പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ തന്നെ പുരോഗമിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് തങ്കം. എന്നാൽ വലിയ ട്വിസ്റ്റുകളോ സസ്‌പെൻസുകളോ ഇല്ലാതെ സ്‌ക്രീനിൽ നടക്കുന്ന ലളിതമായ സംഭവങ്ങളും കഥാപാത്രങ്ങളുടെ പ്രകടനങ്ങളും കൊണ്ടാണ് തങ്കം പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തുന്ന രസകരമായ സിനിമാനുഭവമാക്കുന്നത്.
സ്വർണപ്പണിക്കാരനാണ് മുത്ത് (ബിജു മേനോൻ). മുത്ത് ഉണ്ടാക്കുന്ന സ്വർണാഭരണങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് വിൽപന നടത്തുന്നത് കണ്ണൻ (വിനീത് ശ്രീനിവാസൻ) ആണ്. നിയമപരമായി ശരിയായ വഴിയിലൂടെയല്ല ഇരുവരുടെയും ബിസിനസ് പ്രധാനമായും നടക്കുന്നത്. അത്തരത്തിൽ ഒരു കച്ചവടത്തിനായി മുംബൈയിൽ എത്തുന്ന കണ്ണനെ പെട്ടെന്ന് കാണാതാവുന്നു. അതേ തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ.
ഫാമിലി ഡ്രാമ എന്ന രീതിയിലാണ് തങ്കം കഥ പറഞ്ഞു തുടങ്ങുന്നത്. മുത്തിന്റെയും കണ്ണന്റെയും ബിസിനസിനെയും കുടുംബത്തെയും ചുറ്റുപാടുകളെയും ടൈറ്റിലിൽ തന്നെ പരിചയപ്പെടുത്തിയ ശേഷം ചെറിയ തമാശകളും സംഭവങ്ങളുമായി സിനിമ തുടരുന്നു. തുടക്കം മുതൽ കണ്ണന്റെ കഥാപാത്രത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ പ്രകടനവും എഴുത്തിന്റെ മികവും കൊണ്ട് ആ ദുരൂഹത നന്നായി പ്രേക്ഷകരിലേക്കെത്തിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണ്ണന്റെ കഥാപാത്രത്തോട് വൈകാരികമായി പ്രേക്ഷകരെ അടുപ്പിക്കാൻ ചിത്രം അധികം ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കണ്ണനെ കാണാതാവുന്ന സമയത്ത് അത് വിനീത് ശ്രീനിവാസൻ ചെയ്ത കഥാപാത്രമാണെന്ന എംപതിയാണ് പ്രേക്ഷകരിൽ കൂടുതൽ പ്രവർത്തിച്ചത്.

പിന്നീട് സിനിമയിൽ അൽപാൽപമായി കണ്ണന്റെ
കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് പോവാൻ ശ്യാം പുഷ്കരൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈയൊരു വൈകാരിക അടുപ്പം കൊണ്ടുവരാനായോ എന്ന് സംശയമാണ്. അതേസമയം തന്നെ, ആ ഒരു ട്രാക്ക് വിട്ട് മറ്റൊരു തരത്തിലുള്ള ഇൻവെസ്റ്റിഗേഷൻ സിനിമയിൽ പുരോഗമിക്കുന്നുണ്ട്. കഥയുടെ ആ ട്രാക്കിൽ ശ്യാംപുഷ്കരന്റെ തിരക്കഥ വിജയിച്ചിട്ടുണ്ട്. ശ്യാം പുഷ്കരന്റെ എഴുത്തും, സംഭാഷണവും ഷഹീദ് അറഫാത്തിന്റെ സംവിധാനവും പരസ്പരപൂരകമായി സിനിമയെ ഏറെ എൻഗേജിംഗ് ആക്കുന്നുണ്ട്. എങ്കിലും ക്ലൈമാക്സിനോടടുത്ത ചില വെളിപ്പെടുത്തലുകൾ എല്ലാ പ്രേക്ഷകർക്കും കൺവിൻസ് ആയെന്ന് വരില്ല.
കണ്ണനും മുത്തും തമ്മിലുള്ള കെമിസ്ട്രിയും കണ്ണനിൽ ഉടനീളമുള്ള ദുരൂഹതയുമാണ് ആദ്യപകുതിയിലെ പ്രധാന ടേക് എവേ. ബിജു മേനോന്റെ "കൂൾ' കഥാപാത്രം പുതുമയുള്ളതല്ലെങ്കിലും രസകരമായി തന്നെ സ്‌ക്രീനിലെത്തി.

രണ്ടാം പകുതിയോടടുത്ത് മുംബൈ പൊലീസിന്റെ കഥാപാത്രവുമായി മറാത്തി താരം ഗിരീഷ് കുൽകർണി സ്‌ക്രീനിലെത്തിയതോടെ ബിജു മേനോനെ പോലും അപ്രസക്തമാക്കി ഷോ കയ്യടക്കുന്നുണ്ട്. പിന്നീടങ്ങോട്ട് അവസാനം വരെ സിനിമയെ നയിക്കുന്നത് ഗിരീഷ് കുൽക്കർണിയുടെ ജയന്ത് സഖൽക്കർ എന്ന കഥാപാത്രത്തിന്റെ ഗ്രേസാണ്. ജയന്ത് സഖൽക്കറിന്റെ കൂടെ കേരളത്തിലെത്തുന്ന മറ്റു മുംബൈ പൊലീസ് അംഗങ്ങളെ അവതരിപ്പിച്ചവരും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
കൊച്ചുപ്രേമന്റേതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. രണ്ടോ മൂന്നോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കൊച്ചുപ്രേമൻ ശക്തമായ പ്രകടനം കൊണ്ട് തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ തകർന്നിരിക്കുന്ന, ഒരു മോർച്ചറിക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന കഥാപാത്രം മലയാളികൾക്ക് ഇതുവരെ പരിചയമില്ലാത്ത കൊച്ചുപ്രേമനെയാണ് കാണിക്കുന്നത്.

കണ്ണന്റെയും മുത്തിന്റെയും സുഹൃത്തായെത്തിയ വിനീത് തട്ടത്തിൽ ഡേവിഡും അംബിക ചേച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദിര പ്രസാദും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലുമായി നടക്കുന്ന കഥയിൽ വിവിധ ദേശങ്ങളെ രസകരമായി പകർത്തിയിട്ടുണ്ട് ഗൗതം ശങ്കറിന്റെ ക്യാമറ. സിനിമയുടെ മിസ്റ്ററി എലമെന്റും ഗൗരവവും നിലനിർത്തിക്കൊണ്ടുപോവുന്നതിൽ ഛായാഗ്രാഹണം നിർണായക പങ്കുവഹിക്കുന്നു. ബിജിപാലാണ് സംഗീതം. ഭാവന സ്റ്റുഡിയോസിന്റെയും വർക്കിംഗ് ക്ലാസ് ഹീറോയുടെയും ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.