ശ്രീനിവാസൻ്റെ മരണത്തെത്തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്തരും അപ്രശസ്തരുമായ അസംഖ്യം മനുഷ്യർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഒരർഥത്തിൽ ഈ പ്രസ്താവനകൾ തന്നെയാണ് അദ്ദേഹം കൈവരിച്ച നേട്ടങ്ങളിൽ ഏറ്റവും പ്രധാനം. കേരളം എന്ന ചെറിയ ലോകത്തിൽ ഏറ്റവും ജനശ്രദ്ധനേടുന്ന മേഖല സിനിമയുടേതാണ്. അതിൽ പ്രവർത്തിക്കുന്നവരിൽ സംവിധായകരേക്കാളും തിരക്കഥാകൃത്തുക്കളെക്കാളും ഗാനരചയിതാക്കളെക്കാളും സംഗീതസംവിധായകരെക്കാളുമധികം ജനപ്രീതി അഭിനേതാക്കൾക്കും ഗായകർക്കും ലഭിക്കുന്നതായും കാണാം. അത് ശ്രീനിവാസൻ നേടിയ ജനപ്രീതിക്ക് ഒരു മുഖ്യകാരണവുമാണ്. എന്നാൽ, ജനശ്രദ്ധ തങ്ങളിൽ പതിയുന്നതോടെ തങ്ങൾ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തരായിത്തീർന്നിരിക്കുന്നു എന്ന് വിശ്വാസം പുലർത്തുന്ന അനേകം താരങ്ങളിൽ നിന്ന് വ്യത്യസ്തനായി തൻ്റെ സാധാരണത്വം നിലനിർത്താൻ ശ്രീനിവാസന് കഴിഞ്ഞു എന്ന് മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. നേരും നെറിയുമുള്ള മനുഷ്യരെ വിലമതിക്കാൻ നമ്മളെയെല്ലാം പ്രേരിപ്പിക്കുന്നത് എന്താണോ ആ മനോഭാവം ശ്രീനിവാസനെ നമുക്ക് പ്രിയപ്പെട്ടവനാക്കി.
എന്നാൽ, സ്വയം സാധാരണക്കാരനായിരിക്കെത്തന്നെ അസാധാരണരെന്ന് സ്വയം കരുതുന്ന മനുഷ്യരുമായി ശ്രീനിവാസൻ ഇടപെടുന്നതും നാം ശ്രദ്ധിച്ചു. കല്ലെപ്പിളർക്കുന്ന കല്പനാശക്തിയുള്ള രാഷ്ട്രീയനേതാക്കളോടും അതിമാനുഷരെന്ന് അണികൾ വിശ്വസിക്കുന്ന സൂപ്പർസ്റ്റാറുകളോടും ശ്രീനിവാസൻ നടത്തുന്ന സംഭാഷണങ്ങളിൽ അവരോട് സാധാരണ മനുഷ്യരോടെന്നപോലെ പെരുമാറുന്നത് നമ്മളിൽ അദ്ദേഹത്തോടുള്ള മതിപ്പ് വർധിപ്പിച്ചു.

ഒരു അഭിനേതാവായിരിക്കെത്തന്നെ, ചലച്ചിത്രകലയിൽ അഭിനേതാവിനുള്ള പ്രാധാന്യക്കുറവിനെപ്പറ്റിയും തിരക്കഥാകൃത്തിനും സംവിധായകനുമുള്ള പ്രാധാന്യക്കൂടുതലിനെപ്പറ്റിയും മലയാളിയെ ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രീനിവാസന് കഴിഞ്ഞു. അതുകൊണ്ടായിരിക്കാം മറ്റനേകം നടീനടന്മാരെക്കാൾ മതിപ്പോടെ നാം അദ്ദേഹത്തെ നോക്കിക്കണ്ടതും. മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും ഉർവശിയുടെയും താരപ്രഭയ്ക്കു പിന്നിൽ അദ്ദേഹത്തിൻ്റെ കഥയും സംഭാഷണവുമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. പത്മരാജൻ്റെയോ എംടിയുടെയോ ഉയരങ്ങളിലേക്ക് എത്തിച്ചേർന്നില്ലെങ്കിലും ഹാസ്യത്തിൻ്റെയും നർമ്മത്തിൻ്റെയും മേഖലയിൽ അദ്ദേഹത്തെ കവച്ചുവെയ്ക്കാൻ കഴിഞ്ഞ തിരക്കഥാകൃത്തുക്കൾ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.
പരിമിതികളുള്ള അഭിനയശേഷി ഉപയോഗിച്ചുകൊണ്ടുതന്നെ വൈവിധ്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാക്കിയെടുത്തു എന്നതായിരിക്കാം ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ നേട്ടം. സാധാരണ മനുഷ്യരായ കഥാപാത്രങ്ങൾക്ക് വേണ്ടി കെ.ജി. ജോർജ്ജും അരവിന്ദനും കെ.ആർ. മോഹനനുമൊക്കെ അദ്ദേഹത്തെ തേടിയെത്തി.
നമ്മളെ ഏറ്റവുമധികം ചിരിപ്പിച്ച ശ്രീനിവാസൻ സിനിമകളെപ്പറ്റി ഓർമ്മിക്കുമ്പോഴെല്ലാം അദ്ദേഹം അവതരിപ്പിച്ച കാർട്ടൂൺ കഥാപാത്രങ്ങളായിരിക്കും നമ്മുടെ മനസ്സിൽ തെളിയുക. തനിക്കുവേണ്ടി അദ്ദേഹം എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളെല്ലാം പരിഹാസ്യരും അപകർഷതാബോധം നിറഞ്ഞവരുമായിരുന്നു. അവരവർ അവതരിപ്പിക്കുന്ന നായകപാത്രങ്ങൾ സർവഗുണസമ്പന്നരാകണം എന്ന് ശഠിച്ച സൂപ്പർസ്റ്റാറുകളെപ്പോലെ ആയിത്തീരരുത് എന്ന നിർബന്ധബുദ്ധിയായിരിക്കാം അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. എന്നാൽ, നായകകഥാപാത്രങ്ങളുടെ പരിഹാസം ഏറ്റുവാങ്ങുകയും അവരുടെ സദ്ഗുണങ്ങൾക്ക് മാറ്റുകൂട്ടുകയും ചെയ്യുക എന്ന പരമ്പരാഗതമായ ധർമ്മം നിർവഹിച്ച വിദൂഷകർ മാത്രമായി ഇവർ പലപ്പോഴും ചുരുങ്ങി. ‘എന്നാലും ആ സംഭാഷണം എഴുതിയത് ശ്രീനിവാസനാണല്ലോ’ എന്ന ചിന്തയോടെ കഥാപാത്രത്തിനും തിരക്കഥാകൃത്തിനും അഭേദം കല്പിച്ച പലരും അദ്ദേഹത്തെ പുകഴ്ത്തിയിരിക്കാം. എന്നാൽ, കറുത്തവനും പൊക്കം കുറഞ്ഞവനും കൂർത്ത മുഖമുള്ളവനും പരിഹസിക്കാനുള്ളവനാണ് എന്ന പൊതുബോധത്തെത്തന്നെയാണ് ഇത് ഊട്ടിയുറപ്പിച്ചത്. ‘കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാണ്’ എന്ന് സ്വയം പരിഹസിക്കുന്ന സലിംകുമാർ കഥാപാത്രങ്ങളായും മറ്റും ഈ പൊതുബോധം ഇപ്പോഴും ജീവിക്കുന്നു.

ശ്രീനിവാസൻ്റെ നേട്ടങ്ങൾ എണ്ണുമ്പോൾ ഈ കോമാളി കഥാപാത്രങ്ങളേക്കാൾ പരിഹാസപാത്രങ്ങളല്ലാത്ത നായകന്മാരെയാണ് വാസ്തവത്തിൽ നാം വിലമതിക്കേണ്ടത്. ‘പൊന്മുട്ടയിടുന്ന താറാവും’ ‘അയാൾ ശശി’യും ‘പാവം പാവം രാജകുമാരനും’ ‘അങ്ങനെ ഒരു അവധിക്കാലത്തും’ 'അറബിക്കഥ’യും പോലെയുള്ള അത്തരം ചിത്രങ്ങളിൽ പലതിൻ്റെയും തിരക്കഥ അദ്ദേഹത്തിൻ്റേതായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഒരു കാലത്ത് നെടുമുടി വേണുവും പിൽക്കാലത്ത് ശ്രീനിവാസനും താരപരിവേഷമില്ലാത്ത നായകരായി വന്ന ചിത്രങ്ങൾ അപവാദമായി മാറുകയും മലയാളസിനിമ പിന്നെയും താരാരാധനയുടെ വഴിയിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നതാണ് നമുക്ക് കാണേണ്ടിവന്നത്. മോഹൻലാലിനെപ്പോലെ വെളുത്തുതുടുത്ത ഒരു നടൻ ഉദയഭാനു എന്ന നായകനായും ശ്രീനിവാസനെപ്പോലെ താരസൗന്ദര്യമില്ലാത്ത ഒരു നടൻ സരോജ് കുമാർ എന്ന സുന്ദരവിഡ്ഢിയായും വേഷമിടുന്ന ‘ഉദയനാണ് താരം’ പോലൊരു പടം ഉണ്ടാക്കാൻ കഴിയുന്ന പക്വതയിലേക്ക് മലയാളസിനിമ എന്ന് വളരും?
സൗന്ദര്യത്തിൻ്റെ പരമ്പരാഗത നിർവചനങ്ങൾക്കുള്ളിൽ വരാത്ത നല്ലൊരു നായികയാണ് മലയാളസിനിമ ഇന്നും നേടിയിട്ടില്ലാത്ത ഒരു ഔന്നത്യം. കറുത്ത തൊലിയും ലക്ഷണയുക്തമല്ലാത്ത മുഖവുമുള്ള ഒരു നായിക ശ്രീനിവാസൻ ചിത്രങ്ങളിൽ ഉണ്ടായില്ല. അത്തരമൊരു പരീക്ഷണത്തിനുള്ള ധൈര്യം അദ്ദേഹത്തിൻ്റെ സംവിധായകർക്കോ നിർമ്മാതാക്കൾക്കോ ഉണ്ടായിരുന്നില്ലെന്നു വരാം. ശ്രീനിവാസൻ്റെ വഴിയിലൂടെ വരുന്ന അത്തരമൊരു നടിക്കായി മലയാളം ഇന്നും കാത്തിരിക്കുന്നു.
നർമ്മം നിറഞ്ഞ കഥാസന്ദർഭങ്ങൾ മെനഞ്ഞെടുക്കാനുള്ള വ്യഗ്രതമൂലം കഥാപാത്രസൃഷ്ടികളിൽ പ്രത്യക്ഷപ്പെട്ട സൂക്ഷ്മതക്കുറവാണ് ശ്രീനിവാസൻ തരണം ചെയ്യാതിരുന്ന മറ്റൊരു ന്യൂനത. ഏതാനും ഉദാഹരണങ്ങൾ പറഞ്ഞാൽ, പലതുകൊണ്ടും മികവു പുലർത്തിയ സന്ദേശം എന്ന ചിത്രത്തിലെ പ്രഭാകരൻ എന്ന നായകൻ പാർട്ടി ബുദ്ധിജീവിയായാൽ തടികേടാകാതെ നോക്കാം എന്ന് കണക്കുകൂട്ടാനറിയുന്ന സൂത്രശാലിയാണോ സ്വന്തം വീടിൻ്റെ ആധാരം പാർട്ടിക്കുവേണ്ടി പണയപ്പെടുത്തുന്ന സരളബുദ്ധിയാണോ എന്ന് വ്യക്തമാകുന്നില്ല. അഴകിയ രാവണനിലെ നായകകഥാപാത്രം കഥയുടെ പകുതിയിൽവെച്ച് അതിബുദ്ധിശാലിയായിത്തീരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ബോംബേ അധോലോകത്തുനിന്നു വരുന്ന ഗുണ്ടയെ ഗോപാലകൃഷ്ണപ്പണിക്കർ എന്ന നാട്ടിൻപുറത്തുകാരൻ അടിച്ചോടിക്കുന്നു. ജനപ്രിയസിനിമയ്ക്ക് ഇത്രയൊക്കെ മതി എന്ന ഈ ഉപേക്ഷാബോധമാണ് ഇനിയുള്ള കാലത്ത് ഇല്ലാതാകേണ്ട മറ്റൊന്ന്.

സംഘി, സുഡാപ്പി, കമ്മി, കൊങ്ങി എന്നിവയൊക്കെ കേരളത്തിലെ രാഷ്ട്രീയവിശ്വാസികൾ പരസ്പരം ശകാരിക്കാനുപയോഗിക്കുന്ന വാക്കുകളാണ്. എന്നാൽ, നമ്മുടെ ബൗദ്ധികമേഖലയിൽ ഇവയെക്കാൾ വലിയ ഒരു ശകാരവാക്കുണ്ട്: അരാഷ്ട്രീയവാദി. പാർട്ടികൾ തങ്ങളെ വിമർശിക്കുന്നവർക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ചാപ്പ. ജനിച്ചുവീഴുന്ന പാർട്ടികുടുംബങ്ങളിലും പാർട്ടിഗ്രാമങ്ങളിലും മനുഷ്യർ ജീവിച്ചുമരിക്കുന്ന, എല്ലാവരും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ അംഗങ്ങളോ നിശ്ശബ്ദസഹയാത്രികരോ ആയിരിക്കണം എന്നു കല്പിക്കുന്ന, സ്വതന്ത്രചിന്ത എന്നൊന്നില്ല എന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന, തൊഴിലും സ്ഥാനമാനങ്ങളും ബഹുമതികളുമെല്ലാം പാർട്ടിക്കൂറിലൂടെ നേടിയെടുക്കേണ്ടിവരുന്ന ഒരു നാട്ടിൽ ആ കളങ്ങളിൽ പെടാതെ ജീവിക്കുന്നവർ അരക്ഷിതരാണ്. അവർ അധികാരസ്ഥാപനങ്ങളെ വിമർശിക്കാൻകൂടി മുതിർന്നാൽ പിന്നെ പറയാനുമില്ല. സിനിമാമേഖലയിലുള്ളവർ ആരെയും അലോസരപ്പെടുത്താതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അത്തരമൊരു നാട്ടിൽ ശ്രീനിവാസൻ നേടിയെടുത്ത അരാഷ്ട്രീയവാദി എന്ന മുദ്ര ഒരു കീർത്തിമുദ്ര തന്നെയാണ്. അധികാരം കൈയാളുന്നവർ അഴിമതിക്കാരാണെന്ന്, നാടിൻ്റെ ഉന്നമനത്തെക്കാൾ സ്വാർഥലാഭമാണ് അവരുടെ ലക്ഷ്യമെന്ന്, ജനങ്ങൾ അവരെ വിമർശിക്കാത്തത് ഭയംകൊണ്ടാണെന്ന് പറയുന്നത് അരാഷ്ട്രീയവാദമാണെങ്കിൽ ഇന്നാട്ടിലെ ഭൂരിപക്ഷം മനുഷ്യരും മനസ്സുകൊണ്ട് അരാഷ്ട്രീയവാദികളാണ്.
എന്നാൽ, ശ്രീനിവാസൻ്റെ രാഷ്ട്രീയനിരീക്ഷണങ്ങൾ സൂക്ഷ്മതകുറഞ്ഞവയായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ചൈനയിലും ഗൾഫ് രാജ്യങ്ങളിലും കാണുന്ന വലിയ കെട്ടിടങ്ങളും ഹൈവേകളും ഫ്ലൈ ഓവറുകളും ഒക്കെയാണ് വികസനമെന്നു ധരിച്ച അദ്ദേഹം ആ വ്യവസ്ഥിതികൾക്കടിയിൽ ഞെരിഞ്ഞമരുന്ന അടിസ്ഥാനവർഗത്തിൻ്റെ അവസ്ഥയെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല. പാശ്ചാത്യരാജ്യങ്ങളുടെ മാറിമാറിവരുന്ന സാമ്രാജ്യത്വരൂപങ്ങളെക്കുറിച്ചും അദ്ദേഹം വിമർശിച്ചിട്ടില്ല. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മതരാഷ്ട്രവാദങ്ങളുടെ ഭീകരതയെപ്പറ്റിയുള്ള വേവലാതികളും അദ്ദേഹത്തിൻ്റെ സംസാരത്തിലും സിനിമകളിലും ഉയർന്നുകേട്ടിട്ടില്ല. എന്നാൽ, ഇക്കാരണങ്ങൾകൊണ്ടുമാത്രം സംസ്ഥാനരാഷ്ട്രീയത്തെപ്പറ്റിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയെപ്പറ്റിയും അദ്ദേഹമുയർത്തിയ വിമർശനങ്ങൾ തള്ളിക്കളയേണ്ടവയല്ല.

ശ്രീനിവാസൻ്റെ വിമർശനം നേരിടേണ്ടിവന്ന മറ്റൊരു മേഖല ആരോഗ്യരക്ഷാമേഖലയാണ്. കൊള്ളലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മരുന്നുകമ്പനികൾ, അനാവശ്യമായ ചികിത്സകൾ വിറ്റ് പണമുണ്ടാക്കുന്ന ആശുപത്രികൾ, അഴിമതിക്കാരായ സർക്കാർ ഡോക്ടർമാർ, മായം കലർന്ന ഭക്ഷണത്തിൽനിന്നും മലിനീകരണത്തിൽനിന്നും പൊതുജനങ്ങൾക്ക് രക്ഷയാകേണ്ടതിനു പകരം പലവിധ സ്വാധീനങ്ങൾക്കു വഴങ്ങുന്ന സർക്കാർ സ്ഥാപനങ്ങൾ ഇവയൊക്കെ ചേർന്നുള്ള ശക്തികൾ വിമർശിക്കപ്പെടേണ്ടവയാണ് എന്നതിൽ സംശയമില്ല. എന്നാൽ, വിഷയവിദഗ്ധരുടെയും ജനകീയശാസ്ത്രസംഘടനകളുടെയും സഹായത്തോടെ ഒരുക്കിയെടുക്കേണ്ട ഒരു പ്രതിരോധമാകണം അത്. അതിനു പകരം, അതിലളിതവും പലപ്പോഴും അബദ്ധവുമായ സിദ്ധാന്തങ്ങൾ ജനങ്ങൾക്കുമുമ്പിൽ വിളമ്പുകയാണ് ശ്രീനിവാസൻ ചെയ്തത്. കപടവൈദ്യശാസ്ത്രവാദികളും മറ്റും പ്രചരിപ്പിക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങളും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഏറ്റുപറഞ്ഞ് തൻ്റെ കഥാപാത്രങ്ങളെപ്പോലെ ഒരു പരിഹാസപാത്രമായി മാറി, അദ്ദേഹം. അതിശക്തമായ ലോബികളുടെ തിരിച്ചടികളും ക്ഷയിച്ചുകൊണ്ടിരുന്ന സ്വന്തം ആരോഗ്യനിലയും അദ്ദേഹത്തെ കപടശാസ്ത്രത്തിൻ്റെ ഒരു ബ്രാൻഡ് അംബാസഡറാക്കിത്തീർത്തു. ആരോഗ്യക്കച്ചവടത്തിലെ കള്ളക്കളികൾക്കെതിരെയുള്ള പോരാട്ടത്തിനെ പിന്നോട്ടടിക്കുകയായിരുന്നു ശ്രീനിവാസൻ്റെ അവധാനതയില്ലാത്ത ഇടപെടലുകൾ ചെയ്തത്.
രാഷ്ട്രീയ, ആരോഗ്യമേഖലകളിലെ ജീർണ്ണതകൾക്കെതിരെ ഉയർത്തിയ വിമർശനത്തിൻ്റെ ചെറിയൊരു പങ്കുപോലും സ്വന്തം മേഖലയായ സിനിമയ്ക്കെതിരെ തിരിച്ചുവിട്ടില്ല എന്നതാണ് ശ്രീനിവാസനെക്കുറിച്ച് പറയേണ്ട മറ്റൊരു പരാതി. പദ്മശ്രീ സരോജ് കുമാറിനെപ്പോലെ ഒരു കഥാപാത്രത്തിലൂടെ താരവ്യവസ്ഥയെ പരിഹസിച്ചുവിടുക എന്നല്ലാതെ സിനിമയുടെ മായാലോകത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഇരുണ്ട ശക്തികളെപ്പറ്റി അദ്ദേഹം പൊതുവേദികളിലൊന്നും വിമർശനമുയർത്തിക്കേട്ടിട്ടില്ല.
ഇങ്ങനെയൊക്കെ എണ്ണിപ്പറയാവുന്ന പലതുമുണ്ടെങ്കിലും പകരംവെയ്ക്കാൻ മറ്റൊരാളില്ലാത്ത ഒരു തിരുത്തൽശക്തിയായി, സർഗപ്രതിഭയായി ശ്രീനിവാസൻ നമ്മുടെ ജനപ്രിയസിനിമയിൽ നിലനിന്നു. അദ്ദേഹം തുടക്കമിട്ടതും ബാക്കിവെച്ചിട്ടുപോയതുമായ ഗുണകരമായ പ്രവണതകളെ പിന്തുടർന്ന് നമ്മുടെ സിനിമ മുന്നോട്ടുതന്നെ പോകും എന്ന പ്രതീക്ഷതന്നെയാണ് അദ്ദേഹത്തിൻ്റെ വേർപാടിൻ്റെ വേളയിൽ നമുക്ക് ആശ്വാസമാകുന്നതും.
