കമ്യൂണിസ്റ്റ് പച്ച, കണ്ടം ക്രിക്കറ്റിലൂടെ രാഷ്ട്രീയം പറയുന്ന സറ്റയറിക്കൽ കോമഡി

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അനേകം സിനിമകൾ മലയാളത്തിലുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി മുസ്ലിം ന്യൂനപക്ഷത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ഒരു സറ്റയറിക്കൽ കോമഡിയാണ് 'കമ്യൂണിസ്റ്റ് പച്ച' എന്ന് പറയാം - മുജീബ് റഹ്​മാൻ കിനാലൂർ എഴുതുന്നു.

ണ്ടം ക്രിക്കറ്റ് കളിയുടെ ജയപരാജയങ്ങൾ ഒരു കുടുംബത്തിനകത്ത് ഉണ്ടാക്കുന്ന സംഘർഷങ്ങളെ ഹാസ്യാത്മകവും നാടകീയവുമായി അവതരിപ്പിക്കുന്ന സിനിമ എന്നായിരുന്നു, 'കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന സിനിമയെ കുറിച്ചുള്ള ട്രെയിലറിൽ നിന്ന് ഊഹിച്ചത്. എന്നാൽ കണ്ടംകളിയെ പശ്ചാത്തലമാക്കി കേരളത്തിന്റെ സമകാലിക രാഷ്ട്രീയം വിമർശന വിധേയമാക്കുകയാണ് 'കമ്യൂണിസ്റ്റ് പച്ച എന്ന അപ്പ' എന്ന സിനിമ ചെയ്യുന്നത് എന്ന് അത് കണ്ടുകഴിഞ്ഞപ്പോൾ വ്യക്തമായി.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അനേകം സിനിമകൾ മലയാളത്തിലുണ്ട്. പുരുഷാധിപത്യപരമായ സാമൂഹിക പരികൽപനകളെ വെല്ലുവിളിക്കുന്ന സൂക്ഷ്മ രാഷ്ട്രീയം പ്രമേയമാകുന്ന സിനിമകളും അടുത്തിടെ വന്നുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് വ്യത്യസ്തമായി മുസ്ലിം ന്യൂനപക്ഷത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ഒരു സറ്റയറിക്കൽ കോമഡിയാണ് 'കമ്യൂണിസ്റ്റ് പച്ച' എന്ന് പറയാം.

നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം നിർവ്വഹിച്ച സിനിമയുടെ കഥ ആഷിഫ് കക്കോടിയുടേതാണ്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളുടെ സംവിധായകൻ സക്കരിയ നായകനായി വരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നസ്ലിൻ ജമീല സലീം, അൽത്താഫ് സലീം, സജിൻ ചെറുകരയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ തുടങ്ങിയവരും അഭിനയിക്കുന്നു.

സംവിധായകൻ സക്കരിയ നായകനായി വരുന്ന ചിത്രം എന്ന പ്രത്യേകത കൂടി  'കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന സിനിമക്കുണ്ട്
സംവിധായകൻ സക്കരിയ നായകനായി വരുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന സിനിമക്കുണ്ട്

വാഹിദ് എന്ന സക്കരിയ അവതരിപ്പിക്കുന്ന കഥാപാത്രമാണ് സിനിമയുടെ ആത്മാവ്. ആദ്യന്തം സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന വാഹിദിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബാംഗ്ലൂരിൽ ടെക്കിയായി ജോലി ചെയ്യുന്ന നായകൻ ഓഫീസുമായുള്ള എന്തോ പ്രശ്നത്തിൽ ഉടക്കി നാട്ടിലെത്തുകയും കോവിഡ് ലോക്ക് ഡൗണിൽ പെട്ട് വീട്ടിൽ അകപ്പെടുകയും ചെയ്യുന്നു. ഒറ്റപ്പെടലിന്റെ അസ്വസ്ഥതയിൽ നിന്ന് രക്ഷ തേടി അയാൾ തൊട്ടടുത്തുള്ള കണ്ടത്തിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു. ഇതേ കളത്തിൽ കളിക്കാൻ വരുന്ന നാട്ടുകാരായ പല പ്രായത്തിലും പല പശ്ചാത്തലത്തിലുമുള്ളവർ ടീമുണ്ടാക്കി കളി ആരംഭിക്കുന്നു. കളിക്കാരുടെ വേഷത്തിലൂടെയും നിറത്തിലൂടെയും സംഭാഷണത്തിലൂടെയും അവരുടെ മത രാഷ്ട്രീയ ചായ്‌വ് പ്രകടമാണ്. സാധാരണ നാട്ടിൻപുറത്തെ കണ്ടം കളിയും അവിടെ പതിവുള്ള സന്തോഷങ്ങളും പിണക്കങ്ങളുമാണ് സിനിമയിൽ മുഴുനീളമെങ്കിലും അതിനകത്താണ് രാഷ്ട്രീയ ധ്വനികൾ ഒളിപ്പിച്ചിരിക്കുന്നത്. കളിയിൽ ജയിക്കാൻ വേണ്ടി ചെയ്യുന്ന കുഞ്ഞു കള്ളങ്ങൾ, തരാതരം മാറ്റുന്ന കളിനിയമങ്ങൾ, ഒത്തുതീർപ്പുകൾ തുടങ്ങിയ കളിയനുഭവങ്ങളിലൂടെ മനുഷ്യർ അബോധത്തിൽ കൊണ്ടു നടക്കുന്ന അഴുക്കുകളെ, കാപട്യങ്ങളെ, മുൻവിധികളെ, ജാതി ബോധങ്ങളെ സിനിമ പുറത്തു കാട്ടുന്നു.

കളിയിൽ ജയിക്കാൻ വേണ്ടി ചെയ്യുന്ന കുഞ്ഞു കള്ളങ്ങൾ, തരാതരം മാറ്റുന്ന കളിനിയമങ്ങൾ, ഒത്തുതീർപ്പുകൾ തുടങ്ങിയ കളിയനുഭവങ്ങളിലൂടെ മനുഷ്യർ അബോധത്തിൽ കൊണ്ടു നടക്കുന്ന അഴുക്കുകളെ, കാപട്യങ്ങളെ, മുൻവിധികളെ, ജാതി ബോധങ്ങളെ സിനിമ പുറത്തു കാട്ടുന്നു.

വാഹിദ് (സക്കരിയ) ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണ്. ഇക്കാലത്ത് മാപ്ലാവ് എന്ന് വിളിപ്പേർ നൽകുന്ന മാപ്പിള സഖാവ്. കളിക്കളത്തിലും പുറത്തും അയാൾ എപ്പോഴും നല്ലവനാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മിടുക്കനാണ്. വിട്ടുവീഴ്ചകളിലൂടെ, സമവായത്തിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തന്ത്രജ്ഞതയുള്ള ആൾ. കളിയിലെ നല്ലവൻ എന്ന പ്രതിച്ഛായയെ 'ഗുഡ് മുസ്ലിം' എന്ന് രാഷ്ട്രീയമായി പരാവർത്തനം ചെയ്യാം. ഈ പ്രതിച്ഛായയാണ് അയാളെ ഗ്രൗണ്ടിൽ പൊതുസ്വീകാര്യനാക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കും അയാൾ സ്വീകാര്യനാകുന്നത് അതുകൊണ്ടാണെന്ന് സിനിമ പറയാതെ പറയുന്നുണ്ട്. അതേസമയം കളി ജയിക്കാനും തന്റെ സ്വാർത്ഥതകളെയും ഈഗോയെയും തൃപ്തിപ്പെടുത്താനുമുള്ള നിഷ്കളങ്കമായ കള്ളത്തരങ്ങളെല്ലാം അയാളിൽ ഉണ്ട് താനും. തന്റെ സൗമ്യ, സമവായ വ്യക്തിത്വത്തിന്റെ മൂടുപടത്തിനകത്ത് അതയാൾ പൂഴ്ത്തി വെക്കുകയാണ്. ആദർശവാനായ അയാളിൽ നിന്ന് അയാളറിയാതെ പൊയ്മുഖം പുറത്തു ചാടുന്നുമുണ്ട്.

വാഹിദിന്റെ കഥാപാത്രം രാഷ്ട്രീയമായ ചില സങ്കീർണ്ണതകൾ കൂടി പങ്കുവെക്കുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് മുസ്ലിം അങ്ങേയറ്റം ക്ഷമാപണ മനസ്സോടെയാണ് ജീവിക്കുന്നത്, തന്റെ പാർട്ടിക്കു വേണ്ടിയും താൻ ജീവിക്കുന്ന സമൂഹത്തെ ഭയന്നും തന്റെ ആത്മാഭിമാനവും സാംസ്കാരിക വ്യക്തിത്വവും പരിപൂർണ്ണമായും കോമ്പ്രമൈസ് ചെയ്തുമാണ് അയാൾ കടന്ന് പോകുന്നത് എന്ന ഒരു സന്ദേശം സിനിമ നൽകുന്നുണ്ട്. വീട്ടിനകത്ത് ചുവന്ന മുസ്വല്ലയിൽ നമസ്കരിക്കുന്ന അയാൾ പൊതുസമൂഹത്തിൽ താൻ ഒരു പ്രാക്റ്റീസിംഗ് മുസ്ലിം അല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. നോമ്പ് കാലത്ത് കളി മുടക്കിയാൽ മറ്റുള്ളവർ തന്നെ തെറ്റിദ്ധരിക്കും എന്നയാൾ സംശയിക്കുന്നു. പെരുന്നാൾ ദിനത്തിൽ പോലും കുടുംബത്തിന്റെ സന്തോഷം മുടക്കി അയാൾ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിലേക്ക് പോകുന്നു. എന്നാൽ 'പൊതുസമൂഹം' എന്ന സഹകളിക്കാർ പെരുന്നാളിൽ കളി ഒഴിവാക്കുകയും നോമ്പ് മുറിക്കാൻ നേരം അയാളെ വീട്ടിലേക്ക് പോകാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നത്. അങ്ങേയറ്റത്തെ അപകർഷതാ ബോധത്തിൽ നിന്നാണ് വാഹിദിന്റെ 'പൊതുപ്പേടി' എന്ന് ആ സിറ്റുവേഷനുകളിൽ നിന്ന് വായിക്കാം. തന്റെ ബാറ്റിംഗിനെക്കുറിച്ച് ഒരു കളിക്കാരൻ 'ഭീകരമായ ബാറ്റിംഗ്' എന്ന് വിശേഷിപ്പിക്കുമ്പോഴേക്കും അസ്വസ്ഥനാകുന്ന അയാൾ ദയവായി ആ വാക്ക് പറയരുത് എന്ന് യാചിക്കുന്ന രംഗത്തിൽ വാഹിദിന്റെ ക്യാരക്ടറിന്റെ ആകെത്തുകയുണ്ട്.

'കമ്യൂണിസ്റ്റ് പച്ച എന്ന അപ്പ' എന്ന സിനിമയുടെ പോസ്റ്റര്‍
'കമ്യൂണിസ്റ്റ് പച്ച എന്ന അപ്പ' എന്ന സിനിമയുടെ പോസ്റ്റര്‍

കോവിഡ് കാലത്ത് ലോക്ക്ഡൗണിൽ കഴിയുന്ന വാഹിദിന്റെ കുടുംബത്തിന്ന് അയാളുടെ ഭാര്യയുടെ പിതാവ് കിറ്റ് കൊണ്ടു വന്ന് കൊടുക്കുന്ന ചില രംഗങ്ങളുണ്ട്. ഭാര്യാപിതാവിന്റെ ഭാവഹാവങ്ങൾ, അദ്ദേഹം കൊടുക്കുന്ന കിറ്റ് ഏതോ മത സംഘടനകൾ വക ആണെന്ന് തോന്നിപ്പിക്കുന്നുണ്ട്. എന്നാൽ വളരെ വെറുപ്പോടെയാണ് വാഹിദ് ആ ചാരിറ്റിയെ കാണുന്നത്. തനിക്ക് മുഖ്യന്റെ കിറ്റ് വരാനുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. (പുച്ഛത്തോടെ ആണെങ്കിലും പിന്നീട് അയാൾ അത് വാങ്ങി അനുഭവിക്കുന്നുണ്ട്)! വാഹിദിന്റെ ചില പെരുമാറ്റങ്ങൾ മുസ്ലിം സ്വത്വവാദ രാഷ്ട്രീയം പരത്തുന്ന അപകടങ്ങളെക്കുറിച്ച് ചില മൂന്നറിയിപ്പുകൾ കൂടിയാണെന്ന് നിരീക്ഷിക്കാം. കമ്യൂണിസ്റ്റ് പാർട്ടിയിലെ മുസ്ലിംകൾ തങ്ങളുടെ വ്യക്തിത്വം ഒളിച്ചുവെക്കാൻ നിർബന്ധിതരാകുന്നു എന്ന ധ്വനി തെറ്റിദ്ധാരണാജനകമാണ്. പാർട്ടി സമ്മേളനങ്ങളിൽ പ്രാർത്ഥനാ സൗകര്യം ഏർപ്പെടുത്തുകയും ഇഫ്താർ സംഘടിപ്പിക്കുകയും പാർട്ടി ജാഥകളിൽ പർദ്ദ ഇട്ട സ്ത്രീകൾ അണിനിരക്കുകയും ചെയ്യുന്നത് കേരളത്തിൽ പുതുമയുള്ള കാര്യമല്ല. അത് 'അടവ് നയ'മാണെന്നോ ഷോ ഓഫ് ആണെന്നോ വേണമെങ്കിൽ വാദിക്കാം. എന്നാൽ കേരളത്തിലെ പാരമ്പര്യവാദികളായ മത സംഘടനകൾ പരസ്യമായി തന്നെ കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഏറ്റവും ചുരുങ്ങിയത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി മുസ്ലിം മത സംഘടനകളെ കൂടെ നിർത്തുന്ന അനുഭവം മുമ്പും ഇപ്പോഴും യഥേഷ്ടമുണ്ട്.

അഡിഡാസിന്റെ നീല ജഴ്സി അണിഞ്ഞ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങുന്ന ദളിത് സുഹൃത്തിനോട് താൻ ബ്രാൻഡ് ഡ്രസ് ഒക്കെ ഇടാൻ തുടങ്ങിയോ എന്ന വാഹിദിന്റെ ചോദ്യത്തിനും രാഷ്ട്രീയമായ പ്രാധാന്യമുണ്ട്.

ഒരു പാരമ്പര്യ മുസ്ലിമിന്ന്, ഈ സിനിമയിൽ അവതരിപ്പിക്കുന്ന വിധം ഒരു അരക്ഷിത ബോധമോ അപകർഷതയോ കേരളത്തിൽ ഇന്നില്ല. അഥവാ അത് അതിശയോക്തിപരമാണ്. ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാർ അടിക്കടി ഉണ്ടാക്കുന്ന 'അപോളജറ്റിക് മുസ്ലിം' എന്ന നരേറ്റീവ് കമ്യൂണിസ്റ്റ് അനുഭാവിയായ വാഹിദിൽ ആരോപിച്ചതിലൂടെ ഈ സിനിമ രാഷ്ട്രീയ വ്യക്തത ഇല്ലെന്ന വിമർശം വിളിച്ചു വരുത്തുന്നു. അഡിഡാസിന്റെ നീല ജഴ്സി അണിഞ്ഞ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങുന്ന ദളിത് സുഹൃത്തിനോട് താൻ ബ്രാൻഡ് ഡ്രസ് ഒക്കെ ഇടാൻ തുടങ്ങിയോ എന്ന വാഹിദിന്റെ ചോദ്യത്തിനും രാഷ്ട്രീയമായ പ്രാധാന്യമുണ്ട്. സ്വയം ഇരബോധം കൊണ്ടു നടക്കുന്ന വാഹിദ്, അതേ അപകർഷത അനുഭവിക്കുന്ന ദളിതനോട് പെരുമാറുമ്പോൾ അറിയാതെ പുറത്ത് ചാടുന്നത് തന്നിൽ നിലീനമായ സവർണ്ണത തന്നെ ആണെന്ന് സിനിമ സൂചന നൽകുന്നുണ്ട്.

ചുരുക്കത്തിൽ വാഹിദ് എന്ന കഥാപാത്രം, കമ്യൂണിസ്റ്റ് പാർട്ടിയ്ക്കകത്തെ മുസ്ലിംകൾ വല്ലാത്ത സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നുണ്ട് എന്നും സൈദ്ധാന്തിക തലത്തിൽ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ അനുഭാവം താഴെ തട്ടിലുള്ള പ്രവർത്തകരിലേക്ക് കൺവേ ചെയ്യപ്പെടുന്നില്ല എന്നും സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗിക തലത്തിൽ പാർട്ടി കാണിക്കുന്ന ന്യൂനപക്ഷ പ്രേമം, പാട്രണൈസിംഗ് എന്ന പ്രീണന നയമാണെന്നും സൂക്ഷ്മ വായനയിൽ സിനിമ കുറ്റപ്പെടുത്തുന്നു. ഒത്തുതീർപ്പുകാരനായ നായകൻ ഒടുവിൽ തന്റേതായ കളി മെനയാൻ തുടങ്ങുമ്പോൾ കൂടെ കളിക്കുന്നവർ കളം മാറുന്നേടത്താണ് കണ്ടംകളി അവസാനിക്കുന്നത്.

എന്നാൽ 'കമ്യൂണിസ്റ്റ് പച്ച'ക്ക് ഇതല്ലാത്ത വായനകളും സാധ്യമാണ്. ഹിന്ദുത്വ രാഷ്ട്രീയം എല്ലാവിധ അതിരുകളും ഭേദിച്ച് മുസ്ലിം വിരുദ്ധത പുറത്തെടുക്കുന്ന ഒരു സാഹചര്യത്തിൽ, സ്വന്തം ചുറ്റുപാടിൽ പോലും വർഗീയ ധ്രുവീകരണം ആപൽകരമായി വളരുന്ന ഒരു ഘട്ടത്തിൽ അതിനെതിരെ നിൽക്കുന്നവരോട് ഓരം ചേരുന്ന ഒരു സാധാരണ മുസ്ലിമിന്റെ സന്ദേഹങ്ങളും സന്നിഗ്ധതകളുമായി വാഹിദിന്റെ മാപ്പുസാക്ഷി കഥാപാത്രത്തെ നോക്കി കാണാം. ഇതിനെല്ലാമപ്പുറം, അഗാധമായ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് ഒന്നും മെനക്കെടാത്ത സാധാരണ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന സമാന്തരമായ ഒരു കഥയും സിനിമയിലുണ്ട്.

വാഹിദിന്റെ കുടുംബം ഭാര്യ കദീജയും ( നസ്ലിൻ) ഉമ്മയും (സരസ) രണ്ട് മക്കളും ചേരുന്ന ഒരു മധ്യവർഗ മുസ്ലിം കുടുംബമാണ്. അവിടെ കൃത്രിമമായ നയ ചാരുത ഒന്നുമില്ലാതെ, എല്ലാവിധ വികാര വിചാരങ്ങളോടെയും ദൗർബല്യങ്ങളോടെയും ജീവിക്കുന്ന ഒരാളാണ് നായകൻ. ഉമ്മയോട് കയർക്കുന്ന, ഭാര്യയോടും മക്കളോടും ദേഷ്യപ്പെടുന്ന പിന്നീട് അതിൽ ഖേദിക്കുന്ന ഒരു സാധാരണ മനുഷ്യൻ. നസ്ലിൻ അവതരിപ്പിക്കുന്ന കദീജ എന്ന വേഷം സിനിമയിലെ കരുത്തുറ്റ ഒരു സ്ത്രീ സാന്നിധ്യമാണ്. മുഴുവൻ സമയവും രാഷ്ട്രീയ ഉൽകണ്ഠകളുമായി നടന്ന് ജീവിതത്തിന്റെ സകല ആഹ്ലാദങ്ങളും ഇല്ലാതാക്കുന്ന വാഹിദിനോട്, കളി കളിക്കളത്തിൽ ഉപേക്ഷിക്കാത്തതാണ് നിങ്ങളുടെ പ്രശ്നം എന്ന് കദീജ പറയുന്നുണ്ട്. കദീജയുടെ ഉപദേശം ചിലപ്പോൾ ഒരു മോട്ടിവേഷൻ ക്ലാസിന്റെ മടുപ്പ് സൃഷ്ടിക്കുന്നുണ്ട് എങ്കിലും സിനിമയുടെ അവസാന ഭാഗത്ത്, വീട്ടിനകത്ത് ഒരു പെരുന്നാൾ ആഘോഷിക്കാൻ വാഹിദിനെ പാകപ്പെടുത്തുന്ന കദീജയുടെ ഊർജ്ജസ്വലതയും തന്റേടവും നമ്മുടെ മനസ്സിൽ നിറഞ്ഞ് നിൽക്കും.

'കമ്യൂണിസ്റ്റ് പച്ച എന്ന അപ്പ' യുടെ പോസ്റ്റര്‍
'കമ്യൂണിസ്റ്റ് പച്ച എന്ന അപ്പ' യുടെ പോസ്റ്റര്‍

മുഴുവനായി കണ്ടംകളിയിലേക്ക് വലിച്ചിഴക്കുക വഴി സിനിമയുടെ ഒഴുക്ക് പലപ്പോഴും നഷ്ടപ്പെടുത്തിക്കളഞ്ഞു. രാഷ്ട്രീയ പ്രസ്താവനകളും ആശയങ്ങളും കുത്തിക്കയറ്റാനുള്ള വ്യഗ്രതയിൽ സിനിമയുടെ രസച്ചരട് മുറിഞ്ഞ് പോകുന്നത് സംവിധായകൻ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. മുസ്ലിം രാഷ്ട്രീയം, കോവിഡ് കാലം, ഗാർഹിക സംഘർഷങ്ങൾ തുടങ്ങി ഒട്ടേറെ പ്രമേയങ്ങളെ ഒരു ചെറിയ സിനിമയിൽ കൊണ്ടുവന്നതിന്റെ വീർപ്പ് മുട്ടൽ സിനിമയിലുണ്ട്. കോവിഡ് കാലത്തെ ഒരു മധ്യവർഗ മുസ്ലിം വീട് എന്ന സാധ്യതയെ മാത്രം മുൻനിർത്തിയിരുന്നെങ്കിൽ ഈ സിനിമ കുറേക്കൂടി ജനശ്രദ്ധ നേടാനും എല്ലാവർക്കും ആസ്വദിക്കാനും സാധിച്ചേനെ. കോവിഡ് അത്രയധികം സാമൂഹിക, രാഷ്ട്രീയ പരിണാമങ്ങൾ ഓരോ വീട്ടിനകത്തും വരുത്തിയിട്ടുണ്ടല്ലൊ. രാഷ്ട്രീയ വിഷയങ്ങളുടെ ആധിക്യം കൊണ്ട് സിനിമയുടെ കലാപരവും പ്രമേയപരവുമായ സൗന്ദര്യം എവിടെയൊക്കെയോ ചോർന്ന് പോയി.

പോരായ്മകൾ ഉണ്ടെങ്കിൽ കൂടി, 'കമ്യൂണിസ്റ്റ് പച്ച' കേരളത്തിന്റെ സമീപകാല രാഷ്ട്രീയ സംവാദങ്ങൾ പിന്തുടരുന്നവർ നിർബന്ധമായും കണ്ടിരിക്കണം. നമ്മുടെ കണ്ടംകളികളിൽ, പൊതുഇടങ്ങളിൽ രാഷ്ട്രീയം സംവേദനം ചെയ്യപ്പെടുന്നത് എങ്ങനെ ആണെന്നറിയാൻ, ഓരോ സമുദായങ്ങൾക്ക് അകത്തും വീടകങ്ങളിലും പുതിയ കാലത്തിന്റെ രാഷ്ട്രീയം കടന്ന് ചെല്ലുന്നതറിയാൻ ഈ സിനിമ കാണുക തന്നെ വേണം. ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ നിർമ്മിച്ച ഈ ചിത്രം ഷാഫി കോറോത്താണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. അനീസ് നാടോടിയാണ് കലാസംവിധാനം. നിഷാദ് അഹമ്മദ് എഴുതിയ വരികൾ ശ്രീഹരി നായർ ആണ് ചിട്ടപ്പെടുത്തിയത്. ചിത്ര ആലപിച്ച മനോഹരമായ ഗാനം ഈ ചിത്രത്തിന്ന് ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടി കൊടുക്കുന്നു. അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചെറിയ ബഡ്ജ്റ്റിൽ സാമാന്യം നന്നായി എടുത്ത ഒരു പടമാണ് കമ്യൂണിസ്റ്റ് പച്ച എന്ന് ന്യായമായും പറയാം.

Comments