ഷബ്ന മുഹമ്മദ്

ഇപ്പോൾ തിരിച്ചറിയുന്നു,
Hayao Miyazaki എന്ന മനുഷ്യനിലേക്കുള്ള
യാത്രയിലായിരുന്നു ഞാൻ…

Truecopy Webzine ന്റെ ഇയർഎൻ്റർ സിനിമാ പാക്കറ്റ്, 2024 Frames. ജാപ്പനീസ് അനിമേറ്ററും സംവിധായകനുമായ ഹയായോ മിയാസാക്കിയെക്കുറിച്ചുള്ള Hayao Miyazaki and the Heron എന്ന ഡോക്യുമെന്ററിയെ 2024-ൽ കണ്ട മികച്ച ദൃശ്യാനുഭവം മാത്രമായല്ല, ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനിലേക്കുള്ള സഞ്ചാരമായും ഓർത്തെടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായികയുമായ ഷബ്ന മുഹമ്മദ്.

ചെറുപ്പം മുതലേ നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്ന കാർട്ടൂണുകളുടെയും ആനിമേഷൻ സിനിമകളുടെയും പുറകിലുള്ളയാളെ ഈയിടെയാണ് ഞാൻ കണ്ടെത്തിയത്- ഹയായോ മിയാസാക്കി (Hayao Miyazaki). ജപ്പാനീസ് അനിമേറ്ററും ഫിലിം മേക്കറും സ്ക്രീൻ റൈറ്ററും എഴുത്തുകാരനുമായ ഈ മനുഷ്യനെക്കുറിച്ച് കാകു അറകാവ (Kaku Arakawa) സംവിധാനം ​ചെയ്ത ഡോക്യുമെന്ററിയാണ് ഹയാവോ മിയാസാക്കി ആൻഡ് ദി ഹെറോൺ (Hayao Miyazaki and the Heron).

വർഷങ്ങളോളം, രാപകലിരുന്ന് വരച്ചുവരച്ച്, അതെല്ലാം സിനിമയാക്കുന്ന ആളാണ് ഹയായോ മിയാസാക്കി. പത്തു വർഷത്തോളമൊക്കെയിരുന്ന് വരച്ചിട്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ പുറത്തുവരുന്നത്. എല്ലാം ലോകോത്തര വർക്കുകൾ, അവതാറിൽ പോലും അദ്ദേഹത്തിന്റെ വർക്കുണ്ട്. അദ്ദേഹത്തിന്റെ അനിമേഷൻ മൂവികളിൽ കാണുന്ന ഓരോ മൂവ്‌മെന്റും മൈക്രോ സെക്കൻഡിലുള്ള ഓരോ വിഷ്വലും അദ്ദേഹം ഇങ്ങനെ സ്വയം വരച്ചുണ്ടാക്കുന്നതാണ്. ഇത്രയും പെർഫെക്ടായ ഒരു അനിമേറ്റഡ് വിഷ്വലിനു പുറകിൽ അത്രയ്ക്കും മികവുള്ള പരിശ്രമമുണ്ടെന്ന്, ഈ ഡോക്യുമെന്ററി കണ്ടാൽ മനസ്സിലാകും.

ഒരു മനുഷ്യൻ തന്റെ സൃഷ്ടിക്കുവേണ്ടി അത്യന്തം ക്ഷമയോടും നിശ്ചയദാർഢ്യത്തോടും കൂടി ഇത്രയും കാലം ചെലവിട്ട്, ആ പരിശ്രമത്തെ സിനിമയാക്കി മാറ്റുന്നതിനു പുറകിലുള്ള മനസ്സാണ്, ഡോക്യുമെന്ററിയേക്കാൾ ആകർഷകമായി തോന്നിയത്. ഈയൊരു വ്യക്തി കുറച്ചുകൂടി പ്രതീക്ഷയോടെ ഈ ലോകത്തു ജീവിക്കാൻ എ​ന്നെ പ്രേരിപ്പിക്കുന്നു.

വർഷങ്ങളോളം, രാപകലിരുന്ന് വരച്ചുവരച്ച്, അതെല്ലാം സിനിമയാക്കുന്ന ആളാണ് ഹയായോ മിയാസാക്കി.
വർഷങ്ങളോളം, രാപകലിരുന്ന് വരച്ചുവരച്ച്, അതെല്ലാം സിനിമയാക്കുന്ന ആളാണ് ഹയായോ മിയാസാക്കി.

സ്വന്തം സിനിമകളെക്കുറിച്ച് അദ്ദേഹം പറയുന്നത്, travelling between reality and fantacy എന്നാണ്. മരങ്ങളോടും ഇലകളോടും പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം എന്നും സംസാരിക്കുന്ന ആളാണദ്ദേഹം. ഓരോ നിമിഷവും കാണുന്ന കാഴ്ചയിലുടക്കുന്ന പുല്ലിൽനിന്നും പൂമ്പാറ്റയിൽനിന്നും മരങ്ങളിൽനിന്നും മഴയിൽനിന്നും കുട്ടികളിൽ നിന്നുമൊക്കെയാണ് അദ്ദേഹം തന്റെ ആർട്ട് ഡിസൈൻ ചെയ്യുന്നത്. ആ നിരീക്ഷണങ്ങളാണ് നമ്മൾ കാണുന്ന അനിമേറ്റഡ് മൂവികളായി മാറുന്നത്.

എല്ലാത്തിലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾ. കുട്ടികളെ ഏറെ സ്‌നേഹിക്കുന്ന, അവർക്ക് കഴിക്കാനുള്ള ​ജെല്ലി സദാ സൂക്ഷിക്കുന്ന മനുഷ്യൻ. വളരെ രസകരമാണ് അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളും, ഈ ലോകത്തിനോടുള്ള പെരുമാറ്റവും. എന്റെ വല്യൂമ്മയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, വില്ലോളം പൊന്ത്യാലും നെല്ലോളം താഴണം എന്ന്. ഈ മനുഷ്യന്റെ ജീവിതം അത് നമ്മളെ ബോധ്യപ്പെടുത്തും. അത്ര കണ്ട് സ്വാഭാവികമായി ജീവിച്ചുപോകുകയാണ് ഈ മനുഷ്യൻ. നമുക്കും ഇങ്ങനെയൊക്കെയാകാൻ പറ്റിയെങ്കിൽ എന്നു തോന്നിപ്പോകും.

മൂപ്പരുടെ രസകരമായ ഒരു പരിപാടി, ഇടയ്ക്കിടക്ക് റിട്ടയർ ചെയ്യുകയാണ്. ഇനി ജോലിയൊന്നും ചെയ്യുന്നില്ല എന്നു തീരുമാനിക്കും, പക്ഷെ, ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനാകില്ല. പിന്നെയും വരയ്ക്കാൻ തുടങ്ങും, കാരണം അദ്ദേഹത്തിന് വരയ്ക്കാതിരിക്കാൻ കഴിയില്ല. അങ്ങനെ കുത്തിയിരുന്ന് വരച്ച് മറ്റൊരു സിനിമയുമായി വരും. രണ്ടുമൂന്നുവട്ടം ഇങ്ങനെ തീരുമാനിച്ച് നിർത്തി പോയതാണ്, വീണ്ടും സിനിമയുമായി വരികയും ​ചെയ്തിട്ടുണ്ട്.

ഓസ്‌കാർ ലഭിച്ചിട്ടും ഹയായോ മിയാസാക്കി അത് സ്വീകരിക്കാൻ പോയില്ല. ഇറാഖ് യുദ്ധത്തിലുള്ള അമേരിക്കൻ പങ്കാളിത്തത്തിൽ പ്രതിഷേധിച്ചാണ്, യുദ്ധമുണ്ടാക്കുന്ന ഒരു സ്ഥലത്തുനിന്നുള്ള സമ്മാനം വേണ്ട എന്ന് തീരുമാനിച്ചത്.

ജപ്പാൻ പോലൊരു സ്ഥലത്ത്, തന്റെ കീർത്തിയും കഴിവും സ്ഥാനമാനങ്ങളുമെല്ലാം ഉപയോഗിച്ച് തനിക്ക് പ്രയോഗിക്കാൻ കഴിയുന്ന ബലത്തെക്കുറിച്ചുള്ള ഒരുവിധ ഭാരവുമില്ലാതെ, വളരെ സിംപിളായി ജീവിക്കുകയാണ് ഈ മനുഷ്യൻ. ഓസ്‌കാർ ലഭിച്ചിട്ടും അത് സ്വീകരിക്കാൻ പോയില്ല. ഇറാഖ് യുദ്ധത്തിലുള്ള അമേരിക്കൻ പങ്കാളിത്തത്തിൽ പ്രതിഷേധിച്ചാണ്, യുദ്ധമുണ്ടാക്കുന്ന ഒരു സ്ഥലത്തുനിന്നുള്ള സമ്മാനം വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചത്.

തങ്ങളുടെ ബലം മനുഷ്യർ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്നത് നമ്മൾ എപ്പോഴും കാണുന്നതാണ്. പൊട്ടൻഷ്യൽ പവറാണെങ്കിലും ക്രിയേറ്റീവ് പവറാണെങ്കിലും ഫിനാൻഷ്യൽ പവറാണെങ്കിലും പദവി നൽകുന്ന പവറാണെങ്കിലും, ഇതെല്ലാം മനുഷ്യരെ മാറ്റുന്നുണ്ട്. എന്നാൽ ഹയായോ മിയാസാക്കി എന്ന ഈ മനുഷ്യൻ, ഈ പ്രതിഭ, തന്നിലുള്ള ബലത്തെ കൂടുതൽ മനുഷ്യത്വത്തിലേക്കും കരുണയിലേക്കും സ്‌നേഹത്തിലേക്കുമൊക്കെ തിരിച്ചുവിടുകയാണ്. അത് ഈ മനുഷ്യന്റെ പ്രത്യേകത കൂടിയാണ്.

സിനിമ ഇഷ്ടമുള്ളവർക്കും സിനിമ ചെയ്യാനാഗ്രഹിക്കുന്നവർക്കും പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഡോക്യുമെന്ററിയാണിത്. ഒരു വർക്ക് ​ചെയ്യാൻ എത്രകണ്ട് അവരവരിൽ വിശ്വസിക്കണമെന്നും അതിന് എത്രകണ്ട് ക്ഷമ ആവശ്യമാണെന്നും ഈ ​ഡോക്യുമെന്ററി പറഞ്ഞുതരുന്നു.

 ഹയാവോ മിയാസാക്കി ആൻഡ് ദി ഹെറോൺ ഡോക്യുമെന്ററിയിൽ നിന്ന് .
ഹയാവോ മിയാസാക്കി ആൻഡ് ദി ഹെറോൺ ഡോക്യുമെന്ററിയിൽ നിന്ന് .

ഇതിൽ ഒരു സീനുണ്ട്. ഹയായോ മിയാസാക്കി റോട്ടിൽ മരങ്ങളെ നോക്കിനിൽക്കുകയാണ്. അദ്ദേഹത്തിനു പുറകിൽ ഒരു കാർ വന്ന് നിൽക്കുന്നു. അത് അദ്ദേഹം കാണുന്നില്ല. കാറോടിക്കുന്ന ആളാകട്ടെ, ഹയായോ മിയാസാക്കിയുടെ കാഴ്ചയെ ഒട്ടും ശല്യപ്പെടുത്താതെ, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നതുവരെ കാർ നിർത്തിയിട്ട് കാത്തിരിക്കുകയാണ്.
നമ്മളെല്ലാം, ഒരു സെക്കൻഡിനുവേണ്ടി ഹോണടിച്ച് മറ്റുള്ളവരോട് മാറിനിൽക്ക്, മാറിനിൽക്ക് എന്നു പറഞ്ഞ് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, ഇങ്ങനെയും ജീവിക്കാം, ഇങ്ങനെയും മറ്റു മനുഷ്യരെ പരിഗണിക്കാം, എന്ന് കാണിച്ചുതരികയാണ് ഈ ദൃശ്യം. ഇതെല്ലാം എന്നെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു, എനിക്കും ഇതെല്ലാം ആർജിക്കാനാകുമെന്ന തിരിച്ചറിവുമായിരുന്നു.

ഹയാവോ മിയാസാക്കി ആൻഡ് ദി ഹെറോൺ നന്നായി ഡിസൈൻ ചെയ്ത ഡോക്യുമെന്റിയൊന്നുമല്ല. ഹയായോ മിയാസാക്കിയുടെ സഹായികളിലാരോ, അദ്ദേഹമറിയാതെ എടുത്ത അമച്വറായ ഡോക്യുമെന്ററിയാണ്. പക്ഷെ, അതിലൂടെ നമുക്കു മുന്നിലെത്തുന്നതോ, ഇങ്ങനെയൊരു മനുഷ്യൻ.

ഹയായോ മിയാസാക്കി
ഹയായോ മിയാസാക്കി

ഞാനൊക്കെ എന്ത് ചെറുതാണ് എന്ന് തോന്നിപ്പിക്കുന്ന വർക്കുകളും മനോഭാവവുമൊക്കെയാണ് ഈ മനുഷ്യൻ പകർന്നുതന്നത്. ശരിക്കും അത് എന്നിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. എന്നും കുറച്ചുനേരം കാണും ഈ ഡോക്യുമെന്ററി, എന്നെത്തന്നെ നവീകരിക്കാൻ. എന്നിലെ മനുഷ്യനെ കൂടുതൽ നന്നാക്കാൻ ഞാനെടുക്കുന്ന പരിശ്രമം കൂടിയാണിത്. നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ആവശ്യമില്ലാത്ത കുറെ ഭാരങ്ങൾ നമ്മളെപ്പറ്റിയുള്ള ബോധ്യങ്ങളിൽ കൊണ്ടുനടക്കുന്നുണ്ട്. നമുക്കുള്ള പലതിനെയും മറന്ന്, വേറെ എന്തിനൊക്കെയോ വേണ്ടി ജീവിക്കുന്ന സമയത്ത്, ഒന്നിന്റെയും ഭാരമില്ലാതെ, ഈ മനുഷ്യനെപ്പോലെ ജീവിക്കാൻ നമുക്കും പറ്റുമോ എന്ന പ്രതീക്ഷയിലേക്ക് നയിക്കുന്ന ഡോക്യുമെന്ററിയാണിത്.
എന്റെ മൊത്തം ജീവിതത്തിനിടയിൽ, ഇത്രയും സ്വാധീനിച്ച മറ്റൊന്നുണ്ടായിട്ടില്ല.

സിനിമയും ആർട്ടും ചെയ്യുന്ന മറ്റൊരാളുടെ പേഴ്‌സണാലിറ്റി ഇത്രത്തോളം എന്നെ സ്വാധീനിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നാണുത്തരം.

Comments