു പൂർണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാൻ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നത്. അങ്ങനെയുള്ള അസാധാരണ കഥാപാത്രങ്ങളെ ഒട്ടേറെ ലഭിച്ചു എന്നത് മമ്മൂട്ടിയിലെ അഭിനേതാവിന് കൈവന്ന ഭാഗ്യമാണ്. ആ ചിത്രങ്ങളിൽ മമ്മുട്ടി എന്ന നടൻ എല്ലാ മനുഷ്യരിലും ഒളിഞ്ഞിരിക്കുന്ന ആ അപരനെ കണ്ടെത്തുകയും അഭിരമിക്കുകയുമായിരുന്നു. അവരെ സത്തയിലും ഉണ്മയിലും അറിയുകയായിരുന്നു.

ഒരേ കടലിനും കാതോടു കാതോരത്തിനും വടക്കൻ വീരഗാഥക്കും ശേഷം ഞാൻ മമ്മൂട്ടിയെ അത്രയിഷ്ടത്തോടെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മീരാ ജാസ്മിനെയും മാധവിയെയും സരിതയെയും നോക്കിയതു പോലെ ഈ ജന്മം നിങ്ങൾക്കങ്ങനെ ഒരു നോട്ടം ഇനി സാധ്യമാകുമോ എന്നെനിക്കറിയില്ല. കാരണം നിങ്ങൾ പെണ്ണുങ്ങളെയല്ല, ക്യാമറയെ മാത്രമാണ് ഈയിടെ നേരിടുന്നത്. ‘ചന്ദനലേപ സുഗന്ധം’ എന്ന ഗാനത്തിനിടയിൽ "തൊഴുതുമടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെത്തേടി വന്നു' എന്ന് ഉണ്ണിയാർച്ച നോക്കുമ്പോൾ ചന്തു നോക്കുന്ന ആ മറുനോട്ടമുണ്ടല്ലോ; അത് ഒരപാരതയാണ്. അങ്ങനെയൊന്നിന്റെ സൗന്ദര്യം ഞാൻ അതിനു മുൻപോ പിൻപോ കണ്ടിട്ടില്ല. മുന്നിൽ അത്രക്ക് ആഗ്രഹത്തോടെ ഒരു പെണ്ണു വന്നു നിന്നാലല്ലാതെ നിങ്ങളുടെ കണ്ണുകളിൽ ഹൃദയം പ്രതിഫലിക്കാറില്ല. അതു കൊണ്ടാകും വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകൾ എന്നോട് ഒന്നും സംവദിക്കാത്തത്. അവയ്ക്ക് സ്‌റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിന് മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്. മാധവിയും മമ്മൂട്ടിയുമുണ്ടെങ്കിൽ ഭൂമിയിൽ വേറെ അഴകെന്തിന് ഞാൻ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്.

കെ.ജി.ജോർജ്ജിന്റെ തന്നെ മേളയിലെ മോട്ടോർ സൈക്കിൾ അഭ്യാസിയായ വിജയൻ മമ്മൂട്ടിയുടെ നല്ലൊരു കഥാപാത്രമാണ്. കരിയിലക്കാറ്റുപോലെയിലെ സംവിധായകൻ ഹരികൃഷ്ണൻ, വിധേയനിലെ പട്ടേലർ, ശ്യാമപ്രസാദിന്റെ ഒരേ കടലിലെ നാഥൻ, ഭരതന്റെ കാതോടു കാതോരത്തിലെ ലൂയിസ്, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി നൊമ്പരത്തിപ്പൂവിലെ ഡോക്ടർ ഇവരാണ് എനിക്കേറെ പ്രിയപ്പെട്ട മറ്റു മമ്മൂട്ടി കഥാപാത്രങ്ങൾ.

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു... |എസ്. ശാരദക്കുട്ടി എഴുതുന്നു...
ലേഖനം പൂർണമായി ട്രൂകോപ്പി വെബ്‌സീൻ ആപ്പിൽ സൗജന്യമായി വായിക്കാം

Comments