അടി, ആഘോഷം... അൽഹംദുലില്ലാ; തല്ലുമാല റിവ്യു

ല്ലുമാല. പേര് പോലെ കൂട്ടത്തല്ലും മാലപ്പാട്ടുൾപ്പടെമാല മാലയായി കോർത്തിണക്കിയ പാട്ടുകളും, ഇതാണ് സിനിമ. ആഘോഷമാണ് സിനിമയുടെ മൊത്തം മൂഡ്. ആ ആഘോഷത്തെ പൊലിപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും. മലയാള സിനിമയിൽ പുതിയൊരു വൈബ് സൃഷ്ടിക്കുന്ന തരത്തിലാണ് തല്ലുമാലയുടെ വരവ്.

ഒരു മാംഗ അനിമേഷനെ ഓർമിപ്പിക്കുന്ന തലത്തിലാണ് ചിത്രം തുടങ്ങുന്നത് തന്നെ. പടത്തിന്റെ സ്വഭാവവും മൊത്തം സംഭവങ്ങളും ആദ്യത്തെ മിനുറ്റുകളിൽ തന്നെ കൊളാഷായി കാണിച്ചിരിക്കുന്നു. കൊളാഷ് എന്ന് പറഞ്ഞാൽ പല തരത്തിലുള്ള തല്ലുകളുടെ കൊളാഷ്. റോഡിലും, പള്ളിയിലും മുതൽ സ്വന്തം കല്ല്യാണ വേദിയിൽ വച്ചുവരെ ഉണ്ടാക്കുന്ന വ്യത്യസ്തമായ തല്ലുകളുടെ കൊളാഷ്. ഈ തല്ലുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കഥയും അതിനെ പൊലിപ്പ് പകരുന്ന പാട്ടുകളുമാണ് പിന്നീടങ്ങോട്ടുള്ള ചിത്രം.

പൊന്നാനിയിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരുൾപ്പെടുന്ന ഒരു ഗ്യാംഗിലെ അംഗമാണ് വസീം(ടൊവീനോ തോമസ്). എടുത്തുചാട്ടക്കാരായ ഈ യുവാക്കൾ നാട്ടിൽ മിക്ക തല്ലുകേസുകളിലും സ്വാഭാവികമായി ചെന്നു ചാടും. അങ്ങനെ ഒരു തല്ലുകാരണം ദുബായിലേക്ക് നാടുവിടേണ്ടി വരുന്ന വസീം തിരിച്ചെത്തി പുതിയൊരു ജീവിതം തുടങ്ങാനിരിക്കെ വീണ്ടും കൂട്ടത്തല്ലിന്റെ നടുവിൽ തന്നെ എത്തിച്ചേരുകയാണ്.

ഈ പറഞ്ഞ പോലെ നേരെ പറയുന്ന കഥ പറച്ചിലല്ല തല്ലുമാലയുടേത്. ബാക്ക്‌സ്റ്റോറിയും പാരലൽ സ്‌റ്റോറിയുമൊക്കെ ഇടകലർത്തി ഗംഭീര എഡിറ്റിംഗിലൂടെ മാത്രം സാധ്യമാവുന്ന ഒരു നവ്യാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. കഥാപാത്രങ്ങളുടെ അപ്പിയറൻസിലോ ദൃശ്യങ്ങളുടെ കളറിംഗിലോ വ്യത്യാസം വരാതെയുള്ള ഈ വ്യത്യസ്ത ടൈംലൈനുകൾ ചേർത്ത് കഥ പറയുമ്പോഴുണ്ടാവാൻ സാധ്യതയുള്ള ആശയക്കുഴപ്പം ഒട്ടും അനുഭവപ്പെടുത്താതെയാണ് ചിത്രം പായ്ക്ക് ചെയ്തിരിക്കുന്നത്.

തുടക്കം മുതൽ ഓരോ സീനുകളും പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്നതാണ്. നേരത്തെ പറഞ്ഞ മാംഗ അനിമേഷന്റെ രീതിയിലാണ് ചിത്രം ഉടനീളം കൺസീവ് ചെയ്തിരിക്കുന്നത്. അത് ചിത്രത്തിന് നൽകുന്ന ചലനാത്മകത ചെറുതല്ല. ഓരോ സീനിൽ നിന്നും അടുത്തതിലേക്ക് മാറുമ്പോഴുള്ള ചടുലത, ഓരോ രംഗങ്ങളും എൻഗേജിംഗ് ആക്കാൻ എടുത്തിടുന്ന ചെറിയ ചെറിയ ടെക്‌സ്റ്റുകൾ, ഗിമ്മിക്കുകൾ ഒക്കെ പടത്തെ ഒരു ഈസി വാച്ച് ആക്കുന്നു. പൊന്നാനി ഭാഷയെ വളരെ തനതായി ഉപയോഗപ്പെടുത്തിയത് ഹൃദ്യമായി. ആ ഭാഷയിൽ നിന്ന് തന്നെ പാട്ടും താളവുമുണ്ടാക്കിയത് രസമുള്ള അനുഭവമായി.

ടൊവീനോ തോമസ്, കല്ല്യാണി പ്രിയദർശൻ

ടൊവിനോ തോമസിന്റെ എനർജിയിലാണ് പടം ഓടുന്നത്. അങ്ങനെയല്ല, ഷൈൻ ടോം ചാക്കോ, ലുഖ്മാൻ, ബിനു പപ്പു, ഓസ്റ്റിൻ ഡാൻ, ആന്ദ്രി ജോ തുടങ്ങിയ മൊത്തം കഥാപാത്രങ്ങളും ഫുൾ എനർജിയിലായിരുന്നെങ്കിലും ടൊവിനോയുടെ ഭയങ്കര ചാമിംഗ് ആയിട്ടുള്ള പ്രകടനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്ന്. മികച്ച സ്റ്റൈലിഷ് ആക്ഷൻ ചനലങ്ങളാണ് ടൊവിനോ പുറത്തെടുത്തത്. ടൊവീനോയുടെ താരപ്പൊലിമ പൂർണമായും ഉപയോഗിച്ച ചിത്രം.

ഷൈൻ ടോം ചാക്കോയുടേതും ബിനു പപ്പുവിന്റേതുമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം. ഷൈൻ ടോമിന്റെ പ്രകടനത്തിന്റെ സ്വഭാവം കഴിഞ്ഞ രണ്ട് മൂന്ന് പ്രകടനങ്ങളിലൂടെ പരിചിതമാണെങ്കിലും അദ്ദേഹം സ്‌ക്രീനിലേക്ക് നൽകുന്ന പ്രസരിപ്പ് ഇപ്പോഴും ഭയങ്കര രസമാണ്. ലുഖ്മാൻ, ഗോകുലൻ, സ്വാതി ദാസ് പ്രഭു തുടങ്ങിയ മറ്റു ഗ്യാംഗ് അംഗങ്ങളും 'അടിച്ചടിച്ച്' നിന്നു.

അൽപം വ്യത്യസ്തമായൊരു വേഷത്തിലാണ് കല്ല്യാണി പ്രിയദർശൻ ചിത്രത്തിലെത്തുന്നത്. കല്ല്യാണിയുടെ ക്യൂട്ട് സ്റ്റീരിയോ ടൈപ് വേഷങ്ങൾ പതിയെ പതിയെ മാറിവരുമെന്ന് പ്രതീക്ഷിക്കാം. ഒരു പാട്ടിൽ മാത്രമെങ്കിലും സലിം കുമാറിന്റെ സീനുകളും വസീമിന്റെ അളിയനായി ഷാഫി കൊല്ലത്തിന്റെ കഥാപാത്രവും രസമുള്ളതായി.

സംവിധാനം, ക്യാമറ, സംഗീതം, എഡിറ്റിംഗ് തുടങ്ങി സാങ്കേതികമായി എല്ലാ തരത്തിലും അടിച്ച് ജയിച്ച് നിൽക്കുന്ന ചിത്രമാണ് തല്ലുമാല. ഒരു കാർട്ടൂണിഷ് സ്വഭാവത്തിലും സൈബർ പങ്ക് (Cyber Punk) കളറിംഗിലുമായി ഒരുക്കിയ ദൃശ്യങ്ങൾ കഥപറച്ചിലിനെ വലിയരീതിയിൽ സപ്പോട്ട് ചെയ്യുന്നുണ്ട്.

തല്ല് കഴിഞ്ഞാൽ പിന്നെ സിനിമയിൽ സംഗീതമാണ്. അത് പാട്ടാവാം, ബിജിഎം ആവാം, തല്ലിന്റെ സ്വാഭാവിക താളമാകാം മൊത്തം ഒരു മ്യൂസിക്കൽ ആക്ഷൻ മൂഡ്. മാലപ്പാട്ടും മാപ്പിളപ്പാട്ടും അറേബ്യൻ ദബ്‌കേ മ്യൂസിക്കും ഒക്കെ ചേർത്തുള്ള സംഗീതമാണ് ചിത്രത്തിലേത്. തല്ലിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ പാട്ടിന്റെ താളത്തെ ക്രമീകരിക്കുന്നതിൽ വിഷ്ണു വിജയ് വിജയിച്ചിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള വ്യത്യസ്ത ആഘോഷം പകരുന്ന പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാട്ടിന്റെ ചിത്രീകരണവും ഒരു ഫ്രഷ് ഫീൽ തരുന്നവയാണ്.

Comments