ഉമ്മ മലയാളം

അമ്മ മലയാളം പോലെ ഉമ്മ മലയാളവും ഉണ്ട്. അത് അത്ര കടുപ്പപ്പെട്ട സംസ്‌കൃതം വരാത്ത മലയാളമാണ്. എന്നാൽ അറബി വാക്കുകൾ വല്ലാതെ കേറി വരും- നടൻ മാമുക്കോയയുമായി ഒരു ഭാഷാ സംസാരം

ഭാഷയുടെ പിറവിയിലാണ് ദേശ തുറവികൾ.

ഭിന്ന വംശാവലി പോലെ, ഭിന്ന ഭാഷാവലിയുമുണ്ട്.

ശബ്ദ താരാവലി, ആളുകൾ കൂടിയിരുന്ന് സംസാരിക്കുന്ന ഇടമാണ്.

മാമുക്കോയയുമായി ദീർഘകാലമായി നടത്തിക്കൊണ്ടിരിക്കുന്ന സംവാദത്തിൽ ഉമ്മ മലയാളം ചർച്ച ചെയ്യുന്നു:

സിനിമയിൽ അമ്മ കഥാപാത്രങ്ങൾ പറയുന്നത് അമ്മ മലയാളമാണ്. ജീവിതത്തിലെ ഭാഷയും സിനിമയിലെ ഭാഷയും വേറെ വേറെ ലെവലാണ്. ഒരു സ്‌ക്രിപ്റ്റിലൂടെ കടന്നുപോയി കഥാപാത്രത്തിന്റെ വായിൽ വരുന്ന ഭാഷയാണ് സിനിമയിലെ ഭാഷ. എന്നാൽ, പ്രാദേശികമായ ഒരു ചുവ കഥാപാത്രം പെരുമാറുന്ന ദേശത്തിന്റെ ഒരു പ്രത്യേകതയായി വരും.

ഒരു പാലക്കാടൻ അമ്മ സംസാരിക്കുന്ന മലയാളമല്ലല്ലൊ കണ്ണൂരമ്മ സംസാരിക്കുന്നത്.

അമ്മ മലയാളം പോലെ ഉമ്മ മലയാളവും ഉണ്ട്. അത് അത്ര കടുപ്പപ്പെട്ട സംസ്‌കൃതം വരാത്ത മലയാളമാണ്. എന്നാൽ അറബി വാക്കുകൾ വല്ലാതെ കേറി വരും. ഉമ്മ ചെറുപ്പത്തിൽ കൂടുതൽ പറഞ്ഞ വാക്ക്, ഒരു ചോദ്യാണ്:
‘എന്താ മോനെ, നേരത്തിനും കാലത്തിനും തിന്നാത്തെ - '

ഉള്ള ചോറ് എന്താ നീ തിന്നാത്തത്, പൈക്കുന്നില്ലേ - അതാണ് ചോദ്യം. പൈപ്പ്, പൈക്കൽ - ഇത് സർവസാധാരണയായി ഉപയോഗിക്കാറുണ്ട്. വിശപ്പിലാണ് അവരുടെ ആധി.

അതുപോലെ എവിടെയെങ്കിലും കറങ്ങി അൽപം വൈകിയാൽ ‘നീ ഒവ്‌ടെ പോയിരിക്കണ്?’ എന്ന് ചോദിക്കും.

എന്താ നേരത്തിനും കാലത്തിനും തിന്നാത്തേ എന്ന പോലെ എന്നതിലെ ആധിയാണ്, ‘ഒവ്‌ടെ പോയിരിക്കണ് ' എന്ന ചോദ്യത്തിലും.

കോഴിക്കോട്ടെ ഉമ്മമാര് വൈകുന്നേരം ഇരുട്ടി വരുന്ന നേരത്തിന് ‘സന്ധ്യ' എന്ന് പറയില്ല. നേരം സന്ധ്യയായി എന്ന് പറയുന്ന ഒരു മുസ്‌ലിമിനെയും ഞാൻ കണ്ടിട്ടില്ല. സന്ധ്യ ഒരു സാഹിത്യ പ്രയോഗമാണ്.

നേരം മോന്തിയായി എന്നാ ഉമ്മ പറയ്ക. മോന്തി എന്നത് പൊതു മലയാളമാണ്. ‘മോളെ മോന്തിയായി, വെളക്ക് വെക്ക്’ എന്ന് ഹിന്ദു വീടുകളിൽ പറയും. എന്നാ മോന്തി മാപ്പിള മുസ്‌ലിമിന് അസറ് കയ്ഞ്ഞ് മഗ്​രിബാവാനുള്ള സമയമാണ്.

സന്ധ്യയല്ല, മോന്തി. സൂര്യന്റെ കാന്തി കെട്ന്ന സമയമാണ് മോന്തി.

അമ്മ മലയാളവും ഉമ്മ മലയാളവും ചോറിന്റെ കാര്യത്തിൽ ഒന്നാണ്. സാധാരണ കറിയും കൂട്ടാനുമുള്ള ചോറ് , ‘വെറും ചോറാ'ണ്. കല്യാണ വീട്ടിൽ പോയാൽ ബിരിയാണി വായ്​ക്ക്​ വഴങ്ങാത്ത ആളുകൾ, ‘വെറും ചോറില്ലേ’, എന്ന് ചോദിക്കും.

ചോറിൽ നെയ്‌ച്ചോറും തേങ്ങാച്ചോറും ചക്കരച്ചോറുമുണ്ട്. അരി കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും ബിരിയാണിയെ ‘ബിരിയാണിച്ചോറ്’ എന്ന് ആരും പറയില്ല. ബിരിയാണിയിൽ ചോറ് വരുമ്പോൾ, അതിന്റെ മണവും രുചിയും പോകും. അപ്പോ ഭാഷ ചേരുംപടി ചേരുന്ന സാധനമാണ്. അരി കൊണ്ടാണ് വെക്കുന്നതെങ്കിലും കഞ്ഞി, ചോറല്ലല്ലൊ.

‘ഒറുമത്തില് നിക്ക്ക’ എന്നൊരു ശൈലിയുണ്ട്. അടങ്ങിയൊതുങ്ങി നിൽക്ക് എന്നാണർഥം. ഈ കോവിഡ് കാലത്ത് അടങ്ങിയൊതുങ്ങി നിൽക്കുന്നതിനെ ‘ഒറുമത്തില് നിക്ക്​ക ' എന്ന് പറയും.

ഉമ്മ മലയാളം ഓത്തും ബൈത്തുമാണ്. സാധാരണ സംസാരിക്കുമ്പോ തന്നെ അറബി മലയാളം ധാരാളം കേറി വരും.

പാട്ട് അച്ചടിച്ച പുസ്തകം, പാട്ട് കിത്താബാണ്. നേർച്ച അച്ചടിച്ചത് നേർച്ചക്കിത്താബ്. ആഖിറത്തെയും ദുൻയാവിനെയും സംബന്ധിച്ചുള്ളതെല്ലാം കിത്താബിലുണ്ട്. അറബിയായതു കൊണ്ട് അതിൽ മലയാളം കൂടി എഴുതി പഠിച്ചു.

സ്വർഗത്തിൽ എല്ലാ ഭാഷകളമുണ്ട്. അറബിയും മലയാളവും എല്ലാം.

കഥക്ക് കിസ്സ എന്നും പാട്ടിന് കെസ്സ് പാട്ട് എന്നും പറയും. കിസ്സ എന്ന് പറയുന്നത് ഒരൊഴുക്കിന് വരുന്ന കഥയാണ്. വായിക്കുന്ന കഥയല്ല, പറയുന്ന കഥ. കേൾക്കാനുള്ള കഥയാണ് കിസ്സ.

നല്ലളം ബീരാന്റെ ഒരു പാട്ടാണ് , എന്റെ ഓർമയിലെ ആദ്യത്തെ കത്ത് പാട്ട്. ബീരാനിക്ക എഴുതിയ പാട്ടുകൾ ഉമ്മ പാടാറ്ണ്ട്.

മദനപ്പൂങ്കാവകത്ത്
മഹാ സൗഖ് ആടിക്കുളിർത്ത്
മാരനിൽ ഇണങ്ങി ഞാൻ
ചിന്നപ്പിറായത്ത്
മാനേ മൈന്തറുപ്പാ
ബായിച്ചറിവാൻ
ഊട്ടീടും കത്ത്

അമ്‌റ്ത മുത്ത് പിരിഞ്ഞതിൽ
പത്ത് റുപ്പിക മാത്തിരമേ
അത് ലഭിച്ച പെറകെ
മറ്റൊന്നും അയച്ചില്ലല്ലൊ
അറമേ ...

ചെറിയ പ്രായത്തില് എന്നെ മങ്ങലം കഴിച്ച്, ജോലിക്ക് പോയ നിങ്ങള് പത്ത് രൂപ അയച്ചതിനു ശേഷം തീരെ ഒന്നും അയച്ചില്ലല്ലൊ. അറമേ എന്നാ തീരെ എന്നർഥം.

ഉമ്മമാർ മക്കൾടെ ബാപ്പമാർക്ക് അയച്ച കത്തു പാട്ടുകളാണ് ശരിക്കും സന്ദേശകാവ്യങ്ങൾ. അതിൽ ജീവിതമുണ്ട്. പത്ത് രൂപയുടെ പ്രശ്‌നമുണ്ട്. മൊഹബ്ബത്ത് കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല, പൈശയും വേണം. അതാണ് സന്ദേശകാവ്യം. സന്ദേശകാവ്യത്തിന്റെ ഉമ്മ മലയാളമാണ്, കത്ത് പാട്ട്.


Summary: അമ്മ മലയാളം പോലെ ഉമ്മ മലയാളവും ഉണ്ട്. അത് അത്ര കടുപ്പപ്പെട്ട സംസ്‌കൃതം വരാത്ത മലയാളമാണ്. എന്നാൽ അറബി വാക്കുകൾ വല്ലാതെ കേറി വരും- നടൻ മാമുക്കോയയുമായി ഒരു ഭാഷാ സംസാരം


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments