തൊണ്ണൂറുകൾക്കുമുമ്പുള്ള ബോളിവുഡ് സിനിമകളിലെ നായകന്മാർ തൊഴിലാളികളും തൊഴിലാളി നേതാക്കളും ചേരികളിൽ നിന്ന് വരുന്നവരുമായിരുന്നെന്നും തൊണ്ണൂറുകളുടെ തുടക്കത്തിലെ ഉദാരവത്ക്കൃത- ആഗോളീകരണത്തിനുശേഷം ഈ ദരിദ്രർ സിനിമയിൽ നിന്നും സംസ്‌ക്കാരത്തിൽ നിന്നും വിസ്മൃതരാക്കപ്പെട്ടെന്നുമുള്ള അരുന്ധതി റോയിയുടെ ശ്രദ്ധേയമായൊരു നിരീക്ഷണമുണ്ട്. (interview on redfish Facebook page) തൊണ്ണൂറുകൾക്കുശേഷം പുതിയൊരു ഭാവനാപരിസരം രൂപപ്പെട്ടതായും അത് മുതലാളിത്തത്തിന്റെയും നിസ്സീമമായ ദുരാഗ്രഹങ്ങളുടെയും കുമിഞ്ഞുകൂടിയ സമ്പത്തിന്റെയുമായിരുന്നെന്നും അവർ പറയുന്നു.
ഉദാരവൽകൃത ആഗോളീകരണം സൃഷ്ടിച്ച മുതലാളിത്ത - നിയോലിബറൽ മൂല്യവിചാരങ്ങളാണ് ഈ ഭാവനാപരിസരത്തെ സൃഷ്ടിച്ചത്. 1991നു ശേഷമുള്ള ഇന്ത്യൻ പൊതുബോധം ഒരു തലത്തിൽ അബോധപൂർവ്വം ഗ്രസിക്കപ്പെടുകയും മറ്റൊരു തലത്തിൽ അഭിമാനപൂർവ്വം സാംശ്വീകരിക്കുകയും ചെയ്തതും ഇതേ മൂല്യവിചാരങ്ങളാണ്. അവിടെയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പർ ഹിറോ സിനിമയായ മിന്നൽ മുരളിയുടെ കഥാപരിസരവും കഥ നടക്കുന്ന കാലഘട്ടവും പ്രസക്തിയർഹിക്കുന്നത്.
ജെയ്സൻ എന്ന മുതലാളിത്ത നിർമിതി
കഥ നടക്കുന്ന കൃത്യമായ കാലബിന്ദുവിനെ വെളിപ്പെടുത്താതെ കാലത്തെ ഒളിച്ചു വെച്ച് കഥ പറയുന്ന സവിശേഷ കഥാകഥന രീതിയാണ് സംവിധായകൻ ഈ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. എങ്കിലും കാലഘട്ടത്തെ വായിച്ചെടുക്കാൻ കഴിയുംവിധം, കാലഘട്ടത്തെയോ കാലഘട്ടങ്ങളെയോ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളും ഭൗതിക ഉപകരണങ്ങളും സിനിമയിലുണ്ട്. അവയാകട്ടെ കാലത്തിന്റെ ശ്രേണീകൃത സ്വഭാവത്തെയും അനുക്രമണ യുക്തിയെയും നിരാകരിച്ച് ഒരു കാലബിന്ദുവിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്ന രീതിയിൽ സമ്മിശ്ര കാല സ്വഭാവമാണ് പുലർത്തുന്നത്. എങ്കിലും സിനിമയിൽ പത്രവാർത്തകളായെത്തുന്ന കുറസാവോയുടെയും കെ.എം. ചാണ്ടിയുടെയും മരണങ്ങളും വി.പി. സത്യൻ വീണ്ടും ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനായ വാർത്തയും ഹിറ്റ്‌ലർ സിനിമയിലെ ഗാനവുമെല്ലാം ചേർത്ത് കുറുക്കൻ മൂല എന്ന സാങ്കല്പിക ഗ്രാമത്തിൽ മിന്നൽ മുരളിയുടെ കഥ നടക്കുന്നത് തൊണ്ണൂറുകളിലാണെന്ന് അനുമാനിക്കാം.
തൊണ്ണൂറുകളിലെ നിയോ ലിബറൽ മുതലാളിത്ത മൂല്യവിചാരങ്ങളുടെ ഭാവനാപരിസരത്തിനകത്താണ് മിന്നൽ മുരളിയിലെ യുവാവായ നായകൻ ജെയ്‌സൺ ജീവിക്കുന്നത്. സിനിമ അതിന്റെ ഒന്നാം ആക്ടിൽ അവതരിപ്പിക്കുന്ന ‘വളർച്ചയെത്താത്ത' നായകൻ പേറുന്ന മൂല്യങ്ങളൊക്കെയും ആഗോളവൽക്കരണാനന്തര നിയോ ലിബറൽ മൂല്യങ്ങളാണ്. അല്ലെങ്കിൽ കഥാവളർച്ചയിൽ പരിഹരിക്കപ്പെടേണ്ട നായകന്റെ കുറവുകളുടെ (character flaws) സാംസ്‌കാരിക തലം അയാളിലെ മുതലാളിത്ത നിയോ ലിബറൽ മൂല്യങ്ങളാണ്. ആ മൂല്യങ്ങളെ ആന്തരികവത്ക്കരിച്ചും ബഹിർസ്ഫുരണം ചെയ്തുമാണയാൾ ജീവിക്കുന്നത്.
മുതലാളിത്ത നിർമിതികളായ അനുഭൂതി തലങ്ങളെ സാംശ്വീകരിച്ചാണ് ജെയ്‌സൺ കുറക്കൻ മൂലയുടെ ഭൂമിശാസ്ത്ര ഇടങ്ങളിൽ (geographical space) വിഹരിക്കുന്നത്. അയാളുടെ വസ്ത്ര രീതികൾ മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ ആഗോള കുത്തകകൾ നിർമിക്കുന്ന വസ്ത്രധാരണത്തിന്റെ അനുഭൂതി നിലവാരങ്ങളെ അനുകരിക്കുന്നതാണ്. കുത്തക ബ്രാൻഡുകളുടെ കോപ്പിവസ്ത്രങ്ങൾ ധരിച്ചാണ് അയാൾ നടക്കുന്നത്. മുതലാളിത്ത നിർമിതമായ ഫാഷൻ സെൻസിൽ അഭിരമിക്കുന്ന അയാൾക്ക് കുറുക്കൻ മൂലയിലെ ‘കീടങ്ങളായ' മനുഷ്യരോട് പുച്ഛം മാത്രമാണുള്ളത്.
മുതലാളിത്തം ശക്തിപ്പെടുത്തിയ പാശ്ചാത്യ കേന്ദ്രീകൃതമായ മൂല്യങ്ങൾ ജെയ്‌സന്റെ യുക്തിധാരകളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. രക്ഷപ്പെടണമെങ്കിലും ഗതി പിടിക്കണമെങ്കിലും അമേരിക്കയിൽ പോയാൽ മാത്രമേ കഴിയൂ എന്നാണ് ജെയ്‌സൺ കരുതുന്നത്. താൻ പ്രണയിക്കുന്ന ബിൻസിയെ വിവാഹം ആലോചിക്കാനുള്ള യോഗ്യത തനിക്ക് കൈവരിക അമേരിക്കയിൽ പോയാൽ മാത്രമാണെന്നും അയാൾ കരുതുന്നു. മിന്നലടിച്ച് സൂപ്പർ ഹീറോ പവർ ലഭിക്കുമ്പോഴും അത് സ്വദേശത്ത് ഉപയോഗിക്കാനല്ല, മറിച്ച് അതുപയോഗിച്ച് അമേരിക്കയിൽ പോയി സൂപ്പർ ഹീറോയാകാനാണ് ജെയ്‌സൺ ആഗ്രഹിക്കുന്നത്. മിന്നലടിച്ച ശേഷം അയാളുടെ ഉള്ളിൽ അബോധപൂർവ്വം നടക്കുന്ന സംസാരങ്ങളൊക്കെയും അമേരിക്കയിലെത്തിപ്പെടാനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ്.
ആഗോളവൽക്കരണത്തിലൂടെ മൂന്നാം ലോക മനുഷ്യരിൽ മുതലാളിത്തം സൃഷ്ടിച്ചിട്ടുള്ള മുതലാളിത്ത പാശ്ചാത്യൻ കേന്ദ്രങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും തങ്ങളുടെ വ്യക്തിത്വത്തിനുമേലുള്ള മുതലാളിത്തത്തിന്റെ സാധൂകരണത്തിനായുള്ള തീവ്രദാഹവുമാണ് ജെയ്‌സണിലുള്ളത്.
കുറുക്കൻ മൂലയിൽ ജെയ്‌സണ് മാത്രമല്ല, ഈ മുതലാളിത്ത പാശ്ചാത്യൻ ജീവിതാവബോധമുള്ളത്. കുറുക്കൻ മൂലയെന്ന ‘കുഗ്രാമത്തിൽ' നായിക ബ്രൂസിലി ബിജിയുടെ ട്രാവൽ ഏജൻസി നിലനിൽക്കെ, അനീഷ് പുതിയൊരു (ജൂഡ് ആന്റണി ജോസഫ്) ട്രാവൽ ഏജൻസി തുടങ്ങുന്നത്, അമേരിക്കയിൽ പോയാൽ മാത്രമേ ഗതി പിടിക്കൂ എന്ന ആഗോളവൽക്കരണ കാലത്തെ മുതലാളിത്ത യുക്തി പേറുന്ന വേറെയും ജെയ്‌സണുമാർ അവിടെ പൊട്ടൻഷ്യൽ ക്ലയന്റുകളായി ഉള്ളതു കൊണ്ടാണ്.
പരിഷ്കാരി യുവാവും കുഗ്രാമ ‘കീടങ്ങളും’
ജെയ്‌സണ് അമേരിക്കയിൽ പോകാനുള്ള പാസ്‌പോർട്ട് അയാളോടുള്ള വ്യക്തിവിരോധം മൂലം നിഷേധിച്ച ശേഷം എസ്.ഐ. സാജൻ ആന്റണി ( ബൈജു) പറയുന്നത്, ‘ടാ ജെയ്‌സാ, പുറത്തുപോയില്ലെങ്കിലെന്താ? ഈ നാട്ടിൽ വേറെന്തൊക്കെ പണികളുണ്ട്? ഓട വൃത്തിയാക്കാം, കക്കൂസ് കഴുകാം, ശവം കുഴിച്ചിടാം, അങ്ങനെ എന്തെല്ലാം' എന്നാണ്. പ്രാദേശികമായ ഇടങ്ങളും ജീവിത രീതികളും അന്തസുറ്റതാണെന്നും ജീവിത വിജയം മുതലാളിത്തത്തിന്റെ പടിഞ്ഞാറൻ കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുമ്പോൾ മാത്രമാണെന്നുമുള്ള മുതലാളിത്ത ആഗോളവൽക്കൃത യുക്തിയാണ് സാജനിലുള്ളത്. ആഗോളവത്ക്കൃത കാലത്ത് മുതലാളിത്തത്തിന്റെ ഉത്തുംഗ ശൃംഗങ്ങളെ പ്രാപിക്കാത്തവർ പരാജിതരാണെന്ന, അധിനിവേശ ആഗോളവത്കരണത്തിലൂടെ വീണ്ടും കോളനിവത്ക്കരിക്കപ്പെട്ട മൂന്നാം ലോക മനസ്സിന്റെ ആന്തരിക ശൂന്യതയാണ് എസ്. ഐ. സാജനിൽ പ്രവർത്തിക്കുന്നത്.
എങ്കിലും കുറുക്കൻ മൂലയുടെ ഭൂമിശാസ്ത്ര ഇടങ്ങളും തദ്ദേശീയ മൂല്യങ്ങളും പൂർണമായും മുതലാളിത്ത നിയോ ലിബറൽ യുക്തികൾക്ക് കീഴടങ്ങിയിട്ടില്ല. അതു കൊണ്ടുതന്നെ ജെയ്‌സന്റെ നിയോ ലിബറൽ മൂല്യങ്ങൾ കുറുക്കൻ മൂലയിൽ പലപ്പോഴായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗുരുതുല്യനും പിതൃതുല്യനുമായ ടൈലർ ദാസൻ അയാളുടെ സഹോദരി പുത്രിയുടെ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയയുടെ ആവശ്യത്തിന് പണം കടം ചോദിക്കുമ്പോൾ, കയ്യിൽ പണം ഉണ്ടായിരിക്കെ തന്നെ തന്റെ കയ്യിൽ പണമില്ലെന്ന് ജെയ്‌സൺ മനസ്സാക്ഷിക്കുത്തേതുമില്ലാതെ കളവുപറയുന്നുണ്ട്. പിന്നീട് പണത്തിന്റെ കാര്യത്തെ ചൊല്ലി തന്നെ ദാസനെ ജെയ്‌സൺ കയ്യേറ്റം ചെയ്യുന്നുമുണ്ട്. ജെയ്‌സന്റെ ഈ നിയോ ലിബറൽ അവനവനിസത്തെയും സ്വാർത്ഥ മത്സരബുദ്ധിയെയും സഹോദരി ജെസ്മി, ‘നിനക്ക് നിന്നോടല്ലാതെ വേറെ ആരോടെങ്കിലും ആത്മാർത്ഥയുണ്ടോ ജെയ്‌സാ' എന്നുചോദിച്ച് എതിർക്കുന്നുണ്ട്.
കുറുക്കൻ മൂലയിലെ ഭൂമിശാസ്ത്ര ഇടങ്ങളിലൂടെ സ്‌റ്റൈലായി നടക്കുന്ന ജെയ്‌സണെ പ്രാദേശിക വാസികൾ അനിഷ്ടത്തോടെ നോക്കുന്ന രംഗങ്ങൾ സിനിമയിലുണ്ട്. പരിഷ്‌ക്കാരിയായ യുവാവിനോടുള്ള കുഗ്രാമത്തിലെ ‘കീടങ്ങളുടെ' അനിഷ്ടം എന്നതിനപ്പുറം ചില മാനങ്ങൾ ഇതിനുണ്ട്. മുതലാളിത്ത നിയോ ലിബറൽ കാലത്തിനും മുമ്പെയുള്ള കാലത്തിന്റെ മൂല്യബോധങ്ങളിലും മണ്ണിലും വേരുന്നി നിൽക്കുന്ന കുറുക്കൻ മൂലയിലെ കുഗ്രാമവാസികളിൽ സഹവർത്തിത അതിജീവനത്തിന്റെയും നിസ്വാർത്ഥതയുടെയും സാമൂഹിക ബോധവും കൂട്ടായ്മാബോധവും പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക സംഘാടനത്തിന്റെ കൂട്ടുയുക്തികൾ അതിലുണ്ട്. പ്രതിനായകൻ ഷിബുവിനെ നേരിടാൻ ആ നാട് ഒന്നാകെ സംഘടിക്കുന്നത് ഈ കൂട്ടായ്മാബോധത്തിൽ നിന്നാണ്. സ്വാഭാവികമായും അവർക്ക് തന്നിലേക്കുമാത്രമൊതുങ്ങുന്ന ജെയ്‌സന്റെ നിയോ ലിബറൽ സ്വാർത്ഥ യുക്തികളോട് ചേർന്നുപോകാനാകില്ല. അതുകൊണ്ടുകൂടിയാണ് കുറുക്കൻ മൂല നിവാസികൾ ജെയ്‌സണോട് അനിഷ്ടം കാണിക്കുന്നത്. നാട്ടുകുശുമ്പുകൾക്കപ്പുറം അധിനിവേശ യുക്തികളോടുള്ള പ്രാദേശിക മൂല്യങ്ങളുടെ അബോധപൂർവമായ പ്രതികരണം കൂടിയാണത്.
തന്നിൽ ആന്തരികവത്ക്കരിക്കപ്പെട്ട നിയോ ലിബറൽ സ്വാർത്ഥതയും മത്സരബുദ്ധിയും വലിച്ചെറിഞ്ഞ്, കഥാവളർച്ചയിൽ കുറുക്കൻ മൂലയുടെ നിസ്വാർത്ഥ സേവകനായ സൂപ്പർ ഹീറോ മിന്നൽ മുരളിയായി രൂപാന്തരം പ്രാപിക്കാനുള്ള ഊർജ്ജം ജെയ്‌സൺ സാംശ്വീകരിക്കുന്നത്, സ്വജീവിതം സമൂഹത്തിനുവേണ്ടി സമർപ്പിച്ച തന്റെ പിതാവിന്റെ വീരോചിത ത്യാഗസ്മരണയിൽ നിന്നാണ്. പിതാവ് നിയോ ലിബറൽ കാലത്തിനും മുമ്പേയുള്ള മനുഷ്യനാണെന്നതും പിതാവിൽ പ്രവർത്തിക്കുന്നത് നിയോ ലിബറൽ മുതലാളിത്ത യുക്തിക്കുമുമ്പുള്ള കലർപ്പില്ലാത്ത സാമൂഹിക ബോധമാണെന്നതും ഇവിടെ ശ്രദ്ധേയമാണ്. മുതലാളിത്ത സ്വാർത്ഥ യുക്തികളിൽ നിന്ന് ജെയ്‌സണെ വിമലീകരിക്കുന്നത് തദ്ദേശീയമായ മൂല്യവിചാരങ്ങളാണ്, അയാളുടെ വേരുകളാണ്.
ലോക്കൽ ഈസ് ഇൻറർനാഷനൽ
അധീശ സ്വഭാവമുള്ള യാഥാർത്ഥ്യങ്ങളെ തലകീഴായോ പ്രച്ഛന്ന സ്വഭാവത്തിലോ അവതരിപ്പിച്ച് ആ യാഥാർത്ഥ്യങ്ങളുടെ അധീശ സ്വഭാവത്തെ അട്ടിമറിക്കുന്നത് ഉത്തരാധുനികതയിൽ ശക്തമായൊരു കലാ പ്രവണതയാണ്. ജെയ്‌സണെന്ന കഥാപാത്രത്തിനുപുറത്തുവന്ന് മിന്നൽ മുരളിയെന്ന സിനിമാരൂപത്തെ പരിഗണിക്കുമ്പോൾ, ഈ സിനിമ അത്തരമൊരു ധർമം നിറവേറ്റുന്നതായി കാണാം. ആഗോള മുതലാളിത്ത കുത്തകകളായ adidas ന്റെയും pepsi യുടെയും പ്രച്ഛന്ന രൂപങ്ങൾ abibas, pespi തുടങ്ങിയ പേരുകളിൽ കുറുക്കൻ മൂലയിലുടനീളം കാണാം. abibas ന്റെ ഡ്യൂപ്ലിക്കേറ്റാണ് adidas എന്ന് നിഷ്‌കളങ്കമായ പുച്ഛത്തോടെ ജെയ്‌സൺ പറയുന്നിടത്ത്, കുറുക്കൻ മൂലയിലൂടെ സിനിമ, മുതലാളിത്തത്തിന്റെ അധീശ അധികാരങ്ങളെ തലകീഴായി നിറുത്തി അട്ടിമറിക്കുകയാണ്. സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ അവതാരപ്പിറവിയിൽ ‘pespi' യുടെ കണ്ണട നിലത്തുവീണ് ചവിട്ടി പൊട്ടിക്കപ്പെടുന്നതും ഇവിടെ ചേർത്തുവായിക്കാവുന്ന ഒരു ഫ്രെയിമാണ്. സിനിമ അതിന്റെ രൂപപരമായ സാധ്യതകളെ സാംസ്‌കാരികമായി ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെയാണ്.
മാർവൽ സ്റ്റുഡിയോസിന്റെ മൂലധന, ഉൽപ്പാധന ശക്തികൾ ഉപയോഗിച്ച് അമേരിക്കൻ സൂപ്പർ ഹീറോകൾ ലോകമെമ്പാടുമുള്ള സൂപ്പർ വില്ലൻമാരെ ഓടി നടന്ന് തല്ലിത്തോൽപ്പിച്ച് ലോകത്തിന്റെ സകല കോണിൽ നിന്നും പണം വാരുന്ന ആഗോളവത്ക്കരണത്തിന്റെ കാലത്ത്, തികച്ചും പ്രാദേശികവും ഗ്രാമ്യവുമായ പശ്ചാത്തലത്തിൽ നിന്ന്, പ്രാദേശിക തനിമയുള്ള ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനായത് മിന്നൽ മുരളിയുടെ വിജയം തന്നെയാണ്. സൂപ്പർ ഹീറോയുടെ ജനനത്തിന് കാരണമാകുന്ന കാറ്റലിസ്റ്റിക്ക് ഇവൻറിന്റെ ശാസ്ത്രീയത, ത്രികോണ ഗ്രഹവിന്യാസമെന്ന മലയാള ശാസ്ത്ര സാങ്കേതിക സംഞ്ജ പ്രയോഗിച്ച്, ദൂരദർശൻ മലയാളം ചാനലിന്റെ ‘ശാസ്ത്രലോകം’ പരിപാടിയിലൂടെ, കുറുക്കൻ മൂലയിലെ തികച്ചും പ്രാദേശികരായ നാട്ടുകാരുടെ പൊതുമണ്ഡലത്തിൽ വിശദീരിക്കുന്ന തരത്തിൽ തികച്ചും പ്രാദേശികമാണ് ഈ സിനിമ. ഈ ഒരൊറ്റ രംഗത്തിൽ അടങ്ങിയിട്ടുള്ള അപകോളനീകരണ പ്രക്രിയയും അധിനിവേശ പ്രതിരോധ യുക്തിയും ചെറുതല്ല. ഈ പ്രാദേശികത നിലനിർത്തുമ്പോൾ തന്നെ ദേശരാഷ്ട്രങ്ങളുടെ ദേശീയവും അന്തർദേശീയവുമായ ‘സൂപ്പർ' പ്രശ്‌നങ്ങളിലേക്ക് പറന്നുചെല്ലാൻ ശേഷിയുള്ള സൂപ്പർ ഹീറോയാണ് മിന്നൽ മുരളി എന്നതും പ്രസക്തമാണ്. പാശ്ചാത്യ മുതലാളിത്തത്തിന്റെ അന്താരാഷ്ട്ര ചിത്രങ്ങൾക്ക്, മൂന്നാം ലോക സിനിമകൾക്ക് നൽകാൻ കഴിഞ്ഞേക്കാവുന്ന ‘Local is International' എന്ന മറുപടി സാർത്ഥകമാക്കുകയാണ് ഈ സിനിമ.
മുതലാളിത്ത സിനിമാ വ്യവസ്ഥക്കകത്തുനിന്നുകൊണ്ടുതന്നെ ഈ തരത്തിലെല്ലാം മുതലാളിത്തത്തിന്റെയും നിയോ ലിബറൽ മൂല്യങ്ങളുടെയും ഭൂതബാധകളോട് കലഹിക്കുകയും സംവദിക്കുകയും ചെയ്ത ഈ സിനിമ, കുറുക്കൻ മൂലയുടെ സാമൂഹിക സംഘാടനത്തെയും കൂട്ടായ്മാബോധത്തെയും വരച്ചുകാട്ടുന്ന ഈ സിനിമ, മുതലാളിത്തം എക്കാലത്തും ഭയന്നിട്ടുള്ള മാനുഷിക കൂട്ടായ്മയുടെ ഇടങ്ങളിലൊന്നായ തിയ്യേറ്ററിലൂടെയല്ല, മറിച്ച് പ്‌ളാറ്റ് ഫോം മുതലാളിത്തത്തിന്റെയും ആത്മസങ്കുചിതത്തിന്റെയും അവനവനിസത്തിന്റെയും ഇടമായ ഒ.ടി.ടിയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. കോവിഡ് വൈറസിനിടക്ക് മുതലാളിത്തതിന് സാധ്യമായ പലതരം സോഷ്യൽ എഞ്ചിനീയറിങ്ങുകളുടെ കൂടെ ചേർത്തുവായിക്കേണ്ട വസ്തുതയാണിതും.
ഈ സിനിമക്ക് സാധ്യമായേക്കാവുന്ന തുടർച്ചകളിലൂടെ മുതലാളിത്തത്തിന്റെ തുടർച്ചകളോട് തുടർന്നും മിന്നൽ മുരളി കലഹിക്കുമോ എന്ന ചോദ്യം ബാക്കി.
കാലമാണ് മറുപടി.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.