ഷബ്​ന മുഹമ്മദ്​

താരങ്ങൾ നിർണയിക്കുന്ന സിനിമയിൽ
എന്താണ്​ നിങ്ങളുടെ സെല്ലിംഗ്​ പോയിൻറ്​?

വളരെ മീഡിയോക്കറായ സിനിമകൾ തന്നെയാണ് മഹത്തായത് എന്ന രീതിയിൽ ആഘോഷിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. അപ്പോൾ നമുക്കുതോന്നാം, എന്തിന് ഒരിക്കലും അംഗീകരിക്കപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ രാഷ്ട്രീയം പറയുന്ന സിനിമകൾ ചെയ്യണം എന്ന്. അതുകൊണ്ടായിരിക്കാം, അത്തരം ശ്രമം പോലും വരാത്തത്.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

ഷബ്‌ന മുഹമ്മദ്: പലതരത്തിലായിരിക്കും സിനിമ, അതിന്റെ ദൗത്യം നിറവേറ്റുക. ‘ഇന്നതാണ് ദൗത്യം' എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല. കാരണം, ആ ദൗത്യം കാണുന്ന മനുഷ്യർക്കുകൂടി ഉണ്ടാവണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലതരം മാനസികാവസ്ഥയുള്ളവർക്കിടയിലാണ് പല കഥകളും പറയുന്നത്. അപ്പോൾ, സ്വീകരിക്കേണ്ടത് സ്വീകരിക്കാനും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കാനും ഉള്ളതാണെന്ന ബോധം അവർക്കാണ് വരേണ്ടത്. ചിലർക്ക് അത്തരം ബോധമുണ്ടാകില്ല, കാരണം അത് മനസ്സിലാക്കാനുള്ള ചുറ്റുപാട് അവർക്കുണ്ടാകില്ല, അല്ലെങ്കിൽ അവർക്ക് അതിനുള്ള അറിവ് നേടാൻ പറ്റിയിട്ടുണ്ടാവില്ല. അത്തരം മനുഷ്യർക്കും കൂടിയാണ് നമ്മൾ ഈ കഥകൾ പറഞ്ഞുവെക്കുന്നത്.

ചെറുപ്പത്തിൽ പല സിനിമകളും കാണുമ്പോൾ, അയ്യോ, എന്തൊരു സിനിമയാണിത് എന്നൊക്കെ തോന്നിയിരുന്നു. പിന്നീട്, വളരുന്നതിനനുസരിച്ച്, കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കുന്നു. അങ്ങനെ ചില കാര്യങ്ങൾ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത് മുന്നോട്ടുപോകുകയാണ്. അതുകൊണ്ട്, എപ്പോഴും നമുക്ക് കൃത്യമായൊരു ഉത്തരവാദിത്വമുണ്ട്.

നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. ഭാവനക്കനുസരിച്ച് പലതരം കഥകളും കഥാപാത്രങ്ങളും ഉണ്ടാക്കാം, ക്രൂരമനുഷ്യരെപ്പറ്റി പറഞ്ഞുപോകാം. പക്ഷേ, അവരെ നമ്മൾ എങ്ങനെയാണ് പ്ലേസ് ചെയ്യുന്നത് എന്നത് വളരെ പ്രധാനമാണ്.

വളരെ മോശം വ്യവസ്ഥിതികളുണ്ട്, മനുഷ്യരോടുള്ള നെറികേടുകളുണ്ട്. അത്തരമൊരു ചുറ്റുപാടിൽ നമ്മൾ ജീവിക്കുമ്പോൾ അതുതന്നെയാണ് ശരി എന്ന് വീണ്ടും പറഞ്ഞുവെക്കുന്ന സിനിമകളോട് എനിക്ക് സത്യത്തിൽ നല്ല വിഷമമുണ്ട്. അതല്ലല്ലോ ശരി. സിനിമ നമ്മളെ സ്വാധീനിക്കില്ലെന്ന് പറയുന്നത് നുണയല്ലേ?
നമ്മളെ ഭയങ്കരമായി സ്വാധീനിക്കുന്നില്ലേ ഓരോ കാലത്തും ഓരോ സിനിമകളും? ‘നാടോടിക്കാറ്റ്' പോലെ, വളർന്നുവരുമ്പോൾ കണ്ടിട്ടുള്ള ഓരോ സിനിമകളും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ പലതും ജീവിതത്തിൽ പ്രായോഗികമാക്കാൻ നോക്കിയിട്ടുണ്ട്, അതുകൊണ്ടുതന്നെ സിനിമക്ക് മനുഷ്യരോട് ഉത്തരവാദിത്വമുണ്ട്.
മറ്റൊന്ന്, മറ്റു മനുഷ്യരുടെ വേദന മനസ്സിലാക്കുക എന്നതാണ്. മനസ്സിൽ കരുണയുണ്ടെങ്കിൽ, ആ വ്യക്തി ഓട്ടോമാറ്റിക്കലി പൊളിറ്റിക്കലി റൈറ്റ് ആവും, ആ വാക്ക് പോലും ഉപയോഗിക്കണ്ട. അയാൾക്ക് അപ്പുറത്തുനിൽക്കുന്ന മനുഷ്യന്റെ വൈകല്യത്തെ കളിയാക്കാനും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കാനും പറ്റില്ല. അതുകൊണ്ട്, മറ്റു മനുഷ്യരെ കൂടി നമ്മുടെയുള്ളിൽ ചേർത്തുനിർത്തുന്നതായിരിക്കണം നമ്മുടെ എഴുത്ത്.

അതേസമയം, നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. ഭാവനക്കനുസരിച്ച് പലതരം കഥകളും കഥാപാത്രങ്ങളും ഉണ്ടാക്കാം, ക്രൂരമനുഷ്യരെപ്പറ്റി പറഞ്ഞുപോകാം. പക്ഷേ, അവരെ നമ്മൾ എങ്ങനെയാണ് പ്ലേസ് ചെയ്യുന്നത് എന്നത് വളരെ പ്രധാനമാണ്. ഞാൻ എഴുതുമ്പോൾ, അല്ലെങ്കിൽ ഞാൻ പറയാൻ പോകുന്ന സിനിമകൾക്ക് ഉത്തരവാദിത്വം വേണമെന്നുതന്നെ വിശ്വസിക്കുന്നു.
സിനിമകൾ കാര്യങ്ങളെ ഭയങ്കരമായി റൊമാന്റിസൈസ് ചെയ്തുവച്ചിരിക്കുകയാണ്. സിനിമയിലെ കല്യാണമൊക്കെ ഭയങ്കര രസമാണ്. അത് കണ്ടാൽ, നമുക്കും കൊതിയാകും, കല്യാണം കഴിക്കാൻ. എന്നാൽ, അതിന്റെ റിയാലിറ്റി വേറെയാണ്. പ്രേമം, മാതൃത്വം എന്നിവയെല്ലാം സിനിമയിൽ ഇങ്ങനെയാണ്. എല്ലാം ഉപേക്ഷിച്ച് ത്യാഗപരിവേഷമുള്ള കാമുകിയായി മാറണം എന്നൊക്കെ നമുക്ക് തോന്നിപ്പോകും. ഇതല്ലാതെ അപ്പുറത്തും ഒരു സാധ്യതയുണ്ട് എന്ന് പറഞ്ഞുവെക്കുന്ന സിനിമകൾ നമ്മൾ ഇവിടെ കാണുന്നില്ല. ഇവിടെയാണ്, നേരത്തെ പറഞ്ഞ ഉത്തരവാദിത്തത്തിന്റെ കാര്യം വരുന്നത്.

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

നല്ല വേഗത്തിൽ സഞ്ചരിച്ചിരുന്ന സമയത്താണ് ലോകം പെട്ടെന്ന് നിന്നുപോയത്. അതുവരെ എടുത്ത സിനിമകൾ ‘സ്റ്റക്കാ’യി. ഞാൻ സിനിമയിൽ ആക്ടീവായ ഒരാളല്ല. സിനിമയുമായി ബന്ധപ്പെട്ട കുറച്ചു ജോലികൾ ചെയ്യുന്നുണ്ടെന്നേയുള്ളൂ. കോവിഡിനുമുമ്പ് ഇതിലും കൂടുതൽ സിനിമകളുണ്ടായിരുന്നു. ഇപ്പോൾ തിയറ്ററുകൾ തുറന്നിട്ടും, സിനിമയുടെ വലിയൊരു കുത്തൊഴുക്കുണ്ടാകുന്നതായി തോന്നിയിട്ടില്ല. കോവിഡ് അനുഭവം, വേറെതരം ഇമാജിനേഷനോടെ സിനിമയുണ്ടാക്കാൻ ആളുകളെ സഹായിച്ചിട്ടുണ്ടാവാം. ഒ.ടി.ടി പ്ലാറ്റ്‌ഫോം വന്നപ്പോൾ, പ്രേക്ഷകർ തിയേറ്ററുകളിൽനിന്ന് കുറച്ച് അകന്നുപോയിട്ടുണ്ട്. കാരണം, സ്വന്തം വീട്ടിൽ അഫോർഡബിളായി പണം കൊടുത്ത്, വളരെ സമാധാനത്തോടെ കൂടിയിരുന്ന് സിനിമ കാണാം എന്നതാണ് അതിന്റെ ഏറ്റവും ആകർഷക ഘടകം. ഒരാളുടെ ടിക്കറ്റ് പൈസ മതി, ഒരു സബ്‌സ്‌ക്രിപ്ഷൻ എടുക്കാൻ. വീട്ടിലെല്ലാവർക്കും ഒരുമാസം സിനിമ കാണാം ഈ പണം കൊണ്ട്. സിനിമ എന്ന മാധ്യമത്തെ ഒ.ടി.ടിക്കുവേണ്ടിയും തിയേറ്ററിനുവേണ്ടിയും വിഭജിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ വിചാരിക്കാത്ത രീതിയിൽ സിനിമ പ്രേക്ഷകരിലെത്തുമെന്നതാണ് ഒ.ടി.ടിയുടെ വലിയ ഗുണം.

Photo: Wikimedia Commons
Photo: Wikimedia Commons

എങ്കിലും, വിഷ്വൽ ക്വാളിറ്റിയുടെയും തിയേറ്റർ എക്‌സ്പീരിയൻസിന്റെയും സൗണ്ടിന്റെയുമൊക്കെ കാര്യത്തിൽ സിനിമ തിയേറ്ററിൽതന്നെ കാണേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. ആ ക്വാളിറ്റിയിലേക്ക് തിയേറ്ററുകളും കൂടി വരേണ്ടതുണ്ട്. കാരണം, ഇത്തരം സവിശേഷതകളെല്ലാം വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒരവസ്ഥയിൽ, അതിനേക്കാൾ മികച്ചതായിരിക്കണം തിയേറ്ററുകൾ പ്രൊവൈഡ് ചെയ്യേണ്ടത് എന്നാണ് തോന്നുന്നത്. ഒ.ടി.ടിയിൽ ഏതെങ്കിലും സംവിധായകന്റെയോ നായകന്റെയോ പിന്തുണയോടെ, വളരെ അൺഎത്തിക്കലായിട്ടും സിനിമ കച്ചവടമായി മാറുന്നത് നമ്മൾ കാണാറുണ്ട്.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ /അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

കേരളത്തിൽ മഹത്തായ സ്ത്രീസിനിമകളൊന്നും ഉണ്ടായിട്ടില്ല എന്നാണ് എനിക്കുതോന്നുന്നത്. അങ്ങനെയൊരു ശ്രമം കെ.ജി. ജോർജിന്റെയൊക്കെ സിനിമകളിലാണ് ഉണ്ടായിട്ടുള്ളത്, ആദാമിന്റെ വാരിയെല്ലും മറ്റൊരാളും പോലെയുള്ളവ. സ്​ത്രീസംവിധായികമാർപോലും സ്ത്രീസിനിമകളല്ല നോക്കുന്നത്, ഇവിടുത്തെ വ്യവസായസ്ഥിതി കൂടി സപ്പോർട്ട് ചെയ്യാത്തതുകൊണ്ടായിരിക്കാം അത്. സ്വീകാര്യത വേറെ രീതിയിലുള്ള സിനിമകൾക്കാണല്ലോ. മാത്രമല്ല, ഇവിടെ സിനിമകളുണ്ടായിട്ടുള്ളത് ആൺപക്ഷത്തുനിന്നുതന്നെയാണ്. അതുകൊണ്ട് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്ത്രീകളെയാണല്ലോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ആദാമിന്റെ വാരിയെല്ല് സിനിമയിൽ നിന്ന്
ആദാമിന്റെ വാരിയെല്ല് സിനിമയിൽ നിന്ന്

ഇപ്പോൾ നമ്മൾ കാണുന്ന സ്ത്രീകളെ സിനിമയിൽ നമ്മൾ കാണുന്നുണ്ടോ? ഒരിക്കലും കാണില്ല. എന്ത് രസമുള്ള സ്ത്രീകളെയാണ് ദിവസവും നമ്മൾ കാണുന്നത്, എന്തുമാത്രം മാസാണ് അവർക്ക്, എന്തുമാത്രം തമാശകൾ, എന്തുമാത്രം വയലൻസ്, എന്തുമാത്രം കഥകൾ, ഇതൊന്നും നമുക്ക് സിനിമയിൽ കാണാൻ പറ്റുന്നില്ല. പകരം, എല്ലാവർക്കും സ്വീകാര്യയായ, സാമൂഹികബോധത്തെ സന്തോഷിപ്പിച്ചുനിർത്തുന്ന പെണ്ണുങ്ങളെ മാത്രമാണ് സിനിമകളിൽ കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാൽ, നമ്മളോട് പറയും, അത്തരം സ്ത്രീകളുടെ കഥ പറയണമെങ്കിൽ, നിങ്ങൾ തന്നെ സ്വന്തമായിട്ട് സിനിമെടുക്ക്, നിങ്ങൾ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞങ്ങൾക്ക് കാണിച്ചു താ എന്ന്. അങ്ങനെയുള്ള സ്ത്രീകളെ കാണിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷെ, നമ്മുടെ ഫിലിം ബിസിനസിനൊരു ഇക്വേഷനുണ്ട്. അതിനെ തൃപ്തിപ്പെടുത്താത്ത പ്രൊഡക്ഷൻ ഇക്വേഷൻ സ്വീകരിക്കപ്പെടില്ല. കുറച്ച് താരങ്ങളാണ് സിനിമയെ നിർണയിക്കുന്നത്. അവരെ വെച്ചുള്ള പടങ്ങൾക്കുമാത്രമാണ് പ്രൊഡക്ഷൻ സാധ്യത. അതല്ലാത്ത നിങ്ങളുടെ സെല്ലിംഗ് പോയിൻറ്​ എന്താണ് എന്നതാണ് ചോദ്യം. അതായത്, ഈ പെണ്ണുങ്ങളുടെ സിനിമ കണ്ടിട്ട് ഞങ്ങൾക്കെന്താണ്​ കിട്ടാൻ പോകുന്നത്​?

ഇവിടെ ഇപ്പോഴും നായകന്മാർ തന്നെയാണ് സിനിമാ വ്യവസായം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. വളരെ മീഡിയോക്കറായ സിനിമകൾ തന്നെയാണ് മഹത്തായത് എന്ന രീതിയിൽ ആഘോഷിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും.

അതുകൊണ്ടുതന്നെ, ഒരുപാട് നിയന്ത്രണങ്ങളിൽനിന്നും അതിന്റെ പരിമിതികളിൽനിന്നുമാണ് സ്ത്രീപക്ഷ സിനിമകൾ പറയേണ്ടിവരുന്നത്. അത്രമാത്രം പ്രതിസന്ധിയുണ്ട് സ്ത്രീപക്ഷ സിനിമ പറയാൻ. ആൺലോകത്തെ കഥകൾമാത്രം കൊട്ടിഘോഷിക്കപ്പെടുന്ന ഈ സ്ഥലത്ത്, പെണ്ണുങ്ങളുടെ കഥ ആർക്കും ഒന്നാമത് കേൾക്കണ്ട. രണ്ടാമത്, അതിനുള്ള ബിസിനസ് ഇല്ല, അതുകൊണ്ട് അത്തരം സിനിമകൾ നിർമിക്കേണ്ടതില്ല. എങ്കിലും, ഇത്തരമൊരു സാഹചര്യത്തിനുള്ളിൽ തന്നെ നിന്ന് ഇത്തരം സിനിമകൾ ചെയ്യണം എന്നുതന്നെയാണ് ആഗ്രഹം. മറാത്തിയിലും ബംഗാളിയിലും തമിഴിലും മാറ്റം വളരെ പ്രകടമായിട്ടുണ്ട്. ‘സെറാത്ത്' പോലുള്ള സിനിമകൾ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നില്ല എന്നാലോചിച്ചിട്ടുണ്ട്.

ഇവിടെ ഇപ്പോഴും നായകന്മാർ തന്നെയാണ് സിനിമാ വ്യവസായം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. വളരെ മീഡിയോക്കറായ സിനിമകൾ തന്നെയാണ് മഹത്തായത് എന്ന രീതിയിൽ ആഘോഷിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. അപ്പോൾ നമുക്കുതോന്നാം, എന്തിന് ഒരിക്കലും അംഗീകരിക്കപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ നമ്മൾ രാഷ്ട്രീയം പറയുന്ന സിനിമകൾ ചെയ്യണം എന്ന്. അതുകൊണ്ടായിരിക്കാം, അത്തരം ശ്രമം പോലും വരാത്തത്.

ഷബ്ന മുഹമ്മദ്
ഷബ്ന മുഹമ്മദ്

മൊബൈലിൽ അടിപൊളി ക്യാമറയുണ്ടെങ്കിൽ, നമ്മൾ ഭയങ്കര എക്‌സ്‌പെർട്ട് ആണെന്ന് കരുതുന്നു. സിനിമ എളുപ്പമുള്ള കലയാണെന്ന തോന്നലുണ്ടാകുന്നിടത്താണ് പ്രശ്‌നം. ഡിജിറ്റൽ വിപ്ലവം ഉണ്ടാക്കിയ തെറ്റിദ്ധാരണയാണിത്. ഇതൊരു ജനാധിപത്യപ്രക്രിയയാണ്, എല്ലാവരും ഫിലിം മേക്കേഴ്‌സ് ആവട്ടെ എന്ന് വേണമെങ്കിൽ പറയാം. പക്ഷേ; അതൊരു നല്ല സിനിമയാവണമെന്നില്ല. നല്ല സിനിമയും മോശം സിനിമയും ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. വിഷ്വൽസിന്റെ തന്നെ പലരീതിയിലുള്ള ആധിക്യം നമ്മുടെ ബോധത്തെ മൊത്തം അലമ്പാക്കും.
നമുക്കെന്തും ഒറിജിനലായി പറയാൻ പറ്റും, സത്യസന്ധമായി അതിനെ ഒരു ക്രാഫ്റ്റ് ആക്കി പറയുമ്പോൾ. പായ നെയ്യുന്ന വൈഭവം തന്നെയാണ് ഒരു ക്രാഫ്റ്റ് ഉണ്ടാക്കാനും വേണ്ടത്. ഓരോ ഇഴയും അത്രതന്നെ ധ്യാനത്തിലിരുന്ന്​, അത്രയും ശ്രദ്ധിച്ചുതന്നെ എടുക്കുന്നതുപോലെയാണ്​ സിനിമയും എടു​ക്കേണ്ടത്​. അങ്ങനെയാണ്​ ഒരു ക്രാഫ്​റ്റ്​ രൂപപ്പെടുന്നത്​. അത്തരമൊരു വൈഭവത്തിലൂടെ പറയാൻ പറ്റുക എന്നതുതന്നെയാണ് ചലഞ്ച് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എല്ലാ സാഹിത്യരൂപങ്ങളും സിനിമയാക്കാം എന്ന മൂഢവിശ്വാസം എനിക്കില്ല. സാഹിത്യവും സിനിമയും രണ്ടുതരം നരേറ്റീവാണ്. കഥകളും സംഭവങ്ങളും അനുഭവങ്ങളുമെല്ലാം നമ്മളെ പ്രചോദിപ്പിക്കും. അത് സിനിമയാക്കാനുള്ള സാധ്യതയുണ്ടോ എന്ന തിരിച്ചറിവ് നമുക്ക് വേണ്ടിവരും.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

എന്റെ വീടിന്റെ അടുത്താണ് പുത്തൻപള്ളി. പെണ്ണുങ്ങൾക്ക് പോകാൻ പറ്റുന്ന ഒരു പള്ളിയും അതാണ്. പുത്തൻ പള്ളി നേർച്ച, ആ നാട്ടിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ആഘോഷമാണ്. നമ്മളെല്ലാവരും അവിടെ പോകും. ഉമ്മക്കൊപ്പം ഞാനും പോകാറുണ്ട്. ചെറുപ്പത്തിൽ, അവിടെ പോയിട്ട് ഞാനും കൂട്ടുകാരി സുഹറയും അവിടുത്തെ ഉപ്പാവായോട് ചോദിച്ചിട്ടുണ്ട്, ഞങ്ങൾക്ക് വാങ്ക് വിളിക്കാൻ പറ്റുമോ ഇവിടെ എന്ന്.
അപ്പോൾ ഉപ്പാവ ചിരിക്കുകയാണ് ചെയ്തത്, ഉത്തരം പോലും പറഞ്ഞില്ല.

അനശ്വര രാജനോടൊപ്പം ഷബ്ന മുഹമ്മദ്
അനശ്വര രാജനോടൊപ്പം ഷബ്ന മുഹമ്മദ്

ഉപ്പാവ വെറുതെ അങ്ങനെ ചിരിച്ചതിനെ തള്ളി, കുറെ കാലങ്ങൾക്കുശേഷം ഞാൻ ‘വാങ്ക്' വായിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷമായി. എങ്ങനെയാണ് ഉണ്ണി ആറിന് അങ്ങനെയൊരു കഥ എഴുതാൻ പറ്റുന്നത്?. ഒരു പെൺകുട്ടിയുടെ മനസ്സിൽനിന്നിട്ട് അങ്ങനെ ചിന്തിക്കാൻ പറ്റുന്നത്?. എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്, അത് കൊള്ളാല്ലോ എന്ന് തോന്നിപ്പോയിട്ടുണ്ട്. എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നുകൂടിയാണ് ‘വാങ്ക്' എന്ന കഥയ്ക്ക് തിരക്കഥയുണ്ടാകുന്നത്. എന്റെ ചെറുപ്പത്തിൽ, ബാങ്ക് വിളിക്കണമെന്നാഗ്രഹിച്ച ഒരാളുണ്ട് എന്നതാണ് എനിക്ക് ആ തിരക്കഥാരചനയിൽ ഏറ്റവും കണക്റ്റഡ് ആയത്.

എന്നാൽ, എല്ലാ സാഹിത്യരൂപങ്ങളും സിനിമയാക്കാം എന്ന മൂഢവിശ്വാസം എനിക്കില്ല. സാഹിത്യവും സിനിമയും രണ്ടുതരം നരേറ്റീവാണ്. കഥകളും സംഭവങ്ങളും അനുഭവങ്ങളുമെല്ലാം നമ്മളെ പ്രചോദിപ്പിക്കും. അത് സിനിമയാക്കാനുള്ള സാധ്യതയുണ്ടോ എന്ന തിരിച്ചറിവ് നമുക്ക് വേണ്ടിവരും. ഇല്ലെങ്കിൽ നമ്മുടെ മയ്യത്തിനുമുകളിൽ നമ്മൾ തന്നെ മീസാൻ കല്ല് അടിക്കുന്നതുപോലെയാണത്.

ഞാനൊരു സ്ത്രീയാണ്, സ്ത്രീകളുടെ വിഷയങ്ങൾ സംസാരിക്കാനുള്ള ശ്രമം, ഇവിടത്തെ വൻ വ്യവസായത്തിനുള്ളിൽ എളുപ്പമല്ല. അത്തരം മാനദണ്ഡങ്ങൾക്കനുസരിച്ച് എന്നെ പാകപ്പെടുത്താനും തൽക്കാലം ഞാൻ തയ്യാറല്ല.

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

മനുഷ്യന്റെ ജീവൻതന്നെ നിരോധിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട്, സിനിമയുടെ കാര്യം പറയാനുണ്ടോ?

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ​ മാനദണ്ഡം എന്താണ്?

ജയത്തെയും തോൽവിയെയും കുറിച്ച്​ ഞാനിതുവരെ ചിന്തിച്ചിട്ടില്ല. വിജയത്തിന് സമൂഹം കൽപ്പിച്ച മാനദണ്ഡം എന്താണെന്നും അറിയില്ല. പക്ഷേ ഒന്ന് വളരെ വ്യക്തമായി അറിയാം; ഞാനൊരു സ്ത്രീയാണ്, സ്ത്രീകളുടെ വിഷയങ്ങൾ സംസാരിക്കാനുള്ള ശ്രമം, ഇവിടത്തെ വൻ വ്യവസായത്തിനുള്ളിൽ എളുപ്പമല്ല. അത്തരം മാനദണ്ഡങ്ങൾക്കനുസരിച്ച് എന്നെ പാകപ്പെടുത്താനും തൽക്കാലം ഞാൻ തയ്യാറല്ല. അതൊരു തോൽവിയാണെന്ന് മറ്റൊരാൾ പറഞ്ഞാൽ, ചിരിച്ചുകൊണ്ട് ഞാനിങ്ങനെ മുന്നോട്ടുപോകും.

എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നുകൂടിയാണ്. ‘വാങ്ക്' എന്ന കഥയ്ക്ക് തിരക്കഥയുണ്ടാകുന്നത്. വാങ്ക് സിനിമയിൽ നിന്ന്.
എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നുകൂടിയാണ്. ‘വാങ്ക്' എന്ന കഥയ്ക്ക് തിരക്കഥയുണ്ടാകുന്നത്. വാങ്ക് സിനിമയിൽ നിന്ന്.

​മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

ഇഷ്ടമുള്ള സംവിധായകർ, സിനിമ എന്നൊക്കെ ചോദിച്ചാൽ അങ്ങനെ ഒറ്റയൊരാളെയും ഒറ്റ സിനിമയെയും പറയാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, ഓരോ സമയത്ത്​, അതുകാണുന്ന മാനസികാവസ്ഥക്കനുസരിച്ച് ഓരോ സിനിമയും ഭയങ്കരമായി ഇഷ്ടപ്പെടുകയും അതിൽ നമ്മൾ ജീവിക്കുകയും ഒക്കെ ചെയ്യും. കെ. ജി. ജോർജിന്റെയും പത്മരാജന്റെയും ഒക്കെ സിനിമകൾ പോലെ തന്നെ അവർക്കു മുമ്പും ശേഷവും വന്നിട്ടുള്ളവരുടെയൊക്കെ സിനിമകൾ ഭയങ്കര ഇഷ്ടത്തോടെ ആസ്വദിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇന്ന സംവിധായകൻ / സംവിധായിക എന്നതിനപ്പുറം സിനിമകൾ എന്ന് പറയാനാനിഷ്ടം.

ഞാൻ ആകെ ഒരു സിനിമയേ എടുത്തിട്ടുള്ളൂ. അതുതന്നെ ഇപ്പോൾ കാണുമ്പോൾ ചമ്മലാണ്. ഭയങ്കര ഇഷ്ടത്തോടെയും പാഷനേറ്റായിട്ടും അന്നത്തെ ബോധം വെച്ചിട്ടൊക്കെ എടുത്ത സിനിമയാണ്. എന്നാലും അത് അതിലും നന്നാക്കാമായിരുന്നു എന്നൊക്കെ ഓരോ സമയത്തും തോന്നിപ്പോയിട്ടുണ്ട്. ▮


ഷബ്​ന മുഹമ്മദ്​

നർത്തകി, അഭിനേത്രി, തിരക്കഥാകൃത്ത്. തിരക്കഥയെഴുതിയ സിനിമ വാങ്ക്.

Comments