80 വയസ്സിലും 85 വയസ്സിലുമൊക്കെ മോഹൻലാൽ എങ്ങനെയിരിക്കും, എങ്ങനെ അഭിനയിക്കും എന്നൊക്കെ ചുമ്മാ ആലോചിച്ചു നോക്കാറുണ്ടായിരുന്നു. ജില്ല കണ്ടുകഴിഞ്ഞപ്പോൾതോന്നി, ഗോഡ്ഫാദറിലെ മർലൻ ബ്രാന്റോയെപ്പോലെയായിരിക്കും. (ഗോഡ്ഫാദറിൽ വന്ദ്യവയോധികനായി അഭിനയിക്കുമ്പോൾ വെറും 47 വയസ്സാണ് ബ്രാന്റോക്ക്- ഏതാണ്ട് ഛോട്ടാമുംബൈയിൽ അഭിനയിക്കുന്ന കാലത്തെ മോഹൻലാലിന്റെ പ്രായം. മുഖമൊക്കെ ചുളിച്ച് മോണയിലൊക്കെ കൃത്രിമം കാട്ടി ബ്രാന്റോയെ വയസ്സനാക്കിയതാണു പോലും! എന്നാലും മർലൻ ബ്രാന്റോ കഷ്ടിച്ച് 80 വയസ്സ് വരെയേ ജീവിച്ചിരുന്നുള്ളൂ).
ജില്ല കണ്ട് ഒരു കൊല്ലം കഴിഞ്ഞ് അഹല്യ എന്ന ബംഗാളി ഷോർട്ട് ഫിലിം യൂട്യൂബിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. രാധികാ ആപ്തെയുടെ നായകനായി അതാ 80 വയസ്സുള്ള മോഹൻലാൽ- സൗമിത്ര ചാറ്റർജി!
സത്യജിത് റേയുടെ അപുർ സൻസാറിലെ അപു ‘ഇത്രയും' വലുതായത് സത്യമായും മറന്നു പോയിരുന്നു. രാധിക ആപ്തെക്ക് അന്ന് പത്തുമുപ്പത് വയസ്സുണ്ടെങ്കിലും കണ്ടാലൊരു ഇരുപതിനപ്പുറം ആരും പറയില്ല.
അഹല്യയിൽ രാധികയുടെ കഥാപാത്രത്തിന്റെ പ്രായവും ഏതാണ്ട് പത്തൊമ്പതോ ഇരുപതോ ആണെന്ന് തോന്നുന്നു.
ചിത്രകാരനും ശിൽപിയുമായ സൗമിത്ര ചാറ്റർജിയുടെ വീട്ടിലേക്ക് ചെറുപ്പക്കാരനായ പൊലീസ് ഇൻസ്പെക്ടർ വന്ന് കോളിങ് ബെല്ലടിക്കുമ്പോൾ വാതിൽ തുറന്നു കൊടുക്കുന്നത് രാധികയാണ്. കുഞ്ഞുടുപ്പിട്ട് കോണി കയറുന്ന അവളുടെ പിന്നാലെയാണ് ഇൻസ്പെക്ടർ ആ വീടിന്റെ സ്വീകരണമുറിയിലെത്തിപ്പെടുന്നത്. അവിടെ അയാൾ കാത്തിരിക്കുന്നു. 78കാരനായ സൗമിത്ര ചാറ്റർജി വരുന്നു (സൗമിത്രക്ക് അന്ന് വയസ്സ് എൺപതുണ്ടെങ്കിലും തിരക്കഥയിൽ രണ്ട് വയസ്സ് കുറവാണ്). അവർ പരിചയപ്പെടുന്നു.
കൂട്ടത്തിലെന്തോ സൗമിത്ര പറഞ്ഞപ്പോൾ ഇൻസ്പെക്ടർ സൂചിപ്പിച്ചു: ‘എനിക്കറിയാം, താങ്കളുടെ മകൾ ദാ ഇപ്പോൾ എന്നോട് പറഞ്ഞതേയുള്ളൂ'.
സൗമിത്ര കൗതുകത്തോടെ പൊട്ടിച്ചിരിക്കുന്നു: ‘മകൾ?'
അപ്പോഴാണ് ഇൻസ്പെക്ടർക്ക് അബദ്ധം മനസ്സിലായത്.
മകളല്ല. എങ്കിൽ പേരക്കിടാവായിരിക്കും എന്ന് അയാൾ കണക്കുകൂട്ടിയിരിക്കണം.
ഏതായാലും അയാൾ അത് പറയുന്നതിനു മുൻപേ സൗമിത്ര തിരുത്തി: she is my wife...
‘സാരമില്ല. ഇവിടെ വരുന്ന എല്ലാവർക്കും ഈ അബദ്ധം പറ്റാറുണ്ട്'-അയാൾ ഇൻസ്പെക്ടറെ സമാധാനിപ്പിച്ചു.
അതിനിടയിൽ അയാൾ സമൃദ്ധമായി വിസ്‌കി നുണയുന്നുമുണ്ട്. (റോയൽ സ്റ്റാഗ് വിസ്‌കിക്കമ്പനിയാണ് അഹല്യയുടെ നിർമാണം).
‘നല്ല ചുറുചുറുക്കുള്ള വല്ല ചെറുപ്പക്കാരുടെയും കൂടെപ്പോകാൻ ഞാനിവളോട് എപ്പളും പറയാറുണ്ട്. എന്റെ എന്തു കണ്ടിട്ടാണാവോ ഇവൾ പോകാത്തത്. ഞാനങ്ങനെ കിടപ്പറയിൽ വല്യ മിടുക്കനൊന്നുമല്ല കേട്ടോ'.
അതും പറഞ്ഞ് സൗമിത്ര പിന്നെയും പൊട്ടിച്ചിരിക്കും.
ദൈവമേ, ഇനിയും ജനിച്ചിട്ടില്ലാത്ത ഏതോ പെൺകുട്ടിയെ നായികയാക്കി, ഒരു പത്തിരുപത്തിയഞ്ച് കൊല്ലത്തിനുശേഷം ആന്റണി പെരുമ്പാവൂർ നിർമിക്കേണ്ടിയിരുന്ന പടമല്ലേ ഇത്?
പഴയ പ്രിയദർശൻ പടങ്ങളിലെ മോഹൻലാലിനെപ്പോലെ, ഗാനമേളയിൽ പാടുന്ന എസ്.ബി.ബാലസുബ്രമണ്യത്തെപ്പോലെ, രസികനായിരുന്നു സൗമിത്ര ചാറ്റർജി.
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ജോലി ചെയ്യുന്ന ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.
(എസ്.പി.ബിയെ കാണുമ്പോൾ സൗമിത്രയെയും, സൗമിത്രയെ കാണുമ്പോൾ എസ്.പി.ബിയെയും ഓർമ്മ വരാറുണ്ടായിരുന്നു. എസ്.പി.ബിയെ കണ്ടപ്പോൾ മരണത്തിനും സൗമിത്രയെ ഓർമ വന്നു കാണും).
കൽക്കട്ട മഹാനഗരത്തിൽ ജനിച്ചു വളർന്നിട്ടും അയാൾ ആദ്യകാല പടങ്ങളിൽ പട്ടണത്തിൽ വന്നു പെട്ട നാട്ടിൻപുറത്തുകാരനെ ഓർമിപ്പിച്ചു.
പരിഭ്രമമുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടാത്ത, അവനവനിൽ അതിയായ ബോധ്യമുള്ളൊരു ചെറുപ്പക്കാരൻ. ശരിക്കും പഴയ മോഹൻലാലിനെപ്പോലെ. (ഇന്നത്തെ മോഹൻലാലല്ല, l repeat, പഴയ മോഹൻലാൽ - ആകാരത്തിലും ആഹാരത്തിലും അഭിനയത്തിലും ).
ബംഗാളിനെ അടിമുടി അറിയാമെന്ന് അഹങ്കരിച്ച ഇടതുപക്ഷ മലയാളി ഒട്ടും അറിയാതെ പോയ ബംഗാളിയാണ് സൗമിത്ര ചാറ്റർജി. സത്യജിത്ത് റേയെ ആഘോഷിച്ച ഫിലിം സൊസൈറ്റികൾ സത്യജിത്ത് റേയുടെ പതിനാല് സിനിമകളിൽ നായകനായിരുന്ന സൗമിത്രയെ കണ്ടഭാവം നടിച്ചില്ല.
അല്ലെങ്കിലും സത്യജിത്ത് റേയുടെ നാലാമതൊരു സിനിമയുടെ പേരുപറയാമോ എന്ന് കേരളത്തിലെ ശരാശരി പ്രബുദ്ധ പ്രേക്ഷകനോട് ചോദിച്ചു നോക്കൂ. പണ്ടെങ്ങോ കണ്ട പഥേർ പാഞ്ചലിക്കപ്പുറം മറ്റെന്തെങ്കിലുമൊന്ന് ഓർമയിലുണ്ടായാൽ ഭാഗ്യം.
മലയാളി മനുഷ്യാ, പഥേർ പാഞ്ചലിയിലെ ആ പയ്യൻ, അപു, വളർന്ന് വലുതായത് സൗമിത്ര ചാറ്റർജിയാവാനായിരുന്നു. 1959ൽ അപുർസൻസാറിൽ ഷർമിള ടഗോറിന്റെ നായകനായി അരങ്ങേറ്റം കുറിച്ച അതേ സൗമിത്ര ചാറ്റർജി ബംഗാളി സിനിമയിലെ ഒന്നാം നമ്പർ താരമാണ്.
അതേ സൗമിത്ര ചാറ്റർജിയും അതേ ഷർമിളാ ടാഗോറിന്റെ മകൻ സെയ്ഫ് അലി ഖാനും പിൽക്കാലത്ത് ഒരേ രാധിക ആപ്‌തേയുടെ നായകന്മാരായിട്ടുണ്ട്. (സൗമിത്രയുടെ നായികയായി അഭിനയിച്ച് 10 വർഷം കഴിഞ്ഞ് പട്ടോഡി നവാബിനെ കല്യാണം കഴിച്ച് പിന്നെയും 11 വർഷം കഴിഞ്ഞാണ് ഷർമിള സെയ്ഫ് അലി ഖാനെ പ്രസവിച്ചത്!)
2020 മാർച്ചിൽ ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോഴും നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു സൗമിത്ര. 2019ൽ മാത്രം അയാൾ നാലു പടങ്ങളിലുണ്ടായിരുന്നു. (ലോക്ക് ഡൗണിനിടയിലും ബയോപിക്കിൽ അഭിനയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ). 2015ൽ കഹാനിയുടെ സംവിധായകൻ സുജോയ് ഘോഷിന്റ അഹല്യ എന്ന പടത്തിൽ രാധിക ആപ്‌തേയുടെ നായകനായി അഭിനയിക്കുമ്പോൾ സൗമിത്ര ചാറ്റർജിക്ക് 80 വയസ്സ് തികച്ചുമുണ്ടായിരുന്നു.
1959 മുതൽ 2019 വരെ ഏതാണ്ട് എല്ലാ വർഷവും സൗമിത്ര ചാറ്റർജിക്ക് പുതിയ സിനിമകൾ ഉണ്ടായിട്ടുണ്ട്. സിനിമയുടെ തിരക്കുകൾക്കിടയിലും അയാൾ പതിവായി നാടകങ്ങളിലും അഭിനയിച്ചു, എഴുതി. സംവിധാനം ചെയ്തു. ചിത്രങ്ങൾ വരച്ചു. കവിതകൾ എഴുതി പുസ്തകമാക്കി. അയാൾ രണ്ടുതവണ പദ്മശ്രീ നിരസിച്ചിട്ടുണ്ട്. പിന്നീട് പദ്മഭൂഷൺ വാങ്ങിയിട്ടുമുണ്ട്.
സത്യജിത്ത് റേയുടെയും മൃണാൾ സെന്നിന്റെയും തപൻ സിൻഹയുടെയും പടങ്ങളിൽ പതിവായി അഭിനയിച്ചിരുന്ന കാലത്ത് കിട്ടാത്ത അവാർഡുകൾ വയസ്സുകാലത്ത് തേടിയെത്തിയപ്പോൾ പരിഭവം തുറന്നു പറഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചനെക്കാളും ശശികപൂറിനെക്കാളും മുൻപ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്. മോദി ഗവൺമെന്റിന്റെ മേനി പറയാൻ ഗൃഹസമ്പർക്ക പരിപാടിക്കെത്തിയ ബി.ജെ.പി. നേതാക്കളെ പിടിച്ചിരുത്തി നോട്ട് നിരോധനത്തിന്റെ കെടുതികൾ എണ്ണിയെണ്ണി പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാര നടനായിരുന്നു സൗമിത്ര. അന്ന് ഹിന്ദി സിനിമയിൽ സൂപ്പർസ്റ്റാറുകൾ ഉണ്ടായിത്തുടങ്ങിയിട്ടില്ല. ഹിന്ദിയിലേക്ക് വരാൻ അക്കാലത്ത് രാജ്കപൂറും ദിലീപ് കുമാറും മറ്റും തന്നെ ഒരുപാട് നിർബന്ധിച്ചിരുന്നുവെന്ന് സൗമിത്ര പറഞ്ഞിട്ടുണ്ട്.
‘ശരിയാണ്, ഇപ്പോളുള്ളതിന്റെ എത്രയോ ഇരട്ടി പണവും പ്രശസ്തിയും ഉണ്ടാക്കാമായിരുന്നു. പക്ഷേ എനിക്ക് അത് ആവശ്യമുണ്ടായിരുന്നില്ല. സത്യജിത് റേയുടെയും മൃണാൾസെന്നിന്റെയുമൊക്കെ ഓരോ പടം, ഇടക്കിടെ. അത് ഇവിടെയേ കിട്ടൂ. അന്നത്തെ പ്രായത്തിൽ ഞാൻ അത്രയേ ആഗ്രഹിച്ചുള്ളൂ. മാത്രമല്ല, അന്ന് ബോളിവുഡിൽ നിലവാരമില്ലാത്ത സിനിമകളുടെ ആഘോഷമായിരുന്നു. ആ മാലിന്യത്തിൽ ചെന്നുപെടാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. ഹിന്ദി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ ബോംബെയിലേക്ക് മാറാതിരുന്നത് എന്ന് ചിലർ പറയാറുണ്ട്. ഹിന്ദി പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ എന്റെ ഭാഷ, എന്റെ ബംഗാളി, അതായിരുന്നു എക്കാലത്തും എനിക്ക് ഏറ്റവും സൗകര്യവും എളുപ്പവും'.
തന്നോളം നന്നായി ബംഗാളി ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള മറ്റൊരു നടൻ ഇന്ത്യയിലില്ലെന്നും സൗമിത്ര ചാറ്റർജി വിശ്വസിച്ചിരുന്നു. (അവസാനകാലത്ത് ഒന്നുരണ്ട് ഹിന്ദി സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചു).
ബുദ്ധിജീവിസംവിധായകരുടെ ഇഷ്ടനടനായിട്ടും സൗമിത്ര ചാറ്റർജി ‘ആർട്ട്' പടങ്ങളുടെ മാത്രം നായകനായിരുന്നില്ല. ബംഗാളിയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പലതും സൗമിത്രയുടെ താണ്. സത്യജിത്ത് റേയുടെ തന്നെ ജനപ്രിയ കുറ്റാന്വേഷണ നോവലിലെ കഥാപാത്രം ഫെലുദാ ഇന്നും ബംഗാളി സിനിമയിലെ ഏറ്റവും ജനപ്രിയ കുറ്റാന്വേഷകനാണ്. റേയുടെ നാല് സിനിമകളിൽ ഫെലുദായുടെ വേഷത്തിൽ സൗമിത്രയെ കാണാം.
സിനിമയേക്കാൾ വലുതും സംഭവബഹുലവുമായിരുന്നു സൗമിത്ര ചാറ്റർജിയുടെ ജീവിതം. അഭിജാൻ എന്ന പേരിൽ അതൊരു ബയോപിക് ആയി ഒരുങ്ങിക്കൊണ്ടിരിക്കുകയുമായിരുന്നു.
നമുക്ക് മമ്മൂട്ടിയും മോഹൻലാലും എന്ന പോലെയായിരുന്നു ബംഗാളിക്ക് ഉത്തംകുമാറും സൗമിത്ര ചാറ്റർജിയും. ഒരാളെ മഹാനായകൻ എന്നും മറ്റെയാളെ thinking actor എന്നും പത്രങ്ങൾ വിളിച്ചു. രണ്ടു പേരും മൽസരിച്ച് സൂപ്പർ ഹിറ്റുകളുണ്ടാക്കി. അവർ തമ്മിൽ കടുത്ത ശത്രുതയിലാണെന്നാണ് ആരാധകർ വിശ്വസിച്ചിരുന്നതെങ്കിലും ഇരുവരും ഗാഢമായ സൗഹൃദമുണ്ടായിരുന്നുവെന്ന് പിന്നീട് സൗമിത്ര വെളിപ്പെടുത്തി.
1980ൽ 53ാം വയസ്സിലായിരുന്നു ഉത്തംകുമാറിന്റെ മരണം. അനുശോചന സന്ദേശത്തിൽ സൗമിത്ര ചാറ്റർജി ഏതാണ്ട് ഇങ്ങനെ പറഞ്ഞു: ‘ഉത്തംകുമാർ എന്റെ കൺമുമ്പിൽ വച്ച് ഒരു കൊലപാതകം നടത്തിയെന്നിരിക്കട്ടെ. എന്നിട്ടും ആ മുഖത്ത് പ്രശസ്തമായ ആ പുഞ്ചിരി കണ്ടാൽ അദ്ദേഹം നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കും. '
ഓരോ പുതിയ പടം ഇറങ്ങുമ്പോഴും പരസ്പരം വിളിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു രണ്ടു പേരും. സൂപ്പർതാര പദവി രണ്ടു പേരും ആസ്വദിച്ചിരുന്നു. പക്ഷേ, ‘ഉത്തംകുമാർ എന്നും ദന്തഗോപുരത്തിലാണ് ജീവിക്കാൻ ഇഷ്ടപ്പെട്ടത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ അദ്ദേഹം മടിച്ചു. ഞാനാകട്ടെ സമരങ്ങളിലും പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുത്തു. സാധാരണക്കാരനപ്പോലെ റോഡിലിറങ്ങി നടന്നു'- അവസാനകാലത്തെ അഭിമുഖങ്ങളിലൊന്നിൽ തന്നെയും മൺമറഞ്ഞ സുഹൃത്തിനെയും താരതമ്യപ്പെടുത്തി സൗമിത്ര പറഞ്ഞു.
അവസാനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ സൗമിത്രയെ കാണാനുണ്ടായിരുന്നില്ലെങ്കിലും കലയുടെയും സ്വാതന്ത്ര്യത്തിന്റെയും സമരമുഖങ്ങളിൽ മുടങ്ങാതെ എത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അനിക് ദത്തയുടെ ഭോബിഷ്യോത്തർ ഭൂത് എന്ന സിനിമക്ക് തൃണമൂൽ സർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ കൽക്കട്ടയിലെ ഫൈനാർട്‌സ് അക്കാഡമി ഹാളിൽ ചേർന്ന പ്രതിഷധയോഗത്തിൽ സൗമിത്രയുടെ പ്രസംഗം വലിയ വാർത്തയായി: ‘എന്താണിത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല. അധികാരികൾക്ക് ഇഷ്ടമല്ലാത്തതൊന്നും ഇനി സിനിമയിൽ ഉണ്ടാവാൻ പാടില്ലെന്നോ? സ്വതന്ത്രമായ ആവിഷ്‌കാരങ്ങൾ നിങ്ങൾക്ക് സഹിക്കാനാവില്ലെന്നോ? നിങ്ങൾ കാണിക്കുന്നത് ഫാസിസമാണ്. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങും'.
വിശ്വസിക്കാനാവാത്ത കാലം കൂടുതൽ കൂടുതൽ അവിശ്വസനീയമായിക്കൊണ്ടിരിക്കുന്നത് കണ്ടു നിൽക്കാനാവാതെ ആ നക്ഷത്രവും ഒഴിഞ്ഞുപോവുകയാണ്.