മലയാള സിനിമാ ചരിത്രത്തിൽ പാർവതി തിരുവോത്തിനോളം വ്യാപ്തിയിൽ ഒറ്റപ്പെടുത്തലും, ഹേറ്റ് ക്യാമ്പയിനും നേരിട്ട, അതിജീവിച്ച മറ്റൊരു അഭിനേതാവ് ഉണ്ടാകില്ല! പൃഥ്വിരാജ്, മമ്മൂട്ടി അടക്കമുള്ളവർ പഴി കേട്ടത് ആശയപരമായി ഏതെങ്കിലുമൊരു രാഷ്ട്രീയചേരിയുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചതിനാൽ ആണെങ്കിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാർവതി നേരിട്ട, നേരിടുന്ന ആക്ഷേപങ്ങൾക്കും, മനഃപൂർവമായ അവഗണിക്കലുകൾക്കും കാരണം അവർ പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മിനക്കെട്ടു എന്നതിനാലാണ്.
അതോടെ ഇന്നാട്ടിലെ പുരുഷകേസരികൾ എമ്പാടും പാർട്ടി - മത - ജാതി ഭേദം എല്ലാം മറന്നു അവർക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നു. 'ഒരു കഷ്ണം വറുത്ത മീൻ ' ആണ് റിമയുടെ കരിയറിൽ കാര്യമായ പരിക്കുകൾ സമ്മാനിച്ചത് എങ്കിൽ 2017-ലെ ഒരു മാധ്യമ ചർച്ചയിൽ 'സേ ഇറ്റ്' എന്ന ഒരു കുറിയ വാചകത്തിനു മറുപടിയെന്ന വണ്ണം പാർവതി ഉച്ചരിച്ച ഒരു പേരിലൂടെയാണ് അവർ മലയാളി പുരുഷകുലത്തിനു മൊത്തം അനഭിമതയായി മാറിയത്. ആ പേരിനുടമ അവർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ പിന്നീട് മുന്നോട്ട് വന്നിട്ട് പോലും ഞാൻ അടങ്ങുന്ന മലയാളി പുരുഷന്മാർക്ക് അഹങ്കാരിയും തന്റേടിയുമായി പാർവതി തുടർന്നു. അവരുടെ മുഖം സ്‌ക്രീനിൽ വരുമ്പോഴൊക്കെ പരമാവധി ഉച്ചത്തിൽ ഞങ്ങൾ കൂവിയാർത്തു… അവരുടെ പ്രൊഫൈലിലെ പോസ്റ്റുകളിൽ മൂർച്ചയുള്ള വാക്കുകൾ കൊക്കിശർദിച്ചു. 'ഫെമിനിച്ചി' എന്ന പരിഹാസത്തിലൂടെ അവർ ലിംഗ വൈവിധ്യത്തെയും, തൊഴിലിടങ്ങളിലെ തുല്യനീതിയേയും പറ്റി പറഞ്ഞ കാമ്പുള്ള വാദങ്ങൾ കണ്ടില്ലെന്ന് നടിച്ചു. മലയാളത്തിൽ പാർവതിയുടെ സമപ്രായക്കാരായ പെൺ നായികമാരിൽ അവരോളം അഭിനയ ശേഷിയുള്ളവർ വിരളമാണ്. അപ്പോഴും ഉയർത്തിപ്പിടിച്ച നിലപാടുകളുടെ പേരിൽ പാർവതി എന്ന കലാകാരി ജീവനോടെയുണ്ടോ എന്നുപോലും അന്വേഷിക്കാൻ മിനക്കെടാതെ പടം പിടിക്കുന്ന തിരക്കിലായിരുന്നു മലയാള സിനിമ.
2020 ലാണ് A.M.M.A യിലെ അംഗത്വം പാർവതി രാജിവയ്ക്കുന്നത്. ഇക്കഴിഞ്ഞ മാസം ആ സംവിധാനത്തിലേയ്ക്ക് ഇനി ഒരു തിരിച്ചു പോക്കില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ താര സംഘടനയുടെ ഭാഗം ആവാതെയാണ് കഴിഞ്ഞ ആറു കൊല്ലം അവർ ഈ ഇൻഡസ്ട്രിയിൽ തൊഴിൽ എടുത്തത് എന്ന് ചുരുക്കം. ഇക്കാലയളവിൽ ‘ഉള്ളൊഴുക്ക്’, ‘ഉയരെ’, ‘പുഴു’ എന്നിങ്ങനെ തീട്ടൂരങ്ങളും കണ്ണുരുട്ടലുകളും താണ്ടി തന്നിലേയ്ക്ക് എത്തിയിരുന്ന ചുരുക്കം അവസരങ്ങളെ പരമാവധി മികച്ച രീതിയിൽ സ്ക്രീനിൽ കൊണ്ടു വരാനും അവർക്ക് കഴിഞ്ഞിരുന്നു. അപ്പോഴും കലാപരമായും രാഷ്ട്രീയപരമായും മികവുള്ള, മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ ഒരു 'പാർവതിപ്പടം' അവർക്ക് അന്യമായിരുന്നു.

നീണ്ട കാത്തിരിപ്പിനാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഒടുക്കം കുറിക്കുന്നത്. ഇതൊരു പാർവതിപ്പടമാണ്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ അവരുടെ ആദ്യ സോളോ ഹിറ്റ്. പോലീസിനെപ്പോലെ ആണുടലുകൾ പരമാവധി ആഘോഷിക്കപ്പെടുന്ന ഒരു സംവിധാനത്തിന്റെ ഉള്ളിൽ നടക്കുന്ന കഥ പക്ഷേ മുന്നോട്ട് കൊണ്ടുപോകുന്നത് പാർവതിയുടെ അലീന എന്ന സിവിൽ പോലിസ് ഓഫീസറാണ്. ഭർത്താവിന്റെ മരണത്തിന് നഷ്ട പരിഹാരമെന്ന വണ്ണം ലഭിക്കുന്ന കാക്കി, അത് ശരീരത്തിന്റെ ഭാഗമായി മാറിയതിനു തൊട്ടുപിന്നാലെ തന്നെ തലയിൽ ചുമക്കേണ്ടി വരുന്ന ഒരു കുറ്റകൃത്യം. മനഃപൂർവം അല്ലാതെ, സ്വയം പ്രതിരോധത്തിനിടെ ചെയ്യേണ്ടിവന്ന ആ ക്രൈമിൽ നിന്നും ശിക്ഷാനടപടികളിൽ നിന്നും തന്നെയും എ.എസ്. ഐ ദാസൻ, ഡ്രൈവർ ശ്രീനാഥ്, സ്റ്റേഷൻ പാറാവ് ദിവ്യ എന്നീ സഹപ്രവർത്തകരെയും രക്ഷിച്ചെടുക്കുന്നതും ഒരുമിച്ചു പോരാടാൻ പ്രേരിപ്പിക്കുന്നതും അലീനയാണ്. അതിന് അവൾക്ക് അവളുടേത് ആയ ബലമുള്ള ഒരു ന്യായീകരണം ഉണ്ട് താനും.
ആ ക്രൈം അന്വേഷിച്ച് എത്തുന്ന വിജയരാഘവന്റെ ഡി.വൈ.എസ്.പി ഹാരിസ് ബീരാനും, അലീനയും തമ്മിൽ നടത്തുന്ന കാറ്റ് & മൗസ് ഗെയിമാണ് പിന്നീട് സിനിമ. വിജേഷ് തോട്ടിങ്ങലിനൊപ്പം PS സുബ്രഹ്മണ്യൻ എന്ന പോലീസുകാരൻ കൂടി രചനയിൽ പങ്കാളിയായത് ചില ലോജിക്കൽ പോരായ്മകൾക്ക് ഇടയിലും തിരക്കഥയ്ക്ക് സാമാന്യം കെട്ടുറപ്പ് നൽകുന്നുണ്ട്. സർവീസിൽ ഇരുന്ന ഒരാളുടെ അനുഭവങ്ങളുടെ നിഴൽ. കുറ്റവാളി ആരെന്നു തുടക്കത്തിലേ തന്നെ വെളിപ്പെടുത്തുന്ന ഴോണറുകളിൽ പെട്ട സിനിമകളുടെ ഏറ്റവും വലിയ ബാധ്യത അവർ പിടിക്കപ്പെടുമോ? എന്ന ആധി സിനിമയുടെ അന്ത്യത്തോളം പ്രേക്ഷകർക്ക് സമ്മാനിക്കണം എന്നതാണ്. പ്രധാന കഥാപാത്രങ്ങൾ ആണ് കുറ്റം ചെയ്യുന്നത് എങ്കിൽ ഈ ഉത്തരവാദിത്തതിന്റെ ഭാരം കൂടുകയും ചെയ്യും. അങ്ങനെ നോക്കിയാൽ ചിത്രം സംതൃപ്തി നൽകുന്നുണ്ട്.

കാസ്റ്റിംഗിൽ ഏറ്റവും മികച്ചു നിന്നത് പാർവതി, വിജയരാഘവൻ എന്നിവരാണ്. തന്റെ സർവീസിലും താഴെ മാത്രം പ്രായമുള്ള ഒരു പ്രതിയോട് പരാജയപ്പെടുന്നതിലെ ഹാരിസ് ബീരാന്റെ അമർഷവും എങ്ങനെയും വിജയിക്കണമെന്ന വാശിയും കുറ്റം തെളിയിക്കാനുള്ള കൂർമതയും വിജയരാഘവൻ വളരെ അനായാസം ചെയ്തു വെച്ചിട്ടുണ്ട്. 'എൻ. എൻ പിള്ളയുടെ മകനായി ജനിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുന്ന അദ്ദേഹത്തെ പോലെ ഒരു സീസൺഡ് ആക്ടറിനെ സംബന്ധിച്ചിടത്തോളം ഒരു കേയ്ക്ക് വാക്ക് ആണ് ഹാരിസ് ബീരാൻ. അസീസ് നെടുമങ്ങാടിന്റെ കരിയറിലെ ഒരു മികച്ച വേഷമാണ് സിനിമയിലെ SI സേവ്യർ. തുടക്കാരൻ ആയ ശ്രീനാഥ് എന്ന പോലീസുകാരന്റെ പകപ്പും, അറിയാതെ അയാളിൽ നിന്നു വന്നു പോകുന്ന പിഴവുകളും മാത്യു തെറ്റില്ലാതെ ചെയ്തിട്ടുണ്ട്.
സിദ്ധാർഥ് ഭരതനും തന്റെ റോൾ നന്നായി ചെയ്തു. പക്ഷേ, പടം ആദ്യ ഷോട്ട് മുതൽ ഷോൾഡർ ചെയ്യുന്നത് പാർവതി ഒറ്റയ്ക്കാണ്. വൈകാരിക രംഗങ്ങളിൽ അടക്കം അവർ നന്നായി അഭിനയിച്ചിട്ടുമുണ്ട്. എഴുതപ്പെട്ട നിയമത്തിന്റെ മുൻപിൽ കുറ്റക്കാരിയായ തന്നെ പിടിയ്ക്കാൻ ശ്രമിക്കുന്ന ഹാരിസ് ബീരാനിൽ നിന്നും അയാളുടെ തന്നെ പുസ്തകം വായിച്ചറിഞ്ഞ അറിവിന്റെ ബലത്തിൽ രക്ഷപെടാൻ ശ്രമിക്കുന്ന അലീന പാർവതിയിൽ ഭദ്രമായിരുന്നു.
എടുത്തു പറയേണ്ട മറ്റൊരു വിഭാഗം സിനിമയുടെ സാങ്കേതിക വശമാണ്. ഈ സിനിമ തിയേറ്ററിൽ തന്നെ കാണണം എന്ന് രണ്ടാമത് ഒരാളോട് പറയാൻ പ്രേരിപ്പിക്കുന്ന അത്ര മികച്ചതാണ് ടെക്നിക്കൽ ക്വാളിറ്റി. കൈത്തഴക്കം വന്ന ഒരു സിനിമറ്റോഗ്രഫറിന്റെ ഒപ്പ് പതിഞ്ഞവയായിരുന്നു റോബി വർഗീസ് രാജിന്റെ ഷോട്ടുകൾ. സിനിമയുടെ മൂഡ് ആദ്യാവസാനം നിലനിർത്തുന്നതിൽ മുജീബ് മജീദിന്റെ സംഗീതം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ട്വിസ്റ്റുകൾ വെളിപ്പെട്ടുവരുന്ന സമയങ്ങളിൽ അയാൾ നൽകിയ സ്കോറുകൾ. ചമൻ ചാക്കോയുടെ കഥയുടെ മർമ്മം അറിഞ്ഞുള്ള എഡിറ്റിങ്ങും ഇനിയെന്ത് എന്ന പിരിമുറുക്കം സമ്മാനിക്കുന്നുണ്ട് സിനിമയിൽ ഉടനീളം. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്ന തന്റെ രണ്ടു മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ ചെയ്യാനുള്ള തീരുമാനത്തോട് സംവിധായകൻ ഷഹദ് നിലമ്പൂർ നീതി പുലർത്തിയിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ത്രില്ലർ സിനിമകളിൽ മികച്ച അനുഭവം ആണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'.

പ്രിയപ്പെട്ട പ്രേക്ഷകരേ,
മലയാള സിനിമയിൽ നിലവിൽ നിലപാട് കൊണ്ടും അഭിനയം കൊണ്ടും മികച്ചതാര്?
എന്ന് ആരെങ്കിലും ചോദിച്ചാൽ,
പ്ലീസ് സേ ഇറ്റ്...
സേ ഇറ്റ്...
It's പാർവതി തിരുവോത്ത്.
നമ്മുടെ നാട്ടിലെ അനീതികൾക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ അത്രയും നഷ്ടങ്ങൾ അവർ സഹിച്ചിട്ടുണ്ട്. എന്നിട്ടും അവർ പൊരുതുകയാണ്. ഇക്കുറി ആ പോരാട്ടം അലീനയിലൂടെ ആണെന്ന് മാത്രം…

