അത് പ്രണയമായിരുന്നെന്നും അല്ലെന്നും
പ്രണയം പോലെ സുന്ദരമായ സൗഹൃദമായിരുന്നെന്നും

ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?- മിക്സഡ് ബാഗ് പരമ്പര തുടരുന്നു.

Mixed Bag- 8

‘‘നിങ്ങള്‍ തന്ന തിരക്കഥ ഞാന്‍ വായിച്ചു. എനിക്കത് ശരിക്കും ഇഷ്ടപ്പെട്ടു. പക്ഷേ ഞാന്‍ അഭിനയിക്കണമെങ്കില്‍ ഒരു ഉപാധിയുണ്ട്.’’
‘‘എന്ത് ഉപാധി?’’
‘‘എന്റെ നായകനായി ഉത്തം കുമാറിനെ തിരികെ കൊണ്ടുവരാമോ? എങ്കില്‍ ഞാന്‍ അഭിനയിക്കാം.’’

ആ സമയത്ത് ഉത്തം കുമാര്‍ എന്ന അതുല്യനടന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. എന്നിട്ടും സുചിത്ര സെന്‍ എന്ന നടി ആവശ്യപ്പെട്ടത് ഉത്തം കുമാര്‍ തന്നെ തന്റെ നായകനായി വരണമെന്നാണ്.
സുചിത്രയുടെ ആ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.

സുചിത്രയ്ക്ക് ആ തിരക്കഥ നല്‍കിയത് ഉത്തം കുമാറിന്റെ സഹോദരനും നടനുമായ തരുണ്‍ കുമാറായിരുന്നു. തുലദന്തോ എന്ന തന്റെ ചിത്രത്തില്‍അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചതായിരുന്നു തരുണ്‍. ബംഗാളി സിനിമയുടെ മഹാനായകന്‍ എന്നറിയപ്പെട്ടിരുന്ന ഉത്തം കുമാറിന്റെ മരണശേഷമാണ് ഉത്തമിന്റെ ഏറ്റവും ഇളയ സഹോദരനായ തരുണ്‍ ഈ സിനിമയില്‍ അഭിനയിക്കാമോ എന്നാവശ്യപ്പെട്ട് സുചിത്രയെ സമീപിക്കുന്നത്.

സുചിത്രയും ഉത്തംകുമാറും

ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ബോളിവുഡില്‍ രാജ് കപൂറും നര്‍ഗീസും പോലെയും ഹോളിവുഡില്‍ സ്‌പെന്‍സര്‍ ട്രേസിയും കാതറിന്‍ ഹെപ്‌ബേണും പോലെയുമായിരുന്നു ബംഗാളി സിനിമയിലെ ഈ പ്രണയജോഡികള്‍.

കറുപ്പിലും വെളുപ്പിലുമുള്ള അന്നത്തെ ബംഗാളി വെളളിത്തിര ഈ പ്രണയജോഡികളുടെ നിശ്വാസത്താല്‍ ഒരു തപ്തവാഹിനിയായി മാറിയ കാലമുണ്ടായിരുന്നു. അവര്‍ തമ്മില്‍ അഭിനയിച്ച രംഗങ്ങളില്‍ അത്യപൂര്‍വമായ പ്രണയത്തിന്റെ രാസപ്രവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ കണ്ടറിഞ്ഞു. ഛായാഗ്രാഹകന്‍ കട്ട് പറഞ്ഞാലും പ്രണയരംഗത്തിലെ അനുരണനങ്ങള്‍ ഉതുവിന്റെയും റോമയുടെയും ജീവിതത്തില്‍ തുടരുന്നുവെന്ന് പ്രേക്ഷകര്‍ കരുതി. ഉതു, റോമ എന്നിങ്ങനെയുള്ള പേരുകളാണ് അവര്‍ പരസ്പരം വിളിച്ചിരുന്നത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവരെ അങ്ങനെ സംബോധന ചെയ്തിരുന്നത്.

ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?

‘അഗ്‌നിപരീക്ഷ’ സിനിമയിൽ നിന്ന്

സുചിത്ര സെന്‍ അഭിനയിച്ച 60 ചിത്രങ്ങളില്‍ 30-ലും നായകന്‍ ഉത്തം കുമാര്‍ ആയിരുന്നു. 1953ല്‍ ശരേ ചുവൗത്തര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. എന്നാല്‍ ഈ ചിത്രം പുറത്തുവന്നില്ല. പിന്നീട് അടുത്ത കൊല്ലം അഗ്‌നിപരീക്ഷ എന്ന ചിത്രത്തിലും ഇവര്‍ നായികാനായകന്‍മാരായി. അന്ന് മുതല്‍ ഉത്തം-സുചിത്ര യുഗം തന്നെ ബംഗാളി സിനിമയില്‍ ആരംഭിച്ചുവെന്ന് പറയാം. അത് ബംഗാളി സിനിമയുടെ സുവര്‍ണകാലം കൂടിയായിരുന്നു.

ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും സ്ത്രീകളുടെ ഉള്ളില്‍ തറയ്ക്കുന്ന അതിവശ്യമായ ചിരിയുമുള്ള ഉത്തം തികഞ്ഞ ഒരു കാമുകനായിരുന്നു.

'ഇത് ഞങ്ങളുടെ ഒടുങ്ങാത്ത പ്രണയത്തിന്റെ സാക്ഷി' - ഇതായിരുന്നു അഗ്‌നിപരീക്ഷ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ പടത്തിന്റെ പേരിനുശേഷം ചേര്‍ത്ത പിന്‍കുറിപ്പ് അഥവാ ടാഗ് ലൈന്‍. ഇത് ഇവരുടെ പ്രണയത്തെ അടിവരയിടുന്നതാണെന്ന് പ്രേക്ഷകര്‍ മാത്രമല്ല സുചിത്രയുടെ ഭര്‍ത്താവ് ദിബാനാഥും ഉത്തമിന്റെ ഭാര്യ ഗൗരിയും കരുതിയെന്ന് പറയപ്പെടുന്നു. 1948-ല്‍ ഉത്തം ഗൗരി ചാറ്റര്‍ജിയെ വിവാഹം ചെയ്തിരുന്നു. ഒരു പ്രണയവിവാഹമായിരുന്നു അവരുടേത്. വിവാഹ ശേഷം ഭര്‍ത്താവ് ദിബാനാഥ് തന്നെ മുന്‍കൈയെടുത്താണ് സുചിത്രയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദിബാനാഥിന്റെ അച്ഛന്‍ ആദിനാഥ് സെന്നിന്റെ ആദ്യ ഭാര്യ വിഖ്യാത സംവിധായകന്‍ ബിമല്‍ റോയിയുടെ സഹോദരിയായിരുന്നു. ആദ്യ ഭാര്യയുടെ മരണശേഷം ആദിനാഥ് രണ്ടാം വിവാഹം ചെയ്തുവെങ്കിലും ബിമല്‍ റോയിയുടെ കുടുംബവുമായുള്ള അടുപ്പം അദ്ദേഹം സൂക്ഷിച്ചിരുന്നു. ഭാര്യയെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന തന്റെ മോഹത്തിന് ദിബാനാഥിന് താങ്ങായത് ബിമല്‍ റോയി കുടുംബവുമായുള്ള ഈ അടുപ്പമാണ്.

ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും സ്ത്രീകളുടെ ഉള്ളില്‍ തറയ്ക്കുന്ന അതിവശ്യമായ ചിരിയുമുള്ള ഉത്തം തികഞ്ഞ ഒരു കാമുകനായിരുന്നു. ഒരിക്കല്‍ ഏതോ ഒരു നടിയോട് ഉത്തമിന് തോന്നിയ ആകര്‍ഷണത്തില്‍ അസ്വസ്ഥയായിരുന്നു സുചിത്രയെന്ന് മുതിര്‍ന്ന ഫിലിം ജേണലിസ്റ്റ് സുമന്‍ ഗുപ്ത എഴുതിയിട്ടുണ്ട്.

‘‘ഉതു, ഈ ബന്ധത്തില്‍ തുടരുന്നത് ശരിയല്ല. ഇതിന് ഒട്ടും ഭാവിയില്ല’’ എന്ന് സുചിത്ര ഉത്തം കുമാറിനെ ഉപദേശിച്ചുവത്രെ. അത് വെറും ചപലപ്രണയമായിരുന്നുവെന്നും സെറ്റിലെ എല്ലാവര്‍ക്കും ഇതായിരുന്നു അഭിപ്രായമെന്നും സുമന്‍ ഗുപ്ത എഴുതുന്നു.

സുചിത്രയും ഉത്തമും തമ്മില്‍ പ്രണയമായിരുന്നുവെന്ന് പലരെയും പോലെ ഇരുവരുടെയും ജീവിതപങ്കാളികളും വിശ്വസിച്ചിരുന്നുവെന്നതാണ് സത്യം. പക്ഷേ ഒരിക്കലും തങ്ങള്‍ പ്രണയത്തിലാണെന്ന് ഇവര്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല. പ്രണയത്തിനപ്പുറമുള്ള ആഴത്തിലുള്ള ബന്ധം ഇവര്‍ തമ്മില്‍ സൂക്ഷിച്ചിരുന്നു. ഉത്തമിന്റെ മാതാപിതാക്കളുമായും സുചിത്ര നല്ല ബന്ധം സൂക്ഷിച്ചു. വടക്കന്‍ കല്‍ക്കട്ടയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഉത്തം കുമാറിന്റെ അച്ഛന്‍ കല്‍ക്കട്ടയിലെ മെട്രോ തിയേറ്ററിലെ ഫിലിം ഓപ്പറേറ്ററായിരുന്നു. അന്ന് ശക്തമായ കല്‍ക്കട്ടയിലെ നാടകവേദി ആയിരുന്നു ഉത്തമിന്റെ ആദ്യ തട്ടകം. പിന്നീട് കല്‍ക്കട്ട പോര്‍ട്ട് ട്രസ്റ്റില്‍ ഒരു ക്ലര്‍ക്കായി ജോലി കിട്ടിയെങ്കിലും ഉത്തം തിരഞ്ഞെടുത്തത് കലയുടെ വഴിയായിരുന്നു. ഇങ്ങനെ സാധാരണ ജീവിതപശ്ചാത്തലത്തില്‍ നിന്നും വന്ന ഉത്തം അഭിനയത്തിന് പുറമേ എഴുത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ച പ്രതിഭയായി മാറുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഈഗോ അദ്ദേഹത്തെയും പിടി കൂടിയിരുന്നു. എങ്കിലും തന്നെ പോലെ മികവാര്‍ന്ന ഒരു കലാകാരിയെ ഉത്തം സുചിത്രയില്‍ കണ്ടു. ബഹുമാനത്തോടെയാണ് ഉത്തം എന്നും സുചിത്രയെ വീക്ഷിച്ചിരുന്നത്. തനതായ വ്യക്തിത്വവും നിലപാടുമുള്ള നടിയായ സുചിത്രയും ഈഗോയില്‍ ഒട്ടും പിറകിലായിരുന്നില്ലെങ്കിലും ഉത്തമിനെ അംഗീകരിക്കാനും സൗഹൃദം നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു.

യഥാര്‍ത്ഥ ജീവിതത്തിലും ഉത്തമും സുചിത്രയും പ്രണയബദ്ധരായിരുന്നുവെന്ന് മുഴുവന്‍ ബംഗാളി പ്രേക്ഷകരും വിശ്വസിച്ച കാലമായിരുന്നു അറുപതുകള്‍. പ്രേക്ഷകരുടെ ഈ പള്‍സ് മനസിലാക്കിയ നിര്‍മ്മാതാക്കളും സംവിധായകരും അതിനൊത്ത് നീങ്ങി.

യഥാര്‍ത്ഥ ജീവിതത്തിലും ഉത്തമും സുചിത്രയും പ്രണയബദ്ധരായിരുന്നുവെന്ന് മുഴുവന്‍ ബംഗാളി പ്രേക്ഷകരും വിശ്വസിച്ച കാലമായിരുന്നു അറുപതുകള്‍. പ്രേക്ഷകരുടെ ഈ പള്‍സ് മനസിലാക്കിയ നിര്‍മ്മാതാക്കളും സംവിധായകരും അതിനൊത്ത് നീങ്ങി. ക്യാമ്പസുകളില്‍ പ്രണയത്തിലാവുകയോ പ്രണയമാണെന്ന് മറ്റ് സഹപാഠികള്‍ക്ക് തോന്നുകയോ ചെയ്ത കുട്ടികള്‍ ഉത്തമും സുചിത്രയും എന്ന് വിശേഷിക്കപ്പെട്ടുവെന്ന് അന്ന് ഈ പ്രണയജോഡികള്‍ക്ക് ഒപ്പം അഭിനയരംഗത്ത് സജീവമായിരുന്ന അനൂപ് കുമാര്‍ എന്ന നടന്‍ പറഞ്ഞിട്ടുണ്ട്.

‘‘സെറ്റില്‍ അവര്‍ തമ്മിലുണ്ടായിരുന്ന കണക്ഷന്‍ അപാരമായിരുന്നു. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ഏത് ഡയലോഗിന് എത്തരം പ്രതികരണം ഉത്തംദായില്‍ നിന്നുമുണ്ടാകുമെന്ന് റോമാദിക്ക് നന്നായി അറിയാമായിരുന്നു. അത് പോലെ റോമാദി എന്താണ് ഉദ്ദേശിക്കുന്നതെന്നും ഓരോ സമയത്തും അവരുടെ മൂഡ് എന്താണ് എന്നതും ഉത്തംദായ്ക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ ഹൃദിസ്ഥമായിരുന്നു’’, ഷോമാ എ. ചാറ്റര്‍ജി എഴുതിയ Suchithra Sen: A legend in her Lifetime എന്ന ലഘുജീവചരിത്രത്തില്‍ സുചിത്രയും ഉത്തമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അനൂപ് കുമാര്‍ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.

അരുണ്‍ കുമാര്‍ ചതോപാധ്യായ എന്ന ഔദ്യോഗിക നാമത്തില്‍ നിന്നും ഉത്തം നമ്മള്‍ ഇന്ന് അറിയുന്ന ഉത്തം കുമാറാകുന്നത് സുചിത്രയോടൊപ്പം അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ അഗ്‌നിപരീക്ഷ മുതലാണ്. സുചിത്രയുടെ ഔദ്യോഗിക നാമം റോമാ സെന്‍ എന്നായിരുന്നു. റോമയുടെ ആദ്യ ചിത്രമായ സാത്ത് നമ്പര്‍ കൊയേദിയുടെ സംവിധായകന്‍ സുകുമാര്‍ ദാസ്ഗുപ്ത സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം റോമയുടെ പേര് മാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് നിതീഷ് റോയ് ആണ് സുചിത്ര എന്ന പേര് നിര്‍ദേശിക്കുന്നത്.

ഉത്തമും സുചിത്രയും അഭിനയിക്കുമ്പോള്‍ പേരുകള്‍ മാത്രമല്ല മാറ്റിയത്. അവര്‍ കഥാപാത്രങ്ങളായി മാറുകയായിരുന്നു. സ്‌ക്രീനില്‍ അവര്‍ ഒരിക്കലും ഉതുവും റോമയുമായില്ല. ഈ പരകായപ്രവേശം തന്നെയായിരിക്കണം ബംഗാളി പ്രേക്ഷക മനസുകളില്‍ അവര്‍ ഇന്നും ജീവിക്കാന്‍ കാരണം.

ബംഗാളി സിനിമയെ
കൈപിടിച്ചുയര്‍ത്തിയ പ്രണയം

1931-ല്‍ ബിരേന്ദ്ര സര്‍ക്കാര്‍ കല്‍ക്കട്ടയില്‍ സ്ഥാപിച്ച ന്യൂ തിയേറ്റര്‍ എന്ന സ്റ്റുഡിയോയാണ് ബംഗാളി സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിക്കപ്പെടുന്നത്. കാനന്‍ ദേവിയെയും പ്രമതേഷ് ബറുവയെയും പോലെയുള്ള നടീനടന്‍മാരെയും ബിമല്‍ റോയിയെയും നിതിന്‍ ബോസിനെയും പോലെയുള്ള സാങ്കേതിക പ്രവര്‍ത്തകരെയും സൈഗാളിനെയും പങ്കജ് മല്ലിക്കിനെയും പോലെയുള്ള ഗായകരെയും അവതരിപ്പിച്ചത് ന്യൂ തിയേറ്റേഴ്‌സ് ആണ്. ന്യൂ തിയേറ്റേഴ്‌സിലെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പൃഥിരാജ് കപൂര്‍ പിന്നീട് ബോംബെയില്‍ പൃഥി തിയേറ്റേഴ്‌സ് ആരംഭിക്കുന്നത്.

അക്കാലത്ത് ചിത്രങ്ങളുടെ പോസ്റ്ററില്‍ അഭിനേതാക്കളുടെ പേര് വയ്ക്കുമ്പോള്‍ ആദ്യം നടന്റെ പേരാണ് വയ്ക്കുക. സുചിത്ര ആദ്യം തന്റെ പേര് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സംവിധായകനും നിര്‍മ്മാതാവും അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉത്തം ഇടപെട്ട് സുചിത്രയുടെ പേര് തന്നെ ആദ്യം വയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു

പക്ഷേ, വിഭജനം ന്യൂ തിയേറ്റേഴ്‌സിന്റെ നടുവൊടിച്ചു. കല്‍ക്കട്ടയില്‍ നിന്നുള്ള സിനിമകള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ കാണിക്കുന്നതിന് കടുത്ത നിബന്ധനകളാണ് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയത്. ന്യു തിയേറ്ററിന് സാമ്പത്തിക സഹായം നല്‍കിയിരുന്ന കല്‍ക്കട്ട നാഷണല്‍ ബാങ്ക് പൂട്ടിയതോടെ തകര്‍ച്ച പൂര്‍ണ്ണമായി. ബിമല്‍ റോയിയുടെ നേതൃത്വത്തില്‍ ഹൃഷികേഷ് മുഖര്‍ജി, നബേന്ദു ഘോഷ്, കമല്‍ ബോസ്, സലില്‍ ചൗധരി എന്നിങ്ങനെ വലിയൊരു സംഘം ചലച്ചിത്രപ്രവര്‍ത്തകര്‍ ന്യൂ തിയേറ്റേഴ്‌സ് വിട്ട് കൂട്ടത്തോടെ ബോംബെയിലേക്ക് കുടിയേറി.
1954ല്‍ ബോകുല്‍ എന്ന പടത്തോടെ ന്യൂ തിയേറ്റേഴ്‌സിന് താഴ് വീണു.
ബംഗാളി സിനിമയുടെ ഇത്തരമൊരു ചരിത്ര പ്രതിസന്ധിയിലാണ് ഉത്തമും സുചിത്രയും അഭിനയിച്ച അഗ്‌നിപരീക്ഷ ഇറങ്ങുന്നത്. ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്ന ബംഗാളി സിനിമയെ രക്ഷിച്ചത് സുന്ദരമായ മുഖങ്ങളോടു കൂടിയ ഈ നടീനടന്മാരുടെ പ്രണയരംഗങ്ങളായിരുന്നു. അവര്‍ ഉയര്‍ത്തി വിട്ട റൊമാന്റിക് നവതരംഗത്തില്‍ ബംഗാളി സിനിമ നീന്തിക്കയറി. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കാമുകീകാമുകന്‍മാര്‍ ആലിംഗനബദ്ധരാകുമ്പോള്‍ The End എന്ന വാചകം തെളിയുന്നത് കാണാന്‍ ആളുകള്‍ ഇടിച്ചുകയറി. ഈ തരംഗത്തില്‍ പുറത്തിറങ്ങിയ ശില്‍പ്പി എന്ന ചിത്രത്തിന്റെ അവസാനം ഉത്തമിന്റെ കഥാപാത്രം മരണമടയുന്നുണ്ട്. ഈ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നുവീണു. വിഭജനവും പലായനവും പട്ടിണിയും സൃഷ്ടിച്ച വേദനകള്‍ക്കിടയില്‍ നായകന്റെ മരണം കാണാന്‍ ബംഗാളി പ്രേക്ഷകര്‍ ആഗ്രഹിച്ചിരിക്കില്ല.

എന്റെ പേര്
ആദ്യം വച്ചാലെന്താ?

സുചിത്രയും ഉത്തമും ജോഡികളായെത്തിയ ചിത്രങ്ങളില്‍ എടുത്തു പറയേണ്ടത് 1957ല്‍ പുറത്തിറങ്ങിയ ഹരാനോ സുര്‍ എന്ന ചിത്രവും 1961-ല്‍ പുറത്തിറങ്ങിയ സപ്തപതിയുമാണെന്ന് ചലച്ചിത്ര നിരൂപകര്‍ വിലയിരുത്തുന്നു. ബംഗാളില്‍ മാത്രമല്ല ബോംബെയിലും ഹിറ്റ് ആയ ചിത്രമായിരുന്നു ഹരാനോ സുര്‍. അവിടത്തെ ഗണേഷ് തിയേറ്ററില്‍ മാസങ്ങളോളം പടം ഞായറാഴ്ച മോണിംഗ് ഷോ കളിച്ചു. സുചിത്ര തന്റെ അഭിനയപാടവം മുഴുവന്‍ പുറത്തെടുത്ത പടമായിരുന്നു സപ്തപതി. ഒരു സിനിമാ മാഗസിന്‍ തങ്ങളുടെ സ്വപ്നവേഷം എന്താണെന്ന് പുതിയ ബംഗാളി നടിമാരോട് ചോദിച്ചപ്പോള്‍ എല്ലാവരും നല്‍കിയ ഉത്തരം സപ്തപതിയില്‍ സുചിത്ര അവതരിപ്പിച്ച റീനാ ബ്രൗണ്‍ എന്നായിരുന്നു.

സുചിത്രയും ഉത്തമും തമ്മില്‍ പ്രണയമായിരുന്നുവോ എന്ന് അവര്‍ക്ക് പോലും ഉറപ്പില്ലായിരുന്നുവെങ്കിലും ഉത്തമും ഭാര്യ ഗൗരിയുമായുള്ള വിവാഹബന്ധം ആടിയുലയുന്ന കപ്പല്‍ പോലെ ആയിക്കഴിഞ്ഞിരുന്നു.

ഉത്തമില്ലാതെ സിനിമയില്‍ തനിക്കൊരു നിലനില്‍പ്പുണ്ടെന്ന് തിരിച്ചറിഞ്ഞ നടി കൂടിയായിരുന്നു സുചിത്ര. അഭിനേത്രി എന്ന നിലയില്‍താന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് സപ്തപതിക്ക് ശേഷം സുചിത്ര മനസിലാക്കി. ഇതിന്റെ സെറ്റില്‍ വച്ചാണ് സുചിത്രയും ഉത്തമും തമ്മിലുള്ള ആദ്യ ഈഗോ ക്ലാഷ് ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു. പിന്നീട് അവര്‍ ഒരുമിച്ച് അഭിനയിച്ച പല ചിത്രങ്ങളിലും അനിര്‍വചനീയമായ ആ കെമിസ്ട്രി നഷ്ടമായത്രെ. അക്കാലത്ത് ചിത്രങ്ങളുടെ പോസ്റ്ററില്‍ അഭിനേതാക്കളുടെ പേര് വയ്ക്കുമ്പോള്‍ ആദ്യം നടന്റെ പേരാണ് വയ്ക്കുക. സുചിത്ര ആദ്യം തന്റെ പേര് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സംവിധായകനും നിര്‍മ്മാതാവും മറ്റ് അണിയറപ്രവര്‍ത്തകരും അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉത്തം ഇടപെട്ട് സുചിത്രയുടെ പേര് തന്നെ ആദ്യം വയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് സുമന്‍ ഗുപ്ത എഴുതിയിട്ടുണ്ട്.
ഉത്തം ഇല്ലെങ്കില്‍ താന്‍ വട്ടപ്പൂജ്യമാണെന്ന് ഇന്‍ഡസ്ട്രിയിലെ അടക്കം പറച്ചില്‍ സുചിത്രയുടെ ചെവിയിലുമെത്തിയിരുന്നു. ഉത്തം ഇല്ലാതെ നായികാപ്രാധാന്യമുള്ള ചില പടങ്ങളില്‍ അഭിനയിച്ച് ആ പടങ്ങള്‍ വിജയത്തിലെത്തിച്ചാണ് സുചിത്ര ഇതിന് മറുപടി നല്‍കിയത്. സുചിത്രയുടെ മിഴിനീരണിഞ്ഞ കണ്ണകളോടു കൂടിയ നോട്ടം, ലേശം പരുക്കനെന്ന് പറയാവുന്ന ശബ്ദം കൊണ്ടുള്ള സംഭാഷണം എന്നിവ കൊണ്ട് സുചിത്ര വെള്ളിത്തിര കീഴടക്കി.

കഥയില്ലാത്ത പ്രണയവും
തുടര്‍ഭൂകമ്പങ്ങളും

സുചിത്രയും ഉത്തമും തമ്മില്‍ പ്രണയമായിരുന്നുവോ എന്ന് അവര്‍ക്ക് പോലും ഉറപ്പില്ലായിരുന്നുവെങ്കിലും ഉത്തമും ഭാര്യ ഗൗരിയുമായുള്ള വിവാഹബന്ധം ആടിയുലയുന്ന കപ്പല്‍ പോലെ ആയിക്കഴിഞ്ഞിരുന്നു. സുചിത്രയുടെ പേരില്‍ ഇവര്‍ വഴക്കിട്ടിരുന്നുവത്രെ. ദിബാനാഥും സുചിത്രയും തമ്മിലുള്ള ബന്ധവും അനുദിനം വഷളായിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിന് കാരണം ഉത്തം ആയിരുന്നോ എന്ന് ഇന്നും വ്യക്തമല്ല. തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ പൊതുമധ്യത്തില്‍ പറയുന്നതിനോട് സുചിത്ര എന്നും കര്‍ക്കശമായ വിമുഖത സൂക്ഷിച്ചിരുന്നു. ആദ്യ വിവാഹമോചനം ഉത്തമിന്റേതായിരുന്നു. പിന്നീട് സുചിത്രയും ദിബാനാഥും വേര്‍പിരിഞ്ഞ് താമസം തുടങ്ങിയെങ്കിലും ഔദ്യോഗികമായി ബന്ധം വേര്‍പ്പെടുത്തിയിരുന്നോ എന്ന് ഇന്നും അവരുമായി അടുത്ത വൃത്തങ്ങള്‍ക്ക് പോലും വ്യക്തമല്ല.

ഹരാനോ സുര്‍ എന്ന ചിത്രത്തിൽ നിന്ന്

ഗൗരിയുമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തം കുമാര്‍ സുപ്രിയാ ദേവി എന്ന നടിയെ വിവാഹം ചെയ്തു. ഋത്വിക്ക് ഘട്ടക്കിന്റെ പ്രസിദ്ധമായ മേഘ ധാക്ക താരയില്‍ സുപ്രധാന വേഷത്തിലെത്തിയ നടിയാണ് സുപ്രിയ. ഒരിക്കല്‍ ചാന്ദിപ്പൂരില്‍ ഹര്‍ മാനാ ഹര്‍ എന്ന ചിത്രത്തില്‍ സുചിത്രയും ഉത്തമും ചേര്‍ന്നുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുന്നത് കാണാന്‍ സുപ്രിയ എത്തിയിരുന്നു. ഇതിനുശേഷം താനും ഉത്തമും ചേര്‍ന്ന് ഗാനരംഗത്തില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നുണ്ടോ എന്ന് സുചിത്ര സുപ്രിയയോട് ചോദിച്ചുവെന്നും ഇതൊക്കെ താന്‍ കുറെ കണ്ടിട്ടുണ്ട് എന്ന ചുട്ട മറുപടിയാണ് നടി കൂടിയായ സുപ്രിയ നല്‍കിയതെന്നും അന്നത്തെ സിനിമാമാഗസിനുകള്‍ എഴുതിയിട്ടുണ്ട്.

ഉത്തമിന്റെ സുപ്രിയയുമായുള്ള ബന്ധവും അത്ര സുഖകരമായിരുന്നില്ലെന്ന് ഉത്തമുമായി പ്രണയത്തിലായിരുന്നുവെന്ന് കരുതപ്പെടുന്ന സാബിത്രി ചാറ്റര്‍ജി എന്ന നടി പില്‍ക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഒരുമിച്ച് 27 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുപ്രിയയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഉത്തം ഒരുങ്ങിയപ്പോള്‍ താന്‍ പിന്തിരിപ്പിച്ചുവെന്നും സാബിത്രി അവകാശപ്പെടുന്നു. സാബിത്രിയും ഉത്തമും ബാലിഗഞ്ചിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച് താമസമാക്കിയെന്നായിരുന്നു അന്ന് കല്‍ക്കട്ടയിലെ സംസാരം.

സര്‍വരില്‍നിന്നും അകന്ന് അടച്ചുപൂട്ടി ജീവിച്ച സുചിത്ര ഒരിക്കല്‍ക്കൂടി പുറത്തിറങ്ങി. അത് ഉത്തം കുമാറിന്റെ ഭൗതികദേഹം കാണാനായിരുന്നു. കാറില്‍നിന്നിറങ്ങിയ അവര്‍ മൃതദേഹത്തിന്റെ അടുത്തെത്തി ആ മുഖത്തേക്ക് അൽപനേരം നോക്കിനിന്നു. പിന്നെ ആരോടും മിണ്ടാതെ മടങ്ങിപ്പോയി.

പ്രണയം ആത്മീയതയിലേക്കുള്ള താക്കോല്‍

‘‘റോമാ, എനിക്ക് നിന്നെയൊന്ന് കാണണം. ചിലത് സംസാരിക്കാനുണ്ട്’’, ഉത്തം കുമാര്‍ സുചിത്ര സെന്നിനോട് ഇത് പറയുമ്പോള്‍ പക്ഷേ സുചിത്ര നല്ല തിരക്കിലായിരുന്നു. സുചിത്ര തന്റെ ഉതുവിനെ കാണാന്‍ പോയില്ല. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 1980 ജൂലായ് 24ന് ഉത്തം കുമാര്‍ അന്തരിച്ചു. അതിനും രണ്ട് വര്‍ഷം മുമ്പ് തന്നെ സുചിത്ര അഭിനയം മതിയാക്കിയിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ പ്രൊണോയ് പാശാ ആയിരുന്നു അവരുടെ അവസാന ചിത്രം. പടം ദയനീയമായി പരാജയപ്പെട്ടു. സുചിത്ര പൂര്‍ണമായും പൊതുജീവിതത്തില്‍ നിന്നും പിന്‍വാങ്ങി. ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭക്തയായി മാറിയ സുചിത്ര അന്നത്തെ മഠാധിപതിയായ സ്വാമി ബീരേശ്വരാനന്ദയില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. രാമകൃഷ്ണാശ്രമത്തില്‍ മാത്രമല്ല സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണപരമഹംസരില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച ആന്ദ്പൂരിലും സുചിത്ര നിത്യസന്ദര്‍ശകയായി. ആന്ദ്പൂരുമായി ഒരു മുജ്ജന്മ ബന്ധം ഉള്ളതുപോലെയായിരുന്നു സുചിത്രയുടെ രീതികളെന്ന് പറയപ്പെടുന്നു. രാമകൃഷ്ണ പരമഹംസര്‍ ഒരു റിക്ഷാക്കാരന്റെ കുട്ടിയായി പുനര്‍ജനിച്ചുവെന്ന വാര്‍ത്ത കേട്ട് പാതിരാത്രി പിന്നിട്ട സമയത്ത് ഒരു സംവിധായക സുഹൃത്തുമൊത്ത് സുചിത്ര ആ ഗ്രാമത്തിലേക്ക് പോയി കുട്ടിയെ കണ്ടുവെന്നും സമ്മാനങ്ങള്‍ നല്‍കിയെന്നും അവരുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേ കാലത്ത് ടി.വിയില്‍ സുചിത്രയുടെ പഴയ ഒരു ഹിറ്റ് ചിത്രം കണ്ട് ആവേശം കയറിയ എഴുത്തുകാരന്‍ കണാ ബോസ് മിശ്ര സുചിത്രയെ ഫോണില്‍ വിളിച്ച് ചിത്രത്തില്‍ സുചിത്രയുടേത് ഗംഭീര പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ തനിക്ക് കിട്ടിയ മറുപടിയെ കുറിച്ച് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഫോണിന്റെ മറുതലയ്ക്കല്‍ ഒരു നിമിഷം മൗനം കനത്തു. പിന്നീട് അവര്‍ ഇങ്ങനെ പറഞ്ഞു: ‘‘അത് നടി സുചിത്ര സെന്‍ ആണ്. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് മറ്റൊരു സുചിത്രയാണ്. രണ്ടും വ്യത്യസ്തരായ വ്യക്തികള്‍.’’

ഇങ്ങനെ സര്‍വരില്‍ നിന്നും അകന്ന് അടച്ചുപൂട്ടി ജീവിച്ച സുചിത്ര ഒരിക്കല്‍ക്കൂടി പുറത്തിറങ്ങി. അത് ഉത്തം കുമാറിന്റെ ഭൗതികദേഹം കാണാനായിരുന്നു. കാറില്‍നിന്നിറങ്ങിയ അവര്‍ മൃതദേഹത്തിന്റെ അടുത്തെത്തി ആ മുഖത്തേക്ക് അൽപനേരം നോക്കിനിന്നു. പിന്നെ ആരോടും മിണ്ടാതെ മടങ്ങിപ്പോയി. ആ ഒരു നിമിഷം ആത്മീയതയുടെ കൂടിനുള്ളില്‍ നിന്ന് പുറത്തിറങ്ങി അവര്‍ പഴയ റോമ ആയിട്ടുണ്ടാവണം.

Comments