പാർക്ക് ഡൂ മാൻ (Park Doo-man), സിയോ തേ-യൂൺ (Seo tae-yoon) എന്നീ ഡിറ്റക്ടീവുകൾ ഹ്വാസോങ്ങിൽ 1986-ൽ നടന്ന കൊലപാതക കേസുകൾ വ്യത്യസ്ത വഴികളിലൂടെ അന്വേഷണം നടത്തി കൊലയാളിയെ കണ്ടെത്താൻ ശ്രമിക്കുന്നു. അവരുടെ വ്യത്യസ്ത അന്വേഷണങ്ങൾ ഒന്നുചേർന്ന് കുറ്റവാളിയിൽ ചെന്നുമുട്ടുന്ന, Memories of Murder എന്ന Bong Joon Ho ചിത്രത്തിനും ഡേവിഡ് ഫിഞ്ചറിന്റെ (David Fincher) Sevn എന്ന ചിത്രത്തിനും സമാനമായ വഴിയേയാണ് ജിസ് ജോയ് 'തലവൻ' എന്ന സിനിമയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നത്. ഈ ശ്രമം ധീരവും അഭിനന്ദനാർഹവുമാണ്. ഏറെ ശ്രമകരമായ ഈ വഴി വിജയകരമായി പൂർത്തിയാക്കാൻ ജിസ് ജോയിക്ക് കഴിഞ്ഞിട്ടുണ്ട്.
Seven (1995) എന്ന ഡേവിഡ് ഫിഞ്ചർ ചിത്രത്തിലെ ഡിറ്റക്ടീവുകളായ സോമർസെറ്റ് (Somerset), ഡേവിഡ് മിൽസ് (David mills) എന്നിവരുടെ മാതൃകയിലാണ്, Memories of Murder (2003) എന്ന സിനിമയിലെ പാർക്ക് ഡൂ മാൻ, സിയോ തേ-യൂൺ എന്നീ അന്വേഷണ ഉദ്യോഗസ്ഥരെ Bong Joon സൃഷ്ടിച്ചിട്ടുള്ളത്. 1995-ൽ ഹോളിവുഡിൽ ഡേവിഡ് ഫിഞ്ചർ സൃഷ്ടിച്ച നായകന്മാർക്ക് 2003-ൽ കൊറിയൻ സിനിമയിൽ ബോംഗ് ജൂൺ ഹോ ഉണ്ടാക്കിയ തുടർച്ചയാണ് 20 വർഷങ്ങൾക്കു ശേഷം സി.ഐ ജയശങ്കർ, എസ്.ഐ കാർത്തിക് വാസുദേവ് എന്നീ പോലീസുകാരിലൂടെ മലയാള സിനിമയിൽ ജിസ് ജോയ് സൃഷ്ടിച്ചിട്ടുള്ളത്. ഡേവിഡ് ഫിഞ്ചർ, ബോംഗ് ജൂൺ ഹോ, ജിസ് ജോയ് എന്നു പറയാൻ കഴിയും വിധം ക്ലാസിക് നിലവാരമുള്ളൊരു കുറ്റാന്വേഷണ ചിത്രമൊരുക്കാൻ ജിസ് ജോയിക്ക് സാധിച്ചിട്ടുണ്ട്.
2022-ൽ പുറത്തിറങ്ങിയ 'പാപ്പൻ' എന്ന ജോഷി ചിത്രത്തിലെ നായകൻ എബ്രഹാം മാത്യു മാത്തൻ, ഔദ്യോഗിക ജീവിതത്തിൽ നിയമം നടപ്പാക്കുന്നതിൽ വന്ന ശ്രദ്ധക്കുറവിനാൽ നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതികാരത്തിന് വിധേയനാകുന്നുണ്ട്. നീതിനിഷേധത്തിന്റെ പക കാലങ്ങൾക്കിപ്പുറം അയാളെ വേട്ടയാടുന്നു. സമാന ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന പോലിസുകാരനാണ് തലവനിലെ ബിജു മേനോൻ വേഷമിട്ട സി.ഐ ജയശങ്കർ എന്ന കഥാപാത്രവും. എബ്രഹാം മാത്യു മാത്തനും ജയശങ്കറും സമാന അസ്തിത്വ പ്രതിസന്ധി നേരിടുന്ന നല്ലവരും മുൻകോപികളുമായ പോലിസുകാരാണ്. കർക്കശമായി നിയമം നടപ്പാക്കുമ്പോൾ നീതിനിഷേധം സംഭവിക്കുന്നതിനെ കുറിച്ച് ബോധവന്മാരാകാതെ പോയ നായകന്മാരാണ് ഇരുവരും.
ചട്ടപ്പടി നിയമം നടപ്പാക്കുമ്പോൾ നീതി ലഭിക്കാതെ അപമാനിക്കപ്പെട്ടവർ, ഉത്തരവാദിയായ പോലീസുകാരനെ വേട്ടയാടുകയാണ് ജിസ് ജോയ് ചിത്രത്തിൽ. വേട്ടക്കിരയാകുന്ന നായകന് തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത വന്നു ചേരുന്നതോടെ തലവൻ തികഞ്ഞൊരു സസ്‌പെൻ ത്രില്ലറായി മാറുന്നു.
ഉത്തരം (പവിത്രൻ- 1989), ഈ കണ്ണി കൂടി (കെ.ജി. ജോർജ്ജ്- 1990), ഈ തണുത്ത വെളുപ്പാൻ കാലത്ത് (ജോഷി- 1990), മുഖം (മോഹൻ- 1990), മൂന്നിലൊന്ന് (കെ. കെ. ഹരിദാസ്- 1996) എന്നീ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് എടുത്തുവെക്കാൻ കഴിയുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണചിത്രമാണ് ആനന്ദ് തേവർക്കാട്ടും ശരത് പെരുമ്പാവൂരും രചിച്ച് അരുൺ നാരായൺ നിർമിച്ച് ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ. കുറ്റാന്വേഷണചിത്രത്തെ ചടുലമാക്കും വിധം ഒരുക്കിയെടുക്കുന്നതിൽ ശരൺ വേലായുധന്റെ ഛായാഗ്രഹണവും സൂരജ് ഇ.എസിന്റെ എഡിറ്റിങ്ങും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതം സിനിമയുടെ ആസ്വാദനത്തിന് സഹായകമാംവിധം ആഖ്യാനത്തോട് ഇഴചേർന്നുകിടക്കുന്നു
221B Baker സ്ട്രീറ്റിലെ പ്രശസ്തനായ കുറ്റാന്വേഷകൻ ഹോംസിന് മോററിയാട്ടി എന്ന പോലെ, തലവൻ സിനിമയിലെ നായകൻ ജയശങ്കറെ വേട്ടയാടുന്ന മറഞ്ഞിരിക്കുന്നൊരു ക്രിമിനലുണ്ട്. 'ഈ തണുത്ത വെളുപ്പാൻ കാലത്ത്' എന്ന ജോഷി സിനിമയിൽ നെടുമുടി വേണു അഭിനയിച്ച കൊലയാളി കഥാപാത്രത്തെ പോലെ സമയമെടുത്ത് കാത്തിരുന്ന്, തന്റെ പ്രതികാരം നടപ്പാക്കുന്നൊരു കുറ്റവാളിയോ കുറ്റവാളികളുടെ സംഘമോ നായകനെതിരെ മറഞ്ഞിരിക്കുന്നുണ്ട്. നായകനെതിരെ മറഞ്ഞിരിക്കുന്ന ഈ ക്രിമിനൽ സംഘം സ്വഭാവികമായും പൊലീസിനും ഭരണകൂടത്തിനും സമൂഹത്തിനും എതിരാണ്. ഇത്തരത്തിലുള്ള എതിർപ്പിനുകാരണം സമൂഹവും വ്യവസ്ഥിതിയും ഭരണകൂടവും നായകനും ചേർന്ന് നൽകിയ നീതിനിഷേധവും അപമാനവും കൂടിയാണ്.
ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന സിനിമയിലെ കൊലയാളിയെ പോലെ തന്റെ സ്വത്വപരിസരങ്ങളെ കൃത്രിമമായി കുറ്റം ചെയ്യാൻ അനുകൂലമായ അവസരത്തിലേക്ക് തലവൻ സിനിമയിലെ കൊലയാളിയും ഒരുക്കിയെടുക്കുന്നുണ്ട്. Wrter (തമിഴ് 2021; ഫ്രാങ്ക്‌ളിൻ ജേക്കബ്), നായാട്ട് (മലയാളം 2021; മാർട്ടിൻ പ്രകാട്ട്) എന്നീ സിനിമകളിൽ പോലിസിന്റെ ക്രിമിനൽ സ്വഭാവത്തെയും ജാതീയതയെയും പരാമർശിക്കുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെ അത്രയും തീവ്രതയോടെ അല്ലെങ്കിലും, പോലിസിലെ ക്രിമിനൽവൽക്കരണം സംവിധായകൻ വിമർശന വിധേയമാക്കുന്നു.
ബ്രാഡ് പിറ്റ് & മോർഗൻ ഫ്രീമാൻ, Song Kang -Ho & Kim San-Kyung പോലെ ബിജു മേനോൻ & ആസിഫ് അലി കോമ്പിനേഷൻ തന്നെയാണ് തലവൻ സിനിമയുടെ ആഖ്യാനത്തെ മികവുറ്റതാക്കുന്നത്. അയ്യപ്പൻ- കോശി കളിയിൽ അയ്യപ്പൻ നായർ ഈഗോ അടിച്ച് ബിജു മേനോൻ കഥാപാത്രങ്ങൾ വാർപ്പുമാതൃകയിൽ കുടുങ്ങി കിടക്കുമ്പോഴാണ്, അതേ മാതൃകയിൽ തുടരുന്ന, എന്നാൽ തീർത്തും ഇതുവരെ താൻ അഭിനയിച്ചിട്ടില്ലാത്തൊരു കഥാപാത്രമായി ബിജു മേനോന് മാറാൻ സാധിക്കുന്നത്. മുമ്പ് അഭിനയിച്ച അനേകം കഥാപാത്രങ്ങളുടെ ഛായ നിലനിൽക്കുമ്പോഴും തീർത്തും വ്യത്യസ്തനായി, സി.ഐ ജയശങ്കറായി പകർന്നാടാൻ ബിജു മേനോന് കഴിയുന്നു എന്നത് അഭിനന്ദനാർഹമാണ്. അഭിനയ ജീവിതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന ബിജു മേനോന്റെ അഭിനയത്തിലെ കയ്യടക്കമാണ് സി.ഐ ജയശങ്കർ എന്ന കഥാപാത്രത്തെ വ്യക്തിത്വമുള്ളതാക്കുന്നത്. ചോരത്തിളപ്പുള്ള എസ്.ഐ കാർത്തിക് വാസുദേവ് ആയി ആസിഫ് അലിയും കരിയറിലെ തന്നെ മികച്ച പ്രകടനവുമായി 'തലവനിൽ' കയ്യടി നേടുന്നു.
താനാണ് കേമൻ എന്ന ഈഗോ കൊണ്ടുനടക്കുന്ന രണ്ട് കുറ്റാന്വേഷകർ കുറ്റവാളിയെ തേടിയുള്ള യാത്രക്കിറങ്ങുന്നത് പ്രേക്ഷകർക്ക് ആകാംക്ഷയ്ക്ക് വക നൽകുന്ന തിരശ്ശീല കാഴ്ചയാണ്. മദ്ധ്യവയ്ക്കനായ മേലുദ്യോഗസ്ഥനോട് കീഴ്‌പ്പെട്ടു നിൽക്കാൻ മനസില്ലാത്ത യുവാവായ അപരൻ. ഇരുവരും നടത്തുന്ന അന്വേഷണത്തിന്റെ പിരിമുറുക്കവും പരസ്പരമുള്ള വിശ്വാസവും വിശ്വാസക്കുറവും പ്രേക്ഷകരെ പക്ഷം ചേരാൻ സമ്മതിക്കാതെ അന്വേഷണവഴികളെ സങ്കീർണമാക്കുകയും, മൂന്നാമതൊരു കുറ്റാന്വേഷകനായി പ്രേക്ഷകരെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണത്വര പ്രേക്ഷകരിലേക്കും ഒരു ഈഗോയായി വളരുന്നു. പ്രേക്ഷകരുടെ അന്വേഷണത്വരയെ വീണ്ടും ആലോചിക്കാൻ വിട്ടുകൊണ്ട്, തന്നെ വേട്ടയാടുന്ന വില്ലനാരാണെന്ന് ഇനിയും നായകന് കണ്ടെത്തേണ്ടതുണ്ട്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന വചനത്തിലേക്ക് പ്രേക്ഷകമനസിനെ പരാവർത്തനം ചെയ്താണ് ജിസ് ജോയ് തലവൻ എന്ന സിനിമ അവസാനിപ്പിക്കുന്നത്.