സിനിമ, ബോഡി, ചോയ്‌സ്

കോവിഡിന്റെ പരിമിതികൾക്കുളിൽ നിന്നു നിർമ്മിച്ച സാമാന്യം മോശമല്ലാത്ത, തീരെ ലൈറ്റ് ആയ ഒരു സിനിമയ്ക്കുമേൽ സൈദ്ധാന്തികമായ ലേബലുകളും മാനങ്ങളും ചാർത്തി അതിനെ ഭാരപ്പെടുത്തുന്നത് ആ സിനിമയോട് ചെയ്യുന്ന അനീതിയാണ്.

സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉടലിനുമേലുള്ള അവളുടെ അവകാശത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാൻ "സാറാസ്' പോലെയുള്ള പുതിയ സിനിമകൾ കാരണമാകുന്നുണ്ട്. അതോടൊപ്പം സ്ത്രീകളുടെ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് മാതൃത്വവും കരിയറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടേണ്ടത് എങ്ങനെയാണ് എന്നുകൂടി പുനർവിചിന്തനം ചെയ്യാനും ഇതു പോലെയുള്ള സിനിമകൾ ഇടയാക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

പക്ഷേ കോവിഡിന്റെ പരിമിതികൾക്കുളിൽ നിന്നു നിർമ്മിച്ച സാമാന്യം മോശമല്ലാത്ത, തീരെ ലൈറ്റ് ആയ ഒരു സിനിമയ്ക്കുമേൽ സൈദ്ധാന്തികമായ ലേബലുകളും മാനങ്ങളും ചാർത്തി അതിനെ ഭാരപ്പെടുത്തുന്നത് ആ സിനിമയോട് ചെയ്യുന്ന അനീതിയാണ്. കാരണം വ്യക്തമായ സ്ത്രീപക്ഷ നിലപാടുകളോ പാട്രിയർക്കിയോടുള്ള കലഹമോ ആ സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. സ്ത്രീപക്ഷത്തു നിൽക്കുന്നു എന്ന് പറയുമ്പോഴും അതിൽ കാണുന്ന സ്ത്രീപക്ഷ വിചാരങ്ങളും നിലപാടുകളും പല വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും നിറഞ്ഞതാണ്. ഗർഭധാരണമാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സമെന്നു ചിന്തിച്ച കാലഘട്ടത്തിൽനിന്നൊക്കെ സ്ത്രീപക്ഷ ചിന്തകൾ എത്രയോ മുന്നോട്ടുപോയിരിക്കുന്നു. മാറിയ കാലത്തിനനുസരിച്ചും ജീവിതാവസ്ഥകൾക്കനുസരിച്ചും അവളുടെ വിഹ്വലതകളെയും വേദനകളെയും പ്രശ്‌നങ്ങളെയും കൂടുതൽ യാഥാർഥ്യബോധത്തോടെയും ഗൗരവത്തോടെയും സമീപിക്കാനും അടയാളപ്പെടുത്താനും സിനിമയ്ക്കും മറ്റു മാധ്യമങ്ങൾക്കും കഴിയണം എന്ന ഓർമപ്പെടുത്തൽ കൂടി നൽകുന്നുണ്ട്, ഈ സിനിമ.

സ്ത്രീയുടെ പ്രശ്‌നങ്ങൾ ഒരിക്കലും ഏകമാന സ്വഭാവമുള്ളവയല്ല. ഓരോ കാലങ്ങളിലും ഇടങ്ങളിലും അവ വ്യത്യസ്തതകളും വൈവിധ്യങ്ങളും നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും കാലികമായും വ്യതിരിക്തമായും അഡ്രസ് ചെയ്യപ്പെടേണ്ടവയാണ്. ആദ്യകാല ഫെമിനിസം വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും വിചാരണയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യാൻ കാരണം, അത് വൈറ്റ്/ യൂറോപ്യൻ സ്ത്രീയുടെ മോണോലിത്തിക് പാരഡൈമിൽ നിന്നു കൊണ്ട് ലോകത്തിലെ എല്ലാ സ്ത്രീകളുടെയും പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുകയും സാമാന്യവൽക്കരിക്കുകയും ചെയ്തു എന്നുള്ളതാണ്. അതിന്റെ ദാർശനികവും സൈദ്ധാന്തികവുമായ ലക്ഷ്യങ്ങളും ആദർശങ്ങളും പ്രസക്തമായിരുന്നെങ്കിലും, കേവല മാനവികതയിൽ നിന്ന് നിന്ന് അകന്നു പോവുകയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ഉള്ള സ്ത്രീകളെയും അവരുടെ ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളികളെയും സംബോധന ചെയ്യാൻ കഴിയാതെ പോകുകയും ചെയ്തു എന്നതായിരുന്നു അതിന്റെ ഏറ്റവും വലിയ പോരായ്മ.

മറ്റു സംസ്‌ക്കാരങ്ങളിലെയും വംശങ്ങളിലെയും ദേശങ്ങളിലെയും സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഉൾക്കൊള്ളാനും അതിനു സാധിച്ചില്ല. അതുകൊണ്ടാണ് വൈറ്റ്/ യൂറോപ്യൻ ഫെമിനിസം മുന്നോട്ടുവെച്ച സാമാന്യവൽകൃതമായ ഫെമിനിസ്റ്റ് രീതികളെ തള്ളിക്കളഞ്ഞുകൊണ്ട് ബ്ലാക്ക് ഫെമിനിസം, ലെസ്ബിയൻ ഫെമിനിസം പോലെയുള്ള പല ഫെമിനിസങ്ങൾ രൂപം കൊണ്ടത്.

ഗർഭധാരണത്തെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായി കണ്ട റുഡിമെന്ററി ഫെമിനിസത്തിന്റ്‌റെ തലത്തിൽനിന്ന് ഉയർന്നു, കുറേക്കൂടി യുക്തിസഹമായും യാഥാർത്ഥ്യബോധത്തോടെയും നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടു സ്ത്രീയുടെ മാതൃത്വവും തൊഴിലും തമ്മിലുള്ള ബന്ധത്തെയും അതിലുൾചേർന്നിരിക്കുന്ന സംഘർഷങ്ങളെയും കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. സ്ത്രീയുടെ ധൈര്യപൂർവ്വമുള്ള തെരഞ്ഞെടുപ്പിനെ(choice) ക്കുറിച്ചും ഉടലിനുമേലുള്ള അവകാശത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുന്ന സിനിമയാണ് "സാറാസ്' എന്ന് പറയുന്നുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ പാട്രിയാർക്കൽ ബോധ്യങ്ങളും യുക്തികളുമാണ് പലപ്പോഴും സിനിമയിൽ കടന്നുവരുന്നത്. മാതൃത്വം എന്ന തികച്ചും ജൈവികമായ യാഥാർത്ഥ്യത്തെ ഒരു സാമൂഹിക യഥാർത്ഥ്യവും നിർമ്മിതിയുമായി നിലനിർത്തിക്കൊണ്ടു തന്നെയാണ് സിനിമ മുന്നേറുന്നത് എന്നു തോന്നും. മനുഷ്യജീവിതത്തിന്റെ വളരെ സ്വാഭാവികവും കേവലവുമായ വിവിധ തലങ്ങളിൽ ഒന്നു മാത്രമായ മാതൃത്വത്തെ ഇത്രയധികം അമാനുഷവൽക്കരിച്ചത് (deified) പാട്രിയാർക്കൽ യുക്തിയാണ്. ബാക്കി എല്ലാ തലങ്ങളിലുമുള്ള ഇടപെടലുകളെയും സ്വത്വങ്ങളെയും പടിയടച്ചു പുറത്താക്കി, തന്റെ സർവ്വ ഊർജ്ജവും ശക്തിയും ബുദ്ധിയും അറിവും കഴിവുകളും വിചാരങ്ങളുമെല്ലാം അതിലേക്ക് മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നാണെന്ന പുരുഷകേന്ദ്രീകൃത യുക്തിയിൽ ആണ് ഓരോ സ്ത്രീയും നമ്മുടെ സമൂഹത്തിൽ മാതൃത്വത്തെ വിഭാവനം ചെയ്യുന്നതും നിലനിർത്തുന്നതും പുലർത്തുന്നതും.

അമ്മയായാൽ അവൾ മറ്റൊന്നിലും ഇടപെടാൻ പാടില്ല, മറ്റൊന്നിലും മനസ്സും ശരീരവും അർപ്പിക്കാൻ പാടില്ല, അത്രമാത്രം സ്‌പെഷ്യൽനസ് ഉള്ള ഒന്നാണ് മാതൃത്വം എന്നു പറഞ്ഞ് വീടിനകത്ത് സ്ത്രീയെ തളച്ചിടാനുള്ള പുരുഷന്റെ തന്ത്രമാണത്. അതിനിടയിൽ കഥയെഴുതാനോ പടം പിടിക്കാനോ സാമൂഹിക പ്രവർത്തനങ്ങൾ നടത്താനോ പാടില്ല എന്ന അലിഖിത നിയമത്തിനു അടിമയായിപ്പോകുമ്പോഴാണു സാറായെ പോലുള്ള സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ തൊഴിലും മാതൃത്വവും ഒരുമിച്ചു പോകാത്തവയാണെന്ന (ഐദർ ഓർ) തികച്ചും ബാലിശമായ ബോധ്യങ്ങളിലേക്ക് എത്തുന്നത്. അമ്മയായാൽ സംവിധായിക ആകാൻ പറ്റില്ല എന്ന യുക്തിക്ക് പിന്നിൽ ഈ പാട്രിയാർക്കൽ സങ്കല്പത്തിനോടുള്ള അടിമത്തം തന്നെയല്ലേ? സ്ത്രീശാക്തീകരണം എന്നാൽ കരിയറിലെ മികവ് മാത്രമാണെന്നതു വലിയ അബദ്ധധാരണയാണ്.

ഒന്നിലധികം മേഖലകളിൽ ഒരേ സമയം മികവുപുലർത്തുന്നവളാണ് ശക്തയായ സ്ത്രീ എന്നും അതാണ് അവളുടെ വിജയവും വ്യതിരിക്തതയും എന്ന് അവൾ സ്വയം തിരിച്ചറിയാതിരിക്കുന്നത് എന്തൊരു ദുരന്തമാണ്! മാതൃത്വത്തെ മഹത്വവൽക്കരിക്കുന്നതിലൂടെ സാമൂഹികവും സാംസ്‌ക്കാരികവും കലാപരവുമായ ഇടപെടലുകൾ അവൾക്കന്യമാക്കി വീടകങ്ങളിൽ തളച്ചിടാനുള്ള ഈ പാട്രിയാർക്കൽ തന്ത്രത്തിന് ഇരയായി പോകുമ്പോൾ നിസ്സഹായയായ ഒരു ദുരന്ത നായികയായി അവൾ മാറുന്നത് എങ്ങനെയെന്ന് സാറായുടെ അനുഭവം നമ്മെ കാണിച്ചു തരുന്നു. സിനിമ പിടിക്കാൻ ഭർത്താവിൽ നിന്നു ലഭിക്കുന്ന പിന്തുണയും പങ്കാളിത്തവും കുഞ്ഞിനെ വളർത്തുന്ന കാര്യത്തിലും നേടിയെടുക്കുവാനാണ് സാറ ശ്രമിക്കേണ്ടിയിരുന്നത്.

ഗീതുമോഹൻദാസ്, അഞ്ജലി മേനോൻ

വിവിധ മേഖലകളിൽ പ്രഗത്ഭരും പ്രശസ്തരുമായവരൊക്കെ അവരുടെ തൊഴിലിടങ്ങളിലും കർമ്മമേഖലകളിലുമെന്നപോലെ, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്യുന്നതിലും മികവ് പുലർത്തുന്നവരാണ്. രാഷ്ട്രീയ രംഗത്തും കായിക രംഗത്തും മാധ്യമ സാഹിത്യ മേഖലകളിലുമൊക്കെ എത്രയോ വ്യക്തികളെ നമുക്ക് കാണാനാവും.

കൈക്കുഞ്ഞുമായി യുഎൻ സമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി മുതൽ, കുഞ്ഞുങ്ങളുമായി സമരവേദിയിലെത്തുന്ന തൊഴിലാളി സ്ത്രീകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരൊക്കെയാണ് ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ. അല്ലാതെ സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനും നിരക്കാത്തതൊക്കെ വകഞ്ഞുമാറ്റി, എല്ലാ പ്രതിബന്ധങ്ങളെയും അകറ്റിനിർത്തി, ഏറ്റവും സുഗമവും സുരക്ഷിതവുമായ ഋജുവായ പാതയിലൂടെ മുന്നോട്ടു പോയി, വല്ലതുമൊക്കെ നേടിയെടുക്കുന്നവരല്ല ധീരരായ സ്ത്രീകൾ. മറിച്ച് ജീവിതത്തിൽ വരുന്ന പല തരത്തിലുള്ള അപ്രതീക്ഷിതമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും സംഘർഷങ്ങളെയും ഒക്കെ കരളുറപ്പോടെ നേരിട്ട് പ്രതികൂലങ്ങൾക്കെതിരെ പോരാടി വിജയം വരിക്കുന്നവരാണ് ശക്തരായ സ്ത്രീകൾ. അവർ സൗകര്യങ്ങളെയും പ്രതിബന്ധങ്ങളെയും മാറ്റിക്കിട്ടാൻ പുരുഷൻന്റെ ഔദാര്യം തേടാറില്ല.

സാറയ്ക്ക് കിട്ടിയതുപോലെ ഫൈവ് സ്റ്റാർഹോസ്പിറ്റലുകളുടെയും സെലിബ്രിറ്റി ഗൈനക്കോളജിസ്റ്റുകളുടെയും പരിചരണമോ ആധുനിക സുഖസൗകര്യങ്ങളോ ഗാർഹിക ജോലികളിൽ പുരുഷന്റെ പൂർണ്ണ പിന്തുണയോ ഒന്നുമില്ലാതെ അവർ ജീവിതത്തിന്റെ തേര് തെളിയിക്കുന്നു. അവരെ സംബന്ധിച്ച് പ്രസവം അല്ല ഏറ്റവും വലിയ പ്രതിബന്ധം. വേതനത്തിന്റെ കാര്യത്തിൽ, അവസരങ്ങളുടെയും സ്ഥാനക്കയറ്റത്തിന്റെയും കാര്യത്തിൽ, തീരുമാനങ്ങളുടെ കാര്യത്തിൽ ഒക്കെ തൊഴിലിടങ്ങളിൽ അനുഭവപ്പെടുന്ന ലിംഗപരമായ വിവേചനമാണ് അവരുടെ പ്രധാന വെല്ലുവിളി. സിനിമയിലും പത്രമാധ്യമങ്ങളിലുമൊക്കെ ഉയർന്ന സ്ഥാനങ്ങളിലും ഡിസിഷൻ മേക്കിങ്ങിലുമൊക്കെ സ്ത്രീകൾക്കു എവിടെയാണ് ഇടം ലഭിക്കുന്നത്? അഞ്ജലി മേനോനെയും ഗീതുമോഹൻദാസിനെയും പോലെയുള്ള വിരലിലെണ്ണാവുന്ന സ്ത്രീസംവിധായകരേ നമുക്കുള്ളൂ. സിനിമാലോകത്ത് തിരക്കഥ, ഗാനരചന, സംഗീതം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ് എന്നീ മേഖലകളിൽ എത്ര സ്ത്രീകളുണ്ട്? വാർത്താചാനലുകളിലും പത്രങ്ങളിലും എത്ര സ്ത്രീകൾ ന്യൂസ് എഡിറ്റർമാരായുണ്ട്? നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും തലപ്പത്ത് എത്രപേരുണ്ട്? സാക്ഷരതയിലും രാഷ്ട്രീയ അവബോധത്തിലും നമ്മോടൊപ്പമില്ലാത്ത പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടും ഇന്നും കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ? ഇവിടെയാണ് മാറ്റങ്ങൾ വരേണ്ടത്. ഈ മേഖലകളിലാണ് മികവു പുലർത്താൻ സ്ത്രീകൾക്ക് ആവശ്യമായ പിന്തുണയും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്നും അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത്. പ്രസവം വേണ്ടെന്നു വയ്ക്കുന്നതിലൂടെ മാത്രം അവൾക്ക് അർഹമായ അംഗീകാരങ്ങൾ കിട്ടണമെന്നില്ല, നേടേണ്ട നേട്ടങ്ങളിലേക്ക് അവൾക്ക്എത്താൻ കഴിയണമെന്നില്ല.

ശരീരത്തിനു മേൽ സ്ത്രീയ്ക്കുള്ള അവകാശം അടിവരയിട്ട് ഉറപ്പിക്കുന്ന സിനിമയാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെത്ര മാത്രം യുക്തിസഹമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിന്റെ പൂർണമായ അവകാശം തനിക്കുതന്നെയാണെന്ന് അസന്നിഗ്ദ്ധമായി ഉറപ്പിച്ചുകൊണ്ടും ഉറപ്പാക്കിക്കൊണ്ടുമാണ് സാറ വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് . എന്നിട്ടും ഗർഭിണിയായി പോകുന്നത് ആരുടെ കുറ്റം? പുരുഷന്റെയോ? താൻകൂടി പങ്കാളിയായ പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധത്തിൽ നിന്നുണ്ടായ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്ന തീരുമാനത്തിൽ വലിയ ധീരതയോ ശാക്തീകരണമോ ഉള്ളതായി തോന്നുന്നില്ല. കാമുകനോടൊപ്പം ജീവിക്കാൻ തടസ്സമാകുമെന്ന് കരുതി കുഞ്ഞുങ്ങളെ നശിപ്പിച്ചു കളയുന്ന സ്ത്രീകളുമായി ഈ നായികയ്ക്ക്എന്ത് വ്യത്യാസമാണുള്ളത്? തന്റെ ഇഷ്ടത്തിനു തടസമാകുമെന്നറിഞ്ഞപ്പോൾ അവളും അതേ പ്രവൃത്തി തന്നെയല്ലേ ചെയ്യുന്നത്? സ്വന്തം ജീവന്റെയും ശരീരത്തിന്റെയും മേൽ തനിക്ക് അവകാശമുണ്ടെന്ന് വാദിക്കുമ്പോൾ ആ അവകാശം ഗർഭപാത്രത്തിന് അകത്തുള്ള ജീവനും ബാധകമല്ലേ എന്ന ഒരു സംശയം സ്വാഭാവികമായും കാഴ്ചക്കാരനുണ്ടാകും.

സിനിമയയിൽ സാറയുടെ അച്ഛനായി വേഷമിട്ട ബെന്നി പി. നായരമ്പലം

ഈ സിനിമയിലെ കഥാപാത്രത്തിന്റെ ചോയ്‌സുകൾ മദർഹുഡും കരിയറും തമ്മിൽ ആകുന്നതെങ്ങനെ എന്നൊരു സംശയവും ന്യായമായും ഉയർന്നുവരാം. കുഞ്ഞുങ്ങൾ വേണ്ട എന്നതായിരുന്നു ശക്തമായ തീരുമാനമെങ്കിൽ വിവാഹം പോലെയുള്ള ഒരു സാമൂഹിക വ്യവസ്ഥയുടെ ഭാഗമാകാതിരിക്കാനുള്ള ബുദ്ധിയും ആർജ്ജവവും നായിക കാണിക്കണമായിരുന്നു. ഹെട്രോസെക്ഷ്വാലിറ്റിയിൽ അധിഷ്ഠിതമായ സ്ഥാപന വൽകൃതമായ ഒരു വിവാഹബന്ധത്തിൽ ഏർപ്പെടാതെ ഒറ്റയ്ക്ക് നിൽക്കുകയോ, ഗർഭധാരണം സംഭവിക്കാൻ സാധ്യത ഇല്ലാത്ത മറ്റു ബന്ധങ്ങളിൽ ഏർപ്പെടുകയോ ചെയ്യാമായിരുന്നു. വിവാഹം തെരഞ്ഞെടുത്ത തിനു ശേഷവും സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാനുള്ള ചോയ്‌സ് അവൾക്ക് ഉണ്ടായിരുന്നു. ഇത്രയധികം ചോയ്‌സുകൾ ഉണ്ടായിരുന്നിട്ടും അതൊന്നും തെരഞ്ഞെടുക്കാതെ കരിയറിൽ ഒരു നേട്ടം ഉണ്ടെന്ന് കണ്ടപ്പോൾ ഗർഭം വേണ്ടെന്ന് വയ്ക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്?

ശരീരത്തിനു മേലുള്ള അവകാശം പൂർണമായി ഉറപ്പിച്ചു കിട്ടിയ ഒരു സ്ത്രീയുടെ ജീവിതത്തിൽ അത് പ്രസക്തമല്ലാത്ത ഒരു ചോയ്‌സായി മാറുന്നു. മാത്രമല്ല, ഒരിക്കൽപോലും പാട്രിയാർക്കൽ ഹെജിമണിക്ക് അവൾ ഇരയായിട്ടില്ല, അത്തരം ഫോഴ്‌സുകൾ അവൾക്കെതിരെ വന്നിട്ടില്ല. അതിനെതിരെ അവൾ ഒരു കലഹവും ചെറുത്തുനിൽപ്പും നടത്തിയിട്ടുമില്ല. അവൾ "ധീരമായ' തീരുമാനം എടുക്കുന്നതു പോലും രണ്ടു പുരുഷന്മാരുടെ (അച്ഛന്റെയും ഡോക്ടറുടെയും) പിന്തുണയോടു കൂടി മാത്രമാണ്. അങ്ങനെയുള്ള ഒരാളുടെ അവകാശത്തേക്കാളും സ്വാതന്ത്ര്യത്തേക്കാളുമൊക്കെ പ്രസക്തം, വിവാഹത്തിനു മുൻപും ശേഷവും അതിനപ്പുറവും സ്വന്തം ശരീരത്തിനുമേൽ യാതൊരു അധികാരവുമില്ലാത്ത, ചോയ്‌സുകളില്ലാത്ത, നിലനിൽപ്പുo അതിജീവനവും പോലും നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങളും സ്വതന്ത്ര്യവുമാണ് . ഇങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങളെക്കൂടി നമ്മുടെ സിനിമകൾ അടയാളപ്പെടുത്തേണ്ടതുണ്ട്.

മധ്യവർത്തി സമൂഹത്തിലെ പ്രിവിലെജ്ഡ് ക്ലാസിൽ പെടാത്തവർ, പ്രായം എത്തുന്നതിനു മുൻപേ അമ്മമാരാകേണ്ടി വരുന്നവർ, വീടിനകത്തും പുറത്തും ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നവർ, സ്വന്തം ശരീരത്തെ വിറ്റ് ജീവിക്കാൻ വിധിക്കപ്പെട്ടവർ, തൊഴിലിടങ്ങളിലെ ചൂഷണം സഹിച്ച് കഴിയുന്ന നിസ്സഹായരായ സ്ത്രീകൾ, സ്ത്രീയായതുകൊണ്ടു മാത്രം അവസരങ്ങളും സ്ഥാനക്കയറ്റങ്ങളും നിഷേധിക്കപ്പെടുന്നവർ. ഇവരുടെയൊക്കെ പ്രശ്‌നങ്ങളെയാണ് നമ്മുടെ സിനിമകൾ സംബോധന ചെയ്യേണ്ടത്.

സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, അന്നാ ബെൻ

അതുകൊണ്ട് വളരെ പ്രായോഗികമായി യാഥാർത്ഥ്യബോധത്തോടെ തൊഴിലും മാതൃത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ഈ സിനിമ സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ധീരമായ, ശക്തമായ ഒരു അടയാളപ്പെടുത്തലായി തോന്നുന്നില്ല. മറിച്ച് ഗർഭധാരണത്തെക്കുറിച്ച് അമിതമായ ഭയം പുലർത്തുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥയെ കുറിച്ചും അത് തരണംചെയ്യാൻ അവൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുമുള്ള ഒരു കേസ് സ്റ്റഡി ആയി മാത്രം കാണുന്നതായിരിക്കും നല്ലത്. സിനിമാ സംവിധാനത്തിലേയ്‌ക്കൊക്കെ വരുന്നതിന് മുമ്പേതന്നെ ബോയ്ഫ്രണ്ടുമായുള്ള സംഭാഷണത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിനെക്കുറിച്ചുള്ള പരാമർശം കടന്നുവരുമ്പോൾ അവൾ ഞെട്ടുകയും "എനിക്ക് പ്രസവിക്കേണ്ട' എന്ന് അലറുകയും ചെയ്യുന്നുണ്ട്. പിന്നീട് ഗർഭിണിയായതായി ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുന്നുമുണ്ട്. ഇത് കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും പല സ്ത്രീകളും അനുഭവിക്കുന്ന മാനസിക പ്രശ്‌നമാണ്. ടോക്കോ ഫോബിയ എന്ന് മനഃശാസ്ത്രജ്ഞർ വിളിക്കുന്ന ഈ ഭയം അവരെ തീവ്രമായി വേട്ടയാടുകയും അത് വിവാഹത്തെയും ഗർഭധാരണത്തെയും വേണ്ടെന്നുവയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പലരും ആവശ്യമായ സൈക്കളോജിക്കൽ തെറാപ്പിയും കൗൺസിലിംഗുമൊക്കെ നടത്തി അതിൽനിന്ന് മുക്തരായതിനുശേഷം വിവാഹിതരാകുന്നു. അല്ലെങ്കിൽ വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുന്നു.

പക്ഷെ, സാറ അതിനൊന്നും മുതിരാതെ, പുരുഷനെ പറഞ്ഞു സമ്മതിപ്പിച്ചു വിവാഹത്തിലേക്ക് പ്രവേശിക്കുന്നു. ഒടുവിൽ പ്രസവത്തിൽ നിന്നും രക്ഷപ്പെടാനായി അവൾ കണ്ടെത്തുന്ന ന്യായീകരണമായി മാത്രം ഈ ചോയ്‌സിനെ കണ്ടുകൂടേ?

കരിയർമാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തെ വിജയകരവും സന്തോഷകരവുമാക്കുന്നത്. അതിൽനിന്നു ലഭിക്കുന്നതുപോലെയുള്ള ആനന്ദം കുഞ്ഞുങ്ങളെ വളർത്തുന്നതിലൂടെയും അവരുമായുള്ള ഇടപെടലുകളിലൂടെയും അവൾക്കു ലഭിക്കുന്നുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമായിരിക്കാം. പക്ഷെ, ഒരർത്ഥത്തിൽ അത് അവളുടെ വ്യക്തിപരമായ ഒരു നേട്ടം മാത്രമാണ്. സമൂഹത്തിന് അതൊരു മികച്ചസംഭാവനയായി മാറിക്കൂടെന്നില്ല. പക്ഷേ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, സ്ത്രീക്ക് ആദരവും ബഹുമാനവും നൽകുന്ന, ഇഗാലിറ്റേറിയൻ കാഴ്ചപ്പാടുകൾ പുലർത്തുന്ന വ്യക്തികളായി അവരെ വളർത്തിയെടുക്കുമ്പോൾ, ഭാവിയിൽ എത്രയോ സ്ത്രീകളുടെ വളർച്ചയ്ക്കും മികവിനും ആണ് അവൾ കാരണമായിത്തീരുന്നത്.

ലിംഗപരമായ വിവേചനങ്ങൾക്ക് അതീതമായ കാഴ്ചപ്പാടുള്ള ഒരു തലമുറയെ വളർത്തിയെടുത്താൽ എത്രയോ തലമുറകളിലെ സ്ത്രീകളുടെ ജീവിതം സ്വതന്ത്രവും ധന്യവുമാകും! മികവും പ്രതിഭയും ഉള്ള, സ്ത്രീകളൊക്കെ കുഞ്ഞുങ്ങളെ വേണ്ടെന്നു വച്ചാൽ സമൂഹത്തിനാണ് നഷ്ടം. സിനിമ പിടിക്കുന്നതിലൂടെയോ നോവലെഴുതുന്നതിലൂടെയോ മാത്രമല്ല ഒരു സ്ത്രീ അവളുടെ കയ്യൊപ്പ് ചാർത്തുന്നതും, ജീവിതം അടയാളപ്പെടുത്തുന്നതും. തന്റെ സ്വാതന്ത്ര്യവും അവകാശവും അധികാരവും ഗാർഹികവും ഗാർഹികേതരവുമായ ഇടങ്ങളിലൊക്കെ ഉറപ്പാക്കിക്കൊണ്ട്, സ്വയം ആദരിക്കുന്ന മറ്റുള്ളവരാൽ ആദരിക്കപ്പെടുന്ന, തന്നെപ്പോലെയുള്ള ഇനിയും പിറക്കാനിരിക്കുന്ന ഒരുപാട് സ്ത്രീകൾക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുവാൻ അവൾക്ക് കഴിയുമ്പോഴാണ്. ഇങ്ങനെയുള്ള പെൺവിചാരങ്ങളും ദൃശ്യഭാഷയും സ്‌ക്രീനുകളിൽ നിറയുന്ന നാളുകൾ വരാതിരിക്കില്ല.


ഡോ. മിലൻ ഫ്രാൻസ്​

കവി, ​പ്രഭാഷക, എഴുത്തുകാരി. ആലുവ സെൻറ്​ സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച് ഗൈഡ്​. നക്ഷത്രങ്ങളുണ്ടാകുന്നത്, മിലൻ ഫ്രാൻസിന്റെ പുതിയ കവിതകൾ, കാഴ്ചവട്ടം, The Legends of Khasak: A Postcolonial Study എന്നീ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments