‘‘The fable, in the proper sense of the term, is that deserves to be told’’.
- Michel Foucault (‘Lives of infamous man’)
▮
മനുഷ്യശരീരം ചരിത്രത്തിന്റെ എഴുത്തുപലകയാണെന്ന നിർവചനം ശരീരത്തിന്റെ ജൈവിക നിലനില്പിനപ്പുറം അതുൾക്കൊള്ളുന്ന രാഷ്ട്രീയ- സാംസ്കാരിക ഉള്ളടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോ മനുഷ്യശരീരവും മുമ്പുണ്ടായിരുന്ന ഒന്നിന്റെ തുടർച്ചയാണ്. വംശാവലിയെക്കുറിച്ചുള്ള പഠനത്തിൽ (geneology) ഓരോ മനുഷ്യനും പ്രധാനപ്പെട്ടതാകുന്നത് ശരീരത്തിൽ എഴുതപ്പെട്ടിരിക്കുന്ന ചരിത്രത്തെ വായിച്ചെടുക്കുക വഴിയാണ്. ഒരു മനുഷ്യന്റെ തിരോധാനം പോലും വംശാവലിയെക്കുറിച്ചുള്ള അന്വേഷണത്തിൽ വിടവുകളുണ്ടാക്കും. ഓരോ ചെറുകഥകളും പറയപ്പെടേണ്ടതാണെന്ന ഫൂക്കോയുടെ വാക്കുകൾ ശരീരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ശരിയായ പ്രസ്താവനയാകുന്നത് ഇപ്രകാരമാണ്.
മനുഷ്യശരീരത്തിന് രണ്ടവസ്ഥകളാണുള്ളത്, ജൈവിക ശരീരവും രാഷ്ട്രീയ ശരീരവും. അതിരുകളാൽ വേർതിരിക്കപ്പെട്ട രാജ്യവും അതിനുള്ളിൽ പ്രവർത്തിക്കുന്ന നിയമങ്ങളും പ്രത്യേക അധികാരങ്ങളും ചേർന്നതാണ് രാഷ്ട്രീയ ശരീരം. മനുഷ്യന്റെ പൊളിറ്റിക്കൽ അനാട്ടമി ബാഹ്യശരീരത്തെയല്ല, പകരം അതിൽ ഉൾക്കൊള്ളുന്ന ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. മതപരമായ വ്യാഖ്യാനത്തിനപ്പുറം ബാഹ്യശക്തികളുടെ (രാജ്യം, സമുദായം, വിദ്യാഭ്യാസം) ഇടപെടലുകളിലൂടെ മെരുക്കപ്പെട്ട ശരീരത്തിന്റെ ആന്തരിക മണ്ഡലത്തെയാണ് ഫൂക്കോ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്. പൗരൻ എന്നത് മെരുക്കപ്പെട്ട ശരീരമാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന ശരീരം അതിരുകളെ മറികടക്കാൻ ശ്രമിക്കുന്ന നിമിഷം കടുത്ത നടപടികൾക്ക് വിധേയനാകുന്നു. അച്ചടക്കം എന്നത് പൊളിറ്റിക്കൽ അനാറ്റമിയുടെ ഭാഗമാകുന്നതുപോലെ, രാജ്യസ്നേഹവും വ്യവസ്ഥകളോടുള്ള കീഴ്പ്പെടലും ശരീരത്തിനുമേൽ പ്രയോഗിക്കപ്പെട്ട പരിശീലങ്ങളുടെ ഫലമാണ്. നിർബന്ധിത തിരോധാനം (enforced disappearance) ശരീരത്തിനുമേൽ ഭരണകൂടം നടത്തുന്ന ഏറ്റവും ഭീകരമായ പ്രതികാര നടപടിയാണ്.

ഒരേസമയം മനുഷ്യന്റെ ശരീരത്തെയും ആത്മാവിനെയും ലക്ഷ്യംവെക്കുന്ന ഭരണകൂട ഭീകരത ചരിത്രത്തിലുള്ള അയാളുടെ സ്ഥാനത്തേയും അയാൾ സഞ്ചരിച്ച വഴികളെയും മായ്ച്ചുകളയാനുള്ള ശ്രമമാണ്. അതോടെ നടപടിക്ക് വിധേയമായ വ്യക്തിയും ലോകവും തമ്മിലുള്ള എല്ലാത്തരം ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട് ശരീരം വിസ്മൃതിയിലും ദുരൂഹതയിലും അടക്കം ചെയ്യപ്പെടുന്നു. അപ്രത്യക്ഷമായ ശരീരത്തെ അന്വേഷിക്കുന്നത് ചരിത്രത്തെ വീണ്ടെടുക്കുന്ന പ്രവർത്തനമാണ്. മുറിഞ്ഞുപോയ ചരിത്രത്തെ കണ്ടെടുക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് സിനിമ. നിർബന്ധിത തിരോധാനത്തിന് വിധേയമായ വ്യക്തിയുടെ ശരീരവും ആത്മാവും പറയാതെ അവശേഷിപ്പിച്ച കഥകളുടെ ശ്മശാനമാണെന്നും പൂർത്തിയാക്കാത്ത അയാളുടെ യാത്ര തടസപ്പെട്ടുപോയ ചരിത്രത്തിന്റെ ഒഴുക്കാണെന്നും സിനിമ തിരിച്ചറിയുന്നു. പുനർജീവിപ്പിക്കുക എന്നതാണ് ഓരോ ചെറിയ കഥകളും അർഹിക്കുന്ന നീതി.
രാജൻ തിരോധാനം മലയാള സിനിമയെ ഏറ്റവും സ്വാധീനിച്ച വിഷയമായി മാറുന്നത് എഴുപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയുടെ ഭീകരത അത്രയും അതിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ്.
കാണാതായ മനുഷ്യനെ തിരയുക എന്നത് സിനിമയുടെ എക്കാലത്തെയും ഭ്രമാത്മകമായ സന്ദർഭങ്ങളാണ്. നായകന്റെ തിരോധാനം സിനിമയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നായകനെ അന്വേഷിച്ചു കണ്ടെത്തുക എന്ന സിനിമയുടെ സ്വാഭാവിക ആഖ്യാനത്തിന് വിപരീതമാണ് ഫോഴ്‌സ്ഡ് ഡിസപ്പിയറൻസിന് വിധേയനായി കൊല്ലപ്പെട്ട നായകനായുള്ള അന്വേഷണങ്ങൾ. തെളിവുകൾ ലഭിക്കേണ്ടത് അയാൾ ജീവിച്ച ചുറ്റുപാടുകളിൽ നിന്നാണ്. ഉത്തരം നൽകേണ്ടത് ഭരണകൂടമാണ്, ഉത്തരം നിഷേധിക്കുന്നതും അതേ ഭരണകൂടമാണ്. നായകൻ അവശേഷിപ്പിച്ചുപോയ ശൂന്യതയിൽ നടത്തുന്ന അന്വേഷണങ്ങൾ ഒരു രാഷ്ട്രീയപ്രവർത്തനം മാത്രമല്ല, മറവിയുടെ ഇരുട്ടിലേക്ക് ലയിച്ചുപോകാതെ ഓർമകളെ / ചെറുചരിത്രങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണ് അത്. ഉൾക്കാട്ടിലെ ഒരു കൂട്ടം ശലഭങ്ങളുടെ ചിറകടി പോലും ഒരു കൊടുങ്കാറ്റായി മാറിയേക്കാം എന്ന ബട്ടർഫ്‌ളൈ തിയറി പോലെ, ഓരോ ചെറുകഥ പറച്ചിലും മനുഷ്യജീവിതത്തിന്റെ വലിയ സമസ്യകളെ പൂരിപ്പിച്ചേക്കാം.
മലയാളി മനഃസാക്ഷിയെ ഉറങ്ങാൻ അനുവദിക്കാത്ത നിർബന്ധിത തിരോധനമാണ് അടിയന്തരാവസ്ഥകാലത്ത് അപ്രത്യക്ഷനായ എൻജിനീയറിങ് വിദ്യാർത്ഥി രാജന്റേത്. ഒരിക്കലും അവസാനിക്കാത്ത യാത്രയാണ് രാജന്റെ പിന്നാലെയുള്ള സിനിമയുടെ അന്വേഷണങ്ങൾ. രാജൻ തിരോധാനം മലയാള സിനിമയെ ഏറ്റവും സ്വാധീനിച്ച വിഷയമായി മാറുന്നത് എഴുപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയുടെ ഭീകരത അത്രയും അതിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ്. കാല്പനിക കാഴ്ചാശീലങ്ങളെ അട്ടിമറിച്ചുകൊണ്ട് ഭരണകൂടത്തോട് നിരന്തരം ചോദ്യങ്ങൾ ആവർത്തിക്കുകയാണ് സിനിമകൾ.

എഴുപതുകളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഭരണകൂട ഭീകരതയും ചേർത്തുവെച്ച ശരീരമാണ് രാജന്റേത്. സങ്കീർണമായ ചരിത്രഘട്ടത്തിലൂടെ കടന്നുപോയ എഴുപതുകളിലെ യുവത്വത്തിന്റെ സ്വാതന്ത്ര്യമോഹവും വിപ്ലവാവേശവും സമരജീവിതവും കലയും സമ്മേളിച്ച ഉടൽ പെട്ടന്നൊരു ദിവസം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നു. അടിയന്തരാവസ്ഥ റദ്ദു ചെയ്ത പൗരാവകാശങ്ങൾ അയാളെ കണ്ടെത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നു. പക്ഷെ സിനിമയുടെ അന്വേഷണം അവസാനിക്കുന്നില്ല.
ഷാജി എൻ. കരുണിന്റെ പിറവി, ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, സതീഷ് പോൾ സംവിധാനം ചെയ്ത കാറ്റ് വിതച്ചവർ എന്നീ സിനിമകൾ പല കാലഘട്ടങ്ങളിലായി രാജനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
രഘു ആരായിരുന്നു എന്ന് പിറവിയിലെ അച്ഛൻ അന്വേഷിക്കുന്നില്ല. മകനെ നഷ്ടപ്പെട്ട അച്ഛന്റെ അഗാധമായ ദുഃഖം രാഷ്ട്രീയ അന്വേഷണങ്ങൾക്കുമേലെ സ്ഥാപിച്ചുകൊണ്ടാണ് പിറവി അവസാനിക്കുന്നത്.
ശൂന്യതയിലേക്ക് ഉറ്റുനോക്കുന്ന ‘പിറവി’
അപ്രത്യക്ഷമായ ഉടൽ അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് ഉറ്റുനോക്കുന്ന സിനിമയാണ് പിറവി. എൻജിനീയറിങ് വിദ്യാർത്ഥിയായ രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിട്ടയച്ചിരുന്നു എന്നത് പോലീസ് ഭാഷ്യമാണ്. പക്ഷെ അയാളെ കാണ്മാനില്ല. ഒരു മനുഷ്യന്റെ മരണം ഉണ്ടാക്കുന്ന ശൂന്യതയിൽനിന്ന് വ്യത്യസ്തമാണ് അപ്രത്യക്ഷമായ മനുഷ്യൻ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ.
കുടുംബത്തിലും സമൂഹത്തിലും ഉണ്ടായ അയാളുടെ അസാന്നിധ്യം ഭരണകൂടത്തിന് ബാധ്യതയാകുന്നു. രഘുവിന്റെ വൃദ്ധരായ മാതാപിതാക്കളും സഹോദരിയും അയാളെ അന്വേഷിക്കുന്നതും വേവലാതിപ്പെടുന്നതും ഒഴിച്ചാൽ പിറവി, എൻഫോഴ്സ്ഡ് എൻകൗണ്ടറിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കാതെ പരിമിതപ്പെടുന്നു. അപഹരിക്കപ്പെട്ട ശരീരത്തിനുള്ളിൽ ബന്ധിതമായിരുന്ന രാഷ്ട്രീയ അധികാരത്തെ നിർവീര്യമാക്കാൻ ഭരണകൂടം ഉപയോഗിച്ച മാർഗങ്ങളെ പിന്തുടരാതെ അനാഥമായ വീടിനുള്ളിലെ വർത്തമാനകാലത്തിന്റെ ദുഃഖം ആവിഷ്ക്കരിക്കുകയാണ് പിറവി. രഘുവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവേവുകൾ കുടുംബം എന്ന സ്ഥാപനം അറിയാതെ പോകുമ്പോഴും ഭരണകൂടം അവ കണ്ടെത്തി അയാളെ അപായപ്പെടുത്തിയിരിക്കുന്നു. രഘു ആരായിരുന്നു എന്ന് പിറവിയിലെ അച്ഛൻ അന്വേഷിക്കുന്നില്ല. മകനെ നഷ്ടപ്പെട്ട അച്ഛന്റെ അഗാധമായ ദുഃഖം രാഷ്ട്രീയ അന്വേഷണങ്ങൾക്കുമേലെ സ്ഥാപിച്ചുകൊണ്ടാണ് പിറവി അവസാനിക്കുന്നത്.
എഴുപതുകളിലെ യുവത്വത്തെ അച്ഛനും അമ്മയും അറിയാതെ പോയിരുന്നു. അടങ്ങാത്ത സ്വാതന്ത്ര്യ മോഹവുമായി ക്ലാസ്മുറിയിലും ക്യാമ്പസിലെ മരത്തണലുകളിലും ഹോസ്റ്റൽ മുറിയിലും അവർ നിരന്തരം സംവദിച്ചു. നാടകങ്ങളും കവിതകളും എഴുതി കലുഷിതമായ കാലത്തോട് കലഹം പ്രഖ്യാപിച്ചവരാണ് അവർ. അച്ഛനും അമ്മയും അവരുടെ വീടും, അവരെ അറിയാതെ കാത്തിരുന്നു. ഉള്ളിലെ കടലിരമ്പങ്ങളെ അവർ വീട്ടിനുള്ളിൽ അറിയിച്ചതുമില്ല. അവസാന വണ്ടി വരുവോളം രഘുവിന്റെ അച്ഛൻ അയാളെ കാത്തിരിക്കുന്നു, മരുന്നുമായി വരുന്ന മകനെ കാത്തിരിക്കുന്ന അമ്മയും സഹോദരിയും അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ അട്ടിമറിക്കളെക്കുറിച്ച് ധാരണയുള്ളവരല്ല. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖത്തിലൂടെയാണ് പിറവി നിർബന്ധിത തിരോധാനം എന്ന രാഷ്ട്രീയ അനീതിയുടെ ഭീകരത അവതരിപ്പിക്കുന്നത്. ഓരോ വീടും ഭരണകൂട ഭീകരതയുടെ സ്മാരകങ്ങളായി മാറിയ കാലം.

‘കാറ്റ് വിതച്ചവർ’;
മെരുക്കപ്പെടാത്ത ശരീരം
ദേശവിരുദ്ധതയുടെ കുറ്റമാരോപിക്കപ്പെട്ട ശരീരത്തിന് പൗരാവകാശങ്ങൾ നഷ്ടമാകുന്നു. പിടിക്കപ്പെടാനും കൊല ചെയ്യപ്പെടാനും വിധിക്കപ്പെട്ട ശരീരമാണ് രാജ്യദ്രോഹിയുടേത്. ഹോസ്റ്റൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജൻ എന്ന എൻജിനീയറിങ് വിദ്യാർത്ഥി മടങ്ങിയെത്തുന്നില്ല. അയാളെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് ‘കാറ്റ് വിതച്ചവർ’ എന്ന സിനിമയുടെ പ്രമേയം. റാഷമോൺ ശൈലിയിൽ കഥ പറയുന്ന സിനിമ രാജനെ പലവഴിയിലൂടെയാണ് അന്വേഷിക്കുന്നത്. സിനിമയിൽ ഭരണകൂടം ഒരു അദൃശ്യശക്തിയല്ല. പോലീസും കക്കയം ക്യാമ്പും അവിടുത്തെ പീഡന മുറിയും ദൃശ്യവത്ക്കരിക്കുന്ന സിനിമ റാഷമോൺ കഥപറച്ചിലിന്റെ ഓരോ ഘട്ടത്തിലും രാജന്റെ അരികിലെത്തുന്നു.
അടിയന്തരാവസ്ഥാകാലഘട്ടത്തിൽ അപ്രത്യക്ഷമായ ഓരോ ശരീരവും വിപ്ലവ ആശയങ്ങൾ എഴുതിവെച്ച പുസ്തകങ്ങളാണ്. സ്റ്റേറ്റ് ഇല്ലാതാക്കാൻ ശ്രമിച്ച പുസ്തകത്തെയാണ് സിനിമ വീണ്ടും വീണ്ടും കാട്ടിത്തരുന്നത്.
കലുഷിതമായ കാലത്തിലെ രാഷ്ട്രീയമാണ് രാജനെ പരുവപ്പെടുത്തിയിരിക്കുന്നത്. ഇടത് സംഘടനയുടെ ഭാഗമാകുന്ന അയാൾ പങ്കെടുക്കുന്ന രാഷ്ട്രീയ യോഗങ്ങൾ, ചർച്ചകൾ എന്നിവ സ്റ്റേറ്റിന് മെരുങ്ങാത്ത ശരീരത്തെയും ആത്മാവിനെയുമാണ് അടയാളപ്പെടുത്തുന്നത്. പോലീസ് ഭീകരതയും, മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്ന അയാളുടെ ശരീരവും അതിഭീകരമായി അയാൾ കൊല്ലപ്പെടുന്നതും ക്യാമറ അടുത്തുനിന്നാണ് കാണുന്നത്. രഘുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന സഹപാഠികൾ, അധ്യാപകർ, രാഷ്ട്രീയ സഹപ്രവർത്തകർ, കുടുംബം എന്നിവർ ചേർന്ന് പറയുന്ന കഥകൾ വ്യത്യസ്തമെങ്കിലും സത്യത്തെ കൂടുതൽ തെളിച്ചത്തോടെ വെളിപ്പെടുത്താൻ കഴിവുള്ളവയാണ്. ഉൾക്കാട്ടിൽ കത്തിച്ചുകളയുന്ന രാജന്റെ ഭൗതികശരീരത്തെയും ക്യാമറ പിന്തുടരുന്നുണ്ട്. അയാളുടെ ശരീരാവശിഷ്ടങ്ങളെ വീണ്ടും ഒരിക്കൽക്കൂടി കണ്ടെത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
കാലത്തിന്റെ പരിണാമങ്ങളിലൂടെ കടന്നുവന്ന docile body ആണ് മനുഷ്യന്റെ ശരീരം. ശാന്തമായ ശരീരം എന്ന വ്യാഖ്യാനം ഇതിന് തികച്ചും അനുയോജ്യവുമാണ്. സ്കൂളുകൾ, കോളേജുകൾ, കോടതികൾ, സർക്കാർ സ്ഥാപങ്ങൾ ആശുപത്രികൾ തുടങ്ങിയ സംവിധാനങ്ങൾ മനുഷ്യന്റെ വികാരങ്ങളെ ശമിപ്പിച്ചും നിയന്ത്രിച്ചും ശാന്തനാക്കാൻ പഠിപ്പിക്കുയാണ്. വന്യജീവിയെ മനുഷ്യൻ മെരുക്കിയെടുക്കുന്നതുപോലെ മനുഷ്യനും വ്യവസ്ഥിതികൾക്കുള്ളിലെ കീഴ് വഴക്കങ്ങൾ ആർജിക്കുന്നത് തീവ്ര പരിശീലനത്തിലൂടെയാണ്. മെരുക്കപ്പെടാൻ തയ്യാറാവാത്ത ശരീരവും ആത്മാവും ഭരണകൂടത്തിന് ഭീഷണിയാണ്. തീവ്ര ഇടത് വിപ്ലവ സംഘടനകൾ മനുഷ്യന്റെ ആത്മാവിലേക്ക് പകർന്നുനൽകിയ സ്വാതന്ത്ര്യബോധത്തെ നിർവീര്യമാക്കുവാൻ, ആശയത്തെ ഉൾക്കൊള്ളുന്ന ശരീരത്തെ ഇല്ലാതാക്കുക എന്ന നടപടിയിലേക്കാണ് ഭരണകൂടം എത്തുന്നത്. അടിയന്തരാവസ്ഥാകാലഘട്ടത്തിൽ അപ്രത്യക്ഷമായ ഓരോ ശരീരവും വിപ്ലവ ആശയങ്ങൾ എഴുതിവെച്ച പുസ്തകങ്ങളാണ്. സ്റ്റേറ്റ് ഇല്ലാതാക്കാൻ ശ്രമിച്ച പുസ്തകത്തെയാണ് സിനിമ വീണ്ടും വീണ്ടും കാട്ടിത്തരുന്നത്.

‘അമ്മ അറിയാൻ’;
എൺപതുകളിലെ സ്ത്രീശരീരം
വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ട് വിപ്ലവത്തിന്റെ ചുവടുപിടിച്ച യുവത്വത്തെ പ്രതിനിധീകരിച്ചത് എൺപതുകളിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ സമാന്തര /പരീക്ഷണ സിനിമകളാണ്. ശിഥിലീകരിച്ചുപോയ സ്വപ്നങ്ങളും സ്വാതന്ത്ര്യമോഹങ്ങളും ഉള്ളിലൊതുക്കി വഴിമാറി നടക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥപറയേണ്ട ഉത്തരവാദിത്വം തുടർന്നുവന്ന സമാന്തര സിനിമകൾ ഏറ്റെടുക്കുകയായിരുന്നു. ഉന്മൂലന പ്രത്യയശാസ്ത്രം കാല്പനികതയിൽ ഒതുങ്ങുന്നതും ആളുകൾ സമരമുഖത്തുനിന്ന് പിൻവാങ്ങുന്നതും സമൂഹം നിരാശയോടെയാണ് ഉൾക്കൊണ്ടത്. വിഷാദഛായയോടെ എത്തിയ എൺപതുകളിലെ സിനിമകൾ ഇതിന് സാക്ഷ്യം പറയുന്നു.
ശിഥിലീകരിച്ചുപോയ സ്വപ്നങ്ങളും സ്വാതന്ത്ര്യമോഹങ്ങളും ഉള്ളിലൊതുക്കി വഴിമാറി നടക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥപറയേണ്ട ഉത്തരവാദിത്വം തുടർന്നുവന്ന സമാന്തര സിനിമകൾ ഏറ്റെടുക്കുകയായിരുന്നു.
മലമുകളിൽ തൂങ്ങിമരിച്ച യുവാവിന്റെ ആത്മാവിനെ അന്വേഷിച്ച സിനിമയാണ് 'അമ്മ അറിയാൻ'. ഓരോ മൃതദേഹവും പൂരിപ്പിക്കപ്പെടേണ്ട സമസ്യകളായി മാറിയ കാലമായിരുന്നു എഴുപതുകളുടെ അവസാനഘട്ടം. ആത്മഹത്യ ചെയ്ത ഹരി മൃദംഗം വായിച്ചിരുന്നു. സംഗീതം ഹരിയുടെ സമരോപാധി ആയിരുന്നു. പോലീസ് ഹരിയുടെ വിരലുകൾ ചവിട്ടിയരച്ച് വികൃതമാക്കി. തകർന്ന വിരലുകൾ അടിച്ചമർത്തപ്പെട്ട സമരത്തെയാണ് കാട്ടിത്തരുന്നത്. റാഷമോൺ കഥപറച്ചിലാണ് അമ്മ അറിയാൻ എന്ന സിനിമയുടെയും ആഖ്യാനരീതി. ഭരണകൂടവും ഹരിയും നേർക്കുനേർ നിൽക്കുന്ന ഓരോ ആഖ്യാനവും ഹരിയുടെ മൃതദേഹത്തിലാണ് എത്തിച്ചേരുന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഓർത്തെടുക്കുന്ന ഹരിയുടെ ജീവിതം പല വഴികളൂടെ സഞ്ചരിച്ച് ഒരേ മോർച്ചറിയുടെ ഇരുട്ടിലാണ് ചെന്നവസാനിക്കുന്നത്. ഒരാൾ മറ്റൊരാളിലേക്ക് നയിക്കുകയും അയാൾ വേറൊരാളെ ഉൾച്ചേർക്കുകയും ചെയ്തുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരിയുടെ ആത്മഹത്യാ വാർത്തയുമായി പുറപ്പെടുന്ന സംഘം അപ്പോഴും അവസാനിച്ചിട്ടില്ലാത്ത ചില വർഗസമരങ്ങളുടെ കാഴ്ച കണ്ടുകൊണ്ടാണ് അയാളുടെ അമ്മയുടെ അരികിലെത്തുന്നത്.
‘‘അവന്റെ സ്വപ്നങ്ങളെയും രാഷ്ട്രീയത്തെയും മനസിലാക്കാൻ കഴിയാതെപോയി’’ എന്ന് ദുഃഖിക്കുന്ന അമ്മ പിറവിയിലെ അമ്മയിൽനിന്ന് വ്യത്യസ്തയാണ്. ഹരിയുടെ അമ്മ വ്യവസ്ഥിതിയെ മനസിലാക്കുന്നു. ഹരിയുടെ ആത്മാവിനെ അവർ അറിഞ്ഞിരിക്കുന്നു. മരണവാർത്തയുമായി വന്ന പോലീസിനെ രൂക്ഷമായി തിരികെ അയക്കുന്ന അമ്മ ഭരണകൂടത്തെയും മനസിലാക്കിയിട്ടുണ്ട്. ഹരിയുടെ അമ്മ എൺപതുകളിലെ സ്ത്രീശരീരത്തിന്റെ അടയാളപ്പെടുത്തലാണ്. പോലീസ് ആക്രമണത്തിൽ വികൃതമായ വിരലുകൾ പോരാളിയുടെ മരണമായി കണക്കാക്കിയാൽ, രാജൻ തിരോധാനത്തിന്റെ തുടർച്ചയായി ഹരിയുടെ ആത്മഹത്യയെ നിരീക്ഷിക്കാം.

ആവർത്തിക്കുന്ന
കക്കയം മോഡൽ
രാഷ്ട്രീയ തടവുകാർക്കുമേൽ ഭരണകൂടം പ്രയോഗിച്ച ‘കക്കയം മോഡൽ’ പീഡനങ്ങൾ മലയാള സിനിമ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. കുറ്റത്തിനുള്ള ആനുപാതിക ശിക്ഷ എത്രയാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ നിൽക്കുന്ന പോലീസ്. പോലീസ് സംവിധാനത്തെ അവതരിപ്പിക്കുമ്പോൾ ഏറ്റവും ക്രൂരമായി ചിത്രീകരിക്കുക എന്ന ആശയം സിനിമ പിൻപറ്റുന്നത് ജയറാം പടിക്കൽ എന്ന പോലീസുകാരനിൽ നിന്നും, കേട്ടുകേൾവിയില്ലാത്ത പോലീസ് പീഡനങ്ങൾ പകർത്തുന്നത് കക്കയം ക്യാമ്പിൽനിന്നുമാണ്.
2025- ൽ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലും കക്കയം മോഡൽ പീഡനത്തിന്റെ റഫറൻസുകൾ കാണാം. പോലീസ് എന്നത് ഒരു വ്യക്തിയല്ല, അതൊരു സ്ഥാപനമാണെന്നും അധികാരത്തിന്റെ ഏറ്റവും ഉയർന്ന ഇടമാണെന്നും പലപ്പോഴായി സ്ഥാപിക്കുകയാണ് സിനിമകൾ. ലോക്കപ്പിൽ മരിക്കുന്ന ഓരോ മനുഷ്യനും കഥകൾ പറയാനുണ്ട്. ഓരോ ചെറുകഥകളും കേൾക്കപ്പെടേണ്ടതാണ് എന്ന് ഫൂക്കോ സമർത്ഥിക്കുന്നത് വംശാവലിയുടെ ചരിത്രത്തിലെ വിട്ടുപോയ കണ്ണികളെ ചേർത്തുവെക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായതുകൊണ്ടാണ്.


