ആരാണ് ജിമ്മി ലീ ജാക്സനെ കൊലപ്പെടുത്തിയത്

2014ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര ചലച്ചിത്രമാണ് സെൽമ. പോൾ വെബ്ബിന്റെ രചനയിൽ എവ ഡുവേണേ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 1960 കളിലെ അമേരിക്കൻ രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമയാണ്. ജോർജ് ഫളോയിഡെന്ന കറുത്തവർഗക്കാരനെ വെള്ളക്കാരനായ ഡെറിക് ഷോവിൻ എന്ന അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ സംഭവത്തിൽ കറുത്തവർഗ്ഗക്കാർ ഒരിക്കൽ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ അതിന് പിന്തുണയുമായി രംഗത്ത് വരുമ്പോൾ അറുപതുകളിലെ ആഫ്രോ-അമേരിക്കൻ രാഷ്ട്രീയത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കകയാണ് 'സെൽമ'യിലൂടെ ലേഖകൻ. കെ.എസ് പ്രമോദിന്റെ സിനിമ പക്തി തുടങ്ങുന്നു.

1963 ഓഗസ്റ്റ് 28ന് വാഷിങ്ങ്ടൺ ഡി.സി.യിലെ ലിങ്കൺ മെമ്മോറിയൽ പടവുകളിൽ നിന്ന് രണ്ടരലക്ഷത്തിലധികം പേരെ സാക്ഷിയാക്കി നടത്തിയ "എനിക്കൊരുസ്വപ്നമുണ്ട്' എന്ന പ്രസംഗത്തിൽ 100 വർഷം പഴക്കമുള്ള ഒരു ചെക്ക് മാറ്റികിട്ടുന്നതിനായാണ് തങ്ങളിന്നുമിങ്ങനെ കാത്തുകെട്ടി നിൽക്കുന്നതെന്ന് ഡോ.മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ പറയുന്നുണ്ട്. എബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ച് 100 വർഷം പിന്നിടുന്ന ആ വേളയിൽ ലിങ്കന്റെ ഓർമ്മകളുറങ്ങുന്നിടത്തുവെച്ച് പഴയ വാഗ്ദാനങ്ങളെക്കുറിച്ച് അമേരിക്കയെ ഓർമ്മിപ്പിക്കുകയാണ് മാർട്ടിൻ. തുടർന്ന് 1964ൽ സിവിൽ റൈറ്റ്സ് ആക്ടിൽ അമേരിക്കയുടെ 36-ാം പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൻ ഒപ്പുവെച്ചു. പിന്നെയും ചർച്ചകളും റാലികളും പ്രക്ഷോഭങ്ങളും നിവേദനങ്ങളും നിയമങ്ങളും ഉണ്ടായി. തെരുവുകളിൽ ഏറെ ചോര ഒഴുകി. പക്ഷെ ഇന്നും ആഫ്രോ-അമേരിക്കൻസിന് ആ ചെക്ക് പൂർണ്ണമായി മാറ്റികിട്ടിയിട്ടുണ്ടോ ? ഇല്ലെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഡോ.മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ

അമേരിക്ക വീണ്ടും പുകയുകയാണ്. ഇന്നും തുടരുന്ന വംശീയ പീഡനങ്ങൾ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അനാവൃതമാകുകയാണ്. കറുത്തവർഗ്ഗക്കാർക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ, എന്നാൽ അവസാനത്തേതല്ലാത്ത സംഭവമായി വെള്ളക്കാരനായ ഡെറിക് ഷോവിൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടുകൾക്കിടയിൽ ജീവൻനഷ്ടപ്പെട്ട ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം വാർത്തകളിൽ നിറയുമ്പോൾ, കറുത്തവർഗക്കാർ ഒരിക്കൽ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ അതിന് പിന്തുണയുമായി രംഗത്ത് വരുമ്പോൾ അറുപതുകളിലെ ആഫ്രോ-അമേരിക്കൻ രാഷ്ട്രീയത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു അത്. മാൽക്കം എക്സും മാർട്ടിൻ ലൂതർകിങ്ങും കൊല്ലപ്പെട്ടത് 1960കളുടെ രണ്ടാം പകുതിയിലാണ്. ഹിപ്പികളും സമാധാനപ്രവർത്തകരും കോളജ് വിദ്യാർത്ഥികളും വംശീയതക്കും വിയറ്റ്നാമിലെ അമേരിക്കൻ ക്രൂരതകൾക്കുമെതിരെ ചിക്കാഗോയിലെ തെരുവുകൾ കീഴടക്കിയതും അതേ കാലത്തു തന്നെ. ലിൻഡൻ ബി. ജോൺസൺ അമേരിക്കൻ പ്രസിഡന്റായിരുന്ന ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പതിനായിരങ്ങൾ തെരുവിൽ ചോരകൊടുത്ത ആ കാലം ഇന്നും അവസാനിക്കാതെ തുടരുന്നു.

എവ ഡുവേണേ

ആഫ്രോ-അമേരിക്കൻ വനിതാസംവിധായകയായ "എവ ഡുവേണേ' സംവിധാനം ചെയ്ത "സെൽമ' എന്ന ചലചിത്രം കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ സുപ്രധാനമായ ഒരു കാലഘട്ടത്തെയും മാർട്ടിൻലൂതർ കിങ്ങിന്റെ ജീവിതത്തെയും കുറിച്ചുള്ളതാണ്. ഒരു ജീവചരിത്രസിനിമ (Biopic) എന്നതിലുപരി അമേരിക്കൻ വംശവെറിയെയും കറുപ്പിന്റെ രാഷ്ട്രീയത്തെയും വരച്ചുകാട്ടുന്ന ചിത്രമാണിത്. 1964ൽ മാർട്ടിൻ ലൂതർകിങ്ങ് സമാധാനത്തിനുള്ള നോബൽസമ്മാനം ഏറ്റുവാങ്ങി നടത്തുന്ന പ്രഭാഷണത്തോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. പ്രഭാഷണം തുടരുമ്പോൾ തന്നെ അമേരിക്കയിൽ വംശീയവാദികളായ വെള്ളക്കാരുടെ തീവ്രവാദിസംഘടനയായ കു ക്ലക്സ് ക്ലാന്റെ പ്രവർത്തകർ നടത്തിയ ഒരു ബോംബാക്രമണത്തിൽ 4 പെൺകുട്ടികൾ കൊല്ലപ്പെടുന്നതിന്റെ ദൃശ്യത്തിലേക്ക് ക്യാമറ വഴിമാറുന്നു. അമേരിക്കയിൽ തിരിച്ചെത്തിയ മാർട്ടിൻ പ്രസിഡന്റ് ലിൻഡൻ ജോൺസനെ കാണാനെത്തുന്നു. അലബാമ ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കറുത്തവർഗക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നതും അവരെ അതിക്രൂരമായി അടിച്ചമർത്തുന്നതും ഇനിയും അംഗീകരിക്കാനാകില്ലെന്നും ഉടനടി വേണ്ടത് ചെയ്യണമെന്നുമാണ് മാർട്ടിന്റെ ആവശ്യം. എന്നാൽ ലിങ്കൺ ചെയ്തതുപോലെ തെക്കൻ സംസ്ഥാനങ്ങളുമായി ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കാനോ തിരക്കുപിടിച്ചൊരു നിയമം കൊണ്ടുവരാനോ തനിക്ക് കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് മാർട്ടിനോട് വ്യക്തമാക്കുന്നു. തുടർന്ന് ഗാന്ധിയൻ സമരമെന്ന തന്റേതായ വഴി തേടുകയാണ് മാർട്ടിൻ.

ഒരു ക്ലു ക്ലസ് ക്ലാൻ ചടങ്ങ്

വംശീയഭ്രാന്തിന് കുപ്രസിദ്ധമായിരുന്ന അലബാമയിലെ സെൽമയിലെത്തിച്ചേർന്ന മാർട്ടിൻലൂതർകിങ്ങ് അവിടെ വെച്ച് വർണ്ണവെറിയൻമാരുടെ പരസ്യമായ ആക്രമണത്തിനിരയാകുന്നുണ്ട്. സെൽമയിൽ നിന്ന് മോണ്ട്ഗോമറിയിലേക്ക് മാർട്ടിൻ ഒരു മാർച്ച് പ്രഖ്യാപിക്കുന്നു. 1955 ൽ മോണ്ട്ഗോമറിയിൽ മാർട്ടിന്റെ തന്നെ നേതൃത്വത്തിൽ 385 ദിവസം നീണ്ടു നിന്ന ബസ് ബഹിഷ്‌കരണസമരത്തെ തുടർന്നായിരുന്നു ബസ്സുകളിൽ വെള്ളക്കാർക്കുണ്ടായിരുന്ന പ്രത്യേക സീറ്റുകൾ നിർത്തലാക്കിയത്. 1965 മാർച്ച് 7ന് നടന്ന ആദ്യ മാർച്ചിനെ അൽബാമ ഭരണകൂടം അതിക്രൂരമായി നേരിടുന്നു. വർണ്ണവിവേചനത്തിനെതിരായി നടന്ന സമരങ്ങളുടെ ചരിത്രത്തിലെ "ബ്ലഡി സൻഡേ' എന്നറിയപ്പെടുന്നത് ഈ ദിനമാണ്. തുടർന്നുള്ള ഒരു രാത്രിയിൽ പ്രക്ഷോഭത്തിനായി എത്തിച്ചേർന്ന ജിമ്മി ലീ ജാക്സൺ എന്ന യുവാവിനെ പൊലീസുകാർ ഒരു റെസ്റ്റോറന്റിലിട്ട് മാതാപിതാക്കളുടെ മുന്നിൽവെച്ച് വെടിവെച്ച് കൊല്ലുന്നു. സമരത്തിൽ നിന്നും പിൻവാങ്ങാൻ പലവിധ സമ്മർദ്ദങ്ങളും മാർട്ടിന് നേരിടേണ്ടി വരുന്നുണ്ട്. പിൻമാറാൻ തയ്യാറല്ലാതിരുന്ന മാർട്ടിൻ തുടർന്നുള്ള മാർച്ചിന് ജനാധിപത്യവിശാസികളുടെ പിന്തുണ തേടുന്നു. തുടർന്ന് അതിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന വെളുത്തവർഗക്കാരനായ ജെയിംസ് റീബ് എന്ന പുരോഹിതനെ ഇരുട്ടിന്റെ മറവിൽ വർണ്ണവെറിയൻമാർ വെളുത്ത നീഗ്രോ എന്നാക്ഷേപിച്ച് അടിച്ചുകൊല്ലുന്നു. അഹിംസാത്മകമായ സമരത്തെക്കുറിച്ച് അനുയായികൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാത്തിരിക്കാനുള്ള മാർട്ടിന്റെ തീരുമാനത്തിനെതിരെയും ഏതിർ ശബ്ദങ്ങളുയരുന്നുണ്ട്. തുടർന്ന് മാർച്ചിന് കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നു. സമ്മർദ്ദം സഹിക്കാനാകാതെ അമേരിക്കൻ പ്രസിഡന്റ് എല്ലാ സംസ്ഥാനങ്ങളിലും കറുത്തവർഗക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്ലിന് രൂപം നൽകുന്നു. ഒടുവിൽ മാർട്ടിനും അനുയായികളും സെൽമയിൽ നിന്ന് 87 കിലോമീറ്റർ അകലെയുള്ള അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്ഗോമറിയിലേക്ക് എൈതിഹാസികമായ ആ മാർച്ച് നടത്തുകയാണ്.

ആഫ്രോ-അമേരിക്കൻ വനിതാ സംവിധായകയായ "എവ ഡുവേണേ' യാണ് "സൽമ'യുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കൻ അമേരിക്കൻ വനിത സംവിധാനം ചെയ്ത സിനിമ ആദ്യമായി ഓസ്‌ക്കാർ നോമിനേഷൻ നേടുന്നത് സെൽമയിലൂടെയാണ്. "ഡേവിഡ് ഒയെലോവോ'യാണ് മാർട്ടിൻ ലൂതർകിങ്ങ് ജൂനിയറായി വേഷമിട്ടിരിക്കുന്നത്.

ഡേവിഡ് ഒയെലോവോ

"ടോം വിൽകിൻസൺ' ലിൻഡൻ ജോൺസനെ അനശ്വരമാക്കിയിരിക്കുന്നു. നടിയും ടെലിവിഷൻ അവതാരകയുമൊക്കെയായിരുന്ന "ഓപ്ര വിൻഫ്രി' യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഉജ്വലമായ പ്രകടനാണ് ഡേവിസ് ഒയെലോവോ ഈ സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. സമരത്തിനൊരുങ്ങുന്ന മാർട്ടിന് കുടുംബത്തിൽ നിന്ന് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ, ജിമ്മി ലീ ജാക്സന്റെ മരണത്തെ തുടർന്ന് മാർട്ടിൻ നടത്തുന്ന പ്രസംഗം, ലിൻഡൻ ജോൺസനുമായുള്ള കൂടിക്കാഴ്ച്ചകൾ, സംഘടനക്കുളളിലെ സംഘർഷങ്ങൾ ഇതൊക്കെ മികച്ചരീതിയിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ഡേവിസ് ഒയെലോവോക്കായി. ചരിത്രത്തോട് വേണ്ടത്ര നീതി പുലർത്തിയില്ല എന്ന ബയോപിക്ക്-ചരിത്ര സിനിമകൾ എല്ലാ കാലത്തും നേരിടേണ്ടി വരുന്ന ആരോപണം ഈ ചിത്രത്തിന് നേരേയും ഉയർന്നിരുന്നു. ലിൻഡൻ ജോൺസനെ തെറ്റായി അവതരിപ്പിച്ചു, സെൽമ സമരത്തിൽ മാർട്ടിനൊപ്പം മുൻനിരയിലുണ്ടായിരുന്ന ചിലരെ വിട്ടുകളഞ്ഞു, കാലഗണന കൃത്യമായി പാലിച്ചില്ല ഇതൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങൾ. എന്നാൽ ഇതൊരു ഡോക്യുമെന്ററിയല്ല, താനൊരു ചരിത്രകാരിയുമല്ല, എന്ന് പറഞ്ഞാണ് എവ ഈ വിമർശനങ്ങളെ നേരിട്ടത്.

വിയറ്റ്നാം യുദ്ധം, മാൽക്കം എക്സ്, എന്നിങ്ങനെ സമകാലിക സംഭവങ്ങളും വ്യക്തിത്വങ്ങളും ഈ സിനിമയുടെ പശ്ചാത്തലത്തിൽ വന്നു പോകുന്നുണ്ട്. 1920കളിൽ ജനിച്ച് ഒരേ കാലഘട്ടത്തിൽ ജീവിച്ച് ഒരു വർഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി പോരാടിയിട്ടും ഒരിക്കൽ പോലും സഹകരിച്ച് മുന്നോട്ട് പോകാൻ മാൽക്കത്തിനും മാർട്ടിനും കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ ഈ ചിത്രത്തിൽ കണ്ടെടുക്കാം. സെൽമയിൽ വെച്ച് മാർട്ടിൻ അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ "കോരറ്റാ സ്‌കോട്ട്' മാൽക്കം എക്സിനെ കാണുന്നുണ്ട്.

മാൽക്കം എക്സ്

പിന്നീട് കൊരറ്റയുമായുള്ള സംഭാഷണത്തിൽ മാൽക്കത്തിന്റെ സഹായം തേടിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് മാർട്ടിൻ. വിവരമില്ലാത്ത ഉപദേശിയായും വെള്ളക്കാരനിൽ നിന്ന് പണം പറ്റി പ്രവർത്തിക്കുന്നവനായും പുതിയ കാലത്തെ അങ്കിൾ ടോമായുമൊക്കെയാണ് മാൽക്കം തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്ന് മാർട്ടിൻ കൊരറ്റയോട് പറയുന്നു. ലിൻഡൻ ജോൺസന്റെ സംഭാഷണങ്ങളിൽ മാൽക്കത്തെ രണോത്സുകമായ ചെറുത്തുനിൽപ്പിന്റെ പ്രതിനിധിയായാണ് കാണുന്നത്. ജീവിത്തിലൊരിക്കൽമാത്രമാണ് മാർട്ടിനും മാൽക്കവും കണ്ടു മുട്ടുന്നത്. 1964 മാർച്ച് 26ന് വാഷിങ്ങ്ടൺ ഡി.സി.യിൽ വെച്ചായിരുന്നു ഏതാനും മിനിട്ടുകൾ മാത്രം നീണ്ട ആ കൂടിക്കാഴ്ച്. സിവിൽ റൈറ്റ്സ് ബില്ലിൻമേലുള്ള അമേരിക്കൻ സെനറ്റിലെ ചർച്ച കേൾക്കാനെത്തിയതായിരുന്നു ഇരുവരും.

Selma (2014) Film Poster

ഹിംസാത്മകമായ ചെറുത്തുനിൽപ്പിനെ പറ്റി മാൽക്കം സംസാരിച്ചപ്പോൾ, സ്വന്തം ജീവിതാനുഭവങ്ങൾകൊണ്ട് വെളുപ്പിനോട് കഠിനമായ എതിർപ്പ് മാൽക്കം വെച്ച് പുലർത്തിയപ്പോൾ ഗാന്ധിയായിരുന്നു ലൂതറുടെ വഴികാട്ടി. മാർട്ടിൻ ലൂതറിന്റെ അഹിംസാത്മക സമരമാർഗ്ഗം മെല്ലെപ്പോക്കാണെന്ന വിമർശനം മാൽക്കത്തിനുണ്ടായിരുന്നു. വെള്ളക്കാരെ മൊത്തത്തിൽ വംശീയമായി എതിർക്കുന്ന മാൽക്കത്തിന്റെ നയങ്ങളോടും അതിരൂക്ഷമായ എഴുത്തിനോടും പ്രസംഗത്തോടും ലൂതറിനും തികഞ്ഞ വിയോജിപ്പായിരുന്നു. അത് കറുത്തവർഗക്കാരുടെ മുന്നേറ്റങ്ങളെ അക്രമത്തിലേക്കെത്തിക്കുമെന്നും അതു വഴി അവരുടെ നില കൂടുതൽ പരിതാപകരമാക്കുമെന്നും ലൂതർ കരുതി. ലൂതറിന്റെ ഭാര്യയോട് നേരിട്ട് കാണുക പോലും ചെയ്യാത്ത തങ്ങൾക്ക് എങ്ങിനെ ഒരുമിച്ച് പ്രവർത്തിക്കാനാകും എന്നാണ് മാൽക്കം ചോദിക്കുന്നത്. വ്യത്യസ്ത അഭിപ്രായമുണ്ട് എന്നതിനർത്ഥം അദ്ദേഹം തന്റെ ശത്രുവാണ് എന്നതല്ല എന്നും മാൽക്കം പറയുന്നുണ്ട്. പിന്നീട് സെൽമ സമരം നടക്കുന്നതിന്റെ ഇടയിലൊരുനാളാണ് മാൽക്കം കൊല്ലപ്പെടുന്നത്. എന്നാൽ അതിനെക്കുറിച്ച് ഒരു പരാമർശം മാത്രമേ സിനിമയിലുണ്ടാകുന്നുള്ളൂ. അത് തന്റെ പ്രഭാഷണത്തിനിടക്ക് അമേരിക്കയിൽ ഒഴുകുന്ന ചോരയെക്കുറിച്ചും ചില ഉൻമൂലനങ്ങളെക്കുറിച്ചും പറയുന്നതിനിടയിൽ ജോൺ എഫ് കെന്നഡിയുടെ കൊലപാതകവും രണ്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന മാൽക്കത്തിന്റെ കൊലപാതകവും പരാമർശിച്ച് കടന്നുപോകുന്നു എന്ന് മാത്രം.

ജോൺ എഫ്. കെന്നഡി

വിയറ്റ്നാം യുദ്ധത്തിന്റെ വിമർശകനായിരുന്നു മാർട്ടിൻ. സ്വന്തം നാട്ടിലെ ഒരു വിഭാഗം പൗരൻമാരുടെ പൗരവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത അമേരിക്ക വിയറ്റ്നാമിലെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന പേരിൽ നടത്തുന്ന യുദ്ധത്തിന്റെ കാപട്യം സെൽമ പ്രക്ഷോഭകാലഘട്ടത്തും ഉന്നയിക്കുന്നുണ്ട് മാർട്ടിൻ. സെൽമ സമരം റിപ്പോർട്ട് ചെയ്യാനെത്തുന്ന വാഷിങ്ങ്ടൺ പോസ്റ്റ് പ്രതിനിധിയും അതിക്രൂരമായി സർക്കാർ സത്യാഗ്രഹികളെ അടിച്ചമർത്തുന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ വിയറ്റ്നാം യുദ്ധത്തെ പരാമർശിച്ച് കടന്നുപോകുന്നു. മോണ്ട്ഗോമറിയിൽ മാർട്ടിൻ ലൂതർകിങ്ങ് ജൂനിയർ പ്രസംഗിക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ ഈ സമരം ആഫ്രോ-അമേരിക്കൻ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം അതോടുകൂടി തീരുന്നില്ല. ഇത് സൃഷ്ടിച്ച പൊതുജനാഭിപ്രായം തന്നെയാണ് മാസങ്ങൾക്ക് ശേഷം വോട്ടിങ്ങ് റൈറ്റ് ആക്ടിൽ ലിൻഡൻ ബി ജോൺസനെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നത്. 1968 ഏപ്രിൽ 4ന് തന്റെ 39-ാം വയസ്സിൽ മാർട്ടിൻ കൊല്ലപ്പെടുന്നതിന് കാരണമായതും സൽമയടക്കമുള്ള വിമോചനപോരാട്ടങ്ങളുടെ വിജയം എതിർപക്ഷത്ത് സൃഷ്ടിച്ച വെറുപ്പായിരുന്നു.

ലിൻഡൻ ബി. ജോൺസൺ

ആ മാറ്റങ്ങൾക്കും വിജയങ്ങൾക്കുമൊക്കെ ഇപ്പുറം ഇപ്പോഴും കാതലായ പ്രശ്നം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നു. 1525ലാണ് ആഫ്രിക്കയിൽ നിന്നുള്ള അടിമകളുമായി ആദ്യകപ്പൽ അമേരിക്കയിലെത്തുന്നത്. സൽമ അടക്കമുള്ള നിരവധി പോരാട്ടങ്ങൾക്ക് ശേഷവും എബ്രഹാം ലിങ്കന്റെയും മാൽക്കം എക്സിന്റെയും മാർട്ടിൻ ലൂതർ കിങ്ങിന്റെയും പേരറിയുന്നവരും അറിയാത്തവരുമായ നിരവധി പേരുടെ രക്തസാക്ഷിത്വത്തിന് ശേഷവും 500 വർഷത്തിനിപ്പുറം അവരിപ്പോഴും അമേരിക്കയിലെ രണ്ടാം തരം പൗരൻമാർ തന്നെയായി തുടരുന്നു. ആരാണ് ഇതിന് ഉത്തരവാദികൾ ? ജിമ്മി ലി ജാക്സന്റെ മരണത്തെ തുടർന്ന് മാർട്ടിൻ നടത്തുന്ന പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്.

""Who murdered Jimmie Lee Jackson? We know a state trooper acting under the orders of George Wallace pointed the gun and pulled the trigger, but how many other fingers were on that trigger? Every white lawman who abuses the law to terrorize! Every white politician who feeds on prejudice and hatred! Every white preacher who preaches the Bible and stays silent before his white congregation! Who murdered Jimmie Lee Jackson? Every Negro man and woman who stands by without joining this fight as their brothers and sisters are humiliated, brutalized, and ripped from this earth! ''


സെൽമ
[128min | Director: Ava DuVernay | Biography, Drama, History | 2015 | USA]

Comments