കാർത്തിക പെരുംചേരിൽ: ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമ നമ്മൾ ഇതുവരെ അനുഭവിക്കാത്ത, കാണാത്ത ഒരു ജീവിതപശ്ചാത്തലത്തെ ഫാന്റസിയും യാഥാർഥ്യവുമൊക്കെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയാണ്. ഒരു മിത്തിക്കൽ കഥ എന്നതിനപ്പുറത്തേക്ക് ജാതിയടക്കമുളള നിരവധി സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. യഥാർഥത്തിൽ ജാതിവിവേചനത്തിന്റെ ഇരയാണ് മാണിക്യം. പഴയ കാലത്തെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് എത്രത്തോളം ധാരണയോടെയാണ് ഈ കഥാപാത്രത്തെ സമീപിച്ചത്?
സുരഭി ലക്ഷ്മി: തീർച്ചയായും, ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രത്തിന്റെ സാമൂഹ്യ സാഹചര്യമടക്കമുള്ള നിരവധി കാര്യങ്ങൾ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. സിനിമയുടേതായ ഒരു സാഹചര്യം നമ്മൾ പരിഗണിക്കേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന്റെ മാനസികാവസ്ഥ മനസിലാക്കാൻ അവർ ജീവിച്ചിരുന്ന സാമൂഹ്യ സാഹചര്യത്തിന്റെ അവസ്ഥ എന്താണെന്ന് കൂടി മനസിലാക്കേണ്ടി വരും. അങ്ങനെയാണ് ഞാൻ പലപ്പോഴും കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നത്. ആ സാഹചര്യം മാത്രം പഠിച്ചതുകൊണ്ട് കാര്യമില്ല. ആ സാമൂഹ്യ സാഹചര്യത്തിലൂടെ കഥാപാത്രം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക മാറ്റങ്ങൾ എങ്ങനെയായിരിക്കും എന്നകാര്യത്തിനാണ് കൂടുതൽ ഊന്നൽ നൽകിയിരുന്നത്.
മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിലാണ് മാണിക്യമെന്ന കഥാപാത്രം ഉൾപ്പെടുന്നത്. പ്രണയത്തിലായാലും പകയിലായാലും മണിയന് മുകളിൽ ഒരു ഡോമിനേഷൻ മാണിക്യത്തിന് ലഭിക്കുന്നുണ്ട്. അത് സിനിമയിൽ നിന്ന് കൃത്യമായി തന്നെ പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ട്. യഥാർഥത്തിൽ മാണിക്യത്തിന്റെ പകയുടെയും പ്രതികാരത്തിന്റെയും കഥയല്ലേ അജയന്റെ രണ്ടാം മോഷണം?
മാണിക്യം അനുഭവിച്ച നീതികേട് തന്നെയാണ് ആ വിളക്ക് മോഷ്ടിക്കാൻ മണിയന് പ്രചോദനമായത്. അത് എന്ത് വിലകൊടുത്തും അയാൾ മോഷ്ടിക്കും. അത് യഥാർഥ വിളക്കല്ലെന്ന് തിരിച്ചറിയുമ്പോൾ വീണ്ടും അത് കണ്ടെത്താൻ പോവുകയാണ്. അങ്ങനെ തേടിപ്പിടിക്കുന്ന വിളക്ക് മാണിക്യത്തിന്റെ കയ്യിൽ കൊണ്ടുകൊടുക്കുന്നത് അവരുടെ പ്രണയതീവ്രത കൊണ്ടാണ്. അങ്ങനെ നോക്കുമ്പോൾ മാണിക്യത്തിന്റെ പ്രതികാരത്തിന്റെയും പകയുടെയും കഥയാണ് സിനിമ. അതുകൊണ്ട് തന്നെയാണ് മണിയന്റെ മരണത്തിനുശേഷവും ഒരു നാടിനെ ജയിച്ച കള്ളനാണ് നിന്റെ അച്ഛാച്ചൻ എന്ന് മാണിക്യം തന്റെ കൊച്ചു മകന് പറഞ്ഞുകൊടുക്കുന്നത്. മണിയനെന്ന ഭർത്താവിനെയോർത്ത് അത്രകണ്ട് അവർ അഭിമാനിക്കുന്നുണ്ട്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നയാളാണ് മണിയൻ. മണികെട്ടിയിട്ട് ഒരാളും കക്കാൻ പോവില്ലല്ലോ. നിശബ്ദതയിലാണ് സാധാരണഗതിയിൽ മോഷണങ്ങൾ നടക്കുന്നത്. ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്. മണികെട്ടി കോലാഹലങ്ങൾ സൃഷ്ടിച്ച് ആളുകളുടെ കൺമുന്നിൽ നിന്നാണ് മണിയൻ മോഷ്ടിക്കുന്നത്. കുഞ്ഞിക്കേളുവിന്റെ ഭാഗത്തേക്ക് വരുമ്പോൾ, തന്റെ നാട്ടിൽ നിന്നും കൊണ്ടുപോയൊരു വിളക്ക് തിരിച്ച് അവിടേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെപ്പറ്റിയാണ് പറയുന്നത്. അജയനും വിളക്ക് കണ്ടെത്തുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യമായി മാറുന്നത്. ലക്ഷ്മിയെ സ്വന്തമാക്കുക എന്നതല്ല, മറിച്ച് വിളക്ക് കണ്ടെത്തുക എന്നതാണ് അജയന്റെ മുന്നിലെ പ്രധാന ടാസ്ക്. നാട്ടുകാരുടെ മുന്നിൽ കള്ളനാകാതിരിക്കാനാണ് അയാൾ വിളക്ക് കണ്ടെത്താൻ പോകുന്നത്. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ഇതൊരു പ്രതികാര കഥയാണെന്ന് തന്നെ പറയേണ്ടി വരും.
മണിയനും മാണിക്യവും ഒരുമിച്ച് വരുന്ന ഒരു സീനിൽ മാണിക്യത്തിന്റെ കണ്ണിൽ മണിയനോടുള്ള അതിതീവ്ര പ്രണയം കാണാം. അതേസമയം തന്നെ അപമാനിച്ച പൊലീസുകാരനോടുള്ള വെറുപ്പും പകയും വ്യക്തമാണ്. ഇത്തരത്തിൽ പലവിധ വികാരങ്ങളെ ഒരേ സമയത്ത് അവതരിപ്പിക്കുകയെന്നത് വെല്ലുവിളിയാണ്. മാണിക്യമെന്ന കഥാപാത്രം അത്ര ആഴത്തിൽ ഉൾക്കൊണ്ടെങ്കിൽ മാത്രമാണല്ലോ ഇത്തരത്തിൽ സൂഷ്മാഭിനയം കാഴ്ചവെക്കാൻ കഴിയൂ. ഈ സിനിമ ഏതൊക്കെ തരത്തിലാണ് സുരഭിയെന്ന നടിയെ വീണ്ടും മിനുക്കിയെടുക്കാൻ സഹായിച്ചത്?
ആഴത്തിൽ പഠിക്കുമ്പോഴാണ് കഥാപാത്രങ്ങളിലേക്ക് ഇത്ര സൂക്ഷ്മമായി ഇറങ്ങിച്ചെല്ലാൻ സാധിക്കുന്നത്. സുരഭിയെന്ന നടിയെ രൂപപ്പെടുത്തുന്നതിൽ ഈയൊരു സിനിമ മാത്രമല്ല, ഇതുവരെ ചെയ്തിട്ടുള്ള എല്ലാ സിനിമകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏതൊരു നടിയും നടനും സ്വയം പുതുക്കിയെടുക്കലിന് തയാറായെങ്കിൽ മാത്രമെ മുന്നോട്ടുപോകാനുള്ള ഊർജം ലഭിക്കുകയുള്ളു. ഏതൊരു മനുഷ്യനും സ്വയം പരിവർത്തനങ്ങൾ വിധേയമാകേണ്ടതുണ്ട്. അത് കലയിലായാലും ജീവിതത്തിലായാലും. അത്തരത്തിൽ ഇതുവരെ ചെയ്തിട്ടുള്ള എല്ലാ സിനിമകളും ഒരു നടിയെന്ന നിലയിൽ എന്നെ മിനുക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. അജയന്റെ രണ്ടാം മോഷമെന്ന സിനിമയിലേക്ക് വരുമ്പോൾ, മാണിക്യവും മണിയനും തമ്മിലുള്ള പ്രണയവും അതിന്റെ തീവ്രതയുമൊക്കെ ഇത്തരത്തിൽ ആഴത്തിൽ പഠിച്ചതുകൊണ്ടാണ് മനസിലാക്കാൻ സാധിച്ചത്. ഒരു നോട്ടം കൊണ്ടുപോലും പരസ്പരം മനസിലാക്കുന്നത്രയും ആഴത്തിൽ പ്രണയം ഉള്ളിലുള്ള മനുഷ്യരാണ് മണിയനും മാണിക്യവും. ഇത്തരത്തിൽ കഥാപാത്രത്തിലേക്കുള്ള യാത്രയിൽ പലകാര്യങ്ങളും പഠിക്കേണ്ടി വന്നിട്ടുണ്ട്. കുമാരി എന്ന സിനിമയിലും പത്മ എന്ന സിനിമയിലുമൊക്കെ ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നിലെ നടിയ എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം ഒരു വലിയ ക്യാൻവാസിൽ ചെയ്ത ചിത്രമാണ്. അത് തിയേറ്ററിൽ വലിയ വിജയമാവുകയും കൂടി ചെയ്തതോടെയാണ് എല്ലാവരിലേക്കും മാണിക്യമെന്ന കഥാപാത്രം എത്തിയത്. അതിൽ ഒരുപാട് സന്തോഷവുമുണ്ട്. ഏത് കഥാപാത്രം എന്റെ മുന്നിൽ വന്നാലും അതിനെ മികച്ചതാക്കാനുള്ള ആത്മാർഥ ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. നാടകവും ഇതുവരെ ചെയ്ത സിനിമയുമൊക്കെ നൽകിയ അഭിനയത്തിന്റെ പാഠങ്ങളാണ് എന്നിലെ നടിയെ മിനുക്കിയെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്.
മലയാളത്തിൽ കലാമൂല്യമുള്ളതും സാമ്പത്തികമായി വിജയം നേടുന്നതുമായ സിനിമകൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അതേ സമയത്താണല്ലോ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്. ഇത് ഏത് തരത്തിലാണ് സിനിമയിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ പോവുന്നത്? ഇനിയെങ്കിലും സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനാവുന്ന ഒരിടമായി നമ്മുടെ ചലച്ചിത്രലോകം മാറുമെന്ന് പ്രതീക്ഷയുണ്ടോ?
എല്ലാ കാര്യത്തിലും കൃത്യമായൊരു വ്യവസ്ഥയുണ്ടാകുന്നതിനോട് എനിക്ക് പൂർണ യോജിപ്പാണ്. ഞങ്ങൾക്ക് എല്ലാവർക്കും അക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. സിനിമയെ സംബന്ധിച്ച് ഞങ്ങളുടെ തൊഴിലിടം ഓരോ സിനിമയിലും ഓരോന്നാണ്. ഒരു ഓഫീസ് സാഹചര്യത്തിലല്ല ഞങ്ങൾ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഇൻഡസ്ട്രിയിലെ പോലെ ഏക രൂപത്തിലുള്ള സിസ്റ്റം രൂപപ്പെടുത്താനും ബുദ്ധിമുട്ടാണെന്നത് ഒരു വസ്തുതയാണ്. ഇപ്പോൾ ചർച്ച ഒരു ഭാഗത്തേക്ക് മാത്രം തിരിഞ്ഞു പോവുകയാണ് ചെയ്യുന്നത്. റിപ്പോർട്ടിൽ പറയുന്ന മറ്റ് വിഷയങ്ങളും ചർച്ചചെയ്യേണ്ടതുണ്ട്. പക്ഷെ റേറ്റിംഗ് കൂടുതലുള്ള വിഷയങ്ങളിൽ മാത്രമാണ് നിലവിൽ ഫോക്കസ് ചെയ്യുന്നത്. അത്തരം വിഷയങ്ങളിലേക്ക് മാത്രമായിരിക്കുമല്ലോ കൂടുതൽ ശ്രദ്ധ പോകുന്നത്. അതുകൊണ്ട് പല ഗുരുതര വിഷയങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.
2005 മുതൽ ഇൻഡസ്ട്രിയിലുള്ള വ്യക്തിയാണ് ഞാൻ. പേരില്ലാത്ത റോളുകൾ പോലും തുടക്കകാലത്ത് ചെയ്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റിന്റെ തൊട്ട് മുകളിൽ മാത്രമായിരുന്നു അന്നൊക്കെ എന്റെ സ്ഥാനം. ആ സമയത്തൊക്കെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട സാഹചര്യം വരെ എനിക്കുണ്ടായിട്ടുണ്ട്. അന്നൊന്നും ക്യാരവാൻ ഉണ്ടായിരുന്നില്ല. ക്യാരവാൻ വന്ന സമയത്തും അതിനകത്ത് കയറാനോ എന്താണ് അതിലെന്ന് അറിയാനോ നമ്മളെ പോലെയുള്ള അഭിനേതാക്കൾക്ക് സാധിച്ചിരുന്നില്ല. ഒരിക്കൽ അടിയന്തര സാഹചര്യത്തിൽ ക്യാരവാനിൽ കയറി വസ്ത്രം മാറിയതിന് എനിക്ക് നല്ല വഴക്ക് കിട്ടിയിട്ടുണ്ട്. ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാതെ നിന്നിരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എ.സി റൂം ബുക്ക് ചെയ്ത് തന്നിട്ട് അതിന്റെ റിമോട്ട് തരാതിരിക്കുകയും വാഹന സൗകര്യം ഏർപ്പാടാക്കി തരാതിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആർത്തവ സമയത്തൊക്കെയാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. എല്ലാവരും മനുഷ്യന്മാരാണല്ലോ… ഇത് അഭിനേതാക്കളുടെ മാത്രം പ്രശ്നമല്ല. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.