ഫ്രീഡ്രിക് നീത്ഷെ
‘ആശ’ കാണുമ്പോൾ

സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ എന്ന സിനിമയുടെ വേറിട്ടൊരു കാഴ്ചയാണിത്. ധാർമികതയുടെ സൗന്ദര്യപരമായ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സിനിമയെ മുൻനിർത്തി ഒരു വിശകലനം: പി.ആർ. രഘുനാഥ് എഴുതുന്നു.

“If you kill a cockroach, you're a hero. If you kill a beautiful butterfly, you're a villain.Morals have aesthetic criteria.”
- Friedrich Nietzsche.

▮

​ഒന്ന്

സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ എന്ന സിനിമയിലെ ആശ എന്ന കഥാപാത്രം വിചിത്രാദ്ധ്യായങ്ങളുള്ള തുറക്കാത്ത ഒരു പുസ്തകമാണ്. പാലുകാച്ചലിന് തയ്യാറായിക്കൊണ്ടിരിക്കുന്ന പുതിയ വീടിന്റെ പൂട്ടിയിട്ട മുറിപോലെയാണ് അവരുടെ മനസ്സ്. തന്റെ രഹസ്യങ്ങളുടെ നിഗൂഢതകളിലേക്ക് എത്തിനോക്കാനുള്ള ഒരു താക്കോൽപ്പഴുതുപോലും അവശേഷിപ്പിക്കാത്ത ഇരുണ്ട മുറി. അവിടെ ചിതറികിടക്കുന്ന ആവശ്യമുള്ളതും ഇല്ലാത്തതുമായ അനേകം കാര്യങ്ങൾ. അവർക്കല്ലാതെ മറ്റാർക്കും അതുതുറക്കുവാൻ കഴിയില്ല. മറ്റാർക്കും പ്രവേശനവുമില്ല. അവിടെ ശത്രുതയും രമ്യതയും സ്നേഹവും ദ്വേഷവും ദേഷ്യവും കരുണയുമുണ്ട്. മുൻവിധികളും അമിതചിന്തയും തന്റേതായ ശരികളുമുണ്ട്. വികാരങ്ങളുടെ ഊഞ്ഞാലാട്ടമുണ്ട്. ആ മനസ്സ് തുറക്കുവാനുള്ള മാന്ത്രികത്താക്കോൽ ആരുടെ കൈവശവുമില്ല. സംവിധായകൻ അതിനു ശ്രമിക്കുന്നുണ്ട്. അതിലയാൾ ഒരു പരിധിവരെ വിജയിക്കുന്നുമുണ്ട്.

എന്നാൽ ആ വാതിൽ ആശ തന്നെ അടയ്ക്കുന്നു. അതിന്റെ ഉഗ്രശബ്ദത്തിൽ പ്രേക്ഷകർ ഒരു നിമിഷം സ്തബ്ധരായിപ്പോകുന്നു. സിനിമാന്ത്യത്തിൽ ആശയെടുക്കുന്ന തീരുമാനത്തോടു യോജിക്കാൻ കഴിയാതെ അവർ തിയേറ്റർ വിടുന്നു. അല്പം വേദനിച്ചാണെങ്കിലും ആശ എടുക്കുന്ന ആ തീരുമാനം സാധാരണ പ്രേക്ഷകരുടെ ധാർമികതയെ ചോദ്യം ചെയ്യുന്നു. അവരപ്പോൾ സിനിമയുടെ തുടക്കത്തിൽ കാണിച്ച നീത്ഷെയുടെ വരികൾ വീണ്ടും ഓർത്തെടുക്കുന്നു.

“If you kill a cockroach, you're a hero. If you kill a beautiful butterfly, you're a villain. Morals have aesthetic criteria”.
അതെ. ധാർമികതയ്ക്ക് സൗന്ദര്യപരമായ മാനദണ്ഡങ്ങളുണ്ട്.

രണ്ട്

ധാർമികം എന്ന വാക്കിന്റെയർത്ഥം ധർമ്മത്തെ സംബന്ധിച്ചത് എന്നാണ്. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ്, പരസ്പരബഹുമാനം, ദയ, സത്യസന്ധത തുടങ്ങിയ ഗുണങ്ങളോടെ ഇടപെടാനുള്ള മനുഷ്യന്റെ കഴിവിനെ, മാനസികാവസ്ഥയെ ധാർമികതയുടെ അടിസ്ഥാനമായി പരിഗണിക്കാം. വിവിധ മതങ്ങൾ അവരുടേതായ രീതിയിൽ ധാർമികതയെ നിർവചിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, മതങ്ങളോടു കലഹിച്ച് ധാർമികതയുടെ സൗന്ദര്യമാനങ്ങളെ ആഴത്തിൽ അപഗ്രഥിച്ചത് ജർമൻ ദാർശനികനായ ഫ്രീഡ്രിക് നീത്ഷെയാണ് (Friedrich Nietzsche 1844-1900).

യുക്തിയും നീതിയുമനുസരിച്ച്, ധാർമികമെന്ന് വിശ്വസിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കുപുറകിലും മുൻവിധികളും വികാരങ്ങളുടെ കടന്നുകയറ്റങ്ങളും നമ്മുടെ സൗന്ദര്യബോധവും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കും.

ഒരു പ്രവൃത്തിയുടെ ശരിതെറ്റുകളെ വിചാരണ ചെയ്യുമ്പോൾ അവിടെ നമ്മുടെ യുക്തിയും നീതിബോധവും സ്വാഭാവികമായും കടന്നുവരും. എന്നാൽ അതിലുപരി സൗന്ദര്യത്തെ/വൈരൂപ്യത്തെക്കുറിച്ചുള്ള, നന്മ തിന്മകളെക്കുറിച്ചുള്ള പൊതുബോധനിർമ്മിതിയെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ,ഭയം, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ,മുൻ വിധികൾ എന്നിവയെല്ലാം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു പാറ്റയെ കൊല്ലുമ്പോൾ നിങ്ങൾ നായകനും മനോഹരമായ ഒരു ചിത്രശലഭത്തെ കൊല്ലുമ്പോൾ വില്ലനുമായി മാറുന്നത്. ഇവിടെ പാറ്റക്ക് വിശേഷണപദമില്ല. എന്നാൽ ചിത്രശലഭത്തെ ബ്യൂട്ടിഫുൾ എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു. ബോധപൂർവ്വമാണ് അത്തരം ഒരു വിശേഷണപദം തിരഞ്ഞെടുത്തത്. അത്തരം തിരഞ്ഞെടുപ്പിലൂടെ ചിത്രശലഭത്തെ കൊല്ലുന്ന ഒരാളുടെ പ്രവൃത്തിയുടെ നീചത ഉറപ്പിക്കുന്നു.

ഫ്രീഡ്രിക് നീത്ഷെ
ഫ്രീഡ്രിക് നീത്ഷെ

കാരണം അതിന്റെ രൂപവും ചിറകുകളുടെ ഭംഗിയും നമ്മുടെ സഹാനുഭൂതിയെ ഉണർത്തുന്നു. എന്നാൽ രൂപംകൊണ്ടും സ്വഭാവം കൊണ്ടും മോശമെന്ന് കരുതുന്ന, നമുക്ക് ഇഷ്ടമല്ലാത്ത പാറ്റയെ കൊല്ലുന്നതിൽ തെറ്റില്ല.നമ്മുടെ ഉള്ളിലുള്ള സൗന്ദര്യപക്ഷപാതിത്വമാണ് ഇതിന്റെ അടിസ്ഥാനം.ഇവിടെ രണ്ടിലും പ്രവൃത്തി ഒന്നാണെങ്കിലും മൂല്യബോധം രണ്ടാണ്.അതുകൊണ്ടാണ് ധാർമിക പൊതുബോധങ്ങളെ നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായി സൗന്ദര്യമാനദണ്ഡങ്ങളിലൂടെ പുനർമൂല്യനിർണയം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് നീഷെ പറയുന്നത്. അതായത് അത് നല്ലതാണ് എന്ന് പറയുമ്പോൾ എന്തുകൊണ്ട് നല്ലതായിയെന്നുചോദിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മുൻവിധികളോ ഇഷ്ടാനിഷ്ടങ്ങളോ തന്റെ തീരുമാനത്തിലെ ധാർമികതയെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് അതിന്റെ യർത്ഥം.

മൂന്ന്

ജീവിതംപോലെ കലയും നന്മതിന്മ സംഘർഷങ്ങളുടെ ഭൂമികയാണ്. ധർമ്മ യുദ്ധമായിത്തുടങ്ങിയ കുരുക്ഷേത്ര യുദ്ധം എങ്ങനെ അധർമ്മയുദ്ധമായി പരിണമിച്ചെന്ന് കുട്ടികൃഷ്ണമാരാർ “ഭാരതപര്യടന”ത്തിൽ സ്ഥാപിക്കുന്നുണ്ട്. യുക്തിയും നീതിയുമനുസരിച്ച്, ധാർമികമെന്ന് വിശ്വസിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കുപുറകിലും മുൻവിധികളും വികാരങ്ങളുടെ കടന്നുകയറ്റങ്ങളും നമ്മുടെ സൗന്ദര്യബോധവും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കും.അതുകൊണ്ട് ധാർമികതയെക്കുറിച്ചുപറയുമ്പോൾ മൂല്യങ്ങളോടൊപ്പംസൗന്ദര്യപക്ഷപാതിത്വത്തെ വിചാരണ ചെയ്യാതെ മുന്നോട്ടുപോകാനാവില്ല.

രണ്ടു ചെറിയ ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാൻ ശ്രമിക്കാം.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം (2013) എന്ന സിനിമയിൽ ജോർജുകുട്ടിയില്ലാത്ത രാത്രിയിൽ വീട്ടിൽ ഒരു കുറ്റകൃത്യം നടക്കുന്നു. സ്വയരക്ഷയുടെ ഭാഗമായിനടന്ന ആ കുറ്റകൃത്യം / കൊലപാതകം മറച്ചുവയ്ക്കുന്നതിനുവേണ്ടി ജോർജുകുട്ടിയെടുക്കുന്ന തീരുമാനങ്ങൾ, പ്രവൃത്തികൾ ധാർമികമായി ശരിയാണോ? സിനിമയുടെ അവസാനം ജോർജുകുട്ടിയുടെ വീട്ടിലെ പോലീസ് പരിശോധനയിൽ വരുൺ പ്രഭാകറിന്റെ മൃതദേഹം കിട്ടുമോയെന്ന ആകാംക്ഷ കൊണ്ടു വീർപ്പുമുട്ടുന്ന പ്രേക്ഷകർക്ക്, റാണിക്കും മക്കൾക്കും നാട്ടുകാർക്കും മുന്നിലേക്ക് പശുക്കുട്ടിയുടെ മൃതദേഹം കിട്ടുന്ന സീൻ വെറുതെയൊന്നോർത്തു നോക്കൂ. ക്ലൈമാക്സ് ട്വിസ്റ്റിലുപരി ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം തിയേറ്ററിൽ നിന്നുയരുന്നു. കൂടെ കയ്യടിയും.

ദൃശ്യം (2013) എന്ന സിനിമയിൽ വരുൺ പ്രഭാകരന്റെ മൃതദേഹം ജോർജ് കുട്ടിയുടെ വീട്ടിൽ നിന്ന് കിട്ടിയാൽപ്പോലും ധാർമികമായി ജോർജുകുട്ടി ശരിയാണെന്ന പൊതുബോധമാണ് കടന്നുവരുന്നത്.
ദൃശ്യം (2013) എന്ന സിനിമയിൽ വരുൺ പ്രഭാകരന്റെ മൃതദേഹം ജോർജ് കുട്ടിയുടെ വീട്ടിൽ നിന്ന് കിട്ടിയാൽപ്പോലും ധാർമികമായി ജോർജുകുട്ടി ശരിയാണെന്ന പൊതുബോധമാണ് കടന്നുവരുന്നത്.

ഇവിടെ വരുൺ പ്രഭാകരന്റെ മൃതദേഹം ജോർജ് കുട്ടിയുടെ വീട്ടിൽ നിന്ന് കിട്ടിയാൽപ്പോലും ധാർമികമായി ജോർജുകുട്ടി ശരിയാണെന്ന പൊതുബോധമാണ് കടന്നുവരുന്നത്. കാരണം ബോധപൂർവ്വം ചെയ്ത ഒരു കൊലപാതകമല്ലത്. കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാണ് ജോർജുകുട്ടി മൃതദേഹം മാറ്റുന്നത്. ഇത് പ്രേക്ഷകരുടെ സഹതാപത്തിനർഹമാണ്. ആ സഹതാപമാണ് ജോർജുകുട്ടിയുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നത്. ഇവിടെ ഉദ്ദേശ്യത്തിന്റെ സൗന്ദര്യമാണ് ധാർമികതയെ വിലയിരുത്താനുള്ള പൊതുമാനദണ്ഡമായി മാറുന്നത്. എന്നാൽ നിയമപരമായി ധാർമികമായത് കുറ്റം ചെയ്ത റാണി /സത്യം മറച്ചുവെച്ച ജോർജുകുട്ടി ശിക്ഷിക്കപ്പെടുകയെന്നതാണത്. ഇതിനെ നൈതികധാർമികത എന്നു വിളിക്കാം. അതിൽ വികാരങ്ങൾക്കോ മുൻവിധികൾക്കോ സ്ഥാനമില്ല.ഈ രണ്ടു ധാർമികതകളും തമ്മിലുള്ള സംഘർഷമാണ് ദൃശ്യം എന്ന സിനിമയെ ഉദ്വേഗജനകമാക്കുന്നത്.

ഇതിൽനിന്ന് വ്യത്യസ്തമാണ് മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ (2019) നായക, പ്രതിനായക കഥാപാത്രമായ ഷമ്മി. അയാൾ സുന്ദരനാണ്. ശാന്തനാണ്. അതുകൊണ്ട് നല്ലവനും ആയിരിക്കും. നന്മയുള്ളതെല്ലാം സുന്ദരമാണ് (തിരിച്ചുമാകാം) എന്ന ഈ പൊതുബോധനിർമ്മിതി സിനിമാന്ത്യത്തിൽ തകരുന്നതുകാണാം. ഷമ്മി ഹീറോയല്ല എന്ന് പ്രേക്ഷകർക്കു ബോധ്യപ്പെടുന്നു.

നന്മയുള്ളതെല്ലാം സുന്ദരമാണ്  എന്ന ഈ പൊതുബോധനിർമ്മിതി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ അവസാനത്തിൽ   തകരുന്നതുകാണാം. ഷമ്മി ഹീറോയല്ല എന്ന് പ്രേക്ഷകർക്കു ബോധ്യപ്പെടുന്നു.
നന്മയുള്ളതെല്ലാം സുന്ദരമാണ് എന്ന ഈ പൊതുബോധനിർമ്മിതി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ അവസാനത്തിൽ തകരുന്നതുകാണാം. ഷമ്മി ഹീറോയല്ല എന്ന് പ്രേക്ഷകർക്കു ബോധ്യപ്പെടുന്നു.

എന്തുകൊണ്ട് ഷമ്മി ഹീറോയല്ല എന്ന ചോദ്യമാണ് നിലവിലെ ധാർമിക മൂല്യങ്ങളെ അട്ടിമറിക്കുന്നത്. പുറമേക്കുള്ള “നല്ല” എന്ന വിശേഷണം ആന്തരികമായി നല്ലതല്ലെന്ന് ഈ സിനിമ ഷമ്മിയിലൂടെ കാണിച്ചു തരുന്നു.ഇതിന് കടകവിരുദ്ധമാണ് നെപ്പോളിയന്റെ മക്കൾ താമസിക്കുന്ന തീട്ടപ്പറമ്പിലെ മുൻവാതിലില്ലാത്ത, അശാന്തമായ ആ കുഞ്ഞു വീട്. എപ്പോഴും സംഘർഷഭരിതമാകുന്ന ആ വീട്, ശാന്തമായി എപ്പോഴും അടഞ്ഞുകിടക്കുന്ന മുൻവാതിലുകളുള്ള ഷമ്മിയുടെ വീടിനേക്കാൾ ധാർമികമായി ശരിയെന്ന് സിനിമ അടിവരയിടുന്നു. തീട്ടപ്പറമ്പ്, കോളനി, മൈര് തുടങ്ങിയ അനേകം അധമ വാക്കുകൾ (?) ഉല്പാദിപ്പിക്കുന്ന പൊതുബോധമുൻവിധികളെ, ധാരണകളെ കുമ്പളങ്ങി നൈറ്റ്സ് വിചാരണ ചെയ്യുന്നു. സാമൂഹികമായി സുന്ദരമെന്നു തോന്നുന്ന ജീവിതത്തെ ധാർമികമായി സുന്ദരമെന്ന് വിധിക്കാൻ ആർക്കും കഴിയില്ല. സൗന്ദര്യത്തിനപ്പുറം മൂല്യവും വികാരങ്ങൾക്കും മുൻവിധികൾക്കുമപ്പുറം നീതിയും കണ്ടെത്താൻ കഴിയുമ്പോഴാണ് ധാർമികബോധം കൂടുതൽ പരിപക്വമാകുന്നത്.

നാല്

പ്രത്യക്ഷത്തിൽ രണ്ടു വ്യക്തികളുടെ അഹന്തകളുടെ (Ego) ഏറ്റുമുട്ടലാണ് ‘ആശ’ എന്നു തോന്നാം. ആശയും (ഉർവശി) ജീമോനും (ജോജു ജോർജ്) തമ്മിൽ. ആണഹന്തകളുടെ ഏറ്റുമുട്ടലുകൾ ‘അയ്യപ്പനും കോശി’യിലും (2020) ‘ഡ്രൈവിംഗ് ലൈസൻസി’ലും (2019) മറ്റനേകം സിനിമകളിലും നാം കണ്ടതാണ്. എന്നാൽ ഇവിടെ ആ ഏറ്റുമുട്ടലുകളിലൂടെ ധാർമികമായി ശരിയേതെന്നു വിധിക്കാൻ ശ്രമിക്കുന്നില്ല സംവിധായകൻ. അത് അയാളുടെ ചുമതലയല്ല. അതിനുപകരം പാറ്റയേയും “മനോഹരമായ”ചിത്രശലഭത്തേയും പറ്റി പറഞ്ഞ്, ധാർമികതയുടെ സൗന്ദര്യമാനദണ്ഡങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടു സിനിമ തുടങ്ങുന്നു. തന്ത്രശാലികളായ കുറ്റവാളികൾ ലളിതമായ കെണികളിൽ വീഴുന്നുവെന്ന ദസ്തയേവ്സ്കിയുടെ വരികൾ കാണിച്ച്, ചില സൂചനകൾ ഒളിപ്പിച്ചുവെച്ച് അതവസാനിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യക്ഷത്തിൽ രണ്ടു വ്യക്തികളുടെ അഹന്തകളുടെ (Ego) ഏറ്റുമുട്ടലാണ് ‘ആശ’ എന്നു തോന്നാം. ആശയും  ജീമോനും  തമ്മിൽ.
പ്രത്യക്ഷത്തിൽ രണ്ടു വ്യക്തികളുടെ അഹന്തകളുടെ (Ego) ഏറ്റുമുട്ടലാണ് ‘ആശ’ എന്നു തോന്നാം. ആശയും ജീമോനും തമ്മിൽ.

അങ്ങനെ നീത്ഷെയിൽ തുടങ്ങി ഫിയോദർ ദസ്തയേവ്സ്കിയിലെത്തുമ്പോൾ സ്വാഭാവികമായും ആൺ- പെൺ അഹന്തകളുടെ ഏറ്റുമുട്ടൽ (Male and female ego clash) എന്നതിലുപരി ആശ ചെയ്യുന്ന കുറ്റകൃത്യങ്ങളെ, അതിനാധാരമായ സംഭവങ്ങളെ ധാർമികമായി പിന്തുണയ്ക്കാൻ കഴിയാതെ പ്രേക്ഷകർ പതറുന്നു. ഇതേ പ്രേക്ഷകർതന്നെയാണ് “ദൃശ്യ”ത്തിലെ ജോർജുകുട്ടിയെയും റാണിയെയും ധാർമികമായി പിന്തുണച്ചത്. “കുടുംബത്തെ രക്ഷിക്കാൻ” എന്ന സമാനത രണ്ടു സിനിമകളുടെയും പൊതുപ്രമേയമാണുതാനും. അതായത് സിനിമയിലെ കഥാപാത്രങ്ങളുടെ ധാർമികതയുടെ വിധാതാക്കളായി പ്രേക്ഷകർ മാറുമ്പോഴും “ആശ” എന്ന സിനിമയിൽ ആശ / ജീമോൻ എന്നീ കഥാപാത്രങ്ങളെ നല്ലത് / ചീത്തത് എന്ന് വിധിക്കാൻ സംവിധായകൻ തയ്യാറായിട്ടില്ല. മറിച്ച് അവരുടെ സാഹചര്യങ്ങളിലൂടെ എന്തുകൊണ്ട് നല്ലത്, എന്തുകൊണ്ട് ചീത്തത് എന്ന് അപഗ്രഥിക്കാൻ മാത്രമാണ് അയാൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് സിനിമ കഴിയുമ്പോൾ വിധാതാക്കളായ പ്രേക്ഷകർ വിധിക്കാൻ കഴിയാതെ പതറിപ്പോകുന്നത്. എങ്കിൽപ്പോലും സിനിമയുടെ അവസാനം സംവിധായകൻ ചെറിയൊരു ആശയക്കുഴപ്പത്തിൽപ്പെടുന്നുണ്ട്. അത് പിന്നീട് വിശദമാക്കാം.

നീത്ഷെയിൽ തുടങ്ങി ഫിയോദർ ദസ്തയേവ്സ്കിയിലെത്തുമ്പോൾ സ്വാഭാവികമായും ആൺ- പെൺ അഹന്തകളുടെ ഏറ്റുമുട്ടൽ (Male and female ego clash) എന്നതിലുപരി ആശ ചെയ്യുന്ന കുറ്റകൃത്യങ്ങളെ, അതിനാധാരമായ സംഭവങ്ങളെ ധാർമികമായി പിന്തുണയ്ക്കാൻ കഴിയാതെ പ്രേക്ഷകർ പതറുന്നു.

ആശയെ നോക്കുക. നിലവിലെ പരമ്പരാഗത സ്ത്രീ /കുടുംബിനി സങ്കല്പത്തിൽനിന്ന് എന്തു വ്യത്യാസമാണ് അവർക്കുള്ളത്? നിലനിൽക്കുന്നആണധികാരവ്യവസ്ഥയുടെ ഇരയാണവർ. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി ജീവിതം മാറ്റിവച്ചവൾ. “ത്യാഗിനി”. നിലവിലെ പരമ്പരാഗത മൂല്യങ്ങളെ അതേപടി പിന്തുടരുന്നവൾ. വിവാഹമാണ് ഒരു സ്ത്രീയുടെ ജീവിതത്തെ സുരക്ഷിതമാക്കുന്നതെന്ന് വിശ്വസിക്കുന്നവൾ. സ്വന്തം ജീവിതം തന്നെ അക്കാര്യത്തിൽ ആശയെ സംബന്ധിച്ച് വിരോധാഭാസമാണ്. കാരണം ഹൃദയാഘാതം വന്നുമരിച്ച നേവിക്കാരനായ ഭർത്താവ് ആശയെ ഉപദ്രവിക്കുമായിരുന്നു. ഒരു രാത്രിയിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നത് ആശ നേരിട്ട് കണ്ടിട്ടുണ്ട് (ആ മരണം കൊലപാതകമാണെന്ന് വേണമെങ്കിൽ സംശയിക്കാം. കാരണം അത്രമാത്രം പ്രശ്നക്കാരനായിരുന്നു അയാൾ. അയാളിൽനിന്ന് രക്ഷപ്പെടേണ്ടത് ആശയുടെ ആവശ്യമായിരുന്നു. ആ മരണത്തിന് ഒരേ ഒരു ദൃക്സാക്ഷിയേയുള്ളൂ- അത് ആശയാണ്.

ഒറ്റനോട്ടത്തിൽ, ആദ്യ ഇടപെടലിൽ “സംസ്കാരമില്ലാത്തവൻ” എന്ന മുൻവിധി സൃഷ്ടിക്കാൻ പര്യാപ്തമാണ് ജീമോന്റെ കഥാപാത്രസൃഷ്ടി.
ഒറ്റനോട്ടത്തിൽ, ആദ്യ ഇടപെടലിൽ “സംസ്കാരമില്ലാത്തവൻ” എന്ന മുൻവിധി സൃഷ്ടിക്കാൻ പര്യാപ്തമാണ് ജീമോന്റെ കഥാപാത്രസൃഷ്ടി.

ആ മരണം നൽകിയ ആത്മവിശ്വാസത്തിൽ നിന്നായിരിക്കാം ജീമോനെയും ആസിഫിനെയും കൊല്ലാൻ ആശ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കൂട്ടത്തിൽ ഒരു സാധ്യത ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. എന്നാൽ അതിനുള്ള തെളിവുകളൊന്നും സിനിമയിലില്ല). അങ്ങനെയുള്ള ആശയാണ് മകൾ അനഘയുടെ (ഐശ്വര്യ ലക്ഷ്മി) പ്രണയത്തെ എതിർക്കുന്നത്. മക്കൾ വീഴാതെ നോക്കേണ്ടത് “അമ്മ”മാരുടെ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്ന ആശ പുതിയ തലമുറയെ, അവരുടെ ചിന്തകളെ, അഭിപ്രായങ്ങളെ, ജീവിത വീക്ഷണങ്ങളെ അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. അത് അമ്മയും മകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നു. എന്നിരുന്നാലും പുതിയ വീടിന്റെ പണി ഒറ്റയ്ക്ക് നോക്കി നടത്തുന്ന, മകളുടെ വിവാഹശേഷം മാത്രം അയൽവാസിയായ സന്തോഷുമായുള്ള രണ്ടാംവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന, പിടിവാശിയുള്ള, മുൻവിധികളുള്ള, ദേഷ്യക്കാരിയായ, അമിത സംരക്ഷണം സ്നേഹമാണെന്ന് തെറ്റിദ്ധരിക്കുന്ന ആശ പല സന്ദർഭങ്ങളിലും തന്റെ കരുത്തു തെളിയിക്കുന്നുണ്ട്.ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ (അതിനെ ഭ്രാന്തായി കാണാനാണ് മകൾ വരെ ശ്രമിക്കുന്നത്) അതിൽ കൂടുതലായി പ്രേക്ഷകർക്ക് നൽകുവാൻ ഉർവശി എന്ന അഭിനേത്രിക്ക് അനായാസം കഴിയുന്നുമുണ്ട്.

നീതിയും ന്യായവും അതു സൃഷ്ടിച്ച ധാർമികതയും അയാളുടെ ഭാഗത്തായിട്ടുപോലും ധാർമികതയെ സൗന്ദര്യമാനദണ്ഡങ്ങൾകൊണ്ടളക്കുമ്പോഴുള്ള, അളക്കുമ്പോഴുണ്ടാകുന്ന വൈരൂപ്യത്തിന്റെ ഇരകളാണ് ജീമോനും ആസിഫും.

സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ ജീവിക്കുന്ന ആളാണ് ജീമോൻ. ജോസ് മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു സാധാരണ പ്ലംബർ. നല്ലപോലെ മദ്യപിക്കും. രണ്ടുമൂന്നു പോലീസ് കേസുണ്ട്. അയാളുടെഭാര്യ മക്കളെയും കൂട്ടി മറ്റൊരുത്തന്റെ കൂടെപ്പോയി. ഷർട്ടും കൈലിയുമാണ് സ്ഥിരം വേഷം. ദേഷ്യം കൂടെപ്പിറപ്പാണ്. ന്യായം ആരോടും പറയും. ഒറ്റനോട്ടത്തിൽ, ആദ്യ ഇടപെടലിൽ “സംസ്കാരമില്ലാത്തവൻ” എന്ന മുൻവിധി സൃഷ്ടിക്കാൻ പര്യാപ്തമാണ് ജീമോന്റെ കഥാപാത്രസൃഷ്ടി. ഈ മുൻവിധി മുമ്പുസൂചിപ്പിച്ച ധാർമികതയുടെ സൗന്ദര്യ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടതാണ്.അയാളുടെ സഹായി ആസിഫാകട്ടെ അനാഥനാണ്. കറുത്ത നിറമുള്ളവനാണ്. അവർ തമ്മിൽ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും ബാറിൽ വെച്ചാണ്. “എന്താ! ബാറിൽ വച്ച് സുഹൃത്തുക്കളായിക്കൂടെ?’’ എന്ന് പോലീസുകാരുടെ കളിയാക്കലുകൾക്ക് ആസിഫ് മറുപടി പറയുന്നുണ്ട്.

ആശയും മകളും “സ്ഫടികം” റീറിലീസ് സിനിമ കണ്ടു അർദ്ധരാത്രി കാറിൽ മടങ്ങുമ്പോൾ ആശയുടെ അശ്രദ്ധകൊണ്ട് വണ്ടി കുഴിയിൽ ചാടുന്നു. എതിരെവന്ന ജീമോൻ വണ്ടി വെട്ടിച്ചില്ലായിരുന്നുവെങ്കിൽ അപകടത്തിന്റെ ഗൗരവം വർദ്ധിക്കുമായിരുന്നു. ജീമോന്റെ വണ്ടി മരത്തിൽ ഇടിക്കുന്നു. പിന്നീട് ആ സംഭവത്തിൽ ജീമോന്റെ ഇടപെടൽ, അയാൾ മദ്യപിച്ചിരുന്നു എന്ന കാരണം, കാറോടിച്ചിരുന്നവർ സ്ത്രീകൾ ആണെന്ന പരിഗണന, ജീമോന്റെ ക്രിമിനൽ പശ്ചാത്തലം, നാട്ടുകാരുടെ ഇടപെടൽ, ആശയുടെ പിടിവാശി തുടങ്ങിയ അനേകം ഘടകങ്ങൾ കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നു. നാട്ടുകാരുടെയും പോലീസിന്റെയും ആശയുടെയും മുൻവിധികൾ സ്വാധീനിച്ച ധാർമികത ഒന്നാകുമ്പോൾ വാദി പ്രതിയാകുന്നു. അതിനാൽ കേസ് ഒഴിവാക്കിത്തരണമെന്ന് ഒരു ഘട്ടത്തിൽ ജീമോൻ ആശയോട് അപേക്ഷിക്കുന്നുണ്ട്. പക്ഷേ, ആശ പിടിവാശി ഉപേക്ഷിക്കുന്നില്ല. അതിനാൽത്തന്നെ അവർ തമ്മിലുള്ള ശത്രുത കൂടുന്നു.ഈ സംഭവം സിനിമാഗാത്രത്തിന്റെ നട്ടെല്ലാണ്.

കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ  അതിൽ കൂടുതലായി പ്രേക്ഷകർക്ക് നൽകുവാൻ ഉർവശി എന്ന അഭിനേത്രിക്ക് അനായാസം കഴിയുന്നുണ്ട്.
കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതിൽ കൂടുതലായി പ്രേക്ഷകർക്ക് നൽകുവാൻ ഉർവശി എന്ന അഭിനേത്രിക്ക് അനായാസം കഴിയുന്നുണ്ട്.

ഇതിനോടനുബന്ധമായി കൂട്ടിവായിക്കേണ്ട മറ്റൊരു സന്ദർഭമുണ്ട്. അമ്മയോട് വഴക്കിട്ട് രാത്രിയിൽ വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന അനഘക്കു സംഭവിക്കുന്ന ഒരു അപകടം, അവൾ ബലാത്സംഗത്തിന് വിധേയ യായിരിക്കുന്നു എന്ന ആശയുടെ മുൻവിധി, അതിനു കാരണക്കാർ തന്നോട് ശത്രുതയുള്ള ജീമോനും ആസിഫും ആകാമെന്നുള്ള അമിത ചിന്ത, സാധ്യതകൾ, പ്രതികാരവാഞ്ഛ, അതിനുള്ള ആസൂത്രണങ്ങൾ, അതുണ്ടാക്കുന്ന മാനസികാഘാതങ്ങൾ തുടങ്ങി അനേകം സംഘർഷങ്ങളിലൂടെയാണ് പിന്നീട് സിനിമ കടന്നുപോകുന്നത്. ഒരു ഘട്ടത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ അനഘയിൽ നിന്നുതന്നെ ആശ അറിയുന്നുണ്ട്. അപ്പോഴേക്കും ആസിഫ് കൊല്ലപ്പെടുന്നു. പണി നടക്കുന്ന പുതിയ വീടിന്റെ സ്റ്റോർ റൂമിൽ ബന്ധനസ്ഥനായി മരണം കാത്തു കിടക്കുകയാണ് ജീമോൻ അപ്പോൾ.

ചായയിൽ വീണ ഉറുമ്പിനെ ചൂണ്ടുവിരൽ കൊണ്ട് രക്ഷിച്ചെടുത്ത് ഡൈനിങ് ടേബിളിൽ വയ്ക്കുന്ന ആശയെ നമ്മൾ ഒരു സീനിൽ കണ്ടതാണ്. ആ ഉറുമ്പിനോട് കാട്ടിയ കാരുണ്യം, ധാർമികത ഒരു തെറ്റും ചെയ്യാത്ത, സ്വന്തം മകളെ അപകടത്തിൽ നിന്ന് രക്ഷിച്ച ജീമോനോട് ആശ കാണിക്കാത്തതിന് എന്താകാം കാരണം? അയാൾ ശത്രുവല്ല. മിത്രവുമല്ല. പക്ഷേ ആശയ്ക്ക് അയാളെ സംബന്ധിച്ച് മുൻവിധികളുണ്ട്. വെറുതെ വിട്ടാൽ അയാൾ തനിക്ക്, തന്റെ മക്കൾക്ക് ഭീഷണിയാകുമോ എന്ന ഭയം. അവിശ്വാസം.ധാർമികതയുടെ സൗന്ദര്യമാനദണ്ഡം ഇവിടെയും കടന്നുവരുന്നു. തനിക്ക് യാതൊരു ഉപദ്രവവുമില്ലാത്ത, ഒരു “പാവം” ജീവിയായ ഉറുമ്പിനെരക്ഷിച്ച അതേ ചൂണ്ടുവിരൽകൊണ്ട് ആശ ജീമോനെ ശത്രുവായി അടയാളപ്പെടുത്തുന്നു. മുമ്പ്, പോലീസും നാട്ടുകാരും ആശയോടൊപ്പംനിന്ന് അതേ ചൂണ്ടുവിരൽകൊണ്ടുതന്നെയാണ് അയാളെ പ്രതിയാക്കിയതും.

തനിക്ക് യാതൊരു ഉപദ്രവവുമില്ലാത്ത, ഒരു “പാവം” ജീവിയായ ഉറുമ്പിനെരക്ഷിച്ച അതേ ചൂണ്ടുവിരൽകൊണ്ട് ആശ ജീമോനെ ശത്രുവായി അടയാളപ്പെടുത്തുന്നു.
തനിക്ക് യാതൊരു ഉപദ്രവവുമില്ലാത്ത, ഒരു “പാവം” ജീവിയായ ഉറുമ്പിനെരക്ഷിച്ച അതേ ചൂണ്ടുവിരൽകൊണ്ട് ആശ ജീമോനെ ശത്രുവായി അടയാളപ്പെടുത്തുന്നു.

നീതിയും ന്യായവും അതു സൃഷ്ടിച്ച ധാർമികതയും അയാളുടെ ഭാഗത്തായിട്ടുപോലും ധാർമികതയെ സൗന്ദര്യമാനദണ്ഡങ്ങൾകൊണ്ടളക്കുമ്പോഴുള്ള, അളക്കുമ്പോഴുണ്ടാകുന്ന വൈരൂപ്യത്തിന്റെ ഇരകളാണ് ജീമോനും ആസിഫും. അതുകൊണ്ടാണ് പാറ്റയെ കൊല്ലുമ്പോൾ നായകനും ചിത്രശലഭത്തെ കൊല്ലുമ്പോൾ വില്ലനുമാകുന്നതിന്റെ രസതന്ത്രം സിനിമയുടെ തുടക്കത്തിൽത്തന്നെ പറയേണ്ടി വരുന്നത്. ധാർമികതയിലെ ഈ വൈരുദ്ധ്യം, സൗന്ദര്യ പക്ഷപാതിത്വം ആശയിലൂടെ വ്യക്തമാക്കാൻ സംവിധായകന് കഴിയുന്നുണ്ട്. എങ്കിലും അയാൾ ചെറിയൊരു ആശയക്കുഴപ്പത്തിൽപ്പെടുന്നുണ്ടെന്ന് നമുക്ക് തോന്നിയേക്കാം. അല്ലെങ്കിൽ പ്രേക്ഷകർക്ക് അത്തരമൊരു ആശയക്കുഴപ്പം സംഭവിക്കുമോ എന്ന പരിഭ്രമം അയാൾക്കുണ്ട്.

കാരണം, നൈതികമായി ഈ കൊലപാതകങ്ങളെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല.വളരെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഈ കൊലപാതകങ്ങൾ എന്തിന്റെ പേരിലായാലും പുറത്തറിയാതെ ആശ രക്ഷപ്പെടുന്ന സിനിമാന്ത്യം പ്രേക്ഷകരെ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാക്കും. അതിനെ മറികടക്കാൻ വേണ്ടിയാകണം ഫിയോദർ ദസ്തയേവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്ന നോവലിലെ വരികൾ പ്രദർശിപ്പിച്ചുകൊണ്ട് സിനിമ അവസാനിപ്പിക്കുന്നത്.

“ബുദ്ധിശാലികളായ ആളുകൾ ഏറ്റവും എളുപ്പത്തിൽ പിടിക്കപ്പെടുന്നത് ചില മണ്ടത്തരങ്ങളിലാണ്. ആളുകൾ കൂടുതൽ തന്ത്രശാലികളാകുമ്പോൾ, ഒരു ലളിതമായ കാര്യത്തിൽ അവർ പിടിക്കപ്പെടുമെന്ന് അവർ സംശയിക്കുന്നതുകുറയും. അവർ കൂടുതൽ തന്ത്രശാലികളാകുമ്പോൾ, അവർ പിടിക്കപ്പെടേണ്ട കെണിയും ലളിതമാണ്.”

ഇതിലെ അവസാനവരി ഒന്നു കൂടി വായിച്ചു നോക്കൂ: ‘‘അവർ കൂടുതൽ തന്ത്രശാലികളാകുമ്പോൾ, അവർ പിടിക്കപ്പെടേണ്ട കെണിയും ലളിതമാണ്.”

വളരെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഈ കൊലപാതകങ്ങൾ എന്തിന്റെ പേരിലായാലും പുറത്തറിയാതെ ആശ രക്ഷപ്പെടുന്ന സിനിമാന്ത്യം പ്രേക്ഷകരെ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാക്കും.
വളരെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഈ കൊലപാതകങ്ങൾ എന്തിന്റെ പേരിലായാലും പുറത്തറിയാതെ ആശ രക്ഷപ്പെടുന്ന സിനിമാന്ത്യം പ്രേക്ഷകരെ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാക്കും.

പൊലീസിന്റെ ലളിതമായ കെണിയിൽ തന്ത്രശാലിയായ ആശ വന്നുചാടുമെന്ന സൂചന ഒളിപ്പിച്ചുവെച്ചാണ് സംവിധായകൻ പിൻവാങ്ങുന്നത്. സിനിമയ്ക്ക് ധാർമികമായ മറ്റൊരു മാനം നൽകാൻ അയാൾ ശ്രമിക്കുമ്പോഴും ഇതൊരു ഒത്തുതീർപ്പാണെന്ന് പറയേണ്ടിവരും. കൂടാതെ ഇവിടെ സംവിധായകൻ പ്രേക്ഷകർക്കായി കരുതിവച്ച സങ്കീർണമായ മറ്റൊരു കെണികൂടിയാണ് ദസ്തയേവ്സ്കിയുടെ ഈ വരികൾ. “ബുദ്ധിശാലി”കളായ പ്രേക്ഷകർ ആ കെണിയിലേക്ക് അറിയാതെയെങ്കിലും വീണുപോകുമെന്ന് “തന്ത്രശാലി”യായ സംവിധായകൻ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. പിന്നീട് ആ കെണിയിൽ വീണ ബുദ്ധിശാലികളായ പ്രേക്ഷകരെ നോക്കി അതിഗൂഢമായി മന്ദഹസിച്ചുകൊണ്ട് അയാൾ എവിടെയെങ്കിലും മാറിനിൽക്കുന്നുണ്ടാവുമെന്ന് കരുതുന്നതിൽ തെറ്റില്ല.


Summary: P.R. Raghunath exploring the aesthetics of morality, human relationships, and ethical values in the film Aasha directed by Safar Sanal.


പി.ആർ. രഘുനാഥ്

മലപ്പുറം ജില്ലയിലെ ഊരകം കീഴുമുറി സ്വദേശി.

മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകൻ.

Comments