സവിൻ സ സംവിധാനം ചെയ്ത വാഴ 2: Biopic of Billion Bros (2026) എന്ന ഫിലിം ടൈറ്റിൽ ഒരു സാമൂഹിക പ്രഖ്യാപനമാണ്. കേരളത്തിലെ ഇടത്തരം കുടുംബങ്ങളിൽ ജനിച്ചുവളരുന്ന ചെറുപ്പക്കാരുടെ ആശങ്കകളും സ്വപ്നഭംഗങ്ങളും എങ്ങനെയാണ് ഇന്ത്യയിലെയും ലോകത്തെ കോടിക്കണക്കിന് യുവാക്കളുടെയും പ്രതിനിധാനമായി മാറുന്നതെന്ന യാഥാർത്ഥ്യം വാഴ 2 അവതരിപ്പിക്കുന്നുണ്ട്. ഒപ്പം, ആവറേജായി ജനിച്ച് ആവറേജായി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട യുവതലമുറയുടെ മാനസിക ഭാരം പ്രാദേശികമല്ല, മറിച്ച് ആഗോളമാണെന്ന് കൂടി വാഴ 2 ഉറപ്പിക്കുന്നു.
ചിത്രത്തിൽ, നാട്ടിലെ പ്രതിസന്ധികൾക്കിടയിൽ നിന്ന് രക്ഷനേടാനായി ഒരുകൂട്ടം ചെറുപ്പക്കാർ വിദേശയാത്ര സ്വപ്നം കാണുമ്പോൾ, മറുവശത്ത് കുടുംബത്തിലെ പ്രാരാബ്ധം മൂലമാണ് മറ്റു ചില കഥാപാത്രങ്ങൾ ഗൾഫ് നാടുകളിലേക്ക് കുടിയേറുന്നത്. തങ്ങൾ സ്വപ്നം കണ്ട ജീവിതമല്ല ഇരുകൂട്ടർക്കും വിദേശരാജ്യത്ത് ലഭിക്കുന്നത്. പഠനവും പാർട് ടൈം ജോലിയും എന്ന സങ്കല്പത്തിൽ നിന്ന് നിലനിൽപ്പിനായി മുഴുനീള തൊഴിലാളികളായി മാറുകയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. നാട്ടിലെ കടബാധ്യതകൾ കാരണം മടക്കയാത്ര എന്ന പ്രതീക്ഷയും ഇവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഇന്ത്യയിൽ തൊഴിലില്ലായ്മാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 15 നും 29 നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മ 29.9% ആണ് (Periodic Labour Force Survey:2023-24). ബിരുദാനന്തര ബിരുദവും തത്തുല്യ യോഗ്യതകളും നേടി 'ഇനി എന്ത്' എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുണ്ട്. മുൻകാലങ്ങളിൽ അറബ് നാടുകളിലേക്ക് തൊഴിൽ തേടി പോകുന്നതായിരുന്നു ട്രെൻഡ് എങ്കിൽ, പി. എസ്. സി. കോച്ചിങ് സെന്ററുകളിൽ വർഷങ്ങളായി പഠനം തുടരുന്നതും വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതുമാണ് നിലവിലെ പ്രവണത.

2020-നു ശേഷം കേരളത്തിലെ ബില്യൺ ബ്രോസിന് മുന്നിലുള്ള ഏറ്റവും വലിയ 'എസ്കേപ്പ് റൂട്ട്' കുടിയേറ്റ സ്വപ്നങ്ങളാണ്. നാട്ടിലെ തൊഴിലില്ലായ്മയിൽ നിന്നും പെറ്റി പൊളിറ്റിക്സിൽ നിന്നും രക്ഷപ്പെടാനായി ഭീമമായ തുക ലോണെടുത്ത് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കേരളത്തിൽ ശരാശരിയിലും കൂടുതലാണ്. പഠനത്തോടൊപ്പം നിത്യവൃത്തിക്കും നാട്ടിലെ കടബാധ്യതകൾ തീർക്കാനുമായി -2°C മുതൽ 7°C വരെ തണുപ്പിൽ ഫുഡ് ഡെലിവറി ചെയ്തും സൂപ്പർമാർക്കറ്റുകളിൽ ഷിഫ്റ്റുകൾ മാറിമാറി പണിയെടുത്തും നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ് ചെയ്യുകയാണ് ഈ ബില്യൺ ബ്രോസ്. ഈ കഷ്ടപ്പാടുകൾക്കിടയിലും വിജയിച്ചവരായി ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ട ഗതികേട് മാനസികമായും ഇവരെ ആവറേജ് എന്ന ലേബലിൽ തന്നെ നിർത്തുകയാണ്.
ഇത് ഇന്ത്യയിലെ മാത്രം യുവാക്കളുടെ അവസ്ഥയല്ല. ചൈന, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നൊക്കെ മികച്ച ജീവിതം തേടി വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുന്ന അനവധി ചെറുപ്പക്കാരുടെയും അവസ്ഥയാണിത്. ഐ.ടി., എൻജിനീയറിങ്, മെഡിക്കൽ രംഗങ്ങൾ മുതലായവ തിരഞ്ഞാണ് വിദ്യാർഥിളും അഭ്യസ്തവിദ്യരും ഏറ്റവും കൂടുതൽ കടൽ കടക്കുന്നത് എന്ന് കണക്കുകൾ പറയുമ്പോൾ, ആ മേഖലയിൽ തങ്ങളുടെ മാതൃരാജ്യങ്ങൾക്ക് വേണ്ടത്ര പുരോഗതിയോ, സാധ്യതയോ ഇല്ല എന്ന് വേണം കണക്കാക്കാൻ. എന്നാൽ ഹൈടെക് ഇന്നൊവേഷൻ ഹബ്ബായി വളരുന്ന കേരളത്തിൽ നിന്നാണ് കൂടുതൽ യുവാക്കൾ നാടുവിടുന്നത് എന്നതിൽ വിശദ പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
ആഗോളവൽക്കരണം സൃഷ്ടിച്ച വിജയത്തിന്റെ മാതൃക, വിദേശജോലി, പി. ആർ., സോഷ്യൽ മീഡിയയിലെ സെറ്റിൽഡ് സ്റ്റാറ്റസ് എന്നിവയുടെയൊക്കെ പിന്നാലെ ഓടിത്തളരുന്ന ഒരു യുവതലമുറയെയാണ് വാഴ 2 പ്രതിനിധീകരിക്കുന്നത്.
75 ലക്ഷം മുടക്കി ഉദ്യോഗാർഥികളെ കടൽ കടത്തിവിടുന്നതിനുപകരം, സ്റ്റാർട്ടപ്പുകൾക്കായി സീറോ- കൊളാറ്ററൽ ലോണുകളും പ്രത്യേക സ്കീമുകളും വഴി യുവ സംരംഭകരെ സഹായിക്കണം.
വാഴ 2- ലെ Billion Bros തോറ്റവരല്ല, തോൽപ്പിക്കപ്പെട്ടവരാണ്. സ്വപ്നങ്ങൾ പണയം വെച്ച് വിസയ്ക്ക് അപേക്ഷിച്ചവർ, ബിരുദ സർട്ടിഫിക്കറ്റ് ഒരു വശത്ത് വെച്ച് സൂപ്പർമാർക്കറ്റിലെ അലമാരകൾ അടുക്കുന്നവർ, നാട്ടിലെ EMI അടയ്ക്കാൻ സ്വന്തം ഉറക്കം വിറ്റവർ. അവരുടെ ചിരിക്കുന്ന സെൽഫികൾക്ക് പിന്നിൽ മരവിച്ചുപോയ വിരലുകളും അടച്ചു തീരാത്ത ലോണുകളും തിരിച്ചുവരാൻ വഴിയില്ല എന്ന തിരിച്ചറിവുമുണ്ട്. ഈ സിനിമ അവസാനിക്കുന്നത് തിയേറ്ററുകളിലല്ല, നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും നിന്ന് ടൊറൻ്റോയിലേക്കുള്ള അടുത്ത വിമാനം കയറുന്ന ഓരോ ‘ആവറേജ്’ ചെറുപ്പക്കാരുടെയും നെടുവീർപ്പിലാണ്. 'Billion Bros’ എന്ന ലേബൽ മാറണമെങ്കിൽ, ‘വാഴ’ എന്ന വിളി നിലയ്ക്കണമെങ്കിൽ, മാറേണ്ടത് നാട്ടിലെ ചെറുപ്പക്കാരുടെ മനോഭാവമല്ല, നമ്മുടെ സിസ്റ്റമാണ്. അതിന് പ്രായോഗിക ഇടപെടലുകൾ അത്യാവശ്യമാണ്.

വിദ്യാഭ്യാസത്തെ തൊഴിലുമായി കൂട്ടിയിണക്കാൻ ഫലപ്രദമായ സംവിധാനം വേണം. ബിരുദ കോഴ്സിനൊപ്പം, അവസാന വർഷം 6 മാസം നിർബന്ധിത സ്കിൽ ട്രെയിനിങ് നൽകണം. ഇ.വി. ടെക്‌നിഷ്യൻ, ഡിജിറ്റൽ മാർക്കറ്റിങ്, എ.ഐ പരിശീലനം,കെയർഗിവർ തുടങ്ങി തൊഴിൽ സാധ്യത കൂടുതലുള്ള മേഖലകളിൽ പരിശീലനം നൽകി, ‘Apprenticeship Act’ കർശനമാക്കി യുവാക്കൾക്ക് കമ്പനികളിൽ ഒരു വർഷത്തെ പരിചയം ഉറപ്പാക്കി നിയമനങ്ങൾ സൃഷ്ടിക്കണം. 75 ലക്ഷം മുടക്കി ഉദ്യോഗാർഥികളെ കടൽ കടത്തിവിടുന്നതിനുപകരം, സ്റ്റാർട്ടപ്പുകൾക്കായി സീറോ- കൊളാറ്ററൽ ലോണുകളും പ്രത്യേക സ്കീമുകളും വഴി യുവ സംരംഭകരെ സഹായിക്കണം. ഡെലിവറി, ടെക്‌നിഷ്യൻ, സെയിൽസ് വർക്കേഴ്സ് തുടങ്ങിയ ജോലികൾക്ക് ഇ.എസ്.ഐ., പി.എഫ്. ഉൾപ്പെടെ മിനിമം വേദനനിയമം ഉറപ്പാക്കണം. നിയമനം നടത്താതെ കെട്ടിക്കിടക്കുന്ന റാങ്ക് ലിസ്റ്റുകൾക്ക് സർക്കാർ സമാധാനം കണ്ടെത്തണം. ഒപ്പം ജോബ് ഫെയറുകൾ വഴി എല്ലാം മേഖലകളിലും അവസരങ്ങൾ സൃഷ്ടിക്കണം.
ചുരുക്കത്തിൽ, രക്ഷപ്പെടൽ എന്നത് വിമാനം കയറലല്ല, ഡിഗ്രി കിട്ടുന്ന ദിവസം ‘ഇവിടെ എനിക്ക് ജീവിക്കാം’ എന്ന ഉറപ്പു കൂടി എല്ലാ ചെറുപ്പക്കാർക്കും കിട്ടണം. ഇത്രയൊക്കെ ചെയ്താലേ ഈ ബില്യൺ ബ്രോസിന്റെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമുണ്ടാകൂ.
