സംഘർഷത്തിന്റെ അന്തരിക ശ്രുതി ദി ലൈൻ (ലാ ലെഗ്നെ )

സംഘർഷങ്ങളും പൊട്ടിത്തെറികളും മാർഗരറ്റിന്റെ സത്യസന്ധമായ വ്യക്തിത്വത്തിന്റെ കലർപ്പില്ലാത്ത പ്രതിഫലനങ്ങളായി ദി ലൈൻ എന്ന സിനിമയെ കനപ്പെടുത്തുന്നു.

ഒരു പ്രാരംഭ കലഹത്തോടെയാണ് സ്വിസ് സംവിധായിക ഉർസുല മെയറുടെ ദി ലൈൻ (ലാ ലെഗ്നെ) എന്ന ചിത്രം ആരംഭിക്കുന്നത്. ഫ്ലവർവേഴ്സ് മുതൽ മ്യൂസിക് റെക്കോർഡ്സ് വരെ പലതും ഭിത്തിയിൽ അടിച്ച് ചിതറുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ചിത്രം, സിനിമ അന്തർവഹിക്കുന്ന മുഴുവൻ സംഘർഷത്തിന്റെയും ആദ്യ സൂചന കൂടിയാകുന്നുണ്ട്. അമ്മ - മകൾ സംഘർഷത്തിന്റെ തീവ്രവും ആഴമേറിയതുമായ ഒരു ആഖ്യാനമായാണ് ദി ലൈൻ എന്ന സിനിമ വികസിക്കുന്നത്. ഏകദേശം മുപ്പത്തിയഞ്ച് വയസ്സ്
പ്രായമുള്ള മകൾ മാർഗരറ്റിന്റെ (സ്റ്റെഫാനി ബ്ലാഞ്ചൗഡ്) ഇടത് കണ്ണിന് മുകളിൽ ഒരു മുറിവിന്റെ പാടും അമ്പത്തിയഞ്ചോളം വയസ്സ് പ്രായമുള്ള അമ്മ ക്രിസ്റ്റീനയുടെ (വലേറിയ ബ്രൂണി) ഒരു ചെവിയുടെ ബധിരതയും സിനിമാരംഭത്തിലെ ഈ അമ്മ-മകൾ ഏറ്റുമുട്ടലിൽ മൂലം സംഭവിക്കുന്നുണ്ട്. മാർഗരറ്റ് തന്റെ അമ്മയെ ഒരു ചെറിയ ഗ്രാൻഡ് പിയാനോയ്ക്ക് ചുറ്റും ഓടിക്കുന്നതും സ്ലോ-മോഷനിലുള്ള അടിയും ക്രിസ്റ്റീനയുടെ മുഖം ആനക്കൊമ്പ് താക്കോലുകൾക്കെതിരെ ശക്തമായി ആഞ്ഞടിക്കുന്നതും തുടക്കത്തിൽ കാണുന്നുണ്ട്. ഇവർക്കിടയിൽ മാർഗരറ്റിനെ തടയാൻ ശ്രമിക്കുന്ന ഇളയ സഹോദരി മരിയോണിനെയും കാണാം. ഈ വഴക്കിന് കാരണമാകുന്ന അടിസ്ഥാന കാരണവും പശ്ചാത്തലവും വഴിയെ നമ്മൾ മനസ്സിലാക്കുമെങ്കിലും, സിനിമയുടെ ആകെ അസ്തിത്വം ഈ കലഹത്തിൽ ഊന്നുന്നുവെന്ന് പറയാം.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും സ്വിസ് നഗര ജീവിതത്തിലെ അസ്വസ്ഥതകളും മുൻ മെയർ സിനിമകളുടെ - ഹോം, സിസ്റ്റർ - മുഖ്യ പ്രമേയമാകുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്മ-മകൾ ബന്ധം ഒരു ശാരീരികാക്രമണത്തിൽ ആരംഭിക്കുകയും അത് ആ കുടുംബവുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും - അമ്മ ക്രിസ്റ്റീന, മക്കളായ മാർഗരറ്റ്, ഗർഭിണി കൂടിയായ ലൂസി, മരിയോൺ, ക്രിസ്റ്റീനയുടെ പുതിയ കാമുകൻ, മാർഗരറ്റിന്റെ മുൻ കാമുകൻ - എന്നിവരുടെയെല്ലാം കടുത്ത മാനസിക പിരിമുറുക്കം കൂടിയായി മാറുകയും ചെയ്യുന്നതാണ് സിനിമയുടെ അന്ത:സത്ത. വാസ്തവത്തിൽ ആ സംഘർഷം പൂർണ്ണമായി പ്രേക്ഷകരിലെത്തിക്കാൻ സംവിധായികയ്ക്കു കഴിയുന്നു എന്നതാണ് സിനിമയുടെ പ്രധാന ശക്തിയും വിജയവുമാകുന്നത്.

മാർഗരറ്റ് അക്രമസ്വഭാവം അവളുടെ അകൃത്രിമമായ പ്രതികരണത്തിന്റെ ഭാഗമാണെന്ന് സിനിമ കൃത്യമായി സൂചിപ്പിക്കുന്നു. അവളുടെ ജീവിതത്തിലെ മിക്കവാറും എല്ലാവരുമായുള്ള ബന്ധത്തെയും സങ്കീർണ്ണമാക്കുന്ന സാഹചര്യങ്ങൾ അനുബന്ധമായി കടന്നുവരുന്നു. സംഘർഷങ്ങളും പൊട്ടിത്തെറികളും മാർഗരറ്റിന്റെ സത്യസന്ധമായ വ്യക്തിത്വത്തിന്റെ കലർപ്പില്ലാത്ത പ്രതിഫലനങ്ങളായി ദി ലൈൻ എന്ന സിനിമയെ കനപ്പെടുത്തുന്നു. അമ്മയ്‌ക്കെതിരായ ഈ ഏറ്റവും പുതിയ ആക്രമണത്തിന്റെ ഫലമായി, മാർഗരറ്റിനെതിരെ ഒരു നിരോധന ഉത്തരവ്, അമ്മയുടെ പരാതിയുടെ ഫലമായി ഉണ്ടാകുകയും മൂന്ന് മാസത്തേക്ക് കുടുംബ വീടിന്റെ നൂറ് മീറ്ററിനുള്ളിൽ പോകുന്നതിൽ നിന്ന് അവൾ നിയമം മൂലം വിലക്കപ്പെടുകയും ചെയ്യുന്നു. അവിടെ, ഈ പശ്ചാത്തലത്തിൽ മാർഗരറ്റിനെ നിരന്തരം ഓർമിപ്പിക്കുന്ന വിധം, അവളുടെ ജയിൽവാസം ഒഴിവാക്കാനായി ഇളയ സഹോദരി മരിയോൺ നൂറു മീറ്റർ വൃത്തത്തിൽ വരയ്ക്കുന്ന അതിർവര കൂടിയാണ് സിനിമാ ശീർഷകമായ ദി ലൈൻ എന്ന് നമ്മൾ പെട്ടെന്ന് തിരിച്ചറിയുന്നു. ഒപ്പം ആ വര ഗാഢമായ രക്തബന്ധങ്ങൾക്ക് / വ്യക്തിബന്ധങ്ങൾക്ക് ഇടയിൽ ചെലുത്തപ്പെടുന്നതോ രൂപപ്പെടുന്നതോ ആയ ഉപാധികളെ സൂക്ഷമമായി പ്രശ്നവൽക്കരിക്കുന്നു.

ക്രിസ്റ്റീന അമ്മ എന്നതിലുപരി ഒരു പിയാനോ ആർട്ടിസ്റ്റ് കൂടിയാണെന്നത് ചിത്രത്തിലെ സുപ്രധാന വസ്തുതയാണ്. ക്രിസ്റ്റീനയിലെ അമ്മ vs ആർട്ടിസ്റ്റ് എന്ന സംഘർഷം കൂടിയാണ്, അതിലെ അരാജകത്വം കൂടിയാണ് വാസ്തവത്തിൽ പിന്നീട് മകൾ മാർഗരറ്റുമായുള്ള അവരുടെ സംഘർഷമായി വളരുന്നത്. കൗമാരക്കാരിയായ മകളുടെ മുന്നിൽ പോലും ക്രിസ്റ്റീന കാമുകനുമായി നടത്തുന്ന പ്രണയ ചാപല്യങ്ങളും കാമചോദനകളും ഒരു അമ്മയുടേതല്ലെന്നും പൂർണ്ണ സ്വതന്ത്രയും കലാകാരിയുമായ ഒരു വ്യക്തിയുടേതാണെന്നും സംവിധായിക ക്രിസ്റ്റീനയിലൂടെ പ്രഖ്യാപിക്കുക കൂടിയാണ്.

ആ അർത്ഥത്തിൽ ദി ലൈൻ സിനിമയിൽ മരിയോൺ വരയ്ക്കുന്ന നീല വര ഒരു വര മാത്രമല്ലെന്നും, അത് സ്വതന്ത്ര സ്ത്രീ വ്യക്തിത്വങ്ങളെ വര / കുടുംബം എന്നിങ്ങനെയുള്ള ഉപാധികളിൽ തളയ്ക്കാൻ ശ്രമിച്ചാൽ മൂർച്ചിക്കുന്ന സംഘർഷങ്ങളായിരിക്കും ആത്യന്തികഫലമെന്നും സംവിധായിക മെയർ പ്രഖ്യാപിക്കുക കൂടിയാണ്. അമ്മയുടെ മകൾ തന്നെയാണ് മാർഗരറ്റ് എന്നതാണ് ഒരർത്ഥത്തിൽ സിനിമാ സംഘർഷത്തിന്റെ കാതൽ. നിയമം അകറ്റി നിർത്തിയപ്പോഴും , മാർഗരറ്റ് ഒരു കാന്തം പോലെ അവളുടെ അമ്മയിലേക്ക് ആകർഷിക്കപ്പെടുന്നത് അങ്ങനെയാണ്. ഉപേക്ഷിക്കപ്പെട്ട ഒരു വളർത്തുമൃഗത്തെപ്പോലെ നിരന്തരം ആ നീല വരയുടെ പരിധിയിൽ നിരന്തരം ചുറ്റിക്കറങ്ങുന്നു. അനിയത്തിയെ ഗിത്താർ പഠിപ്പിക്കുന്നു. മാർഗരറ്റ് ഒരു സംഗീതജ്ഞയാണെന്ന് ക്രിസ്റ്റീന പറയുന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. അവൾ മാതാവിനോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സിനിമ വികസിക്കുമ്പോൾ തങ്ങളുടെ അനുമാനങ്ങളെ വെല്ലുവിളിക്കാനും പുനർമൂല്യനിർണയം നടത്താനും സംവിധായിക നമ്മളെ പ്രേരിപ്പിക്കുന്നു.

കഥാപാത്രങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നുമുള്ള വിശദാംശങ്ങൾ പ്രതിരോധിച്ചുകൊണ്ട് മീയർ ഒരു പ്രത്യേക നിഗൂഢതയിൽ / ഓപ്പൻ ക്ലൈമാക്സിൽ ചിത്രത്തിന്റെ സൗന്ദര്യശാസ്ത്രം സൃഷ്ടിക്കുന്നു. വീണ്ടും , വീട്ടിൽ, കണ്ണിൽ കണ്ണിൽ നോക്കുന്ന - പരസ്പരം പുതിയതായി കാണുന്ന ആ അമ്മയും മകളും ആഴമുള്ള എന്തെന്ത് മുദ്രകളാണ് നമ്മളിലും അവശേഷിപ്പിക്കുന്നത്..?!

Comments