ലോക സിനിമ കണ്ടും അതിനെ കുറിച്ച് വായിച്ചുമുള്ള അനുഭവ ജ്ഞാനമല്ലാതെ സിനിമയിൽ ഔപചാരികമായി പരിശീലനമോ പ്രായോഗിക പരിചയമോ ഇല്ലാത്ത സത്യജിത് റായ് അദ്ദേഹത്തിന്റെ ആദ്യചിത്രമായ പഥേർ പാഞ്ചലിയിലൂടെ ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര കലാകാരന്മാരിൽ ഒരാളായി മാറിയത് സിനിമാചരിത്രത്തിൽ ഏറെ സമാനതകളില്ലാത്ത അത്ഭുതകരമായ ഒരു സംഭവമായിരുന്നു.
ടാഗോറിന്റെയും ബങ്കിംചന്ദ്രന്റെയും ബിഭൂതിഭൂഷണിന്റെയും താരാശങ്കർ ബാനർജിയുടെയും മറ്റുംസാഹിത്യകൃതികളിൽ താല്പര്യം എടുക്കുകയും ശാന്തിനികേതനിൽ കല അഭ്യസിക്കുകയും ചെയ്ത റായ് ജനനം കൊണ്ടും പൈതൃകം കൊണ്ടും ബംഗാളി മധ്യവർഗത്തിന്റെ പരമ്പരാഗതമായ സാംസ്‌കാരിക മൂലധനം ഉൾക്കൊണ്ട മനുഷ്യനായിരുന്നു. ഇന്ത്യൻ സിനിമയുടെ അക്കാലത്തെ അതിഭാവുകത്വവും നാടകീയതയും അവിശ്വസനീയമായ ചിത്രീകരണ ശൈലികളും കൈവെടിഞ്ഞ് സ്വന്തമായ ആവിഷ്‌കരണ ശൈലിയും മൗലികമായ പ്രമേയ പരിചരണവും ചലച്ചിത്രത്തിൽ വികസിപ്പിച്ചെടുത്ത ഒരു കലാകാരനായിരുന്നു അദ്ദേഹം.
ബംഗാളി ഇതിവൃത്തങ്ങൾ ഉപയോഗിച്ച് സിനിമ ചെയ്യുമ്പോഴും കാലാതീതമായും സ്ഥലാതീതമായും മാനുഷികതയെ ആവിഷ്‌കരിക്കുന്ന ഒരു കവിയായി, എക്കാലത്തും നിലനിൽക്കാവുന്ന ഭാവഗീത സമാനമായ ചലച്ചിത്രരചനകൾ സമ്മാനിച്ച ഒരു പ്രതിഭാശാലിയാണ് റായ്. സിനിമയിൽ റിയലിസത്തിന്റെ പാരമ്പര്യമാണ് സത്യജിത്‌റായി ഉയർത്തിപ്പിടിച്ചത്. ഇറ്റലിയിലെ നിയോറിയലിസത്തിന്റെ, പ്രത്യേകിച്ചും ഡിസീക്കയുടെയും റോസലിനിയുടെയും, സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ ചലച്ചിത്രകാരന്മാർ മാതൃകയാക്കേണ്ടത് ‘ഡിസ്സീക്കയെ ആണ്, ഡിമില്ലിയെ അല്ല' എന്ന പ്രസിദ്ധമായ അദ്ദേഹത്തിന്റെ വാക്യം ഇതിനുദാഹരണമാണ്.
ഫ്രഞ്ച് സിനിമയിലെ സവിശേഷമായ റിയലിസ്റ്റ് ശൈലിയുടെ ഉപജ്ഞാതാവായിരുന്ന ഷാങ്ങ് റെന്വാ (ലാ ഗ്രാൻഡ് ഇല്ലുഷൻ, റൂൾസ് ഓഫ് ദി ഗെയിം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ) ദി റിവർ എന്ന സിനിമ ചിത്രീകരിക്കുവാൻ കൽക്കത്തയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം നേരിട്ടുതന്നെ ഉൾക്കൊള്ളാൻ റായ്ക്ക്കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി സിനിമയിലെ സവിശേഷ ശബ്ദവും ആദ്യ മാതൃകയുമായിരുന്ന ഫ്‌ളാഹർട്ടിയും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.
എന്നാൽ, പൗരസ്ത്യവും പാശ്ചാത്യവുമായ ഘടകങ്ങൾ സമഞ്ജസമായി സമ്മേളിക്കുന്ന സ്വതന്ത്ര ആവിഷ്‌കരണ ശൈലി വികസിപ്പിച്ചെടുത്തു എന്നതു കൂടിയാണ് റായ് ചിത്രങ്ങളുടെ സവിശേഷത. പാശ്ചാത്യ നിരൂപകരും സിനിമാപ്രേമികളും ആദ്യം പഥേർ പാഞ്ചലി കണ്ടപ്പോൾ അത് നാനൂക് ഓഫ് ദി നോർത്തിന് സമാനമായ ഡോക്യുമെന്ററി സിനിമയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഒരു ഇന്ത്യൻ ഗ്രാമത്തിലെ ദാരിദ്ര്യത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് പഥേർ പാഞ്ചലിയിലുള്ളത് എന്നവർ വിചാരിച്ചു; നിശ്ചിതമായ ഒരു കഥയുണ്ട് എന്ന് തോന്നിക്കാത്ത, ജീവിക്കുകയാണെന്നല്ലാതെ അഭിനയിക്കുകയാണെന്ന് തോന്നിക്കാത്ത കഥാപാത്രങ്ങളുള്ള പ്രസ്തുത ചിത്രം, ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചലി എന്ന നോവലിനെ ആസ്പദമാക്കിയുള്ള രചനയാണ് എന്നും നാടകത്തിലും മറ്റും അഭിനയിച്ചു മുൻപരിചയമുള്ള അഭിനേതാക്കളാണ് അവരിൽ പലരും എന്നും അവർക്ക് മനസ്സിലായത് പിന്നീടു മാത്രമാണ്. ഇന്ത്യയുടെ, ബംഗാളിന്റെ, ഏറെ വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലം സ്വാഭാവികമായും പടിഞ്ഞാറൻ പ്രേക്ഷകർക്ക് അതിന്റെ സൂക്ഷ്മതയിൽ ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴും അതിന്റെ സാർവലൗകികമായ മാനുഷിക തലം അവർക്ക് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടാണ് പഥേർ പാഞ്ചലിക്ക് 1956ൽ കാൻ ചലച്ചിത്രമേളയിൽ ‘ഏറ്റവും മികച്ച മാനുഷിക രേഖ'യ്ക്കുള്ള ബഹുമതി ലഭിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിശ്ചിന്തിപ്പൂർ എന്ന ബംഗാളി ഗ്രാമത്തിൽ ജീവിക്കുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ ജീവിതമാണ് അതിൽ ചിത്രീകരിച്ചത്. പക്ഷേ, അത് സ്വാഭാവികവും കാലാതീതവുമായ രീതിയിൽ ചെയ്തു എന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. പഥേർ പാഞ്ചലിയോ അപുത്രയമോ മാത്രമല്ല, അപൂർവ്വം ചില ഫാന്റസികൾ ഒഴികെ സത്യജിത് റായുടെ രചനകൾ ഓരോന്നും യാഥാർഥ്യത്തെ സത്യസന്ധമായി ആവിഷ്‌കരിക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങളാണെന്നു കാണാം. കലയുടെ സൗന്ദര്യാത്മകതയുടെ കടുത്ത നിഷ്‌കർഷകൾ അദ്ദേഹത്തിന് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. വളരെ ലളിതമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ആവിഷ്‌ക്കാരങ്ങൾ വ്യംഗ്യഭംഗി കൊണ്ടും അവയിൽ ഉൾച്ചേർന്ന സൂചനകൾ കൊണ്ടും ആഴത്തിലുള്ള ജീവിത നിരീക്ഷണം കൊണ്ടും വളരെ സങ്കീർണവും അർത്ഥസമ്പുഷ്ടവും ആണ് എന്ന് പഠിതാക്കൾക്ക് ബോധ്യപ്പെടും. എന്നാൽ സിനിമയിൽ യാഥാർത്ഥ്യത്തിന്റെ പ്രാധാന്യം എക്കാലത്തും അദ്ദേഹം ഉയർത്തിപ്പിടിച്ചു.
"‘ഗൗരവമുള്ള ഒരു ചലച്ചിത്ര രചയിതാവിന് ചുറ്റുമുള്ള ഇന്ത്യൻ യാഥാർഥ്യത്തിനുനേരെ തീക്ഷണവും സിനിമയിലൂടെ അടിയന്തരമായി വ്യാഖ്യാനിക്കപ്പെടെണ്ടതുമായ യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കാൻ കഴിയുമോ? ഇല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്... സമകാലിക യാഥാർത്ഥ്യത്തിന്റെ വെല്ലുവിളി അയാൾ (സംവിധായകൻ) നേരിടണം; വസ്തുതകൾ പരിശോധിക്കണം; അവയിലേക്ക് ഇറങ്ങി ചെല്ലണം; സിനിമയാക്കി മാറ്റേണ്ട അംശങ്ങൾ തിരഞ്ഞെടുക്കണം. എളിയ രീതിയിൽ ഞാൻ ചെയ്യാൻ ശ്രമിച്ചത് ഇതായിരുന്നു.'' ‘‘ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഒരു ക്യാമറ നിങ്ങൾക്കുണ്ടെങ്കിൽ ഒരു മഹത്തായ രചന നടത്താൻ ഭാവന മാത്രമാണ് പിന്നെ വേണ്ടത്'' എന്നും റായ് നിരീക്ഷിക്കുന്നു.
നിയോറിയലിസത്തിന്റെ കാച്ചിക്കുറുക്കിയ സത്തായ ബൈസിക്കിൾ തീവ്‌സി നെക്കുറിച്ച് റായ് നടത്തുന്ന നിരീക്ഷണം സിനിമയോട് മൊത്തത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം വെളിപ്പെടുത്തുന്നുണ്ട്: ബൈസിക്കിൾ തീവ്‌സ് സിനിമയുടെ മൗലിക സവിശേഷതകളുടെ വിജയകരമായ ഒരു പുനരാനയനമാണ്. അതിലെ പ്രമേയത്തിന്റെ സാർവ്വലൗകികത, ഫലപ്രദമായ പരിചരണം, ചെലവു കുറഞ്ഞ നിർമ്മാണം ഇതൊക്കെ പഠനാർഹമാണ്. സാങ്കേതികതയെ അന്ധമായി ആരാധിക്കുന്നത് യഥാർത്ഥ പ്രചോദനം ഇല്ലാത്ത സംവിധായകരാണ്. മികച്ച പ്രചോദനം ലഭിക്കേണ്ടത് ജീവിതത്തിൽ നിന്നാണ്. സാങ്കേതിക മികവ് എത്രയുണ്ടായാലും അതു പ്രമേയത്തിന്റെകൃത്രിമത്വത്തിനും പരിചരണത്തിലെ സത്യസന്ധതയില്ലായ്മയ്ക്കും പരിഹാരമാവില്ല. ജീവിതത്തെയാണ്, യാഥാർത്ഥ്യത്തെ ആണ്, നാം നേരിടേണ്ടത്.
ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചലി എന്ന നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് 1929ലാണ് . ഇതിനകം ക്ലാസിക് ആയി ജനപ്രീതിയാർജ്ജിച്ചിരുന്ന നോവൽ കുട്ടികൾക്കുവേണ്ടി ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള ദൗത്യം റായ്ക്ക് ലഭിച്ചപ്പോഴാണ് ആ നോവൽ ചലച്ചിത്രമാക്കാനുള്ള സാധ്യത അദ്ദേഹത്തിന് ശക്തമായി ബോധ്യപ്പെടുന്നത്.
നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് നോട്ടുകൾ തയ്യാറാക്കുകയും സ്‌കെച്ചുകൾ വരക്കുകയും ചെയ്തശേഷം അദ്ദേഹം പിന്നീട് ബിഭൂതിഭൂഷന്റെ ഭാര്യയെ സമീപിച്ച് അത് സിനിമയാക്കാനുള്ള അവകാശം വാങ്ങിയെടുത്തു. എന്നാൽ, റായ് സമീപിച്ച സിനിമാ നിർമാതാക്കൾ സിനിമയിൽ മുൻപരിചയമില്ലാത്ത ഒരു സംവിധായകനെ സഹായിക്കാൻ വിമുഖരായിരുന്നു. പ്രസ്തുത സിനിമ പുതുമുഖങ്ങളെ വെച്ച് യഥാർത്ഥ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യാനുള്ള ആഗ്രഹം കൂടി പ്രകടിപ്പിച്ചപ്പോൾ റായ്ക്ക് നിർമ്മാതാവിനെ ലഭിക്കാത്ത അവസ്ഥയുണ്ടായി. എങ്കിലും വിട്ടുവീഴ്ചക്ക് മുതിരാതെ, സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും മറ്റും ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 1952 തൊട്ട് ഷൂട്ടിംഗ് തുടങ്ങിയിരുന്നു; പക്ഷേ, പരിമിതമായ സാങ്കേതിക സൗകര്യങ്ങളും സാമ്പത്തിക പരാധീനതകളും ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. നാടകത്തിലും മറ്റും അഭിനയിച്ചു പരിചയമുള്ള അഭിനേതാക്കളെ കണ്ടെത്തിയെങ്കിലും ഷൂട്ടിംഗ് പിന്നെയും നീണ്ടു. ഇതിനിടയിലാണ് കൽക്കത്തയിലെത്തിയ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഡയറക്ടർ ഓഫ് എക്‌സിബിഷൻ ആയ മൺറോ വീലർ പഥേർ പാഞ്ചലിയുടെ ചില സ്റ്റിൽ ചിത്രങ്ങൾ കണ്ട് അത് ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചിത്രം എത്രയും വേഗം പൂർത്തിയാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്. ബംഗാൾ മുഖ്യമന്ത്രി ബി.സി റോയ് ചിത്രം ഡോക്യുമെന്ററി ആണെന്ന് ധരിച്ച് അതിന് സർക്കാരിന്റെ ധനസഹായം നൽകാൻ തയ്യാറായി.
ഒടുവിൽ, 1955ൽ, എല്ലാ പ്രയാസങ്ങളും സഹിച്ച് സിനിമ പൂർത്തിയാക്കി. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന സുബ്രതോ മിത്ര ആയിരുന്നു സിനിമയിൽ മുൻ പരിചയം ഇല്ലെങ്കിലും ക്യാമറ കൈകാര്യം ചെയ്തത്. അന്ന് അത്ര പ്രശസ്തനായി കഴിഞ്ഞിട്ടില്ലായിരുന്ന സിത്താർ വിദ്വാൻ പണ്ഡിറ്റ് രവിശങ്കറാണ് സംഗീതം നൽകിയത്. ആർട്ട് ഡയറക്ടർ പരിചയസമ്പന്നനായ ബൻസി ചന്ദ്രഗുപ്ത ആയിരുന്നു. കനു ബാനർജി, കരുണാ ബാനർജി, ഉമാ ദാസ് ഗുപ്ത, ചുനിബാല ദേവി എന്നീ അഭിനേതാക്കളാണ് യഥാക്രമം ഹരിഹർ, സർബജയ, ദുർഗ, ഇന്ദിർ താക്രുൺ എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചത്. സുബീർ ബാനർജി എന്ന പയ്യനാണ് അപുവിനെ അവതരിപ്പിച്ചത്. ചിത്രം പരക്കെ സ്വീകരിക്കപ്പെട്ടു. മൗലികത കൊണ്ടും കലാപരമായ മികവുകൊണ്ടും അത് ഇന്ത്യൻ സിനിമയിലെ തന്നെ വഴിത്തിരിവായി മാറി. കാൻ ഫെസ്റ്റിവലിലും മറ്റും അവാർഡ് ലഭിച്ചതോടെ റായുടെ രചന ലോകപ്രശസ്തമായി. തുടർന്നങ്ങോട്ട് ചലച്ചിത്രരംഗത്തെ സത്യജിത് റായ് എന്ന ബഹുമുഖ പ്രതിഭാശാലിയുടെ സംഭാവനകൾ സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്.
പഥേർ പാഞ്ചലി (1955), അപരാജിതോ (1956), പരസ്പത്ഥർ (1958), ജൽസാഘർ (1958), അപുർ സൻസാർ (1959), ദേവി (1960), തീൻ കന്യ (1961), കാഞ്ചൻജംഗ (1962), അഭിജാൻ (1962), മഹാനഗർ (1963), ചാരുലത (1964), കാപുരുഷ് ഒ മഹാപുരുഷ് (1965), നായക് (1966), ചിഡിയാ ഖാന (1967), ഗോപീ ഗായെൻ ബഖാ ബായെൻ (1968), അരണ്യേർ ദിൻ രാത്രി (1969), പ്രതിദ്വന്ദി (1970), സീമാ ബദ്ധ (1971), അഷാ നി സങ്കേത് (1973), സോനാർ കെല്ല (1974), ജന ആരണ്യ (1975), ശത്രഞ്ജ് കെ ഖിലാഡി (1977), ജയ് ബാബാ ഫേലുനാഥ് (1978), ഹീരക് രാജാർ ദേശേ (1980), സദ്ഗതി (1981), ഘരെ ബൈരേ (1984), ഗണശത്രു (1989), ശാഖ പ്രശാഖ ( 1990), ആഗന്തുക് (1991) എന്നിവയാണ് അദ്ദേഹത്തിന്റെ ഫീച്ചർ ഫിലിമുകൾ.
രബീന്ദ്രനാഥ ടാഗോർ (1961), ടു (1964 ), സിക്കിം (1971) , ദി ഇന്നർ ഐ (1972), ബാല (1976), പിക്കു (1980), സുകുമാർ റായ് (1987) എന്നിവയാണ് ഡോക്യുമെന്ററി/ ഹ്രസ്വ ചിത്രങ്ങൾ. കൂടാതെ ഇരുപതോളം അന്യ ചിത്രങ്ങൾക്ക് തിരക്കഥയോ സംഗീതമോ രണ്ടുമോ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതെല്ലാം ചലച്ചിത്ര സംബന്ധിയായ രചനകൾ. ഇവയ്ക്കു പുറമെ കഥകൾ, പുസ്തക കവറുകൾ, ചിത്രകഥകൾ, ഗ്രാഫിക് നോവലുകൾ എന്നിങ്ങനെ വേറെ അനേകം സർഗ്ഗാത്മക രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. സമർപ്പണ ബോധത്തോടെയുള്ള ജീവിതാവിഷ്‌കരണമാണ് സിനിമയിൽ റായി നടത്തുന്നത്. ‘‘യാഥാർത്ഥ്യം ആവിഷ്‌കരിക്കുമ്പോൾ അതിൽ സ്വാഭാവികത മാത്രം പോരാ, കലയും ഉണ്ടായിരിക്കണമെന്നത് റായ്ക്ക് നിർബന്ധമായിരുന്നു. സ്വാഭാവികതയും കലയും തമ്മിൽ ശരിയായ ഒരു സന്തുലനം ലഭിക്കുമ്പോഴാണ് അത് ജീവിതം തന്നെയാണെന്നുള്ള തോന്നലുളവാക്കുന്നത്. ഒരു ഗാർഹിക രംഗം അതേപടി ചിത്രീകരിച്ചാൽ അത് കല ആവില്ല. നിങ്ങളെ സ്വാഭാവികമോ യഥാർത്ഥമോ ആയിരിക്കെ തന്നെ കലാപരം കൂടി ആകാൻ വെല്ലുവിളിക്കുന്ന ഒരു മാധ്യമം സിനിമ മാത്രമാണ്. അതിനകത്തെ സർഗ്ഗാത്മകത ചിത്രസംയോജനത്തിലാണ്'' - റായ് പറയുന്നു.
‘പുതിയ സിനിമയും ഞാനും’ എന്ന പ്രബന്ധത്തിൽ റായ് പറയുന്നു: ‘‘സിനിമയിൽ ഒരു കഥയ്ക്ക് ജൈവികമായ നൈരന്തര്യവും മനുഷ്യ ബന്ധങ്ങളെ കുറിച്ചും പെരുമാറ്റങ്ങളെ കുറിച്ചുമുള്ള വിശദവും സത്യസന്ധവുമായ നിരീക്ഷണങ്ങളും ദൃശ്യപരമായും ശ്രാവ്യപരമായും വൈകാരികമായും ഉള്ള താല്പര്യം നിലനിർത്തലും എല്ലാം ആവശ്യമാണ്. വരുതിയിലുള്ള മാനുഷിക സാങ്കേതിക വിഭവങ്ങളുടെ വിവേകപൂർവ്വമായ വിനിയോഗം ആവശ്യമാണ്. ആവർത്തിച്ചു പഴകിയ മാതൃകകളും പതിവുസന്ദർഭങ്ങളും ഒഴിവാക്കേണ്ടതുണ്ട്.’’
റായി ചിത്രങ്ങളിൽ മുഴുവൻ കാണാവുന്നത് ഈ ഒരു സമീപനമാണ്.
പഥേർ പാഞ്ചലി: തിരിച്ചറിവുകളുടെ നിരവധി ഫ്രെയ്മുകൾ
ബംഗാളിലെ നിശ്ചിന്തിപ്പൂർ എന്ന കുഗ്രാമത്തിൽ 1920 കളിൽ താമസിക്കുന്ന ഒരു ദരിദ്ര കുടുംബത്തെക്കുറിച്ചാണ് പഥേർ പാഞ്ചലി. ബ്രാഹ്മണനായ പുരോഹിതനും സ്വപ്നജീവിയായ കവിയുമാണ് ഹരിഹർ എന്ന കുടുംബനാഥൻ. ഭാര്യ സർബജയ, മകൾ ദുർഗ, അകന്ന അമ്മാവി, ‘പിഷി' എന്ന് കുട്ടികൾ വിളിക്കുന്ന ഇന്ദിർ താക്രുൺ എന്ന വൃദ്ധ -ഇവരാണ് ഇടിഞ്ഞു പൊളിയാറായ വീട്ടിലെ താമസക്കാർ. ഹരിഹർ മിക്കപ്പോഴും ജോലിക്കായി അകലെയാവും. വളരെ അരിഷ്ടിച്ചു കഴിയവേയാണ് അപു ജനിക്കുന്നത്. ദുർഗ, അപു എന്നീ രണ്ടു കുസൃതിക്കുട്ടികളും അവർ തമ്മിലുള്ള പരസ്പര സ്‌നേഹവും വഴക്കുകളും കളികളും എല്ലാം ചേർന്ന് ജീവിതം സന്തോഷകരമായി മുന്നോട്ട് നീങ്ങുന്നു. വാങ്ങാൻ കഴിയില്ലെങ്കിലും പലഹാരക്കാരനെ പിന്തുടരലും ഒന്നിച്ച് കളിയും തീവണ്ടി കാണാനുള്ള പോക്കും മഴയത്ത് നനഞ്ഞുള്ള കുളിയും എല്ലാം അവരെ സജീവമാക്കുന്നു.
ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ആഴത്തിൽ അനുകമ്പാപൂർവം കടന്നു ചെല്ലുകയും ആ കാഴ്ചകൾ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന സമീപനമാണ് റായ് ചിത്രങ്ങളിൽ കാണാൻ കഴിയുക.
സമ്പന്ന ബന്ധുക്കൾ താമസിക്കുന്ന തൊട്ടടുത്ത പറമ്പിൽ നിന്ന് ദുർഗ്ഗ ഇടക്കിടെ പഴങ്ങൾ മോഷ്ടിക്കുന്നത് അവളുടെ അമ്മയ്ക്ക് വല്ലാത്ത ശല്യമാവുന്നുണ്ട്. ഇടയ്ക്ക് പിഷി മരിക്കുന്നു. പിന്നീട്, കാറ്റും മഴയും താണ്ഡവമാടിയ ഒരു രാത്രിയിൽ ദുർഗ്ഗയും പനി ബാധിച്ച് മരിക്കുന്നു. ദൂരെയായിരുന്ന ഹരിഹർ ഇതൊന്നുമറിയാതെ മടങ്ങിവരുന്നു. ഓരോരുത്തരുടെയും പരിമിതമായ സ്വപ്നങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ തകർന്നടിഞ്ഞ ആ വീടുപേക്ഷിച്ച്, ഒരു പുതിയ ജീവിതം തേടി അച്ഛനും അമ്മയും മകനും അകലെയുള്ള ബനാറസിലേക്ക് യാത്ര പുറപ്പെടുമ്പോൾ ചിത്രം അവസാനിക്കുന്നു.
അപുവിനെ കേന്ദ്രകഥാപാത്രമാക്കി റായ് നിർമ്മിച്ച ഈ ചിത്രവും തുടർന്ന് ബിഭൂതി ഭൂഷണിന്റെ മറ്റൊരു നോവലായ ‘അപരാജിതോ'യെക്കൂടി അവലംബിച്ച് നിർമിച്ച അപരാജിതോ, അപുർ സൻസാർ എന്നീ ചിത്രങ്ങളും കൂടി ചേർന്നാൽ ‘അപുത്രയം' എന്നറിയപ്പെടുന്നു. സാവകാശത്തിലും എന്നാൽ സുനിശ്ചിതമായ രീതിയിലുമാണ് ഇതിവൃത്തം ക്ലൈമാക്‌സിലേക്ക് വികസിച്ചെത്തുന്നത്. ആഗോളതലത്തിൽ അസംഖ്യം അവാർഡുകളും നിരൂപകരുടെയും ചലച്ചിത്ര പ്രതിഭകളുടെയും പ്രശംസകളും പിടിച്ചുപറ്റിയ പഥേർ പാഞ്ചലി എക്കാലത്തെയും മികച്ച കാവ്യാത്മക ചലച്ചിത്രരചനകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ആഴത്തിൽ അനുകമ്പാപൂർവം കടന്നു ചെല്ലുകയും ആ കാഴ്ചകൾ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന സമീപനമാണ് ഇതിലും മറ്റു റായ് ചിത്രങ്ങളിലും കാണാൻ കഴിയുക.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും റായ്യുടെ ആരാധകനുമായിരുന്ന പ്രൊ. സതീഷ് ബഹാദൂർ ചൂണ്ടിക്കാട്ടുന്നതു പോലെ, ‘‘എത്രമാത്രം ആഴത്തിൽ നമ്മെ സ്പർശിക്കുകയും നമ്മുടെ തന്നെ ഭാഗമായി മാറുകയും ചെയ്യുന്ന തീവ്രമായ ഒരനുഭവമാണ് അതെന്ന് പഥേർ പാഞ്ചലി കണ്ടിട്ടുള്ള ആർക്കും അറിയാവുന്നതാണ്. അത് ഉൾക്കാഴ്ചകൾ തരുന്നു; രൂപപ്പെടുത്തുന്നു, മാറ്റിത്തീർക്കുന്നു. അനേക രംഗങ്ങൾ ഓർമയിലേക്ക് തള്ളിവരും. പിഷിയുടെ വാർദ്ധക്യത്തിന്റെ ദൈന്യവും നിസ്സഹായതയും, ദുർഗ മരിക്കുന്ന രാത്രിയുടെ ഭീകരത, കഷണ്ടിത്തലയിൽ ഇറ്റി വീഴുന്ന ആദ്യ മഴത്തുള്ളിയിലൂടെ പ്രകടിപ്പിക്കുന്ന നർമബോധം, അതുമല്ലെങ്കിൽ രാജകുമാരന്റെ വേഷമണിഞ്ഞ് ദുർഗയുടെ തല്ലു വാങ്ങുന്ന അപു, അതല്ലെങ്കിൽ ജലോപരിതലത്തിൽ തത്തിക്കളിക്കുന്ന ഓണത്തുമ്പികളുടെ നൃത്തത്തിന്റെ ഭാവഗീതാത്മകമായ സൗന്ദര്യം- ചിത്രം ആകെയെടുത്താൽ, ഒരു ബംഗാളി ഗ്രാമത്തിന്റെ യഥാർത്ഥ അനുഭവം നമുക്ക് കിട്ടുന്നു. ഒരു ദരിദ്രകുടുംബത്തിന്റെ ദൈന്യത നമ്മളറിയുന്നു.’’
കലാസൃഷ്ടി എന്ന് കരുതാവുന്ന ഏത് സിനിമയും ചലച്ചിത്രഭാഷയുടെ സങ്കേതങ്ങളിലൂടെ രചിക്കപ്പെട്ടതായിരിക്കും. എന്താണ് സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത് എന്നതിനെ ആശ്രയിച്ച്, എന്തൊക്കെ അതിലുൾപ്പെടുത്തണമെന്നത് സംവിധായകന്റെ തീരുമാനമായിരിക്കും. സംവിധായകൻ ഒരു കല്പിതകഥ രചിക്കുകയാണ്. പഥേർ പാഞ്ചലിയിലെ ഭൂപ്രകൃതിയും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളുമെല്ലാം റായുടെ ഭാവനാസൃഷ്ടിയാണ്, നോവലിസ്റ്റിന്റേതല്ല. അവയെ മനസ്സിലാക്കേണ്ടത് അവയുടെ പരസ്പര ബന്ധങ്ങളുടെ ആന്തരിക യുക്തിയുടെ അടിസ്ഥാനത്തിലാണ്. ആ ലോകം നമുക്ക് പരിചയമുള്ള ലോകത്തിനെപ്പോലെ തോന്നുന്നുവെങ്കിൽ അത് ശക്തമായ ആവിഷ്‌കാരമായതുകൊണ്ടാണെന്ന് ബോദ്ധ്യമാവും. ഉള്ളിൽത്തട്ടുന്ന, വൈകാരികവും ധ്യാനാത്മകവുമായ ഒരു സമഗ്രപ്രതികരണമാണ് അത് പ്രേക്ഷകരിൽ ഉളവാക്കുക. വളർന്നുവന്നപ്പോൾ നമ്മൾ ജീവിതത്തെക്കുറിച്ച് സ്വരൂപിച്ച തിരിച്ചറിവുകളുടെ നിരവധി ഫ്രെയ്മുകൾ ഓർക്കാനും വീണ്ടും വിലയിരുത്താനും പഥേർ പാഞ്ചലി പ്രേരിപ്പിക്കുന്നു. അതായത്, ജീവിതത്തെ കൂടുതൽ യാഥാർഥ്യത്തോടെ അറിയാൻ അതിലെ ഫിക്ഷൻ സഹായിക്കുന്നു. ഇതാണ് മഹത്തായ ഏത് ഫിക്ഷനും, നോവലായാലും സിനിമയായാലും, അനുഷ്ഠിക്കുന്ന ധർമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആധുനികതയുടെ സ്വാധീനത്താൽ സാവധാനം തകർന്നു കൊണ്ടിരുന്ന ഗ്രാമീണജീവിതവ്യവസ്ഥയുടെ ഒരു പ്രത്യേക മാതൃകയാണ് പഥേർ പാഞ്ചലിയിലെ കല്പിത പശ്ചാത്തലം. അതേസമയം, എന്നത്തേയും എവിടത്തേയും പ്രേക്ഷകർക്കു മുമ്പിൽ അത് തുറന്നിടുന്നത് മാനുഷിക യാഥാർത്ഥ്യത്തിന്റെ അതിശക്തമായ ഒരു ലോകമാണ്. അത്, സിനിമയിലും ജീവിതത്തിലുമുള്ള അനുഭവങ്ങളുടെ അർത്ഥതലങ്ങൾ കൂടുതൽ ആഴത്തിൽ ശ്രദ്ധിച്ച് മനസ്സിലാക്കാനുള്ള നമ്മുടെ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. അത് അകക്കണ്ണ് തുറക്കാൻ നമ്മെ നിർബന്ധിക്കുന്നുണ്ട്. മഹത്തായ കല സഹൃദയരുടെ അഭിരുചികളെ, സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത് ഇങ്ങനെയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.