സിനിമ, പലതരം കലാവിഭാഗങ്ങളുടെ ബ്ലെൻഡിംഗ് ആണല്ലോ. ഫോട്ടോഗ്രഫി, സംഗീതം, അഭിനയം തുടങ്ങി പലതരം ആർട്ട് ഫോമുകളുടെ ടെക്‌നിക്കലും അല്ലാത്തതുമായ കേന്ദ്രീകൃത രൂപം. എല്ലാം അതിലുണ്ട് എന്നതുകൊണ്ടായിരിക്കാം സിനിമയിലേക്ക് ആളുകൾ ഇത്രയധികം അടുക്കുന്നത്. അതുകൊണ്ടുതന്നെ, മറ്റു കലാരൂപങ്ങൾക്കുള്ള ദൗത്യം തന്നെയാണ് സിനിമക്കുമുള്ളത് എന്ന് ഞാൻ കരുതുന്നു.
സിനിമ ഒരു വ്യക്തിയെ നൂറുശതമാനം സ്വാധീനിക്കും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ കാലത്ത് സമൂഹത്തെ നവീകരിക്കാൻ സിനിമക്കുമാത്രമായി പ്രത്യേകിച്ചൊരു സാമൂഹികദൗത്യം ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ, കലാകാരർ എന്ന നിലയ്ക്ക് അവരവരുടെ ആർട്ടിലൂടെ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. പലതരത്തിൽ ഇത് പറയുന്നുണ്ട്. ചിലർക്ക് രാഷ്ട്രീയം തെളിമയോടെ പറയാൻ കഴിയും. ചിലർ സ്വന്തം പ്രത്യയശാസ്ത്രത്തിലുള്ള പൊളിറ്റിക്‌സും മാനവികതയും സിനിമയിലൂടെ പറയും, ചിലപ്പോൾ അത് പറയാതിരിക്കുകയും ചെയ്യും. എന്തായാലും, അടിമുടി ഒരു രാഷ്ട്രീയമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയിലൂടെ പറയപ്പെട്ട അത്ര നന്മ മറ്റൊന്നിലൂടെയും പറയപ്പെട്ടിട്ടുണ്ടാകില്ല. വിവിധ ഭാഷകളിൽ, വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന സിനിമകളിൽ ഭൂരിപക്ഷവും ആളുകളെ എന്റർടെയ്ൻ ചെയ്യിച്ചവയാണ്. അത് കാണുന്ന സമയത്തെ കാഴ്ച എന്നതിനപ്പുറം ആ സന്ദേശങ്ങൾ എത്ര മുന്നോട്ടുപോയി എന്നതിൽ എനിക്ക് സംശയമുണ്ട്. എങ്കിലും, ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ അവരുടേതായ രീതിയിൽ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും അവരുടേതായ രാഷ്ട്രീയത്തോടെ കാണാൻ കഴിയുന്നതും നല്ല കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ സിനിമകളെ പ്ലേസ് ചെയ്യുമ്പോൾ ഇങ്ങനെ പറയാം; അവ മനുഷ്യപക്ഷത്ത് നിൽക്കുന്ന സിനിമകളായിരിക്കാം. മനുഷ്യരുടെ ആകുലതകളും വ്യാകുലതകളുമെല്ലാം ചർച്ച ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
മേക്കേഴ്‌സിനൊപ്പം വളരുന്നു, കാണികളും
സിനിമ വളരുകയാണ്, ഒപ്പം കൂടുതൽ ജനകീയമാകുന്നുമുണ്ട്. പുതിയ ടെക്‌നോളജിക്കൊപ്പം പുതിയ ഫിലിം മേക്കേഴ്‌സും എഴുത്തുകരും, അഭിനേതാക്കളും കൂടുതലായി വരുന്നു. അങ്ങനെ സിനിമ സദാ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അത് തുടരുകയും ചെയ്യും. ജനപ്രിയതയും സ്വീകാര്യതയുമായിരിക്കാം കൂടൂതൽ പേരെ സിനിമയിലേക്ക് ആകർഷിക്കുന്നതും ടെക്‌നോളജി നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. ഇതെല്ലാം സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്. കോവിഡ് പോലും ഒരു തരത്തിൽ സിനിമക്ക് ഗുണമാണ് ചെയ്തത്. സിനിമയുടെ കാഴ്ച വിശാലമാകാൻ അത് സഹായിച്ചു. തിയേറ്ററുകൾ അടഞ്ഞപ്പോൾ നാം സിനിമ ഇല്ലാതെയിരുന്നിട്ടില്ല. കോവിഡ് കാലത്ത് ലോകത്തുതന്നെ ഏറ്റവും കൂടുതൽ സിനിമ ഉണ്ടാക്കിയ ഇൻഡസ്ട്രി മലയാളമായിരിക്കും. ആ സിനിമകൾ ആളുകൾ കാണുകയും ചെയ്തു. അത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ, മലയാള സിനിമ മാത്രം കണ്ടിരുന്ന സാധാരണ പ്രേക്ഷകർ നിരവധി ലോകസിനിമകൾ കണ്ടു.
നമ്മുടെ ടെറിട്ടറിയിൽ മാത്രം നിന്നിരുന്ന മലയാള സിനിമകൾ ലോകോത്തരമായി. പല സിനിമകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും ആഗോളതലത്തിൽ പുതിയ കാഴ്ചകളും വായനകളുമുണ്ടായി. അതുകൊണ്ടുതന്നെ, സിനിമക്ക് പ്രതിസന്ധിയുണ്ടെന്ന് വിശ്വസിക്കുന്നില്ല. ആളുകൾക്ക് കമ്യൂണിക്കേറ്റീവ് ആകുന്ന, അവർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ സിനിമയിലൂടെ സാധ്യമാകുന്നു എന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ പറയുന്നത്. മനസ്സിലാകുന്ന വിഷയം മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞാൽ സിനിമക്ക് കാഴ്ചക്കാരുണ്ടാകും. അതിന് ഹ്യൂമർ, സമാന്തരം, ആക്ഷൻ എന്നീ മാനദണ്ഡങ്ങളില്ല. ഉദാഹരണത്തിന് കഴിഞ്ഞദിവസം സോണി ലിവിൽ റിലീസ് ചെയ്ത ആവാസവ്യൂഹം എന്ന സിനിമ, മുമ്പായിരുന്നുവെങ്കിൽ അവാർഡ് സിനിമ എന്ന മട്ടിൽ വേണ്ടത്ര കാണപ്പെടാതെ പോകുമായിരുന്നു. എന്നാൽ, ഇന്ന് ഈ സിനിമ നിരവധി പേർ കാണുന്നു, ചർച്ച ചെയ്യപ്പെടുന്നു. ഇതാണ് സിനിമയുടെ വളർച്ച എന്നു പറയുന്നത്. ഓരോ കാണിയും ഫിലിം മേക്കറായി മാറിയിരിക്കുന്നു. അവരുടെ സിനിമാകാഴ്ചയുടെ ഡെപ്ത് വലുതായി. മേക്കേഴ്‌സിനൊപ്പം കാണികളും വളരുന്നു. അത് സിനിമക്ക് ഗുണകരമാണ്.
സിനിമയുടെ രാഷ്ട്രീയ പക്ഷങ്ങൾ
എല്ലാ കലാരൂപങ്ങൾക്കും, അതുണ്ടാക്കുന്ന കലാകാരരുടെ രാഷ്ട്രീയം ഉണ്ടായിരിക്കും. അത് കലയ്ക്ക് നല്ലതുമാണ്. കൊടിയുടെ നിറം എന്ന അർഥത്തിലല്ല, നിലപാട് എന്ന അർഥത്തിലാണ് ഞാൻ രാഷ്ട്രീയത്തെ കാണുന്നത്. ഒരാൾ, താൻ കാണുന്ന ഒരു ഇഷ്യുവിനെ ഫിക്ഷനാക്കുമ്പോൾ, ഊന്നിപ്പറയേണ്ട കാര്യത്തെക്കുറിച്ചുള്ള ബോധ്യവും അതിലുള്ള നിലപാടും അയാൾക്കുണ്ടായിരിക്കണം എന്നുവിശ്വസിക്കുന്ന ഫിലിം മേക്കറാണ് ഞാൻ.
ഞാൻ അക്കാദമിക്കായി സിനിമ പഠിച്ചയാളല്ല, സിനിമ കണ്ട് സിനിമ പഠിച്ചയാളാണ്. ഒരുപാട് സിനിമകൾ കണ്ടിട്ടാണ് സിനിമ എന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തത്. വ്യത്യസ്ത മേക്കിംഗുകൾ കണ്ടിട്ടുണ്ട്, അവയെല്ലാം ഇൻസ്‌പെയർ ചെയ്തിട്ടുമുണ്ട്. ഇൻസ്‌പെയർ ചെയ്യുക എന്നത് വളരെ നല്ല കാര്യമാണ്. എന്റെ ആദ്യ സിനിമ ‘കിസ്മതി’ലേക്ക് ഇൻസ്‌പെയറായത്, രാജീവ് രവിയുടെ അന്നയും റസൂലും കണ്ടിട്ടാണ്. രാജീവ് രവി തന്നെ പറഞ്ഞിട്ടുണ്ട്, ആ സിനിമക്ക് ഷേക്‌സ്പിയറിന്റെ വിഖ്യാതമായ റോമിയോ ആൻറ് ജൂലിയറ്റ് ഇൻസ്‌പെയർ ചെയ്തിട്ടുണ്ട് എന്ന്. ബി. അജിത്കുമാറിന്റെ ഈട അത്തരമൊരു ഇൻസ്‌പെയറായിരുന്നു. ഇത്തരം ഇൻസ്പിറേഷനുകളുണ്ടെങ്കിലും ഈ മൂന്നു സിനിമകളും മൂന്നാണെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എനിക്കുശേഷം വരുന്ന ഒരു പുതിയ ഫിലിം മേക്കറുടെ സിനിമയിൽനിന്നുപോലും എനിക്ക് പഠിക്കാനുണ്ട്, അതുകൊണ്ടുതന്ന ആ സിനിമകൾ ഞാൻ ശ്രദ്ധിക്കാറുമുണ്ട്. സിനിമക്ക് ഇത്തരത്തിൽ ഒരു നിലപാടും രാഷ്ട്രീയവും വേണം എന്നുറച്ചു വിശ്വസിക്കുന്നു.
സ്ത്രീക്കുകൂടി ഇടമുള്ള തൊഴിലിടമാണ് സിനിമ എന്ന് വിശ്വസിക്കുന്ന ഫിലിം മേക്കറാണ് ഞാൻ. മുമ്പ് അവരെ നടിമാർ എന്ന രീതിയിൽ മാത്രമാണ് പരിഗണിച്ചിരുന്നത് എങ്കിൽ ഇന്ന് മേക്കേഴ്‌സ് എന്ന നിലയിൽ, സിനിമയുടെ എല്ലാ മേഖലയിലേക്കും ഒരുപാട് സ്ത്രീകൾ വരുന്നുണ്ട്.
സിനിമയിലെ സ്ത്രീപക്ഷത്തെക്കുറിച്ചുള്ള ചർച്ചയും ഈയൊരു ആംഗിളിൽനിന്നുകൊണ്ട് പരിശോധിക്കാം. പുതിയ കാലത്തും പഴയ കാലത്തും അതാതുകാലത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട്, സ്ത്രീപക്ഷ സിനിമകളുണ്ടായിട്ടുണ്ട്. അതേസമയം, സ്ത്രീവിഷയങ്ങൾ പരാമർശിക്കാത്ത സിനിമകളും ഉണ്ടായിട്ടുണ്ട്. എന്നാൽ, പുതിയ കാലത്ത്, രാഷ്ട്രീയമായി എന്താണ് സ്ത്രീപക്ഷം എന്നതിനെക്കുറിച്ച്, സ്ത്രീയെ എങ്ങനെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടുണ്ട്. എന്റെ രണ്ടു സിനിമകളിലും നായികമാരിലൂടെയാണ് കഥ പറഞ്ഞിട്ടുള്ളത്. അനിത എന്ന ദലിത് യുവതിയുടെ കണ്ണിലൂടെയാണ് കിസ്മത് എന്ന സിനിമ കാണാൻ ശ്രമിച്ചത്.
രണ്ടാമത്തെ സിനിമ തൊട്ടപ്പനിലും സാറയുടെ കണ്ണിലൂടെയാണ് കാഴ്ച വികസിക്കുന്നത്, തൊട്ടപ്പൻ എന്ന വിനായകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണിലൂടെയല്ല. ഇപ്പോഴുണ്ടാകുന്ന സിനിമകളെല്ലാം ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. പുതിയ കാലത്തെ ഫിലിം മേക്കേഴ്‌സ് സ്ത്രീപക്ഷത്തുനിന്ന് വരുന്നവരാണ്. അവരെല്ലാം കഴിവും രാഷ്ട്രീയബോധവുമുള്ളവരാണ്. നടിമാർ കുറെക്കൂടി ആക്റ്റീവായി സിനിമയുടെ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങി. സ്ത്രീക്കുകൂടി ഇടമുള്ള തൊഴിലിടമാണ് സിനിമ എന്ന് വിശ്വസിക്കുന്ന ഫിലിം മേക്കറാണ് ഞാൻ. മുമ്പ് അവരെ നടിമാർ എന്ന രീതിയിൽ മാത്രമാണ് പരിഗണിച്ചിരുന്നത് എങ്കിൽ ഇന്ന് മേക്കേഴ്‌സ് എന്ന നിലയിൽ, സിനിമയുടെ എല്ലാ മേഖലയിലേക്കും ഒരുപാട് സ്ത്രീകൾ വരുന്നുണ്ട്. ഏറെ പേരും നല്ല കഴിവും ധാരണയും തെളിമയുള്ള രാഷ്ട്രീയവുമുള്ളവരാണ്. എങ്കിലും മുമ്പത്തെപ്പോലെ ഈ കാലത്തും സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ സിനിമയിൽ വന്നേക്കാം. മേക്കറുടെ രാഷ്ട്രീയബാധ്യമായിരിക്കാം ഇതിനുകാരണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അടുത്ത് റിലീസായ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്' അടിമുടി ഒരു സറ്റയർ, പൊളിറ്റിക്കൽ മൂവിയാണ്. തിയറ്ററിലിരുന്ന് ഈ സിനിമ കണ്ടപ്പോൾ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചുചിരിച്ച് മണ്ണു കപ്പി.
ഇതോടൊപ്പം കേൾക്കുന്ന മറ്റൊരു അഭിപ്രായമാണ്, ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്നത്. അതായത്, രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന വാദം. എന്താണ് തമാശ എന്ന് ആദ്യം തീരുമാനിക്കപ്പെട്ടാൽ ഈ പ്രശ്‌നം തീരും. ഒരാളുടെ ശരീരത്തിന്റെ നിറമോ അയാളിലെ പോരായ്മയോ പറഞ്ഞ് ഉണ്ടാക്കേണ്ടതല്ല തമാശ എന്നാണ് ഞാൻ കരുതുന്നത്. ഹ്യുമർ എന്നത് അസാധ്യമായ ഏരിയയാണ്. അത് എല്ലാവർക്കും വഴങ്ങുന്ന ഒന്നല്ല. ഒരാളെ ചിരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമായിട്ടാണ് തോന്നുന്നത്. ആളുകളെ വേദനിപ്പിക്കാതെ ചിരിപ്പിച്ച എത്രയോ സിനിമകളുണ്ട്. വ്യക്തിപരമായി എനിക്ക് സന്തോഷമുണ്ടാക്കുന്നത്, തമാശസിനിമകളാണ് എന്നുകൂടി പറയട്ടെ. അടുത്ത് റിലീസായ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്' അടിമുടി ഒരു സറ്റയർ, പൊളിറ്റിക്കൽ മൂവിയാണ്. തിയറ്ററിലിരുന്ന് ഈ സിനിമ കണ്ടപ്പോൾ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചുചിരിച്ച് മണ്ണു കപ്പി. എന്താണ് ശരി എന്നറിഞ്ഞ് തമാശ പ്രയോഗിച്ചാൽ അതിന്റെ റിസൾട്ടിൽ ഒരു കുറവുമുണ്ടാകില്ല. എന്റെ പേഴ്‌സണൽ ഫേവറിറ്റ് സിനിമകളിൽ പലതും തമാശ സിനിമകളാണ്. അത്തരം സിനിമകളുണ്ടാക്കാനാണ് ഞാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതും.
എന്റെ സിനിമകളെ പ്ലേസ് ചെയ്യുമ്പോൾ ഇങ്ങനെ പറയാം; അവ മനുഷ്യപക്ഷത്ത് നിൽക്കുന്ന സിനിമകളായിരിക്കാം. മനുഷ്യരുടെ ആകുലതകളും വ്യാകുലതകളുമെല്ലാം ചർച്ച ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്തരം സിനിമകളിലൂടെ എന്റെ രാഷ്ട്രീയം പറയാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ചെയ്ത ആദ്യ രണ്ടു സിനിമകൾ, എന്റെ ഇഷ്ടത്തിന്, എന്നെ സന്തോഷിപ്പിച്ച് ഞാൻ ചെയ്തവയാണ്. എന്റെ സിനിമക്ക് എന്റേതായ ഒരു രീതിയും സ്‌റ്റൈലും വേണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ സ്‌റ്റൈൽ ഒരു കോൺക്രീറ്റ് ആശയവുമല്ല. പലതരം മേക്കിംഗ് ശൈലികൾ പരീക്ഷിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്.
ഇപ്പോൾ ആർക്കുവേണമെങ്കിലും ക്രിയേറ്റിവിറ്റി പ്രദർശിപ്പിക്കാം, അതിന് ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. സോഷ്യൽ മീഡിയ കൂടാതെ തന്നെ കുഞ്ഞുകുഞ്ഞു ഷോർട്ട് സിനിമകളുണ്ട്.
മലയാളത്തിൽ എന്നെ പ്രചോദിപ്പിച്ച ഒരുപാട് ഫിലിം മേക്കർമാരുണ്ട്. എന്നെ സന്തോഷിപ്പിച്ച ഒരുപാട് ഫിലിം മേക്കഴ്‌സുണ്ട്; കെ.ജി. ജോർജ്, സത്യൻ അന്തിക്കാട്, രാജീവ് രവി, ലിജോ ജോസ്, ദിലീഷ് പോത്തൻ തുടങ്ങിയവർ. വ്യക്തിപരമായി ഞാനിഷ്ടപ്പെടുന്ന സിനിമകളുണ്ട്. സത്യൻ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവ് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ്. എത്രവട്ടം ആ സിനിമ കണ്ടു എന്നെനിക്കറിയില്ല. മലയാളത്തിൽ ‘യവനിക'ക്ക് മീതെ ഒരു ക്രൈംത്രില്ലർ ഇറങ്ങിയിട്ടുണ്ടോ എന്നു ചോദിച്ചാൽ, എന്റെ എളിയ അറിവുവച്ച് ഞാൻ പറയുക, ഇല്ല എന്നാണ്. ഇപ്പോഴും ‘യവനിക' കാണുമ്പോൾ, ഗോപിയുടെ കൊലപാതകി ആര് എന്നാലോചിച്ച് കൺഫ്യൂസിങ്ങായിപ്പോകും. നമുക്കറിയാവുന്ന ക്ലൈമാക്‌സ് മറന്നുപോയി, വീണ്ടും ആ സിനിമയിലേക്ക് ‘ഇൻ' ആയിപ്പോകുന്ന ഒരു മാജിക്കുണ്ട്.
മലയാളത്തിലെ അതിഗംഭീരമായ തിരക്കഥകളിൽ ഒന്നാണ്, ‘മണിച്ചിത്രത്താഴി'ന്റേത്. ‘അന്നയും റസൂലും' എന്നെ പ്രചോദിപ്പിച്ചതാണ്, ‘നാടോടിക്കാറ്റ്' എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടമുള്ള മലയാളത്തിലെ അഞ്ച് സിനിമകൾ ഇവയാണ്. ‘പിറവി' എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ്. രണ്ട് ആംഗിളിൽ ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്. ഒരു മകനായിരുന്നപ്പോഴും, വർഷങ്ങൾക്കുശേഷം, അച്ഛൻ എന്ന നിലയിലും. അച്ഛൻ എന്ന അവസ്ഥയിൽ ‘പിറവി' വീണ്ടും കണ്ടപ്പോഴുണ്ടായ ഒരു വേദനയുണ്ട്, അത് അസഹ്യമായി, ഭയാനകമായി തോന്നി. ഇതേ ഫീൽ ‘കിരീടം' കണ്ടപ്പോഴും ഉണ്ടായി. മകനായിരിക്കുമ്പോൾ നമ്മൾ ‘കിരീടം' കണ്ടിട്ടുണ്ട്, അച്ഛനായപ്പോഴും കണ്ടു, അതിനുശേഷം അത് കാണാനുള്ള ആത്മധൈര്യം കിട്ടുന്നില്ല.
പുതിയ കാഴ്ച, പുതിയ റിസ്‌ക്
ലോക സിനിമയുടെ നിലവാരമുള്ള ഒരു ഫിലിം ഇൻഡസ്ട്രിയാണ് നമ്മുടേത്. ദേശീയ അവാർഡുകളുടെ തുടക്കം മുതൽ മലയാളത്തിന് നിരവധി അംഗീകാരങ്ങളും ജൂറി പരാമർശങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണനെയും ഷാജി എൻ. കരുണിനെയും പോലുള്ളവരുടെ സിനിമകൾ, പുതിയ കാലത്ത് ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സിനിമകൾ, ഇവയെല്ലാം ലോകത്തെ മറ്റു ഭാഷാസിനിമകളോട് കിടപിടിക്കുന്നവയാണ്. ഇന്ത്യൻ സിനിമയിൽ മുമ്പ് മലയാളത്തോടൊപ്പമുണ്ടായിരുന്നത് ബംഗാളി, തമിഴ്, ഹിന്ദി സിനിമകളായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാ പ്രാദേശിക ഭാഷകളിലും മികച്ച സിനിമകളുണ്ടാകുന്നുണ്ട്. ബോളിവുഡിന്റെ മേധാവിത്തം മറികടന്ന്, ഹിന്ദി സിനിമയുടെ വലിയ പ്രഭാവം മറികടന്ന് ഇപ്പോൾ മറാഠി സിനിമ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നല്ല സിനിമകളിറങ്ങുന്നത് മറാഠിയിലാണ്, ഉദാഹരണം ‘സൈറാത്ത്'. 'കിസ്മതി'ന്റെ പ്രമേയവുമായി സാമ്യമുള്ള ഒരു സിനിമയാണത്, അത് എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യവുമാണ്. കോർട്ട്, ഫാൻട്രി തുടങ്ങിയ സിനിമകളെയും ഓർക്കാം. അതുപോലെ കൊമേഴ്‌സ്യലായും അല്ലാതെയും വളരെ നിലവാരമുള്ള സിനിമകൾ കന്നടയിൽ ഇറങ്ങുന്നുണ്ട്. കോവിഡാനന്തരം കെ.ജി.എഫ് എന്ന സിനിമ വരുന്നത് കന്നടയിൽനിന്നാണ്. ചെറിയൊരു സിനിമാ ഇൻഡസ്ട്രിയായ കന്നട ഇന്ന് വലിയൊരു ഇൻഡസ്ട്രിയായി മാറി, അവിടെനിന്ന് വലിയ സിനിമകൾ വരുന്നു.
ഇപ്പോൾ ആർക്കുവേണമെങ്കിലും ക്രിയേറ്റിവിറ്റി പ്രദർശിപ്പിക്കാം, അതിന് ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. സോഷ്യൽ മീഡിയ കൂടാതെ തന്നെ കുഞ്ഞുകുഞ്ഞു ഷോർട്ട് സിനിമകളുണ്ട്. മൂന്ന് ഷോർട്ട് സിനിമകളിലൂടെയാണ് ഞാൻ ഫീച്ചർ സിനിമകളിലേക്കെത്തുന്നത്. എന്നാൽ, ഫീച്ചർ സിനിമയുടെ ചെറിയ രൂപമാണ് ഷോർട്ട് സിനിമ എന്ന് പലരും ധരിച്ചുവച്ചിട്ടുള്ളതായി തോന്നുന്നു. അത് യഥാർഥത്തിൽ ഫീച്ചർ സിനിമയേക്കാൾ ശക്തമായ കലാരൂപമാണ്. വളരെ വലിയ രാഷ്ട്രീയത്തെ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞ് ഫലിപ്പിക്കുക എന്നത് വലിയ ടാസ്‌കാണ്. ഫീച്ചർ സിനിമയിലാണെങ്കിൽ കാരക്റ്ററിനെ എസ്റ്റാബ്ലിഷ് ചെയ്ത് പറയേണ്ട കാര്യങ്ങൾ പറയാൻ രണ്ടു മണിക്കൂർ സമയമുണ്ട്. എന്നാൽ, അഞ്ചു മിനിറ്റിനുള്ളിൽ ഇത്ര ശക്തമായ രാഷ്ട്രീയം, കനമുള്ള സബ്ജക്റ്റ് പറയുക എന്നത് ചില്ലറക്കാര്യമല്ല.
പുതിയ കാലത്ത് ട്വിക് ടോക്കും യുറ്റ്യൂബും റീൽസും ഷോട്ട്‌സും വരെ മേക്കറെ സ്വയം അപ്‌ഡേറ്റ് ചെയ്യിക്കുന്നുണ്ട്. ഞാനിതെല്ലാം കണ്ട് ആസ്വദിക്കുന്നയാളാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന വെബ് സീരീസുകൾ, ഹ്യൂമറും അല്ലാത്തതുമായി ഇപ്പോഴുണ്ട്. ഇതൊക്കെ നമ്മൾ കാണുന്നു, അപ്‌ഡേറ്റ് ചെയ്യുന്നു. ഇതെല്ലാം കാണുന്ന ഒരു ഓഡിയൻസിനാണ് നമ്മൾ സിനിമ കൊടുക്കേണ്ടത് എന്ന ബോധ്യവും വേണം. നമ്മുടെ സിനിമ അവരുമായി സംസാരിക്കണം, അവരുമായി എൻഗേജ് ചെയ്യണം, എന്റർടെയിൻ ചെയ്യിക്കണം. അത് വളരെ റിസ്‌കി ആണ്, ആ റിസ്‌ക് നമ്മൾ ഏറ്റെടുത്തേ മതിയാകൂ. അതിനായി നാം സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ഇത്തരം പ്ലാറ്റ്‌ഫോമുകളെയും മേക്കഴ്‌സിനെയും മറികടന്നുവേണം ഇന്ന് ഫിലിം മേക്കർക്ക് അവരുടെ സിനിമ മാർക്കറ്റിലെത്തിക്കാൻ. അത് കാണാൻ ആളു വരണം, ആസ്വദിക്കപ്പെടണം, വിജയിക്കണം. ഇങ്ങനെയൊരന്തരീക്ഷത്തിൽ ആരോഗ്യകരമായ ഒരു മത്സരമുണ്ടാകും, അത് സിനിമക്ക് നല്ലതാണ്.
എൻറർടെയ്ൻമെൻറ് എന്ന ഘടകം
ലോകത്തുതന്നെ സാഹിത്യം സിനിമയെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. വലിയ സാഹിത്യകാരന്മാർ തന്നെയായിരുന്നു നമ്മുടെ റൈറ്റേഴ്‌സ്. ഞാൻ ഇപ്പോഴും അൽഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ബഷീറിന്റെ ഭാർഗവീനിലയം. ‘നീലവെളിച്ചം' എന്ന തന്റെ കഥക്ക് എത്ര ഗംഭീരമായാണ് അദ്ദേഹം തിരക്കഥ എഴുതിയിരിക്കുന്നത്. അതുപോലെ, എം.ടി അടക്കം ഒരുപാടു പേരുണ്ട്. ഫ്രാൻസിസ് നൊറോണയുടെ കഥ അടിസ്ഥാനമാക്കിയാണ് ‘തൊട്ടപ്പൻ' ചെയ്തത്. ഒരു കഥ വായിക്കുമ്പോൾ, ഞാൻ നോക്കുന്നത്, സിനിമയുടെ ഭാഷയിലേക്ക് നരേറ്റ് ചെയ്യാൻ സാധിക്കുന്ന എലമെന്റാണ്. ‘തൊട്ടപ്പൻ' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ എന്നെ ഇൻസ്‌പെയർ ചെയ്തത്, കള്ളനായ ഒരു മനുഷ്യൻ, പൊതുബോധത്തെ ബ്രേക്ക് ചെയ്ത് വളരെ ബോൾഡായി, സ്വന്തം അപ്പനേക്കാൾ കെയർ കൊടുത്ത് ഒരു പെൺകുട്ടിയെ വളർത്തുന്നു എന്ന എലമെന്റാണ്. ആ റിലേഷനാണ് കഥക്കുള്ളിൽ എന്നെ ആകർഷിച്ചത്, ഇതുവച്ചാണ് ഞാൻ സിനിമ വർക്ക്ഔട്ട് ചെയ്തത്. ആ കഥയെപ്പോലെ തന്നെ സിനിമയും ആളുകൾക്ക് ഇഷ്ടമായി എന്ന് പൂർണമായും പറയാൻ കഴിഞ്ഞേക്കില്ല. എങ്കിലും, ഞാൻ ആ കഥയിൽനിന്നെടുത്ത ഒരു കണ്ടന്റിനെ വച്ച് വേറൊരു സിനിമയുണ്ടാക്കാനാണ് ശ്രമിച്ചത്.
ഒരു സാഹിത്യസൃഷ്ടിയിൽനിന്നുകൊണ്ട് അതുതന്നെ വീണ്ടും ചെയ്യുന്നതിൽ അർഥമില്ലല്ലോ. നമ്മുടെ കാഴ്ച ഭിന്നമായിരിക്കും. അതിനെ അടയാളപ്പെടുത്താനാണ് ഫിലിം മേക്കർ ശ്രമിക്കേണ്ടത്. ഒരു എഴുത്തുതന്നെ പലരും വായിക്കുമ്പോൾ പല വ്യൂകളുണ്ടാകും, പല ആംഗിളുകളും പല കാഴ്ചകളും പല രാഷ്ട്രീവയും കാണാൻ കഴിയും. അത് വ്യക്തികൾ എന്ന നിലയ്ക്കുള്ളതാണ്. നൊറോണയുടെ കഥ ഷാനവാസ് എന്നയാൾ വായിച്ചപ്പോൾ അയാൾ കണ്ട വിഷ്വലുകളെയാണ് അയാളുടെ സിനിമയിൽ നരേറ്റ് ചെയ്യാൻ ശ്രമിച്ചത്. അതിനകത്തെ മുഴുവൻ കാര്യങ്ങളെയും നരേറ്റ് ചെയ്യേണ്ടതില്ല, അതിന് ആ കഥയുണ്ടല്ലോ.
ആത്യന്തികമായി സിനിമ എന്നത് എന്നെ സന്തോഷിപ്പിക്കുന്ന ഒരു കലയാണ്. പാട്ട് കേൾക്കുക, ചിത്രം കാണുക, ഇഷ്ടമുള്ളവർക്കൊപ്പം ഇഷ്ടമുള്ളിടത്തിരുന്ന് വർത്തമാനം പറയുക എന്നിവയെല്ലാം ചെയ്യുന്നതുപോലെ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കല സിനിമയാണ്. അതൊരു എന്റർടെയ്ൻമെന്റാണ്. കാണിയെ പിടിച്ചിരുത്തി അവരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി അവരോട് സംസാരിക്കാൻ സിനിമക്ക് കഴിഞ്ഞുവെങ്കിൽ അതാണ് എന്റർടെയ്ൻമെൻറ്. അടൂരിന്റെ ‘കൊടിയേറ്റം' അടുത്താണ് ഞാൻ കണ്ടത്. എനിക്കത് ഭയങ്കര എന്റർടെയ്ൻമെന്റായിട്ടാണ് തോന്നിയത്, ‘അന്നയും റസൂലും', ‘നാടോടിക്കാറ്റ്' എന്നീ സിനിമകളെല്ലാം ഇത്തരം എന്റർടെയ്ൻമെന്റുകളായിരുന്നു. ‘പൊന്മുട്ടയിടുന്ന താറാവ്' ഗംഭീര എന്റർടെയ്ൻമെന്റാണ്. ഈ സിനിമകൾ എന്നോട് എങ്ങനെയാണ് സംസാരിച്ചത്, സിനിമ കഴിഞ്ഞിട്ടും അത് എത്രനേരം എന്നോടൊപ്പം സഞ്ചരിച്ചു തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അത് എന്നെ സംബന്ധിച്ച് എന്റർടെയ്ന്റമെൻറ് ആകുന്നത്.
സിനിമ വലിയ മൂലധനം ആവശ്യപ്പെടുന്ന ഇൻഡസ്ട്രിയാണ്. അത് തിരിച്ചുപിടിക്കേണ്ടതുണ്ട്. കൊമേഴ്‌സ്യലായി ഓടുന്ന ഒരു സിനിമയോടും എനിക്ക് വിയോജിപ്പില്ല. ഞാനും അവ ആസ്വദിക്കുന്നു. സിനിമ ആവശ്യമുള്ള സാധാരണ മനുഷ്യരുടെയുള്ളിൽ ആ സിനിമ എന്തോ ഒരു മാജിക്ക് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആ സിനിമ ഓടുന്നത്. ഒരു നടന്റെ തന്നെ എല്ലാ സിനിമകളും ഓടുന്നില്ലല്ലേ, ഒരു സംവിധായകന്റെ തന്നെ എല്ലാ സിനിമകളും ഓടുന്നില്ലല്ലോ, ഒരു മ്യൂസിക് ഡയക്ടറുടെ എല്ലാ പാട്ടും ഹിറ്റാകുന്നില്ലല്ലോ. വർക്കൗട്ടാവുന്ന ആ മാജിക് എന്താണെന്ന് എനിക്കും എനിക്കുമുന്നിലും പിന്നിലും ഉള്ളവർക്കും പിടികിട്ടിയിട്ടില്ല. അതായത്, ഹിറ്റാവുന്ന സിനിമ നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. സിനിമ ആത്യന്തികമായി മനുഷ്യരെ സന്തോഷിപ്പിക്കേണ്ട ഒരു കലയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഒരു ക്രിയേറ്ററുടെ പൂർണമായ ചിന്തയിലും ആംഗിളിലും നിന്നുകൊണ്ട് ഈ കാലത്ത് സിനിമ ചെയ്യാൻ സാധിക്കുന്നുണ്ടോ? നമുക്കുമുന്നിൽ സെൻസർ എന്ന അതോറിറ്റിയുണ്ട്. സിനിമയിൽ എന്ത് പറയണം, എന്ത് ചെയ്യണം എന്നെല്ലാം അവരാണ് തീരുമാനിക്കുന്നത്. അതിനൊപ്പം സർക്കാർ എന്ന സിസ്റ്റമുണ്ട്, അതിന്റെ മോണിറ്ററിംഗുണ്ട്. അവർ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ക്രിയേറ്റർ എന്ന നിലയ്ക്ക് നോക്കിക്കാണുമ്പോൾ ആകുലപ്പെടുത്തുന്ന കാര്യങ്ങളാണിതൊക്കെ. സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്ന ചില ഇൻസിഡന്റുകളായി ഇവയൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. സിനിമ ഇല്ലാത്ത ഒരു കാലം ഉണ്ടാകരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിരോധനം കൊണ്ട് കല ഇല്ലാതാകുന്നില്ല. അത് മനുഷ്യന്റെ ഉള്ളിന്റെയുള്ളിലുള്ള ഒന്നാണ്, അതുകൊണ്ടുതന്നെ അത്യന്താപേക്ഷിതവുമാണ്. അത് മനുഷ്യൻ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ▮