മാസ്സും മസാലയുമൊന്നുമില്ലാത്ത, സൂപ്പർതാരങ്ങളില്ലാത്ത, കോടികളുടെ കിലുക്കമില്ലാത്ത, പാൻ ഇന്ത്യൻ ഹൈപ്പുകളൊന്നും തന്നെയില്ലാത്ത, ഗ്രാമീണ പശ്ചാത്തലത്തിലുള്ള സാധാരണ മനുഷ്യരുടെ കഥ പറയുന്ന ഒരു ചെറു കന്നഡ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ രണ്ടാഴ്ച്ചയോളമായി ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. തമിഴ്, ഹിന്ദി ചിത്രങ്ങൾ അതേ ഭാഷയിൽ തന്നെ കേരളത്തിലെ ബോക്സ് ഓഫീസിൽ തരംഗമാവാറുണ്ട്. മൊഴി മാറിയെത്തുന്ന തെലുങ്ക് ചിത്രങ്ങളും ഇവിടെ ഹിറ്റാവാറുണ്ട്. പാൻ ഇന്ത്യൻ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കന്നഡയിൽ നിന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളായ കെ.ജി.എഫും കാന്താരയുമൊക്കെ മൊഴി മാറിയെത്തി വലിയ ഹിറ്റായ സമീപകാല ചരിത്രമുണ്ട്. എന്നാൽ, സു ഫ്രം സോ അഥവാ സുലോചന ഫ്രം സോമേശ്വര അതിൻെറ അണിയറ പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നടനും സംവിധായകനും നിർമ്മാതാവുമായ രാജ് ബി. ഷെട്ടിയെന്ന ഒരൊറ്റ ഫാക്ടറൊഴിച്ചാൽ മലയാളികൾക്ക് അത്ര പരിചിതമായ ഒരു പേരും ഈ സിനിമയുടെ അണിയറയിലുണ്ടായിരുന്നില്ല. ചിത്രത്തിൻെറ സഹനിർമ്മാതാവും ഗാനരചയിതാവുമായ രാജ് ബി. ഷെട്ടി ഒരു പ്രധാനറോളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ സിനിമയുടെ പുതിയ വഴിത്തിരിവിന് കാരണക്കാരായ ഷെട്ടി ഗ്യാങ് എന്നും ആർ - ത്രി എന്നുമൊക്കെ അറിയപ്പെടുന്നവരിൽ പ്രധാനിയാണല്ലോ രാജ് ബി ഷെട്ടി. ഉത്തര കർണാടകയ്ക്കും ബെംഗളൂരുവിനുമൊക്കെ വലിയ മേൽക്കൈ ഉണ്ടായിരുന്ന, അവിടെ നിന്നും വരുന്ന മസാലപ്പടങ്ങൾ മാത്രം ഇറങ്ങിയിരുന്ന സാൻഡൽ വുഡിൽ ദക്ഷിണ കർണാടകയുടെ സംസ്കാരവും ഗ്രാമീണഭാവവുമൊക്കെ ഉൾച്ചേർത്ത് സിനിമകളെടുത്ത് നവതരംഗത്തിന് തുടക്കമിട്ടവരാണ് രാജ്, രക്ഷിത്, ഋഷഭ് എന്ന ഈ ആർ ത്രയം. കോസ്റ്റൽ കർണാടകയുടെ ഭാഗവും കേരളത്തോട് ചേർന്ന് നിൽക്കുന്നതുമായ മംഗലാപുരം, സുള്ളിയ, ഉഡുപ്പി തുടങ്ങിയ മേഖലകളിലെ സംസ്കാരവും ജീവിതരീതിയുമൊക്കെ കേരളത്തോട്, പ്രത്യേകിച്ച് വടക്കൻ കേരളത്തോട് സാമ്യമുള്ളതാണ്. സു ഫ്രം സോ മലയാളികൾക്ക് റിലേറ്റ് ചെയ്യുവാൻ സാധിക്കുന്നതിന് കാരണം ഈ സാമ്യം കൂടിയാണ്.

മർലൂർ എന്നൊരു തീരദേശഗ്രാമത്തിൽ നടക്കുന്ന വിവാഹവും അതിന് പിന്നാലെ നടക്കുന്ന ചെറിയൊരു സംഭവവും അവിടത്തെ മനുഷ്യരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നത് രസകരമായി അവതരിപ്പിക്കുന്നുവെന്ന് വേണമെങ്കിൽ ചിത്രത്തിൻെറ വൺലൈനായി പറയാം. പറ്റിപ്പോയ അബദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രധാന കഥാപാത്രമായ അശോക (സംവിധായകൻ ജെ.പി. തുമിനാട് അവതരിപ്പിക്കുന്ന കഥാപാത്രം) നടത്തുന്ന ശ്രമങ്ങൾ അതിനേക്കാളും വലിയ അബദ്ധങ്ങളിലേക്കും ഒടുവിൽ ഗ്രാമത്തിൻെറ തന്നെ സ്വസ്ഥതയും കെടുത്തുന്നു. ഹൊറർ - കോമഡി വിഭാഗത്തിലാണ് ചിത്രം വരുന്നതെങ്കിലും തമാശ തന്നെയാണ് ചിത്രത്തിലുടനീളം ഉള്ളത്. സിറ്റുവേഷണൽ കോമഡി ഇത്ര മനോഹരമായി കൈകാര്യം ചെയ്തൊരു ചിത്രം ഈയടുത്ത് മലയാളത്തിൽ പോലും വന്ന് കണ്ടിട്ടില്ല. സിനിമ തുടങ്ങുമ്പോൾ നടക്കുന്ന വിവാഹം കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയായാണ് സംവിധായകൻ ജെ.പി. തുമിനാട് ഉപയോഗിച്ചിരിക്കുന്നത്. ഷനീൽ ഗൗതം അവതരിപ്പിക്കുന്ന രവി അണ്ണനെന്ന കഥാപാത്രമാണ് ചിത്രത്തെ ചലിപ്പിക്കുന്നത്. അയാൾക്ക് ചുറ്റും സതീശൻ, ചന്ദ്രൻ, യദു തുടങ്ങിയ നാടൻ മനുഷ്യർ. അളിയനായി എത്തുന്ന പുഷ്പരാജ് ബോലാറും ഗുരുജിയാവുന്ന രാജ് ബി. ഷെട്ടിയും കൂടി ചേരുന്ന കൂട്ടായ്മയാണ് ചെറുതമാശകളുടെ മാലപ്പടക്കം പൊട്ടിക്കുന്നത്. അവരിലൂടെയാണ് ചിത്രം ഒരു ഫൺ എൻറർടെയിനറായി മാറുന്നത്. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമായ ഭാനുവിനെ അവതരിപ്പിച്ചിരിക്കുന്നത് സന്ധ്യ അരകരെയാണ്.
പ്രിയദർശനും സത്യൻ അന്തിക്കാടും സിബി മലയിലും കമലുമെല്ലാം മലയാളത്തിലെടുത്തിരുന്ന ഗ്രാമീണപശ്ചാത്തലമുള്ള സിനിമകളിലെ നാടൻ കഥാപാത്രങ്ങളോട് സു ഫ്രം സോയിലെ കഥാപാത്രങ്ങൾക്ക് ചെറുസാമ്യം തോന്നുന്നുണ്ട്. കാലഘട്ടവും പ്രകടനവുമൊക്കെ വളരെ വ്യത്യസ്തമാണെങ്കിൽ പോലും. ഓടരുതമ്മാവാ ആളറിയാം, പ്രാദേശിക വാർത്തകൾ, ടി.പി. ബാലഗോപാലൻ എം.എ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റ്, മുത്താരം കുന്ന് പി.ഒ… അങ്ങനെയങ്ങനെ അനവധി ചിത്രങ്ങളിലെ ഇന്നസെൻറും പപ്പുവും ജഗതിയും മാമുക്കോയയും ഒടുവിൽ ഉണ്ണികൃഷ്ണനും തുടങ്ങി പൂജപ്പുര രവിയും പറവൂർ ഭരതനും കൃഷ്ണൻകുട്ടി നായരുമൊക്കെ അനശ്വരമാക്കി വെച്ച എത്രയെത്ര കഥാപാത്രങ്ങൾ നമുക്കുണ്ട്. അവരോട് കിടപിടിക്കുമോ ഈ അഭിനേതാക്കളെന്നോ, അല്ലെങ്കിൽ പ്രമേയപരമായി അത്രയൊക്കെ മികച്ച് നിൽക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ വിയോജിക്കേണ്ടി വരുമെങ്കിലും രസകരമായി സിനിമയെ കൊണ്ടുപോവാനും മടുപ്പിക്കാതെ പ്രേക്ഷകരെ ഇരുത്തുവാനും അഭിനേതാക്കൾക്ക് സാധിക്കുന്നുണ്ട്.

ചെറുബജറ്റിലുള്ള ചെറുസിനിമ
കാര്യമായ ഹൈപ്പുകളൊന്നും തന്നെയില്ലാതെയാണ് ജൂലൈ 25-ന് കർണാടകയിലെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. ഒട്ടും നിലവാരമില്ലാത്ത മസാലപ്പടങ്ങൾ ഒന്നിനുപിറകെ ഒന്നായി വരുന്ന കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ ചിത്രം വലിയ ഓളമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. ഏകദേശം 5 കോടി രൂപ ബജറ്റ് മാത്രമുള്ള സിനിമ കന്നഡയിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റായാണ് മാറിയിരിക്കുന്നത്. കോടികളുടെ പൊലിപ്പല്ല, കാമ്പുള്ള സിനിമകളാണ് ഏത് ഇൻഡസ്ട്രിയുടെയും കുതിപ്പിന് കാരണമാവുന്നതെന്ന് തെളിയിക്കുകയാണ് സു ഫ്രം സോ. തട്ടിക്കൂട്ട് പടങ്ങൾ കണ്ട് ആസ്വദിച്ച് സായൂജ്യമടയേണ്ടിയിരുന്നു കന്നഡ പ്രേക്ഷകർക്ക് കൂടിയാണ് ഈ ചിത്രം വേനലിൽ പെയ്ത കുളിർമഴയായി മാറിയിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും വൻ സ്വീകാര്യത നേടിയ ചിത്രം ഒരു പാൻ ദക്ഷിണേന്ത്യൻ ഹിറ്റായി മാറിക്കഴിഞ്ഞു.
“തുടങ്ങുമ്പോൾ ഒരു നല്ല സിനിമ ചെയ്യണമെന്നാണ് ഞങ്ങൾ ചിന്തിച്ചിരുന്നത്. ഓഡിയൻസിനെ എൻഗേജ് ചെയ്യിക്കണം… എൻറർടെയിൻ ചെയ്യിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഇത്രയും വലിയ വിജയമൊന്നും പ്രതീക്ഷിച്ചിരുന്നതല്ല. അതാണ് സിനിമയുടെ സൗന്ദര്യം. സിനിമ ചെയ്യുന്നവർക്ക് പോലും അറിയാൻ സാധിക്കില്ല, അത് എത്രത്തോളം മുന്നോട്ട് പോവുമെന്ന്. നല്ല പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ ചിന്തിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്നാണ്… ” സു ഫ്രം സോയെക്കുറിച്ച് ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു. സാൻഡൽ വുഡിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിർഭരമായ വാക്കുകളാണിത്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ഒരു യൂണിവേഴ്സ് തന്നെ കന്നഡ സിനിമാലോകത്ത് രൂപപ്പെടുന്നുണ്ട്. അതിൻെറ തുടർച്ചയാവുകയാണ് സു ഫ്രം സോ പോലുള്ള ചിത്രങ്ങൾ. ജെ.പി തുമിനാട് എന്ന പുതിയ സംവിധായകൻ ആ യൂണിവേഴ്സിൽ നിന്ന് വരുന്നയാളാണ്. നാടകത്തിൻെറയും മറ്റും പശ്ചാത്തലമുള്ളവരാണ് ഈ ചിത്രത്തിലെ പല അഭിനേതാക്കളും.

മലയാളത്തിൽ കിട്ടിയ സ്വീകാര്യത
ദുൽഖർ സൽമാൻെറ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ആഗസ്ത് ആദ്യവാരമായിരുന്നു കേരളത്തിൽ റിലീസ്. തുടക്കത്തിൽ ലഭിച്ചത് തണുപ്പൻ പ്രതികരണം. വളരെ കുറച്ച് തിയേറ്ററുകൾ മാത്രം. എന്നാൽ പതുക്കെ ചിത്രം കേരളത്തിലും കൊളുത്തി തുടങ്ങി. ആദ്യ ആഴ്ചയോടെ തന്നെ തിയേറ്ററുകൾ കൂടാൻ തുടങ്ങി. രണ്ടാഴ്ച്ചയാവുമ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കയറുന്ന സിനിമയായി സു ഫ്രം സോ മാറിയിരിക്കുന്നു. തുളുനാടൻ പശ്ചാത്തലമായതിനാൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണെന്ന് തന്നെ തോന്നുമെന്നത് മലയാള പ്രേക്ഷകരെ ചിത്രത്തോട് അടുപ്പിച്ച് നിർത്തിയ ഒരു പ്രധാനഘടകമാണ്. മൊഴിമാറ്റമാണ് മറ്റൊരു ബ്രില്ല്യൻസ്. പിഴവുകളില്ലാതെ ഏച്ചുകെട്ടലുകളില്ലാതെ മുഴച്ചുനിൽക്കാതെയാണ് ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുന്നത്. സംഭാഷണങ്ങളും പാട്ടുകൾ പോലും ബോറില്ലാതെ മനോഹരമായി മലയാളത്തിലേക്ക് മാറ്റിയിരുന്നു. വളരെ സൂക്ഷമമായി ഈ മേഖല കൈകാര്യം ചെയ്തവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ കൊച്ചുചിത്രത്തിൻെറ ഗംഭീരവിജയം.


