ജയൻ, ‘മിന്നൽ മുരളി’യിൽ ടൊവിനോ ​തോമസ്​, ‘ആടുതോമ’യായി മോഹൻലാൽ

ജയനിൽനിന്ന്​ ആടുതോമയിലേക്ക്​,ഇപ്പോഴിതാ മിന്നൽ മുരളിയിലേക്കും

രക്ഷകരൂപങ്ങളോടുള്ള അഭിനിവേശം മനുഷ്യസഹജമാണ്. മലയാള സിനിമയിൽ അത്തരം രൂപങ്ങളുടെ ചരിത്രത്തെ ജയൻ കഥാപാത്രങ്ങൾ, ആടുതോമ, മിന്നൽ മുരളി എന്നീ പല തലമുറകളുടെ "കൂസലില്ലാത്ത" നായകസങ്കൽപ്പങ്ങളുമായി ചേർത്തുവായിക്കുന്നു

ണ്ടുവർഷത്തോളം അടഞ്ഞുകിടന്ന പ്രാദേശിക തിയേറ്ററുകളെ പ്രകമ്പനംകൊള്ളിച്ച് സ്‌പൈഡർമാൻ: നോ വേ ഹോം എന്ന സൂപ്പർഹീറോ ചിത്രം പ്രദർശനം തുടരുന്ന വേളയിൽ തന്നെയാണ് നെറ്റ്ഫ്ലിക്‌സിലൂടെ കേരളക്കര മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ മിന്നൽ മുരളിയെ വരവേറ്റത്. കോവിഡ് കാലത്ത് മറ്റേതു മലയാള സിനിമയേക്കാളും കാഴ്ചക്കാരെ സ്‌പൈഡർമാൻ സ്വന്തമാക്കിയപ്പോൾ മലയാളത്തിലും ഒരു സൂപ്പർഹീറോ തന്നെ കാഴ്ചക്കാരെ തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയാണ്. അടുത്തെങ്ങും കണ്ടിട്ടില്ലാത്ത തോതിൽ മിന്നൽ മുരളി എന്ന ചിത്രവും അതിന്റെ കാണികളും തമ്മിലുള്ള സംവേദനം കേവലം ചലച്ചിത്രക്കാഴ്​ചയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ വസ്​തുത.

സൂപ്പർ ഹീറോ എന്ന, മലയാളിയ്ക്ക് പരിചിതമല്ലാത്ത സങ്കേതത്തിലൂന്നി നിർമിക്കപ്പെട്ടതായിരുന്നിട്ടുകൂടിയും മിന്നൽ മുരളിയുടെ ഓരോ കാഴ്​ചയുടെയും അറ്റത്ത് മലയാളികൾ തങ്ങളുടെ നിർവചനങ്ങൾ ഫാൻ തിയറികൾ എന്നോണം തുന്നിച്ചേർക്കുന്നു

മിന്നൽ മുരളി അതിന്റെ കാഴ്ചാനുഭവത്തിനപ്പുറം വര മുതൽ കണ്ടൻറ്​ ക്രിയേഷൻ വരെ നീളുന്ന ജനകീയത നിഴലിക്കുന്ന സർവമേഖലയെയും അടക്കിഭരിക്കുകയാണ്. സൂപ്പർ ഹീറോ എന്ന, മലയാളിയ്ക്ക് പരിചിതമല്ലാത്ത സങ്കേതത്തിലൂന്നി നിർമിക്കപ്പെട്ടതായിരുന്നിട്ടുകൂടിയും മിന്നൽ മുരളിയുടെ ഓരോ കാഴ്​ചയുടെയും അറ്റത്ത് മലയാളികൾ തങ്ങളുടെ നിർവചനങ്ങൾ ഫാൻ തിയറികൾ എന്നോണം തുന്നിച്ചേർക്കുന്നു. കുറച്ചുനേരത്തേക്കെങ്കിലും മിന്നൽ മുരളി നിർമിച്ചിടുന്ന ലോകത്തിന്റെയും യുക്തിയുടെയും ഭാഗമാകാനുള്ള കാണിയുടെ ശ്രമമാണ് കലയിലൂടെയും ചിന്തകളിലൂടെയുമുള്ള ഇത്തരം കൂട്ടിച്ചേർക്കലുകളിലൂടെ നടക്കുന്നത്. മിന്നൽ മുരളിയോടുള്ള ഈ ഭ്രമത്തെ അടുത്തെങ്ങും ഉപേക്ഷിക്കുവാനുള്ള ലക്ഷണങ്ങൾ മലയാളി കാണിക്കുന്നില്ല താനും. ഇതുകൊണ്ടുതന്നെയാണ് മിന്നൽ മുരളി എന്ന സൂപ്പർഹീറോ സിനിമ ഉപയോഗപ്പെടുത്തുന്ന സങ്കേതത്തിന്റെ സവിശേഷത ചിന്തകൾ ഉണർത്തുന്നത്.
ആസ്വാദനത്തിന്റെ സഫലീകരണത്തിനപ്പുറം മലയാളികളുടെ ചിന്തയിലും മനസ്സിലും കാലങ്ങളായി പൂർത്തീകരണം കാത്തുകിടന്ന ഒരാഗ്രഹമാണ് ‘സൂപ്പർഹീറോ' രൂപവും, ബിംബവും എന്നുവേണം മിന്നൽ മുരളിക്ക് ലഭിക്കുന്ന വരവേൽപ്പിലൂടെ മനസിലാക്കുവാൻ.

അതായത് മിന്നൽ മുരളിയുടെ അണിയറപ്രവർത്തകർ അവർ നിർമിക്കുന്ന സൂപ്പർഹീറോയെ മലയാളികൾ ഇഷ്ടപ്പെടണം എന്നാഗ്രഹിച്ചുതുടങ്ങുന്നതിനും ഒരുപാട് മുമ്പുതന്നെ മലയാളികളുടെ ബോധത്തിലും അബോധത്തിലും അവർ ഇഷ്ടപ്പെടുന്ന സൂപ്പർഹീറോ ഒരു സിനിമയിൽ നിർമിക്കപ്പെട്ടുകാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സൂപ്പർഹീറോ എന്ന ബിംബത്തെ സ്‌ക്രീനിൽ കാണാനുള്ള ഈ ആഗ്രഹം മലയാളി പോപ്- കൾച്ചർ (pop-culture) ആഘോഷമാക്കിയ മുൻകഥാപാത്രങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. ആ ആഗ്രഹത്തിനെ ആദ്യമായും കൃത്യമായും വായിച്ചെടുത്തവർ എന്ന സ്‌നേഹമാണ് മിന്നൽ മുരളിയുടെ സംവിധായകനായ ബേസിൽ ജോസഫിനെയും മറ്റു അണിയറപ്രവർത്തകരേയും മുമ്പെങ്ങുമില്ലാത്തവിധം ആഘോഷിച്ചുകൊണ്ട് മലയാളികൾ പ്രകടിപ്പിക്കുന്നത്.

പരിപൂർണമായും അസാധാരണ സൂചികകളുമായി മിന്നലടിച്ചിട്ടും മരിക്കാത്ത, അസാധാരണ വേഗതയും ശക്തിയുമുള്ള പരിപൂർണ സൂപ്പർഹീറോയായി അവതരിച്ചിരിക്കുകയാണ് മലയാളി മനസ്സിൽ ഇന്ന് മിന്നൽ മുരളി.

കെട്ടകാലത്ത് കൈയൂക്കിലൂടെ തങ്ങൾ കാണുന്ന തിന്മകളെ എതിർക്കുവാനുള്ള ആഗ്രഹവും എന്നാൽ വ്യവസ്ഥിതികൾക്കും അപകടസാധ്യതകൾക്കും നടുവിൽ കൈയൂക്കിന്റെ പാതയിലൂടെ സഞ്ചരിക്കുവാനുള്ള ഭയവും എല്ലാ മനുഷ്യരിലും ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്. ആ ഭയത്തെ കൂസാതെ മനുഷ്യന് സാധ്യമാവുന്നതിനുമപ്പുറമുള്ള ശക്തികൾ ഉപയോഗപ്പെടുത്തി തിന്മയെ കരുത്തിന്റെ യുദ്ധത്തിലൂടെ തോല്പിക്കുന്നവർ എന്ന നിലയിലാണ് സൂപ്പർഹീറോ എന്ന ബിംബം ലോകമെമ്പാടും മനുഷ്യന് പ്രിയപ്പെട്ടതാവുന്നത്. സൂപ്പർഹീറോ എന്ന ഈ സിനിമാറ്റിക്ക് സങ്കേതം അതിന്റെ പരിപൂർണരൂപത്തിൽ മലയാള സിനിമയ്ക്ക് മുൻപരിചയമില്ലെങ്കിൽ തന്നെയും ഭയങ്ങളെ കൂസാക്കാതെ തിന്മയെ കരുത്തുകൊണ്ട് നേരിടുന്ന നായക കഥാപാത്രങ്ങൾ മനുഷ്യന്റെ ആഗ്രഹസഫലീകരണമെന്നവണ്ണം എന്നും മലയാള സിനിമയിൽ വിപണിമൂല്യമുള്ളതായിരുന്നു. ഇത്തരം നായകരൂപങ്ങൾ സിനിമാകാഴ്ചകളുടെ കാലാനുസൃതമായ മാറ്റങ്ങളെ ആർജിച്ചതുവഴി ഒരു പരിപൂർണ സൂപ്പർഹീറോ രൂപം കൈവരിച്ച യാത്രയാണ് മിന്നൽ മുരളിയെ കുറച്ചുകൂടി വിപുലമായ കോണിൽ വായിച്ചാൽ കാണാനാവുന്നത്.

ജയൻ ഷൂട്ടിങ്ങിനിടെ കൈവരിച്ച മരണം പോലും ഇന്നും മലയാളികൾ കാണുന്നത് അവകാശ പോരാട്ടങ്ങൾക്കുനടുവിൽ രക്തസാക്ഷിത്വം വഹിച്ച ഒരു പോരാളിയോടുള്ള ബഹുമാനത്തോടെയാണ്​

മലയാള സിനിമയുടെ വർഷങ്ങൾ മുമ്പുതന്നെയുള്ള ചരിത്രങ്ങളിൽ നിന്ന് വായന തുടങ്ങിയാലും മലയാളി പോപ്പുലർ കൾച്ചറിനെ പിടിച്ചുലച്ച, ഇന്നും ആരാധനയോടെയുള്ള അനുകരണങ്ങൾക്ക് വിധേയമാവുന്ന എല്ലാ കഥാപാത്രങ്ങൾക്കും സൂപ്പർഹീറോ ബിംബങ്ങളുമായി സാമ്യം കാണാം. ബോളിവുഡിൽ അമിതാഭ് ബച്ചന്റെ ‘ആംഗ്രി യങ് മാൻ’ സിനിമകൾ പോപ്പുലർ കൾച്ചറിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ച അതേ കാലത്തുതന്നെയാണ് മലയാളത്തിലും ജയൻ സിനിമകൾ മലയാളിയെ ആവേശത്തിന്റെ കൊടിമുടി കാണിച്ചത്. അമിതാഭ് സിനിമയിലും ജയൻ സിനിമകളിലും നായക കഥാപാത്രത്തിന്റെ രൂപഘടന കൈയൂക്കിലൂടെ കൂസലില്ലാതെ തിന്മകളെ തല്ലിതകർക്കുക എന്നതായിരുന്നു. അടിയന്തരാവസ്ഥാകാലവും അനുബന്ധ പൊലീസ് അക്രമങ്ങളും എങ്ങനെ അമിതാഭിന്റെ ഓൺ സ്‌ക്രീൻ കൂസലില്ലായ്മയെ ജനകീയമാക്കി എന്ന് വിവിധ വായനകളും നടന്നിട്ടുള്ളതാണ്. സമാനരീതിയിൽ തന്നെയാണ് കേരളത്തിൽ ആ കെട്ടകാലത്തിന്റെ അക്രമങ്ങളെ വയലൻസിന്റെ പാതയിൽ ചെറുത്തുനിൽക്കുവാനുള്ള ആഗ്രഹത്തിന്റെ മനുഷ്യാവതാരമായി ജയൻ മാറിയത്. സിനിമ എന്ന മാധ്യമത്തിൽ സൂപ്പർഹീറോ ബിംബത്തിന് സമാനമായ അമാനുഷികത കൈവരിച്ചിരുന്നില്ല എങ്കിൽകൂടിയും ജയൻ സിനിമകളിലെ ആക്ഷൻ രംഗങ്ങൾ അസാധാരണമായ ജയന്റെ അഭ്യാസമുറകളാൽ സമ്പന്നമായിരുന്നു. തൊഴിലാളിവർഗ നായകവേഷങ്ങൾ അണിഞ്ഞിരുന്നാൽ തന്നെ ജയന്റെ ശരീരവും മെയ്​വഴക്കവും സൂപ്പർഹീറോയ്ക്കുതകുന്ന ഒരു മാന്ത്രികത സ്‌ക്രീനിൽ രചിച്ചിരുന്നു. ഭരണകൂടത്തിന്റെ ദുർനടപ്പുകളെയും കാലത്തിന്റെ അസമത്വങ്ങളെയും സ്‌ക്രീനിൽ ‘തല്ലി​ത്തോൽപ്പിച്ച' ജയന്റെ അപകടമരണം കേരളത്തിൽ വലിയ ‘കോളിളക്കം' സൃഷ്ടിച്ചത്, നീചമായ ഒരു കാലത്ത് വെള്ളിത്തിരയിൽ ജനങ്ങൾ ജയന് ഒരു രക്ഷകപരിവേഷം നല്കിയിട്ടുണ്ടെന്നതുകൊണ്ടാണ്. ഇതുകൊണ്ടുതന്നെയാണ് ജയനെ സ്‌ക്രീനിൽ പുനർനിർമിക്കുവാൻ പോലും പിന്നീട്​ ശ്രമങ്ങൾ നടന്നത്. തിന്മയെ അസാധാരണ അഭ്യാസമുറകളിലൂടെയും കരുത്തിലൂടെയും ഭയത്തെ കൂസാക്കാതെ തോല്പിക്കുവാൻ ശ്രമിക്കുന്ന ജയൻ ഷൂട്ടിങ്ങിനിടെ കൈവരിച്ച മരണം പോലും ഇന്നും മലയാളികൾ കാണുന്നത് അവകാശ പോരാട്ടങ്ങൾക്കുനടുവിൽ രക്തസാക്ഷിത്വം വഹിച്ച ഒരു പോരാളിയോടുള്ള ബഹുമാനത്തോടെയാണ്​, കാരണം ജയൻ മരിച്ചത് തങ്ങളുടെ കൂടി ആഗ്രഹസഫലീകരണത്തിനുവേണ്ടിയാണ് എന്ന പൊതുബോധമാണ് അവരെ നയിക്കുന്നത്​.

തൊഴിലാളിവർഗ നായക വേഷങ്ങൾ അണിഞ്ഞിരുന്നാൽ തന്നെ ജയന്റെ ശരീരവും മെയ്​വഴക്കവും സൂപ്പർഹീറോക്കുതകുന്ന ഒരു മാന്ത്രികത സ്‌ക്രീനിൽ രചിച്ചിരുന്നു. അങ്ങാടി എന്ന സിനിമയിൽ നിന്നും

ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിക്കുന്ന കാലത്ത് വെള്ളിത്തിരയിലുദിക്കുന്ന പ്രതീക്ഷയുടെ കേരളത്തിന്റെ ആദ്യരൂപമായിരുന്നു ജയൻ. മലയാളി മിന്നൽ മുരളി എന്ന സൂപ്പർഹീറോയെ ആഗ്രഹിച്ചുതുടങ്ങുന്നത് വർഷങ്ങൾക്കുമുൻപേ ജയനിലൂടെയാണ് എന്നതാണ് ഇത്തരത്തിൽ നോക്കുമ്പോൾ വെളിവാകുന്നത്, അതുവഴി ജയനിലൂടെ തുടങ്ങിയ വെള്ളിത്തിരയിലെ രക്ഷകരൂപ ചരിത്രത്തിന്റെ ഏറ്റവും പുതിയ കണ്ണിയാണ് മിന്നൽ മുരളിയെന്നും.

എന്നാൽ ജയനെ കാലങ്ങളോളം ജയനായി തന്നെ അവതരിപ്പിച്ചുകൊണ്ടിരുന്നാൽ കാലാനുസൃതം റിയലിസത്തെ അനുഗമിച്ചുകൊണ്ടിരിക്കുന്ന മലയാളി സിനിമാ സമൂഹം അതിനെ തള്ളിക്കളഞ്ഞേനെ. ജയൻ കഥാപാത്രങ്ങൾ അസാധാരണ അഭ്യാസശേഷിയുള്ള സാധാരണക്കാരായിരുന്നു, അവരുടെ അസാധാരണത്വത്തിന് സിനിമകൾ കാരണങ്ങൾ നിരത്തിയിരുന്നില്ല എന്നത് വ്യക്തമാണ്. ആയതിനാൽ ന്യായയുക്തമല്ലാതെ സഞ്ചരിക്കുന്ന ലോകത്തെയും ഭരണത്തെയും എതിർക്കുന്ന നായക കഥാപാത്രത്തിന്റെ കൂസലില്ലായ്മയെ സാധൂകരിക്കുകയും, വിശ്വാസയുക്തമാക്കുകയും ചെയ്യുക എന്നത് റിയലിസ്റ്റിക്ക് ആവുന്തോറും സിനിമാ നിർമാതാക്കളുടെ ആവശ്യമായി മാറിക്കൊണ്ടിരുന്നു. ഈ അസാധാരണ നായകകഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും തൊണ്ണൂറുകളിൽ കണ്ടുപിടിച്ച പോംവഴിയാണ് ‘ബിംബവത്കരണം.' ഇന്ന് മിന്നൽ മുരളിയിൽ കാണാവുന്ന സൂപ്പർഹീറോ ബിംബവത്കരണത്തിന് സമാനമായി നായകന്റെ സവിശേഷതകളെന്നോണം മലയാള സിനിമ തൊണ്ണൂറുകളിൽ പല സൂചികകളെയും അവതരിപ്പിക്കുകയും അതുവഴി നായകന്റെ സാധാരണത്വം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നായകന്റെ സാധാരണത്വം തള്ളിക്കളയുകയും അതുവഴി നീതിയ്ക്കായി കരുത്തുകൊണ്ട് പോരാടുക എന്ന ആഗ്രഹസഫലീകരണം സ്‌ക്രീനിൽ കൂടുതൽ വിശ്വാസയുക്തമായി നടക്കുകയും ചെയ്യുക എന്നത് നിർമാതാക്കളെ പോലെ കാണികളുടെയും ആവശ്യമാണ്. തങ്ങളുടെ പ്രതീക്ഷകളെ വിശ്വസനീയമായി അവതരിപ്പിക്കുവാൻ സഹായകമായവ എന്ന നിലയിൽ നായക കഥാപാത്രസൃഷ്ടിയിലെ ബിംബങ്ങളും, നായകന്റെ അസാധാരണ സവിശേഷതാസൂചികകളും ഇന്ന് എത്തരത്തിലാണോ സൂപ്പർഹീറോ എന്ന ബിംബം ആഘോഷമാക്കുന്നത് അത്തരത്തിൽ തന്നെ തൊണ്ണൂറുകളിൽ ആരവങ്ങൾ സൃഷ്ടിച്ചതായി കാണാം.

തൊണ്ണൂറുകളിൽ ജനങ്ങളുടെ യുക്തിയെ സംരക്ഷിക്കുവാൻ മിന്നൽ മുരളിയോളം അമാനുഷികനായ ഒരു ബിംബത്തെ ആവശ്യമില്ലായിരുന്നു. അവിടെയാണ് ആടുതോമയെന്ന, അസാധാരണ സൂചികകൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, എന്നാൽ തന്നെയും അമാനുഷികനല്ലാത്ത നായകനെ ജനം ഹൃദയത്തിലേറ്റിയത്.

രഞ്ജി പണിക്കർ, ഡെന്നീസ് ജോസഫ് എന്നിവരുടെ തിരക്കഥയിലെ നായകന്മാരിൽ പലരും ഇത്തരം ‘സാധാരണ- അനന്തര' സവിശേഷതകൾ വഴി തങ്ങളുടെ കൂസലില്ലായ്മയെ വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എങ്കിലും അഭ്രപാളിയിൽ കൂടുതൽ വിശ്വസനീയമായി അനീതിയെ ചെറുക്കുവാൻ ബിംബങ്ങളെ സ്വീകരിച്ച്​ജയനിൽ നിന്ന്​ മിന്നൽ മുരളിയിലേക്ക് മലയാള നായകന്മാർ നടത്തിയ യാത്രയുടെ മധ്യത്തിൽ എടുത്തുപറയേണ്ടത് ഭദ്രൻ സൃഷ്ടിച്ച ‘ആടു തോമ’യെയാണ്. മലയാളി പോപ്പ് കൾച്ചറിൽ ഇത്രമേൽ ചലനം സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നായകശില്പമില്ലെന്നുതന്നെ പറയാം. തങ്ങളുടെ ആഗ്രഹങ്ങൾ വെള്ളിത്തിരയിൽ കാണാമെന്ന പ്രതീക്ഷ ജയന്റെ ‘രക്തസാക്ഷിത്വത്തിലൂടെ' നഷ്ടമായ കേരളം, എസ്.ഐ. സോമശേഖരനെ ഇടിച്ചു പൊട്ടക്കിണറ്റിലിടുന്ന ആടുതോമയുടെ കൂസലില്ലായ്മയ്ക്ക് നൽകിയ ഓരോ ആർപ്പുവിളിയും ആ പ്രതീക്ഷകളുടെ തിരിച്ചുപിടിക്കലായിരുന്നു. ബിംബങ്ങളും സൂചികകളും ചാർത്തിനൽകി കഥാപാത്രത്തിന്റെ അസാധാരണീയത (അമാനുഷികത) പരിപൂർണതയിലെത്തിക്കുകയും എന്നിട്ട് പ്രേക്ഷകർ ആഗ്രഹിക്കുംവിധമുള്ള യുദ്ധങ്ങളിലേക്ക് നായകനെ നിയോഗിക്കുകയും ചെയ്യലാണ് സൂപ്പർഹീറോ എന്ന സിനിമാറ്റിക്ക് സങ്കേതത്തിന്റെ പ്രത്യേകത. എന്നാൽ തൊണ്ണൂറുകളിൽ ജനങ്ങളുടെ യുക്തിയെ സംരക്ഷിക്കുവാൻ മിന്നൽ മുരളിയോളം അമാനുഷികനായ ഒരു ബിംബത്തെ ആവശ്യമില്ലായിരുന്നു. അവിടെയാണ് ആടുതോമയെന്ന, അസാധാരണ സൂചികകൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, എന്നാൽ തന്നെയും അമാനുഷികനല്ലാത്ത നായകനെ ജനം ഹൃദയത്തിലേറ്റിയത്.

മിന്നൽ മുരളിക്കും ആടുതോമയ്ക്കും ജയനും കാണുന്ന ഭരണകർത്താക്കളോടുള്ള കൂസലില്ലായ്മയും, അഭ്യാസശേഷിയും സമാനമായിരിക്കെ തന്നെ അവർ വത്യസ്തമായി അടയാളപ്പെട്ടവയാണ്. മൂവരും മൂന്ന് കാലഘട്ടത്തിൽ മനുഷ്യന്റെ ജൈവികവാസന പോലെ കരുത്തുകൊണ്ട് അനീതിയെ ചെറുത്ത രക്ഷകരൂപങ്ങളാണ്. എന്നാലും ജയൻ കഥാപാത്രങ്ങൾ അസാധാരണമായിരിക്കെ തന്നെ സിനിമയാൽ അടയാളപ്പെടുന്നത് തൊഴിലാളി, പൊലീസ്, വണ്ടിക്കാരൻ തുടങ്ങിയ സാധാരണ സൂചികകൾ മുഖേനയും, ആടുതോമ അമാനുഷികനല്ലാതിരിക്കെ തന്നെ അവതാരമാവുന്നത് അസാധാരണ സൂചികകൾ മുഖേനയും, മിന്നൽ മുരളി അടയാളമാവുന്നത് പരിപൂർണ അമാനുഷിക സൂചികകളാലുമാണ്. മിന്നൽ മുരളിയുടെ അസാധാരണമായ ‘അഭ്യാസങ്ങൾ' സാധൂകരിക്കപ്പെടുന്നത് ജെയ്‌സണ് മിന്നലടി മുഖേന ശക്തി ലഭിച്ചു എന്ന യുക്തി കാണിയുടെ ബോധത്തിലേക്ക് സിനിമ നൽകുന്നതുകൊണ്ടാണ്.

തൊണ്ണൂറുകളിൽ ജനങ്ങളുടെ യുക്തിയെ സംരക്ഷിക്കുവാൻ മിന്നൽ മുരളിയോളം അമാനുഷികനായ ഒരു ബിംബത്തെ ആവശ്യമില്ലായിരുന്നു. അവിടെയാണ് ആടുതോമയെന്ന നായകനെ ജനം ഹൃദയത്തിലേറ്റിയത്.

സൂപ്പർഹീറോ ഒരു കാല്പനിക സങ്കേതമായിരിക്കെ അതിന് യുക്തിയിൽ ചെലുത്താവുന്ന ഇടപെടലിൽ ആർക്കും സംശയം തോന്നാം. പക്ഷെ, സൂപ്പർഹീറോ സങ്കേതം കൊണ്ട് സിനിമയ്ക്ക് ആർജിക്കാവുന്ന ഒരു സവിശേഷ റിയലിസമുണ്ട്, ഉദാഹരണത്തിന് ഒരു സാധാരണക്കാരൻ ഒരു ബസിനേക്കാളും വേഗത്തിൽ ഓടുന്നതിലും പത്തുപേരെ ഒറ്റയ്ക്ക് നേരിടുന്നതിലും യുക്തിസഹമായ അനുഭവമാണ് ഇന്നത്തെ കാണിക്ക് ഒരു സൂപ്പർഹീറോ ഇതെല്ലാം ചെയ്യുന്നത്. മിന്നൽ മുരളിയെ പോലെ സൂപ്പർഹീറോ സങ്കേതത്തിന്റേതിനു സമാനമായ സൂചികകൾ വഴി തന്നെയാണ് ആദ്യ വരവിൽ തന്നെ മുളവടി കുത്തി ഇരുനില കെട്ടിടത്തിനുമുകളിൽ ചാടിക്കയറി വില്ലന്മാരെ തരിപ്പണമാക്കുന്ന ആടുതോമയെ സംവിധായകൻ ഭദ്രൻ ആ കാലത്ത് വിശ്വാസയുക്തമാക്കിയതും. ജെയ്‌സന്റെ ശക്തിക്ക് കാരണമായി ‘മിന്നലടി' എന്ന സൂചിക കാണിയുടെ ബോധത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആടുതോമയുടെ അഭ്യാസശേഷിക്ക് കാരണമായി അയാളുടെ അസാധാരണ അടയാളപ്പെടുത്തലുകൾ മാറുന്നുണ്ട്. എങ്ങനെയാണോ ജെയ്‌സൻ വെറുമൊരു ടെയ്​ലർ അല്ല, പകരം ‘മിന്നല്ലടിയേറ്റ ടെയ്​ലർ' ആവുന്നത്, അതുപോലെ തന്നെ ആടുതോമ വെറുമൊരു ചട്ടമ്പിയല്ല; ‘മുട്ടനാടിന്റെ ചങ്കിലെ ചോരയിൽ കാന്താരി അരച്ചുകലക്കി കുടിക്കുന്ന ചട്ടമ്പി'യാണ്. ഒരു പ്രഖ്യാപിത സൂപ്പർഹീറോ സിനിമ അല്ലെങ്കിൽ കൂടിയും ആടുതോമയിലൂടെ മലയാളി ആഘോഷിച്ചതും സൂപ്പർഹീറോ സങ്കേതങ്ങളോട് ഇത്തരത്തിൽ ചേർന്നുനിൽക്കുന്ന ഒരു നായകാവതാരത്തെ തന്നെ ആയിരുന്നു. അത്തരത്തിൽ തന്റെ ശക്തിയെ അസാധാരണ സൂചികകളാൽ അടയാളപ്പെടുത്തുവാനുള്ള ആ കഥാപാത്രത്തിന്റെ തന്നെ ശ്രമം ‘ആടിന്റെ ചങ്കിലെ ചോര കുടിക്കും, അതാണെന്റെ ആരോഗ്യരഹസ്യം, അതാണെന്റെ ജീവൻ ടോൺ' എന്ന ഡയലോഗിൽ വ്യക്തമാണ്. അതുപോലെ തന്നെ സൂപ്പർഹീറോ സങ്കൽപ്പത്തിൽ കണ്ടുവരുന്ന ആക്ഷൻ ബിംബങ്ങളായ സൂപ്പർമാൻ പഞ്ച്, സ്‌പൈഡി സെൻസ് എന്നിവയ്ക്കു സമാനമായ ബിംബവത്കരണം ആടുതോമയുടെ കൈമുതലായ മുണ്ടുപറിച്ചടിയിലും കാണാം. എന്തിനേറെ, സൂപ്പർഹീറോ വസ്ത്രങ്ങൾക്ക് സമാനമായ ഒരു സൂചികയായാണ് ഇന്നും ആടുതോമയുടെ വസ്ത്രധാരണരീതി മലയാളി തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെയാണ് എന്തിനെയും സമാനമായ മീശയും റെയ്ബാൻ കണ്ണടയും കൊടുത്തുകൊണ്ട് ആടുതോമയോട് ചേർത്തുവെയ്ക്കുവാൻ ജനങ്ങൾക്കാവുന്നത്. എന്നാൽ സൂപ്പർഹീറോ ബിംബങ്ങൾക്ക് വിഭിന്നമായി അന്ന് ആടുതോമയുടെ അടയാളപ്പെടുത്തലിലെ അസാധാരണത്വം സംവദിക്കുന്നത് കാണിയുടെ അബോധത്തിലായിരുന്നു.

ആടുതോമയുടെ താരതമ്യങ്ങളില്ലാത്ത വിജയത്തിനുശേഷം പക്ഷെ മോഹൻലാൽ വെള്ളിത്തിരയിൽ മീശ പിരിച്ചത് പലപ്പോഴും തൊഴിലാളിവർഗത്തിന് ഗ്രഹിക്കാത്ത ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു. വൈകാതെ തന്നെ അത്തരം ചിത്രങ്ങൾ ജനങ്ങൾക്ക് മടുക്കുകയും കുറച്ചുകൂടി നാളുകൾ പിന്നിട്ടപ്പോൾ മലയാള സിനിമാ പ്രേക്ഷകർ കേവലം അസാധാരണ സൂചികകൾ കൊണ്ടുമാത്രം കഥാപാത്രത്തിന്റെ അമാനുഷിക അഭ്യാസമുറകൾ വിശ്വസിക്കാത്തവണ്ണം റിയലിസ്റ്റിക്ക് ആയി മാറുകയും ചെയ്തു.

ബേസിൽ ജോസഫ്

ഇന്നത്തെ കാലത്ത് ജനങ്ങൾ സിനിമയിൽ കാണുവാൻ ആഗ്രഹിക്കുന്ന തിന്മ വിലസുന്ന നാടിനെ കരുത്തുകൊണ്ട് നേരെയാക്കുന്ന, ഭരണത്തെ ഭയക്കാത്ത നായകകഥാപാത്ര സൃഷ്ടിക്ക് ഏറ്റവും ഉതകുന്ന സിനിമാറ്റിക്ക് സങ്കേതമെന്ന നിലയിലാണ് സൂപ്പർഹീറോയെ അടയാളപ്പെടുത്തുന്നത്. രക്ഷകരൂപമെന്ന ജനങ്ങളുടെ ആഗ്രഹം സ്‌ക്രീനിൽ അവതരിക്കുമ്പോൾ തന്നെ പരിപൂർണമായ അസാധാരണ സൂചികകളാൽ ഒരു അമാനുഷിക ബിംബത്തെ സൃഷ്ടിക്കുകയും അതുവഴി കാഴ്ചാനുഭവം വിശ്വാസയോഗ്യമാക്കുകയുമാണ് ഇന്ന് സൂപ്പർഹീറോ എന്ന സിനിമാറ്റിക്ക് സങ്കേതം. അത്തരത്തിൽ പരിപൂർണമായും അസാധാരണ സൂചികകളുമായി മിന്നലടിച്ചിട്ടും മരിക്കാത്ത, അസാധാരണ വേഗതയും ശക്തിയുമുള്ള പരിപൂർണ സൂപ്പർഹീറോയായി അവതരിച്ചിരിക്കുകയാണ് മലയാളി മനസ്സിൽ ഇന്ന് മിന്നൽ മുരളി.

ജെയ്‌സൻ തന്റെ അച്ഛന്റെ പെട്ടി പൊടിതട്ടി ‘മിന്നൽ മുരളിയെ' കണ്ടു പിടിക്കുമ്പോൾ മലയാളി കാണികൾ പൊടിതട്ടിയെടുക്കുന്നത് ജയൻ മുതൽ നീളുകയും തലമുറകൾ അബോധത്തിലൂടെ കൈമാറി വരുകയും ചെയ്ത മലയാളികളുടെ സ്വന്തം രക്ഷകരൂപം എന്ന ആഗ്രഹത്തെയാണ്​.

മിന്നൽ മുരളി തുടങ്ങുന്നതുതന്നെ കെട്ടകാലത്തെ രക്ഷകരോടുള്ള മനുഷ്യന്റെ ചരിത്രപരമായ ആസക്തിയെ സൂചിപ്പിച്ചുകൊണ്ടാണ്. പഴയ ദൈവീക നാടകത്തിൽ സാമൂഹിക അനീതി നടത്തുന്നവരെ അക്രമത്തിലൂടെ തന്നെ തോൽപ്പിക്കുന്ന പുണ്യാളന്റെ കുന്തവുമായുള്ള വരവും, നാടകം കാണുന്ന മുത്തശ്ശിയുടെ കണ്ണുനിറഞ്ഞുള്ള കയ്യടിയോടും കൂടി, മിന്നൽ മുരളിയുടെ സംവിധായകൻ ഇത്തരം രക്ഷകകഥാപാത്രങ്ങളുടെ ജനകീയ ചരിത്രത്തെ കൗതുക പൂർവ്വം അവതരിപ്പിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ നിന്ന്​ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറുവാൻ കാത്തുകിടക്കുന്ന ജെയ്‌സനിലൂടെ നീങ്ങുന്ന മിന്നൽ മുരളി സംവദിക്കുന്നതും കെട്ടകാലത്തോട് സമാനമായ വിരക്തിയുള്ള കാണികളോടാണ്. തങ്ങളുടെ കാലവും, നാടും ഭരണവുമെല്ലാം മാറിക്കിട്ടിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു ജീവിക്കുകയും ഇനി ഇത് മാറ്റുവാൻ ഒരു രക്ഷകൻ അവതരിക്കില്ല എന്ന വിരക്തിയും കാണികളെ ജയ്‌സനോട് കൂടുതൽ അടുപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. തനിക്ക് അമാനുഷിക കഴിവുകൾ ലഭിച്ചതിനു ശേഷവും സ്വാർത്ഥ താൽപ്പര്യങ്ങളിൽ ഭ്രമിച്ചു ജീവിക്കുന്ന ജെയ്‌സൻ ആദ്യമായി മിന്നൽ മുരളി എന്ന രക്ഷക ബിംബമായി അവതരിക്കുന്നത് നാട്ടിലെ പൊലീസുകാരെ നേരിട്ടുകൊണ്ടാണ്. ഈ രംഗത്തിന് മുൻപ് ജെയ്‌സൻ തന്റെ അച്ഛൻ എഴുതിയ മിന്നൽ മുരളി എന്ന നാടകത്തിന്റെ തിരക്കഥ കാണുന്ന രംഗം ജെയ്‌സനിലേക്ക് മാത്രല്ല ആകമാനം മലയാളികളിലേക്കാണ് തങ്ങൾ പാതിവഴിയിൽ മറന്നുവെച്ച സൂപ്പർഹീറോ രക്ഷക ബിംബത്തെ തിരിച്ചെത്തിക്കുന്നത്. തങ്ങളുടെ മനസ്സിന്റെ ഏതോ കോണിൽ നിലകൊണ്ടിരുന്ന സൂപ്പർഹീറോ എന്ന ആഗ്രഹം എങ്ങനെയാണോ മലയാളികളിൽ നിന്ന്​ ഒളിച്ചിരുന്നത്, അത്തരത്തിൽ തന്നെയാണ് ജെയ്‌സനിൽ നിന്ന്​ മിന്നൽ മുരളി എന്ന നാടകത്തിന്റെ തിരക്കഥ അത്രനാൾ ഒളിച്ചിരുന്നത്. ജെയ്‌സൻ തന്റെ അച്ഛന്റെ പെട്ടി പൊടിതട്ടി ‘മിന്നൽ മുരളിയെ' കണ്ടു പിടിക്കുമ്പോൾ മലയാളി കാണികൾ പൊടിതട്ടിയെടുക്കുന്നത് ജയൻ മുതൽ നീളുകയും തലമുറകൾ അബോധത്തിലൂടെ കൈമാറി വരുകയും ചെയ്ത മലയാളികളുടെ സ്വന്തം രക്ഷകരൂപം എന്ന ആഗ്രഹത്തെയാണ്​. തൊട്ടടുത്ത സീനിൽ ജോസ്‌മോനോട് ജെയ്‌സൻ, അമേരിക്കക്കാരായ സൂപ്പർഹീറോകളുടെ ‘പരിപാടി'യെ ക്കുറിച്ചു തിരക്കുമ്പോൾ മലയാളി തിരിച്ചറിയുന്നത് തങ്ങളുടെ ആഗ്രഹം ഇനിയും വിശ്വാസയോഗ്യമായി സ്‌ക്രീനിൽ കാണുമ്പോൾ കാലാനുസൃതമായി വരേണ്ട മാറ്റത്തിനെയുമാണ്. കാലങ്ങളായി അബോധത്തിൽ കഴിഞ്ഞ ഈ ആഗ്രഹത്തെ വിശ്വാസയോഗ്യമായി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയെ നേർക്കുനേർ കണ്ട് ആഹ്ലാദത്തിന്റെ മൂർച്ചയിലിരിക്കുന്ന മലയാളി കാണിക്കുമുൻപിലേക്കാണ് തൊട്ടടുത്ത രംഗത്തിൽ, ‘തീ മിന്നൽ തിളങ്ങി, കാറ്റും കോളും തുടങ്ങി, നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി' എന്ന പാട്ടിന്റെ ആരവത്തോടുകൂടി ഒരു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയുമിടിച്ചു നിലംപരിശാക്കി മിന്നൽ മുരളി ആദ്യമായി അവതരിക്കുന്നത്. മലയാള സിനിമയിലെ രക്ഷകരൂപ ചരിത്രങ്ങളുടെ ആകെ ഓർമയെ തിരിച്ചുപിടിക്കുന്ന നിമിഷം എന്ന നിലയിൽ കൂടിയാണ് ഈ രംഗത്തെ ഒന്ന് മുഷ്ഠി ചുരുട്ടാതെയോ ആവേശത്തോടെ ഒന്ന് കസേരപ്പിടിയിൽ കൈവെക്കാതെയോ കണ്ടുതീർക്കുവാൻ മലയാളിക്ക് ആവാത്തത്. പിന്നീട് മിന്നൽ മുരളി ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും ആഹ്ലാദത്തിൽ മതിമറക്കുകയാണ് മലയാളികൾ, ഈ ആവേശത്തെ വിട്ടു കളയുവാനാകാതെയാണ് വീണ്ടും വീണ്ടും വരകളിലും, ഫോട്ടോകളിലും, വീഡിയോകളിലുമായി അവർ മിന്നൽ മുരളിയെ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

ദി കിംഗ് എന്ന സിനിമയിൽ മമ്മൂട്ടി

മലയാളത്തിലെ മുൻ രക്ഷക കഥാപാത്ര സൃഷ്ടികൾ പൊതുവെ അവരുടെ രക്ഷക കർത്തവ്യത്തിന് കാരണങ്ങളായി, അവരുടെ സാമൂഹിക പശ്ചാത്തലം നിരത്തുന്നവരായിരുന്നില്ല. ഭരത്ചന്ദ്രനോ, ജോസഫ് അലക്സ് തേവള്ളിപറമ്പിലോ പോലുള്ള കഥാപാത്രങ്ങൾ അവരുടെ ആദർശ ധീരതക്ക് സാമൂഹികമായ വായനക്കുള്ള ഇടം തിരക്കഥയിൽ അവശേഷിപ്പിക്കാത്തവരാണ്. ഇവിടെയാണ് മിന്നൽ മുരളിയുടെ തിരക്കഥാ ശില്പികളായ അരുൺ അനിരുദ്ധനും, ജസ്റ്റിൻ മാത്യുവും വ്യത്യസ്തരാകുന്നത്. ജെയ്‌സന്റെ മിന്നൽ മുരളിയായുള്ള മാറ്റത്തെ കേവലം ദൈവികമായ (divine) ഒരു തിരഞ്ഞെടുപ്പായല്ല മിന്നൽ മുരളി വായിക്കുവാൻ നൽകുന്നത്. ജെയ്‌സൻ സൂപ്പർഹീറോയായി തിരഞ്ഞെടുക്കപ്പെടുന്നതിനെ സാമൂഹിക വായനകൾക്കുകൂടി വിട്ടുനൽകാനുള്ള തിരക്കഥാകൃത്തുകളുടെ കൃത്യമായ ശ്രമമാണ് ഷിബുവിന്റെ കഥാപാത്ര സൃഷ്ടി. അമാനുഷിക ശക്തികൾക്കുമുൻപേ തന്നെ ജെയ്‌സനും ഷിബുവും തമ്മിലുള്ള സാമൂഹികാന്തരം സിനിമ വ്യക്തമാക്കുന്നുണ്ട്. രണ്ടുപേരും കുറുക്കൻമൂലക്കാരല്ലെങ്കിൽ കൂടിയും പൊതുമധ്യത്തിലെ ‘വരത്തൻ' ചാപ്പയിൽ നിന്ന്​ രക്ഷപ്പെടാൻ ജെയ്‌സനു മാത്രമേ ആകുന്നുള്ളൂ, ജെയ്‌സന്റെ അച്ഛന്റെ കഥ അഭിമാനപുരസരം രക്ഷകരൂപമായി തന്നെ വെളിവാകുമ്പോൾ ഷിബുവിന് തന്റെ അമ്മയുടെ ഭ്രാന്തിൽ നിന്ന്​ സാമൂഹികമായും മാനസികമായും മോചനം ലഭിക്കുന്നില്ല, എന്തിനേറെ ഷിബുവിന്റെ വീടു പോലും അയൽവാസികളില്ലാത്ത വിധം കുറുക്കൻമൂലയിലെ ഒറ്റപ്പെട്ട മൂലയിലാണെന്ന് സിനിമ ബോധപൂർവം തന്നെ ചിത്രീകരിക്കുന്നുണ്ട്. മിന്നൽ മുരളി ഷിബുവിന് നൽകുന്ന ഓരോ ഇടിയിലും കയ്യടിച്ചുകൊണ്ട് ഷിബുവെന്ന വില്ലനെ വെറുക്കുമ്പോൾ തന്നെ ഷിബുവിനെ നിർമിച്ച സാമൂഹിക സാഹചര്യങ്ങളോട് സഹതപിക്കാതെ ഒരു മിന്നൽ മുരളി കാഴ്ചയും പൂർണമാവാത്ത വിധത്തിൽ സൂക്ഷ്മതയോടെയാണ് തിരക്കഥാകൃത്തുകൾ തങ്ങളുടെ ദൗത്യം നിർവഹിച്ചിരിക്കുന്നത്. സൂപ്പർഹീറോയെ നിർമിച്ച അതേ മിന്നലിന്റെ അടിയേറ്റിട്ടും വില്ലനായി മാറിയ ഷിബുവും, നാടിനെ ആകമാനം ക്‌ളൈമാക്‌സിൽ ഒരു ബ്രൂസ്​ലി കിക്ക് കൊണ്ട് രക്ഷിച്ചിട്ടും കുറുക്കൻമൂലക്കാരിൽ നിന്ന്​ രക്ഷകപരിവേഷം നേടാതെ ഭൂമിക്കടിയിൽ തന്നെ നിന്നുപോയ ബിജിയും ബോധപൂർവം ഭാവിയിൽ സൂപ്പർഹീറോ സങ്കേതത്തിൽ വരേണ്ട പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയവും, ആവശ്യവും പറഞ്ഞു വയ്ക്കുന്നുണ്ട്.

ഷിബുവെന്ന വില്ലനെ വെറുക്കുമ്പോൾ തന്നെ ഷിബുവിനെ നിർമിച്ച സാമൂഹിക സാഹചര്യങ്ങളോട് സഹതപിക്കാതെ ഒരു മിന്നൽ മുരളി കാഴ്ചയും പൂർണമാവാത്ത വിധത്തിൽ സൂക്ഷ്മതയോടെയാണ് തിരക്കഥാകൃത്തുകൾ തങ്ങളുടെ ദൗത്യം നിർവഹിച്ചിരിക്കുന്നത്

നാടിന് രക്ഷകനായി അവതരിക്കുന്ന പുണ്യാളന്റെ മായയിൽ കയ്യടിക്കുന്ന ജനതയെ കുറിച്ചുള്ള കൗതുകത്തിൽ തുടങ്ങുന്ന ബേസിൽ ജോസഫിന്റെ മിന്നൽ മുരളി അവസാനിക്കുന്നത് പുണ്യാളന് സമാനമായി ചാടി ഉയർന്ന് ഷിബുവിന്റെ ചങ്കിൽ കുന്തം തറക്കുന്ന മിന്നൽ മുരളിക്കായി പ്രേക്ഷകർ കയ്യടിക്കുമ്പോളാണ്. പുണ്യാളൻ മുതൽ സൂപ്പർഹീറോ വരെ നീണ്ടുകിടക്കുന്ന മലയാളി പോപ്പ് കൾച്ചറിലെ രക്ഷകരൂപങ്ങളുടെയും അവയിൽ കാലനുസൃതമായി വന്ന മാറ്റങ്ങളുടെയും ചരിത്രം കൂടിയാണ് മിന്നൽ മുരളി എന്ന സിനിമാ അനുഭവം. ഈ ചരിത്രത്തിന്റെ എല്ലാ വേളയിലും മലയാളികൾ സൂപ്പർഹീറോയെ ആഗ്രഹിച്ചിരുന്നുവെന്ന തിരിച്ചറിവും അതുകൊണ്ടുതന്നെ യാതൊരു കാലത്തിലും തങ്ങളെ പ്രതിഷ്ഠിക്കാതെ ഇരിക്കാനുള്ള ശ്രമവും അണിയറ പ്രവർത്തകർ നടത്തിയിട്ടുണ്ട്. മിന്നൽ മുരളി നടക്കുന്നത് കുറുക്കൻമൂലയിലാണെങ്കിൽ കൂടിയും അത് ഏതുകാലത്താണെന്നോ ഭൂപടത്തിൽ ഏതുസ്ഥലത്താണെന്നോ വെളിവാക്കുന്ന സൂചികകളെ സിനിമയിൽ മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്, കാരണം മിന്നൽ മുരളിയിലൂടെ ആഘോഷമാവുന്ന സൂപ്പർഹീറോ സങ്കേതം മലയാളിയുടെ രക്ഷകരൂപങ്ങളോടുള്ള ആഗ്രഹ ചരിത്രത്തിന്റെ ആകത്തുകയാണ്. ടെയ്ൽ എൻഡിൽ, ‘പോകുന്നില്ല, എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങളൊക്കെ ചെയ്തു തീർക്കാനുണ്ട്' എന്ന്​ ജെയ്‌സൻ പറയുമ്പോൾ അത് കുറുക്കുൻമൂലയുടെ രക്ഷകനായി ഇനിയും മിന്നൽ മുരളി തുടരുമെന്നുമാത്രമല്ല മലയാളി സിനിമാ പ്രേക്ഷകരോട് സംവദിക്കുന്നത്, നിങ്ങളുടെ ഓൺ-സ്‌ക്രീൻ ആഗ്രഹങ്ങളുടെ പ്രതീകമായി, കരുത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന രക്ഷക ബിംബമായി, ഈ സൂപ്പർഹീറോ സങ്കേതം മലയാള സിനിമയിൽ തുടരും എന്നും കൂടിയാണ്. അതുകൊണ്ടാണ് മിന്നൽ മുരളി തീരുന്ന ആ നിമിഷം, അണിയറ പ്രവർത്തകരുടെ യാതൊരുവിധ ഉറപ്പുപോലും കിട്ടാതെ മിന്നൽ മുരളി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് മലയാളി തുടങ്ങിയത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments