Mixed Bag- 11
ഞാൻ ഗന്ധർവൻ.
ചിത്രശലഭമാകാനും മേഘമാലകളാകാനും
പാവയാകാനും പറവയാകാനും
മാനാവാനും മനുഷ്യനാവാനും
നിന്റെ ചുണ്ടിന്റെ മുത്തമാവാനും
നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത
ഗഗനചാരി
ഓർമ്മയില്ലേ?
ഭാമ ആദ്യമായി കാണുമ്പോൾ അരൂപിയായ ഗന്ധർവൻ ചിത്രശലഭത്തിന്റെ രൂപത്തിൽ ഭൂമിയിൽ എത്തി അവളോട് പറയുന്ന ആദ്യ വാചകം? പശ്ചാത്തലത്തിൽ ജോൺസൺ മാസ്റ്ററുടെ അതുല്യമായ ഒരു പീസ്. ഭാമ മാത്രമല്ല പ്രേക്ഷകരും ഒരു സ്വപ്നത്തിലെന്ന വണ്ണം കേട്ടിരുന്ന അഭൗമമായ ആ ഗന്ധർവ്വസ്വരം പത്മരാജന്റേതായിരുന്നു. ദേവലോകത്ത് നിന്നെത്തുന്ന ഗന്ധർവന് മറ്റാരുടെ ശബ്ദമാണ് കൂടുതൽ ചേരുക. ഉറക്കമില്ലാത്ത ഗന്ധർവരാത്രികൾ നായികയ്ക്ക് സമ്മാനിക്കുന്ന ഗന്ധർവന്റെ വരവിന്റെ തുടക്കം ഇതിനുമപ്പുറം ഭ്രമാത്മകവും കാവ്യാത്മകവുമായി അവതരിപ്പിക്കാനാവില്ല. കഥ പുരോഗമിക്കുമ്പോൾ ഗന്ധർവൻ മനുഷ്യരൂപമെടുക്കുന്നത് നമ്മൾ കാണുന്നു. ഏത് യുവതിയും കൊതിക്കുന്ന ഒരു സുന്ദരൻ. നിദ്രകളിൽ വന്ന് പ്രണയപൂർവം തലോടുന്ന ശ്രീകൃഷ്ണസൗന്ദര്യം.
എന്നാൽ മനുഷ്യരൂപമെടുത്ത ഗന്ധർവന്റെ ശബ്ദം പത്മരാജന്റേതായിരുന്നില്ല.
ദേവലോകത്ത് നിൽക്കുന്ന ഗന്ധർവ്വന് ഭൂമിയിലെത്തുമ്പോൾ മറ്റൊരു ശബ്ദം വേണമെന്ന് പത്മരാജന് തന്നെ തോന്നിയതാവാം. ഓരോ ശബ്ദത്തിനും ഓരോ വ്യക്തിത്വമുണ്ടെന്ന ബോധ്യം തന്നെയാവണം ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗികജീവിതം തുടങ്ങിയ പത്മരാജനെയും നയിച്ചത്.
മനുഷ്യരുടെ ശബ്ദത്തിനുമാത്രമല്ല, പ്രകൃതിയുടെ ശബ്ദത്തിനും ഇങ്ങനെ സ്വരഭേദങ്ങളുണ്ട്. അത് സിനിമയിലേക്ക് സന്നിവേശിപ്പിക്കുന്നത് അതിന്റെ സത്ത ചോരാതെയാവണം. പകൽ ചിലയ്ക്കുന്നത് പോലെയാവില്ല ഒരു പക്ഷി രാത്രി ചിലയ്ക്കുന്നത്. മഴയുള്ള രാത്രിയിലെ കാറ്റിനും നട്ടുച്ചയ്ക്കുവീശുന്ന വേനൽക്കാറ്റിനും രണ്ട് ശബ്ദമാണ്. ഇത് തിരിച്ചറിയുന്നതാണ് യഥാർത്ഥ ശബ്ദശിൽപ്പി അഥവാ സൗണ്ട് ഡിസൈനർ. സിനിമയിൽ ശബ്ദത്തിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് പറയേണ്ട ആവശ്യമില്ല.
ഗന്ധർവസ്വരത്തിന്റെ പിറകെ പോകുന്നതിനുമുമ്പ് ശബ്ദലേഖന കലയെ കുറിച്ച് ചിലത് പറയാം. ഈ രംഗത്ത് സാങ്കേതിക വിദ്യ തിരുവിളയാടൽ തുടങ്ങും മുമ്പ് പരിമിത സാഹചര്യങ്ങളിൽ ശബ്ദം കൊണ്ട് കഥ നടക്കുന്ന പരിസരത്തേക്ക് പ്രേക്ഷകരുടെ കാതിനെ വിളിച്ചുകൊണ്ടു പോയവരുടെ അനുഭവങ്ങൾ കേൾക്കാം.
ശബ്ദലേഖനകലയുടെ ദേവൻ,
ശബ്ദങ്ങളുടെ ദാസൻ
മലയാള ചലച്ചിത്ര ശബ്ദലേഖനചരിത്രത്തിൽ പി. ദേവദാസ് എന്ന പേര് സുവർണലിപികളിൽ കൊത്തിവയ്ക്കപ്പെടേണ്ട ഒന്നാണ്. ശബ്ദലേഖന കലയുടെ ദേവനായിരുന്നു ദേവദാസ്. ശബ്ദങ്ങളെ ഉപാസിച്ച ദാസനും.
സഹയാത്രികരുടെ സംശയദൃഷ്ടിയെ അവഗണിച്ച് റെക്കോഡറുമായി കെ എസ് ആർ ടി സി ബസിൽ യാത്രയുടെ സ്വരങ്ങൾ പിടിച്ചെടുക്കാൻ ശബ്ദലേഖകൻ ദേവദാസുമൊത്ത് യാത്ര ചെയ്ത അനുഭവത്തെ കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ ‘ദാസ്, പ്രിയപ്പെട്ട ദാസ് ’ എന്ന ഹൃസ്വസുന്ദരമായ അനുസ്മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ബസിൽ മാത്രമല്ല, ബാറിലും കടൽത്തീരത്തും തീവണ്ടിപ്പാളത്തിനിരികെയുമെല്ലാംദേവദാസും അടൂരൂം ശബ്ദങ്ങൾ പിടിച്ചെടുക്കാനായി കാത്തു നിന്നിട്ടുണ്ട്. മഴയത്ത് കലങ്ങിമറിഞ്ഞ കല്ലാറിൽ നാഗ്ര എന്ന ടേപ്പ് റെക്കോഡറുമായി ഇറങ്ങിയതും തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ ക്ലാസ് നടക്കുമ്പോൾ ഷെഡിന് പുറകിൽ പമ്മിയിരുന്ന് ലക്ചർ ക്ലാസ് വരെ പകർത്തിയതും ശബ്ദലേഖന രംഗത്ത് അടൂരിന്റെ രസകരമായ ഓർമ്മകളാണ്.
തന്റെ ആദ്യചിത്രമായ സ്വയംവരത്തിനു വേണ്ടിയായിരുന്നു ദേവദാസിനൊപ്പം അടൂരിന്റെ സാഹസികമായ ഈ ശബ്ദലേഖനയാത്രകൾ. മലയാള സിനിമയിൽ പശ്ചാത്തലശബ്ദങ്ങൾ അതേ പടി പകർത്തി ആദ്യമായി ഉപയോഗിച്ചത് സ്വയംവരത്തിനുവേണ്ടിയായിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ശബ്ദശിൽപ്പി എന്ന് ദേവദാസിനെ വിശേഷിപ്പിക്കാം. സ്വയംവരം ‘ദേവദാസ് മാജിക്കി’ന്റെ തുടക്കം മാത്രമായിരുന്നു. പിന്നീട് നാഗ്രയുപയോഗിച്ച് വിഖ്യാതമായ പല പടങ്ങളിലും ദേവദാസ് തന്റെ ശബ്ദലേഖന ഇന്ദ്രജാലം ആവർത്തിച്ചു. എലിപ്പത്തായം, ഉത്തരായനം, അനന്തരം, തമ്പ്, കാഞ്ചനസീത, ഒരിടത്ത് തുടങ്ങി മലയാളത്തിന്റെ പേര് രാജ്യാന്തരതലങ്ങളിൽ എത്തിച്ച ഒട്ടേറെ വിഖ്യാത ചിത്രങ്ങളിൽ ശബ്ദത്തിന്റെ ശക്തിസൗന്ദര്യങ്ങൾ ദേവദാസ് ആവിഷ്ക്കരിച്ചു. ശബ്ദം മാത്രമല്ല സിനിമ നിശ്ശബ്ദതയുടെ കൂടി കലയാണെന്നും മനസിലാക്കിയ ശബ്ദശിൽപ്പിയായിരുന്നു ദേവദാസ്.
അടൂരിന്റെ അനന്തരം എന്ന ചിത്രത്തിലുള്ള ബസ് സ്റ്റോപ്പ് രംഗം പ്രസിദ്ധമാണല്ലോ. ബസ് സ്റ്റോപ്പിൽ നിന്നുതന്നെയാണ് ഈ ശബ്ദങ്ങൾ ദേവദാസ് റെക്കോഡ് ചെയ്തത്. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും ബസ് നിർത്തുന്നതും പിന്നീട് വീണ്ടും എടുക്കുന്നതും മറ്റ് ചെറുവാഹനങ്ങളുടെ ശബ്ദവും പല തവണയായി ആലേഖനം ചെയ്ത ശേഷം സമർത്ഥമായി മിശ്രണം ചെയ്തതിന്റെ മിടുക്ക് ദേവദാസിനാണ്. അനന്തരം കാണുമ്പോൾ ബസ് സ്റ്റോപ്പ് രംഗം ഒന്ന് കൂടി കണ്ടു നോക്കുക, ശബ്ദലേഖനത്തിലും ശബ്ദമിശ്രണത്തിലും ദാസിനുള്ള കൈയടക്കം അനുഭവിച്ചറിയാം.
എലിപ്പത്തായത്തിന്റെ ശബ്ദലേഖന സമയത്ത് ഭക്തിസമാനമായ സമർപ്പണത്തോടെ ശബ്ദലേഖനം നിർവഹിച്ചിരുന്ന ദേവദാസും ശബ്ദത്തിന്റെ കാര്യത്തിൽ ഗണിതകണിശതയോടെ നീങ്ങിയ അടൂരും തമ്മിൽ നടന്ന ഗൗരവമേറിയ ചർച്ചകൾ വീക്ഷിച്ചത് ദേവദാസിന്റെ ശിഷ്യനായ ടി. കൃഷ്ണനുണ്ണി ഓർത്തെടുക്കുന്നുണ്ട്. അടൂരിന്റെ മാസ്റ്റർപീസിനുവേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത തരത്തിൽ അവർ ശബ്ദലേഖനങ്ങൾ നടത്തിയതിന് കൃഷ്ണനുണ്ണി സാക്ഷിയാണ്.
ശബ്ദത്തിന് ഭാവം നൽകിയ സാങ്കേതികവിദഗ്ധൻ എന്നാണ് ദേവദാസിനെ ശബ്ദലേഖകനായ എൻ. ഹരികുമാർ തന്റെ ഗുരുവിനെ കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. എലിപ്പത്തായത്തിൽ മടുപ്പിക്കുന്ന ഏകാന്തതയുടെ നടുവിൽ മഴയിലേക്ക് നോക്കിയിരിക്കുന്ന ഉണ്ണിക്കുഞ്ഞിന് മുന്നിൽ മഴയുടെ മുഴക്കം മാത്രമാണ്. ജീർണതയുടെ അടയാളം പോലെ ഇടയ്ക്കിടെ ഞരങ്ങുന്ന വാതിൽപ്പാളികളും. എലിപ്പത്തായമാണ് ദേവദാസിന് ആദ്യ ദേശീയ പുരസ്ക്കാരം സമ്മാനിക്കുന്നത്. മുഖാമുഖത്തിൽ ഓട്ടു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ കാണിക്കുന്ന ദൃശ്യങ്ങളുണ്ട്. അതിൽ ചെളി ചവിട്ടിക്കുഴയ്ക്കുന്നതിന്റെ ശബ്ദം എടുത്തത് സ്റ്റുഡിയോയിൽ പാകമായ ചെളി ചവിട്ടിക്കുഴച്ചു തന്നെയാണെന്ന് ഹരികുമാർ ഓർക്കുന്നു. കയർ റാട്ട് കറങ്ങുമ്പോഴുള്ള ശബ്ദത്തിനായി യഥാർത്ഥ റാട്ട് തന്നെ സ്റ്റുഡിയോയിൽ കൊണ്ടു വന്ന് കറക്കിയത്രേ.
മലയാള സിനിമാചരിത്രത്തിൽ ശബ്ദത്തിന് മാന്യമായ സ്ഥാനം നൽകിയതിൽ നാഗ്ര റെക്കോഡർ ചരിത്രപരമായ ഒരു പങ്ക് വഹിച്ചുവെന്ന് പറയേണ്ടി വരും. അടൂരും ദേവദാസും സ്വയംവരത്തിന്റെ വർക്ക് തുടങ്ങുന്ന 1972-ൽ ഇന്ത്യൻ സിനിമയിൽ തന്നെ ആരെങ്കിലും നാഗ്ര അന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം 70-കളുടെ തുടക്കത്തിൽ ഒരു വിദേശ ഉൽപ്പന്നം ഇന്ത്യയിൽ എത്തിക്കണമെങ്കിൽ കനത്ത വില മാത്രമല്ല പ്രതിബന്ധം. ഇറക്കുമതി ലൈസൻസും അനുമതിയും ഒട്ടനേകം നൂലാമാലകളും കടന്ന് ഇത് എത്തിക്കാൻ ആരും മിനക്കെട്ടില്ല എന്നതാണ് വാസ്തവം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ പഠനത്തിനുശേഷം യൂണിസെഫിനുവേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാൻ അവസരം കിട്ടിയതാണ് അടൂരിന് സഹായകരമായത്. അതിന് പ്രതിഫലമായി അടൂർ ആവശ്യപ്പെട്ടത് നാഗ്ര റെക്കോർഡറാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കും സ്റ്റാലിനുമിടയിൽ ഞെരിഞ്ഞമർന്ന പോളിഷ് നഗരമായ വാഴ്സയിലെ ഒരു ജൂത കുടുംബം റുമാനിയയിലേക്കും ഹംഗറിയിലേക്കും പിന്നെ ഫ്രാൻസിലേക്കും പലായനം ചെയ്യുന്നു. എഞ്ചിനിയറിംഗ് പാരമ്പര്യമുള്ള ഈ കുടുംബത്തിലാണ് നാഗ്ര വികസിപ്പിച്ച സ്റ്റെഫാൻ കുഡെൽസ്കി ജനിച്ചത്. ഫ്രാൻസിലേക്കും ഹിറ്റ്ലറുടെ കണ്ണെത്തിയപ്പോൾ 1943-ൽ അവിടെ നിന്ന് കുഡെൽസ്കി കുടുംബം സ്വിറ്റ്സർലണ്ടിലേക്ക് കുടിയേറുന്നു. സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വച്ചാണ് തന്റെ ആദ്യത്തെ സ്വനഗ്രാഹി യന്ത്രത്തിന് സ്റ്റെഫാൻ രൂപം നൽകുന്നത്. 1951-ൽ നാഗ്രയുടെ ആദ്യ രൂപം സ്റ്റെഫാൻ പുറത്തിറക്കി. നാഗ്ര എന്നാൽ പോളിഷ് ഭാഷയിൽ റെക്കോഡ് ചെയ്യപ്പെടും എന്നാണ് അർത്ഥം. 1960 മുതലുള്ള മൂന്ന് ദശകങ്ങൾ ചലച്ചിത്ര ലോകത്തിലെ ശബ്ദമേഖലയെ നാഗ്രയുടെ വിവിധ മോഡലുകൾ അടക്കി ഭരിക്കുകയായിരുന്നു.
തുരങ്കം കടന്നുവന്ന തീവണ്ടിയും ചിരട്ടയിൽ അരിമാവ് നിറച്ച് നടത്തിയ പടയോട്ടവും
നാഗ്രയുമായി ശബ്ദങ്ങൾ റെക്കോഡ് ചെയ്ത ചില അനുഭവങ്ങൾ കൃഷ്ണനുണ്ണിയും പങ്കുവച്ചിട്ടുണ്ട്.
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവിയുടെ ശബ്ദലേഖകൻ കൃഷ്ണനുണ്ണിയായിരുന്നു. പയ്യന്നൂരിനുസമീപമാണ് പടത്തിന്റെ ലൊക്കേഷൻ. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ സമാന്തരമായി ഒരു ശബ്ദലേഖന യൂണിറ്റൂം കൃഷ്ണനുണ്ണി സജ്ജമാക്കി. രാത്രി ഷൂട്ടിംഗ് നടക്കുമ്പോൾ അകലെയെവിടെയോ കുറുക്കൻമാർ ഓരിയിടുന്ന ശബ്ദം കേൾക്കാം. ഈ ശബ്ദം എന്തായാലും റെക്കോഡ് ചെയ്യണമെന്ന് തീരുമാനിച്ചെങ്കിലും റെക്കോർഡറുമായി ചെല്ലുമ്പോൾ കുറുക്കന്മാർ മിണ്ടുന്നില്ല. അവിടെയുള്ള ചായക്കടക്കാരനാണ് പിന്നീട് കുറുക്കൻമാർ ഓരിയിടുന്ന സമയം കൃത്യമായി കൃഷ്ണനുണ്ണിക്ക് പറഞ്ഞുകൊടുത്തത്. ആ സമയത്ത് കുറ്റിക്കാട്ടിൽ നിന്ന് ഒരു കുട്ടിക്കുറുക്കൻ കൂവൽ തുടങ്ങി വച്ചു, പിന്നെ അത് സംഘം ചേർന്നുള്ള ഓരിയായി അൽപനേരം നീണ്ടു നിന്നു. കുറുക്കന്മാരുടെ സംഘഗാനം അന്ന് കൃഷ്ണനുണ്ണി നാഗ്രയിൽ പകർത്തിയെങ്കിലും പിൽക്കാലത്ത് അത് നഷ്ടപ്പെട്ടു.
ഷാജിയുടെ തന്നെ സ്വം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തെന്മലയായിരുന്നു. അവിടെയുള്ള പ്രസിദ്ധമായ 13 കണ്ണറ പാലം കടന്നുള്ള തുരങ്കത്തിലൂടെ ട്രെയിൻ കടന്നുവരുന്ന ശബ്ദം റെക്കോഡ് ചെയ്യാൻ പാതിരാത്രി കഴിഞ്ഞ നേരത്താണ് കൃഷ്ണനുണ്ണിയും സംഘവും എത്തിയത്. ഒരു തീവണ്ടി തുരങ്കത്തിലൂടെ പോകുമ്പോൾ ഒരു പ്രത്യേക ശബ്ദമാണ്. അന്ന് മീറ്റർ ഗേജ് പാതയായിരുന്ന ആ റൂട്ടിൽ വല്ലപ്പോഴും മാത്രമേ തീവണ്ടിയുള്ളു. കാത്തു കാത്തിരുന്ന് വണ്ടി വന്നു, കൃഷ്ണനുണ്ണിയും സംഘവും റെക്കോഡിംഗ് തുടങ്ങി. വണ്ടി പോയി തീരും മുമ്പ് കൂട്ടത്തിലൊരാൾ ചോദിച്ചു, ‘എല്ലാം കിട്ടിയോ?’
ആ ഒറ്റച്ചോദ്യം കൊണ്ട് കിട്ടിയതെല്ലാം പാഴായി. തെന്മലയിലെ തണുത്ത പാതിരാവിൽ റെയിൽപ്പാളത്തിന് സമീപം തലയിൽ കൈവച്ച് കൃഷ്ണനുണ്ണി ഇരുന്നുപോയി.
വാസ്തുഹാരയുടെ റെക്കോർഡിംഗ് ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും കൃഷ്ണനുണ്ണി പറഞ്ഞിട്ടുണ്ട്. തിരക്കുപിടിച്ച കൽക്കട്ട നഗരത്തിൽ ലൈവ് റെക്കോഡിംഗ് തന്നെ ചെയ്യണമെന്നത് അരവിന്ദന്റെ നിർബന്ധമായിരുന്നു. അഭിനേതാക്കളും ഡബ്ബ് ചെയ്യാതെ അവരുടെ ലൈവ് സംഭാഷണം തന്നെയാണ് വാസ്തുഹാരയിൽ ഉപയോഗിച്ചത്. യഥാർത്ഥ സാഹചര്യത്തിൽ അഭിനേതാക്കൾ സംസാരിക്കുന്നതും ഡബ്ബിംഗ് സ്റ്റുഡിയോയിൽ വച്ച് സ്വരം നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നുള്ളത് കൃഷ്ണനുണ്ണിയും തിരിച്ചറിഞ്ഞിരുന്നു. തിരക്കു പിടിച്ച തുറമുഖത്ത് അഭയാർത്ഥികൾ കപ്പലിൽ കയറാൻ കാത്തു നിൽക്കുന്ന സമയത്തുള്ള വികാരനിർഭരമായ ഒരു രംഗം വാസ്തുഹാര കണ്ട പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ആ സമയത്ത് കപ്പലിൽ ലോഡിംഗ് നടക്കുകയാണ്. സാധനങ്ങൾ വാരിയിടുന്നതിന്റെയും മറ്റും വലിയ ശബ്ദവും ലോഡിംഗ് തൊഴിലാളികളുടെ ഒച്ചയും ഒക്കെ ചേർന്ന് ആകെ ബഹളമയമായ അന്തരീക്ഷം. ഈ രംഗമെങ്കിലും നമുക്ക് ഡബ്ബ് ചെയ്തു കൂടെ എന്ന കൃഷ്ണനുണ്ണിയുടെ അഭ്യർത്ഥന അരവിന്ദൻ നിഷ്ക്കരുണം തള്ളി. പക്ഷേ അരവിന്ദന്റെ ആ നിലപാട് വാസ്തുഹാരയെ വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായി മാറ്റി.
മലയാളത്തിൽ ആറ് ട്രാക്ക് സ്റ്റീരിയോ ശബ്ദസംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രമായിരുന്നു പടയോട്ടം. ഇതിന്റെ ശബ്ദരൂപകൽപ്പന നിർവഹിച്ചത് വൈരം എന്ന പ്രസിദ്ധനായ ശബ്ദശിൽപ്പിയും. അന്ന് വൈരത്തിനൊപ്പം ജോലി ചെയ്ത ഹരികുമാർ എന്ന ശബ്ദലേഖകന് അത് മറക്കാനാവാത്ത അനുഭവമായി. പായ്ക്കപ്പലിന്റെ തുഴ ഞരങ്ങുന്ന ശബ്ദം ഉണ്ടാക്കിയത് സ്പ്രിംഗ് കസേരയിൽ ഇരുന്ന തുഴയുന്നതുപോലെ പുറകോട്ട് വലിഞ്ഞായിരുന്നു. കസേരയിലെ എണ്ണയിടാത്ത സ്പ്രിംഗിന്റെ ഞരക്കം കയറ് കെട്ടിയ തുഴ വഞ്ചിയിൽ ഉരയുന്ന ശബ്ദമായി. വലിയ കോറത്തുണികൾ വീശിയാണത്രെ കപ്പലിന്റെ പായ കാറ്റിലാടുന്ന ശബ്ദം സൃഷ്ടിച്ചത്. ചിരട്ടയിൽ അരിമാവ് നിറച്ച് അത് ഓരോ പ്രതലത്തിൽ തട്ടിയാണ് കുതിരക്കുളമ്പടികൾ സൃഷ്ടിച്ചത്. കുതിര പുൽമേട്ടിൽ കൂടി ഓടുമ്പോഴും മണലിൽ കൂടി ഓടുമ്പോഴും വ്യത്യസ്തമായ ശബ്ദമാണ്. അരിമാവിന്റെ അളവ് കുറച്ചും കൂട്ടിയുമൊക്കെയാണ് ഈ ശബ്ദവ്യത്യാസം കണ്ടെത്തിയിരുന്നതെന്ന് ഹരികുമാർ ഓർക്കുന്നു.
എന്റെ ഒച്ച വേറിട്ടു കേട്ടുവോ?
വർഷങ്ങൾക്ക് മുമ്പ് ഒരു ഇന്ത്യൻ ശബ്ദശേഖരം (Sound Library) തയ്യാറാക്കാനായി ഇറങ്ങിയ അനുഭവങ്ങൾ Sounding off എന്ന തന്റെ അനുഭവക്കുറിപ്പുകളിൽ റസൂൽ പൂക്കുട്ടി വിശദീകരിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ ഒരു പ്രദേശത്തെ ക്ഷേത്രത്തിൽ നടക്കുന്ന ഹനുമാൻ ആരതിയുടെ ശബ്ദങ്ങളും അതേ നഗരത്തിൽ മറ്റൊരു പ്രദേശത്തെ ക്ഷേത്രത്തിലെ ഹനുമാൻ ആരതി സൃഷ്ടിക്കുന്ന ശബ്ദങ്ങളും വ്യത്യസ്തമാണെന്ന് റസൂൽ അനുഭവിച്ചറിഞ്ഞു. ശബ്ദങ്ങളുടെ കടലിലേക്കാണ് താൻ കാലെടുത്തു വച്ചതെന്ന് ഒരു ഞെട്ടലോടെയാണ് റസൂൽ മനസിലാക്കിയത്.
നിശ്ശബ്ദമായ രാത്രിയിൽ തൊഴുത്തിന്റെ തറയിൽ പശുക്കൾ കുളമ്പ് കൊണ്ട് കോറുന്നതിനും ഒരു പ്രത്യേക താളത്തിൽ അമറുന്നതിനും പിന്നിൽ ഒരു വന്യമൃഗത്തിന്റെ സാന്നിധ്യമാണെന്ന് തന്റെ ഉമ്മ തിരിച്ചറിഞ്ഞതും റസൂലിന്റെ കുട്ടിക്കാലത്തെ ചില ശബ്ദയോർമ്മകളാണ്. ചില നേരത്ത് ആടുകൾ കൂട്ടത്തോടെ കരയും പിന്നെ പെട്ടെന്ന് നിശബ്ദരാകും. അവയിൽ ഒന്നിനെ ഏതോ കാട്ടുമൃഗം പിടിച്ചുവെന്ന് അതിൽ നിന്നും ഉമ്മ മനസിലാക്കിയിരുന്നുവെന്നും ഈ പുസ്തകത്തിൽ റസൂൽ പറയുന്നു.
ചില ശബ്ദങ്ങൾ നമുക്കിടയിൽ നിന്നും ഇല്ലാതായിരിക്കുന്നു. പകരം പുതിയത് കടന്നു വന്നിരിക്കുന്നു. ഉദാഹരണത്തിന് കൊയ്ത്തു കഴിഞ്ഞു പോകുന്ന കർഷകത്തൊഴിലാളികളുടെ പാട്ടോ സന്ധ്യാ നേരത്തെ കുളക്കോഴികളുടെ പതം പറച്ചിലോ ഇന്ന് കേൾക്കാനില്ല. പത്ത് വർഷം മുമ്പ് നമ്മുടെ നിരത്തുകളിൽ കൂടി ഇത്രയധികം ആംബുലൻസുകൾ സൈറൺ മുഴക്കി ചീറിപ്പാഞ്ഞിരുന്നില്ല, 25 വർഷം മുമ്പ് മൊബൈൽ ഫോണുകൾ ഇത്രത്തോളം വ്യാപകമായി ചിലച്ചിരുന്നില്ല.
പ്രേക്ഷകർക്ക് ചിരപരിചിതരായ ചില കഥാപാത്രങ്ങൾക്ക് ശബ്ദമായത് ചില ശബ്ദകലാകാരൻമാരാണെന്നതും നമുക്ക് അജ്ഞാതമാണ്.
“I have all sorts of lethal weapons. നമ്മുടെ നാടൻ മലപ്പുറം കത്തി മുതൽ അൾട്രാ മോഡേൺ മിഷ്യൻ ഗൺ വരെ. അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് സൂം ചെയ്ത് ഫയർ ചെയ്യാവുന്ന ടെലസ്ക്കോപ്പിക് ഗൺ. ഇത് അമ്പും വില്ലും, ഗൂർഖാ ഗറില്ലകൾ ഉപയോഗിക്കുന്നത്. പിന്നെ ബോംബ് ഉണ്ടാക്കാനുള്ള മെറ്റീരിയൽസ് ഉണ്ട്. ടൈം ബോംബ് ഉണ്ട്. ഏത് വേണമെന്ന് പറഞ്ഞേച്ചാ മതി”, ഇന്നും നമ്മളെ ചിരിപ്പിക്കുന്ന പവനായിയുടെ ഈ ശബ്ദത്തിന് പിന്നിൽ ഇന്ന് 80 കഴിഞ്ഞ ഒരു ശബ്ദകലാകാരനായ ഹരികേശൻ തമ്പിയാണ്. 1954-ൽ ഇറങ്ങിയ അവകാശി എന്ന ചിത്രത്തിൽ അഭിനേതാവായി തുടങ്ങിയ ഇദ്ദേഹം പിൽക്കാലത്ത് മികച്ച ഡബ്ബിംഗ് കലാകാരനായി മാറുകയായിരുന്നു. ലോകപ്രസിദ്ധി നേടിയ പിറവിയിലെ പ്രേംജിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയ വെണ്മണി വിഷ്ണുവിനെ പോലെയുള്ളവരെയും പലരും തിരിച്ചറിയാതെ പോയിട്ടുണ്ട്.
നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന് എന്നുചോദിച്ച ഗന്ധർവ്വനിലേക്ക് തിരികെ വരാം.
“ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴുപകലുകളും ഏഴ് രാത്രികളും നീണ്ടുനിന്ന കൊടുംപീഡനങ്ങൾക്കുശേഷം അവരെനിക്ക് ശബ്ദം തിരിച്ചുതന്നു. ഒരു വ്യവസ്ഥയിൽ. എന്റെ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ, നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്”
ഞാൻ ഗന്ധർവന്റെ ക്ലൈമാക്സിൽ ഒരു പ്രണയിനിക്കും മറക്കാനാവാത്ത വികാരനിർഭരമായ ഈ ഗന്ധർവശബ്ദം നമ്മൾ കേൾക്കുന്നത് ജി. ആർ. നന്ദകുമാർ എന്ന ശബ്ദകലാകാരന്റെ സ്വരത്തിലാണ്.
ഗന്ധർവലോകത്തുനിന്നുവന്ന സ്വരമെന്നതുപോലെ ഗന്ധർവൻ സ്വയം പരിചയപ്പെടുത്തുന്ന ആദ്യത്തെ വരികൾ മാത്രം എന്തിനാണ് പത്മരാജൻ തന്നെ പറയാമെന്ന് തീരുമാനിച്ചത്? ഗന്ധർവലോകത്തെ അറിയാനാവാത്ത അതിശയങ്ങൾ പോലെ അതിലുമെന്തോ അശുഭകരമായ വിധിയുടെ ശപിക്കപ്പെട്ട രഹസ്യങ്ങൾ ഒളിഞ്ഞുകിടന്നിരുന്നുവെന്ന് ഇന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. പടത്തിൽ ഗന്ധർവനെ അവതരിപ്പിക്കുന്ന ആദ്യത്തെ വാചകവും നന്ദകുമാറിന്റെ സ്വരത്തിൽ തന്നെയാണ് റെക്കോഡ് ചെയ്തത്. പിന്നീട് അജ്ഞാതമായ കാരണങ്ങളാൽ അത് പത്മരാജൻ തന്നെ പറയുകയായിരുന്നു.
ആകാശവാണിയിൽ അനൗൺസറായിരുന്ന നന്ദകുമാർ പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിംഗ് രംഗത്ത് എത്തുന്നത്. അന്ന് പത്മരാജനും ആകാശവാണിയിലുണ്ട്. സ്റ്റുഡിയോയിൽ വച്ച് പ്രിയപ്പെട്ട ചലച്ചിത്രകാരനെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് നന്ദകുമാർ. ഒരു ദിവസം വൈകുന്നേരം സ്റ്റുഡിയോയിൽ വച്ച് തന്നെയാണ് വൈകുന്നേരം ചിത്രാഞ്ജലിയിൽ വരണമെന്ന് പത്മരാജൻ നന്ദകുമാറിനോട് ആവശ്യപ്പെടുന്നത്. അങ്ങനെ പറന്ന് പറന്ന് പറന്ന് എന്ന പടത്തിൽ റഹ്മാൻ അവതരിപ്പിച്ച എമിൽ എന്ന കഥാപാത്രത്തിന്റെ ശബ്ദമായി നന്ദകുമാർ തുടക്കം കുറിച്ചു.
നിതീഷിന് നന്ദകുമാർ ശബ്ദം നൽകിയെങ്കിൽ ഗന്ധർവനിൽ സുപർണ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് നന്ദകുമാറിന്റെ സഹോദര ഭാര്യയായ അമ്പിളിയാണ്.
“സൂര്യനിലെ അഗ്നിയുടെ മൂർത്തിമദ്ഭാവമായ ഗന്ധർവ്വാ, നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു... സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു, ചന്ദ്രസ്പർശമുള്ള രാത്രികളും. നിനക്കിനി ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റു വീശുമ്പോൾ നീയീ ഭൂമിയിൽ നിന്നും യാത്രയാകും. ഒരിക്കലും തിരിച്ചുവരാത്ത യാത്ര....”
ഹൃദയത്തിൽ നിന്ന് പറിച്ചെടുക്കുന്ന തരത്തിലുള്ള വേദനയോടെ ഗന്ധർവന്റെ വേർപാട് ആരംഭിക്കുന്നത് ഈ സുപ്രധാന നിമിഷത്തിലാണ്. ഗന്ധർവപിതാവായ ബ്രഹ്മദേവൻ സംസാരിക്കുന്നത് നരേന്ദ്രപ്രസാദിന്റെ ഘനഗംഭീര ശബ്ദത്തിലും. ഗന്ധർവന്റെ മുകളിൽ നിൽക്കണം ബ്രഹ്മദേവന്റെ ശബ്ദം. അതിന് അന്ന് നരേന്ദ്രപ്രസാദിന്റേതോളം മികച്ച ഒരു ശബ്ദമില്ല തന്നെ. നരേന്ദ്രപ്രസാദിന്റെ ശബ്ദം പത്മരാജന്റെ മികച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു.
ആരവമില്ലാത്ത കടലും, നിശ്ശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത പടക്കുതിരകളും നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. പ്രകൃതിയും നമ്മോട് പല തരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കലയിൽ ശബ്ദതരംഗങ്ങളുടെ സൗന്ദര്യം തീർത്ത കലാകാരൻമാരെ നമിക്കാതെ വയ്യ. വീണ്ടും ആ ചോദ്യം മനസിൽ തിരയടിക്കുന്നു, “നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? ”