ചാപ്ലിൻ
കാമുകൻ

ലോകം കണ്ട വലിയ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. നമ്മുടെ കൊച്ചു ഭാഷയിൽ നിന്ന് ലോകസിനിമയ്ക്കുള്ള വലിയ സംഭാവന. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ പല രീതിയിൽ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. അദ്ദേഹം നിഷ്പ്രയാസം അതിനെ മറികടന്നു- പി.എസ്. റഫീഖ് എഴുതുന്നു.

1986-ലാണ് രാജാവിൻ്റെ മകൻ എന്ന സിനിമ ഇറങ്ങുന്നത്. എട്ടു വയസ്സുണ്ടാകും എനിക്ക്. കൊടുങ്ങല്ലൂരിൽ ഏത് തിയേറ്ററിലാണത് വന്നതെന്നോർമയില്ല; മിക്കവാറും മുഗൾ തിയേറ്ററിലാകാം, അല്ലെങ്കിൽ ശ്രീകാളീശ്വരിയിൽ. രാജാവിൻ്റെ മകൻ ഞാൻ കാണുകയല്ല, കേൾക്കുകയാണുണ്ടായത്. രാജാവിൻ്റെ മകനിലെ സംഭാഷണങ്ങൾ ടേപ്പ് റെക്കോർഡറുകൾക്കു മുമ്പിലിരുന്ന് റേഡിയോയിലൂടെ എല്ലാം മനഃപ്പാഠമാക്കിക്കഴിഞ്ഞിരുന്നു.
ആദരണീയനായ ഡെന്നീസ് സാറെഴുതിയ ഡയലോഗുകൾ… സംഭാഷണമില്ലാത്തിടത്ത് എന്താണ് സംഭവിക്കുന്നതെന്ന് സിനിമ കണ്ടവർ പറഞ്ഞു തരും. കേട്ട കാഴ്ച കണ്ട കാഴ്ചയാവുന്നത് പിന്നെയും ഏഴോ എട്ടോ കൊല്ലം കഴിഞ്ഞാണ്. അതും എൻ്റെ ഗ്രാമത്തിലെ ചേരമാൻ എന്ന ഓല തിയേറ്ററിൽ ചിത്രം രണ്ടാം തവണ വരുമ്പോൾ. ‘മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നും ‘കൈ പോയാൽ തലയ്ക്ക് വേദനിക്കുമെന്നും’ ആ സിനിമയിൽ നിന്നാണ് എനിക്ക് മനസ്സിലായത്.

അഭിനയകല മറ്റെവിടെ നിന്നും പരിശീലിച്ചിട്ടില്ലെങ്കിലും ആംഗികമെന്നും വാചികമെന്നും ആഹാര്യ- സാത്വികങ്ങളെന്നുമുള്ള നിലകളെയെല്ലാം ഭേദിച്ച മറ്റൊരു തലം മോഹൻലാലിന്റെ നടനശരീരത്തിലുണ്ട്.

മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ ഗ്യാംഗ്സ്റ്റർ സിനിമകളുടെയെല്ലാം മാതൃക മിക്കവാറും കപ്പോളയുടെ ഗോഡ്ഫാദറാകുന്നത് യാദൃച്ഛികമല്ല. അത്രമേൽ മനുഷ്യർക്ക് കിട്ടേണ്ട നീതിയെ തിരികെ വാങ്ങിക്കൊടുക്കുന്ന ഇരുണ്ട കോടതിയായി ഡോൺ കോറി ലിയോണും മൈക്കും അവരുടെ വിറ്റോ ഫാമിലിയും ലോകം മുഴുവൻ മാറിക്കഴിഞ്ഞിരുന്നു. ഗുഡ്ഫെല്ലാസും ഡിപ്പാർട്ടഡും സ്കാർഫേസുമെല്ലാം ലിസ്റ്റിലുണ്ടെങ്കിലും ഗോഡ് ഫാദറോളം മറ്റുള്ളവർക്ക് പ്രചോദനമായ മറ്റൊരു ചിത്രമില്ല. മറിയോ പുസ്സോയുടെ നോവലിൻ്റെ ബൃഹദാഖ്യാനത്തെ വെടിയുണ്ട കൊണ്ടെഴുതിയ കാവ്യാത്മകമായ തിരക്കഥയിലൂടെ പുസ്സോയും കപ്പോളയും തന്നെ മറികടന്നു. നീതി ലഭിക്കാത്ത മുഴുവൻ മനുഷ്യർക്കുവേണ്ടിയും ആയുധമെടുക്കുന്ന നായകനെ ആര്യനിലൂടെയും ഇരുപതാം നൂറ്റാണ്ടിലൂടെയും അഭിമന്യുവിലൂടെയും നാടുവാഴികളിലൂടെയൊക്കെ മോഹൻലാലെന്ന നടൻ നമുക്കുവേണ്ടി ഇവിടെ പകർന്നാടി. ഈ സിനിമകളെല്ലാം മാസിൻ്റെ മനസ്സിൽ അദ്ദേഹത്തെ ഇളക്കി മാറ്റാനാവാതെ പ്രതിഷ്ഠിച്ചു. മമ്മൂട്ടിയുടെ ഹെയർ സ്റ്റൈലിലൂടെ ചെറുപ്പക്കാരുടെ ഒരു കാലം കടന്നുപോയിട്ടുണ്ടെങ്കിൽ മോഹൻലാലിൻ്റെ ചെരിഞ്ഞ നടത്തം യുവാക്കളിൽ അവരറിയാതെ വന്നു ചേരുകയുണ്ടായി.

രാജാവിൻ്റെ മകൻ ഞാൻ കാണുകയല്ല, കേൾക്കുകയാണുണ്ടായത്. രാജാവിൻ്റെ മകനിലെ സംഭാഷണങ്ങൾ ടേപ്പ് റെക്കോർഡറുകൾക്കു മുമ്പിലിരുന്ന് റേഡിയോയിലൂടെ എല്ലാം മനഃപ്പാഠമാക്കിക്കഴിഞ്ഞിരുന്നു. Photo: kanimangalam MFC
രാജാവിൻ്റെ മകൻ ഞാൻ കാണുകയല്ല, കേൾക്കുകയാണുണ്ടായത്. രാജാവിൻ്റെ മകനിലെ സംഭാഷണങ്ങൾ ടേപ്പ് റെക്കോർഡറുകൾക്കു മുമ്പിലിരുന്ന് റേഡിയോയിലൂടെ എല്ലാം മനഃപ്പാഠമാക്കിക്കഴിഞ്ഞിരുന്നു. Photo: kanimangalam MFC

പഞ്ചവാദ്യത്തിലെ നിരന്തരം വർദ്ധിക്കുന്ന കയറ്റവും ആനുപാതികമായ ഇറക്കവും വീണ്ടുമുള്ള കയറ്റവും പോലെയാണ് മോഹൻലാലെന്ന നടൻ്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ഉദാഹരണമായി ഓർമ വരിക. പ്രാരംഭഘട്ടത്തിൽ തന്നെ വേഗത കൈവരിക്കുന്ന മേളം പോലെ ശരീരത്തിൽ കൊമ്പും ഇലത്താളവും തിമിലയിടക്കമദ്ദളവുമുണ്ടെന്ന് തോന്നും വിധത്തിൽ അദ്ദേഹത്തിൻ്റെ അതിഗംഭീരമായ കൊട്ടിയാടലിന് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നമ്മളെല്ലാം. അഭിനയകല മറ്റെവിടെ നിന്നും പരിശീലിച്ചിട്ടില്ലെങ്കിലും ആംഗികമെന്നും വാചികമെന്നും ആഹാര്യ- സാത്വികങ്ങളെന്നുമുള്ള നിലകളെയെല്ലാം ഭേദിച്ച മറ്റൊരു തലം അദ്ദേഹത്തിൻ്റെ നടന ശരീരത്തിലുണ്ട്. ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കുപോലും അത് താനാണെന്ന് തോന്നിപ്പോകുന്ന മാന്ത്രികതയാണത്. ബാലഗോപാലനായും നാടോടിക്കാറ്റിലെ ദാസനായും കിരീടത്തിലെ സേതുമാധവനായും സദയത്തിലെ സത്യനാഥനായും പെട്ടെന്ന് മോഹൻലാലിലൂടെ തന്നെത്തന്നെ തിരിച്ചറിയുന്ന മലയാളി തിയേറ്ററിലിപ്പോഴും ‘അദ്ദേഹത്തെ’ കാത്തിരിക്കുന്നു.

ഒരു ചെറുചിരിയെ വലിയ പൊട്ടിച്ചിരിയാക്കാൻ കഴിവുള്ള മലയാളത്തിലെ ഏറ്റവും നല്ല ഹാസ്യനടന്മാരിലൊരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ഏറ്റവും നന്നായറിയാവുന്ന അടുത്ത സുഹൃത്ത് പ്രിയദർശൻ്റെ ചിത്രങ്ങളിലാണ് കൂടുതലും നാമത് കണ്ടിട്ടുള്ളത്. ചിരിപ്പിക്കാൻ വേണ്ടിയുള്ള കോമാളിത്തരമല്ലാതെ കഥാപാത്രങ്ങളുടെ നിസ്സഹായത പ്രേക്ഷകർക്ക് ചിരിയായി എറിഞ്ഞുകൊടുക്കുന്ന ചാപ്ലിനിസം മോഹൻലാലിലും പ്രവർത്തിക്കുന്നുണ്ട്.

സ്ത്രൈണമായ നോട്ടവും ചിരിയും നാണവും അദ്ദേഹത്തെ മലയാള സിനിമയിലെ പ്രണയത്തിൻ്റെ സർവ്വകലാശാലയായി എപ്പോഴും നിലനിർത്തുന്ന
സ്ത്രൈണമായ നോട്ടവും ചിരിയും നാണവും അദ്ദേഹത്തെ മലയാള സിനിമയിലെ പ്രണയത്തിൻ്റെ സർവ്വകലാശാലയായി എപ്പോഴും നിലനിർത്തുന്ന

മറ്റൊന്ന്, അദ്ദേഹത്തിലുള്ള നിത്യഹരിതമായ കാമുകഭാവമാണ്. സ്ത്രൈണമായ നോട്ടവും ചിരിയും നാണവും അദ്ദേഹത്തെ മലയാള സിനിമയിലെ പ്രണയത്തിൻ്റെ സർവ്വകലാശാലയായി എപ്പോഴും നിലനിർത്തുന്നു. ഒരു പക്ഷേ പ്രേംനസീറിനുശേഷം ആ പട്ടം മലയാളി പതിച്ചു കൊടുത്തിട്ടുള്ളത് മോഹൻലാലിനാണ്.

ലോകം കണ്ട വലിയ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഒരു ചെറു കുറിപ്പിലൊതുക്കാവുന്ന ആളല്ല അദ്ദേഹം. നമ്മുടെ കൊച്ചു ഭാഷയിൽ നിന്ന് ലോകസിനിമയ്ക്കുള്ള വലിയ സംഭാവന. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ പല രീതിയിൽ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയുണ്ടായി. അദ്ദേഹം നിഷ്പ്രയാസം അതിനെ മറികടന്നു എന്നുള്ളതും മലയാളികൾക്ക് സന്തോഷിക്കാവുന്ന കാര്യമാണ്.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments