ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യിൽ ജാഫർ ഇടുക്കി

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ തെറികൾ സ്വതന്ത്രമാകുമ്പോൾ

ഒ.ടി.ടി റിലീസുകൾക്ക് സെൻസർ നിയമങ്ങൾ ബാധകമല്ലാത്തതിനാൽ മലയാളം സിനിമകളിൽ തെറിപ്പദങ്ങൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. കലയിൽ ലൈംഗികത എത്രവരെ, തെറി എത്രവരെ എന്നീ അടിസ്ഥാന ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട്

ന്റെ അയൽപക്കത്ത് പണ്ട് കുറേ താറാവുകളുണ്ടായിരുന്നു.
രാവിലെ അവയെ കൂടുതുറന്നുവിടും. അവയെല്ലാം വരിവരിയായി വേലി ഞൂണ്ടിറങ്ങി ഞങ്ങളുടെ മുറ്റം ക്രോസ്സ് ചെയ്ത് അപ്പുറത്തെ തോട്ടിലേക്ക് ഇറങ്ങിപ്പോകും. ഏതാണ്ട് ഉച്ചതിരിയുമ്പോൾ എല്ലാം കൂടി തോട്ടിൽനിന്ന് കയറി മുറ്റത്ത് ഒരു കൂട്ടം കൂടലുണ്ട്. ചിറകു കുടയലും കാഷ്ടിച്ചുവെക്കലും ഇണചേരലുമൊക്കെയായി ആകെ ബഹളം. അയൽക്കാരനോട് ഈ വക ശല്യത്തെപ്പറ്റി പരാതിയൊന്നും പറയാൻ പറ്റാത്ത കാലമാണ്. ഞങ്ങളുടെ കോഴി അവരുടെ വീട്ടിനുള്ളിൽ കയറി കാഷ്ടിക്കുമ്പോൾ അവരും പരാതിപ്പെടാത്ത ആ കാലം.

അവരുടെ താറാവുകൾക്ക് യാതൊരു പരിസരബോധവുമുണ്ടായിരുന്നില്ല. ഞങ്ങൾ കുടുംബാംഗങ്ങൾ എല്ലാം കൂടി ഉമ്മറത്തിരുന്ന് സൊറ പറയുന്ന നേരത്താവും ഞങ്ങൾക്കു മുമ്പിൽ അവറ്റകളുടെ ഇണചേരൽ. അത് കാണുമ്പോൾ കുടുംബത്തിലെ ഓരോരുത്തരും ഓരോ വഴിക്കായി പതിയെ സ്‌കൂട്ടാവും. ചില സമയങ്ങളിൽ അവയുടെ പരാക്രമം തുടങ്ങുമ്പോൾത്തന്നെ ആരെങ്കിലും കല്ലെറിഞ്ഞ് ആട്ടിയോടിക്കും. താറാവുകളോട് വിരോധമുള്ളതുകൊണ്ടല്ല, കുടുംബസമേതം കാണാൻ പറ്റുന്ന കാഴ്ചയല്ല അതെന്ന കാഴ്ചപ്പാട് പൊതുവെ ഉണ്ടായിരുന്നതുകൊണ്ട് മാത്രം. ഏതെങ്കിലും ഒരാൾക്ക് മുന്നിലാണ് ഈ രതിക്രീഡയെങ്കിൽ പ്രശ്‌നമാക്കാറുണ്ടായിരുന്നില്ല. ശുദ്ധപ്രകൃതക്കാരായ താറാവുകൾ അവയുടെ വംശവർദ്ധനവിനായി ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. എത്ര വിശുദ്ധമായ കർമം!

സ്പെെഡർമാനിലെ രംഗം

അക്കാലമൊക്കെ കഴിഞ്ഞാണ് കേബിൾ ടി.വിയുടെ രംഗപ്രവേശം. എച്ച്.ബി.ഒയിൽ നല്ല ഇംഗ്ലീഷ് സിനിമകൾ കാണാം. പക്ഷേ ഒരു പ്രശ്‌നം; എപ്പോഴാണ് സായിപ്പും മദാമ്മയും കൂടി ചുണ്ടുകോർക്കുക എന്ന് യാതൊരു ഐഡിയയുമില്ല. ആദ്യകാലത്താണെങ്കിൽ അവർ പറയുന്നതുതന്നെ മനസ്സിലാക്കിയെടുക്കാൻ പ്രയാസം. അന്ന് സബ് ടൈറ്റിലുകൾ ഇല്ല. ഒരു പുരുഷനും സ്ത്രീയും ഒരു സീനിൽ വന്ന് സംസാരിക്കുമ്പോൾ അവർ തർക്കിക്കുകയാണോ സ്‌നേഹിക്കുകയാണോ എന്നറിയാൻ പറ്റാത്ത അവസ്ഥ! തണുപ്പൻ രാജ്യങ്ങളിലുള്ളവരുടെ ചൂടാവലുകളും തണുപ്പനാണല്ലോ. അതാണൊരു കൺഫ്യൂഷൻ. നിനച്ചിരിക്കാതെയാണ് അവർ രംഗം വഷളാക്കുന്നത്. അപ്പോൾ വാപ്പ ഒരു പത്രമെടുത്ത് നിവർത്തി കണ്ണിനുമുകളിൽ പിടിക്കും. പെങ്ങൾ വെള്ളം കുടിക്കാനായി പയ്യെ എഴുന്നേറ്റ് അടുക്കളയിലേക്കുപോകും. ഞാൻ അന്നേരം റിമോട്ടുമായി മൽപ്പിടുത്തത്തിലായിരിക്കും. ഒരത്യാവശ്യത്തിന് ഉപകരിക്കുന്ന സാധനമല്ല കേബിൾ ടി.വി റിമോട്ട്. എത്രയൊക്കെ ഞെക്കിയാലുമുണ്ടോ ചാനൽ മാറുന്നു? അങ്ങനെ കുറേ അബദ്ധം പറ്റിയതോടെ എച്ച്.ബി.ഒ കാണൽ ഞാൻ തനിച്ചുള്ളപ്പോൾ മാത്രമാക്കിച്ചുരുക്കി.

നമ്മുടെ സദാചാരസാമൂഹിക സാഹചര്യത്തിൽ, ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ തെറി നിരോധിക്കേണ്ടതുണ്ടോ എന്നതിനു മുമ്പ് ചർച്ച ചെയ്യേണ്ട കാര്യം "സിനിമയെ ഇനിയും കുടുംബത്തോടൊപ്പം കാണേണ്ടുന്ന കലയായി പരിഗണിക്കേണ്ടതുണ്ടോ' എന്നാണ്

കാലക്രമേണ, കുറഞ്ഞ അളവിൽ ലൈംഗികത ചിത്രീകരിക്കുന്ന സീനുകളൊക്കെ ഓരോരുത്തരും അവരവരുടെ സീറ്റുകളിൽ ഉറച്ചിരുന്നു കണ്ടു. സ്ഥിരമായി കണ്ടുകണ്ട് അറപ്പും വെറുപ്പും തീർന്നതാവാം. ഇപ്പോൾ മറ്റൊരു ചലഞ്ചാണ് കുടുമ്മത്ത്. ഒ.ടി.ടി റിലീസുകളിലെ തെറിപ്രയോഗങ്ങളാണവ.

മലയാള സിനിമകൾ ഒ.ടി.ടി റിലീസിൽ എത്തിത്തുടങ്ങിയതോടെ കഥാപാത്രങ്ങൾ കുറച്ചുകൂടി സ്വതന്ത്രരായിട്ടുണ്ട്. മുമ്പ് ഇങ്ങനെയായിരുന്നില്ല. അവർക്കെല്ലാം പ്രേക്ഷകരെ പേടിയായിരുന്നു. സ്‌ക്രീനിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ ജീവിതം ആടിത്തിമർക്കുമ്പോഴും അവരുടെയുള്ളിൽ, പ്രേക്ഷകൻ തങ്ങളെത്തന്നെ നോക്കിയിരിപ്പുണ്ട് എന്നൊരു ബോധം സന്നിവേശിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ശ്ലീലാശ്ലീല ചിന്തകൾക്ക് അനുരൂപമായൊരു ജീവിതമേ കഥാപാത്രങ്ങൾക്ക് സാധ്യമാകുമായിരുന്നുള്ളൂ. ഏതു വലിയ പോക്കിരിയും തനിക്ക് പ്രേക്ഷകൻ അനുവദിച്ചു തന്നിട്ടുള്ള അംഗീകൃത തെറികൾക്കപ്പുറം ഒരു തെറിയും പറയാൻ ധൈര്യപ്പെടാഞ്ഞത് അതുകൊണ്ടാണല്ലോ. ഒരു കിടപ്പറ രംഗത്തെ കഥാപാത്രങ്ങൾക്ക് അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകനിൽ നിന്ന് ശരീരഭാഗങ്ങൾ മറച്ചുവെക്കേണ്ടിവരുന്നത് അതുകൊണ്ടാണല്ലോ. കാലദേശങ്ങൾക്കനുസരിച്ച് ശരീര ഭാഗങ്ങൾ ഏതൊക്കെ, എത്രത്തോളം, എത്ര സമയം പ്രദർശിപ്പിക്കാം എന്ന വ്യത്യാസമുണ്ടെന്നേയുള്ളൂ. എല്ലായിടത്തും കലയിൽ അതിന്റെ ആസ്വാദകസമൂഹം വരച്ച വൃത്തങ്ങളുണ്ട്. ഓരോ ദേശങ്ങളിലേയും സദാചാരശാഠ്യങ്ങൾക്കനുസരിച്ച് ആ വൃത്തത്തിന്റെ വ്യാസം ഏറിയും കുറഞ്ഞുമിരിക്കുന്നു. അതിനോടൊപ്പം ഭരണകൂട താല്പര്യങ്ങളും ചേർത്തിളക്കുമ്പോൾ സെൻസർ ബോർഡ് നിയമങ്ങളായി.

കാലാനുഗതമായി fuck എന്ന പദത്തിന്റെ ഉപയോഗത്തിൽ വന്ന വർധനവിനെ സൂചിപ്പിക്കുന്ന ഗ്രാഫ്‌

സാഹിത്യത്തിലും വായനക്കാരൻ കഥാപാത്രങ്ങളെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ, സാഹിത്യത്തിന്റെ ആസ്വാദനം സിനിമയിലെപ്പോലെ കൂട്ടത്തോടെ അല്ലാത്തതിനാൽ എഴുത്തുകാരന് വലിയ അളവിൽ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ലൈംഗിക ജീവിതം വിശദമായും മറയില്ലാതെയും ചിത്രീകരിക്കുവാൻ സാഹിത്യത്തിന് മടിയേതും വേണ്ട. സാഹിത്യത്തെ ഇക്കാലത്തോളം പ്രസക്തമാക്കിയൊരു കാര്യം കൂടിയാണിത്. മതിലുകളിലായിരുന്നു സാഹിത്യം എഴുതപ്പെടുന്നതെങ്കിൽ ആസ്വാദകസമൂഹം വരയ്ക്കുന്ന വട്ടത്തിൽ അതും കുരുങ്ങുമായിരുന്നു. അതേസമയം, സാഹിത്യത്തിന് മാത്രം സ്വന്തമായ ഈ സ്വാതന്ത്ര്യം ലൈംഗികതയിൽ ഉപയോഗിക്കപ്പെട്ടതുപോലെ "തെറികളുടെ' കാര്യത്തിൽ ഉപയോഗിച്ചിട്ടില്ല എന്നും കാണാൻ സാധിക്കും. എഴുത്തുകാരന് ആ പദങ്ങളോട് സ്വയം തോന്നുന്ന അറപ്പാവാം അതിനൊരു കാരണം. എം. മുകുന്ദൻ തന്റെ "ആവിലായിലെ സൂര്യോദയ'ത്തിൽ "മൈര്' എന്ന വാക്ക് ഉപയോഗിച്ചതായി ഓർക്കുന്നു. ഹരീഷിന്റെ മീശയിലും തെറിവാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. മുകുന്ദന്റെ ആവിലായിൽ നിന്ന് ഹരീഷിന്റെ മീശയിലെത്തുന്നതിനിടയിൽ പ്രസിദ്ധീകരിക്കപ്പെട്ട അസംഖ്യം കൃതികളിൽ അപൂർവ്വമായി മാത്രമേ തെറികൾ പ്രത്യക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ളൂ.

1970ൽ M*A*S*H എന്ന അമേരിക്കൻ സിനിമയിലാണ് ആദ്യമായി Fuck എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് വിക്കിപീഡിയയിൽ കാണുന്നു. അത് കേൾക്കുമ്പോൾ അന്നത്തെ പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നിരിക്കും?

ഇംഗ്ലീഷിൽ, Fuck എന്ന വാക്കിന്റെ ഉപയോഗം സർവസാധാരണമായിട്ട് കുറച്ചുകാലമേ ആകുന്നുള്ളൂ. 2000 മുതൽക്കാണ് ഈ വാക്കിന്റെ ഉപയോഗം കുത്തനെ കൂടിയതെന്ന് ഗൂഗിളിന്റെ ഗ്രാഫിൽ കാണുന്നു. ഉപയോഗം പുരോഗമിക്കാൻ തുടങ്ങുന്നതാവട്ടെ 1960-നോടടുപ്പിച്ചും. Asshole എന്ന വാക്കിന്റെ ഉപയോഗവും ഇതേ ഗ്രാഫാണ് പിന്തുടരുന്നത്. ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഈ രണ്ടു വാക്കുകളുടേയും വരിക്കാരാണ്. ഭവനങ്ങളിലും തൊഴിലിടങ്ങളിലും സങ്കോചമില്ലാതെ ഈ വാക്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇംഗ്ലീഷ് സിനിമകൾക്കാവട്ടെ, ഇക്കാര്യത്തിൽ സങ്കോചമേയില്ല. ഇപ്പോൾ, സിനിമയും സമൂഹവും ഈ വാക്കുകളുടെ ഉപയോഗം പരസ്പരം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കാണുന്നത്.

1998ൽ പുറത്തിറങ്ങിയ ദ ബിഗ് ലെബോവ്‌സ്‌കിയിലെ രംഗം

F-word ന്റെ അമിത ഉപയോഗം ആ വാക്കിന്റെ അന്തഃസത്തയെ ചോർത്തിക്കളഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. എവിടെയും ഉപയോഗിക്കാവുന്ന വാക്കായി അത് മാറിയിരിക്കുന്നു. നാമമായും നാമവിശേഷണമായും ക്രിയയായും ക്രിയാവിശേഷണമായും പലമാതിരി എക്‌സ്പ്രഷനുകൾക്കായുമെല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാജിക്കൽ വേഡാണ് ഇതെന്ന് ഓഷോയുടെ ഒരു രസകരമായി വിവരിക്കുന്നുണ്ട്. 1960-കൾക്കുമുമ്പ് ആ വാക്ക്, അത് കേൾക്കുന്നവനിൽ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നിരിക്കും. 1970ൽ M*A*S*H എന്ന അമേരിക്കൻ സിനിമയിലാണ് ആദ്യമായി Fuck എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് വിക്കിപീഡിയയിൽ കാണുന്നു. അത് കേൾക്കുമ്പോൾ അന്നത്തെ പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നിരിക്കും? 2013-ൽ ആമേൻ എന്ന സിനിമയിൽ "മൈര്' എന്ന വാക്ക് കേട്ടപ്പോഴുണ്ടായ അതേ പ്രകമ്പനമായിരിക്കുമോ അവർക്കും ഉണ്ടായിരുന്നിരിക്കുക?

ഇന്ന്, ഒ.ടി.ടി റിലീസുകൾക്ക് സെൻസർ നിയമങ്ങൾ ബാധകമല്ലാത്തതിനാൽ മലയാളം സിനിമകളിൽ തെറിപ്പദങ്ങൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. "ചുരുളി'യുടെ ടീസറിൽപ്പോലും കുണ്ണ, മൈര് തുടങ്ങിയ പദങ്ങൾ ഹൈലൈറ്റായി വന്നിരുന്നു

ഇന്ന്, ഒ.ടി.ടി റിലീസുകൾക്ക് സെൻസർ നിയമങ്ങൾ ബാധകമല്ലാത്തതിനാൽ മലയാളം സിനിമകളിൽ തെറിപ്പദങ്ങൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. "ചുരുളി'യുടെ ടീസറിൽപ്പോലും കുണ്ണ, മൈര് തുടങ്ങിയ പദങ്ങൾ ഹൈലൈറ്റായി വന്നിരുന്നു. "ആത്മീയതയുടെ മൈര്' എന്ന ജാഫർ ഇടുക്കിയുടെ ഡയലോഗ് ട്രോൾ മീമായി അന്നുമുതൽക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ടെക്സ്റ്റുകളൊന്നും ചേർക്കാതെതന്നെ ആ മീം "സൈലന്റ് തെറി'യായി പറന്നുനടക്കുന്നു.

ഇവിടെ, നമ്മുടെ സദാചാരസാമൂഹിക സാഹചര്യത്തിൽ, ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ തെറി നിരോധിക്കേണ്ടതുണ്ടോ എന്നതിനു മുമ്പ് ചർച്ച ചെയ്യേണ്ട കാര്യം "സിനിമയെ ഇനിയും കുടുംബത്തോടൊപ്പം കാണേണ്ടുന്ന കലയായി പരിഗണിക്കേണ്ടതുണ്ടോ' എന്നാണ്. സിനിമ ബിഗ് സ്‌ക്രീനിൽനിന്ന് ഒരുതിയേറ്റർ സ്‌ക്രീനിന്റെ ആയിരത്തിലൊന്ന് വലുപ്പം പോലുമില്ലാത്ത മൊബൈലിലേക്ക് ഒതുങ്ങിയിരിക്കുന്ന കാലമാണിത്. പുത്തൻ സാങ്കേതിക വിദ്യ സിനിമയുടെ കാഴ്ചക്കാരേയും ചുരുക്കി ഒരു സ്‌ക്രീനിന് ഒരാൾ എന്ന നിലയിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, "വഷളൻ സീനുകളെ' പേടിക്കാതെ, കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കാതെ ബാപ്പയെക്കൊണ്ട് പത്രം നിവർത്തിപ്പിക്കാതെ സിനിമകൾ അവനവൻ കാഴ്ചകളിലേക്ക് സുഖപ്പെടുന്നു.

M*A*S*H ലെ ഒരു രംഗം

കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോഴും ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ട്. ലൈംഗികത എത്രവരെ, തെറി എത്രവരെ എന്നീ അടിസ്ഥാന ചോദ്യങ്ങൾ അത്രപെട്ടെന്ന് മായ്ച്ചുകളയാവുന്നവയാണെന്ന് തോന്നുന്നില്ല. എന്നിരുന്നാലും, വ്യക്തിഗതാസ്വാദനത്തെ ഉന്നം വെച്ചുകൊണ്ടുള്ള കലയ്ക്ക് കുറച്ചധികം സ്വതന്ത്രമാകാനാവും എന്നാണ് ഈ കുറിപ്പുകാരൻ കരുതുന്നത്. കലാകാരന് ഒരു സമൂഹത്തോട് സംസാരിക്കുന്നതിനേക്കാൾ ഫലപ്രദമായും സ്വതന്ത്രമായും ഒരു വ്യക്തിയോട് സംസാരിക്കാൻ കഴിയും. സമൂഹമെന്നത് ഒട്ടേറേ കെട്ടുപാടുകളും മുൻവിധികളുമുള്ള മേഖലയാണ്. നിയമങ്ങളാലും ചട്ടങ്ങളാലുമാണ് അത് പടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, വ്യക്തിയുടെ സ്വകാര്യ സമയങ്ങളിൽ സാമൂഹ്യ നിയമങ്ങളും ചട്ടങ്ങളും അവനെ അലട്ടുന്നില്ല. ഒറ്റയ്ക്കായിരിക്കുമ്പോൾ അവന്റെ കാഴ്ചയും കേഴ്വിയും മറ്റൊരു വിധത്തിലാണ് പ്രവർത്തിക്കുന്നത്.
ഇവിടെ, കഥാപാത്രങ്ങൾ തങ്ങളുടെ പ്രേക്ഷകരെ തിരിച്ചറിയുന്നു. ഒരേയൊരു പ്രേക്ഷകനു മുന്നിൽ കഥാപാത്രങ്ങൾ കൂടുതൽ സ്വതന്ത്രരായി സംസാരിക്കുന്നു. തെറി പറയുന്നു.
ശ്ശ്ശ്.. പുറമേയുള്ള ആരും കേൾക്കാതിരിക്കാൻ ഞാൻ ഇയർഫോണെടുത്ത് കുത്തുന്നു. ▮


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments