പഠിക്കുന്ന സമയത്ത് ചെയ്ത ഷോർട്ട് ഫിലിമുകൾ IDSFFK-യിൽ (The International Documentary and Short Film Festival of Kerala) പ്രദർശിപ്പിച്ചിട്ടുണ്ട്. ഫീച്ചർ സിനിമ ചെയ്യാൻ മതിയായ സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പിഎച്ച്. ഡിയ്ക്ക് ചേർന്നു. അപ്പോഴാണ് വനിതാ സംവിധായകർക്കുവേണ്ടിയുള്ള സർക്കാർ പ്രോജക്റ്റിനെ പറ്റി അറിയുന്നത്. ഒരു വൺ ലൈൻ മനസിൽ കണ്ട് അപേക്ഷിച്ചു. അതാണ് ‘വിക്ടോറിയ’ എന്ന സിനിമയുടെ തുടക്കം.
ഒരു ബ്യൂട്ടി പാർലറിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ പറയുന്ന സിനിമയാണ് വിക്ടോറിയ. പാർലറിലെ ബ്യൂട്ടിഷനാണ് പ്രധാന കഥാപാത്രമായ വിക്ടോറിയ. മീനാക്ഷി ജയൻ ആണ് വിക്ടോറിയയായി വേഷമിടുന്നത്. അങ്കമാലി പരിസരത്തെ ഏതാനും സ്ത്രീകളാണ് അഭിനേതാക്കൾ. സിനിമയിൽ പുരുഷമാരില്ല. ഇടപ്പള്ളി പള്ളിയിൽ നേർച്ചയ്ക്ക് കൊടുക്കുന്ന ഒരു പൂവൻ കോഴി മാത്രമാണ് ഇതിലെ പുരുഷ കഥാപാത്രം. ജോളി ചിറയത്തും കഴിഞ്ഞ വർഷം സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനും അഭിനയിക്കുന്നുണ്ട്. ബാക്കി പുതുമുഖങ്ങളാണ്. ഇത്രയേറെ പുതുമുഖങ്ങളെ വച്ച് ചെയ്ത സിനിമ ഇത്തരമൊരു വേദിയിലെത്തി എന്നത് വലിയ കാര്യമായി തോന്നുന്നു. സ്വതന്ത്ര സിനിമകളെ മുന്നോട്ടുകൊണ്ടുവരാൻ ചലച്ചിത്ര മേളയ്ക്ക് കഴിയുന്നതും വലിയ കാര്യം തന്നെയാണ്.
ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഇഷ്ടപ്പെട്ടവ ഒരുപാടുണ്ട്. 2023- ൽ പുറത്തിറങ്ങിയ, എലെനേ നവേറിനി സംവിധാനം ചെയ്ത ജോർജിയൻ സിനിമ ബ്ലാക്ക് ബേഡ് ബ്ലാക്ക് ബേഡ് ബ്ലാക്ക് ബെറി (Blackbird Blackbird Blackberry) അതിലൊന്നാണ്. ജോർജിയയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന 48 കാരിയായ എറ്റെറോ എന്ന സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്. മറ്റൊരു സിനിമ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ ദ ടേസ്റ്റ് ഓഫ് തിങ്സ് ആണ് (The Taste of Things, directed by Trần Anh Hùng). ഫ്രഞ്ച് ഹിസ്റ്റോറിക്കൽ റൊമാൻ്റിക് ഡ്രാമയാണത്. ഈ വർഷം തമിഴ് സിനിമയായ മെയ്യഴഗനും ഇഷ്ട സിനിമകളുടെ കൂട്ടത്തിലുണ്ട്. സി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്.
IFFK-യിൽ ‘മലയാളം സിനിമ ടുഡെ’ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സിനിമകളെല്ലാം കാണണം. ഹോങ് സാങ് സൂ (Hong Sang-soo) സ്പെഷ്യൽ പാക്കേജ്, മിഗുവൽ ഗോമസ് സംവിധാനം ചെയ്ത ഗ്രാന്റ് ടൂർ, ജിയ ഷാങ്കെ സംവിധാനം ചെയ്ത Caught by tides തുടങ്ങിയ സിനിമകളാണ് കാണാനാഗ്രഹിക്കുന്നത്.
▮
IFFK-യിലെ ‘വിക്ടോറിയ’ ഷെഡ്യൂൾ:
14.12.2024: കലാഭവൻ.
16.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2.
18.12.2024 അജന്ത.