ആരാധകരേ, ശാന്തരാകുവിൻ. "തല്ലുമാല’കാണാൻ വൈകി. അതു കൊണ്ടാണ് ഈ റിവ്യൂ എഴുതാൻ വൈകിപ്പോയത്.
"തല്ലുമാല' എന്ന സിനിമ മുന്നോട്ടു വെക്കുന്ന "ദർശനമാല 'യിൽ മുന്നിൽ നിൽക്കുന്നത് "അഴകിയ രാവണൻ' എന്ന പോലെ "അഴകിയ മണവാളൻ' എന്ന സങ്കൽപമാണ്. പുതുതായി രൂപപ്പെട്ടതല്ല ഈ സിനിമയിലെ മാപ്പിളസംസ്കാരം. മാപ്പിളപുരയിലും പുറത്തും ഇതിന്റെ മിന്നൊളികൾ മുന്നേയുണ്ട്.
എരഞ്ഞോളി മൂസയുടെ ഗാനമേള / "വമ്പിച്ച ഗാനമേള'യാണ്. "കരളേ, മൂസക്കാ, മുഹബ്ബത്തിന്റെ മാണിക്യമലരേ പാട് ... മൂസക്ക'എന്ന് ആരവത്തോടെ വിളിച്ചു പറഞ്ഞ "ഭൂതഗാന 'മാപ്പിള കാലമുണ്ട്. സ്റ്റേജിൽ മാപ്പിള ഗായകർ ഇമ്പത്തിലാടാറുമ്പോൾ,സദസ്സിൽ ആസ്വാദകർ അന്യോന്യം "പടവെട്ടി ' പിരിഞ്ഞ കാലം. അപ്പോൾ തന്നെ മണിയറ/മണിത്താലി മുതൽ പഴയ സിനിമകളിലെല്ലാം മാപ്പിളപ്പാട്ടുണ്ട്, മണവാട്ടിയുണ്ട്, മണവാളനുണ്ട്. അതായത്, പുതിയൊരു യൂത്ത് കൾച്ചറല്ല ഇത്.
എന്നിട്ടും, ‘തല്ലുമാല’, വളരെയധികം പ്രചോദിപ്പിക്കുന്ന വിധം ഉണർന്നു നിൽക്കുന്നത് എന്തുകൊണ്ടാണ്? അത്, പുതുതായി എന്തെങ്കിലും പറയുന്നതു കൊണ്ടല്ല. അടീം പിടീം പാട്ടും മണവാളനും മണവാട്ടിയും ഒന്നും മലയാള സിനിമയിൽ പുതിയതല്ലല്ലോ. മലയാള സിനിമയിലെ മുഴുവൻ പാട്ടുകളെടുത്താൽ മാപ്പിളപ്പാട്ടുകൾക്കായി ഒരു കൊട്ട മാത്രം പോരാ. മലയാള സിനിമയുടെ മേനി നിറയെ മാപ്പിളപ്പാട്ടുകളാണ്. അപ്പോൾ പാട്ടു മാത്രമല്ല.
മലയാളി മാപ്പിളമാരുടെ വൃത്തിബോധത്തെ ഈ സിനിമ രസകരമായി പൊളിച്ചടുക്കുന്നു. മൂത്രമൊഴിച്ചാൽ "മനാരി 'ക്കാൻ വെള്ളം കിട്ടിയില്ലെങ്കിൽ കല്ല് പരതി നടക്കുന്നവരാണ് മാപ്പിളമാർ. എന്നാൽ, മണവാളൻ വസീം ഒരു പുഴക്കരികിൽ വണ്ടി നിർത്തി കൂട്ടുകാരനൊപ്പം മൂത്രമൊഴിച്ച് "മനാരി ' ക്കാതെ (കഴുകാതെ )പോകുന്നു. അയാൾക്ക് അത്രമേൽ പ്രധാനപ്പെട്ട ആകുലതയല്ല അത്. മൂത്രത്തിന്റെ "നജസ്' അയാളെ ബാധിക്കുന്നില്ല. മാപ്പിളമാർ യാത്രയ്ക്കിടയിൽ അഭിമുഖീകരിക്കുന്ന പ്രശ്നം, മൂത്രമൊഴിച്ചാൽ "മനാരിക്കാ'ൻ വെളളം കിട്ടാതിരിക്കുക എന്നതാണ്. പുനത്തിൽ പറഞ്ഞതുപോലെ, നഖം വെട്ടുക, മൂത്രമൊഴിച്ചാൽ കഴുകുക എന്നതാണ് ഇസ്ലാം അവതരിപ്പിച്ച പ്രധാന ദർശനം. വൃത്തി ബോധം.
സിനിമയുടെ തുടക്കത്തിൽ തന്നെ, താൻ പള്ളിക്കുമുന്നിൽ അഴിച്ചു വെച്ച വെളുത്ത ഷൂവിൽ മറ്റൊരാൾ ചെരിപ്പ് കയറ്റി വെച്ച് ചെളി പരങ്ങിയതുകണ്ട് ക്രുദ്ധനാവുന്ന ലുക്മാൻ അവതരിപ്പിച്ച കഥാപാത്രം / പള്ളിഹൗളിൽ (പള്ളിയിൽ നിസ്കാരത്തിനുമുമ്പ് അംഗസ്നാനം നടത്താൻ കെട്ടി നിർത്തുന്ന ജലസംഭരണി ) നിന്ന് വുളു കൊടുക്കുമ്പോൾ, ചെരിപ്പഴിച്ചുവെച്ച വസീമുമായി തല്ലുണ്ടാക്കുന്നു. അവർ രണ്ടു പേരും "വുളു ' എന്ന അംഗസ്നാനം പൂർത്തിയാക്കുന്നില്ല.
മാപ്പിള പുരുഷന്മാരുടെ വൃത്തിബോധത്തിന്റെ കേന്ദ്രബിന്ദുവായ "ഹൗള് ' കലക്കിയാണ് തല്ലുമാലയുടെ തുടക്കമെന്ന് ശ്രദ്ധിക്കുക. (മാപ്പിള സ്ത്രീകൾക്ക് പള്ളിയോ പള്ളിക്കുളമോ ഇല്ല, നോട്ട് ദ പോയ്ൻറ്) ഈ കലക്കൽ പ്രധാനമാണ് സിനിമയിലുടനീളം. മാപ്പിളപ്പാട്ടിലെ ശുദ്ധഗതിക്കാരുടെ ഗൃഹാതുര നൊസ്റ്റാൾജിയകളെ മുഹസിൻ പെരാരിയുടെ വരികൾ ആകെ കലക്കി മാറ്റിപ്പുതുക്കുന്നു. മൊയിൻകുട്ടി വൈദ്യരെ പാട്ടുപാരമ്പര്യം പോലെ, പുതിയ പദാവലികൾ ചേർത്ത് ഇമ്പത്തിലമ്പരപ്പുണ്ടാക്കുന്നു. ഓളെ മെലഡി... ഓളെ മെലഡി.. എന്ന വരികൾ പുതിയൊരു രാഗമാലയാണ്. പാട്ടിനു വൃത്തിയോ വൃത്തമോ വേണ്ട, കറക്കു പമ്പരം പോലെ അതിലെ വരികൾ നമ്മിൽ ചുറ്റിത്തിരിയണം.
"ഹൗള് ' കലക്കി അടിയിൽ നിന്ന് തുടങ്ങുന്ന സിനിമയിലെ മുസ്ലിമേതര കഥാപാത്രങ്ങൾ പൊതുവെ ശാന്തരാണ് എന്നോർക്കുക. മാപ്പിള ചെറുപ്പക്കാരെപ്പോലെ അവർ ക്ഷിപ്രകോപികൾ അല്ല. "ക്ഷിപ്രകോപമാണ് മുസ്ലിംകളുടെ ഒരു സ്വഭാവം' എന്ന് ചില ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്. എന്റെ ഓർമയിൽ, ഡോ. എം.ഗംഗാധരൻ അങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അടിയുണ്ടാക്കി പിരിഞ്ഞ് വസീമിന്റെ മംഗലം കൂടാൻ വരുന്നവരിൽ മുന്നിൽ നിൽക്കുന്നത്, മലയാളി ഹിന്ദു സമൂഹത്തിന്റെ ശാന്തപ്രകൃതമാണ്. മുസ്ലിം യൗവനത്തെ ബാധിക്കുന്ന ക്ഷിപ്രകോപം ഈ സമുദായത്തിന്റെ ബാധ്യതയാണ് എന്ന് ഈ സിനിമ പറയുന്നു.
ഈ ക്ഷിപ്രകോപത്തിന് മതപരമോ സാമുദായികമോ ആയ പരിഹാരമില്ല. സിനിമയുടെ തുടക്കത്തിൽ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. പള്ളിയിൽ വെച്ച് തമ്മിലടച്ച രണ്ടു പേരെയും നമസ്കാരത്തിൽ ഖത്തീബ് പങ്കു ചേർക്കുന്നില്ല. അവരോട് ആശുപത്രിയിലേക്കു പോകാൻ പറയുന്നു. "പള്ളിയല്ല, പള്ളിക്കൂടം പണിയേണം' എന്ന പോലെ "ആരാധനാലയമല്ല, ആതുരാലയം വേണം' എന്നൊരു ആശയം സിനിമയുടെ തുടക്കത്തിൽ തന്നെ പങ്കുവെക്കുന്നു. മതപ്രഭാഷണം ഏതെങ്കിലും തരത്തിൽ സമുദായത്തെ സ്വാധീനിക്കുന്നില്ല. മുറിവുണക്കുന്ന ഒരു മരുന്നും ഉസ്താദിന്റെ കൈയിലില്ല, വിട്ടോളിൻ ആശുപത്രിയിലേക്ക്. ആ നിലയിൽ മുറിവിൽ മന്ത്രിച്ചൂതാത്ത ആ ഉസ്താദ് മതാതീമായ യുക്തിബോധം പ്രകടിപ്പിക്കുന്നു. സി. രവിചന്ദ്രനെപ്പോലെ യുക്തി ആ സന്ദർഭത്തിൽ ഉസ്താദിൽ കാണാം.
മതം ആന്തരികമായി അതിയാഥാസ്തിതികമാണ്. അതിനെതിരെ രൂപപ്പെട്ട പ്രതി തരംഗമാണ് "തല്ലുമാല ’ എന്ന സിനിമ. "തഖ് വ' ( പടച്ചവനോടുള്ള അഗാധമായ പിരിശം)യുള്ളവർക്കു മാത്രമേ ഇത്തരം സിനിമകൾ പടച്ചുണ്ടാക്കാൻ കഴിയൂ. അതുകൊണ്ടാണ് മുഹസിൻ "മൂരി " എന്ന തൂലികാനാമം ടൈറ്റിലിൽ സ്വീകരിക്കുന്നത്.
സർവ്വശക്തനായ റബ്ബിനു മുന്നിൽ മനുഷ്യനും മൂരിയും മുഹ്സിനും തുല്യരാണ്. പാട്ടും ബൈത്തും ഒന്നാണ്. അതുകൊണ്ട് വിശ്വാസികളെ, നിങ്ങൾ തല്ലുണ്ടാക്കരുത്. പള്ളിയിൽ അതിന് പരിഹാരമില്ല. ഒരു മാപ്പിള അഴകിയാൽ രാവണനല്ല, മണവാളൻ വസീമാണ്. പടച്ചോൻ തൊണ. ആരാധകരേ ശാന്തരാകുവിൻ എന്നു പറഞ്ഞാൽ, "വിശ്വാസികളെ ശാന്തരാകുവിൻ' എന്നു തന്നെയാണർഥം.