തുറന്ന തടവറയിൽനിന്ന്
അടഞ്ഞ തടവറയിലേക്ക് ഒരു സ്ത്രീജിവിതം

ജീവിതമെന്ന തുറന്ന തടവറയിലെ ദുരിതപരീക്ഷണങ്ങളെ അതിജീവിക്കാൻ കഴിയാതെ ഭരണകൂടത്തിന്റെ നേരിട്ടുള്ള ജയിൽ എന്ന തടവറയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന അംഗനവാടി അധ്യാപികയുടെ കഥയാണ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫാസിൽ റസാഖിന് നവാഗത സംവിധായകനുള്ള രജതചകോരം നേടിക്കൊടുത്ത 'തടവ്’.

28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം നേടിയ ചിത്രമാണ് ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്’ ( The Sentence). ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദ‍ർശനത്തിന് അർഹത നേടിയ രണ്ട് മലയാള സിനിമകളിൽ ഒന്നായിരുന്നു ഈ ചിത്രം. ഏറ്റവും പ്രേക്ഷകപ്രീതി നേടിയ സിനമയായും ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷത്തെ മുംബൈ ജിയോ മാമി ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമ കൂടിയാണ് തടവ്.

ജീവിതമെന്ന തുറന്ന തടവറയിലെ ദുരിതപരീക്ഷണങ്ങളെ അതിജീവിക്കാൻ കഴിയാതെ ഭരണകൂടത്തിന്റെ നേരിട്ടുള്ള ജയിൽ എന്ന തടവറയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗീതയെന്ന (ബീന ആർ. ചന്ദ്രൻ) അംഗനവാടി അധ്യാപികയുടെ കഥയാണ് ഫാസിൽ റസാഖ് ഏറ്റവും സ്വാഭാവികതയോടെ പറയുന്നത്. തങ്ങളുടേതായ ഒരു ജീവിതം നെയ്തെടുക്കാനുള്ള തത്രപ്പാടിൽ സാധാരണ സ്ത്രീകൾ അനുഭവിക്കുന്ന സങ്കടങ്ങളാണ് സംവിധായകൻ ദൃശ്യങ്ങളാൽ കോറിയിടുന്നത്. സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങൾക്കു നേരെ ഫാസിൽ റസാക്ക് പിടിച്ച കണ്ണാടി ഏറെ തെളിമയുള്ള ഇമേജുകളാണ് പ്രദാനം ചെയ്യുന്നത്. ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളെ അവരുടെ സമഗ്രമായ വികാരവിചാരങ്ങളോടെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളുടെ ജൈവികമായ ഒഴുക്ക് സൃഷ്ടിക്കുന്നതിൽ ആഖ്യാനത്തിലും ക്രാഫ്റ്റിലും കാണിച്ച ജാഗ്രതയും സൂക്ഷ്മതയും സിനിമയെ മികച്ച ദൃശ്യാനുഭവമാക്കിത്തീർക്കുന്നു.

രണ്ട് വിവാഹബന്ധങ്ങൾ തകർന്നശേഷം കുടുംബത്തിന്റെ ഘടനക്കു പുറത്തുവന്ന ഗീതയുടെ ജീവിതസമരം സ്ത്രീകൾ സാധാരണയായി അധികം പ്രകടിപ്പിക്കാതെ അമർത്തിവെക്കുന്ന പിടച്ചിലുകൾ ഉൾച്ചേർന്നതാണ്. സഹനം, പ്രണയം, വൈരാഗ്യം, സൗഹൃദം, അലിവ്, നിസ്സഹായാത തുടങ്ങി എല്ലാ മാനുഷിക വികാരങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. ഇതിനിടയിൽ നാട്ടിൻപുറത്തെ ജീവിതത്തിന്റെ കൊച്ചു കൊച്ചു വാസ്തവങ്ങൾ അതീവചാരുതയോടെ ഫാസിൽ റസാഖ് അഭ്രപാളികളിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. പരാമ്പരാഗത കുടുംബഘടനക്കുപുറത്ത് ജീവിക്കുന്ന ഒരു മലയാളി മധ്യവർഗ സ്ത്രീയുടെ ജീവിതത്തെ റിയലിസ്റ്റിക്കായി വരച്ചുകാട്ടുന്ന ചിത്രത്തിൽ ഓരോ കഥാപാത്രവും കാതലുള്ള സ്വതന്ത്ര വ്യക്തികളാണ്. കുടുംബത്തിന് പുറത്തെ ഗീതയുടെ സൗഹൃദങ്ങളെ ആർജ്ജവത്തോടെ അവതരിപ്പിക്കുന്നു എന്നത് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാട്ടാൻ കഴിയും. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ നിറയുന്ന അനിശ്ചിതത്വങ്ങളും അപ്രവചനീയതയും കാൽപ്പനികവത്കരിക്കാതെ സിനിമ പകർത്തുന്നു. പ്രമേയത്തെ ലൗഡ് ആയി ഉയർത്തിനിർത്താതെ ക്ലോസപ്പുകളും മിഡ്ഷോട്ടുകളും ഉപയോഗിച്ച് കഥാപാത്രങ്ങളുടെ ആന്തരികലോകവും പരിസരങ്ങളും ആവിഷ്കരിക്കാനാണ് സിനിമയിൽ ശ്രമിച്ചത്. അതിനാൽ വിദൂരദൃശ്യങ്ങളോ വൈഡ് ഫ്രെയിമുകളോ വളരെ കുറവാണ് സിനിമയിൽ.

‘തടവ്’ എന്ന സിനിമയില്‍ ബീന ആർ. ചന്ദ്രൻ

ജീവിതത്തിൽ ഏതു വേദനയുടെ തീ തിന്നുതീർക്കുന്നവർക്കും ആശ്വാസത്തിന്റെ നാളുകളിലേക്ക് കടക്കുന്ന ഒരു മുഹൂർത്തമുണ്ടാവും സാധാരണയായി. എന്നാൽ ഗീതയുടെ ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി യാതനയുടെ കുത്തിയൊഴുക്കാണ്. അമ്പതുകളിലേക്ക് കാലെടുത്തവച്ച ഗീതയുടെ ജീവിതത്തിലേക്ക് കഷ്ടപ്പാടുകളുടേയും നിർഭാഗ്യങ്ങളുടേയും പ്രതിസന്ധികളുടേയും ഇടവിട്ടുള്ള കടന്നുവരവാണ് സംഭവിക്കുന്നത്. ഒരുതരത്തിലും അതിജീവിക്കാൻ കഴിയാതെ രോഗാവസ്ഥയും കൂടിയാവുമ്പോൾ അതു പൂർണ്ണമാവുന്നു. പരാജയപ്പെട്ട രണ്ടു വിവാഹബന്ധങ്ങളുടെ ഭാരങ്ങളും ആധിയും സ്വതവേ കൂടെയുണ്ട്. അതിനു പുറമേയാണ് വിടാതെ പിന്തുടരുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ. ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായവൾ എന്ന ആക്ഷേപം എല്ലാറ്റിനും മീതെ ഏൽക്കേണ്ടിയും വരുന്നു. എന്നാൽ ഓരോ സന്ദർഭത്തിലും തന്റേതായ ശരികളോടെ അതിജീവിക്കാൻ ശ്രമിക്കുന്ന കരുത്തയാണ് ചിത്രത്തിൽ ഗീത.

ജീവിതാനുഭവങ്ങൾ രൂപപ്പെടുത്തിയ സ്ത്രീയാണവൾ. വളരെ തുറന്ന രീതിയിൽ പ്രതികരിക്കുന്ന സ്ത്രീ. മുഖ്യധാരാ സിനിമകളിൽ നാം കാണുന്ന മിനുക്കുപണി ചെയ്യപ്പെട്ട കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഫാസിൽ റസാഖ് അവതരിപ്പിച്ചിരിക്കുന്നത്. ഗീതയെ നന്മമരമായി ഇതിൽ അവതരിപ്പിച്ചിട്ടില്ല. അവൾ ദുഃഖപുത്രിയും അല്ല. വൃദ്ധയായ ഒരു മുസ്‍ലിം സ്ത്രീയെ അവൾ അകാരണമായി രൂക്ഷഭാവത്തിൽ നോക്കുന്നത് കാണാം. പലപ്പോഴും സുഹൃത്തുക്കളോടും വേണ്ടപ്പെട്ടവരോടും പൊട്ടിത്തെറിക്കുന്നുണ്ട് ഗീത. അവൾ കുട്ടികളോടൊപ്പം പാടുകയും ആടുകയും ചെയ്യുന്നുണ്ട്. പാട്ടും ആട്ടവും യാതന നിറഞ്ഞ ജീവിതസന്ദർഭങ്ങളിലെ രക്ഷാമാർഗമാണ് സ്ത്രീകൾക്ക് പലപ്പോഴും. ഇളയ മകളെ കാണാനുള്ള വെമ്പൽ എങ്ങനെയെങ്കിലും പ്രായോഗികമാക്കുമ്പോൾ മുൻഭർത്താവിന്റെ എതിർപ്പുകൾക്കോ കോടതിയുടെ തീട്ടൂരങ്ങൾക്കോ ഗീതയെന്ന അമ്മ വലിയ വില കൽപ്പിക്കുന്നില്ല. ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ സങ്കീർണ്ണമായ എല്ലാ ഭാവങ്ങളോടും ചെയ്തികളോടും കൂടിയാണ് ഗീത സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈ ക്യാരക്ടറൈസേഷൻ സിനിമയുടെ ഏറ്റവും വലിയ സവിശേഷതയും ശക്തിയുമായി അനുഭവപ്പെടുന്നുണ്ട്.

പ്രേക്ഷകരുടെ മുൻവിധിയേയോ പ്രേക്ഷകർ ഇത്തരം യഥാതഥ ചിത്രീകരണം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയോ സംവിധായകനെ തെല്ലും സ്വാധീനിച്ചില്ല എന്ന കാര്യം ആശാവഹമായ ഒന്നാണ്. ഗീതയുടെ ഈ സ്വഭാവത്തെക്കുറിച്ച് സുഹൃത്ത് നടത്തുന്ന പരാമർശവും കൂടി ഇവിടെ ഓർക്കാവുന്നതാണ്. ജനങ്ങൾക്കിടയിലെ ഗീതയുടെ ഇമേജിനെക്കുറിച്ച് സുഹൃത്തിന്റെ പരാമർശം വരുന്നത് ചികിത്സക്ക് ഫണ്ട് ശേഖരണം നടത്താം എന്ന നിർദ്ദേശം ഉയർന്നുവരുമ്പോഴാണ്.

‘തടവി’ന്റെ സംവിധായകന്‍ ഫാസില്‍ റസാഖ്

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് ഗീതയുടെ സുഹൃത്തും ബാങ്ക് ജീവനക്കാരനുമായ ഹംസ (പി.പി. സുബ്രഹ്മണ്യൻ). സൗഹൃദത്തിന്റെ പേരിൽ ഇത്രയും അടുപ്പം കാണിക്കുകയും എല്ലാ പ്രതിസന്ധികളിലും ഒപ്പം നിൽക്കുകയും ചെയ്യുന്ന ഒരു ആൺസുഹൃത്ത് വളരെ റിയലിസ്റ്റിക്കായി അനുഭവപ്പെടുന്നത് കഥാപാത്ര സൃഷ്ടിയിൽ സംവിധായകന് വരുത്താൻ സാധിച്ച തന്മയത്വം കൊണ്ടാണ് എന്നുവേണം നിരീക്ഷിക്കാൻ. ഓരോ സന്ദർഭത്തിലും കൂടെ നിൽക്കുന്ന സുഹൃത്ത് ചെറിയ ആശ്ചര്യമുളവാക്കുമ്പോഴും വളരെ സ്വാഭാവികവുമാണ്. ഗീതയുടെ മറ്റൊരു സുഹൃത്തായ ഉമയും (അനിത എം.എൻ.) ചങ്ങാതിയെന്ന നിലയിൽ ഏതറ്റം വരേയും പോകാൻ തയ്യാറായ ഒരാളാണ്. ഇവർക്കിടയിലുള്ള വിനിമയങ്ങളും സമാഗമങ്ങളും വരുന്ന രംഗങ്ങൾ തികച്ചും സ്വാഭാവികവും ജീവസ്സുറ്റതുമായി. ഗീതയുടെ ആദ്യബന്ധത്തിലെ മകൾ നീതുവും (ഹരിത പി.) അവളുടെ പ്രണയിതാവായ ഓട്ടോ ഡ്രൈവർ സുജിത്തും (ഇഷാഖ് മുസാഫിർ) ഇതിലെ പ്രധാന കഥാപാത്രങ്ങളായി വളർന്ന് വികസിക്കുന്നുണ്ട്. സംവിധായകൻ ഇതിലെ കഥാപാത്രങ്ങളൊരാളേയും വഴിയിൽ ഉപേക്ഷിക്കുന്നില്ല.

രണ്ട് ദാമ്പത്യബന്ധങ്ങളിലായി തനിക്കുണ്ടായ രണ്ട് പെൺകുട്ടികളേയും കൂടെ താമസിപ്പിക്കാൻ കഴിയാത്തവളാണ് ഗീത. എന്നാൽ ജീവിതത്തിലെ ഭൂരിപക്ഷം സമയവും കുഞ്ഞുങ്ങൾക്കൊപ്പം കഴിയുന്നവളാണ് അംഗനവാടി അധ്യാപികയായിരുന്ന കാലത്തെ ഗീത. വിഷാദരോഗത്തിന്റെ നാനാതരം അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട് ഗീത ആ സമയങ്ങളിലൊക്കെയും. നിർഭാഗ്യങ്ങളുടെ കൊടുംപെയ്ത്തിലും ജീവിതത്തിനുവേണ്ടി പോരാടിനോക്കുകയല്ലാതെ ഗീത ഒരിക്കലും പിന്മാറുന്നില്ല. ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഗീത നടത്തുന്നത്. അതിന്റെ വഴികളിൽ അവൾക്ക് ആത്മാർത്ഥമായ കൂട്ടുണ്ടാകുന്നു എന്നത് നാട്ടിൻപുറങ്ങളിൽ ഇന്ന് നിലനിൽക്കുന്ന പുരോഗമനോന്മുഖമായ തുരുത്തുകളെ അടയാളപ്പെടുത്തുന്നു. മനുഷ്യവികാരങ്ങളെ ‍ഒപ്പിയെടുക്കാനും നാടിന്റെ ചില കോണുകളിലെങ്കിലും വന്ന മാറ്റങ്ങളെ ചൂണ്ടിക്കാട്ടാനും ഫാസില്‍ റസാഖിന് ഇതിന്റെ ചിത്രീകരണത്തിലൂടെ സാധിച്ചുവെന്നതാണ് കാര്യം. ഒറ്റയ്ക്ക് ജീവിക്കുന്നൊരു സ്ത്രീയുടെ ആന്തരികസംഘർഷങ്ങൾ മാത്രമായി സിനിമ ഒതുങ്ങുന്നില്ല.

വൃദ്ധനും കരൾരോഗിയുമായ മൊയ്തു (വാപ്പു) പ്രാദേശിക ബാങ്കിൽ നടത്തുന്ന ഒരു കവർച്ചാശ്രമമാണ് സിനിമയെ മുമ്പോട്ടുകൊണ്ടുപോകുന്ന പ്രധാന സംഭവങ്ങളിലൊന്ന്. ഗീത ജോലി ചെയ്യുന്ന അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുഞ്ഞ് മരിക്കുന്നതും ഗീത അതിന്റെ പേരിൽ അപരാധിയാക്കപ്പെടുന്നതുമാണ് സിനിമയെ മുമ്പോട്ടു നയിക്കുന്ന മറ്റൊരു സംഭവം.

അനീതി നിറഞ്ഞ സമകാലികാവസ്ഥയുടെ ക്രൂരതയുടെ നേർക്കുള്ള വിമർശനമായി ഗീതയ്ക്ക് ഒടുവിൽ സംഭവിക്കുന്ന പരിണതികളെ വായിക്കാം. ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച മൊയ്തു പിടിക്കപ്പെട്ട് തടവിലാകുന്നതോടെ അയാൾക്ക് സർക്കാർ വക ചികിത്സ ലഭ്യമാകുന്നത് സിനിമ കാണിക്കുന്നത് അ‌‌ര്‍ത്ഥവത്താണ്. രണ്ടാമതും വിവാഹമോചിതയാകേണ്ടി വന്നതിന്റെ സംഘർഷങ്ങളും ആ ബന്ധത്തിലുള്ള കുട്ടിയുടെ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളും ഗീതയെ ഞെരുക്കുന്നതിനിടയിലാണ് ഏകവരുമാന മാര്‍ഗമായ അംഗനവാടിയിലെ ജോലി സംബന്ധമായ പ്രശ്നങ്ങൾ കടന്നുവരുന്നത്.

തടവ് സിനിമയില്‍ നിന്നും

സ്വന്തം കുഞ്ഞിനെ സ്കൂൾ മതിലിനപ്പുറത്തുനിന്ന് കാണാൻ നിർബന്ധിതയാകുന്ന ഗീതയുടെ നിസ്സഹായാവസ്ഥയൊക്കെ റിയലിസ്റ്റിക്കായാണ് പരിചരിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലൊന്നും വൈകാരികതയിൽ അഭിരമിക്കാൻ ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ആദ്യ ബന്ധത്തിലെ മകളെ വളര്‍ത്താന്‍ സാധിക്കാത്തതിലും ഗീത ദുഃഖിതയാണ്. എന്നാലും സിനിമയിലുടനീളം ശക്തയായാണ് ഗീത നിലകൊള്ളുന്നത്. സാമ്പത്തിക, ശാരീരിക, മാനസിക പ്രയാസങ്ങള്‍ ഉള്ളിലൊതുക്കി മുഖത്ത് പരുക്കൻ ഭാവം നിലനിർത്തുന്ന ഗീത ഒരിക്കൽ മാത്രം ആദ്യ ഭര്‍ത്താവിന്റെ മുന്നിൽ കരയുന്നുണ്ട്‍. വേദനകൾ പുറമേ അണിയുന്ന കാര്‍ക്കശ്യത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയാണവൾ. സഹായിക്കാന്‍ വരുന്നവരെ പോലും മാനസിക സമ്മര്‍ദങ്ങള്‍ കാരണം അവൾ അകറ്റുന്നുണ്ട്. എന്നാല്‍ അംഗനവാടിയില്‍ കുഞ്ഞുങ്ങളോടും വീട്ടില്‍ നാടകം പഠിക്കാന്‍ വരുന്ന കുട്ടികളോടും വാത്സല്യത്തോടെ പെരുമാറുകയും ചെയ്യുന്നു.

ഗീത എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും അനുഭവത്താൽ പതം വന്ന നിസ്സംഗതയും ആദ്യാവസാനം ബീന എന്ന അഭിനേത്രിയുടെ സിനിമയിലെ മുഖഭാവം അനുഭവപ്പെടുത്തുന്നുണ്ട്.

ഗീതയും ഹംസയുമായുള്ളതുപോലുള്ള യഥാതഥവും ഊഷ്മളവുമായ സൗഹൃദം മലയാളസിനിമയിൽ അധികം കണ്ടിട്ടില്ല. ഏറ്റവും ഒറിജിനലും അതുകൊണ്ടുതന്നെ മനോഹരവുമാണ് ആ ചങ്ങാത്തം. വലിയ സ്നേഹപ്രകടനങ്ങളൊന്നുമില്ലാതെ ഊഷ്മളത പൂക്കുന്ന, സുഗന്ധം പരത്തുന്ന ഒരു ബന്ധം. പരസ്പരമുള്ള ആഴത്തിലുള്ള തിരിച്ചറിവിന്റെ ഫലമെന്ന് പറയാവുന്ന ഒന്ന്. തങ്ങളുടെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ആത്മവിമർശനത്തിന് ചില പ്രേക്ഷകരെ നിർബന്ധിച്ചേക്കാം ഇത്. മകളായ നീതുവിനോട്  അച്ഛൻ (ഗീതയുടെ ആദ്യ ഭർത്താവ്) കാമുകനെ സഹായിക്കാൻ പറയുന്നതുപോലുള്ള മുഹൂർത്തങ്ങളും മനോഹരവും വ്യത്യസ്തവുമാണ്. മറ്റൊരാളെ അവർക്ക് ആവശ്യമുള്ള സമയത്ത് സഹായിക്കണമെന്നും അയാൾ  തന്റെ മകളോട് പറയുന്നുണ്ട്. മനുഷ്യരെ അറിയേണ്ടതിന്റേയും മനസ്സിലാക്കേണ്ടതിന്റേയും അവർ ആവശ്യപ്പെടാതെ തന്നെ അവർക്ക് തണലാകേണ്ടതിന്റേയും പാഠമാണ് അയാളുടെ വാക്കുകൾ പ്രസരിപ്പിക്കുന്നത്. സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള  സ്വാഭാവികമായി തളിരിടുന്ന സൗഹൃദത്തിന്റെ ഇത്തരം ഇടങ്ങൾ  പ്രേക്ഷകരെ സ്പർശിക്കാതെ പോവുകയില്ല.

നമുക്കെല്ലാം പരിചിതമായ, അടുത്തറിയുന്ന സ്ഥലകാലങ്ങളിലാണ് സിനിമ സംഭവിക്കുന്നത്.   ഗീതയും മറ്റു കഥാപാത്രങ്ങളും നാം ഇടപെടുന്ന സ്ഥലങ്ങളിൽ കണ്ടുമുട്ടിയ ആളുകളാണ്. ശാരീരികമായും മാനസികമായും  വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓരോ സമയത്തും തന്റെ വികാരങ്ങൾ  തുറന്നു പ്രകടിപ്പിക്കുന്നതിൽ  മടി കാണിക്കാത്തവളാണ് ഗീത. പലപ്പോഴും പൊട്ടിത്തെറിക്കുന്നുമുണ്ട്. ഇളയ കുട്ടിയുടെ സംരക്ഷണ കാലാവധി സംബന്ധിച്ച് മുൻ ഭർത്താവുമായി  കേസിലുമാണവൾ. ഇതിലെ  പാട്ടുകളും മോണോആക്ടും എല്ലാം നമ്മൾ നമ്മുടെ നാട്ടിൽ പല സന്ദർഭങ്ങളിൽ, പല കൂട്ടായ്മകളിൽ  കണ്ടതാണ്. അത്തരം ഉൾച്ചേർക്കലുകൾ സിനിമയെ ആകർഷകമാക്കിയ പ്രധാന ഘടകങ്ങളാണ്.ഈ ഒരു തൻമയത്വം സിനിമയിലുടനീളം അനുഭവപ്പെടുന്നുണ്ട്. യാതനകളിലൂടെ കടന്നുപോകുമ്പോഴും ചില രംഗങ്ങളിൽ‍ കടന്നുവരുന്ന തമാശകളും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നവയായേ അനുഭവപ്പെടുന്നുള്ളൂ.

ഗീതയായുള്ള ബീന കെ. ചന്ദ്രന്റെ വേഷപ്പകർച്ച ഏറ്റവും മികച്ചുനിൽക്കുന്നു. ഗീത എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും അനുഭവത്താൽ പതം വന്ന നിസ്സംഗതയും ആദ്യാവസാനം ബീന എന്ന അഭിനേത്രിയുടെ സിനിമയിലെ മുഖഭാവം അനുഭവപ്പെടുത്തുന്നുണ്ട്. നോട്ടവും ചെറുചിരിയും രൂക്ഷപ്രതികരണങ്ങളും എല്ലാം അതിനൊത്തവണ്ണം ലയിച്ചു ചേർന്നിരിക്കുന്നു. ഓരോ സന്ദർഭത്തിലും  മാറിക്കൊണ്ടിരിക്കുന്ന മൂഡുകൾ അതിസൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടതുവഴി ഗീതയെന്ന കഥാപാത്രം പ്രേക്ഷകരുടെയുള്ളിൽ മങ്ങാതെ നിൽക്കാൻ കാരണമായിട്ടുണ്ട്. ഒപ്പം സുഹൃത്തായ ഹംസയായി സുബ്രഹ്മണ്യനും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഹംസയായി ശരിക്കും ജീവിക്കുക തന്നെ ചെയ്തു സുബ്രഹ്മണ്യൻ. ഉമയെ അനിതയും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ നല്ല അഭിനയം കാഴ്ചവച്ചു.

പാലക്കാടൻ ഗ്രാമത്തിന്റെ ഉൾഭംഗിയേയും നാട്ടുജനജീവിതത്തിന്റെ ചടുലതയേയും  ക്യാമറ ചാരുതയോടെ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനെ നമ്മുടെ അയൽപക്കത്ത് നടക്കുന്ന ഒരു സിനിമയാക്കുന്നതിൽ മൃദുലിന്റെ ക്യാമറയോടൊപ്പം വിനായക് സുതന്റെ എഡിറ്റിങ്ങും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഓഡിയോഗ്രഫി ഹരികുമാർ മാധവൻ നായരും സംഗീതം വൈശാഖ് സോമനാഥുമാണ് കൈകാര്യം ചെയ്തത്. പ്രമോദ് ദേവും ഫാസിൽ റസാഖും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഫാസിൽ റസാഖിന്റെ ഈ ആദ്യഫീച്ചർ ചിത്രം മലയാള സിനിമയ്ക്ക് കരുത്തുള്ള ഒരു ഫിലിംമേക്കറെ ലഭിക്കാൻ പോകുന്നു എന്നതിന്റെ സുചനയായി കരുതാം.

Comments