ഞാൻ ഈയിടെ എഴുതി പകുതിയായ ഒരു കഥ തുടങ്ങുന്നത് ഇങ്ങനെയാണ്:
“എന്താണ് ഞാൻ എഴുതാൻ പോകുന്ന കാര്യങ്ങളൊക്കെയും എന്നതിൽ എനിക്കിപ്പോൾ പൂർണ്ണമായൊരു രൂപരേഖയില്ല. അടുത്തതായി എഴുതേണ്ടത് ഹക്കിം സിംഗിനെപ്പറ്റിയാണെന്ന് വിചാരിച്ച് നടക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളമെങ്കിലും ആകുന്നു. എന്നാൽ മറ്റു ചില കാര്യങ്ങളൊക്കെ എഴുതി നേരം പോക്കാനാണ് ഇതുവരെയായത്. എന്നും ഹക്കിം സിംഗിനെപ്പറ്റി വിചാരിക്കുന്നതല്ലാതെ ഒന്നും നടന്നില്ല. അയാളെപ്പറ്റിയുള്ള കുറേ വിവരങ്ങൾ ഞാൻ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇനി അതൊന്നു പകർത്തിയെഴുതുകയേ വേണ്ടൂ.
അതിനുമുമ്പ്, അയാളെപ്പറ്റി മറ്റാരെങ്കിലും ഇതിനകം എഴുതിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയുമിരുന്നു. നാട്ടിൽ എല്ലാവർക്കും അറിയാവുന്നൊരാൾ എന്നനിലയിൽ ആരെങ്കിലും ഹക്കിം സിംഗിനെപ്പറ്റി എഴുതാനുള്ള സാധ്യത കൂടുതലാണുതാനും. ഗൂഗിൾ ചെയ്തു നോക്കിയെങ്കിലും ആരും അങ്ങനെ കാര്യമായെന്തെങ്കിലും എഴുതിയതായി കണ്ടില്ല. നാടുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചിലതിൽ ഒന്നുരണ്ട് കമന്റുകളിൽ പരാമർശിക്കപ്പെട്ടതല്ലാതെ സിംഗിനെപ്പറ്റി അധികമാരുമൊന്നും പറഞ്ഞതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ‘മറ്റാരെങ്കിലും പറഞ്ഞ കാര്യമാണോ താൻ പറയാൻ പോകുന്നത്’ എന്ന ലോകം മുഴുവനുമുള്ള ചെറുതും വലുതുമായ എഴുത്തുകാരുടെ മഹത്തായ "പേടി'യെപ്പറ്റി ബെന്യാമിൻ തന്റെ ‘മഞ്ഞവെയിൽ മരണങ്ങളി’ൽ പറയുന്നുണ്ട്. അതു വായിച്ചപ്പോൾ ഞാൻ പറയാൻ വെച്ചിരുന്ന കാര്യമാണല്ലോ ബെന്യാമിൻ പറഞ്ഞുകളഞ്ഞത് എന്നൊരു നിരാശയും തോന്നി. അക്കാര്യം മാത്രമല്ല, എന്റെ ഉള്ളിലുണ്ടായിരുന്ന പല ആശയങ്ങളും ബെന്യാമിൻ ആ പുസ്തകത്തിൽ പറഞ്ഞുകളഞ്ഞു.
ഞാൻ കരുതിവെച്ചതും എന്നെ കടന്നുപോയതുമായ ചിന്തകളും ആശയങ്ങളും മറ്റു പല പുസ്തകങ്ങളിലും കാണാനിടയായിട്ടുണ്ട്. വലിയ മഹാന്മാരായ എഴുത്തുകാർ പോലും ഈ ചെറിയവന്റെ ആശയങ്ങൾ കടൽകടന്നുവന്ന് മോഷ്ടിച്ചെടുത്ത് ഗ്രീസിലേക്കും അല്ബേനിയയിലേക്കും കൊളംബിയയിലേക്കും അങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കടത്തിക്കൊണ്ടുപോയിരിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ തന്നെ ഇപ്പോൾ പേടിയാണ്. കുറേയധികം പുസ്തകങ്ങൾ വായിച്ചുകൂട്ടിയാൽ ഒരുപക്ഷേ ഒന്നും എഴുതാനാവാത്തവിധം പരുങ്ങലിലായിപ്പോകുമോ എന്ന പേടി!.
ലോകത്ത് നിലവിലുള്ള പുസ്തകക്കൂമ്പാരങ്ങളിൽ നാം അറിഞ്ഞതും അറിയാത്തതുമായ എത്രയോ കാര്യങ്ങൾ പരന്നുകിടക്കുന്നുണ്ടാവും. അവയിലൊന്നും പെടാത്തൊരു കാര്യം പറയുകയെന്നത് എത്ര ശ്രമകരമായിരിക്കും? അതുകൊണ്ട് അവയൊന്നും അറിയാതിരിക്കുകയാണ് ഭേദം. ഒരേപോലെ ചിന്തിക്കുകയും ഒരേപോലെ എഴുതുകയും ചെയ്യുന്ന ഒരായിരം പേർ ലോകത്തുണ്ടാവാം. അതും നോക്കിയിരുന്നാൽ വെറുതേയിരിക്കാനേ പറ്റൂ. അതുകൊണ്ട്, ഹക്കിം സിംഗിനെപ്പറ്റി ആരെങ്കിലും ഇതിനകം എഴുതിയിട്ടുണ്ടെങ്കിൽത്തന്നെ കാര്യമാക്കേണ്ടതില്ലെന്ന് എന്റെ മനസ്സ് പറയുന്നു.
സമാനതകളെ ഒരു എഴുത്തുകാരൻ എങ്ങിനെ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഹരീഷിന്റെ ‘മീശ’. അയാൾക്ക് മീശയുടെ കഥ പറയണം. അതേസമയം വിശ്വവിഖ്യാതമായ മൂക്കിനെ ഓർമിക്കാതിരിക്കാനും പറ്റുന്നില്ല. ബഷീർ മൂക്കിനെ വർണ്ണിക്കുമ്പോലെ ഹരീഷ് മീശയേയും വർണ്ണിക്കുന്നു. രണ്ടും മനുഷ്യന്റെ ശരീരഭാഗണെന്ന സമാനത മുഴച്ചുനിൽക്കുമെന്നതുകൊണ്ട് ഒരു മാപ്പുസാക്ഷ്യം പോലെയാണ് മീശയിൽ ഹരീഷ് മൂക്കിനെ സ്മരിക്കുന്നത്. ‘വിശ്വവിഖ്യാതമായ മീശ’ എന്ന് ഒരദ്ധ്യായത്തിന് പേരും കൊടുത്തിട്ടുണ്ട്.
ഹക്കിം സിംഗിന്റെ കഥ പറയുമ്പോൾ ഞാൻ മൂക്കിനേയോ മീശയേയോ സ്മരിക്കുകയില്ല. ഓരോ മനുഷ്യനും ഓരോ കാരിക്കേച്ചറല്ലാതെ മറ്റെന്തെങ്കിലുമാണോ? ഓരോ മനുഷ്യനിലും അയാളുടെ ശരീരത്തിനു പുറത്തേക്ക് വളർന്നു വികസിച്ചൊരു അവയവമുണ്ടാവും. അതിനെ മുൻനിർത്തിയാവും അവൻ ജീവിക്കുക. അവന്റെ ജീവന്റെ അർഥം പോലും ആ അവയവമാവും. അത് കണ്ണാവാം മൂക്കാവാം നാക്കാവാം ചെവിയാവാം ഒരുപക്ഷേ അവയവമെന്നുപോലും വിളിക്കാനാവാത്ത മീശയും തലമുടിയും പോലുമാവാം. ചിലർ കൈവിരലുകൾ വേഗത്തിൽ ചലിപ്പിച്ച് സംഗീത വിദ്വാന്മാരും സെക്രട്ടറിമാരുമാകുന്നു. ചിലർ നാവ് ഉപയോഗിച്ച് നേതാക്കന്മാരാകുന്നു. ചിലർ കാതുകൾ ഉപയോഗിച്ച് അടിമകളാകുന്നു. ചിലർ കാല്പാദങ്ങൾ ചലിപ്പിച്ച് തയ്യൽക്കാരാവുന്നു.”
ഈ കഥ ഇങ്ങനെ ഒരു മുൻകൂർ ജാമ്യാപേക്ഷയിലാണ് തുടങ്ങുന്നത്. കാരണം, ഹക്കിം സിംഗിന്റെ കഥ എഴുതിക്കഴിയുമ്പോൾ ആ കഥയും ഒരുപക്ഷേ സാമാനതാ സംബന്ധിയായ ആരോപണങ്ങളെ നേരിട്ടേക്കും.
സത്യത്തിൽ, സമാനതയെ സംബന്ധിച്ച ഭയം വെറും ഭയമല്ല; ഒരു സൃഷ്ടിയെ പരമാവധി വ്യത്യസ്തമാക്കാനുള്ള സൂക്ഷ്മതയുടെ ഭാഗമായുണ്ടാവുന്ന ഭയമാണത്. എഴുതിക്കൊണ്ടിരിക്കുന്നതിന് ഇടയിൽത്തന്നെ മേൽപ്പറഞ്ഞ കഥയിലെ കഥാപാത്രത്തിന്റെ പേരുപോലും എനിക്ക് മാറ്റേണ്ടിവന്നു.
കബീർ സിംഗ് എന്നായിരുന്നു അയാളുടെ ആദ്യത്തെ പേര്. കഥ പുരോഗമിക്കവേ ആ പേർ എനിക്ക് വളരെ പ്രിയമുള്ളതായിത്തീർന്നിരുന്നു. അതിനിടെയാണ് കബീർ സിംഗ് എന്നൊരു സിനിമ റിലീസ് ആകുന്നത്. പേരിൽ വലിയ കാര്യമില്ല; എങ്കിലും എനിക്കെന്തോ അസ്വസ്ഥതപോലെ. ഞാൻ അവന്റെ പേരു മാറ്റി ഹക്കിം സിംഗ് എന്നാക്കി. അതിൽ ആദ്യമൊന്നും എനിക്ക് അത്ര സുഖം പോരായിരുന്നു. എങ്കിലും, പിന്നീടുള്ള ഓരോ ഖണ്ഡികകളിലും അവനെ ഹക്കിം സിങ്ങെന്ന് വിളിച്ചു വിളിച്ച് ഞാൻ പൊരുത്തപ്പെട്ടു.
ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും, ഇന്ന്, ഞാനും ഒരു ചലച്ചിത്രകാരനും സമാനതകളുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഇരുവരുടേയും കഥാഭൂമികകൾക്ക് എങ്ങനെയോ അവിടവിടങ്ങളിൽ സമാനതകൾ കൈവന്നിരിക്കുന്നു. 2018 ഫെബ്രുവരി 17ന് ഞാൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ‘മാക്കിക്ക’ എന്ന കഥയിലെ കഥാപാത്രവുമായി കൃഷാന്തിന്റെ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിലെ നായകൻ സാദൃശ്യപ്പെട്ടിരിക്കുന്നുവെന്ന് മാക്കിക്കയെ മുമ്പ് വായിച്ചവരാണ് ചൂണ്ടിക്കാട്ടിയത്. ചിത്രത്തിന്റെ സംവിധായകൻ കൃഷാന്ത് ആവട്ടെ, എന്റെ കഥാപാത്രത്തെപ്പറ്റി അറിയുന്നത് സംഭവം വിവാദമായപ്പോൾ മാത്രമാണുതാനും.
സോഷ്യൽ മീഡിയയിൽ സംഭവം ചൂടുപിടിക്കാൻ തുടങ്ങുമ്പോഴേക്ക് കൃഷാന്തും ഞാനുമായി ഇതേപ്പറ്റി സംസാരിച്ചു. ഞാൻ എന്റെ കഥാപാത്രം വന്ന വഴിയെപ്പറ്റിയും അദ്ദേഹം അദ്ദേഹത്തിന്റെ കഥാപാത്രം വന്ന വഴിയെപ്പറ്റിയും പറഞ്ഞു. പക്ഷേ, രണ്ടു കഥാപാത്രങ്ങളും നടന്നു തുടങ്ങുമ്പോൾ ചിലയിടങ്ങളിൽ അവർ പൊതുവായ പാതകൾ പങ്കുവെച്ചു. യാത്രകൾക്ക് ഒടുവിൽ ഇരു കഥാപാത്രങ്ങളും ഒരേ വിധിയ്ക്ക് കീഴടങ്ങി.
രണ്ട് കഥാപാത്രങ്ങൾക്ക് ഇങ്ങനെ ആകസ്മിക സാമ്യങ്ങളുണ്ടായാൽ എന്തു ചെയ്യാൻ കഴിയും? രണ്ട് കഥകളെന്നാൽ രണ്ട് ലോകങ്ങളാണ്. രണ്ട് കഥാലോകങ്ങൾ രണ്ടായിത്തന്നെ ഇരിക്കണമെന്ന വാശി കലാകാരനെപ്പോലെ തന്നെ ആസ്വാദകനുമുണ്ട്. അതുകൊണ്ടാണ് സാമ്യതകൾ കാണുമ്പോൾ അവർ അസ്വസ്ഥപ്പെടുന്നത്.
എന്തുകൊണ്ടാവും മനുഷ്യന്റെ ഉള്ളിലെ കലാസ്വാദന മുകുളങ്ങൾ വ്യത്യസ്തമായ രുചികൾക്കു വേണ്ടി ഇത്ര വാശിപിടിക്കുന്നത്? ഒരേ ഭക്ഷണത്തിന്റെ രുചി എത്ര തവണ വേണമെങ്കിലും ആസ്വദിക്കുന്ന മനുഷ്യൻ. ഒരേ പൂന്തോട്ടത്തിലെ പൂക്കളെ എത്ര നാൾ വേണമെങ്കിലും നോക്കി നിൽക്കുന്ന മനുഷ്യൻ. ഒരേ കടലുകാണാൻ പിന്നെയും പിന്നെയും പോകുന്ന മനുഷ്യൻ. അങ്ങനെയുള്ള മനുഷ്യൻ എന്തിനാണ് ഒരു പുസ്തകത്തിലുള്ള എന്തെങ്കിലും ഒരു കാര്യം മറ്റൊരു പുസ്തകത്തിൽ കാണുമ്പോൾ അസ്വസ്ഥരാവുന്നത്? എനിക്ക് തോന്നുന്നത്, മനുഷ്യന് യഥാർഥ ലോകത്തേക്കാൾ പ്രിയം ഫിക്ഷന്റെ അയഥാർഥ ലോകമായതുകൊണ്ടാണ് എന്നാണ്.
നമ്മൾ യഥാർഥ ലോകത്ത് പണിയെടുക്കുന്നു, വിശക്കുന്നു, കഴിക്കുന്നു, രമിക്കുന്നു, വിസർജ്ജിക്കുന്നു. എന്നാൽ യഥാർഥ ലോകവും ഫിക്ഷന്റെ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ നാം ഫിക്ഷന്റെ ലോകത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി കാണാൻ പറ്റും. ഒരു പുസ്തകത്തിലെ ഏതെങ്കിലും ഈർക്കിലി കഥാപാത്രം നമ്മുടെ ആരാധ്യപുരുഷന്മാരെ/ ദൈവങ്ങളെ/ പുണ്യാളന്മാരെ അവമതിച്ചാൽ നമ്മൾ വലിയ ലഹളകൾക്ക് വരെ തയ്യാറാകും. ദൈവത്തിന്റെ യഥാർഥ യഥാർഥലോകം വെടിഞ്ഞുകൊണ്ട് മനുഷ്യന്റെ അയഥാർഥ ലോകത്തിനെ ചൊല്ലി മരിക്കാൻ തയ്യാറാവും. തെരുവുകൾ കത്തിക്കാനും അത് എഴുതിയവനെ കൊല്ലാനും പുറപ്പെടും. ആ കഥാപാത്രം ആ കഥയിൽ ജീവിച്ചിരിക്കുവോളം നമ്മൾ അസ്വസ്ഥരായിരിക്കും. കഥകളിലെ കഥാപാത്രങ്ങൾ മരിക്കാതെ എപ്പോഴും ഉണർന്നിരിക്കുമെന്ന ബോധം നമുക്കുണ്ടെന്ന് കൂട്ടിക്കോളൂ.
അത്രയും പ്രധാനപ്പെട്ട ഫിക്ഷന്റെ ലോകത്തിലെ തെറ്റിക്കാൻ പാടില്ലാത്ത നിയമമാണ് ‘സാമ്യപ്പെടാതിരിക്കുക’ എന്നത്. മനുഷ്യരിൽ ഓരോരുത്തരുടേയും മസ്തിഷ്കങ്ങൾ വ്യത്യാസപ്പെട്ടിരിക്കുവോളം സാമ്യതകൾക്ക് വിദൂര സാധ്യതകൾ മാത്രമാണുള്ളത്. അപ്പോഴും സാധ്യത എന്നത് തള്ളിക്കളയാനാവാത്ത യാഥാർഥ്യം തന്നെ. ലോകത്ത് പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതുമായ ലക്ഷക്കണക്കായ പുസ്തകങ്ങളിലും മറ്റ് ആവിഷ്കാരങ്ങളിലും പെടാത്തൊരു കഥയോ കഥാപാത്രമോ ഉണ്ടാവുക എന്നതിന്റെ സാധ്യത കാലം ചെല്ലും തോറും കുറഞ്ഞുകൊണ്ടേയിരിക്കും.
മാക്കിക്ക എന്ന എന്റെ കഥയും ആവാസ വ്യൂഹം എന്ന ചലച്ചിത്രവും തമ്മിലുള്ള സാമ്യതയിൽ ഞാൻ മനസ്സിലാക്കുന്നത് എന്തെന്നാൽ, ജലവുമായി ബന്ധപ്പെട്ട രണ്ടു കഥകളിലെ കഥാപാത്രങ്ങൾ സാമ്യപ്പെട്ടുവരുവാനുള്ള സാധ്യത വിരളമെങ്കിലും ഉണ്ടായിക്കൂടായ്കയില്ലെന്നാണ്. ഒപ്പം, ജലവും മനുഷ്യനുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന മിത്തുകളിൽ നിന്നും കഥകളിൽനിന്നും മുക്തമാകാതിരിക്കാനുള്ള സാധ്യതയും ആ കഥാപാത്രത്തിനുണ്ട്. അതുകൊണ്ടാവാം മാക്കിക്കയും ജോയിയും ഒരേ പരിണാമത്തിന് വിധേയമാകുന്നത്.
ഒരു കഥയുടെ ലോകമെന്നത് എന്നെ സംബന്ധിച്ച് വിശുദ്ധലോകമാണ്. അങ്ങനെയുള്ള ലോകം സൃഷ്ടിക്കുന്നവർ കഥാകാരന്മാരോ കവികളോ സിനിമക്കാരോ ആരുമായിക്കോട്ടെ, വിശുദ്ധരാണ്. എങ്ങനെയോ വന്നുപെട്ട സമാനത വിശുദ്ധനായൊരു കലാകാരനെ ക്രൂശിക്കാനുള്ള ഉപകരണമാകുന്നില്ല. എന്റെ മാക്കിക്കയും കൃഷാന്തിന്റെ ജോയിയും അവരുടെ സമാനതകളോടെ രണ്ട് ലോകങ്ങളിൽ ജീവിച്ചുകൊള്ളട്ടെ.