‘പട' പരാജയപ്പെടുന്നയിടങ്ങൾ

ഒരു രാഷ്ട്രീയ സിനിമയെന്ന നിലയിൽ കമലിന്റെ ‘പട' ചില പാഠങ്ങൾ നൽകുന്നുണ്ട്. മധ്യവർഗ കാൽപ്പനിക വിപ്‌ളവ ഭാവനകൾക്ക് അത് പ്രചോദനമായേക്കാം. ‘പട’ എന്ന സിനിമയുടെ ആവേശം കൊള്ളിക്കുന്ന രാഷ്ട്രീയത്തെ രണ്ട് ദശകത്തിന്റെ പൂർവകാല പ്രാബല്യത്തിൽ വിമർശന വിധേയമാക്കപ്പെടണം. പുതിയ കാലത്തിന്റെ രാഷ്ട്രീയ ചുവരെഴുത്തുകൾ വായിക്കുന്നതിൽ ‘പട' പരാജയപ്പെടുകയാണ്.

1996ൽ പാലക്കാട് കളക്ടറേറ്റിൽ അയ്യങ്കാളിപ്പടയെന്ന നാലംഗ മാവോയിസ്റ്റ് സംഘം നടത്തിയ ബന്ദി നാടകം, കെ.എം. കമൽ സംവിധാനം​ ​ചെയ്​ത ‘പട' എന്ന സിനിമയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള 1975ലെ നിയമം നടപ്പാക്കാതെ അത്​ അട്ടിമറിക്കാൻ ഇടത് - വലത് മുന്നണികൾ ഒറ്റക്കെട്ടായി 1996 ൽ നിയമസഭയിൽ പാസാക്കിയ പുതിയ ബില്ലിനെതിരായ പ്രതിഷേധമായിരുന്നു ബന്ദി നാടകം.

അന്ന് അയ്യങ്കാളിപ്പട സംഘത്തിലുണ്ടായിരുന്ന കല്ലറ ബാബു, വിളയോടി ശിവൻകുട്ടി, രമേശൻ കാഞ്ഞങ്ങാട്, അജയൻ മണ്ണൂർ എന്നിവരെ വിനായകനും ദിലീഷ് പോത്തനും കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്റെ ‘ബുദ്ധികേന്ദ്ര'മായിരുന്ന നക്‌സലൈറ്റ് നേതാവ് എം. എൻ. രാവുണ്ണിയായി ഇന്ദ്രൻസും പ്രത്യക്ഷപ്പെടുന്നു. പ്രകാശ് രാജ് ചീഫ് സെക്രട്ടറിയായും അർജുൻ രാധാകൃഷ്ണൻ ബന്ദിയാക്കപ്പെട്ട കളക്ടറായും വി.കെ. ശ്രീരാമൻ മുഖ്യമന്ത്രിയായും ടി. ജി. രവി മധ്യസ്ഥനായും സലിം കുമാർ ജില്ലാ ജഡ്ജിയായും അഭിനയിക്കുന്നു. പടയുടെ രഹസ്യ സഹായിയായ ഉസ്മാനിലൂടെ ഗോപാലനും തിളങ്ങി. കുഞ്ചാക്കോ ബോബൻ മുതൽ ഇഷിത വരെയുള്ളവരുടേത്​മികച്ച കാസ്റ്റിംഗാണ്​. പുരുഷ സാഹസികതയിൽ കേന്ദ്രീകരിച്ചിരിക്കുന്ന സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമില്ലെങ്കിലും കനി കുസൃതിയും ഉണ്ണിമായയും ഭാര്യവേഷങ്ങളെ നന്നായി അവതരിപ്പിച്ചു. കളക്ടറേറ്റ് ആക്ഷന്റെ
ഉദ്വേഗം നിറഞ്ഞ സന്ദർഭങ്ങളെ പകർത്തുന്നതിൽ സമീർ താഹിറിന്റെ കാമറയും വിജയിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും രംഗങ്ങൾക്ക് മിഴിവുകൂട്ടുന്നുണ്ട്.

ചില സന്ദർഭങ്ങളിലെ അതിഭാവുകത്വവും നാല് ‘പട'യാളികളുടെ മഹത്വവൽക്കരണവും ഒഴിവാക്കിയാൽ ഒരു യഥാർത്ഥ സംഭവത്തിന്റെ പുനരാവിഷ്‌കാരമെന്ന നിലയിൽ സാമാന്യം നല്ല നിലയിൽ എടുത്ത ചിത്രമാണിത്. ഓട്ടോ റെനെ കാസ്റ്റ്‌ലെ മുതൽ യു. പി. ജയരാജ് വരെയുള്ള ക്‌ളീഷേയും ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ പശ്ചാത്തലം മാറ്റിവെച്ചാൽ ഒരു മികച്ച ആക്ഷൻ ത്രില്ലർ സിനിമയാണത്. ഒരു സംഭവ കഥയെ കാൽനൂറ്റാണ്ടിനുശേഷം അതേപടി പകർത്തുന്നതിൽ കെ. എം. കമൽ വിജയിച്ചിട്ടുണ്ട് എന്നുപറയാം. ഇത് സിനിമയുടെ നിരൂപണം മാത്രമല്ലാത്തതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.

'പട'യിലെ ഒരു രംഗം. ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ, കുഞ്ചാക്കോ ബോബൻ
'പട'യിലെ ഒരു രംഗം. ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ, കുഞ്ചാക്കോ ബോബൻ

എന്നാൽ പട സിനിമയായി തിരിച്ചു വരുമ്പോൾ അതിന്റെ രാഷ്ട്രീയവും പശ്ചാത്തലവും സംഭവത്തിന്റെ മഹത്വവൽക്കരണവും ചർച്ച ചെയ്യപ്പെടാതിരുന്നുകൂടാ. ‘പട' യുടെ വിപ്‌ളവകരമായ ആക്ഷൻ തുടങ്ങിയ അവകാശവാദങ്ങളും പുകഴ്ത്തലുകളും ആ സംഭവത്തെയും അതിനാധാരമായ ആദിവാസി ഭൂമി പ്രശ്‌നത്തെയും പിൽക്കാല ആദിവാസി മുന്നേറ്റങ്ങളെയും കുറിച്ച് രാഷ്ട്രീയ ബോധ്യങ്ങളുള്ളവർക്ക് ഫലിതമായി മാത്രമേ കാണാൻ കഴിയൂ. ‘പട’ എന്ന സിനിമയുടെ ആവേശം കൊള്ളിക്കുന്ന രാഷ്ട്രീയത്തെ രണ്ട് ദശകത്തിന്റെ പൂർവകാല പ്രാബല്യത്തിൽ വിമർശന വിധേയമാക്കപ്പെടണം.

എന്തായിരുന്നു പടയുടെ നാടകത്തിന്റെ അനന്തര ഫലം?
അത് ആദിവാസി വിരുദ്ധമായ നിയമം പിൻവലിക്കുന്നതിന് പ്രേരകമായോ? ആദിവാസികളുടെ ഭൂരാഹിത്യവും ദാരിദ്യവും പരിഹരിക്കുന്നതിലോ സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനോ അയ്യങ്കാളിപ്പടയുടെ ആക്ഷൻ സഹായകമായോ? ചിത്രത്തിൽ പറയുന്നതുപോലെ പിന്നീട് നടന്ന കുടിൽ കെട്ടൽ, മുത്തങ്ങ, ചെങ്ങറ സമരങ്ങൾക്ക് ഈ നാടകം ഏതെങ്കിലും തരത്തിൽ പ്രചോദനമോ പ്രേരണയോ ആയോ? അഥവാ, എ. വർഗീസിന്റെ കാലം മുതൽ അയ്യങ്കാളിപ്പടയുടെ കാലത്തോ അതിനുശേഷമോ നക്‌സലൈറ്റുകളോ പിൽക്കാല മാവോയിസ്റ്റുകളോ ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിനോ ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതിനുവേണ്ടിയോ അർത്ഥവത്തായ എന്തെങ്കിലും സമരങ്ങൾ നടത്തിയോ? (ആദിവാസികളായ കർഷക തൊഴിലാളികളുടെ കൂലി കൂടുതലിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വർഗീസ് നടത്തിയ പ്രവർത്തനങ്ങൾ വിസ്മരിക്കുന്നില്ല). അരി ചോദിച്ചും പണം തേടിയും പോസ്റ്റർ ഒട്ടിച്ചും സോണൽ കമ്മിറ്റിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചും ആദിവാസി മേഖലകളിൽ മാവോയിസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട് എന്നത് മറക്കുന്നില്ല. രോഗബാധിതരോ പട്ടിണിക്കാരോ ഒറ്റപ്പെട്ടവരായി മാറിയ ചിലരെ പൊലീസ് നിഷ്ഠുരമായി വെടിവെച്ചുകൊന്നിട്ടുണ്ട് എന്നതും വസ്തുതയാണ്.

വിളയോടി ശിവൻ കുട്ടി, കല്ലറ ബാബു, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ / ചിത്രങ്ങൾ : ഷഫീഖ് താമരശ്ശേരി
വിളയോടി ശിവൻ കുട്ടി, കല്ലറ ബാബു, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ / ചിത്രങ്ങൾ : ഷഫീഖ് താമരശ്ശേരി

കളക്ടറേറ്റിലെ നൂലുണ്ട- കളിത്തോക്ക് വിപ്‌ളവവും മാവോയിസ്റ്റുകളുടെ ഒറ്റപ്പെട്ട പ്രവർത്തനങ്ങളും ഫലത്തിൽ ആദിവാസി വിരുദ്ധ നിയമങ്ങളും നടപടികളും അടിച്ചേൽപ്പിക്കാൻ സർക്കാരിന് എളുപ്പമായിത്തീർന്നു എന്നതാണ് യാഥാർത്ഥ്യം. ഭരണകൂട വിരുദ്ധരായ, ‘സായുധ വിപ്‌ളവത്തിലൂടെ അധികാരം പിടിച്ചെടുക്കു'മെന്ന് പ്രഖ്യാപിക്കുന്ന മാവോയിസ്റ്റുകൾ, 1975 ലെ നിയമം അടക്കം ഒരു നിയമ നിർമ്മാണത്തെയും ഗൗരവമായി എടുത്തിട്ടുമില്ല. ഈ നിയമങ്ങളെ കോടതിയിലെത്തിച്ചത് ഡോ. നല്ലതമ്പി തേരയായിരുന്നു.

ആദിവാസി വിരുദ്ധ ബില്ലുകൾക്കെതിരെ ആദിവാസികളുടെ തന്നെ നേതൃത്വത്തിൽ ആരംഭിച്ചിരുന്ന, 1996ലെയും 1999ലെയും സമരങ്ങളെ തടസപ്പെടുത്തുന്നതിനാണ് ഫലത്തിൽ അവരുടെ ആക്ഷൻ വഴിവെച്ചത്. അതിനു മുമ്പുതന്നെ വയനാട്ടിലും പാലക്കാടും ആദിവാസികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ഭൂമിയിൽ അവകാശം സ്ഥാപിക്കുന്ന ഭൂസമരങ്ങളെ പ്രതിസന്ധിയിലാക്കുകയാണുണ്ടായത്.

ഈ തടസങ്ങളെയെല്ലാം മറികടന്നാണ് 2001ൽ എ. കെ. ആന്റണി സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ നൂറുകണക്കിന് ആദിവാസികൾ ദലിതരുടെയും ജനാധിപത്യവാദികളുടെയും പിന്തുണയോടെ കുടിൽ കെട്ടി സമരം നടത്തിയതും ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുമെന്ന കരാറുണ്ടായതും. ഇവിടെയൊന്നും അയ്യങ്കാളിപ്പടയോ മാവോയിസ്റ്റുകളോ ഉണ്ടായിരുന്നില്ല. അത്തരം ഗ്രൂപ്പുകളുടെ സാന്നിധ്യം മാറ്റിനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് സമരങ്ങളിലൂടെ ആദിവാസികൾക്ക് കുറെയെങ്കിലും ഭൂമി ലഭിച്ചത്.

മുത്തങ്ങ ഭൂസമരത്തിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് ആക്ഷൻ
മുത്തങ്ങ ഭൂസമരത്തിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് ആക്ഷൻ

കുടിൽ കെട്ടൽ സമരത്തിലെ കരാർ സർക്കാർ നടപ്പാക്കാത്തതിനെതിരെ 2003ൽ വയനാട്ടിലെ മുത്തങ്ങയിൽ തടന്ന ഭൂമി കയ്യേറ്റ സമരത്തിനെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഒരു ആദിവാസിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. നൂറു കണക്കിന് ആദിവാസികൾ ക്രൂരമായി പൊലീസുകാരാൽ വേട്ടയാടപ്പെട്ടു. എം. ഗീതാനനന്ദനെ പോലുള്ളവരുടെ നക്‌സലൈറ്റ് ഭൂതകാലത്തെ ചൂണ്ടിക്കാട്ടി സമരത്തിന് മാവോയിസ്റ്റ് - എൽ.ടി.ടി.ഇ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസ് അതിക്രമം. മുത്തങ്ങയിൽ എത്തുന്നതിന് വളരെ മുമ്പേ ഗീതാനന്ദൻ നക്‌സലൈറ്റ് രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നെങ്കിലും പഴയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അക്രമം നടത്താൻ പൊലീസിന് എളുപ്പമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കെട്ടിയിട്ടതും അമ്പും വില്ലും പോലുള്ള ആദിവാസികളുടെ പരമ്പരാഗത ആയുധങ്ങൾ പ്രതീകാത്മകമായി ഉപയോഗിച്ച് സൃഷ്ടിച്ച മിലിറ്റൻസിയും തീവ്രവാദ ബന്ധത്തെ സ്ഥാപിച്ചെടുക്കാൻ പൊലീസ് ഉപയോഗപ്പെടുത്തി. മുത്തങ്ങയെ തുടർന്നുണ്ടായ, ആദിവാസികൾക്കെതിരായ പൊലീസ് വേട്ടക്ക് സമരത്തിന്റെ ‘തീവ്രവാദ' ബന്ധത്തിന്റെ പേരിലാണ് പൊതുസമ്മതി നേടാൻ ശ്രമിച്ചത്. അതേതുടർന്നാണ് ‘നാട്ടുകാരു'ടെ മുഖം മൂടിയണിഞ്ഞ കുടിയേറ്റക്കാരുടെ സർവകക്ഷി സംഘം ആദിവാസികളെ വേട്ടയാടിയത്. ഫലത്തിൽ തീവ്രവാദ രാഷ്​ട്രീയവുമായുള്ള വിദൂര ബന്ധം പോലും ആദിവാസി സമരങ്ങളെയും ജീവിതത്തെ പോലും അപകടപ്പെടുത്തുകയായിരുന്നു. നക്‌സൽ വർഗീസിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിനും നക്‌സലൈറ്റ് രാഷ്ട്രീയത്തിന്റെ ശൈഥില്യത്തിനും ശേഷം വയനാട്ടിൽ പൊലീസും ക്രിമിനൽ പശ്ചാത്തലമുള്ള ചില കുടിയേറ്റക്കാരും നടത്തിയ ലൈംഗികാതിക്രമങ്ങളുടെ ഫലം കൂടിയായിരുന്നു അവിവാഹിതരായ ആദിവാസി അമ്മമാർ എന്ന് ഓർക്കുക.

പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളും സായുധ കലാപ ശ്രമങ്ങളും വ്യക്തി ഉന്മൂലനങ്ങളും മുതൽ അയ്യങ്കാളിപ്പട വരെയുള്ള മാവോയിസ്റ്റ് പ്രയോഗങ്ങൾ തല തിരിഞ്ഞ രാഷ്ട്രീയ പ്രഹസനങ്ങളായാണ് മാറിയത്. ഇവിടെയൊന്നും ബഹുജന പങ്കാളിത്തം ഉണ്ടായിരുന്നില്ല.

പാലക്കാട് ജില്ലാ കലക്ടറെ ബന്ദിയാക്കിയ നൂലുണ്ട നാടകം നടത്തിയ പട തന്നെ തമ്മിൽ തല്ലി പല വഴിക്ക് പിരിഞ്ഞുപോയി. സിനിമ അവകാശപ്പെടുന്നതുപോലെ അവർ എന്ത് വിപ്‌ളവ പ്രവർത്തനമാണ് ഇപ്പോഴും തുടരുന്നത്? അവരുടെ പടയും പ്രസ്ഥാനവും എവിടെയാണ് അവശേഷിച്ചിരിക്കുന്നത്?

എം. ഗീതാനന്ദൻ / Photo: Shafeeq Thamarassery
എം. ഗീതാനന്ദൻ / Photo: Shafeeq Thamarassery

പിളർപ്പുകളുടെയും ശൈഥില്യങ്ങളുടെയും പരസ്പര ഏറ്റുമുട്ടലുകളുടെയും ജന്മവാസനകളോടെയാണ് നക്‌സലൈറ്റ്- മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവി തന്നെ. കേരളത്തിലാണെങ്കിൽ അടിയന്തരാവസ്ഥക്കുശേഷം ‘പുനഃസംഘടിപ്പിക്കപ്പെട്ട' എം. എൽ. പാർട്ടി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് തുടങ്ങിയപ്പോൾ തന്നെ ഉന്മൂലന സമരങ്ങളിലൂടെയും പാർട്ടി നേതൃത്വങ്ങളുടെ ‘ലൈൻ സമരങ്ങളി'ലൂടെയും സ്വയം തകരാനും തുടങ്ങി. വീണ്ടും ഒത്തുചേർന്ന സി.ആർ.സി. സി. പി.ഐ. എം. എൽ എന്ന ഗ്രൂപ്പ് കെ. വേണുവിന്റെയും കെ. എൻ. രാമചന്ദ്രന്റെയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1987ൽ റെഡ് ഫ്‌ളാഗ് എന്ന ഗ്രൂപ്പുണ്ടായി (അതും പിന്നീട് പലതായി പിളർന്നു. കെ. ടി. കുഞ്ഞിക്കണ്ണനെ പോലുള്ളവർ സി.പി.എമ്മിലും അഭയം തേടി). അതിനു ശേഷവും സായുധ സമരവും ദേശീയതകളുടെ വിമോചന സമരവും ജാതിവിരുദ്ധ സമരവുമെല്ലാം ഏറ്റെടുത്ത സി.ആർ.സി. സി. പി.ഐ. എം. എൽ എന്ന പാർട്ടി 1991ൽ അന്നത്തെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന കെ. വേണു ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ മാർക്‌സിസം ലെനിനിസത്തിനുതന്നെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ജനാധിപത്യത്തിന്റെ പുതിയ പാത കണ്ടെത്തുകയാണ് വേണ്ടത് എന്നുമുള്ള തിരിച്ചറിവിനെ തുടർന്നായിരുന്നു പാർട്ടി പിരിച്ചുവിടൽ. പാർട്ടി പ്രവർത്തകരും അനുഭാവികളും അനിശ്ചിതത്വത്തിലായി. അതിനുശേഷമാണ് വേണുവിന്റെ ലൈൻകാരായിരുന്ന മുരളി കണ്ണമ്പിള്ളിയും എം. എൻ. രാവുണ്ണിയും ചേർന്ന് കേരള കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയത്. (അത് പിന്നീട് സി.പി.ഐ എം.എൽ നക്‌സൽബാരിയായി, ഒടുവിൽ സി.പി.ഐ മാവോയിസ്റ്റിൽ വിലയം പ്രാപിച്ചു). ഇതൊക്കെ നക്‌സലൈറ്റ് രാഷട്രീയത്തിലെ ചില തമാശകൾ മാത്രം.

പാർട്ടി പിരിച്ചുവിട്ട ശേഷം കേരളീയ ദേശീയ വിമോചന ദൗത്യം നിറവേറ്റാൻ കുറച്ച് കാലം നിലനിന്ന കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ പരീക്ഷണ കൗതുകങ്ങങ്ങളിൽ ഒന്നായിരുന്നു അയ്യങ്കാളിപ്പടയെന്ന താൽക്കാലിക തട്ടിക്കൂട്ടൽ. അതിനുമുമ്പ് എം. ഗീതാനന്ദന്റെയും ഇ. പി. കുമാര ദാസിന്റെയും നേതൃത്വത്തിൽ ഒരു സംഘം ദലിത്- ആദിവാസി പ്രശ്‌നങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ടിരുന്നു. ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ആദിവാസി വിരുദ്ധ നിയമത്തിനെതിരെ ആദിവാസികൾക്കും ദലിതർക്കും ഇടയിൽ ഉയർന്ന പ്രതിഷേധങ്ങൾ മറയാക്കി ദലിതനായ കല്ലറ ബാബുവും രണ്ടോ മൂന്നോ സവർണരും അയ്യങ്കാളിപ്പടയെന്നവകാശപ്പെട്ട് പാലക്കാട് കളക്ടറേറ്റിൽ ബന്ദി നാടകം നടത്തിയത്. ചിത്രത്തിൽ ഇന്ദ്രൻസിന്റെ കഥാപാത്രമായ മുണ്ടൂർ രാവുണ്ണിയുടെ കൂടി ആലോചനയിലാണ് നാടകം അരങ്ങേറിയത്. ശിഥിലമാകാൻ തുടങ്ങിയ നക്‌സലൈറ്റ് ഗ്രൂപ്പിനെ വാർത്ത സൃഷ്ടിച്ച് ജനമധ്യത്തിൽ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒരു തന്ത്രമായിരുന്നു ബന്ദി നാടകം. അതുകൊണ്ടാണ് ആ സമരത്തിന് തുടർച്ച ഇല്ലാതെ പോയത്.

25 വർഷത്തിനുശേഷം ഈ സംഭവം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി പുനരവതരിപ്പിക്കുമ്പോൾ അതിന്റെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലവും ആക്ഷന് പിന്നിലെ അന്തർ നാടകങ്ങളും മനസിലാക്കേണ്ടതായിരുന്നു. ആദിവാസി രാഷ്ട്രീയം അവതരിപ്പിക്കുമ്പോൾ ആദിവാസി- ദലിത് മേഖലയിലെ നവ രാഷ്ട്രീയ ചലനങ്ങളോട് കൂടി സംവദിക്കാൻ കഴിയേണ്ടതുണ്ടായിരുന്നു.

എം.എൻ. രാവുണ്ണി / Photo: Shafeeq Thamarassery
എം.എൻ. രാവുണ്ണി / Photo: Shafeeq Thamarassery

പാലക്കാട് സംഭവത്തിലെ കഥാപാത്രങ്ങൾ നമ്മുടെ മുമ്പിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കല്ലറ ബാബു, രമേശൻ കാഞ്ഞങ്ങാട്, വിളയോടി ശിവൻകുട്ടി, അജയൻ മണ്ണൂർ എന്നിവരാണ് അവർ. ചിത്രത്തിൽ അവർ ഇപ്പോഴും വിപ്ലവ പ്രവർത്തനം തുടരുന്നുവെന്ന് തോന്നിപ്പിക്കുന്ന അവസാന ഭാഗം അയഥാർത്ഥമാണ്. അതിൽ ഒരാൾ മാത്രമാണ് ‘മാവോയിസ്റ്റ്' പ്രവർത്തനങ്ങളുമായി ബന്ധം തുടരുന്നത്. മറ്റുള്ളവർ ആ രാഷ്ട്രീയം എതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞവരാണ്. സാമൂഹിക വിപ്‌ളവം എന്ന ലക്ഷ്യത്താൽ പ്രചോദിതരായിട്ടാകണം അവർ കളക്ടറെ ബന്ദിയാക്കൽ എന്ന ആക്ഷൻ നടപ്പാക്കിയത്. എന്നാൽ, അതിനുശേഷം അവർക്ക് സമൂഹത്തിൽ നിന്നോ, ആദിവാസികളിൽ നിന്നോ കാര്യമായ പിന്തുണ ലഭിച്ചില്ല. പ്രതീക്ഷിച്ചതുപോലെ അവരുടെ സംഘടനയോ രാഷ്ട്രീയമോ ബഹുജനങ്ങൾക്കിടയിൽ വേരുപിടിച്ചില്ല. പിന്നീടും ചില ആക്ഷനുകൾ നടത്തിയെങ്കിലും ഒരുവിധ അടിച്ചമർത്തലും നേരിടാതെ അയ്യങ്കാളിപ്പട സ്വയം ഇല്ലാതായി. അവർക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് തന്നെ അത് ഗൗരവത്തിലെടുത്തില്ല. എങ്കിലും അവരിൽ പലരും വർഷങ്ങളോളം സ്വയം തെരഞ്ഞെടുത്ത ഒളിവുജീവിതത്തിലായിരുന്നു. രാഷ്ട്രീയവും ജീവിതപരവുമായ അനിശ്ചിതത്വത്തിന്റെ കാലമായിരുന്നു അവർക്കുമുന്നിലുണ്ടായിരുന്നത്. കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ അവർ പിന്തുടർന്നിരുന്ന മാവോയിസ്റ്റ് രാഷ്ട്രീയവും സംഘടനയും കൂടുതൽ ശിഥിലമാകുകയും ദുർബ്ബലപ്പെടുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.

അയ്യങ്കാളിപ്പട സിനിമയിലൂടെ വീണ്ടും തിരിച്ചെത്തുമ്പോൾ സ്വന്തം സമുദായത്തിലും സമൂഹത്തിലും പ്രജാസഭയിലും അയ്യൻകാളി നടത്തിയ സമരങ്ങളും പ്രവർത്തനങ്ങളും ഓർമിക്കേണ്ടതുണ്ട്. 10 ബിഎക്കാർ തന്റെ സമുദായത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചത് മറ്റ് വിഭാഗങ്ങളെപ്പോലെ വിദ്യാസമ്പന്നരും ജ്ഞാനബോധമുള്ളവരുമായി തന്റെ സമുദായവും മാറണമെന്ന ചിന്തയിലാണ്. പ്രജാസഭയിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ടത് സമുദായ വളർച്ചക്ക് കുടുബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥത പ്രധാനമാണ് എന്നതിനാലാണ്. അധഃസ്ഥിത കുട്ടികൾക്ക് സവർണർ വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ ‘ഞങ്ങളുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ മുട്ടിപ്പുല്ല് മുളയ്ക്കുമെന്ന്’ പ്രഖ്യാപിച്ച് ഒരു വർഷത്തോളം നീണ്ട ഐതിഹാസികമായ കാർഷിക പണിമുടക്ക് നടത്തിയത് വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനായിരുന്നു. കമ്യൂണിസ്റ്റുകാർ വ്യാഖ്യാനിക്കുന്നതുപോലെ അതൊരു കാർഷിക വിപ്ലവം ആയിരുന്നില്ല. വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ വില്ലുവണ്ടിയുമായി റോഡിലിറങ്ങി സവർണരെ വെല്ലുവിളിച്ചതും ആക്രമിച്ച സവർണ ഗുണ്ടകളെ തിരിച്ചടിച്ചതും പൗരാവകാശത്തിനുവേണ്ടിയായിരുന്നു. ദലിത് സ്ത്രീകളുടെ ശരീരത്തിൽ അണിഞ്ഞിരുന്ന കല്ലയും മാലയും പൊതു ചടങ്ങിൽ വെച്ച് വലിച്ചെറിഞ്ഞപ്പോൾ അയ്യൻ കാളിയും കൂട്ടരും നടത്തിയത്​, സവർണാധികാരം അടിച്ചേൽപ്പിച്ച അപമാനവീകരണത്തിന്റെ തിരസ്‌കാരമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ കായികമായി ആക്രമിച്ച സവർണാധികാരത്തെ നേരിടുവാൻ അയ്യൻകാളിക്കൊപ്പം ഒരു സംഘമുണ്ടായിരുന്നു. അതാണ് ‘അയ്യൻ കാളി പട'യെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ജാതിയുടെ പേരിൽ ഒരു ജനതക്ക് നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും നേടിയെടുക്കാനും സമൂഹത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും ആയിരുന്നു അയ്യൻകാളിയുടെ സമരങ്ങൾ. തിരുവിതാംകൂർ പ്രജാസഭയിൽ ഉൾപ്പെടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു.

പുലയവിഭാഗത്തിൽ പെട്ടവരുടെ വിദ്യാഭ്യാസത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂളുകളിലൊന്ന്‌ / Photo: Vinil Paul via  Fb
പുലയവിഭാഗത്തിൽ പെട്ടവരുടെ വിദ്യാഭ്യാസത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂളുകളിലൊന്ന്‌ / Photo: Vinil Paul via Fb

മുകളിൽ നിന്നിറങ്ങി വന്ന രക്ഷകരെ (കമ്യൂണിസ്റ്റ് ഇന്റർനാഷണലിലെ വരികൾ) തള്ളിക്കളഞ്ഞുകൊണ്ടാണ് ഇപ്പോൾ ദലിതരും ആദിവാസികളും സാമുദായികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്വയം നേതൃത്വമായി മാറാനാണ് അവർ ശ്രമിക്കുന്നത്. അതിനർത്ഥം മറ്റ് ജനവിഭാഗങ്ങളുമായുള്ള സഖ്യവും സാഹോദര്യവും ഉപേക്ഷിക്കുന്നു എന്നല്ല. രക്ഷക വേഷങ്ങളെ അവർ അംഗീകരിക്കുന്നില്ലെന്നുമാത്രം. കുടിൽ കെട്ടൽ സമരത്തിലും മുത്തങ്ങയിലും ആറളത്തും ചെങ്ങറയിലും അരിപ്പയിലും എല്ലാം നടന്ന സമരങ്ങൾ ശ്രദ്ധിച്ചാൽ അത് മനസിലാകും. അത്തരം ശ്രമങ്ങൾക്ക് പോരായ്മകളില്ലെന്നോ തിരിച്ചടികളില്ലാതെ മുന്നേറുന്നുവെന്നോ അല്ല. ചിത്രത്തിന്റെ അവസാനം മുത്തങ്ങ, ചെങ്ങറ സമരങ്ങളുടെ വിഷ്വലുകൾ കാണിക്കുമ്പോൾ അവിടെ ദൃശ്യമാകുന്നത് അയ്യൻ കാളിയുടെയും അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങളാണ്. മുത്തങ്ങ ആദിവാസി സമര നേതാവായ ഗീതാനന്ദൻ അയ്യങ്കാളിപ്പടയുടെ നക്‌സലൈറ്റ് രാഷ്ട്രീയം തള്ളിപ്പറഞ്ഞ ആളാണ്. അയ്യങ്കാളിപ്പടയുടേയോ മാവോയിസത്തിന്റെയോ സാന്നിധ്യം പോലും ഈ സമരങ്ങളിൽ ഇല്ല. ഇന്ത്യൻ ഭരണഘടനയിൽ നിന്നും അയ്യൻകാളിയുടെയും ഡോ. അംബേദ്കറുടെയും കർമ്മങ്ങളിൽ നിന്നും ജ്ഞാനത്തിൽ നിന്നുമാണ് അവർ പ്രചോദനം ഉൾക്കൊള്ളുന്നത്. സാമൂഹിക നീതിയുടെയും തുല്യതയുടെയും ജനാധിപത്യ മുന്നേറ്റത്തെയാണ് ആ സമര ചിത്രങ്ങളും കൊടികളും അടയാളപ്പെടുത്തുന്നത്. സാമൂഹിക നീതി സമരങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും കൂട്ടായ്മകളിലൂടെയും സ്വയം ശാക്തീകരിക്കുന്ന ഒരു തലമുറ ദലിത്- ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമാണ്. നിരർത്ഥകമായ സായുധ കലാപങ്ങളിലൂടെയല്ല, ജനാധിപത്യപരമായ ബഹുജന സമരങ്ങളിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളും അധികാര പങ്കാളിത്തവും നേടാനാണ് അവർ ശ്രമിക്കുന്നത്.

എന്നാൽ, അയ്യൻകാളി നടത്തിയ പ്രതിരോധ സമരങ്ങളെ തങ്ങളുടെ മാവോയിസ്റ്റ് രാഷ്ട്രീയ ആക്ഷനുകൾക്ക് മറയാക്കുകയാണ് അയ്യങ്കാളിപ്പട നടത്തിയത്. അയ്യൻ കാളി കേരളത്തിന്റെ ജനാധിപത്യ മുന്നേറ്റങ്ങളുടെ ഊർജ്ജമായി എക്കാലവും ചരിത്രത്തിലുണ്ടെങ്കിലും ‘അയ്യങ്കാളിപ്പട'യും മാവോയിസ്റ്റ് രാഷ്ട്രീയവും കേവലം നൂലുണ്ടയും കളിത്തോക്കുമായി ചരിത്രത്തിന്റെ മിമിക്രിയായി മാറിയെന്നതാണ് വസ്തുത. ഇത്തരം സന്ദർഭങ്ങളെക്കുറിച്ച് കാൾ മാർക്‌സ് തന്നെ പറയുന്നുണ്ട്: ‘എല്ലാ മഹത്തായ ലോക ചരിത്ര വസ്തുതകളും വ്യക്തിത്വങ്ങളും രണ്ട് തവണ പ്രത്യക്ഷപ്പെടുന്നുവെന്ന് ഹെഗൽ എവിടെയോ പരാമർശിക്കുന്നു. അദ്ദേഹം ഇത് കൂടി കൂട്ടിച്ചേർക്കാൻ മറന്നു: ആദ്യ തവണ ദുരന്തമായി, രണ്ടാം തവണ പ്രഹസനമായി.'

അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ ചിത്രീകരണം. / Illustration: Roshni, Circle App
അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ ചിത്രീകരണം. / Illustration: Roshni, Circle App

ചിത്രത്തിന്റെ അവസാന ഭാഗത്തെ മഹത്വവൽക്കരണത്തിനുപകരം സംഭവത്തിന് ശേഷം നാലംഗ സംഘം അനുഭവിച്ച രാഷ്ട്രീയ അനിശ്ചിതത്വവും ജീവിത സംഘർഷങ്ങളും ആത്മസംഘർഷങ്ങളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അനുഭവിച്ച പ്രശ്‌നങ്ങളും കൂടി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചിത്രം കുറച്ചു കൂടി കാലത്തോട് നീതി പുലർത്തുമായിരുന്നു. എങ്കിലും ഒരു രാഷ്ട്രീയ സിനിമയെന്ന നിലയിൽ കമലിന്റെ ‘പട' ചില പാഠങ്ങൾ നൽകുന്നുണ്ട്. മധ്യവർഗ കാൽപ്പനിക വിപ്‌ളവ ഭാവനകൾക്ക് അത് പ്രചോദനമായേക്കാം. എന്നാൽ പുതിയ കാലത്തിന്റെ രാഷ്ട്രീയ ചുവരെഴുത്തുകൾ വായിക്കുന്നതിൽ ‘പട' പരാജയപ്പെടുകയാണ്.▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

Comments