ദ് പണിഷ്മെന്റ് ' സിനിമയില്‍ നിന്ന്

ഒരു രണ്ടു മിനിറ്റില്‍ ഒരു കാട്, ഒരു കുട്ടി, ഒരു അമ്മ

മറ്റൊരാൾക്ക് ശിക്ഷ നൽകുമ്പോൾ ശിക്ഷയുടെ മുനകൾ പല ദിക്കിലും മുറിവുണ്ടാക്കുമെന്ന് നമുക്കറിയും. ഇവിടുത്തെ മുനകൾ തിരശ്ചീന മാനങ്ങളിലേക്ക് മാത്രമായി ചിതറിത്തീരുന്നില്ല. - ചിലി -അർജന്റൈൻ ചിത്രമായ ദ് പണിഷ്മെന്റ് സിനിമയുടെ റിവ്യൂ.

ചിലി - അർജന്റൈൻ ചിത്രമായ ദ് പണിഷ്മെന്റ് ഇരുപത്തിയെട്ടാമത് ഐ എഫ് എഫ് കെയിലുണ്ടായിരുന്നു. രണ്ടു മിനിറ്റ്. ചിത്രത്തെ പുതച്ചു നിൽക്കുന്ന കരിമ്പടമായ രണ്ടു മിനിറ്റിൽ എന്തു നടന്നു എന്ന് ചിത്രം കഴിയുമ്പോഴും നമ്മളറിയുന്നില്ല. പക്ഷേ ചിത്രത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ അതാർക്കും വിഷയമാകുന്നില്ല. ആ രണ്ടു മിനിറ്റിൽ നിന്ന് അന, മാറ്റിയോ എന്നിവരും നമ്മളും അവരവരുടെ ജീവിതത്തിലെ ഒരുപാട് മിനിറ്റുകളിലേക്ക് തിരിയുന്നു, ഒരുപക്ഷേ ഏഴു വയസ്സുകാരൻ ലൂക്കാസും പിന്നീട് തിരിഞ്ഞുനോക്കിക്കാണും!

ഒരു കാടിനുള്ളിൽ നിർത്തിയിട്ട 84 മിനിറ്റാണ് ദ് പണിഷ്മെന്റ് എന്ന 86 മിനിറ്റ് സിനിമ. കാടും റോഡും ഡ്രൈവ് ചെയ്യുന്ന അനയും കൂടെയുള്ള മാറ്റിയോയുമാണ് നമുക്കു മുന്നിൽ ആദ്യം വരിക. അനയോട് കാർ തിരിച്ചു വിടാൻ അസ്വസ്ഥനായ മാറ്റിയോ പറയുന്നു. രണ്ടാമതും മൂന്നാമതും കണ്ണും നാവും കൊണ്ട് ആവശ്യപ്പെടുമ്പോഴാണ് അന കാർ തിരിച്ച് ഇനിയുള്ള 84 മിനിറ്റിന്റെ കാടിടത്തിൽ വന്ന് ബ്രേക്ക് ചെയ്യുന്നത്.

മറ്റൊരാൾക്ക് ശിക്ഷ നൽകുമ്പോൾ ശിക്ഷയുടെ മുനകൾ പല ദിക്കിലും മുറിവുണ്ടാക്കുമെന്ന് നമുക്കറിയും. ഇവിടുത്തെ മുനകൾ തിരശ്ചീന മാനങ്ങളിലേക്ക് മാത്രമായി ചിതറിത്തീരുന്നില്ല.

അന, അവരുടെ കുഞ്ഞു മകനെ ശിക്ഷിച്ചതാണ്. കാട്ടിൽ അവനെ ഉപേക്ഷിച്ച് അവർ കാറോടിച്ചു പോയതാണ് ആദ്യത്തെ ആ രണ്ടു മിനിറ്റ്. ഡ്രൈവ് ചെയ്തിരുന്ന അനയുടെ കണ്ണ് പിന്നിൽ നിന്ന് ലൂക്കാസ് പൊത്തിപ്പിടിച്ചപ്പോഴാണ് അവർ സഡൻ ബ്രേക്കിടുന്നത്. മാറ്റിയോയും ലൂക്കാസിനെ മര്യാദ പഠിപ്പിക്കാനായി വലിയ എതിർപ്പില്ലാതെ കൂട്ടു നിന്നിരിക്കണം. തിരികെ വരുമ്പോൾ കുട്ടിയെ കാണാനില്ല. വിളികൾക്കും വിതുമ്പലുകൾക്കും നിലവിളികൾക്കും ലൂക്കാസിനെ അമ്മയച്ഛന്മാരിലേക്ക് എത്തിക്കാനാകുന്നില്ല. കുഞ്ഞിനെ കാണാത്ത സങ്കടത്തിൽ നിന്ന് കുറ്റബോധത്തിന്റെ ഇരട്ട സങ്കടത്തിലേക്ക് അന കുനിയുന്നു.

പോലീസിനെ വിളിക്കുന്നു. പോലീസിലെ വിദഗ്ധൻ ലൂക്കാസിനെ തിരയുന്നു. കുട്ടിയെ എൺപത്താറാം മിനിറ്റിൽ കിട്ടുന്നുവെങ്കിലും കുട്ടി എവിടെയായിരുന്നു എന്ന് കിട്ടാതെ സിനിമ അടച്ചു വയ്ക്കുന്നു.

കുട്ടിയെ പുറംലോകത്ത് അന്വേഷിക്കുന്നതിൽ നിന്ന് അമ്മയെ അകംലോകത്ത് തേടുന്നതിലേക്ക് ചിത്രം പരിണമിക്കുന്നു. കൂടെ, അച്ഛന്മാരെയും ചിത്രം തേടുന്നു. ഇതിനായി വിപരീത സങ്കേതമാണ് സിനിമയുടെ അടുക്കിലുള്ളത്. അതുവരെ അല്പവാക്കുകളും ഒട്ടു നോട്ടങ്ങളും തേങ്ങലുകളുമായിരുന്നു അനയും മാറ്റിയോവും പങ്കു വച്ചത്. പിന്നെ കൂടെ നിന്ന പോലീസ് ഓഫീസറായ സ്ത്രീ അളന്നു പറയുന്ന വാക്കുകളും. ഇവിടെ നിന്ന് അന മിണ്ടിത്തുടങ്ങുന്നു. സമീപക്കാഴ്ചകളിൽ നിന്ന് ദൂരെദൂരെയുള്ള പാട്രിയാർക്കിയുടെ പാറയറകൾ വരെ ആ പറച്ചിലിന്റെ തിരമാലകൾ ചെന്നലച്ചു തുറന്നു കാണുന്നു.

ലൂക്കാസ് ജനിച്ച നാൾ മുതൽ ഞാൻ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ലെന്ന് അന പറയുന്നു. അവൻ എന്നെ ഉറക്കിയിട്ടില്ല. എനിക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന പത്രത്തിലെ ജോലി അവനെ നോക്കാനായി എനിക്കുപേക്ഷിക്കേണ്ടിവന്നു. എഴുത്ത് എന്നെയും ഉപേക്ഷിച്ചു. ഞാൻ ഞാനായിരുന്നതിനെയെല്ലാം അവനു വേണമായിരുന്നു.

ലൂക്കാസിനെ കണ്ടുകിട്ടാതിരിക്കുന്നതിനിടയിൽ അനയുടെ സിഗററ്റുകൾ പുകഞ്ഞുകൊണ്ടിക്കുന്നു. മാറ്റിയോയ്ക്ക് സിഗരറ്റ് വേണോ എന്ന് അന ചോദിക്കുമ്പോൾ, ഗർഭിണിയായിരിക്കുമ്പോൾ പാസീവ് സ്മോക്കിങ്ങിനെക്കുറിച്ച് നീയെഴുതിയ ലേഖനം വായിച്ച് ഞാൻ പുകവലി നിർത്തിയതാണല്ലോ എന്ന് മാറ്റിയോ സ്നേഹമരമാകുന്നുണ്ട്. അന അതുകേട്ട് ചെറു ഹാസമുദ്രയോടെ പുകഞ്ഞു തന്നെയിരിക്കുന്നു. അതുപോലെ മാറ്റിയോ പറയുന്നുണ്ട്, ഞാൻ നിന്നെപ്പോലെ തന്നെ കുട്ടിയോടൊപ്പം കളിക്കുകയൊക്കെ ചെയ്യുമായിരുന്നല്ലോ! അതെ, അന പറയുന്നു, നിങ്ങളുടെ അവധി ദിവസങ്ങളിൽ, അവൻ ഒരു ദിവസം മുഴുവൻ എന്നെ കഷ്ടപ്പെടുത്തിക്കഴിഞ്ഞ് ഞങ്ങൾ തമ്മിൽ വഴക്കിട്ടിരിക്കുമ്പോൾ അവന്റെ രക്ഷക ഹീറോയായി വന്ന് അവനെ നിങ്ങൾ ലാളിക്കുമായിരുന്നു.

ചിലിയിലെ 2023ലെ ഒരു പുരുഷനോട് മാത്രമല്ല ഇരുട്ടു വീഴുന്ന കാട്ടിൽ നിന്ന് അന സംസാരിക്കുന്നതെന്ന് നമുക്ക് പതുക്കെ മനസ്സിലാവുന്നു. അന മുന്നിലും പിന്നിലും കാണുന്ന ഇരുട്ടിലേക്കാണ് ഹൈപ്പർ ആക്റ്റീവ് ആയ ഏഴുവയസ്സുകാരൻ വെറും രണ്ടു മിനിറ്റുകൊണ്ട് മറഞ്ഞതെന്ന് നമുക്ക് തോന്നുമ്പോഴേക്കും അന ഒന്നുകൂടി കാമറ കാൺകെ മാറ്റിയോയോട് പറയുന്നുണ്ട്, ലൂക്കാസ് ഇല്ലാതാവാൻ ഞാൻ പല വട്ടം ആഗ്രഹിച്ചതാണെന്ന്.

ഭൂഗോളത്തിന്റെ അപ്പുറത്താണ് ചിലി - അർജന്റീന നാടുകൾ. അവിടം വെളിച്ചമായിരിക്കുമ്പോൾ ഇരുട്ടും മറിച്ച് ഇരുട്ടാകുമ്പോൾ വെളിച്ചവുമാകുന്ന ഇപ്പുറത്താണെന്ന് തോന്നുന്നു അമ്മവാഴ്ത്തമ്പുകൾ പെണ്ണിനെ വീഴ്ത്തമ്പുകളായി നിഷ്കളങ്കാചാരമായി സാധാരണമായി എയ്തുകൊണ്ടിരിക്കുന്നത്. ഇപ്പുറത്താവാം ആ ഇരുട്ടിലെ കാട്ടിൽ നിന്നിറങ്ങുന്ന കാണിയ്ക്ക് തന്നോട് തന്നെ ഒരുപാട് ആരായേണ്ടി വരിക.

Comments