മലയാള സിനിമയിലെ പോലീസ് സങ്കൽപ്പത്തിന് ഏറെക്കാലം പുരുഷന്റെ ശരീരവും ശബ്ദവുമായിരുന്നു. കാക്കി, തോക്ക്, പരുക്കൻ സംഭാഷണം, നിയമത്തിന് മുകളിലേക്കുപോലും ഉയരുന്ന അധികാരം- ഇവ ചേർന്നാണ് സിനിമയിലെ ‘പോലീസ് നായകൻ’ രൂപപ്പെട്ടത്. ആ ലോകത്തേക്ക് സ്ത്രീ കടന്നുവന്നപ്പോൾ അവളെ വെറുമൊരു പോലീസ് ഉദ്യോഗസ്ഥയായി അവതരിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല.
‘പുരുഷനോളം കരുത്തുള്ള സ്ത്രീ’ എന്ന നിലയിലായിരുന്നു അവളുടെ ആദ്യകാല രൂപം. വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രങ്ങൾ ആ മാറ്റത്തിന്റെ പ്രതീകമായിരുന്നു. ‘ദ ട്രൂത്ത്’, ‘ജനാധിപത്യം’, ‘പ്രജ’, ‘ചതുരംഗം’ തുടങ്ങിയ സിനിമകളിൽ കാക്കിയണിഞ്ഞ സ്ത്രീശക്തിയുടെ പ്രതീകമായി എത്തുന്നു. പുരുഷന്മാരുടെ ആക്ഷൻ ലോകത്തേക്ക് സ്ത്രീയെ കൊണ്ടുവന്നത് തീർച്ചയായും ഒരു മാറ്റമായിരുന്നു. പക്ഷേ ആ മാറ്റത്തിനുള്ളിൽ തന്നെ ഒരു വൈരുധ്യമുണ്ടായിരുന്നു. സ്ത്രീയുടെ കരുത്തിനെ അംഗീകരിക്കാൻ സിനിമയ്ക്ക് അവളെ പുരുഷന്റെ അതേ ഭാഷയിലും ശരീരഭാഷയിലും അവതരിപ്പിക്കേണ്ടിവന്നു.
‘ദ ട്രൂത്ത്’-ലെ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രം അധികാരത്തിന്റെ ഉറച്ച മുഖത്തോടെയാണ് എത്തുന്നത്. എന്നാൽ നായകന്റെ സാന്നിധ്യം ശക്തമാകുന്നതോടെ ആ അധികാരത്തിന് ലഭിച്ചിരുന്ന സ്വതന്ത്ര ഇടം ചുരുങ്ങുന്നു. ‘പ്രജ’-യിലെ മായ മേരി കുര്യനും സമാന അനുഭവമാണ് നേരിടുന്നത്. തുടക്കത്തിൽ ശക്തമായ ഉദ്യോഗസ്ഥയായി നിൽക്കുന്ന കഥാപാത്രം, കഥ മുന്നോട്ടുപോകുമ്പോൾ പുരുഷ നായകന്റെ പ്രഭാവത്തിന് പിന്നിലേക്ക് മാറുന്നു.

‘ചതുരംഗം’ മറ്റൊരു പ്രശ്നത്തിലേക്ക് വിരൽചൂണ്ടുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥയെ നേരിടാനുള്ള ആയുധമായി അവളുടെ ഔദ്യോഗിക കഴിവുകളല്ല, സ്ത്രീത്വവും സ്വഭാവവുമാണ് ഉപയോഗിക്കുന്നത്. അധികാരസ്ഥാനത്തിരിക്കുന്ന സ്ത്രീയെ അപമാനിക്കാൻ പോലും അവളുടെ ലൈംഗിക സദാചാരത്തെ ചോദ്യം ചെയ്യുന്നത് സിനിമകളിൽ ആവർത്തിച്ചിരുന്ന ഒരു രീതിയായിരുന്നു. പുരുഷന് അധികാരം സ്വാഭാവികമായി ലഭിക്കുമ്പോൾ, സ്ത്രീയുടെ അധികാരം പലപ്പോഴും അവളുടെ ‘സ്വഭാവ’ത്തിന്റെ പരിശോധനയിലൂടെ കടന്നുപോകേണ്ടിവന്നു. അതുകൊണ്ട് പഴയ സിനിമകളിലെ വനിതാ പോലീസിനെ വെറുമൊരു ‘ശക്തയായ സ്ത്രീ’ എന്ന വിശേഷണത്തിൽ ഒതുക്കാനാകില്ല. അവൾക്ക് തോക്കും കാക്കിയും നൽകി. എന്നാൽ അവളുടെ അധികാരം ആരുടെ അംഗീകാരത്തിലാണ് നിലനിന്നിരുന്നത് എന്ന ചോദ്യം സിനിമ പലപ്പോഴും ഒഴിവാക്കി.
പിന്നീടാണ് വനിതാ പോലീസ് കഥാപാത്രങ്ങളുടെ ലോകം കുറച്ചുകൂടി സങ്കീർണമാകുന്നത്. ‘ദൃശ്യം’-ത്തിലെ ഗീതാ പ്രഭാകർ അതിന്റെ ഉദാഹരണമാണ്. ആശാ ശരത് അവതരിപ്പിച്ച ഈ കഥാപാത്രം അന്വേഷണ ഉദ്യോഗസ്ഥ മാത്രമല്ല; വ്യക്തിജീവിതവും വൈകാരികതകളും ഉള്ള ഒരാളാണ്. എന്നാൽ അവിടെയും ഒരു കൗതുകകരമായ കാര്യമുണ്ട്-അവളുടെ അന്വേഷണശേഷിയോടൊപ്പം അമ്മ എന്ന വ്യക്തിത്വവും കഥയിൽ നിർണായകമാകുന്നു. സ്ത്രീയുടെ ഔദ്യോഗിക സ്വത്വത്തിനൊപ്പം കുടുംബബന്ധങ്ങളെ ചേർക്കുന്ന പതിവ് ഇവിടെ തുടരുന്നു.
‘സ്ത്രീയായിട്ടും പുരുഷനെപ്പോലെ കരുത്തുള്ളവൾ’ എന്ന പഴയ സങ്കൽപ്പത്തിൽനിന്ന്, സ്ത്രീ എന്ന നിലയിലുള്ള അവളുടെ അനുഭവങ്ങളും അധികാരബന്ധങ്ങളും വ്യക്തിത്വവും കൂടി കാണുന്ന കഥാപാത്രങ്ങളിലേക്ക് സിനിമ പതുക്കെ നീങ്ങുന്നു.
‘അഞ്ചാം പാതിരാ’യിലെ ഡി.സി.പി. കാതറിൻ ഈ പതിവിൽനിന്ന് കുറച്ചുകൂടി മാറിനിൽക്കുന്ന കഥാപാത്രമാണ്. അമിതമായ ആക്ഷനോ അധികാരപ്രകടനമോ ഇല്ലാതെ നിരീക്ഷണത്തിലൂടെയും അന്വേഷണബോധത്തിലൂടെയുമാണ് കഥാപാത്രം ശ്രദ്ധ നേടുന്നത്. ‘ഫോറൻസിക്’-ലെ റിതിക സേവ്യർ ഐ.പി.എസും അന്വേഷണത്തിന്റെ ഭാഗമാണ്. പക്ഷേ ഇത്തരം സിനിമകളിലും കഥയുടെ നിർണായകമായ ബുദ്ധികേന്ദ്രം പലപ്പോഴും പുരുഷ കഥാപാത്രങ്ങളിലേക്ക് മാറുന്നു. സ്ത്രീക്ക് പോലീസ് പദവി നൽകുന്നതും കഥയുടെ നിയന്ത്രണം നൽകുന്നതും ഒരേ കാര്യമല്ല.
‘അയ്യപ്പനും കോശിയും’ ഇവിടെ കൂടുതൽ പ്രധാനപ്പെട്ട ഇടപെടലാണ്. ധന്യ അനന്യ അവതരിപ്പിച്ച ജെസ്സി വലിയ ഉദ്യോഗസ്ഥയല്ല; ഒരു സാധാരണ പോലീസ് സേനാംഗമാണ്. അതിലും പ്രധാനമായി, അവൾ ആദിവാസി പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീയാണ്. അതോടെ വനിതാ പോലീസ് എന്നത് ഐ.പി.എസ് പദവിയിലോ തോക്കേന്തിയ നായികയിലോ മാത്രം ഒതുങ്ങുന്നില്ലെന്ന് സിനിമ ഓർമിപ്പിക്കുന്നു. ജെസ്സിയുടെ ജീവിതത്തിൽ അധികാരമുള്ള പുരുഷന്റെ ഇടപെടൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കാണിക്കുമ്പോൾ, പോലീസ് സംവിധാനത്തിനുള്ളിലെ ലിംഗപരവും സാമൂഹികവുമായ അധികാരബന്ധങ്ങളിലേക്കും സിനിമ എത്തുന്നു.

‘നായാട്ടി’ലേക്ക് എത്തുമ്പോൾ ഈ മാറ്റത്തിന് മറ്റൊരു മുഖം ലഭിക്കുന്നു. നിമിഷ സജയൻ അവതരിപ്പിക്കുന്ന സുനിതാ ചന്ദ്രൻ കാക്കിയണിഞ്ഞ് അധികാരത്തിന്റെ ഉറച്ച പ്രതീകമായി നിൽക്കുന്ന നായികയല്ല. പോലീസ് സംവിധാനത്തിനുള്ളിൽ ജോലി ചെയ്യുന്ന, അതിന്റെ സമ്മർദങ്ങൾക്കും രാഷ്ട്രീയത്തിനും വിധേയയാകുന്ന ഒരു ഉദ്യോഗസ്ഥയാണ്. അവളുടെ സ്ത്രീത്വം കഥാപാത്രത്തിന്റെ പ്രധാന പ്രത്യേകതയായി സിനിമ മുന്നോട്ടുവെക്കുന്നില്ല; മറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ അവൾ നേരിടുന്ന സംവിധാനപരമായ സമ്മർദങ്ങളാണ് പ്രാധാന്യം നേടുന്നത്. കാക്കി ധരിച്ചതുകൊണ്ട് അധികാരത്തിന്റെ ഭാഗമാകുന്ന സ്ത്രീയും അതേ അധികാരവ്യവസ്ഥയുടെ ഇരയാകാമെന്ന വൈരുധ്യവും ഇവിടെ തെളിയുന്നു. ഇവിടെയാണ് വനിതാ പോലീസ് കഥാപാത്രങ്ങളുടെ പരിണാമത്തിലെ പ്രധാന മാറ്റം കാണുന്നത്. ‘സ്ത്രീയായിട്ടും പുരുഷനെപ്പോലെ കരുത്തുള്ളവൾ’ എന്ന പഴയ സങ്കൽപ്പത്തിൽനിന്ന്, സ്ത്രീ എന്ന നിലയിലുള്ള അവളുടെ അനുഭവങ്ങളും അധികാരബന്ധങ്ങളും വ്യക്തിത്വവും കൂടി കാണുന്ന കഥാപാത്രങ്ങളിലേക്ക് സിനിമ പതുക്കെ നീങ്ങുന്നു.
മലയാള സിനിമയിലെ കാക്കിയണിഞ്ഞ സ്ത്രീയുടെ യാത്ര കരുത്തിന്റെ പ്രദർശനത്തിൽനിന്ന് വ്യക്തിത്വത്തിന്റെ തിരിച്ചറിവിലേക്കുള്ള യാത്ര കൂടിയാണ്.
പാർവതി തിരുവോത്ത് അവതരിപ്പിക്കുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരി’ലെ അലീന എബ്രഹാം ഈ മാറ്റത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് ആശ്രിതനിയമനത്തിലൂടെ പോലീസ് സേനയിലെത്തുന്ന വനിതാ കോൺസ്റ്റബിളാണ് അലീന. അവൾ സിനിമയിലേക്ക് പ്രവേശിക്കുന്നത് ‘കരുത്തിന്റെ പ്രതീക’മായിട്ടല്ല. ഒരു പ്രത്യേക ജീവിതസാഹചര്യത്തിൽനിന്ന് കാക്കിയിലേക്ക് എത്തിപ്പെടുന്ന സാധാരണ സ്ത്രീയായാണ്. ഇവിടെയാണ് കഥാപാത്രത്തിന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത്. കാക്കി ധരിച്ചുകഴിഞ്ഞാൽ വ്യക്തിയുടെ മുൻകാല ജീവിതം അപ്രത്യക്ഷമാകുന്നില്ല. സാമ്പത്തിക സാഹചര്യങ്ങൾ, കുടുംബം, നഷ്ടങ്ങൾ, ഭയം, ആഗ്രഹങ്ങൾ-ഇവയെല്ലാം ആ യൂണിഫോമിനുള്ളിലും അവളോടൊപ്പമുണ്ട്. പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്ക് പിന്നിലെ സ്ത്രീയെ കാണാനുള്ള ശ്രമം തന്നെയാണ് പുതിയകാല കഥാപാത്രങ്ങളെ പഴയവയിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

മലയാള സിനിമയിലെ കാക്കിയണിഞ്ഞ സ്ത്രീയുടെ യാത്ര കരുത്തിന്റെ പ്രദർശനത്തിൽനിന്ന് വ്യക്തിത്വത്തിന്റെ തിരിച്ചറിവിലേക്കുള്ള യാത്ര കൂടിയാണ്. ഒരു കാലത്ത് പുരുഷന്റെ അധികാരഭാഷ കടമെടുത്താണ് സ്ത്രീപോലീസിന് സിനിമ ഇടം നൽകിയത്. ഇന്ന് ആ കാക്കിക്കുള്ളിലെ മനുഷ്യനെ കാണാനുള്ള ശ്രമമാണ് കൂടുതൽ ശക്തമാകുന്നത്. തോക്കും കാക്കിയും മാത്രം സ്ത്രീയുടെ അധികാരത്തെ നിർവചിക്കില്ല; അവളുടെ ജീവിതവും സാമൂഹിക പശ്ചാത്തലവും ഭയങ്ങളും പരിമിതികളും തീരുമാനങ്ങളും അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വാണി വിശ്വനാഥിൽനിന്ന് പാർവതി തിരുവോത്തിലേക്കുള്ള ഈ മാറ്റം വെറും അഭിനേത്രിമാരുടെ മാറ്റമല്ല. സ്ത്രീയെ സിനിമ എങ്ങനെ കാണുന്നു, അധികാരത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിലെ മാറ്റം കൂടിയാണ്.
