മുഹ്സിന്റെ തല്ല് ഖാലിദ് മാലയാക്കി

നിത്യജീവിതത്തിൽ അടി കൊണ്ട് ചതഞ്ഞ രണ്ട് പേർക്ക് സ്‌നേഹത്തോടെ കൈകൊടുക്കാൻ ബോക്‌സിംഗ് റിംഗ് പണിയേണ്ട കാര്യമില്ലെന്നാണ് ഈ സിനിമ പറയുന്നത്. അതായത് ഗയ്‌സ് നിങ്ങൾ ഒരാളെ അടിച്ചാൽ അടികൊണ്ടയാൾ മനുഷ്യനാണെന് കരുതി അയാളോട് സ്‌നേഹത്തോടെ കൈകോർക്കുക. കോർക്കുക എന്നതിന് രണ്ടർത്ഥമുണ്ടെന്ന് ഇനി വീട്ടിക്കേറി അടിക്കുറിപ്പ് തരണോ ഗയ്‌സ്. ഈ സിനിമയിൽ കൈകോർത്തു നടക്കുന്ന നായകനും നായികയുമുണ്ട്. തല്ലു കൊണ്ട് മാല കോർക്കുന്ന ചങ്ങായിമാരുണ്ട്. കൊള്ളിയാനുകൾ നട്ടു പിടിപ്പിച്ച പൂന്തോട്ടം പോലെ അവരുടെ വൈബ് പടമാകെ തിളങ്ങിക്കിടക്കുന്നു.

ല്ല് കാണാനുള്ളതാണ്. കേൾക്കാനുള്ളതാണ്. തൊലിപ്പുറത്തറിയാനുള്ളതാണ്. വഴിയോരത്ത്. ട്രെയിൻ ബോഗിയിൽ. പുഴയോരത്ത്. ചന്തയിൽ. ക്ലബ് ഹൗസിൽ. യൂട്യൂബിൽ. പാർലമെന്റിൽ. നാട്ടിൽ. പാട്ടിൽ. വീട്ടിൽ. എവിടെയും അടി നടക്കാനിടയുണ്ട്. അനാവശ്യമായി റോന്തു ചുറ്റണം മാന്യരേ. അപ്പോൾ കാണാം കാളപ്പോരിന്റെ വെറി നെഞ്ചം കൂട്ടിലിട്ട് മനുഷ്യന്മാർ നടന്നു പോകുന്നത്. അടിക്കാനുള്ള ഒരുക്കം എല്ലാ മനുഷ്യന്റെയും ചോരയിൽ ഉറങ്ങുന്നുണ്ട്. തരം കിട്ടിയാൽ അത് പുറത്തു വരികയും ചെയ്യും. ഒരാൾ മറ്റൊരാളെ ഉപദേശിക്കുന്നതിൽ, ഇരുത്തിമൂളിയുള്ള താക്കീതിൽ, പുരികം വളച്ചുള്ള നോട്ടത്തിൽ, അമർത്തിച്ചിരിയുടെ ശ്വാസംമുട്ടിൽ, അസാരം ശക്തിയോടെയുള്ള തോളത്തുതട്ടലിൽ, ക്ഷമിച്ചു എന്ന വാക്കിൽ, നീ നല്ലൊരു മനുഷ്യനാണ് പക്ഷെ നിനക്ക് ഞാൻ ശരിയാവില്ല എന്ന ഇരട്ടത്താപ്പിൽ കരണത്തടിയുടെ പൊകയുണ്ട്! നമ്മൾ പൊക്കികൊണ്ട് നടക്കുന്ന മാന്യതയുടെ അടിവാരത്തിൽ ഒരു തല്ല്‌സീൻ എപ്പോഴുമുണ്ടാകുമെന്ന്! "അടക്കിവെച്ച തല്ലിന്റെ ഒരു മാലയാണ് ജീവിതം' എന്ന് പറഞ്ഞാൽ അത് കടത്തിപ്പറയലാകുമോ ഗയ്‌സ്? ദാ മുഹ്‌സിൻ പരാരി എഴുതിയ തല്ല് ഖാലിദ് റഹ്‌മാൻ മാലയാക്കിയിരിക്കുന്നു.

"അനുരാഗത്തെ കരിക്കിൻ വെള്ള'മെന്ന് വിളിച്ച ഖാലിദ് റഹ്‌മാന്റെ "ഉണ്ട'യ്ക്കും "ലവി'നും ശേഷമുള്ള പുതിയ പടമാണ് തല്ലുമാല. പടമെടുപ്പിന്റെ പ്രതിസംസ്‌ക്കാരതുടർച്ചയിൽ മറ്റൊരുത്തൻ കൂടി ക്യാമറയേന്തുന്നു എന്നതിന്റെ ആനന്ദത്തിലും പ്രതീക്ഷയിലും പിവിആറിന്റെ തണുപ്പിലിരുന്ന് തല്ലിന്റെയും പാട്ടിന്റെയും വെള്ളിമാല കണ്ടു. സംശയം വേണ്ട. മുത്തു പൊട്ടാതെ അതും കഴുത്തിലിട്ട് തിരിച്ചുപോരാമെന്ന് വെക്കരുത്; തല്ലിന്റെയും പാട്ടിന്റെയും മാല കോർത്തു കോർത്തു നിൽക്കണം! ആദിമധ്യാന്തം മുത്തുകളുള്ള ഒരു മാലയല്ലിത്. നൂല് വേറെ മുത്തു വേറെ. പറഞ്ഞു വരുന്നത് ഒറ്റനൂൽ (linear) ജീവിതമല്ല ഇവിടെ ആഖ്യാനപ്പെടുന്നത്. മറിച്ച് നോൺ ലീനിയർ നൂൽക്കുരുക്ക്! കോർക്കുന്നവരുടെ തലയിൽ തന്നെ തയ്യൽ സൂചി വിളയുന്നു! മുത്തുകൾ ഭ്രാന്തെടുത്ത് തുള്ളുന്നു. "നോൺ ലീനിയർ... നോൺ ലീനിയർ..... പടം കണ്ടോരുടെ നാക്കിൻ തുമ്പിൽ ഈ വാക്ക് പേപ്പട്ടിയെ പോലെ കെടന്ന് പൊളയുന്നുണ്ടല്ലോ! അല്ലാ കേട്ടാൽ തോന്നും നമ്മള് ജീവിക്കുന്ന ഈ ജീവിതം റെയിൽപാളം പോലെ ലീനിയർ ആണെന്ന്! നോൺലീനിയർ വൈബുള്ള സിനിമ മനസിലാകുന്നില്ല. നോൺലീനിയർ കഥ മനസിലാകുന്നില്ല. നോൺലീനിയറായ ഓനെ മനസ്സിലാകുന്നില്ല. നോൺലീനിയറായ ഓളെ മനസിലാകുന്നില്ല. സംഭവങ്ങളുടെ തോന്നിവാസം കൊണ്ട് ജീവിതം തന്നെ നോൺ ലീനിയറാണ് ഗയ്‌സ്. പിന്നാണ് ഒരു സിനിമ അല്ലെങ്കിൽ ഒരു കവിത! ലീനിയർ മാന്യരോട് പോകാൻ പറ!

പറഞ്ഞു പറഞ്ഞു നമ്മൾ അകത്തായെന്നു തോന്നുന്നു. സിനിമയ്‌ക്കൊരു അകമുണ്ടെന്നും അകത്ത് കഥയുണ്ടെന്നും കരുതി ടിക്കറ്റ് കീറിയാൽ മുഹ്‌സിൻ പരാരി എന്ന തിരക്കഥകൃത്ത് കെ.എൽ. പത്ത് വണ്ടിയിൽ വന്ന് മുന്നിലിറങ്ങും. അയാൾക്കൊപ്പം "തമാശ'യുടെ തിരനാടകി അഷ്റഫ് ഹംസയും കൂട്ടെഴുത്തിനുണ്ട്. മിസ്റ്റർ പരാരി ഒരു പടമേ സംവിധാനം ചെയ്തിട്ടുള്ളൂ. "KL 10 പത്ത്' എന്നാണ് ആ പടത്തിന്റെ പേര്. സംവിധാനം ചെയ്തതിന് അയാൾ തിരക്കവിത എഴുതി. സംവിധാനം ചെയ്യാത്ത സുഡാനി ഫ്രം നൈജീരിയയ്ക്കും ഹലാൽ ലവ് സ്റ്റോറി ക്കുമൊക്കെ തിരക്കഥകളും! രണ്ടായിരത്തി പത്തിന് ശേഷം മലയാളത്തിലിറങ്ങിയ പരീക്ഷണ സിനിമകളിൽ പ്രധാനപ്പെട്ടതാണ് പരാരിയുടെ KL 10. മുടിഞ്ഞ കവിതയും കുറിക്കും കുറിക്കു വെളിയിലും അങ്ങ് രണ്ട് കിലോമീറ്റർ അപ്പുറത്തും വരെ കൊള്ളുന്ന ആക്ഷേപ ഹാസ്യവും ആ സിനിമയുടെ പ്രത്യേകതയായിരുന്നു. ചിരിച്ചു പോകുന്ന ചിന്തയുടെ മോന്തയുമായാണ് ആ പടം തീയറ്ററിൽ കണ്ടത്. അതും അന്തി നേരത്ത്! കയ്യിൽ ഇനി "ന്ത' ഇല്ലെന്ന അവസ്ഥ വരെ വന്നു. അങ്ങനെ ഇതാ മുഹ്‌സിൻ പരാരി വീണ്ടും "തിരക്കവിത'യുമായി വരുന്നു. കഥയില്ലാത്ത തല്ലുമാലകൾ ഇനി തിരക്കവിത എന്നറിയപ്പെടും ഗയ്‌സ്! തിരക്കവിയായ ഹബീബി മുഹ്‌സിൻ പരാരി, സംവിധായകൻ ഹബീബി ഖാലിദ് റഹ്‌മാന് കൈകൊടുക്കുന്നു. അങ്ങനെ അവർ തല്ലുമാല ഉണ്ടാക്കുന്നു.

തല്ലുമാലയുടെ പടമെടുക്കൽ ചർച്ചയിൽ പരാരിയും റഹ്‌മാനും കൂടി ഒരു മേശയ്ക്കിരുപുറമിരുന്ന് കരണത്തടിക്കുന്ന രംഗം പടം കണ്ടിറങ്ങിയപ്പോൾ വെർതെ ഓർത്തു നോക്കി. ഇങ്ങനെ ഒരു ഓർമ്മ എങ്ങനെ ഓർക്കാൻ കഴിയുന്നു ഗയ്‌സ്? ചങ്ക് പറിക്കുന്ന ഈ അടിയിൽ ചങ്ങായിത്തത്തിന്റെ സന്തോഷസിദ്ധാന്തമുള്ളതിനാലാണ് സ്‌നേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പരസ്പരം അടികൂടുന്നത്. ശത്രുവും മിത്രവും തമ്മിലുള്ള തല്ലിന്റെ മുടന്തൻ പാരമ്പര്യം ഈ പടത്തിൽ കാണാനാവില്ല; മറിച്ച് ശത്രുവും ശത്രുവും മിത്രവും മിത്രവും തമ്മിലുള്ള തല്ലിന്റെ സ്വർണമാല കാണാം. ഇവിടെ ആഭരണം പണിയാൻ ഉപയോഗിച്ച ലോഹം സ്വർണമാണെന്ന് എഴുതേണ്ടി വരുന്നത് അടി കൊള്ളുമ്പോൾ കണ്ണിൽ നിന്ന് പറക്കുന്ന ഈച്ചയുടെ പേര് പൊന്നീച്ച എന്നായത് കൊണ്ടാണ്! അതായത് അടിയുടെ അടിയിൽ ഒരാളുടെ കവിളോ നെഞ്ഞോ തിരുമോന്തയോ ഉണ്ടാകും.

നിത്യജീവിതത്തിൽ അടി കൊണ്ട് ചതഞ്ഞ രണ്ട് പേർക്ക് സ്‌നേഹത്തോടെ കൈകൊടുക്കാൻ ബോക്‌സിംഗ് റിംഗ് പണിയേണ്ട കാര്യമില്ലെന്നാണ് ഈ സിനിമ പറയുന്നത്. അതായത് ഗയ്‌സ് നിങ്ങൾ ഒരാളെ അടിച്ചാൽ അടികൊണ്ടയാൾ മനുഷ്യനാണെന് കരുതി അയാളോട് സ്‌നേഹത്തോടെ കൈകോർക്കുക. കോർക്കുക എന്നതിന് രണ്ടർത്ഥമുണ്ടെന്ന് ഇനി വീട്ടിക്കേറി അടിക്കുറിപ്പ് തരണോ ഗയ്‌സ്. ഈ സിനിമയിൽ കൈകോർത്തു നടക്കുന്ന നായകനും നായികയുമുണ്ട്. തല്ലു കൊണ്ട് മാല കോർക്കുന്ന ചങ്ങായിമാരുണ്ട്. കൊള്ളിയാനുകൾ നട്ടു പിടിപ്പിച്ച പൂന്തോട്ടം പോലെ അവരുടെ വൈബ് പടമാകെ തിളങ്ങിക്കിടക്കുന്നു. പൊന്നീച്ച കൊണ്ട് പണിഞ്ഞ ഇരുപത്തിരണ്ട് ക്യാരറ്റ് തല്ലുമാല!

മണവാളൻ വസീമിന്റെയും അവന്റെ ജിവിതത്തിലെ എല്ലാത്തരം അടികളുടെയും കഥയില്ലായ്മയാണ് വെള്ളിത്തിരയിൽ തല്ലുമാല ഉണ്ടാക്കുന്നത്. കഥയില്ല എന്ന് കേട്ട് മോറ് തിരിക്കണ്ട ഗയ്‌സ്. ജീവിതം ചിലപ്പോൾ കവിതയുടെ കൈപ്പത്തികൊണ്ട് കരണത്ത് ഒന്ന് പൊട്ടിച്ചെന്നിരിക്കും. അപ്പോൾ കഥയില്ലാത്തവരുടെ ജീവിതത്തിൽ കവിത ചെയ്യുന്ന തോന്നിവാസങ്ങൾ പിടികിട്ടിയേക്കും. ഈ പടത്തിലെ നായകൻ അടി കൊടുക്കുന്നുവാൻ മാത്രമല്ല നല്ല ഒന്നാംതരം ഉശിരോടെ അടി നിന്ന് വാങ്ങുന്നവൻ കൂടിയാണ്. യത്തീം കുട്ടിയായ അവന്റെ കാമുകി ബീപാത്തു നിക്കാഹിനിരുന്നുകൊടുക്കുന്നത് തന്നെ തല്ലു മാല കാണാനെന്ന് തോന്നിപ്പോകും. അല്ലെങ്കിലും കല്യാണത്തിന് കൈകോർക്കുന്ന രണ്ട് പേരുടെ കഴുത്തിൽ തല്ലുമാല വീഴുമെന്ന് ആർക്കണറിയാത്തത്. അതുകൊണ്ട് തന്നെ നിക്കാഹിനെക്കാൾ മുന്തിയ അടിക്കു തന്നെയാണ് മുൻപന്തിയിൽ ബിരിയാണി വിളമ്പുന്നത്. പാത്തുവിന്റെ കണ്ണും കയ്യും കിനാക്കളും അഹങ്കാരം വിടാതെ വസീമിന്റെ ഹൃദയത്തിൽ പ്രേമത്തിന്റെ തല്ലുണ്ടാക്കുന്നു. അടക്കി വെച്ചതെല്ലാം കൈപത്തിയിലേക്ക് ആവാഹിച്ച് അവൾ കൂടി മറ്റുള്ളോരുടെ കരണം പൊകയ്ക്കുന്നത് വെറും വെർതെ ഓർത്തുനോക്കി. അയാം ദി സോറി... ഓർമ്മയുടെ അസുഖത്തിന് മരുന്നില്ല ഗയ്‌സ്.

വസീമിനെ അവതരിപ്പിച്ച ടോവിനൊ ബ്രോയും പാത്തുവിനെ വാർക്കാൻ ശ്രമിച്ച കല്യാണി ബ്രോയും നന്നായിരുന്നു. കൂടാതെ ഈ പടത്തിൽ തല്ലിന്റെ മാല കോർത്ത സകലമാന നടികർ മുത്തുകളും ഉയിര് പിഴിഞ്ഞ് പണിയെടുത്തിട്ടുണ്ട്. പേരെടുത്ത് പറഞ്ഞാൽ തീരാത്തോണ്ടാണ്. എല്ലാവരും നന്നായി കിണഞ്ഞിട്ടുണ്ട്. അടിക്ക് ഒരു ഭാഷയുണ്ടെന്ന് പറയാറുണ്ട്. അത് നാടനായാലും കളരിയായാലും. അടിയുടെ നാടൻ ഭാഷ പോലെ വഴുതിപോകുന്ന ഒരു ഭാഷ എടുത്ത പടത്തിനുമുണ്ട്. എഴുതിവെച്ചതിനെ പടമാക്കുന്നവന്റെ തലയിലാണ് ഗയ്‌സ് തല്ലുമാലയ്ക്കുള്ള സ്വർണ്ണം ഉരുക്കുന്നത്. ഹബീബി ഖാലിദ് റഹ്‌മാന് ഒരിക്കൽക്കൂടി സലാം. പടം കാണുമ്പോഴുള്ള കളറ് അടികൊണ്ട ചോരയുടേത് മാത്രമല്ല ഗയ്‌സ്. ഈ പടത്തിന്റെ ഞരമ്പിലൂടെ മഴവില്ലിന്റെ നിറമുള്ള ചോരയാണ് ഒഴുകുന്നത്. ആ വൈബ് പൊളിയാണ് ഗയ്‌സ്.

എല്ലാ മനുഷ്യപ്പടപ്പുകളും ആറിഞ്ചു സ്‌ക്രീനും കയ്യിൽ പിടിച്ച് തീയറ്റർ മൊയലാളിയായി നടക്കുന്ന കാലമാണിത്. കൈപ്പത്തിക്കുള്ളിൽ തീയറ്ററുള്ള ഹോമോ ആണ്ട്രോയിഡ്‌സ്! നവമാധ്യമങ്ങൾ ഓരോ മനുഷ്യനും മറ്റൊരു മനുഷ്യനാകാനുള്ള സാദ്ധ്യത തുറന്നിടുന്നുണ്ട്. അതായത് ഒരു ന്യൂ മീഡിയ ആവാസവ്യവസ്ഥയിൽ ഒരാൾക്ക് അയാളെ കൂടാതെ ഒന്നിലധികം വ്യക്തികളായി ജീവിക്കാനുള്ള അവസരം ലഭിക്കുന്നു. ബ്ലോഗർമാർ, വ്‌ലോഗർമാർ, ടിക്ക്‌ടോക്കികൾ, ഫേസ്ബുക്ക് പോസ്റ്റികൾ, കമന്റു ജീവികൾ, ഇൻസ്റ്റാഗ്രാമികൾ, റീൽജീവികൾ തുടങ്ങി ഒരാൾ തന്റെ ശബ്ദത്തിലൂടെ ചിത്രത്തിലൂടെ വിഡിയോയിലൂടെ മറ്റൊരു ജീവിതത്തെ പണിയുന്ന തിരക്കിലാണ്. ഓൾഡ് ജെൻ വിരൽത്തോണ്ടികൾ "അയ്യോ നമ്മടെ സംസ്‌ക്കാരം പോയേ' എന്നും പറഞ്ഞ് വാവിട്ട് കരഞ്ഞു കൊണ്ട് തന്റെ ആറിഞ്ചു സ്‌ക്രീനിൽ തോണ്ടിയിരിക്കുന്നു. വാദിയും പ്രതിയും ഒരുമിച്ചു തോണ്ടുന്ന പറുദീസ! അപ്പൊ ഗയ്‌സ് പറഞ്ഞു വന്നത് ലീനിയർ വിരൽത്തോണ്ടികൾ കരുതുന്നത് തങ്ങളുടെ ജീവിതം നേർരേഖയിലോടുന്ന പരശുരാം എക്‌സ്‌പ്രെസ്സ് ആണെന്നാണ്. തലയൊന്നു കുനിക്കൂ പ്രിയ ലീനിയർ തോണ്ടികളെ. നിങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്റർനെറ്റ് ഒരു നേർരേഖാപ്രതിഭാസമാണെന്നാണോ വിചാരം? ഉളുപ്പ് വേണമെടോ ഉളുപ്പ്.

വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ വീഡിയോയും ചിത്രങ്ങളും ശബ്ദങ്ങളും കടന്നു വരുന്ന ഒരു യന്ത്രവും കയ്യിൽ പ്പിടിച്ച് കൊണ്ടാണ് നിങ്ങൾ സദാചാരപറുദീസയിലേക്ക് പരശുറാം ഓടിക്കുന്നത്. ഇത് എഴുതിക്കൊണ്ടിരിക്കുന്ന വിരൽത്തോണ്ടി കാട് കയറിയോ ഗയ്‌സ്? മഴവിൽചോര തിളച്ചതാണ് ഗയ്‌സ്. അയാം ദി വെരി വെരി സോറി!

രോമാഞ്ചനിർമ്മാണം, കോൾമയിരിന്റെ ഉത്പ്പാദനം, പുളകംകൊള്ളൽ, തല്ലുഹർഷം, പാട്ടുന്മാദം തുടങ്ങി ഇന്ദ്രിയങ്ങളെ ഇളക്കിവിടുന്ന കളർവേലകൾ ഈ പടത്തിലുണ്ട്. വിരൽത്തോണ്ടികളുടെ മെറ്റവേഴ്‌സിനെയും അതിന്റെ ഇന്ദ്രിയ സാദ്ധ്യതകളെയും പരീക്ഷിക്കാൻ തല്ലുമാലയുടെ ദൃശ്യഭാഷയ്ക്ക് കഴിയുന്നുണ്ട്. ആറിഞ്ചു പ്രപഞ്ചത്തിലെ പടപ്പുകൾ ആരാണ് എഡിറ്റു ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ഓണ്ടോളജിക്കൽ ചോദ്യം ഇവിടെ പ്രസക്തമാണ് ഗയ്‌സ്. ഓണ്ടോളജിക്കൽ കുന്ത്രാണ്ടത്തെ പറ്റി ഇവിടെ പറയാൻ കാരണമുണ്ട് ഗയ്‌സ്. വിരൽ തോണ്ടുന്ന പ്രക്രിയയിലൂടെ സത്താ പരമായി സംഭവിക്കുന്ന ഒരു അദൃശ്യ എഡിറ്റിംഗ് പ്രക്രിയ ഇന്റർനെറ്റ് ജീവിതത്തിൽ ഓരോ മനുഷ്യനിലും സംഭവിക്കുന്നുണ്ട്. അത്തരത്തിൽ മാംഗാ സമാനമായ ഒരു അനിമേറ്റഡ് ഒണ്ടോളജി ഈ പടത്തിന്റെ എഡിറ്റർ ഹബീബി നിഷാദ് യൂസഫ് നിർവഹിക്കുന്നുണ്ട് ഗയ്‌സ്.

ലേഖകൻ
ലേഖകൻ

രോമാഞ്ചനിർമ്മാണയുണിറ്റിൽ വിഷ്ണു വിജയ് എന്ന പാട്ട്-ഹബീബിയുടെ റോളും പറയാതെ വയ്യ ഗയ്‌സ്, തല്ലിന്റെ മുറിവ് പാട്ട് കൊണ്ട് ഊതി ഉണക്കാൻ കഴിയുന്നുണ്ട് . കേരള ഗാന പാരമ്പര്യത്തിലെ മാലപ്പാട്ടിന്റെ ഈണതുടർച്ചകളെ ജിമുട്ടൻ ശൈലിയിൽ പാട്ടാക്കാൻ വിഷ്ണു ബ്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. "തല്ലുമാല കാണൽ എന്നാൽ മുത്തുപാട്ട് കേക്കൽ' എന്ന് കൂടിയാണെന്ന് തോന്നി. തല്ലിനെയും പാട്ടിനെയും സംയോജിപ്പിക്കുന്ന ഒരു യന്ത്രം ഈ പടത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരാതെ ഒരു പാട്ടുപാടി തരുമോ ഗയ്‌സ്. "തരാമോ തരാമോ ആട്ട് തരാതെ നിന്റെ ഹാർട്ട് തരാമോ' എന്ന് തന്നെ ഹബീബികൾ പാടി വിലസിയിട്ടില്ലേ ഗയ്‌സ്. പിന്നെന്തു വേണം ഗയ്‌സ്? വേട്ടയാടൽ, തുരത്തൽ, കൂട്ടിമുട്ടൽ, ഏറ്റുമുട്ടൽ, തട്ടി മറിയൽ, ഉരുണ്ടു വീഴ്ച, മലക്കം മറിച്ചിൽ, പിന്തുടരൽ ഇതൊക്കെ അടിയിൽ മാത്രം അടങ്ങിയിട്ടുള്ള ഇൻഗ്രീഡിയൻസ് അല്ലെന്ന് പറഞ്ഞു കൊണ്ട് നമ്മ വിടവാങ്ങുന്നു ഗയ്‌സ്. അണിയറയിൽ പ്രവർത്തിച്ചവർക്കും അല്ലാത്തവർക്കും ഇനി പ്രവർത്തിക്കാൻ പോണവർക്കും ഉശിരുള്ള പറക്കും കിസ്സ്!


Summary: നിത്യജീവിതത്തിൽ അടി കൊണ്ട് ചതഞ്ഞ രണ്ട് പേർക്ക് സ്‌നേഹത്തോടെ കൈകൊടുക്കാൻ ബോക്‌സിംഗ് റിംഗ് പണിയേണ്ട കാര്യമില്ലെന്നാണ് ഈ സിനിമ പറയുന്നത്. അതായത് ഗയ്‌സ് നിങ്ങൾ ഒരാളെ അടിച്ചാൽ അടികൊണ്ടയാൾ മനുഷ്യനാണെന് കരുതി അയാളോട് സ്‌നേഹത്തോടെ കൈകോർക്കുക. കോർക്കുക എന്നതിന് രണ്ടർത്ഥമുണ്ടെന്ന് ഇനി വീട്ടിക്കേറി അടിക്കുറിപ്പ് തരണോ ഗയ്‌സ്. ഈ സിനിമയിൽ കൈകോർത്തു നടക്കുന്ന നായകനും നായികയുമുണ്ട്. തല്ലു കൊണ്ട് മാല കോർക്കുന്ന ചങ്ങായിമാരുണ്ട്. കൊള്ളിയാനുകൾ നട്ടു പിടിപ്പിച്ച പൂന്തോട്ടം പോലെ അവരുടെ വൈബ് പടമാകെ തിളങ്ങിക്കിടക്കുന്നു.


Comments