നിരൂപക പ്രശംസ നേടിയ അപർണ സെന്നിൻെറ ‘മിസ്റ്റർ ആൻറ് മിസിസ് അയ്യർ’ (2002) ചിന്തോദ്ദീപകമായ ആഖ്യാനം കൊണ്ടും അഭിനേതാക്കളുടെ അസാധ്യ പ്രകടനം കൊണ്ടും, ഹൃദയത്തെ വല്ലാതെ പിന്തുടരുന്ന സൗണ്ട് ട്രാക്ക് കൊണ്ടും ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമയാണ്. സിനിമയിലുടനീളം ഉസ്താദ് സാക്കിർ ഹുസൈൻ എന്ന ഇതിഹാസത്തിൻെറ പ്രതിഭ കാണാം.
പ്രധാന റോളിൽ അഭിനയിച്ച രാഹുൽ ബോസാണ് സാക്കിർ ഹുസൈനെ അപർണ സെന്നിന് പരിചയപ്പെടുത്തുന്നത്. സാക്കിർ ഹുസൈൻെറ സംഗീതം സിനിമ ആവശ്യപ്പെടുന്ന തരത്തിൽ ആർദ്രമായ പ്രണയത്തെയും പരുഷമായ ജീവിത യാഥാർഥ്യത്തെയും കൃത്യമായി സംയോജിപ്പിക്കുന്നുണ്ട്. നിശ്ശബ്ദതയെയും സ്വാഭാവികമായ അന്തരീക്ഷത്തെയുമെല്ലാം ആഖ്യാനത്തിന് യോജിക്കുന്ന രീതിയിൽ ഒത്തൊരുമിച്ച് കൊണ്ടുപോവാൻ സാക്കിർ ഹുസൈൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻെറ അപാരമായ കഴിവും പരിചയസമ്പത്തും സംഗീതത്തെ ഈ സിനിമയുടെ അവിഭാജ്യഘടകമായി മാറ്റിത്തീർക്കുന്നു.
“യഥാർഥത്തിൽ ഞാൻ സിനിമയ്ക്കുവേണ്ടി പാടാൻ തയ്യാറായിരുന്നില്ല. ട്രാക്കുകളെല്ലാം പൂർത്തിയായപ്പോൾ നിർമ്മാതാക്കളാണ് എൻെറ ശബ്ദം ഒരു പാട്ടിൽ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്,” ദി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ സാക്കിർ ഹുസൈൻ പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സ് സംഗീതത്തിൻെറ മനോഹാരിത കൊണ്ട് കൂടി ശ്രദ്ധിക്കപ്പെടുന്നതാണ്. ക്ലൈമാക്സ് രംഗത്തിൻെറ വൈകാരികതലം ഉൾക്കൊണ്ട് കൊണ്ടുള്ള മെലഡിയാണ് പശ്ചാത്തലത്തിൽ മുഴങ്ങി കേൾക്കുന്നത്. സാക്കിർ ഹുസൈൻെറ സംഗീതം പ്രേക്ഷകരുടെ ഹൃദയത്തെ അക്ഷരാർഥത്തിൽ കീറിമുറിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിൻെറ സംഗീതം എത്രമാത്രം മഹത്തരമാണെന്ന് ബോധ്യപ്പെടാൻ അത് മാത്രം മതി.
സാക്കിർ ഹുസൈൻ എന്ന ഇതിഹാസ സംഗീതജ്ഞനെ നഷ്ടപ്പെട്ടുവെന്ന വേദനയിൽ നമ്മുടെ ഹൃദയം വിങ്ങുന്നുണ്ട്. പക്ഷേ, അദ്ദേഹം ബാക്കിവെച്ച സംഗീതം ഇനിയും വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നും മുന്നോട്ട് കൊണ്ടുപോവുമെന്നുമുള്ള തിരിച്ചറിവ് ആ നിരാശയിൽ നിന്ന് കരകയറ്റുന്നു. അദ്ദേഹത്തിൻെറ സംഗീതത്തെ നമുക്ക് ഹൃദയത്തോട് ചേർത്തുവെക്കാം. അത് പുറപ്പെടുവിക്കുന്ന സൗന്ദര്യവും വൈകാരികതയുമെല്ലാം നമുക്ക് ആവോളം ആസ്വദിക്കാം…