കാമനകളുടെ മികവാർന്ന തുറന്നാട്ടങ്ങളുമായി പുത്തൻ സ്ഫടികം

മാനുഷിക വികാരങ്ങളുടേതായ ഒരു പക്ഷം ചേരൽ സിനിമയുടെ പ്രമേയപരിചരണത്തിലും ആഖ്യാനഘടനയിലുമുണ്ട്. സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും മാത്രമല്ല കാമത്തിന്റേയും പ്രതികാര മനോഭാവത്തിന്റേതുമായ ഉയിർപ്പുകൾ സ്വാഭാവികമെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കാൻ കരുത്തുള്ള ഒന്നാണത്. അതു യാന്ത്രികതയ്ക്കും മുരടൻ വിദ്യാഭ്യാസരീതികൾക്കെതിരെയുമുള്ള മനുഷ്യരുടെ ഊർജ്ജത്തിന്റെ കെട്ടുപൊട്ടിച്ചുള്ള ഒഴുക്കായി മാറുന്നു.

ദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രം ഇരുപത്തിഏഴ് വർഷങ്ങൾക്കു ശേഷം വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷൻ ബാക്കിംഗ് നടത്തി 4കെ ഡോൾബി അറ്റ്‌മോസ് മികവിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരു പുതിയ സിനിമ കാണുന്ന രീതിയിൽ കൂടി ആസ്വദിക്കാനാവും. കാൽ നൂറ്റാണ്ടിനുശേഷമുള്ള വരവിൽ മലയാളി പ്രേക്ഷകർ ചിത്രത്തെ എങ്ങനെയാവും സ്വീകരിക്കുക എന്നത് ആലോചനയ്ക്കു വിധേയമാക്കാവുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും സിനിമ ആദ്യമായി കാണുന്ന യുവതലമുറയിലെ പ്രേക്ഷകരുടെ പ്രതികരണം. 1995 ൽ പുറത്തിറങ്ങിയ ഈ ചിത്രം അന്ന് ആഘോഷിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. ജനപ്രിയമായി മാറിയ ഒന്ന്. നല്ല ഇഴയടുപ്പത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം സംഘട്ടനങ്ങളുടെ കാര്യത്തിലായാലും രതിസ്വഭാവമാർന്ന സീനുകളുടെ കാര്യത്തിലായാലും കാമനകളുടെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് എന്ന് ആത്മാർത്ഥമായും വിശ്വസിക്കുകയും അതു തന്റെ ശിഷ്യരെക്കൊണ്ട് വിശ്വസിപ്പിക്കാനായി കാർക്കശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്ത മുരടനായ ഒരു വാധ്യാർ. കടുവ എന്ന് ശിഷ്യരാൽ നാമകരണം ചെയ്യപ്പെട്ട ചാക്കോ മാഷ് (തിലകൻ). അത്തരമൊരു കാർക്കശ്യത്തിന്റെ യാന്ത്രികത കടന്നുപോയ ക്ലാസുമുറികളിലൊന്നിലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും അക്കാലത്തെ കുട്ടികൾ. ഒരു പക്ഷേ, ഏറിയും കുറഞ്ഞും എക്കാലത്തേയും കുട്ടികൾ. സർഗാത്മകമായ സ്വന്തം ആവിഷ്‌കാരങ്ങളുടെ ഗതി തടസ്സപ്പെട്ട നിരവധി ജീവിതസന്ദർഭങ്ങളെ അഭിമുഖീകരിച്ചവർ. അവരുടെ പ്രതിനിധിയാണ് ചാക്കോമാഷുടെ മകനും ശിഷ്യനുമായ തോമസ് ചാക്കോ എന്ന ആടുതോമ (മോഹൻലാൽ). ആടുതോമയുടെ ആഘോഷങ്ങളേയും പ്രതികരണങ്ങളേയും കയ്യടിയോടെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് സ്വന്തം ജീവിതത്തിലെ പഠനകാലത്തെ അനുഭവങ്ങളാകണം. മുറിവേറ്റ ഒരു കുട്ടിയുടെ നിഷേധിയായുള്ള രൂപപ്പെടൽ സ്വാഭാവികം എന്ന് മാഷന്മാരുടെ ഗെറ്റൗട്ടുകൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർ കരുതും.

സ്ഫടികത്തിൽ തിലകൻ

ശാസ്ത്രത്തിന്റെ രാജ്ഞി എന്നു ഗണിതത്തെ വിശേഷിപ്പിക്കാറുണ്ട്. യാന്ത്രികമായി ഗണിതതത്വങ്ങൾ ഉരുവിട്ടു പഠിക്കാനും ഉന്നതമായ രീതിയിൽ പരീക്ഷയിൽ വിജയം നേടാനും നിർബന്ധിക്കുന്ന അദ്ധ്യാപകനും രക്ഷിതാവുമാണ് ചാക്കോ മാഷ്. രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ ഗുരുവര്യൻ. പക്ഷേ, തന്റെ കുട്ടികളാൽ ഒരിക്കലും സ്‌നേഹം ലഭിച്ചിട്ടില്ലാത്ത ഒരാൾ കൂടിയാണദ്ദേഹം.അയാൾ യഥാർത്ഥത്തിൽ വ്യവസ്ഥയുടെ ഒരു തടവുകാരനാണ്. മനുഷ്യരെപ്പറ്റിയോ കുഞ്ഞുങ്ങളെപ്പറ്റിയോ ചിന്തിക്കാൻ സമയമില്ലാതെ കേവലമായുള്ള ഉയർച്ചയിൽ മാത്രം ഉന്മുഖനായ ഒരാൾ. ഒരോ കുട്ടിയും ഇത്തരം മനുഷ്യരെ രക്ഷിതാക്കളുടെ രൂപത്തിലും അധ്യാപകരുടെ രൂപത്തിലും നിയമപാലകരുടെ രൂപത്തിലും പുരോഹിതരുടെ രൂപത്തിലുമെല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്,അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് അനുഭവത്തിന്റെ സത്ത പിഴിഞ്ഞൂറ്റി കുടിച്ച് നിലപാടെടുക്കുന്ന ജനങ്ങൾ ആടുതോമയുടെ വഴിവിട്ട പ്രതികരണങ്ങൾ ആഘോഷങ്ങളായി ഉള്ളിലേക്കെടുത്തത്.

മാനുഷിക വികാരങ്ങളുടേതായ ഒരു പക്ഷം ചേരൽ സിനിമയുടെ പ്രമേയപരിചരണത്തിലും ആഖ്യാനഘടനയിലുമുണ്ട്. സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും മാത്രമല്ല കാമത്തിന്റേയും പ്രതികാര മനോഭാവത്തിന്റേതുമായ ഉയിർപ്പുകൾ സ്വാഭാവികമെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കാൻ കരുത്തുള്ള ഒന്നാണത്. അതു യാന്ത്രികതയ്ക്കും മുരടൻ വിദ്യാഭ്യാസരീതികൾക്കെതിരെയുമുള്ള മനുഷ്യരുടെ ഊർജ്ജത്തിന്റെ കെട്ടുപൊട്ടിച്ചുള്ള ഒഴുക്കായി മാറുന്നു. കുടുംബത്തിലേയും വിദ്യാലയത്തിലേയും പൊലീസിലേയും പല മനുഷ്യരും ആ പ്രവാഹത്തിൽ ചേർന്നത് അതുകൊണ്ടാണ്. ഫാദർ ഒറ്റപ്ലാക്കനുപോലും (കരമന ജനാർദ്ദനൻ നായർ) പോലും ആ ഒഴുക്കിൽ നിന്ന് മാറി നിൽക്കാൻ കഴിഞ്ഞില്ല. അതിലൊരു വിമോചനത്തിന്റെ ഉൾത്തുടിപ്പ് ഉണ്ടായിരുന്നു. തോമയുടെ ആസക്തികളുടെ ആഘോഷത്തിന് അതിമാനുഷികതയുടെ അംശത്തിന്റെ പരിഹാസ്യതയെ മറന്നും മനുഷ്യർ അഭിവാദ്യമർപ്പിച്ചുപോകുന്നത് അതുകൊണ്ടാണ്.

സ്ഫടികത്തിൽ മോഹൻലാൽ

അറിവധികാരത്തിന്റെ അടിസ്ഥാന പ്രയോഗങ്ങളെ നിഷേധിക്കുന്ന ഒരു തലവും സിനിമയുടെ ആഖ്യാനത്തിൽ ഉൾച്ചേർന്നിരിക്കുന്നതായി ഇന്നു വീക്ഷിക്കുമ്പോൾ കാണാൻ കഴിയും.അധികാരത്തിന്റെ നൃശംസതകളെ ഏറ്റവും ഫലപ്രദമായും ഹൃദയാവർജകമായും ആവിഷ്‌കരിച്ചതും എതിർത്തതും കലയാണ്. അധികാരവിരുദ്ധതയ്ക്ക് അനുഭൂതിയുടെ തലത്തിൽ സ്ഥിരമായ വാസം സാധ്യമാക്കാൻ സിനിമയടക്കമുള്ള ദൃശ്യകലകൾക്ക് സവിശേഷമായ കഴിവുമുണ്ട്. ഭാവനയെ തടവിലിടുന്ന ഒന്നിനേയും കലയ്ക്ക് അംഗീകരിക്കാനാവില്ല. എല്ലാത്തിനും ഉത്തരമുണ്ടെന്ന നറേറ്റീവുകളെ സർഗാത്മകമായ കലാവിഷ്‌കാരങ്ങൾ എക്കാലത്തും മൗലികമായി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ശുദ്ധശാസ്ത്രത്തിന്റേതായാലും ഗണിത ശാസ്ത്രത്തിന്റേതായാലും സാങ്കേതിക ശാസ്ത്രത്തിന്റേതായാലും അന്തിമതീർപ്പുകളെ അന്വേഷണങ്ങളാൽ കല അഴിച്ചുപണിതിട്ടുണ്ട്. ജനപ്രിയ കലപോലും ഇക്കാര്യത്തിൽ അബോധപൂർവമായി സ്ഥാനപ്പെട്ടിട്ടുണ്ട് എന്നു വേണം കരുതാൻ. മുകളിൽ നിന്നുള്ള പാഠം പഠിപ്പിക്കലിന്റെ വൃത്തപരിധികളെ ലംഘിക്കാൻ അകമെ വെമ്പൽ കൊള്ളുന്ന യുവത്വം ഒരോ ഫ്രെയിമുകളിലും ആവേശഭരിതമാകുന്നത് അതു കാരണമാണ്. തല്ലിപ്പഠിപ്പിക്കലിന്റെ ദ്വിമാന സമവാക്യങ്ങളെ നിർധാരണം ചെയ്യാൻ അഭിലാഷങ്ങളെ കെട്ടഴിച്ചുവിടാൻ കൊതിക്കുന്ന യുവത്വം. മാത്തമാറ്റിക്‌സില്ലാതെ തന്നെ സ്പന്ദിക്കുന്ന മനസ്സുകൾ. തോമസ് ചാക്കോ സർഗാത്മകത എന്തെന്നറിയാത്ത ഭരണാധികാരിയെ കൂടി പ്രതിനിധീകരിക്കുന്നുണ്ട്.


മിഴിവിലും വ്യക്തതയിലും ശബ്ദത്തിലും സ്ഫടികം എന്ന സിനിമ തിയറ്ററിൽ വീക്ഷിക്കുമ്പോൾ മുൻചൊന്ന ആഘോഷത്തിന്റെ ഘടകം വർധമാനമായി അനുഭവപ്പെടുന്നുണ്ട്. ഒരു പക്ഷേ, ഈ സാങ്കേതികത്തികവോടെയുള്ള രൂപമാറ്റത്തിന്റെ സാംഗത്യവും അതാകും. ഇടിയും ആട്ടവും പാട്ടും പതിന്മടങ്ങ് ഉദ്‌ഘോഷിക്കപ്പെടുന്നുണ്ട്. അതു വഴി ചാക്കോ മാഷിന്റെ ക്രൂരമായ വിദ്യ അഭ്യസിപ്പിക്കലിന്റെ കാഠിന്യത്തേയും അതു സൂക്ഷ്മമാക്കുന്നുണ്ട്. മുരടൻ പരിചരണങ്ങൾക്ക് വിധേയമാകാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ജൈവോർജ്ജത്തിന്റെ പകർന്നാട്ടങ്ങളും തുറന്നാട്ടങ്ങളും ഉച്ചത്തിലായി കൊട്ടിയുണരുന്നുണ്ട്. നൃത്തരംഗങ്ങളിലെ മാദകത്വം ഹർഷാതിരേകം കൂട്ടുന്നുണ്ട്. മോഹനമായ ഗാനരംഗങ്ങളിൽ മനസ്സുകളുടെ സ്പന്ദനങ്ങളാണ് ഉയരുന്നത്,ഭൂഗോളത്തിന്റേതല്ല. മുരടിപ്പിന്റെ ജഡതയെ മനസ്സിന്റെ അകത്തളത്തിൽ നിന്നും തൂത്തെറിയുന്നൊരു വിമോചക പ്രവൃത്തിയായാണ് അത് അനുഭവഭേദ്യമാകുന്നതും അടയാളപ്പെടുന്നതും. ലൈലയുടെ കടാക്ഷങ്ങളിലെ പ്രണയാതുരതയും അഭിനിവേശങ്ങളും ക്ലോസ് അപ്പ് ഷോട്ടുകളിലൂടെ വശ്യമനോഹരമാക്കുന്നുണ്ട് ക്യാമറ. അതു ചാക്കോമാഷുടെ മനുഷ്യവിരുദ്ധമായ യാന്ത്രികതയുടെ മറുകരയിലേക്ക് പ്രേക്ഷകരെ നയിക്കുന്നു. അതവരെ അരാജകമായൊരു വിശ്രാന്തിയുടെ തീരത്തണയ്ക്കുന്നു.

സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലാ ബീഗം കാമനകളുടെ പകർന്നാട്ടങ്ങൾ സാധ്യമാക്കിയ ഒരു കഥാപാത്രമായിരുന്നു. സദാചാരത്തിന്റെ കേവലമായ അധികാരപാഠങ്ങളെ തകർക്കുന്ന മാദകത്വത്തിന്റെ ആട്ടവും പാട്ടും ധീരമായ ഒന്നായിത്തീർന്നു കഥയുടെ പശ്ചാത്തലത്തിൽ അക്കാലത്ത്. മനുഷ്യരിലുള്ള ഏറ്റവും ജൈവമായ ചോദനകളെ മുരടിപ്പിച്ച് തടവിലിടുന്ന അധികാരരൂപങ്ങളെ തിരസ്‌കരിക്കുന്നതും ആനന്ദാനുഭവങ്ങളുടെ തുറന്ന പ്രകടനങ്ങളെ ഹൃദയത്തിലേറ്റുന്നതും ഒരു കലാപം കൂടിയാണ്. രതിയുടെ സ്നേഹസ്പർശങ്ങൾ അനുഭവിപ്പിച്ച രംഗങ്ങൾ അവിടെ പിറന്നു. മടുപ്പിനെ അകറ്റുന്ന അലിവുള്ള ഒരു പാരസ്പര്യം. ഒരു ലൈംഗികതൊഴിലാളിയുടെ കൈ കോർത്ത് നടക്കുന്ന വീറ് സമുദായത്തെ പ്രകോപിപ്പിക്കുന്ന ഒന്നാണ് അന്നും ഇന്നും. ബാഡ് പാരന്റിംഗിനെയൊക്കെ എതിർക്കുന്ന രക്ഷിതാക്കളുടെ മണ്ഡലം പോലും ഈ കലാപോന്മുകതയെ അംഗീകരിച്ചു എന്നു വരില്ല. ആ കാലത്ത് അതിന് ധൈര്യം കാണിച്ചു എന്നതാണ് സ്ഫടികം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. അതിൽ നിന്ന് പിറവികൊണ്ട ഗാനങ്ങളും ഗാനരംഗങ്ങളും അഴകാർന്ന ഒരു ധീരത ഉണ്ടാക്കി. കരളിലെ കരിക്കിന്റെ മൺകുടത്തിൽ കാമത്തിന്റേയും പ്രണയത്തിന്റേയും കള്ള് മോന്താൻ, കൊഞ്ചെടി മൂത്തേ എന്ന് ലാളിക്കാൻ യുവത്വം ആർത്തി പൂണ്ടു.
ഏഴിമല പൂഞ്ചോല....
മാമലക്ക് മണിമാല... ഈ പാട്ടിന്റെ അപാരമായ ഫീൽ അന്നുമിന്നും ആസ്വദിക്കപ്പെടുന്നു.

ഡാൻസ് കൊറിയോഗ്രാഫിയിലും സ്റ്റണ്ട് കൊറിയോഗ്രാഫിയിലും എന്നും സമകാലികമാകാൻ പ്രാപ്തിയുള്ള ചേരുവകൾ ഉണ്ടാകുകയും അതിൽ മുറുക്കവും ഇറുക്കവും പകരുന്ന ചടുലതയും പ്രവേഗവും സന്നിവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിപ്പോൾ വലിയ സ്‌ക്രീനിൽ ശബ്ദമികവിൽ കാമനകളെ കുറേക്കൂടി ഉദ്ദീപിപ്പിക്കും. പാട്ടിന്റെ മൂഡിനനുസരിച്ചുള്ള രംഗങ്ങളുടെ സമൃദ്ധിയിൽ അതു പുതുകാലകാണലിൽ ഒന്നു കൂടി ഉറപ്പിക്കപ്പെടുന്നു. വലിയ സ്‌ക്രീനിൽ സ്ഫടികം കാണാനുള്ള അനേകമാളുകളുടെ മോഹങ്ങൾ കൂടി പൂവണിയിക്കാമെന്ന ചിന്തയിൽ നിന്നാണ് പുതിയ സ്ഫടികത്തിനായി പഴയത് പൊടി തട്ടിയെടുത്തതെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. നൃത്തം, സംഗീതം തുടങ്ങിയ ഇന്ദ്രിയ കലകളുടെ ചേരുവ അതിനുള്ള സ്‌കോപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഓരോ ഫ്രെയിമിലും സംഘർഷങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് സിനിമയെ കുറേപ്പേർക്കെങ്കിലും കൂടുതൽ പ്രിയപ്പെട്ടതാക്കുന്നതെന്ന് സംവിധായകൻ ഭദ്രൻ തന്നെ വിലയിരുത്തിയ കാര്യമാണ്. ഒപ്പം ആടു തോമയേയും ചാക്കോ മാഷിനേയും സ്നേഹിക്കുന്ന ആളുകൾ ഇന്നുമുണ്ടെന്ന കണ്ടെത്തലും. സിനിമ റിലീസായ സമയത്ത് ലഭിച്ച കാഴ്ചാനുഭവത്തെക്കുറിച്ച് ഇന്നും വാചാലരാകുന്ന മുതിർന്ന തലമുറയിലെ കാണികൾ കൂടുതൽ ദൃശ്യ-ശ്രവ്യ മികവോടെ റി റിലീസ് ചെയ്യപ്പെടുമ്പോൾ അനുഭവത്തെ പുതുക്കും എന്നു സംവിധായകനും ടീമിനും പ്രതീക്ഷിക്കാം. മുട്ടനാടിന്റെ കഴുത്തിലെ ചോര കുടിക്കുന്ന, മുണ്ടുപറിച്ചടിക്കുന്ന, ബോംബു കൊണ്ട് ബീഡി കത്തിക്കുന്ന തോമയുടെ രണ്ടാം വരവ് തിയേറ്ററുകളിൽ ആഘോഷമാകുമെന്ന പ്രതീക്ഷ. 4കെ ഡോൾബി അറ്റ്‌മോസ് ദൃശ്യചാരുതയിൽ കേരളത്തിൽ 150-ൽപരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണ് സിനിമ റി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. 27 വർഷത്തിനു ശേഷം റീമേക്ക് ഒഴിവാക്കി ഡിജിറ്റൽ റീ മാസ്റ്ററിംഗ് ചെയ്തുള്ള വരവ്.

പഴയകാല ഛായാഗ്രാഹകൻ വില്യംസാണ് ചിത്രത്തിന്റെ ഫ്രെയിമുകൾക്ക് പിന്നിൽ. പാറക്കൂട്ടങ്ങൾക്കിടയിൽ നടന്നുവരുന്ന ആടുകളിലൊന്നിനെ പിടിച്ചു ചോര കുടിക്കുന്ന ഇൻട്രോ സീൻ മുതൽ ത്രസിപ്പിക്കുന്ന സീനുകളാണ് പ്രേക്ഷകരെ ഉന്മാദത്തിലാഴ്ത്തിയിരുന്നത്. ബിഗ് സ്‌ക്രീനിൽ അതൊക്കെ കൂടുതൽ ഊർജ്ജം നിറയ്‌ക്കും. ചെറിയ ഒന്നുരണ്ടു ഷോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട് ഇപ്പോൾ. ചെകുത്താനെന്ന ലോറിയുടെ ഓട്ടത്തിനിടയ്ക്ക് ഏതാനും ചില ഷോട്ടുകൾ. ഓരോ ഫ്രെയിമും ശ്രമപ്പെട്ട് വലിയ ഫോർമാറ്റിലേക്ക് മാറ്റിയിരിക്കുന്നു. തോമസ് ചാക്കോയിൽനിന്ന് ആടുതോമയിലേക്കും ഓട്ടക്കാലണയിലേക്കും പരിണമിക്കുന്ന രംഗങ്ങൾ. മേരീദാസൻ എന്ന പേരിൽനിന്ന് ചെകുത്താനിലേക്ക് മാറുന്ന ലോറി. ഒടുവിലെത്തുമ്പോളത് സ്ഫടികമായി രൂപാന്തരപ്പെടുന്നു. ഇതിനിടയിൽ സംഘർഷനിർഭരമായ ജീവിതം തുടിക്കുന്നുണ്ട്.

അച്ഛനും മകനുമിടയിലൂടെ കണ്ണീരുകുടിച്ചു ജീവിക്കുന്ന മേരിയെന്ന പൊന്നമ്മയും (കെ.പി.എ.സി ലളിത) ആടു തോമായുടെ കണ്ണിലെ വേദനകളെ മറയ്ക്കുന്ന റെയ്ബാൻ ഗ്ലാസ് ഊരി വാങ്ങുന്ന രാവുണ്ണി മാഷുടെ (നെടുമുടി വേണു) മകൾ തുളസിയും (ഉർവശി) അപ്പനും ആങ്ങളക്കുമിടയിലെ സംഘർഷത്തിൽ മനമുരുകി ജീവിക്കുന്ന ജാൻസി ചാക്കോയും (ചിപ്പി) മനുഷ്യപ്പറ്റുള്ള സ്ത്രീകഥാപാത്രങ്ങളായി പ്രേക്ഷകരെ സങ്കടപ്പെടുത്തുകയും ആശ്വാസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മരണത്തിലേക്കു യാത്രചെയ്യുകയാണ് എന്നറിയുമ്പോഴും മരണം പുല്ലാണെന്ന് പറയുന്ന തോമാ പ്രേക്ഷകരുടെ അനുതാപത്തിന് വിധേയമാകുന്ന കഥാപാത്രമായി അടയാളപ്പെടുന്നു. വെറുമൊരു അടിപ്പടം മാത്രമായിത്തീരുമായിരുന്ന സ്ഫടികത്തെ ഹൃദയം കൊണ്ട് തൊടാൻ കാണികളെ പ്രേരിപ്പിച്ചത് ഇതൊക്കെയാണ്. വൈകാരികമായ കണക്ഷൻ ഉണ്ടായതും ഇതുമൂലം. പൊള്ളുന്ന ചില വാസ്തവങ്ങൾ ഇന്നും പ്രസക്തം. കർക്കശക്കാരായ രക്ഷിതാക്കളുടെ ബാഡ് പാരന്റിങ്ങിന്റെ ഇരകളായി നിരവധി കുട്ടികൾ ഇന്നുമുണ്ട്. കാഴ്ചപ്പാട് മാറാത്തതിന്റെ ആശങ്കകൾ ഈ റി റിലീസിൽ സംവിധായകൻ ഭദ്രൻ ഏറ്റവുമൊടുവിൽ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് പങ്കുവയ്ക്കുന്നുണ്ട്. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ ചിത്രമാണ് പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് ഭദ്രൻ പറഞ്ഞിരുന്നു.

1995 ൽ ബോക്‌സ് ഓഫിസിൽ എട്ട് കോടിയിലധികം കലക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇരുന്നൂറിലധികം ദിവസങ്ങൾ അതു തിയറ്ററിൽ നിന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും പുനർനിർമിക്കപ്പെട്ടു. ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ച് റീ മാസ്റ്ററിങ് പൂർത്തിയാക്കി 4 കെ അറ്റ്‌മോസ് മിക്‌സിൽ എത്തുന്ന പുതിയ സ്ഫടികത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ്. ഡാൻസ് നമ്പറുമായെത്തിയ സിൽക് സ്മിതയുടെ ലൈല മുതൽ ഫൈറ്റ് സീനുകളിലെത്തിയ ഗുണ്ട കഥാപാത്രങ്ങൾ വരെ അതുമൂലം കൂടുതൽ എനർജി പ്രസരിപ്പിക്കുന്നു. ബാക്ക് ഗ്രൗണ്ട് സ്‌കോർ മാറ്റിയുള്ള പുതിയ ആഡ് ഓണുകൾ കൂറ്റൻ ലോറി വരുന്നതിന്റെ ക്ലോസപ്പുകളെയെല്ലാം ത്രസിപ്പിക്കുന്നുണ്ട്. ചങ്ങനാശ്ശേരി ചന്തയിൽ വച്ച് ചിത്രീകരിച്ച നാച്ചുറൽ ആയ സ്റ്റണ്ട് കമ്പോസിഷനുകൾ. കാണികളെ ആവേശഭരിതരാക്കിയ ആക്ഷനുകൾ അബോധത്തിലെ ചെറുത്തുനിൽപ്പുകളായിരിക്കണം. അതു പുതിയ കാഴ്ചക്കും കേൾവിക്കുമായി ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ റിമാസ്റ്റർ ചെയ്തിരിക്കുന്നു.

ഡാഷ് മോനേ വിളിക്കുന്ന ഫാദർ ഒറ്റപ്ലാക്കൻ വ്യത്യസ്തനാണ്. അതു അസാധാരണമായൊരു ക്യാരക്ടറൈസേഷനാണ്. സദാചാരത്തിന്റെ സ്വാഭാവികമായ വക്താവാകേണ്ട കഥാപാത്രത്തെ ഇവിടെ തിരിച്ചിടുന്നു. അതുപോലെ തിയറ്ററിൽ രജനികാന്ത് പൊലീസിനെ ഇടിക്കുന്ന സീൻ കാണിച്ചുകൊണ്ടിരിക്കേ പടം കളിക്കുന്ന തിയറ്ററിൽ ഇടി യാഥാർഥ്യമാവുന്നു. ഓപ്പറേറ്റർ അതു കണ്ട് രസിക്കുന്നു. ഉള്ളിലെ സ്‌നേഹം പ്രകടിപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്നും മകന്റെ കഴിവുകൾ കാണാൻ കഴിഞ്ഞില്ലെന്നും തിരിച്ചറിഞ്ഞ് കുമ്പസാരത്തിനെന്ന വണ്ണം ഫാദറിനടുത്തെത്തുന്ന ചാക്കോ മാഷ് കാണുന്നത് ളോഹയിട്ട മകൻ തോമയെയാണ്. ഇത് അവനു നന്നായി ചേരുന്നുണ്ട് എന്ന ഫാദറിന്റെ കമന്റും പിന്നാലെ. നന്നായി ഉത്തരം എഴുതിയിട്ടും തോൽപ്പിക്കപ്പെട്ട തോമസ് ചാക്കോ മനം നൊന്ത് നാട് വിട്ടതിനു ശേഷമാണ് 14 വർഷങ്ങൾക്കുശേഷം ആടുതോമയായി തിരിച്ചെത്തുന്നത്. 27 വർഷങ്ങൾക്കുശേഷമുള്ള മറ്റൊരു തിരിച്ചുവരവാണിത്.

സ്ഫടികത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കി. ചാക്കോ മാഷെ തിലകനും. ചിത്രത്തിൽ വില്ലനായി (ഇൻസ്‌പെക്ടർ കുറ്റിക്കാടൻ) അരങ്ങേറ്റം കുറിച്ച ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. അനേകം സിനിമകളിൽ വില്ലനായി വേഷമിട്ടു. അശോകൻ, വി കെ ശ്രീരാമൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ബഹദൂർ, ശങ്കരാടി, എൻ.എഫ്. വർഗീസ്, പറവൂർ ഭരതൻ, എൻ.എൽ. ബാലകൃഷ്ണൻ, ഭീമൻ രഘു തുടങ്ങി പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. സംഭാഷണം ഡോ. സി.ജി. രാജേന്ദ്ര ബാബുവാണ് നിർവഹിച്ചത്. നിർമ്മാണം ആർ. മോഹൻ. സംഗീതം എസ്.പി. വെങ്കിടേശ് നിർവഹിച്ചു. പി. ഭാസ്‌കരൻ രചിച്ച ഗാനങ്ങൾ എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, മോഹൻലാൽ എന്നിവരാണ് ആലപിച്ചത്. ചിത്രസംയോജനം എം.എസ്. മണിയുടേതായിരുന്നു.

Comments