മലബാറിലെ ജില്ലകളും മറ്റു ജില്ലകളും തമ്മിൽ, ഏതാണ് നല്ല ബിരിയാണിയെന്ന തർക്കം സോഷ്യൽ മീഡിയയിൽ പതിവാണ്. അത്തരമൊരു തർക്കത്തിന്റെ കോട്ടയം വേർഷനാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയുടെ ഒരു ഭാഗം. പ്രധാനഭാഗം ഒരു ബിരിയാണിയുണ്ടാക്കുന്ന കഥ തന്നെ.
ഷിനോയ്‌യുടെ (പ്രശാന്ത് മുരളി) മകളുടെ ഒന്നാം പിറന്നാളിന് എല്ലാവർക്കും ബിരിയാണി കൊടുക്കണമെന്ന് ഷിനോയ്ക്ക് തോന്നുന്നു. ചോറും ബീഫും ആക്കാമെന്ന് ഷിനോയ്‌ന്റെ ഭാര്യ ശ്രീധന്യ പറഞ്ഞെങ്കിലും ബിരിയാണി തന്നെ വേണമെന്ന് ഷിനോയ് നിർബന്ധം പിടിക്കുന്നു. കോവിഡ് കാലമാണ്. കുറച്ച് പേരെ ഉണ്ടാവൂ. ബിരിയാണി സ്വയം ഉണ്ടാക്കാമെന്ന് ഷിനോയ് തീരുമാനിക്കുന്നു. അങ്ങനെ ബിരിയാണിയുണ്ടാക്കാൻ ഷിനോയ്‌യും സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്റെ(ജിയോ ബേബി) വീട്ടിൽ ഒത്തുകൂടുന്നു. അവർ ബിരിയാണിയുണ്ടാക്കുന്നതിനിടെ ഒരു കോഴിക്കോട്ടുകാരനും അങ്ങോട്ട് കടന്നുവരുന്നു. തുടർന്ന് ആ രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ നടക്കുന്ന രസകരമായ കഥയാണ് സിനിമ പറയുന്നത്.
വളരെ ലളിതമായ ഒരു ലൈറ്റ് കോമഡി സിനിമയാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. സാന്ദർഭികമായി ഉണ്ടാവുന്ന വളരെ ജൈവികമായ തമാശകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒട്ടും സ്‌ക്രിപ്റ്റഡ് അല്ലാത്ത, നിത്യജീവിതവുമായി എളുപ്പം കണക്ട് ചെയ്യാനാവുന്ന മുഹൂർത്തങ്ങളും സിനിമയ്ക്ക് ജീവൻ നൽകുന്നു.
ജിയോ ബേബിയുടെ സിനിമയിൽ നമ്മൾ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ഈ സിനിമയിലും കാണാവുന്നതാണ്. എന്നാൽ അത് സിനിമയിൽ നിർബന്ധ ബുദ്ധിയോടെ ചേർത്ത് വച്ചതാണെന്ന് പ്രേക്ഷകന് നിരന്തരം അനുഭവപ്പെടുന്നു എന്നത് ഒരു പോരായ്മയാണ്.

സിനിമയ്ക്ക് പാരലലായി കാണിക്കുന്ന ചില സംഭവങ്ങൾ പ്രധാന പ്ലോട്ടുമായി ചേർന്ന് നിൽക്കാത്തതും പ്രശ്‌നമാണ്. എന്നാൽ അത് സ്യൂഡോ ആക്ടിവിസ്റ്റ് - ബുദ്ധിജീവികളെ പരിഹസിക്കാനായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് രസകരമാണ്.
ട്രൈലറിൽ വ്യക്തമാക്കിയത് പോലെ മദ്യപാനമാണ് സിനിമയുടെ പ്രധാന വൈബ്. ഒരു വീട്ടിൽ ഒന്നിച്ച് മദ്യപിക്കുന്നു, കൂട്ടത്തിൽ ബിരിയാണിയുണ്ടാക്കുന്നു, ഇടയ്ക്ക് ചെറിയ വാക്കേറ്റമുണ്ടാവുന്നു, അതിനിടെ മദ്യം തീർന്നതിനാൽ വീണ്ടും വാങ്ങിപ്പിക്കുന്നു, അവിചാരിതമായി കൂട്ടത്തിലെത്തിയ ആളെയും മദ്യം സൽക്കരിച്ച് കൂടെ കൂട്ടുന്നു, പിറ്റേന്ന് ഹാങ്ങ് ഓവർ മാറാനായി വീണ്ടും മദ്യപാനം തുടങ്ങുന്നു... ഇതാണ് പടത്തിന്റെ ഒരു ലൈൻ.
ചിത്രത്തിൽ രാത്രിയുടെ ചിത്രീകരണം രസകരമാണ്. മദ്യപിക്കാനായി ഒരു ആൺകൂട്ടം ഒത്തുകൂടുന്നു, അതേ സമയം സ്ത്രീകൾ, മദ്യാപാനിക്കൂട്ടത്തിനകത്ത് പെട്ടുപോവുന്ന കുട്ടികൾ - ഇവരെയൊക്കെ കാണിക്കാനുള്ള ഒരു ശ്രമം സിനിമ നടത്തുന്നുണ്ട്. വളരെ സ്വതന്ത്രമായി രാത്രി ഒറ്റയ്ക്ക് വടകരയിൽ നിന്ന് ബൈക്കുമായി കോട്ടയം വരെ യാത്ര ചെയ്യുന്ന പെൺകുട്ടി, അർധരാത്രിയിലും സ്‌കൂട്ടറുമായി മൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന പെൺകുട്ടി തുടങ്ങിയ സ്ത്രീ പ്രാതിനിധ്യങ്ങളും സിനിമ കാണിക്കുന്നുണ്ട്.

സിറ്റുവേഷനൽ കോമഡി ആയതിനാൽ തന്നെ അഭിനേതാക്കളുടെ പ്രകടനം പ്രധാനമാണ്. ഒരുപാട് പുതുമുഖങ്ങളെ വച്ച് തന്നെ അത് പുൾ ഓഫ് ചെയ്യാനായി എന്നത് സിനിമയുടെ വിജയമാണ്. പ്രശാന്ത് മുരളി വളരെ രസകരമായി, അനായാസമായി ഷിനോയ്‌യുടെ വേഷം ചെയ്തിട്ടുണ്ട്. പ്രശാന്തിന്റെ പാലാ സ്ലാങ്ങും അതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജിയോ ബേബി, മൂർ, ജിലു ജോസഫ് തുടങ്ങിയവരും രസമായി.
ഒരു നാട്ടിൻപുറത്തെ ഒത്തുചേരലിന്റെ വൈബ് ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വലിയ വിജയമാണെങ്കിലും സാങ്കേതികമായി സിനിമ പിറകോട്ട് നിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ക്യാമറയുടെ ഒരു സ്റ്റബിലിറ്റിയില്ലായ്മ ചിത്രത്തിന്റെ ആസ്വാദനത്തിന് തടസം നിൽക്കുന്നുണ്ട്. പശ്ചാത്തല സംഗീതം, എഡിറ്റിംഗ് ഉൾപ്പടെയുള്ള സാങ്കേതിക കാര്യങ്ങൾ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.