തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

ജീവിതത്തിലൊരിക്കലെങ്കിലും കള്ളം പറയാത്ത മനുഷ്യരുണ്ടാകുമോ? ആര് ആരോട് എന്തിനു പറയുന്നു എന്നതിനനുസരിച്ച് കള്ളം ചിലപ്പോൾ ഒഴിവാക്കാനാവാത്ത ശരിയാകുന്നു, ചിലപ്പോൾ പറയാൻ പാടില്ലാത്ത ക്രൈം ആകുന്നു. നിങ്ങൾ ഏറ്റവും സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന, ആൾ പോലും നിങ്ങളോട് കള്ളങ്ങൾ പറയാം, ചില സത്യങ്ങൾ പറയാതെയുമിരിക്കാം.

പരസ്പരം ഒന്നും മറച്ചുവയ്ക്കാനില്ലാത്ത രണ്ടു സുഹൃത്തുക്കൾ, കണ്ണനും മുത്തും. മുത്തിന് കണ്ണനിലുള്ള വിശ്വാസം, കണ്ണന് മുത്തിനോടുള്ള കരുതൽ... ഒരു ദിവസം കണ്ണനെ കാണാതാകുന്നു. കുറേയേറെ ദുരൂഹതകൾ ബാക്കിയാകുന്നു.
ഈ പോയന്റിൽ നിന്ന് മുന്നോട്ടും പിന്നോട്ടുമുള്ള യാത്രയാണ് തങ്കം എന്ന സിനിമ. തുടക്കം മുതൽ തന്നെ കണ്ണൻ എന്ന കഥാപാത്രം കാഴ്ചക്കാരന് പിടികൊടുക്കാതെ മാറി സഞ്ചരിക്കുമ്പോൾ, മുത്ത് കൂടുതൽ തെളിമയോടെ, അയാളുടെ എല്ലാ സ്വഭാവസവിശേഷതകളോടും കൂടി തന്നെ പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്നു. മുത്തിനെ ബിജു മേനോനും കണ്ണനെ വിനീത് ശ്രീനിവാസനും മനോഹരമാക്കി.

കണ്ണനെ കാണാതാകുന്ന സന്ദർഭത്തിൽ അയാളുടെ സുഹൃത്തുക്കളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
അവരിൽ നിന്നാണ് പ്രേക്ഷകരും കണ്ണനെ അറിയുന്നത്. കണ്ണനൊപ്പം ഏതറ്റം വരെയും പോകാൻ തയാറാവുന്ന അബാസ്, കണ്ണനുശേഷവും കണ്ണന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരായ അരുൾ, ആദ്യാവസാനം എന്തിനുമേതിനും മുത്തിനും കണ്ണനുമൊപ്പം നിൽക്കുന്ന ബിജോയ്, 'കണ്ണൻ ഒത്തിരി കള്ളങ്ങൾ പറയാറുണ്ടായിരുന്നു ചേട്ടാ' എന്ന തിരിച്ചറിവിലേയ്ക്ക് കണ്ണന്റെ പങ്കാളിപോലും എത്തികഴിഞ്ഞിട്ടും, തന്റെ കൂട്ടുകാരൻ തന്നോട് കള്ളം പറയില്ലെന്ന്, ഉറച്ചു വിശ്വസിക്കുന്ന മുത്ത് തുടങ്ങി സൗഹൃങ്ങളുടെ ഉറപ്പിലാണ് സംവിധായകൻ സഹീദ് അറഫത്ത് ഈ സിനിമ കണ്ണിചേർത്തിരിക്കുന്നത്.

ആദ്യം മുതൽ തന്നെ വിനീതിന്റെ കണ്ണൻ എന്ന കഥാപാത്രം പ്രേക്ഷകരിൽ നിന്ന് ഒരു അകലം സൂക്ഷിക്കുന്നുണ്ട്.
കണ്ണനും പ്രേക്ഷകനും തമ്മിലൊരു വൈകാരിക ബന്ധം രൂപപ്പെടാത്തതു കൊണ്ടു തന്നെ അയാളെ കാണാതാവുമ്പോഴും അയാൾക്ക് എന്തുപറ്റി എന്നറിയാനുള്ള തീക്ഷ്ണമായ ആഗ്രഹം ഒന്നും പ്രക്ഷകരിലുണ്ടാവുന്നില്ല. എങ്കിലും അന്വേഷണത്തിനായി ജയന്ത് സഖൽക്കർ എന്ന പൊലീസുകാരനായി ഗിരീഷ് കുൽകർണി എത്തുന്നതോടെ അവർക്കൊപ്പം അന്വേഷണവഴികളിൽ പ്രേക്ഷകരും കൂടുന്നു. ഒരാളെ ചോദ്യം ചെയ്ത് അതിൽ നിന്ന് മറ്റൊരാളെ കണ്ടെത്തി, അയാളെ ചോദ്യം ചെയ്ത് മറ്റൊരു തുമ്പ് കണ്ടെത്തി മുന്നോട്ടു പോകുന്ന അന്വേഷണ രീതിയും, പലരുടെ ഓർമകളിലൂടെ,
വാക്കുകളിലൂടെ ഒരു കഥാപാത്രത്തെ പ്രേക്ഷകനു കാട്ടിത്തരുന്ന രീതിയും മലയാള സിനിമ മുൻപേ
പരീക്ഷിച്ചിട്ടുള്ളതാണ്. ഈ ആവർത്തനത്തിലും സഹീദ് അറാഫത്ത് എന്ന സംവിധായകനും ടീമിനും കാണികളെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താനാവുന്നുണ്ട്.

ധാരാളം പണം വന്നുപോകുന്ന സ്വർണ്ണ ബിസിനസിലെ പ്രധാന കണ്ണിയായിരുന്നിട്ടുപോലും, ജീവിതത്തിന്റെ രണ്ടറ്റം വിളക്കിച്ചേർക്കാൻ പാടുപെടുന്ന ആഭരണനിർമ്മാതാക്കളുടെ അത്ര തിളക്കമില്ലാത്ത ജീവിതത്തെകുറിച്ച് സിനിമ ഓർമ്മിപ്പിക്കുന്നുണ്ട്. സൗഹൃദങ്ങളിലെ, ബന്ധങ്ങളിലെ, ജീവിതത്തിലെ ഇത്തരം ചില യാഥാർഥ്യങ്ങൾ കൂടിയാണ്
സ്വർണ്ണക്കടത്ത് സിനിമകൾക്കും, ഇൻവെസ്റ്റിഗേറ്റിവ് സിനിമകൾക്കും അത്ര പഞ്ഞമില്ലാത്ത മലയാള സിനിമയിൽ തങ്കത്തെ വേറിട്ടു നിർത്തുന്നതും. ശ്യാംപുഷ്‌കരന്റെ തിരക്കഥയും, ഗിരീഷ് കുൽകർണി, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഇന്ദിര പ്രസാദ്, വിനീത് തട്ടത്തിൽ ഡേവിഡ് തുടങ്ങി സ്‌ക്രീനിലെത്തുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളുടെ അഭിനയമികവും തങ്കത്തിന്റെ മാറ്റു കുറയാതെ കാത്തു.

ആഭരണങ്ങൾ നിർമ്മിച്ച് നിയമാനുസൃതമല്ലാതെ പലനാടുകളിൽ എത്തിച്ചു വിൽപന നടത്തുന്ന മുത്തിന്റെയും കണ്ണന്റെയും തൊഴിൽ രീതികൾ പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്തതുകൊണ്ടും, ക്ലൈമാക്‌സും സിനിമ ഉടനീളവും അതുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടും അവർ ചെയ്യുന്ന തൊഴിലിനെ കുറിച്ചും അതിന്റെ റിസ്‌കിനെ കുറച്ചും പ്രേക്ഷകന് കുറച്ചുകൂടി വ്യക്തത നൽകാമായിരുന്നു.

കേരളം, തമിഴ്‌നാട്, കർണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെ അനായാസമായി
സഞ്ചരിക്കുന്നുണ്ട് ഈ സിനിമ. ഗൗതം ശങ്കറാണ് ക്യാമറ. സന്ദർഭത്തിന്റെ മുഴുവൻ അന്തസത്തെയെയും ചിലപ്പോൾ രണ്ടോ മൂന്നോ വാക്കുകളിലൊതുക്കാൻ ശ്യാം പുഷ്‌കരനും, അത് ഏറ്റവും ഭംഗിയായി പ്രേക്ഷകനിൽ എത്തിക്കാൻ ബിജുമേനോനും കഴിഞ്ഞിട്ടുണ്ട്.

ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെറെന്ന് പറയാനാവില്ലെങ്കിലും കാണികളെയും ഒപ്പം കൂട്ടുന്നുണ്ട് ഈ സിനിമ.

സിനിമയ്ക്കു ശേഷവും, സിനിമ തന്നെ നാളെ മറന്നുപോയാലും, കാണികൾക്കുള്ളിൽ പറയേണ്ടിവന്ന കള്ളങ്ങളും, പറയാൻ കഴിയാതെ പോയ ചില സത്യങ്ങളും ബാക്കിയാവും. പ്രിയപ്പെട്ടവർ നിങ്ങളിൽ നിന്ന് പലതും മറച്ചുവെച്ചത് നിങ്ങൾ വേദനിക്കാതിരിക്കാനാവും എന്ന ആശ്വാസപ്പടുത്തലും.

Comments