അതിജീവിക്കുമോ ഹോളിവുഡ്​?

ഹോളിവുഡിലെ പ്രശസ്തമായ ഏഴു സ്റ്റുഡിയോകളും ഇൻറർനെറ്റിന്റെ വരവോടെ ഭീഷിണി നേരിട്ടിരുന്നു. നെറ്റ്ഫ്ലിക്സും ആമസോണുമൊക്കെ സിനിമാനിർമാണം തുടങ്ങിയതിനെതുടർന്ന്​ അമേരിക്കയിലെ തിയറ്ററുകൾപോലും പരിതാപകരമായ അവസ്ഥയിലാണ്

ഗോളവ്യാധിയിൽ ലോകസിനിമയും ലോക്ക്​ഡൗണിലാണ്​. തിയറ്ററുകളും സ്​റ്റുഡിയോകളും ​ലൊക്കേഷനുകളും നിശ്​ചലമായതോടെ അന്ധമാക്കപ്പെട്ടു, കാഴ്​ചയുടെ വെള്ളിത്തിരകൾ. കലാകാരന്മാർ തൊഴിൽരഹിതരായി, അവരുടെ ഉപജീവനമാർഗങ്ങളെല്ലാം അടഞ്ഞുപോയി. കലയുടെ ആവിഷ്​കാരമെന്നപോലെ, കലാകാരന്മാരുടെ ജീവിതവും പ്രതിസന്ധിയിലാണ്​. നമ്മുടെ സിനിമാപ്രവർത്തകരെപോലെ ഹോളിവുഡിലും, അവിടുത്തെ എല്ലാ യൂണിയനുകളും കോവിഡ്​ കാലം അതിജീവിക്കാൻ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിക്കഴിഞ്ഞു. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട SAG, AFTRA, LATSE എന്നീ കലാകാരന്മാരുടെ സംഘടനകളാണ്​, നിർമാണം പുനരാരംഭിച്ച്​ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട്​ ഉപജീവനം നയിക്കുന്നവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്​.

നിക്ക് കോർഡിയറോ
നിക്ക് കോർഡിയറോ

കഴിഞ്ഞദിവസം മരിച്ച 41 വയസ്സു മാത്രം പ്രായമുള്ള ബ്രോഡ്‌വേ താരം നിക്ക് കോർഡിയറോ (Nick Cordero )കോവിഡ് ബാധിച്ചാണ് മരിച്ചതെന്നത് ഹോളിവുഡിനെ ഞെട്ടിച്ചു. അതോടെയാണ്​ സംഘടനകൾ ‘ The Safe Way Forward’ എന്ന പ്രസ്​താവന പുറത്തിറക്കിയത്. സുരക്ഷിത വസ്ത്രങ്ങൾ, മാസ്‌ക്കുകൾ, ആറടി അകലം... ഇതൊക്കെത്തന്നെയാണ് ഏറ്റവും വലിയ തടസവും. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാൻ സാധിക്കും?.
ഹോളിവുഡിലെ പ്രശസ്തമായ ഏഴു സ്റ്റുഡിയോകളും ഇൻറർനെറ്റിന്റെ
വരവോടെ ഭീഷിണി നേരിട്ടിരുന്നു. നെറ്റ്ഫ്ലിക്സും ആമസോണുമൊക്കെ സിനിമാനിർമാണം തുടങ്ങിയതിനെതുടർന്ന്​ അമേരിക്കയിലെ തിയറ്ററുകൾപോലും പരിതാപകരമായ അവസ്ഥയിലാണ്.
വാർണർ ബ്രദേഴ്സും ലയൺസ് ഗൈറ്റുമുൾപ്പെടെ പ്രശസ്ത സ്റ്റുഡിയോകളുടെ ഭാവി അപകടത്തിൽ എന്നൊരു വാർത്ത ഒരുവർഷം മുൻപ്​ പുറത്തുവന്നിരുന്നു. അതിനുപുറകിൽ, അമേരിക്കയിലെ സാമ്പത്തികവും സാംസ്കാരികപരമായ കാരണങ്ങളുമുണ്ട്​.

ഇന്ത്യയിൽനിന്ന്​ വ്യത്യസ്തമായി ഇവിടെ മിക്കവാറും വീടുകളിൽ ഹോം തിയറ്ററോ ബിഗ്​ സ്ക്രീൻ ടി.വിയോ ഉണ്ടാകും. 4 K പ്രൊജക്റ്ററോടുകൂടിയുള്ള ഹോം തിയറ്ററുണ്ടാക്കാൻ പത്തുകൊല്ലം മുമ്പുള്ളതിന്റെ പകുതി മുടക്കുമുതലേ ആകുന്നുള്ളു എന്നുകൂടി ഓർക്കണം. സ്‌ക്രീൻ ആവശ്യമില്ല, ഭിത്തിയിൽ എത്ര വലിപ്പത്തിൽ പ്രൊജക്റ്റ് ചെയ്താലും പിക്ച്ചർ ക്വാളിറ്റി ഒട്ടും നഷ്​ടപ്പെടില്ല എന്നത് 4K പ്രോജ്‌ക്‌ഷന്റെ പ്രത്യേകതയാണ്. 8K പ്രൊജക്​റ്ററും ഉടൻ വിപണിയിൽ എത്തും.
ഹൈടെക്ക് ഫോണുണ്ടെകിൽ ഫീച്ചർ സിനിമ വരെ എടുക്കാവുന്ന തരത്തിലേക്ക് വളർന്നുകഴിഞ്ഞു. ഭീമാകാരമായ ലൈറ്റുകളോ മറ്റു ആർഭാടങ്ങളോ ആൾബലമോ ആവശ്യമില്ല. സിനിമകൾ ജനങ്ങളുടെ മുന്നിലെത്തിക്കാൻ തിയറ്ററും വേണ്ട. അതുകൊണ്ടാണ് ഹോളിവുഡ് സ്റ്റുഡിയോകൾപോലും അപ്രസക്തമാകുന്ന അവസ്​ഥയുണ്ടാകുന്നത്​.
സമീപഭാവിയിൽ ഇന്ത്യയിൽ, കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഈ ഹോം തീയറ്റർ സംസ്കാരം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അപ്പോൾ എങ്ങനെയായിരിക്കും മലയാള സിനിമയുടെ
വൈഡ് റിലീസ് സംഭവിക്കുന്നത് എന്ന കാര്യം കൗതുകമുണ്ടാക്കും. ഭീമമായ ചെലവില്ലാതെ നിലനിർത്താൻ കഴിഞ്ഞാൽ മാ​ത്രമേ സിനിമക്ക്​ ഭാവിയുള്ളൂ എന്ന തലത്തിലേക്കാണ്​ കാര്യങ്ങൾ പോകുന്നത്​.

ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതും പത്തുകൊല്ലം മുൻപ് തീർത്തും അവിശ്വസനീയമായിരുന്നു എന്നോർക്കണം. അതുകൊണ്ടു അടുത്ത അഞ്ചു കൊല്ലത്തിനകം വിനോദമേഖലയിലെ മാറ്റങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതിൽനിന്ന്​ വ്യത്യസ്തമായിരിക്കും. ഏറ്റവം പുതിയ സാ​ങ്കേതിക വിദ്യയായ വെർച്വൽ സ്ക്രീനിങ് ഉടൻ വരുമെന്ന് കേൾക്കുന്നു. അപ്പോൾ പ്രൊജക്റ്ററു പോലും ആവശ്യമില്ല, ഫോണിൽനിന്ന്​​ നേരിട്ട് എവിടെനിന്നുവേണമെങ്കിലും അന്തരീക്ഷത്തിൽ പ്രൊജക്റ്റ് ചെയ്യാം. ഇതൊക്കെ ഇപ്പോൾ തീർത്തും അവിശ്വസനീയമായി തോന്നാം. പക്ഷെ അതാണ് സത്യം. എന്നാലും സിനിമാ വ്യവസായം ഒരിക്കലും ഇല്ലാതെയാവില്ല, ഒരുപക്ഷെ മറ്റൊരു രൂപത്തിൽ ആയിരിക്കും എന്നുമാത്രം.


Summary: Due to the global pandemic, world cinema is also under lockdown. The lives of artists are also in crisis. The theaters in America are in dire straits after Netflix and Amazon started making movies.


തമ്പി ആൻറണി

കഥാകൃത്ത്, നോവലിസ്​റ്റ്​, നടൻ, സിനിമാ നിർമാതാവ്​. ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം), മല ചവിട്ടുന്ന ദൈവങ്ങൾ (കവിത സമാഹാരം), ഭൂതത്താൻകുന്ന്, കൂനംപാറ കവലയും, ഏകാന്തതയുടെ നിമിഷങ്ങൾ (നോവലുകൾ) വാസ്കോഡിഗാമ, പെൺബൈക്കർ, മരക്കിഴവൻ (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments