ഷാഹീൻ അകേൽ

The Substance,
ബോഡി ഹൊററിന്റെ
മാസ്റ്റർ വർക്ക്

വാർദ്ധക്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയകളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ സ്വത്വ-അനിശ്ചിതത്വങ്ങളെ മുൻനിർത്തി, ആത്മവും ശരീരവും തമ്മിലുള്ള ഭയാനകമായ വൈരുധ്യങ്ങളെ ആഴത്തിൽ ആലേഖനം ചെയ്യുന്ന ബോഡി- ഹൊറർ സിനിമയാണ് കോറലി ഫാർഗെറ്റിന്റെ ദി സബ്‌സ്റ്റൻസ് (The Substance, Coralie Fargeat, 2024).

ഒരു സ്ത്രീയുടെ മൂല്യത്തെ അവളുടെ ശാരീരിക പൂർണ്ണതയുമായി തുലനം ചെയ്യുന്ന ലാവണ്യ വ്യവഹാരത്തിൽ നിന്ന് തന്റെ യൗവ്വനാന്തരം പടിയിറങ്ങേണ്ടിവരുന്ന ടെലിവിഷൻ താരമായ എലിസബത്ത് സ്പാർക്കിളിനെ (ഡെമി മൂർ) ചുറ്റിപ്പറ്റിയാണ് സിനിമയുടെ ആഖ്യാനം. ദി സബ്‌സ്റ്റൻസ്’ എന്ന ശീർഷകത്തിലൂടെയും, പിന്നീട് ശാരീരിക പരിവർത്തനത്തിന്റെ ഭീകരതയിലേക്കുള്ള എലിസബത്തിന്റെ യാത്രയിലൂടെയും ഈ സിനിമ പ്രേക്ഷകർക്ക് മുൻപിൽ വിഭാവനം ചെയ്യുന്നത് ഭയാനകതയുടെ ഏറ്റവും നിർവികാരമായ അവസ്ഥയാകുന്നു- അത് വാർദ്ധക്യജീവിതത്തിന്റെ ഒരു പ്രത്യേക ഫലത്തെക്കുറിച്ചുള്ള ഭയമല്ല, മറിച്ച് സ്വയം തിരിച്ചറിയാൻ സാധിക്കാത്ത, താൻ അല്ലാത്ത, ഒന്നായി സ്വയം പരിവർത്തനപ്പെടുന്നതിലൂടെയുള്ള അസ്തിത്വപരമായ ഭയമാകുന്നു. അത് ദ്രവിച്ചുകൊണ്ടിരിക്കുന്ന തന്റെ ആന്തരിക രൂപത്തോട് ബന്ധിതമായിത്തീരുന്ന സ്വത്വത്തിന്റെ ധർമസങ്കടമായിതീരുന്നു.

ദി സബ്‌സ്റ്റൻസി’ൽ, ശരീരത്തിന്റെ അപചയം കേവലം സൗന്ദര്യവർദ്ധക ആശങ്കയല്ല, മറിച്ച് അസ്തിത്വപരമായ ഭീതിയുടെ ഉറവിടമാണ്.
ദി സബ്‌സ്റ്റൻസി’ൽ, ശരീരത്തിന്റെ അപചയം കേവലം സൗന്ദര്യവർദ്ധക ആശങ്കയല്ല, മറിച്ച് അസ്തിത്വപരമായ ഭീതിയുടെ ഉറവിടമാണ്.

'ദി സബ്‌സ്റ്റൻസി’ൽ, ശരീരത്തിന്റെ അപചയം കേവലം സൗന്ദര്യവർദ്ധക ആശങ്കയല്ല, മറിച്ച് അസ്തിത്വപരമായ ഭീതിയുടെ ഉറവിടമാണ്. തന്നെ യൗവ്വനത്തിലേക്ക് നയിക്കാൻ ശേഷിയുള്ള ഒരു തിളങ്ങുന്ന പച്ചദ്രാവകം ശരീരത്തിൽ കുത്തിവയ്ക്കുന്നതിനുള്ള എലിസബത്തിന്റെ പ്രാരംഭ പ്രവർത്തനം പിന്നീട് അവളുടെ ശരീരത്തെ തന്നെ അവൾക്ക് അന്യമാക്കുന്ന പരിവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്ക് കാരണമാകുന്നു. എലിസബത്തിന്റെ പിളർന്ന നട്ടെല്ലിൽ നിന്ന് സ്യൂയുടെ (മാർഗരറ്റ് ക്വാലി) പിറവി കൊള്ളൽ, ശേഷം 'തന്റെ' ശരീരത്തിന്റെ പുറം മുറിവ് തുന്നിക്കെട്ടൽ, ആ അപരശരീരത്തിന്റെ നട്ടെല്ലിൽ നിന്ന് യൗവ്വന- ദ്രാവകത്തിന്റെ വിചിത്രമായ വേർതിരിച്ചെടുക്കൽ - ഇവയെല്ലാം സിനിമയുടെ ഏറ്റവും വിചിത്രമായ അസ്വാസ്ഥ്യകരമായ നിമിഷങ്ങളാകുന്നതോടൊപ്പം, ശാരീരിക അതിരുകളുടെ ദുർബലതയെ അഭിമുഖീകരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ സ്വത്വം ആക്രമിക്കപ്പെടുകയോ അസ്ഥിരപ്പെടുത്തും വിധം, തങ്ങൾക്കുപോലും തിരിച്ചറിയാനാകാത്ത വിധം മാറ്റപ്പെടുത്തുകയും ചെയ്യാം എന്ന ധാരണയിൽ നിന്നാണ് ഭീകരത (horror) ഉടലെടുക്കുന്നത് എന്ന അമേരിക്കൻ തത്വചിന്തകനായ സ്റ്റാൻലി കാവലിന്റെ വാദത്തെ ഈ രംഗങ്ങൾ അക്ഷരാർത്ഥത്തിലാക്കുന്നു.

യഥാർത്ഥ ഭയാനകം എന്നത് സ്‌ക്രീനിലെ വിചിത്രമായ അന്വേഷണങ്ങളിലല്ല, മറിച്ച് അവർ പ്രതിഫലിപ്പിക്കുന്ന വളരെ പരിചിതമായ സാമൂഹിക ചലനാത്മകതയിലാണ് എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് സിനിമ പ്രേക്ഷകർക്കുമുന്നിൽ അവശേഷിപ്പിക്കുന്നു.

വാർദ്ധക്യത്തെ സംബന്ധിച്ചുള്ള സിമോൺ ഡി ബുവെയുടെ നിർവചനം; ‘ആ കണ്ണാടിയുടെ ആഴങ്ങളിൽ, വാർദ്ധക്യം എന്നെ നിരീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു’ - തന്റെ പ്രതിഫലനവുമായുള്ള എലിസബത്തിന്റെ സമ്പർക്കങ്ങളിലൂടെ അർത്ഥപൂർണ്ണമായിത്തീരുന്നു. അവളുടെ കണ്ണാടി തന്റെ പ്രതിബിംബവുമായുള്ള അവളുടെ ഏറ്റുമുട്ടലിന്റെ യുദ്ധഭൂമിയായി മാറുന്നു. അവിടെ എലിസബത്ത് തന്റെ സ്വത്വത്തെ സംബന്ധിക്കുന്ന അവളുടെ മാനസിക പ്രതിച്ഛായയും, സ്വന്തം ശരീരത്തിന്റെ തളർന്ന് ജീർണിക്കുന്ന യാഥാർത്ഥ്യവും തമ്മിലുള്ള വിയോജിപ്പ് മനസ്സിലാക്കുന്നു. പ്രകൃത്യാതീതവും, സാമൂഹ്യസ്വീകാര്യതയുമുള്ള സൗന്ദര്യം ആ ശരീരം ഉൾക്കൊണ്ടിരുന്നുവെങ്കിൽ പോലും അതിന്റെ തുച്ഛമായ അപൂർണതകളെക്കുറിച്ചുള്ള അമിതാവബോധം അവളുടെ ശരീരത്തെ ശാശ്വതമായ ഭയത്തിന്റെ ഉറവിടമാക്കി മാറ്റുന്നു. ആ മൂർത്തമായ സ്വത്വത്തിന്റെ നിശ്ചലമായ ദൃശ്യവും, മാംസത്തിന്റെ പുതലിപ്പും തമ്മിലുള്ള ഈ വിഘടനവിടവിലാണ് സിനിമയുടെ ഭീകരത നിലകൊള്ളുന്നത്.

തന്റെ പ്രതിഫലനവുമായുള്ള എലിസബത്തിന്റെ സമ്പർക്കങ്ങളിലൂടെ അർത്ഥപൂർണ്ണമായിത്തീരുന്നു. അവളുടെ കണ്ണാടി തന്റെ പ്രതിബിംബവുമായുള്ള അവളുടെ ഏറ്റുമുട്ടലിന്റെ യുദ്ധഭൂമിയായി മാറുന്നു.
തന്റെ പ്രതിഫലനവുമായുള്ള എലിസബത്തിന്റെ സമ്പർക്കങ്ങളിലൂടെ അർത്ഥപൂർണ്ണമായിത്തീരുന്നു. അവളുടെ കണ്ണാടി തന്റെ പ്രതിബിംബവുമായുള്ള അവളുടെ ഏറ്റുമുട്ടലിന്റെ യുദ്ധഭൂമിയായി മാറുന്നു.

'ദി സബ്സ്റ്റൻസി’ലെ പ്രായമാകൽ പ്രക്രിയ മൃദുലമായ അധഃപതനമായല്ല, മറിച്ച് അക്രമാസക്തവും വിചിത്രവുമായ ബന്ധനമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എലിസബത്തിന്റെ വാർദ്ധക്യത്തെ അടയാളപ്പെടുത്തുന്നത് സൂക്ഷ്മമായ മാറ്റങ്ങളാലല്ല, പകരം ആക്രമണാത്മകവും അതിശയോക്തിപരവുമായ ഭീകരതകളാലാകുന്നു: യൗവ്വനം നിറഞ്ഞ കൈയിൽ നിന്ന് മുളയ്ക്കുന്ന ഒരു ഉണങ്ങിയ ക്രോൺ വിരൽ, കുനിഞ്ഞ നട്ടെല്ല്, വെരിക്കോസ് സിരകൾ എന്നിവയെല്ലാം സിനിമയിൽ ഭീതിയുടെ പ്രതീകങ്ങളാകുന്നു. പ്രായമാകുന്ന ശരീരം മുഴക്കുന്ന വ്യർഥമായ കലാപത്തിന്റെ ഭീകരത, അവളുടെ ഐഡൻ്റിറ്റി വീണ്ടെടുക്കാനുള്ള എലിസബത്തിന്റെ ശ്രമങ്ങൾ കൂടുതൽ നിരാശാജനകമാകുമ്പോൾ അവയെ അതുല്യമായ ഭീകരതയോടെ സിനിമ പകർത്തിവെയ്ക്കുന്നു.

എലിസബത്തിന്റെ ശരീരം അവൾക്ക് രക്ഷപ്പെടാനോ പൂർണ്ണമായും താമസിക്കാനോ കഴിയാത്ത തടവറയായി ക്രമേണ മാറിത്തീരുന്നതിനാൽ അവ മനുഷ്യസ്വത്വത്തിന്റെ അനാവരണം പ്രതീകപ്പെടുത്തുന്നു. വാർദ്ധക്യത്തിന്റെ ഈ അനാവരണം എലിസബത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട സാമൂഹിക പ്രതീക്ഷകൾക്ക് സമാന്തരമാണ്. വിനോദ വ്യവസായത്തിൽ നിന്ന് തന്റെ 50-ാം വയസ്സിൽ പുറത്താക്കപ്പെടുന്നിടത്തുനിന്നാണ് സ്യൂ എന്ന തന്റെ നവയൗവ്വന-ശരീരം ഉൾക്കൊള്ളുന്ന അസാധ്യമായ പൂർണത തേടാൻ അവളെ പ്രേരിപ്പിക്കുന്നത്. എന്നാൽ സ്യൂവിന്റെ ചൈതന്യവും യൗവ്വനവും നിലനിർത്താൻ സ്വന്തം (എലിസബത്തിന്റെ) ശരീരത്തിൽ നിന്നുതന്നെയുള്ള ജീവദ്രാവകം അവൾക്ക് ഉപയോഗപ്പെടുത്തേണ്ടിവരികയും, ഇത് ക്രമേണ ആ ശരീരത്തെ വറ്റിച്ചുകളയുകയും ചെയ്യുന്നു. ദ്വിശരീരങ്ങൾക്കിടയിൽ ഒരേ സ്വത്വം നടത്തുന്ന ഈ കൊടുക്കൽ വാങ്ങൽ പ്രക്രിയയിലൂടെ സിനിമ മനുഷ്യന്റെ ‘സ്വത്വഭോജി’ സ്വഭാവവും വെളിപ്പെടുത്തുന്നു.

എലിസബത്തിന്റെ സ്യൂവിലേക്കുള്ള രൂപാന്തരവും, എലിസബത്തിന്റെ ശരീരത്തിലേക്കുള്ള സ്യൂവിന്റെ പരാദഭോഗവും, സ്ത്രീകളുടെ യൗവനത്തെയും ചൈതന്യത്തെയും ദഹിപ്പിക്കുന്ന ഒരു സംസ്കാരത്തിന്റെ രൂപകങ്ങളായി മാറുന്നു.

എലിസബത്തിന്റെ പൂർണ്ണമായ വിഘടനത്തിന്റെ ചെലവിലാണ് സ്യൂവിന്റെ തരളിതത്വം പിറവി കൊള്ളുന്നത്. സ്യൂയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു മാംസച്ചരക്ക് മാത്രമായി എലിസബത്ത് ചുരുങ്ങപ്പെടുന്ന ചിത്രത്തിന്റെ കഥാന്ത്യം സ്റ്റാൻലി കാവലിന്റെ ഭയാനക സ്വത്വത്തിന്റെ ധാരണയെ പ്രതീകപ്പെടുത്തുന്നു. എലിസബത്തിന്റെ ശരീരം, ഒരിക്കൽ അവളുടെ കർതൃത്വത്തിന്റെയും അംഗീകാരത്തിന്റെയും മാർഗമായിരുന്നുവെങ്കിൽ ഒടുവിൽ അതൊരു നികൃഷ്ടമായ പുറംതോടും, തകർച്ചയുടെ അനിവാര്യതയെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തൽ മാത്രമായും പരിവർത്തനപ്പെടുന്നു. ആ മാംസത്തോടിനോടുള്ള പ്രേക്ഷകരുടെ വെറുപ്പും ഭയവും വർധിപ്പിക്കുന്നത് ശക്തമായ ഇമേജറിയുടെ ഉല്ലേഖനത്തിലൂടെയാകുന്നു: ഒലിച്ചിറങ്ങുന്ന മാംസം, ചോർന്നൊലിക്കുന്ന കുടൽ, സ്ഥാനം തെറ്റിയ ശരീരാവയവങ്ങൾ, അറപ്പിക്കുന്ന ആന്തരികദ്രാവകങ്ങൾ. എന്നിരുന്നാലും സിനിമയുടെ യഥാർത്ഥമായ അസ്തിത്വഭീകരത നിലയുറപ്പിക്കുന്നത് എലിസബത്തിന്റെ ജീർണിച്ച രൂപത്തിൽ നിന്ന് അവളുടെ ഐഡൻ്റിറ്റിയുടെ കെട്ടുറപ്പ് നിർത്താനുള്ള അവളുടെ പരിശ്രമങ്ങളിലും, നിസ്സഹായതയിലും ഊന്നിയ അചഞ്ചലമായ ചിത്രീകരണത്തിലാകുന്നു.

വാർദ്ധക്യത്തിന്റെ വ്യക്തിഗത ഭീകരതയ്‌ക്കപ്പുറം വർധിച്ചുവരുന്ന സാമൂഹിക സൗന്ദര്യ സങ്കൽപ്പങ്ങളെ കൂടി ‘ദ സബ്‌സ്റ്റൻസ്’ വിമർശനവിധേയമാക്കുന്നു.
വാർദ്ധക്യത്തിന്റെ വ്യക്തിഗത ഭീകരതയ്‌ക്കപ്പുറം വർധിച്ചുവരുന്ന സാമൂഹിക സൗന്ദര്യ സങ്കൽപ്പങ്ങളെ കൂടി ‘ദ സബ്‌സ്റ്റൻസ്’ വിമർശനവിധേയമാക്കുന്നു.

വാർദ്ധക്യത്തിന്റെ വ്യക്തിഗത ഭീകരതയ്‌ക്കപ്പുറം വർധിച്ചുവരുന്ന സാമൂഹിക സൗന്ദര്യ സങ്കൽപ്പങ്ങളെ കൂടി ‘ദ സബ്‌സ്റ്റൻസ്’ വിമർശനവിധേയമാക്കുന്നു. സിനിമയുടെ അമിത-യാഥാർത്ഥ സൗന്ദര്യാത്മകത, അതിന്റെ വർധിത രത്‌ന- നിറമുള്ള ലൈറ്റിംഗ്, അതിഗംഭീരമായ അതിശയോക്തി കലർന്ന ശബ്‌ദ രൂപകൽപ്പന എന്നിവയെല്ലാം സ്ത്രീ-സൗന്ദര്യ വിനോദ വ്യവസായത്തിന്റെ അശ്രാന്തമായ ചരക്കിനെ പ്രതിഫലിപ്പിക്കുന്നു. എലിസബത്തിന്റെ സ്യൂവിലേക്കുള്ള രൂപാന്തരവും, എലിസബത്തിന്റെ ശരീരത്തിലേക്കുള്ള സ്യൂവിന്റെ പരാദഭോഗവും, സ്ത്രീകളുടെ യൗവനത്തെയും ചൈതന്യത്തെയും ദഹിപ്പിക്കുന്ന ഒരു സംസ്കാരത്തിന്റെ രൂപകങ്ങളായി മാറുന്നു. അവരുടെ പ്രയോജനം തീർത്തും യൗവന-സൗന്ദര്യത്തിലധിഷ്ഠിതമാക്കുകയും, യൗവ്വനാനന്തരം ചീഞ്ഞഴുകിപ്പോകുന്ന മാംസക്കട്ടകളായി അവരെ നിരൂപിക്കുകയും ചെയ്യുന്ന സാമൂഹിക സൗന്ദര്യ പ്രത്യയശാസ്ത്രത്തെ ഈ ചിത്രം തത്വചിന്താപരമായി വിമർശനവിധേയമാക്കുന്നു. അതിന്റെ അവസാന ഘട്ടത്തിൽ, സിനിമ ഈ വിമർശനത്തെ അതിന്റെ പരിധികൾക്കപ്പുറത്തേക്ക് തള്ളിവിടുന്നു. എലിസബത്തിന്റെ സ്വത്വം പേറുന്ന 'ഭീകരസത്വം' ഒടുവിൽ സ്യൂവിനെയും, അവളെ ചൂഷണവിധേയമാക്കിയ ഒരു പ്രേക്ഷകസമൂഹത്തെയും നേരിടാൻ ഉയർന്നുവരുമ്പോൾ അവിടെ കാഴ്ചക്കാരുടെ ‘സ്വത്വബോധവും’ എലിസബത്തിന്റെ ‘സത്വരൂപവും’ തമ്മിലുള്ള അതിരുകൾ പൂർണ്ണമായും തകരുന്നു. ഈ തകർച്ച, പരമ്പരാഗതമായി നമ്മൾ കണ്ടുവരുന്ന ഹൊറർ സിനിമകളിൽനിന്ന് വിരുദ്ധമായി, പ്രേക്ഷകരുടെ ശരീരത്തെ അവർക്കുമുന്നിൽ ഭീകരതയുടെ പ്രതിരൂപമായി അവതരിപ്പിക്കുന്നതിലൂടെയാകുന്നു. ഒടുവിൽ യഥാർത്ഥ ഭയാനകം എന്നത് സ്‌ക്രീനിലെ വിചിത്രമായ അന്വേഷണങ്ങളിലല്ല, മറിച്ച് അവർ പ്രതിഫലിപ്പിക്കുന്ന വളരെ പരിചിതമായ സാമൂഹിക ചലനാത്മകതയിലാണ് എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് സിനിമ പ്രേക്ഷകർക്കുമുന്നിൽ അവശേഷിപ്പിക്കുന്നു.

അതിനാൽ തന്നെ പ്രായമാകുന്ന ശരീരത്തെ ഭീകരതയുടെ കേന്ദ്രസ്ഥാനമായി അവതരിപ്പിക്കുന്ന ബോഡി- ഹൊററിന്റെ മാസ്റ്റർ വർക്കാണ് 'ദി സബ്സ്റ്റൻസ്' എന്ന് നിസ്സംശയം പറയാം. വാർദ്ധക്യത്തിന്റെ ഭീകരത ശരീരത്തിന്റെ ജീർണ്ണതയിൽ മാത്രമല്ല, അതിനെ നിഷേധിക്കുന്നതിലുള്ള സാംസ്കാരിക അഭിനിവേശത്തിലുമാണ് എന്നതിന്റെ തീവ്രമായ ഓർമപ്പെടുത്തൽ കൂടിയാകുന്നു കോറലി ഫാർഗേറ്റിന്റെ ഈ സിനിമ.

Comments