ആ വരേണ്യവാദത്തോട് ഞങ്ങൾക്ക് വിയോജിപ്പുണ്ട്

ഛായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫ് ഫെഫ്കയുമായി ബന്ധപ്പെട്ട് ട്രൂ കോപ്പി തിങ്കിലൂടെ ഉന്നയിച്ച വിമർശനങ്ങൾക്ക് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനുലാലിന്റെ മറുപടി

ഫെഫ്ക അംഗമല്ലാത്തിന്റെ പേരിൽ സിനിമകൾ നഷ്ടമായി എന്ന് മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചപ്പോൾ അതേക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഫെഫ്ക ജനറൽ സെക്രട്ടറി അദ്ദേഹത്തെ വിളിച്ചിരുന്നതായി പ്രതാപ് ജോസഫ് പറയുന്നുണ്ട്. ജനറൽ സെക്രട്ടറിയുടെ ആ ഇടപെടൽ തന്നെ ഫെഫ്കയുടെ ജനാധിപത്യപരമായ സമീപനം സൂചിപ്പിക്കുന്നു. ആ ചർച്ചയിൽ ഒരു ട്രേഡ് യൂണിയന്റെ തൊഴിലവകാശസംബന്ധിയായ ഇടപെടലുകളേയും ക്ഷേമപ്രവർത്തനങ്ങളെയും, അമൃതാനന്ദമയിയുടെ പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്തിയ പ്രതാപ് ജോസഫിന്റെ രാഷ്ട്രീയബോധത്തോട് പ്രതിഷേധാത്മകമായ മൗനം പാലിച്ചുകൊണ്ട്

ഫെഫ്കയിൽ അംഗമല്ല എന്ന കാരണത്താൽ മുഖ്യധാര/സമാന്തര ചലച്ചിത്ര മേഖലകളിൽ ഒരിടത്തും ഷൂട്ടിങ്ങ് തടസ്സപ്പെടുത്താനോ തടസവാദങ്ങൾ ഉന്നയിക്കാനോ ഈ സംഘടന തുനിഞ്ഞിട്ടില്ല

സംസാരമവസാനിപ്പിക്കേണ്ടിവന്നു, ഫെഫ്ക ജനറൽ സെക്രട്ടറിക്ക്.
ഫെഫ്ക അംഗമല്ലാത്തതുകൊണ്ട് മലയാള സിനിമയിൽ ജോലിയിൽനിന്ന് വിലക്കപ്പെടുന്നു എന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതാപ് ജോസഫിന്റെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫെഫ്ക അംഗങ്ങളല്ലാത്ത ധാരാളം ആളുകൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതാപ് ജോസഫ് തന്നെ പരാമർശിച്ച ഇൻഡിപെന്റന്റ് സിനിമകളൊന്നും ഫെഫ്കയിൽ അഫിഡവിറ്റ് എടുത്തവയല്ല. അദ്ദേഹം ക്യാമറമാനായി പ്രവർത്തിച്ച ചിത്രങ്ങളുടെ സംവിധായകനായ സനൽകുമാർ ശശിധരൻ ഇതുവരെ ഫെഫ്ക അംഗമായിട്ടില്ല. അദ്ദേഹത്തിന്റെ അവസാന ചിത്രം നിർമ്മിച്ചത് നടി മഞ്ജുവാര്യർ ആണ്. ആ ചിത്രത്തിലുൾപ്പെടെ ഫെഫ്ക ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ നടത്തിയിട്ടുണ്ടോ? ഫെഫ്കയിൽ അംഗമല്ല എന്ന കാരണത്താൽ മുഖ്യധാര/സമാന്തര ചലച്ചിത്ര മേഖലകളിൽ ഒരിടത്തും ഷൂട്ടിങ്ങ് തടസ്സപ്പെടുത്താനോ തടസവാദങ്ങൾ ഉന്നയിക്കാനോ ഈ സംഘടന തുനിഞ്ഞിട്ടില്ല. തടസം കൂടാതെ ചലച്ചിത്ര നിർമ്മാണ മേഖല മുന്നോട്ട് ചലിക്കണമെന്നാണ് ഫെഫ്കയുടെ പ്രഖ്യാപിത നിലപാട്.
ഭരണഘടന അനുശാസിക്കുംവിധം പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനാണ് ഫെഫ്കയെന്നത് ഇനിയെങ്കിലും തിരിച്ചറിയുക. ഫെഫ്കയിൽ അംഗത്വമെടുക്കാൻ സംഘടന ആരെയും നിർബന്ധിക്കാറില്ല.
ഒരു ട്രേഡ് യൂണിയനിൽ അംഗത്വം എടുക്കണമെങ്കിൽ അതാത്

സംവിധായകനായ സനൽകുമാർ ശശിധരൻ ഇതുവരെ ഫെഫ്ക അംഗമായിട്ടില്ല. അദ്ദേഹത്തിന്റെ അവസാന ചിത്രം നിർമ്മിച്ചത് നടി മഞ്ജുവാര്യർ ആണ്

പ്രവർത്തിമേഖലയിൽ തന്നെയാണ് തൊഴിലെടുക്കുന്നതെന്ന് അപേക്ഷകൻ ബോധ്യപ്പെടുത്തേണ്ടിവരും. അംഗത്വ ഫീസുൾപ്പെടെയുള്ള നിബന്ധനകളും സംഘടനാപരമായ നിയമാവലികളും പാലിക്കേണ്ടിവരും. അംഗത്വഫീസിന്റെ കാര്യത്തിൽ അർഹതയുള്ളവർക്ക് അതതുയൂണിയനുകൾ പലവിധ ഇളവും നൽകുന്നുമുണ്ട്. 60 വയസുകഴിഞ്ഞ അംഗങ്ങൾക്ക് പെൻഷനും, റിട്ടയർമെന്റ് ആനുകൂല്യങ്ങളും, അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും തുടങ്ങി ഭാരിച്ച സാമ്പത്തിക ചെലവുള്ള ക്ഷേമാനുകൂല്യങ്ങൾ മറ്റാരേയും, മറ്റൊന്നിനേയും ആശ്രയിക്കാതെ സ്വന്തം ഫണ്ടിന്റെ നീക്കിയിരുപ്പുകൾ കൊണ്ട് ലഭ്യമാക്കുന്ന 19 ട്രേഡ് യൂണിയനുകൾ ചേരുന്ന ഫെഡറേഷനാണ് ഫെഫ്ക. ഞങ്ങൾക്ക് കൃത്യമായ തൊഴിലാളിവർഗബോധവും ബോധ്യവുമുണ്ട്. എസ് കുമാർ, വേണു, വിപിൻ മോഹൻ സണ്ണി ജോസഫ്, യശ്ശശരീരരായ രാമചന്ദ്രബാബു, എം.ജെ. രാധാകൃഷണൻ തുടങ്ങിയവരൊക്കെ അംഗങ്ങളായതും നേതൃത്വം നൽകുന്നതും തുടർന്ന് പോരുന്നതുമാണ് ഫെഫ്കയുടെ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയൻ. പ്രതാപ് ജോസഫ് പറഞ്ഞതുപോലുള്ള കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്നവരാണോ ഇവരൊക്കെ?
ഇൻഡിപെന്റന്റ് സിനിമ അല്ലെങ്കിൽ വിപണികേന്ദ്രികൃതമല്ലാത്ത ശുദ്ധകലാസിനിമ എന്ന ഉദാത്ത സങ്കൽപനത്തോട് പ്രതിബദ്ധത പുലർത്തി സിനിമകൾ ചെയ്യുന്ന പ്രതാപ് ജോസഫിനോട് ഫെഫ്കയ്ക്ക് ആദരവ് മാത്രമേ ഉള്ളൂ. എന്നാൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ട്രേഡ് യൂണിയൻ കൂട്ടായ്മയെ അടിസ്ഥാനമില്ലാതെ പരിഹസിക്കുകയും അതിനായി നുണപ്രചാരണം നടത്തുകയും ചെയ്യുന്ന താങ്കളുടെ വരേണ്യവാദത്തോടു ഒരു രഞ്ജിപ്പുമില്ലാത്ത വിയോജിപ്പും ഞങ്ങൾക്കുണ്ട്.

Comments