1983-ൽ പുറത്തിറങ്ങിയ കെ.ജി ജോർജിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമയ്ക്ക് മലയാള സിനിമാ ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്. അതിനു മുമ്പ് ആരും കൈകാര്യം ചെയ്യാത്തതും സാധാരണ പ്രേക്ഷകർക്ക് ഒട്ടും പരിചിതമല്ലാത്തതുമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചു എന്നതാണ്. സിനിമയിലേക്ക് വരുന്ന ഒരു നടി നേരിടുന്ന ലൈംഗിക ചൂഷണങ്ങളും വൈകാരിക സമ്മർദ്ദങ്ങളുമാണ് അതിന്റെ പ്രമേയം. 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആ സിനിമ വന്നതെങ്കിലും അതിനപ്പുറം സിനിമയ്ക്കുള്ളിലെ അന്തർ നാടകങ്ങളെ അത് തുറന്ന് കാട്ടുന്നുണ്ട്. ആ കാലത്ത് അത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കമിട്ടെങ്കിലും പിന്നീട് അതെല്ലാം വളരെ വേഗം അന്തരീക്ഷത്തിൽ നിന്നും മാഞ്ഞുപോയി.
‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ ഇറങ്ങി രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ സിനിമക്കുള്ളിലെ അന്തർ നാടകങ്ങൾ വീണ്ടും ചർച്ചയായി. ഇത്തവണ ശ്രീനിവാസൻ തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഉദയനാണ് താരം’ (2005) മലയാള സിനിമയിലെ ദുഷിച്ച പ്രവണതകളെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിൽ നിന്നും വ്യത്യസ്തമായി താരാധിപത്യം എങ്ങനെ മലയാളസിനിമയെ തകർക്കുന്നു എന്നതാണ് ഇത്തവണ പ്രമേയമായി വന്നത്. കെ.ജി ജോർജിന്റെ സിനിമയിൽ നിന്ന് ഉദയനാണ് താരത്തിനുള്ള കാര്യമായ വ്യത്യാസം അതിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ പറ്റി പരാമർശിക്കുന്നില്ല എന്നതാണ്.
1983-നും 2005-നും ഇടയിൽ സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന പല ചലച്ചിത്രങ്ങളും വന്നിട്ടുണ്ടെകിലും അതിലൊന്നും കെ.ജി ജോർജോ ശ്രീനിവാസനോ കൈകാര്യം ചെയ്ത സിനിമയ്ക്കുള്ളിലെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തെ തൊടുന്നതായിരുന്നില്ല. പലതും സിനിമ എന്ന മായാലോകത്തെ ഗ്ലാമറിനെ കൂടുതൽ പൊലിപ്പിക്കുന്ന അരാഷ്രീയ സിനിമകളായിരുന്നു. ചലച്ചിത്ര മേഖലയിലെ ആരും കൈകാര്യം ചെയ്യാൻ ധൈര്യപ്പെടാത്ത വിഷയമാണ് സിനിമക്കുള്ളിലെ താരാധിപത്യവും അതുണ്ടാക്കുന്ന കോക്കസുകളിൽ കറങ്ങി തിരിയുന്ന സിനിമാലോകത്തിന്റെയും കഥ. തനിക്ക് സിനിമാ മേഖലയിൽ നിന്ന് ഒരു തരത്തിലുള്ള പിന്തുണയും കിട്ടില്ല എന്ന ബോധ്യത്തോടെയാവണം ഇതിന് തിരക്കഥ എഴുതാൻ ശ്രീനിവാസൻ പേന എടുത്തിട്ടുണ്ടാവുക. സരോജ് കുമാർ എന്ന സൂപ്പർ താരത്തിന്റെ രൂപപെടുത്തലുകളും പിന്നീട് തന്റെ താരാധിപത്യം നിലനിർത്താനായുള്ള കളികളും കളിക്കുന്ന കുപ്രസിദ്ധ കഥാപാത്രം 2017-ന് ശേഷം മലയാള സിനിമയിൽ നടന്ന സംഭവവികാസങ്ങൾക്ക് ദിശാ സൂചന നൽകി എന്ന് പറയാം. സരോജ് കുമാർ എന്ന കഥാപാത്രത്തെ സ്വയം അവതരിപ്പിച്ച് പറയാനുദ്ദേശിച്ച വിഷയത്തിന്റെ തീവ്രത കുറയ്ക്കുക എന്ന തന്ത്രപരമായ സമീപനം കൂടി ശ്രീനിവാസൻ എടുത്തിട്ടുണ്ട് എന്ന് സിനിമയെ വിശകലനം ചെയ്യുമ്പോൾ തോന്നിയേക്കാം. ആ സിനിമയുടെ തുടർച്ച എന്ന നിലയിൽ ഏഴു വർഷങ്ങൾക്ക് ശേഷം എടുത്ത ‘പത്മശ്രീ ഭരത് ഡോ സരോജ് കുമാർ’ (2012) എന്ന സിനിമയും ഇതേ വിഷയത്തെ കൂടുതൽ വിശദമായിവീണ്ടും വെള്ളിത്തിരയിൽ കൊണ്ട് വന്നു. ആദ്യത്തേത് യാദൃശ്ചികതയായി കണ്ടവർ വീണ്ടും ഈ വിഷയത്തെ അധികരിച്ചു സിനിമ വന്നപ്പോൾ ഫിലിം ഇൻഡസ്ട്രിയിലെ കോക്കസ് ഗ്രൂപ്പിൽ നിന്ന് കാര്യമായ എതിർപ്പുകളെ ശ്രീനിവാസന് നേരിടേണ്ടി വന്നു. വളരെ കാലം മുമ്പ് തന്നെ സിനിമയിൽ നിലയുറപ്പിച്ച ശ്രീനിവാസനെ നേരിട്ട് എതിർക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. മറിച്ച് ആ സിനിമയിൽ ജോലിചെയ്ത സംവിധായകൻ അടക്കമുള്ള പ്രധാനപ്പെട്ട ചില സാങ്കേതിക പ്രവർത്തകരെ ഇനിയുള്ള സിനിമകളിൽ നിന്നും മാറ്റി നിർത്തും എന്ന ഭീഷണിയെ പറ്റിയുള്ള വാർത്തകളും ചർച്ചകളും മാധ്യമങ്ങളിൽ വന്നിരുന്നു. ശ്രീനിവാസനെ കളിയാക്കി കൊണ്ട് സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് ഒരു സിനിമ ചെയ്യിക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ മറ്റാരും ചെയ്യാത്ത വിധത്തിൽ സ്വയം പരിഹസിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീനിവാസനെ അതുകൊണ്ടെന്നും തകർക്കാൻ പറ്റില്ല എന്ന് കരുതിയത് കൊണ്ടാവും അവർ പിൻവാങ്ങി. പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ സംവിധാനം ചെയ്ത സജിൻ രാഘവന് പിന്നീട് മറ്റു സിനിമകൾ കിട്ടിയതായി അറിവില്ല. അന്ന് ശ്രീനിവാസനെതിരെ പ്രവർത്തിച്ച മലയാള സിനിമയിലെ കോക്കസ് ഗ്രൂപ്പാണ് പിന്നീട് ഹേമ കമ്മിറ്റി റിപ്പോട്ടിൽ പരാമർശിച്ച പവർ ഗ്രൂപ്പിന്റെ പൂർവ്വ രൂപം എന്ന് അനുമാനിക്കാം.

പവർ ഗ്രൂപ്പുകളുടെ ഒതുക്കലിൽ നിന്നും അപ്പുറം സഞ്ചരിച്ചത് അദ്ദേഹം എഴുതി വെച്ച തിരക്കഥകളിലൂടെയാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സന്ദേശത്തിലെ ഡയലോഗുകൾ നിരന്തരം ട്രോളുകളായി വരാറുണ്ട്. സിനിമാക്കാർ മാത്രമല്ല രാഷ്ട്രീയക്കാർ,സർക്കാർ ഉദ്യോഗസ്ഥർ അധ്യാപകർ, ഡോകടർമാർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തി അറിഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളായി പെയ്തു കൊണ്ടിരിക്കുമ്പോൾ ശ്രീനിവാസൻ എന്ന കലാകാരൻ നമ്മെ വിട്ടു പോയിട്ടില്ല എന്ന് ഓരോരുത്തർക്കും തോന്നും. നടന വൈഭവത്തേക്കാൾ ഉപരി ആ വാക്കുകളിലൂടെ ആയിരിക്കും അദ്ദേഹം ഇനി കൂടുതൽ ഓർമ്മിക്കപ്പെടുക.
2017-ൽ നടിയെ ആക്രമിച്ച സംഭവ വികാസങ്ങളിലേക്ക് നയിച്ച താരാധിപത്യ കോക്കസ് രൂപപ്പെട്ടു വരുന്നതിന്റെ ദീർഘദർശനം നൽകിയ സിനിമകളാണ് ‘ഉദയനാണ് താരം’, ‘സരോജ് കുമാർ’ എന്നിവ. കോമഡിയിൽ പൊതിഞ്ഞ് അവതരിപ്പിച്ചത് കൊണ്ടും പതിവ് ശ്രീനിവാസൻ ശൈലിയിൽ ആയത് കൊണ്ടും സിനിമയിലെ പവർ ഗ്രൂപ്പായി താരാധിപത്യം മാറിക്കൊണ്ടിരിക്കുന്നത് സജീവ ചർച്ചയിൽ വന്നിരുന്നില്ല. നടിയെ ആക്രമിച്ച കേസിലെ വിധി വന്നതും പ്രതി സ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ വെറുതെ വിട്ടതും ദിലീപ് ഒരു സൂപ്പർ താരത്തിന്റെ ചിറകിലേറി ‘ഭ ഭ ബ’ എന്ന സിനിമയിലൂടെ താൻ ഇപ്പോഴും ശക്തമായ പവർ ഗ്രൂപ്പിന്റെ ഭാഗമായി സിനിമയിലുണ്ട് എന്ന് പ്രേക്ഷകരെ അറിയിക്കാനും ശ്രമിക്കുന്ന സന്ദർഭത്തിലാണ് ശ്രീനിവാസൻ വിടവാങ്ങുന്നത് എന്നത് യാദൃശ്ചികമാവാം. സിനിമയിലെ താരാധിപത്യം ഉണ്ടാക്കുന്ന ഏകാധിപത്യ പ്രവണതകളെ തനിക്കാവുന്ന വിധത്തിൽ തുറന്നു കാട്ടി എന്നതായിരിക്കും ശ്രീനിവാസൻ സിനിമകൾ നൽകിയ പ്രധാന സംഭാവന.
